നീ ഇപ്പോൾ കണ്ണ് നിറച്ചിരുന്നിട്ട് എന്താണ് കാര്യം..അന്ന് ആ പെണ്ണ് നിന്റെ മുന്നിൽ ഇങ്ങനെ നിന്നത് ഞാൻ മറന്നിട്ടില്ല…

രചന: അപ്പു

::::::::::::::::::::::::::

” എടാ.. ഞാൻ.. ഞാൻ എന്താടാ ചെയ്യേണ്ടത്..? അന്ന്.. എല്ലാരുടേം വാക്ക് കേട്ട് അവളെ തള്ളിക്കളയാൻ പാടില്ലായിരുന്നു.. അല്ലേടാ..? “

സങ്കടത്തോടെ അഭി ചോദിക്കുമ്പോൾ അനി അവനെ ഒന്ന് നോക്കി.

” നിന്നോട് ഞാൻ അന്നും ഇത് തന്നെ അല്ലെ പറഞ്ഞത്..? അപ്പോൾ നിനക്ക് അവളെക്കാൾ പ്രധാനം നിന്റെ വീട്ടുകാർ ആയിരുന്നു. എന്നിട്ടിപ്പോ എന്തായി..? നീ എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിക്കരുത്.. “

അനി ദേഷ്യപ്പെട്ടപ്പോൾ അഭി ആകെ വല്ലാതായി.. അവന്റെ കണ്ണ് നിറഞ്ഞു.

“നീ ഇപ്പോൾ കണ്ണ് നിറച്ചിരുന്നിട്ട് എന്താണ് കാര്യം..? അന്ന് ആ പെണ്ണ് നിന്റെ മുന്നിൽ ഇങ്ങനെ നിന്നത് ഞാൻ മറന്നിട്ടില്ല.. അവളുടെ അവസ്ഥയെക്കുറിച്ച് എങ്കിലും നിനക്ക് ഓർക്കാമായിരുന്നു.. എന്നിട്ട് ഇപ്പോൾ കാര്യങ്ങൾ എല്ലാം കൈവിട്ട് പോയി കഴിഞ്ഞപ്പോൾ..”

ബാക്കി പറയാതെ അനി നിർത്തി.

ഒരിക്കലും അവന്റെ ദേഷ്യത്തിനും സംസാരത്തിനും ഒന്നും അവനെ കുറ്റപ്പെടുത്താൻ പറ്റില്ല.കാരണം അവളുടെ കാര്യത്തിൽ അവൻ പറയുന്നത് തന്നെയാണ് ശരി.

അഭി ഓർത്തു.

അവന്റെ മനസ്സിൽ ആ നിമിഷം നിറഞ്ഞു നിന്നത് ഒരു പെണ്ണിന്റെ മുഖമായിരുന്നു.കവിതയുടെ..!

തങ്ങളുടെ കൂട്ടുകാരൻ കിരണിന്റെ ചേച്ചിയായിരുന്നു കവിത. ചേച്ചി എന്നൊക്കെ പറയുന്നുണ്ടെങ്കിലും രണ്ടു വയസിന്റെ വ്യത്യാസം മാത്രമായിരുന്നു അവർ തമ്മിൽ ഉണ്ടായിരുന്നത്.

ആ പ്രായത്തിലുള്ള പെൺകുട്ടികൾ ആരും ഞങ്ങളുടെ നാട്ടിൽ ഉണ്ടാകാത്തത് കൊണ്ട് തന്നെ അവൾക്ക് ഏറ്റവും അധികം കമ്പനി ഞങ്ങളുമായി ആയിരുന്നു. അനിയന്മാർ എന്നുള്ള തരത്തിൽ തന്നെയാണ് അവൾ ഞങ്ങളെ കണ്ടിട്ടുള്ളത്.

ഞങ്ങളോടൊപ്പം പാടത്തും പറമ്പിലും ഒക്കെ കറങ്ങി നടക്കാൻ അവളും ഉണ്ടാകാറുണ്ട്. ഒരു പ്രായം കഴിഞ്ഞതിൽ പിന്നെ അവൾ ഞങ്ങളോടൊപ്പം വരാറില്ല.

