ദിവസങ്ങൾ കടന്നു പോകുമ്പോൾ സജിയും മീരയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി…

രചന : അപ്പു

::::::::::::::::::::::

നാട്ടിലേക്ക് പോകാനുള്ള അവസാനഘട്ട മിനുക്ക് പണികളിൽ ആയിരുന്നു സജി. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസം വിദേശത്തേക്ക് കയറി വന്നതാണ്. കല്യാണം കഴിഞ്ഞ് പുതുമോടി പോലും മാറിയിട്ടുണ്ടായിരുന്നില്ല.

ഇതിപ്പോൾ രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നാട്ടിലേക്ക് പോകാൻ ഒരു അവസരം കൈ വന്നിരിക്കുകയാണ്.

കണ്ടു കൊതി തീരും മുന്നേ പിരിയേണ്ടി വന്ന ഭാര്യയെയും അച്ഛനെയും അമ്മയെയും ഒക്കെ കാണാൻ വല്ലാത്ത ഒരു കൊതി അവനു ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവർക്ക് വേണ്ടി ഓരോന്നും വാങ്ങിക്കൂട്ടാൻ അവനു ഒരു പ്രത്യേക താൽപര്യം ആയിരുന്നു.

കമ്പനിയിൽ നിന്ന് ലീവ് അനുവദിച്ചു കിട്ടിയപ്പോൾ തന്നെ തുടങ്ങിയതാണ് അവന്റെ പർച്ചേസ്.. ഇത്രയൊക്കെ വാങ്ങിയിട്ടും എന്തൊക്കെ ചെയ്തിട്ടും മതിയാകുന്നില്ല എന്നുള്ള അവസ്ഥയായിരുന്നു അവന്റെത്..

സജിയുടെ കൺമുന്നിൽ ഉണ്ടായിരുന്നത് മുഴുവൻ അവന്റെ പ്രാണനായ മീരയായിരുന്നു.

സാധാരണ ഏതൊരു പ്രവാസിയുടെയും ജീവിതത്തിൽ സംഭവിക്കുന്നത് പോലെ തന്നെയാണ് അവന്റെ ജീവിതത്തിലും ഉണ്ടായത്. ഒരിക്കൽ ലീവിന് നാട്ടിൽ ചെന്നപ്പോൾ അവന്റെ വിവാഹം നടത്താൻ എന്ന് പറഞ്ഞ് വീട്ടുകാർ എല്ലാവരും കൂടി തീരുമാനമെടുത്തു.

ആ തീരുമാനത്തിന്റെ ഫലമായി കുറെ പെണ്ണുകാണലുകളും നടന്നു. ആദ്യത്തെ ഒരു മാസം അത് തന്നെയായിരുന്നു പണി. ഒന്നും സെറ്റ് ആവാതെ വന്നിട്ട് അവസാനം കണ്ടുമുട്ടിയതായിരുന്നു മീരയെ..

അവളെ കണ്ട മാത്രയിൽ തന്നെ സജിക്ക് അവളെ ഇഷ്ടമായി. എന്ന് തന്നെയല്ല അവളുടെ വീട്ടുകാർക്കും താല്പര്യക്കുറവ് ഒന്നുമുണ്ടായിരുന്നില്ല. ജാതകങ്ങൾ തമ്മിലുള്ള പൊരുത്തം നോക്കണം എന്ന് അവളുടെ വീട്ടുകാർ പറഞ്ഞപ്പോൾ സജിക്ക് അതിൽ വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.

കാരണം ഇതിനു മുൻപ് ഒന്ന് രണ്ട് പെണ്ണുകാണൽ നടത്തി പരസ്പരം ഇഷ്ടം ആയിട്ടും ജാതക പൊരുത്തത്തിന്റെ പേരിൽ ആ ബന്ധം വേണ്ടെന്നു വയ്ക്കേണ്ടി വന്നിട്ടുണ്ട്. ആ ഒരു അനുഭവം മുന്നിലുള്ളത് കൊണ്ട് തന്നെ സജിക്ക് വലിയ താൽപര്യം തോന്നിയില്ല.

