ആ കുഞ്ഞ് ഇടറുന്ന ശബ്ദത്തോടെ അത് പറഞ്ഞപ്പോൾ അവനോട് വല്ലാത്ത സഹതാപം തോന്നി..

_upscale

രചന : അപ്പു

:::::::::::::::::::::::::::

” ഇതാ സാറേ എന്റെ അമ്മ.. “

തൊട്ടടുത്തു നിന്ന് ഒരു കുഞ്ഞു ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കി.

എന്റെ ക്ലാസിലെ തന്നെ ഏറ്റവും ചെറിയ വിദ്യാർത്ഥിയാണ് അവൻ.. അനുരാഗ്.. അനു എന്ന ചെല്ലപ്പേരോടെ ഞങ്ങൾ വിളിക്കുന്നവൻ..

പക്ഷേ അവനോട് ക്ലാസിൽ മിക്കവാറും ആർക്കും വലിയ അടുപ്പമില്ല..

അവന്റെ രൂപഭാവങ്ങൾ തന്നെയാണ് അതിന് കാരണം..

ക്ലാസിലേക്ക് മിക്കപ്പോഴും വൈകിയെത്തുന്ന അവനെ ഞാൻ ശ്രദ്ധിച്ചത് പോലും ആ കാരണം കൊണ്ടായിരുന്നു..

ഒരിക്കൽ സ്കൂളിലെ പ്രധാന അധ്യാപിക അവനെ വിളിച്ചു നിർത്തി വഴക്കു പറയുന്നതും അന്ന് ക്ലാസ്സിൽ കയറണ്ട എന്ന് അവന് നിർദ്ദേശം കൊടുക്കുന്നതും താൻ കണ്ടിരുന്നു..

പക്ഷേ അപ്പോഴൊന്നും അവന്റെ കണ്ണുകൾ നിറഞ്ഞില്ല എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി.

അവന്റെ മുഖത്തും മറ്റു ഏതൊക്കെയോ ഭാവങ്ങളായിരുന്നു എന്ന് അന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു.

അവന്റെ നിൽപ്പിലും ഭാവത്തിലും അവനോട് തോന്നിയ സഹതാപം കൊണ്ട് തന്നെ ആയിരുന്നു അവനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് സംസാരിച്ചത്.

“മോൻ എന്തുകൊണ്ടാ ടീച്ചർ വഴക്ക് പറഞ്ഞപ്പോൾ കരയാതിരുന്നത്..? “

എന്റെ ചോദ്യം കേട്ടപ്പോൾ അവന് പ്രത്യേകിച്ച് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കിലും എന്താ കരയാത്തത് എന്നൊക്കെ ചോദിച്ചാൽ ആരു മറുപടി പറയാനാണ്..?

“മോൻ മിക്കവാറും എല്ലാ ദിവസങ്ങളിലും ക്ലാസിലേക്ക് വരുന്നത് വൈകിയാണല്ലോ.. എന്തുപറ്റി..? വീട്ടിൽ നിന്ന് കുറച്ചു നേരത്തെ ഇറങ്ങിയാൽ വേഗം സ്കൂളിലേക്ക് എത്താമല്ലോ..”

അങ്ങനെ ചോദിച്ചപ്പോൾ അവൻ തലകുനിക്കുന്നത് കണ്ടു.

” ഞാൻ മനപ്പൂർവം ലേറ്റായി വരുന്നതല്ല സാറേ.. വീട്ടിലെ ഓരോ പണികൾ കഴിയുമ്പോൾ വൈകുന്നതാണ്.. “

അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആ ചെറിയ കുഞ്ഞ് അത് പറഞ്ഞപ്പോൾ അത്ഭുതം തോന്നി. അവന് വീട്ടിൽ എന്ത് ജോലി ഉണ്ടാവാൻ ആണ്..?

” വീട്ടിലെ പണികൾ..? മോന് വീട്ടിൽ എന്താ പണി..? മോനെ കൊണ്ട് അച്ഛനും അമ്മയും വീട്ടിൽ പണിയെടുപ്പിക്കാറുണ്ടോ..? “

ആശ്ചര്യത്തോടെയാണ് ചോദിച്ചത്. ഇനി ഒരു പക്ഷേ അവർ അവന്റെ സ്വന്തം അച്ഛനും അമ്മയും അല്ലെങ്കിൽ ഒരുപക്ഷേ അങ്ങനെയൊക്കെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. നമ്മൾ പത്രങ്ങളിലും മറ്റും കാണുന്നതാണല്ലോ രണ്ടാനമ്മയുടെയും രണ്ടാം അച്ഛന്റെയും ഒക്കെ പീഡനങ്ങൾ..!