അതിനെക്കുറിച്ച് ഞങ്ങൾ ഒരിക്കൽ കിരണിനോട് അന്വേഷിച്ചു.

” ചേച്ചി നമ്മുടെ കൂടെ വരില്ല. വീട്ടിൽ അമ്മയും അച്ഛമ്മയും ഒക്കെ പറഞ്ഞിട്ടുണ്ട് ഇനി നമ്മളോടൊപ്പം കറങ്ങി നടക്കരുത് എന്ന്.. ചേച്ചി വലിയ കുട്ടിയായത്രെ..ഇനി ആൺകുട്ടികളോടൊപ്പം കറങ്ങി നടക്കുന്നത് നല്ലതല്ല എന്ന്.. “

കിരൺ അന്ന് അത് പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. പിന്നീടുള്ള ഓരോ നിമിഷവും അവൾ കൂടെ ഇല്ലാത്തതു കൊണ്ട് തന്നെ അവളെ മിസ്സ് ചെയ്യാൻ തുടങ്ങി.

ഇടയ്ക്കൊക്കെ അവളെ കാണാൻ വേണ്ടി മാത്രം കിരണിന്റെ വീട്ടിലേക്ക് പോയി തുടങ്ങി. അന്നൊക്കെ തനിക്ക് അവളോടുള്ള ഫീലിംഗ്സ് എന്താണെന്ന് മനസ്സിലാവുന്നത് പോലും ഉണ്ടായിരുന്നില്ല.

പ്രണയം എന്താണെന്നോ അതിന്റെ നിർവചനം എന്താണെന്ന് പോലും അറിയുന്നതിന് മുൻപാണ് തനിക്ക് അവളോട് ഇത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നിത്തുടങ്ങിയത്.

അവൾ അടുത്ത് വന്നു നിൽക്കുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ താൻ അവളെ വല്ലാതെ നോക്കാൻ തുടങ്ങി. അവളുടെ സാന്നിധ്യം എല്ലായിപ്പോഴും താൻ ആഗ്രഹിച്ചു തുടങ്ങി.

പക്ഷേ അതൊക്കെ എന്തുകൊണ്ടാണെന്ന് അറിയില്ലായിരുന്നു.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രണയം എന്ന വികാരത്തെക്കുറിച്ച് കൂട്ടുകാർ സംസാരിക്കുന്നത് കേൾക്കുന്നത്. ക്ലാസിലെ പല സുഹൃത്തുക്കൾക്കും കാമുകിമാർ ഉണ്ടായപ്പോൾ അവരൊക്കെയും പറയുന്ന ഫീലിംഗ് തനിക്ക് തോന്നിയിട്ടുള്ളത് കവിതയോട് മാത്രമാണ് എന്ന് ഓർത്തു.

ഇനി ഒരുപക്ഷേ കവിതയോട് തനിക്ക് പ്രണയം ആയിരിക്കുമോ..? അതെങ്ങനെ ശരിയാകും..? പ്രായത്തിൽ താഴെയുള്ള ആളിനോട് മാത്രമാണല്ലോ പ്രണയം തോന്നാറ്.. അങ്ങനെയാണ് വേണ്ടത്..!

ആ ഒരു ചിന്തയിൽ അവളോടുള്ള ഇഷ്ടം മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ശ്രമിച്ചു. പിന്നീട് അവളെ കണ്ടാൽ ശ്രദ്ധിക്കാതെ നടക്കാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾ അവളെ അവഗണിച്ചപ്പോൾ തന്നെ അവൾക്ക് അത് ഫീൽ ആയെന്ന് പിന്നീട് കണ്ടപ്പോൾ മനസ്സിലായി.

