തന്റേടി…
രചന : സജി മാനന്തവാടി
::::::::::::::::::::::::::
സത്യം പറയട്ടെ ഞാൻ ജനിച്ചത് ചിറകുകളോടെ ആയിരുന്നു. പറക്കമുറ്റാൻ തുടങ്ങിയതും വീട്ടുക്കാർ എന്റെ ചിറകരിയാൻ തുടങ്ങി. ലോകം മുഴുവൻ കാണാൻ പൈലറ്റ് ആകണം ഇതായിരുന്നു എന്റെ ആദ്യസ്വപ്നം . ആകാശത്ത് വിമാനത്തിന്റെ ഇരമ്പൽ കേൾക്കുമ്പോഴേക്കും മനസ്സ് തുള്ളി ചാടും . പക്ഷേ ഒരു പെൺകുട്ടിയുടെ മനം തുള്ളിയിട്ടെന്ത് കാര്യം ? വട്ടോൻ ചാടിയാൽ മുട്ടോളം അവിടുന്നു ചാടിയാൽ ചട്ടിയോളം എന്ന് പറഞ്ഞതു പോലെയായി എന്റെ അവസ്ഥ. പൈലറ്റ് എന്ന മോഹം പൂവണിയില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ നഴ്സാകാൻ തീരുമാനിച്ചു. അങ്ങനെയെങ്കിലും കടൽ കടക്കാമെന്നായി എന്റെ ചിന്ത. എന്റെ തീരുമാനം അപ്പച്ചനെ അറിയിച്ചപ്പോൾ അങ്ങേര് പറയുവാ,
“ഞാൻ നിന്നെ വളർത്തുന്നത് വല്ലവരുടെയും മൂത്രവും അപ്പിയും കോരാനല്ല . “
അല്ലെങ്കിലും നഴ്സിന്റെ പണി അതുമാത്രമാണോ ? അങ്ങനെ അതും സ്വാഹ.അമ്പത് കൊല്ലങ്ങൾക്ക് മുമ്പ് ജനിച്ച എനിക്കന്ന് ഇപ്പോഴുള്ള പിള്ളേരെ പോലെ വാശിപ്പിടിക്കാൻ കഴിയുമായിരുന്നില്ല. ഞാൻ ഇപ്പോൾ ഓർക്കാറുണ്ട് ഐൻസ്റ്റീനെങ്ങാനും നമ്മുടെ നാട്ടിലാണ് ജനിച്ചതെങ്കിൽ ആരും അറിയപ്പെടാതെ, വല്ല ചക്കയും തലയിൽ വീണ് അങ്ങേര് മൺമറഞ്ഞേനെ ! ചെഗുവേര വെറുമൊരു ചോട്ടാ വിപ്ലവകാരി മാത്രമായേനെ ! ഹിറ്റ്ലർ വെറും മൂന്നാം കിട ഗുണ്ടയും! പിന്നെ പെണ്ണായി പിറന്ന എന്റെ കാര്യം പറയണോ ? അങ്ങനെ ഡിഗ്രി പാസായതും വീട്ടുകാർ കല്യാണ ആലോചന തുടങ്ങി.
” എന്റെ മൂന്ന് ഡിമാന്റുകൾ അംഗികരിച്ചാൽ മാത്രമെ ഞാൻ കല്യാണത്തിന് സമ്മതിക്കു . “
ഞാൻ കട്ടായം പറഞ്ഞു.
“ങും , എന്താ കേൾക്കട്ടെ “
അപ്പച്ചൻ സമ്മതം മൂളി.
” ഒന്ന് എനിക്ക് കംപ്യൂട്ടർ പഠിക്കണം.രണ്ട് ഡ്രൈവിംഗ് പഠിക്കണം. മൂന്ന് സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ ചേരണം “
” കെട്ടിച്ചയക്കാനുള്ള പെണ്ണിനെ ഇതൊക്കെ പഠിക്കുന്നതെന്നെത്തി നാ ?” അമ്മച്ചിയുടെ കമെന്റ് എത്തി.