” എനിക്ക് അച്ഛൻ ഇല്ല സാറേ.. അച്ഛൻ മരിച്ചു പോയതാണ്.. “

ആ കുഞ്ഞ് ഇടറുന്ന ശബ്ദത്തോടെ അത് പറഞ്ഞപ്പോൾ അവനോട് വല്ലാത്ത സഹതാപം തോന്നി..

“അപ്പോൾ മോന്റെ അമ്മയോ.. അമ്മയ്ക്ക് ജോലിയുണ്ടോ..?”

ചോദിച്ചപ്പോൾ അവൻ സങ്കടത്തോടെ നിൽക്കുന്നതു കണ്ടു.

” എന്റെ അമ്മയുണ്ട് സാറേ.. അമ്മ അടുത്തുള്ള വീടുകളിൽ ഒക്കെ വീട്ടുപണിക്ക് പോകാറുണ്ട്… പിന്നെ വീട്ടിൽ കുറെ കോഴിയും പശുവും ഒക്കെയുണ്ട്. അതൊക്കെ കൊണ്ടാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത്. രാവിലെ ഞാൻ സ്കൂളിലേക്ക് വരുന്ന വഴിക്കാണ് കവലയിലുള്ള നാരായണേട്ടന്റെ കടയിൽ പാല് കൊടുക്കുന്നത്. അതും കൊടുത്തിട്ട് വരുന്നതു കൊണ്ടാണ് ഞാൻ വൈകുന്നത്. അമ്മ പറയാറുണ്ട് അമ്മ കൊണ്ടു കൊടുക്കാം എന്ന്. പക്ഷേ അമ്മ എനിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുമ്പോൾ അമ്മയ്ക്ക് ചെയ്യാൻ പറ്റുന്ന സഹായം ഞാനും ചെയ്തു കൊടുക്കേണ്ടതല്ലേ.”

ആ കുരുന്നിന്റെ ചോദ്യം കേട്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു.. 10 വയസ്സ് മാത്രം ഉള്ള ആ കുഞ്ഞ് സ്വന്തം അമ്മയെ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്ന് ഓർത്തപ്പോൾ അഭിമാനം തോന്നി.

“സാരമില്ല.. മോൻ എന്നും അമ്മയ്ക്ക് താങ്ങായും തുണയായും കൂടെയുണ്ടാവണം..”

അവനെ ആശ്വസിപ്പിച്ചു കൊണ്ട് അന്ന് ആ വാക്കുകളാണ് പറഞ്ഞത്.

പിന്നീട് മിക്കവാറും എല്ലാ ദിവസങ്ങളിലും അവനെ കാണാനും അവനോടൊപ്പം സമയം ചെലവഴിക്കാനും ഞാൻ ശ്രമിക്കാറുണ്ടായിരുന്നു. ആ സ്കൂളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയായി അവൻ മാറാൻ അധികം സമയം വേണ്ടി വന്നില്ല.

ക്ലാസിലേക്ക് അവൻ വൈകിയാണ് എത്താറുള്ളത് എങ്കിലും ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥി അവൻ തന്നെയായിരുന്നു. ഏതു പരീക്ഷയ്ക്കും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയിരുന്നത് അവനായിരുന്നു.

അവനെ പഠിപ്പിക്കുന്ന അധ്യാപകർക്ക് പോലും അത് അത്ഭുതമായിരുന്നു.

ഒരു ദിവസം കണ്ടപ്പോൾ അവൻ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടു. കാരണം ചോദിച്ചപ്പോൾ ആദ്യം ഒന്നും പറയാൻ തയ്യാറായില്ലെങ്കിലും പതിയെ പതിയെ അവൻ പറഞ്ഞു തുടങ്ങി.