” നീയെന്താടാ എന്നെ കണ്ടിട്ടും കാണാത്തതു പോലെ ഒഴിഞ്ഞു മാറി പോകുന്നത്..? നിന്നോട് ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ..? മുൻപ് എന്നെ കാണുമ്പോഴേക്കും ഓടി വന്നു സംസാരിക്കാറുള്ള നീ ഇപ്പോൾ എന്നെ കാണുമ്പോൾ തന്നെ ഓടി ഒളിക്കുന്നു.അതിന് ഒരു കാരണം വേണമല്ലോ..!”

തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് കവിത ചോദിച്ചപ്പോൾ മറുപടിയില്ലാതെ തല കുനിച്ചു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

” മനസ്സിൽ എന്തെങ്കിലുമൊക്കെ കള്ളത്തരങ്ങൾ ഉള്ളവരാണ് ഇങ്ങനെയൊക്കെ നിൽക്കാറ്. നിന്റെ മനസ്സ് നിറയെ കള്ളത്തരം ആണെന്ന് എനിക്ക് ഇപ്പോൾ അറിയാം.. അത് എന്റെ അടുത്ത് എടുക്കരുത്.. “

ഒരു ഭീഷണി പോലെ അതും പറഞ്ഞു കൊണ്ട് കവിത നടന്നു പോയപ്പോൾ തന്റെ മനസ്സ് അവളെങ്ങനെ മനസ്സിലാക്കി എന്ന് ഓർത്തിട്ട് തനിക്ക് അത്ഭുതം തോന്നി. അതേ സമയം വല്ലാത്തൊരു ഭയവും ഉള്ളിൽ നിറഞ്ഞു. അവൾ ആരോടെങ്കിലും പറഞ്ഞാൽ തന്റെ ഭാവി എന്താകും..?

അവളെ പിണക്കുന്നത് ബുദ്ധിയല്ല എന്ന് തോന്നി.അതുകൊണ്ടാണ് പിന്നീട് കണ്ടപ്പോഴൊക്കെ മുൻപത്തേതു പോലെ തന്നെ അവളോട് സംസാരിച്ചു തുടങ്ങിയത്.

പക്ഷേ കാര്യങ്ങൾ ഞാൻ വിചാരിച്ചിനിന്നും കൈവിട്ടു പോയി എന്ന് മനസ്സിലായത് അവളോട് പിന്നീട് ഓരോ തവണ സംസാരിക്കുമ്പോഴും ഇഷ്ടം കൂടി വരുന്നു എന്ന് തോന്നിയപ്പോഴാണ്.

അത് മറച്ചു വെക്കാൻ പഠിച്ച പണി പതിനെട്ടും താൻ നോക്കിയിട്ടുണ്ട്. പക്ഷേ ഒന്നിലും രക്ഷയില്ലാതെ വന്നപ്പോഴാണ് താൻ പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് അവളോട് ഇഷ്ടം തുറന്നു പറയുന്നത്.

അന്ന് അവൾ ഡിഗ്രിക്ക് പഠിക്കുകയാണ്..! തന്റെ മനസ്സിലുള്ളത് അവളോട് തുറന്നു പറയാൻ താൻ അന്ന് വല്ലാതെ ബുദ്ധിമുട്ടി.

പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ വക രൂക്ഷമായ ഒരു നോട്ടമായിരുന്നു മറുപടി.

” ഞാൻ നിന്നെക്കാൾ പ്രായത്തിന് മൂത്തതാണ് എന്നൊരു ബോധം വേണം. പറഞ്ഞു പറഞ്ഞ് എന്തും പറയാം എന്നൊരു ഭാവമാണ് നിനക്കൊക്കെ..”

അവൾ ദേഷ്യപ്പെട്ടു കൊണ്ട് നടന്നു പോയപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം അവളിൽ നിന്ന് ഇങ്ങനെയല്ലാതെ മറ്റൊരു പ്രതികരണവും താൻ ആഗ്രഹിച്ചിരുന്നു പോലുമില്ല.