” ഇതൊന്നും എന്തിനാ ചോദിക്കണ്ട . ഞാൻ കല്യാണത്തിന് സമ്മതിക്കണമെങ്കിൽ ഇത് സാധിച്ച് തരണം . “
മനസ്സില്ലാ മനസ്സോടെ അപ്പച്ചൻ സമ്മതം മൂളി .
അന്ന് ബി കോമിന്റെ ഒരു പേപ്പറായിരുന്നു കംപ്യൂട്ടർ. പക്ഷേ കംപ്യൂട്ടർ കാണാതെ കംപ്യൂട്ടർ പരീക്ഷ പാസ്സായവരായിരുന്നു ഞങ്ങൾ . ഞങ്ങളെ പഠിപ്പിച്ചവരാകട്ടെ തപാൽ വഴി കരാട്ടെ ബ്ലാക്ക്ബെൽറ്റ് നേടിയവരെ പോലെയും ! ഡി സി എ എന്നൊരു കോഴ്സിന് ചേർന്നപ്പോഴാണ് ഞാൻ ആദ്യമായി കംപ്യൂട്ടർ കൈ കൊണ്ട് തൊടുന്നത്.
എന്റെ പത്താം വയസു വരെ എന്റെ വീട്ടിലൊരു കാറുണ്ടായിരുന്നു. അപ്പച്ചൻ കാറോടിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരിക്കും എന്നിട്ട് പതുക്കെ സ്റ്റിയറിങ്ങിൽ തൊട്ടു നോക്കും. പക്ഷേ അപ്പച്ചൻ എന്റെ കൈ തട്ടിമാറ്റി രണ്ട് വയസുള്ള അനിയനെ അപ്പച്ചൻ മടിയിലിരുത്തി വളയം പിടിപ്പിക്കും. അന്നുമുതൽ ഡ്രൈവിംഗ് പഠിക്കുകയെന്നത് എന്റെ ഒരു വാശിയായി.
എനിക്ക് ഹിന്ദിയും ഇംഗ്ലീഷും എഴുതാനും വായിക്കാനും അറിയാമെങ്കിലും പറയാനറിയില്ലായിരുന്നു. അതുകൊണ്ടാണ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൽ ചേർന്നത്.
ഒരു വർഷം കൊണ്ട് ഇത് മൂന്നും പഠിച്ചതോടെ അപ്പച്ചൻ കല്യാണാലോചനയുമായി മുന്നോട്ട് പോയി.
“പെൺമക്കളെ കെട്ടിച്ച് അയക്കണം. “
ഈയൊരു ചിന്ത, മന്ത്രം പോലെ ഉരുവിട്ടു കൊണ്ട് നടക്കുന്നവരായിരുന്നു എന്റെ വീട്ടുക്കാർ .
ഞാൻ ഫസ്റ്റ് പ്രിഫറൻസ് കൊടുത്തത് ഗൾഫിൽ ജോലിയുള്ളവർക്കായിരുന്നു. കെട്ടിയവളെ കെട്ടിയിട്ട് പോകും കെട്ടികൊണ്ട് പോകില്ലെന്ന് പറഞ്ഞ വർക്ക് മുന്നിൽ നോ പറഞ്ഞു. അവസാനം ഒരുത്തന് മുന്നിൽ തല കുനിച്ചു.
താലിക്കെട്ടിയവന്റെ വീട്ടിലെത്താൻ ബസിറങ്ങി മൂന്ന് കിലോമീറ്റർ നടക്കണം. അന്ന് ഇന്നത്തെ പോലെ ഓട്ടോ റിക്ഷകളുമില്ലാത്തതിനാൽ ഓലക്കാൽ ശീലക്കാൽ എന്ന് പറഞ്ഞ് നടക്കണം. ഒരു മാസം കഴിഞ്ഞപ്പോൾ കെട്ടിയോനുമായി ആലോചിച്ച് ഒരു മാരുതി 800 കാർ വാങ്ങിച്ച് അങ്ങരെയും കൂട്ടി വണ്ടിയോടിച്ച് വന്നപ്പോൾ ആ വീടൊരു ഉത്സവപറമ്പായി. ആ നാട്ടിലെ ആദ്യത്തെ കാർ എന്നതു മാത്രമല്ല ഒരു പെണ്ണ് കാറോടിക്കുന്നു എന്നതും ടിക് ടോക്കും റീൽസും ഫെയിസ് ബുക്കും ഇൻസ്റ്റായും ഇല്ലാതിരിന്നിട്ടും നാട്ടിലെ പെണ്ണുങ്ങൾ നാട്ടിലാകെ പാട്ടാക്കി.
