ഇതിനെ മറികടക്കാൻ ഉള്ള വഴി തേടി പാർഥന്റെ ചിന്താമണ്ഡലം റഡാർ പോലെ

രചന: ഗിരീഷ് കാവാലം

:::::::::::::::::::::::::

5000 ഫ്രണ്ട്‌സ് ഉണ്ട് പക്ഷേ ഒരു പോസ്റ്റിട്ടാൽ ഒരുത്തനും കമെന്റ്റില്ല എന്ന് പോട്ടെ വെറുതെ വിരലുകൊണ്ട് ഒന്ന് തട്ടിയാൽ നീലിക്കുന്ന ആ ലൈക് പോലും തരില്ല

കഷ്ടം…

ഇതിനെ മറികടക്കാൻ ഉള്ള വഴി തേടി പാർഥന്റെ ചിന്താമണ്ഡലം റഡാർ പോലെ അങ്കിൾ ക്ലോക്ക് വൈസിൽ കറങ്ങാൻ തുടങ്ങി

അവസാനം ഒരു ഐഡിയ പാർഥന്റെ ആളൊഴിഞ്ഞ തലമണ്ടേൽ തെളിഞ്ഞു വന്നു

വാ …..തകർക്കും

സ്ഥലകാല ബോധം മറന്നു ഉച്ചത്തിൽ പറഞ്ഞതും വാതം പിടിച്ചു കട്ടിലിൽ കിടപ്പിലായിരുന്ന അമ്മൂമ്മ പാർത്ഥനെ നോക്കി ഒന്ന് പുഞ്ചിരിച്ചു

പക്ഷേ ഈ എമണ്ടൻ ഐഡിയ എങ്ങനെ നടപ്പിലാക്കും

പാർഥന്റെ ഗൂഗിൾ ഭഗവാനെയും, യുട്യൂബ് മഹാമായയെയും ചേർത്ത് പിടിച്ചുകൊണ്ടുള്ള ആ അന്വേഷണത്തിന്റെ ഒടുവിൽ ഒരു നീക്കുപോക്കിൽ എത്തിച്ചേർന്നു

അവൻ തന്റെ പഴയ മൊബൈൽ പൊടി തട്ടി എടുത്തു. പുതിയ മൊബൈലിലെ രണ്ടു സിമ്മിലെ ഒരു സിംകാർഡ് ഒരു ദാക്ഷിണ്യവും ഇല്ലാതെ ഊരി, പഴയ മൊബൈലിൽ ഒരു മെക്കാനിക്കിന്റെ കലാവൈഭവത്തോടെ തിരുകി കേറ്റി

“മുരുകാ ഈ ഓപ്പറേഷൻ സക്സസ്സ് ആക്കണേ”

ഐശ്വര്യമായി പഴയ മൊബൈൽ ഓൺ ചെയ്തു. പഴയ മൊബൈലിൽ തന്റെ തന്നെ വ്യാജൻ പ്രൊഫൈലിനെ നിർമിച്ചു

രണ്ട് രാത്രി കുത്തി ഇരുന്ന് യുദ്ധകാലടിസ്ഥാനത്തിൽ അയ്യായിരം പേർക്കും പുതിയ തന്റെ ഐഡിയിൽ നിന്നും ബാലിസ്റ്റിക് മിസൈൽ മാതിരി ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കൊണ്ടിരുന്നു പാർഥൻ.

ഇനി അല്ലെ യഥാർത്ഥ കളി

പാർഥൻ ദീർഘശ്വാസം വിട്ടുകൊണ്ട് ഗമയിൽ കണ്ണാടിയിൽ ഒന്ന് നോക്കി

പാർഥൻ തന്റെ പുതിയ മൊബൈലിലെ യഥാർത്ഥ ഫേസ്ബുക് ഐഡി തുറന്നു ടൈപ്പാൻ തുടങ്ങി

എന്റെ FB സൂർത്തുക്കളെ എന്റെ പേരിൽ ആരെങ്കിലും ഫ്രണ്ട്‌ റിക്വസ്റ്റ് അയച്ചാൽ അക്‌സെപ്റ്റ് ചെയ്യരുത്.. ഞാൻ പുതിയ ഒരു ഐഡിയും തുറക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല എന്ന വിവരം എളിയരിൽ എളിയവൻ ആയ ഈ ഉള്ളവൻ താഴ്മയോടെ അറിയിക്കുന്നു

ചുമയുടെ അർഥം മനസ്സിലാക്കി അമ്മൂമ്മക്ക് മുറുക്കാൻ പാത്രം കൊടുത്തിട്ടു വന്നപ്പോഴേക്കും മൊബൈൽ ക്ലിക്ക് ക്ലിക്ക് സൗണ്ടുകളോടെ ഇടതടവില്ലാതെ ചിലക്കാൻ തുടങ്ങി കൊണ്ടിരുന്നു

ങേ… ഫലം കണ്ടു

മൊബൈൽ നോക്കിയ പാർഥൻ ഞെട്ടി

ലൈക്കുകളും കമെന്റ്കളും വന്നുകൊണ്ടേ ഇരിക്കുന്നു

പാർഥൻ കോരി തരിച്ചു.. കൈയ്യിലെ രോമങ്ങൾ നിവർന്നു നിൽക്കാൻ പരസ്പരം മത്സരിക്കുന്നുണ്ടായിരുന്നു

എനിക്കും ഒരു ഫ്രണ്ട്‌ റിക്വസ്റ്റ് വന്നു ഞാൻ അക്‌സെപ്റ്റ് ചെയ്തില്ല

ഞാൻ വന്നാലും നോക്കില്ല

ശരിയാ ഇങ്ങനെ ഉള്ള ഫേക്ക് ഐഡി ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവരുണ്ട്

ഇങ്ങനെയുള്ള പലവിധ കമന്റ്‌കൾ കൊണ്ട് പാർഥന്റെ വാൾ നിറഞ്ഞു കവിഞ്ഞു

പലരും കൂട്ടത്തിൽ കുശലാന്വേഷണങ്ങളും നടത്താൻ മറന്നില്ല

“പാർഥോ കുഞ്ഞിന് ഇപ്പൊ എങ്ങനെ ഉണ്ടെടാ..22 ന് തന്നെ അല്ലെ ഓപ്പറേഷൻ “

അങ്ങോട്ട്‌ കയറി വന്ന അല്പം അകലെ ഉള്ള കൂട്ടുകാരൻ സാബുവിന്റെ സംസാരം കേട്ടുകൊണ്ടാണ് പാർഥൻ എയറിൽ നിന്ന് താഴെ ഇറങ്ങിയത്

“ആരുടെ കുഞ്ഞ്, ഏത് ഓപ്പറേഷൻ”

പാർഥൻ ചോദിച്ചു

“എടാ നീ ഇന്നലെ മെസ്സഞ്ചറിൽ എനിക്ക് മെസ്സേജ് അയച്ചില്ലാരുന്നോ, നിന്റെ കൊച്ചിന്റെ ഓപ്പറേഷൻ ആണ് 22ന്, പെട്ടന്ന് ഒരു 5000 രൂപ അയച്ചു തരണം എന്ന് പറഞ്ഞുകൊണ്ട്”

ങേ.. ഞാനോ…

പാർഥന്റെ കിളി പോയ നിമിഷം

“അപ്പൊ ശരിക്കും വ്യാജൻ എത്തിയോ????

പാർഥന്റെ വിഡ്ഢി ചിരിയുടെ അർഥം മനസ്സിലാകാതെ നിന്ന സാബു കിളി പോയവനെ പോലെ നോക്കി നിന്നു….