പിന്നെയും പല ദിവസങ്ങളിലും ഇഷ്ടം പറഞ്ഞ് അവളുടെ പിന്നാലെ ചെന്നിട്ടുണ്ട്. അപ്പോഴൊക്കെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അവൾ തന്നെ ആട്ടി അകറ്റിയിട്ടുണ്ട്. പക്ഷേ പിന്നെ പിന്നെ അവളുടെ കണ്ണുകളിലും തന്നോടുള്ള സ്നേഹം തെളിയുന്നത് താൻ ശ്രദ്ധിച്ചിരുന്നു.

അത് തനിക്കൊരു പിടിവള്ളി ആയിരുന്നു. പിന്നീട് ഒരിക്കലും തീരെ അപ്രതീക്ഷിതമായിട്ടാണ് അവൾ തന്നോട് ഇങ്ങോട്ട് സംസാരിക്കുന്നത്.

” അഭി.. നിനക്ക് എന്നോടുള്ള ഇഷ്ടം പ്രായത്തിന്റെ ചോരത്തിളപ്പിൽ തോന്നുന്നതാണ് എന്നാണ് എന്റെ വിശ്വാസം. അത് അങ്ങനെയാണെങ്കിൽ ഈ നിമിഷം നീ എന്നെ മറന്നു കളയണം. അല്ലെങ്കിൽ ഒരുപക്ഷേ ഞാനും നിന്നെ സ്നേഹിച്ചു പോകും.. “

അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്റെ സ്നേഹം സത്യമാണെന്ന് തെളിയിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം.

“നീ കരുതുന്നത് പോലെ എന്റെ ഇഷ്ടം ഒരു തമാശയല്ല. നിന്നോട് ആത്മാർത്ഥമായി ഇഷ്ടമുള്ളത് കൊണ്ട് തന്നെയാണ് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അത് എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോകാത്തത്. ഇനിയൊരിക്കലും അതിന് തിളക്കം കുറയുകയും ഇല്ല.”

ഒരു വാക്കു കൊടുക്കുന്നത് പോലെയായിരുന്നു താൻ അന്ന് അവളോട് സംസാരിച്ചത്.

” നമ്മൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. അതിൽ ഏറ്റവും ആദ്യത്തെ ഘടകം പ്രായ വ്യത്യാസം ആണ്. ഞാൻ നിന്നെക്കാൾ പ്രായത്തിന് മുതിർന്ന ഒരു പെൺകുട്ടിയാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും നമ്മുടെ വീടുകളിൽ ഈ ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അവരുടെ ഭാഗത്തു നിന്ന് നല്ല രീതിയിൽ തന്നെ എതിർപ്പ് ഉണ്ടാകും. ഒരുപക്ഷേ അന്ന് അതൊന്നും ഫേസ് ചെയ്യാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. ആ ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടു എത്തിക്കുന്നതിനും മുൻപ് നമ്മൾ ഇഷ്ടം അവസാനിപ്പിക്കുന്നതാണ് നല്ലത്.. “

അവൾ പറഞ്ഞപ്പോൾ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ അവളെ നെഞ്ചിലേക്ക് അടക്കി പിടിച്ചു.

” നിന്നെ എന്നിൽ നിന്നും പിടിച്ചെടുക്കാൻ ഒരാളിനെയും ഞാൻ അനുവദിക്കില്ല… “

അവൾക്ക് വാക്ക് കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു. അന്നുമുതൽ അവൾ തന്റെ സ്വന്തമായിരുന്നു.

പ്രണയം എന്നതിനേക്കാൾ ഉപരി ഞങ്ങൾ തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം എന്തും തുറന്നു പറയുന്ന ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

അവൾക്ക് പ്രായം മുന്നോട്ടു പോകുന്നതിനനുസരിച്ച് വീട്ടിൽ അവൾക്ക് വിവാഹം ആലോചനകൾ നടക്കാൻ തുടങ്ങി. ഓരോന്നും അവൾ ഓരോ കാരണങ്ങൾ പറഞ്ഞു മുടക്കിക്കൊണ്ടിരുന്നു. അതു തന്നെ അവൾക്ക് മറ്റേതോ ഒരു പ്രണയമുണ്ട് എന്ന് വീട്ടുകാർ മനസ്സിലാക്കി.