” രണ്ടു ദിവസമായി അമ്മയ്ക്ക് സുഖമില്ല സാറേ.. അതുകൊണ്ട് അമ്മ പണിക്കും പോകുന്നില്ല.. അമ്മയ്ക്ക് പനിയാണ്. എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല എന്ന് പറയുന്നു. രാവിലെ ഞാൻ വന്നപ്പോൾ പിടിച്ചു എഴുന്നേൽപ്പിച്ച് ഇരുത്തി കുറച്ച് വെള്ളമൊക്കെ കൊടുത്തിട്ടാണ് വന്നത്. ആശുപത്രിയിൽ പോകാൻ പറ്റിയിരുന്നെങ്കിൽ അമ്മയുടെ അസുഖം കുറഞ്ഞേനെ.. പക്ഷേ.. “

അവൻ പകുതിക്ക് നിർത്തിയപ്പോൾ തന്നെ അവന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കാൻ തനിക്ക് കഴിയുന്നുണ്ടായിരുന്നു.

ആ കുഞ്ഞിനെ എങ്ങനെയും സഹായിക്കണം എന്നുള്ള ഉദ്ദേശത്തിൽ പോക്കറ്റിൽ നിന്ന് കുറച്ചു പണം അവനെ ഏൽപ്പിച്ചു. ഞാൻ കൂടെ ചെല്ലാം എന്ന് പറഞ്ഞപ്പോൾ അവൻ തടഞ്ഞു..

പിന്നീട് ഒരു രണ്ട് ദിവസം അവൻ ക്ലാസിലേക്ക് വന്നില്ല. പിന്നെ വന്നപ്പോൾ നല്ല തെളിഞ്ഞ മുഖത്തോടെയാണ് അവൻ എന്നെ വന്നു കണ്ടത്.

“അമ്മയുടെ അസുഖമൊക്കെ മാറിയല്ലോ.. അമ്മ ജോലിക്ക് പോയി തുടങ്ങി.. സാറിനോട് നന്ദി പറയണമെന്ന് അമ്മ പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്.. പിന്നെ സാറ് തന്ന പൈസ വേഗം തിരികെ തരാം എന്നും പറഞ്ഞു..”

അവന്റെ അമ്മ പഠിപ്പിച്ചു വിട്ടതോരോന്നും എണ്ണി അവൻ എന്റെ മുന്നിൽ പറയുന്നുണ്ട്.

” അതൊന്നും സാരമില്ല കേട്ടോ.. മോൻ ആ പണം തിരികെ തന്നില്ലെങ്കിലും സാറിന് ഒരു വിഷമവുമില്ല.. “

അവനെ ആശ്വസിപ്പിച്ചു.

ഇന്ന് അവന്റെ ക്ലാസ് പിടിഎ ആയിരുന്നു. എല്ലാ കുട്ടികളുടെയും രക്ഷിതാക്കളെ കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുണ്ട്. അവന്റെ അമ്മ വന്നപ്പോൾ തന്നെ പരിചയപ്പെടുത്താൻ കൊണ്ടു വന്നതായിരിക്കണം..

ചിന്തിച്ച് നിൽക്കുന്നതിനിടയിൽ ഒരു സ്ത്രീ അകത്തേക്ക് കയറി വരുന്നത് ഞാൻ ശ്രദ്ധിച്ചു. ആ മുഖത്തേക്ക് നോക്കിയ ഞാൻ പതറിപ്പോയി..

സിന്ധു…!അല്ല സിന്ധു ഏട്ടത്തി…!!

അത്ഭുതത്തോടെയാണ് അവരുടെ മുഖത്തേക്ക് നോക്കിയത്.എന്നെ കണ്ടപ്പോൾ അവരിലും ഒരു പതർച്ച തെളിഞ്ഞു എന്നുള്ളതാണ് സത്യം.

” ഏട്ടത്തി… ഏട്ടത്തി ആണോ ഇവന്റെ അമ്മ..? അങ്ങനെയെങ്കിൽ ഇവൻ…രവിയേട്ടൻ എവിടെ…?”

ഒരു നൂറു ചോദ്യങ്ങൾ ഉള്ളിൽ നിറയുമ്പോഴും പുറത്തേക്ക് വന്നത് അത് മാത്രമായിരുന്നു.