വധുവരന്മാർക്ക് സാരഥിയായും ഞാൻ തിളങ്ങി. കാറോടിക്കുന്ന പെണ്ണിനെ കാണാൻ ആളുകൾ കടകളിൽ നിന്നും പിടിക വരാന്തകളിൽ നിന്നും ഒട്ടകപക്ഷിയെ പോലെ എത്തി നോക്കുന്നത് എന്റെ സിരകളെ ത്രസിപ്പിച്ചു. പക്ഷേ അസൂയക്കാരുടെ എണ്ണവും കൂടുന്നുണ്ടായിരുന്നു.ഒരിക്കൽ വണ്ടിയുമായി ടൗണിലേക്ക് പോകുന്ന വഴിയിൽ ആരോ അള്ളുവെച്ചു. പിടികത്തിണ്ണയിലിരുന്ന ആരെങ്കിലുമാകാം ആ പാതകം ചെയ്തതെന്ന് ഞാൻ ഊഹിച്ചു. പഞ്ചറായ വണ്ടി വഴിയിലുപേക്ഷിച്ച് വിഷണ്ണയായി നടന്നു പോകുമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്.വണ്ടി തള്ളാൻ മറ്റൊരു തെണ്ടിയുടെയും സഹായം വേണ്ടിവരില്ലെന്ന സിനിമാ ഡയലോഗ് പോലെ ഒരാളുടെയും സഹായമില്ലാതെ ഞാൻ ടയർ ഊരി മാറ്റി സ്റ്റെപ്പിനിയിട്ടു.പക്ഷേ അന്നെനിക്ക് മനസ്സിലായി സ്ത്രീകളെ ബന്ധനത്തിലാക്കുന്ന അഞ്ച് മുഴം കയറാണ് സാരിയെന്ന നഗ്നസത്യം .അതോടെ സാരി എന്നന്നേക്കുമായി ഉപേക്ഷിച്ചു.ജിൻസും ടോപ്പും ധരിച്ച് വന്ന എന്നെ കണ്ടു പലരും അടക്കം പറഞ്ഞു
” ഒരു പച്ച പരിഷ്കാരി വന്നിരിക്കുന്നു ” .
പക്ഷേ ഇത്തരക്കാരുടെ വാക്കുകൾ ഒന്നും ഞാൻ ചെവി കൊടുത്തില്ല..അതിനൊക്കെ മറുപടി പറഞ്ഞാൽ ജീവിതം മുന്നോട്ടു പോകില്ലെന്ന് എനിക്കറിയാമായിരുന്നു
ഇതിനിടയിൽ ഞാൻ എന്റെ പഴയ മോഹങ്ങൾ പൊടിതട്ടിയെടുക്കാൻ തീരുമാനിച്ചു. . കേരളം കണ്ടു തീർന്നപ്പോഴേക്കും കെട്ടിയോൻ മടുത്തു. പിന്നീടുള്ള യാത്ര തികച്ചും ഒറ്റയ്ക്കായി ഇപ്പോൾ വൻകരകളിൽ നിന്ന് വൻകരകളിലേക്കുള്ള യാത്രയിലാണ് ഞാനും എൻ്റെ കോമ്രേഡും (എന്റെ കാറിന്റെ പേരാണ് കൊമ്രേഡ് ) .പലരും തന്റേടിയെന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിച്ചപ്പോൾ സങ്കടം തോന്നിയെങ്കിലും ഇപ്പോൾ തോന്നുന്നു അതിനേക്കാൾ അനുയോജ്യമായ മറ്റൊരു പേരും എനിക്ക് ചേരില്ലെന്ന് . ഈ ലോകം പുരുഷന്മാരുടെ മാത്രമല്ല സ്ത്രീകളുടെയുമാണ്.