അവളോട് എത്രയൊക്കെ ചോദിച്ചിട്ടും ആരാണെന്ന് അവൾ തുറന്നു പറഞ്ഞില്ല. പക്ഷേ അതേസമയം എന്നോട് വീട്ടിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ അവൾ നിർബന്ധിക്കുകയും ചെയ്തു.

അവളുടെ വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമായപ്പോഴാണ് താൻ തന്റെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.പ്രതീക്ഷിച്ചതു പോലെ തന്നെ അവരുടെയൊക്കെ ഭാഗത്തു നിന്ന് നല്ല രീതിയിൽ തന്നെ എതിർപ്പുണ്ടായിരുന്നു.

എന്തൊക്കെ സംഭവിച്ചാലും അവളെ അല്ലാതെ മറ്റാരെയും താൻ ജീവിതത്തിലേക്ക് കൂട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ, ഒരു കുപ്പി മണ്ണെണ്ണ എടുത്ത് തലയിലൂടെ ഒഴിച്ച് തീപ്പെട്ടിയുമായി നിന്നാണ് അമ്മ തന്നോട് സംസാരിച്ചത്.

” അവളെയും കൊണ്ട് ഈ പടി കടക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ നീ നിന്റെ അമ്മയെ മറന്നേക്കണം. നിന്നെക്കാൾ പ്രായത്തിന് മുതിർന്ന അവളെ മരുമകളായി ഇവിടെ വാഴിക്കാൻ എനിക്ക് സാധിക്കില്ല. നിനക്ക് അവളെ വേണോ എന്നെ വേണോ എന്ന് ഈ നിമിഷം തീരുമാനിക്കണം. “

അമ്മയുടെ ആത്മഹത്യ ഭീഷണിക്ക് മുന്നിൽ അവളെ കൈവിട്ടു കളയുകയല്ലാതെ മറ്റൊരു മാർഗ്ഗവും തനിക്ക് ഉണ്ടായിരുന്നില്ല.

അവളുടെ വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമായി എന്നെ കാണാൻ വന്ന അവളോട് അപമര്യാദയായി സംസാരിച്ചതും താൻ തന്നെയായിരുന്നു.

” എനിക്ക് നിന്നോടുള്ള ഇഷ്ടം പ്രായത്തിന്റെ എടുത്തുചാട്ടം മാത്രമാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. അതുകൊണ്ട് നമുക്കെല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കാം..കഴിഞ്ഞു പോയതൊക്കെ ഒരു തമാശയായി മാത്രം കണ്ടാൽ മതി.എല്ലാം ഇവിടെ അവസാനിക്കുന്നു.. “

അവളോട് അത്രയും പറഞ്ഞു കഴിയുമ്പോഴേക്കും അവൾ എന്റെ മുന്നിൽ പൊട്ടിക്കരയുന്നുണ്ടായിരുന്നു.പക്ഷേ അവളുടെ സങ്കടം ഒന്നും എന്റെ മനസ്സിനെ സ്പർശിച്ചില്ല. കാരണം എനിക്ക് വലുത് എന്റെ അമ്മയുടെ ജീവനായിരുന്നു.

അവൾ അന്ന് ഒരുപാട് കരയുകയും സങ്കടപ്പെടുകയും ഒക്കെ ചെയ്തു.എന്നിട്ട് പോലും എന്റെ മനസ്സ് അലിഞ്ഞില്ല.

അധികം വൈകാതെ ആരുടെയോ താലിക്ക് അവൾ തലകുനിച്ചു കൊടുത്തു. അവളുടെ മുഖത്ത് നോക്കാനുള്ള മടി കൊണ്ട് വിവാഹത്തിന് പോലും താൻ പങ്കെടുത്തിരുന്നില്ല. അതിനുള്ള കാരണം ചോദിച്ച കിരണിനോട് എന്തൊക്കെയോ മുട്ടാപോക്ക് ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്തു.