” രവിയേട്ടൻ ഇപ്പോൾ ഞങ്ങളോടൊപ്പം ഇല്ല വേണു.. ഏട്ടൻ ഞങ്ങളെ വിട്ടു പോയിട്ട് വർഷങ്ങളാകുന്നു.. ഇപ്പോൾ എനിക്ക് ഇവനും ഇവന് ഞാനും മാത്രമേ ഉള്ളൂ..”

സങ്കടത്തോടെ പറയുന്നത് കേട്ടപ്പോൾ തനിക്കും സങ്കടം സഹിക്കാൻ ആകുന്നുണ്ടായിരുന്നില്ല.

തന്റെ സഹപാഠിയായിരുന്നു സിന്ധു. തന്നോട് ഒരു സുഹൃത്ത് എന്ന നിലയിലുള്ള അടുപ്പമുണ്ട് എന്നുള്ളതൊഴിച്ചാൽ ആരോടും സംസാരിക്കുന്നതും ഇടപെടുന്നതോ ഒന്നും കണ്ടിട്ടില്ല.

പക്ഷേ ഏറെ ഞെട്ടിച്ചത് രവിയേട്ടൻ അവളുടെ കൈയും പിടിച്ച് തറവാട്ടിലേക്ക് കയറി വന്നപ്പോഴാണ്. രവിയേട്ടൻ സ്നേഹിക്കുന്ന പെൺകുട്ടിയാണെന്നും അവളോടൊപ്പം മാത്രമേ ജീവിക്കൂ എന്നും രവിയേട്ടൻ പറഞ്ഞപ്പോൾ അച്ഛനും അമ്മയും എതിർത്തു. അവൾ ഞങ്ങളെക്കാൾ താഴ്ന്ന ജാതിയിലുള്ളതാണ് എന്നായിരുന്നു അവർ പറഞ്ഞ ന്യായം.

അവളെ വിട്ടുകളയാൻ ഒരുക്കമല്ലാത്തതു കൊണ്ട് അവളെയും ചേർത്തുപിടിച്ചു കൊണ്ട് രവിയേട്ടൻ പടിയിറങ്ങി..പിന്നീടുള്ള കൂടിക്കാഴ്ച ഇപ്പോഴാണ്.. അപ്പോഴും രവിയേട്ടന്റെ വേർപാട് തന്നെ വേദനിപ്പിക്കുന്നു..

” നിങ്ങൾ അന്ന് തറവാട്ടിൽ നിന്ന് പോയതിനു ശേഷം കുറച്ചുനാൾ അച്ഛനും അമ്മയും ഒക്കെ ഏട്ടനോട് ദേഷ്യത്തിൽ ആയിരുന്നു. പക്ഷേ അവരുടെയൊക്കെ അവസാന കാലമായപ്പോഴേക്കും നിങ്ങളോടുള്ള ദേഷ്യം ഒക്കെ മാറി. നിങ്ങളെ ഒന്ന് കണ്ടാൽ മതി എന്നുള്ള ആഗ്രഹം മാത്രമാണ് ഇപ്പോൾ അവർക്കുള്ളത്.. ഇനിയെങ്കിലും തറവാട്ടിലേക്ക് വന്നൂടെ..? അച്ഛൻ ഇപ്പോൾ ഇല്ല.. അമ്മ മാത്രമാണ് ഉള്ളത്.. അമ്മയ്ക്ക് അവരുടെ പേരക്കുട്ടിയെ കാണാനുള്ള ഒരു അവസരം എങ്കിലും ഒരുക്കി കൊടുത്തു കൂടെ..? “

ചോദിച്ചപ്പോൾ അവർ മറുപടിയില്ലാതെ നിൽക്കുന്നത് കണ്ടു. പിന്നെ ആ കണ്ണുകൾ നിറയുന്നതും.. അവരുടെ സമ്മതം വായിച്ചെടുക്കാൻ അത്രയൊക്കെ തന്നെ മതിയായിരുന്നു..

അവരെയും കൂട്ടി തറവാട്ടിലേക്ക് നടക്കുമ്പോൾ രവിയേട്ടന്റെ വേർപാടിനെ കുറിച്ച് അമ്മയോട് എങ്ങനെ പറയും എന്നൊരു ചിന്തയായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്.. അതിലേറെ അവർ താണ്ടിയ വേദനാപർവ്വം അവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…