പിന്നീട് ഒരിക്കൽ പോലും അവൾ സുഖമായിരിക്കുന്നോ എന്ന് പോലും താൻ അന്വേഷിച്ചില്ല. അവളുടെ വിവാഹം കഴിഞ്ഞു പോയതോടെ വീട്ടിൽ വിവാഹത്തിന് വേണ്ടി തന്നെയും നിർബന്ധിച്ചു തുടങ്ങി. ഒഴിഞ്ഞുമാറാൻ ഒരുപാട് ശ്രമിച്ചെങ്കിലും അമ്മയുടെ ആത്മഹത്യാ ഭീഷണി തന്നെ പിന്നെയും വിനയായി.

അമ്മയുടെ നിർബന്ധത്തിന് അമ്മ കണ്ടുപിടിച്ച പെൺകുട്ടിയെ താലി ചാർത്തി വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ അവർ സന്തോഷമായിരിക്കണം എന്ന് മാത്രമാണ് ആഗ്രഹിച്ചത്.

പക്ഷേ വിവാഹം കഴിഞ്ഞ് പിറ്റേന്ന് മുതൽ അമ്മയെ വരച്ച വരയിൽ നിർത്താൻ അവൾ ശ്രമിക്കുന്നത് കാണുമ്പോൾ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് അമ്മയ്ക്ക് തോന്നിയിട്ടുണ്ടാകണം. പക്ഷേ ഇനി അതിനെക്കുറിച്ച് ഓർത്തിട്ട് കാര്യമില്ലല്ലോ..!

ഇതിപ്പോൾ വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. ഭാര്യയ്ക്ക് അമ്മയോടൊപ്പം ഒരു വീട്ടിൽ കഴിയാൻ പറ്റില്ല. അതിന് അവൾ കണ്ടുപിടിച്ച വഴി എന്നെയും കൊണ്ട് മറ്റെവിടേക്കെങ്കിലും മാറി താമസിക്കുക എന്നുള്ളതാണ്.

ചിന്തകളിൽ നിന്ന് ഉണരുമ്പോൾ അനി മുന്നിൽ തന്നെ ഉണ്ടായിരുന്നു.

“എടാ ജീവിതത്തിൽ എല്ലാവർക്കും എല്ലാ കാര്യത്തിനും സെക്കൻഡ് ചാൻസ് കിട്ടണമെന്ന് ഒരു നിർബന്ധവുമില്ല. നിന്റെ കാര്യത്തിൽ അങ്ങനെയാണ്. ഒരിക്കലും കഴിഞ്ഞു പോയതിനെക്കുറിച്ച് നീ ഇനി വേദനിച്ചിട്ട് ഒരു കാര്യവുമില്ല. നിനക്ക് കഴിയുമായിരുന്നെങ്കിൽ അന്ന് നീ അവളെ ചേർത്തു പിടിക്കണമായിരുന്നു. അല്ലാതെ ഇന്ന് രണ്ടുപേർക്കും രണ്ട് ജീവിതമായി കഴിഞ്ഞിട്ട് ഇതിനെക്കുറിച്ച് ഓർത്തിട്ട് എന്താണ് കാര്യം..? നീ നിന്റെ ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ നോക്ക്. പിന്നെ നിനക്ക് ഇങ്ങനെ ഒരു വിധി വരുത്തി വെച്ചതും നിന്റെ വീട്ടുകാർ അല്ലേ.. കുറച്ചൊക്കെ അവരും അനുഭവിക്കട്ടെ..”

എന്റെ തോളിൽ തട്ടി അത്രയും പറഞ്ഞുകൊണ്ട് അവൻ നടന്നു പോകുമ്പോൾ, മനസ്സിൽ തെളിഞ്ഞത് ഒരേ ഒരു വാചകം ആയിരുന്നു.

ജീവിതത്തിൽ ഇനി ഒരു സെക്കൻഡ് ചാൻസ് ഇല്ല…!!!

✍️ അപ്പു