പിന്നെ കുറച്ച് പുരോഗമന ചിന്താഗതിക്കാരനായതു കൊണ്ടു തന്നെ ജാതക പൊരുത്തമല്ല മനപ്പൊരുത്തമാണ് ഏറ്റവും അത്യാവശ്യമെന്ന് അവൻ വിശ്വസിക്കുന്നുണ്ടായിരുന്നു.

” ജാതകം നോക്കണം എന്നുള്ള കാര്യത്തിൽ ഞങ്ങൾക്ക് നിർബന്ധമൊന്നുമില്ല. പിന്നെ ഇവിടെ നിർബന്ധമാണ് എന്നുണ്ടെങ്കിൽ ജാതകം നോക്കാം. “

സജിയുടെ അച്ഛന്റെ അഭിപ്രായവും അതു തന്നെയായിരുന്നു. മീരയുടെ അച്ഛനും അമ്മയ്ക്കും ഈ വക കാര്യങ്ങളിൽ വിശ്വാസം ഉള്ളതു കൊണ്ടു തന്നെ ജാതകം നോക്കാം എന്ന് തീരുമാനമായി.

മീരയുടെ വീട്ടുകാർ തന്നെയാണ് ജാതകം നോക്കിയത്. നോക്കിച്ചപ്പോൾ വേറെ പ്രശ്നങ്ങളൊന്നുമില്ല എന്ന് കണ്ടപ്പോഴാണ് അവർക്ക് സമാധാനമായത്.

ജാതകപ്രകാരം മീരയുടെ വിവാഹത്തിന് അധികം കാലം ഇല്ല എന്ന് കണ്ടതോടെ എത്രയും വേഗം വിവാഹം നടത്താം എന്നൊരു തീരുമാനത്തിലേക്ക് രണ്ട് വീട്ടുകാരും എത്തിച്ചേർന്നു. അതിന്റെ ഫലമായി 15 ദിവസം കൂടി ലീവ് നീട്ടിയെടുത്തു.

എടുപിടി എന്നൊരു വിവാഹം തന്നെയായിരുന്നു സജിയുടെയും മീരയുടെയും.പല ബന്ധുക്കളെയും നേരിൽ പോയി ക്ഷണിക്കാൻ പോലും കഴിഞ്ഞില്ല. മിക്കവാറും ആളുകളെ ഫോണിൽ വിളിച്ചാണ് വിവാഹത്തിന് ക്ഷണിച്ചത്. ചിലരൊക്കെ അത് ഒരു പരാതിയായി പറഞ്ഞെങ്കിലും മറ്റു ചിലർ സാഹചര്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി എടുത്തു.

പെണ്ണുകാണൽ കഴിഞ്ഞ് കൃത്യം പതിനഞ്ചാം ദിവസം സജിയുടെ താലി മീരയുടെ കഴുത്തിൽ വീണു. ഇതിനിടയിൽ അവർക്ക് പരസ്പരം കാണാനും സംസാരിക്കാനും ഒക്കെ അവസരങ്ങൾ വളരെ ചുരുക്കം ആയിരുന്നു.

കല്യാണത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് രണ്ട് കൂട്ടരും തിരക്കായിരുന്നതു കൊണ്ടു തന്നെ സജിക്ക് മീരയെയോ മീരക്ക് സജിയെയോ അടുത്ത് അറിയാൻ കഴിഞ്ഞില്ല.വീട്ടുകാരോട് അങ്ങനെ ഒരു ആശങ്ക പങ്കുവെച്ചപ്പോൾ ഒരു ജന്മം മുഴുവനും ഉണ്ടല്ലോ പരസ്പരം അറിയാൻ എന്നാണ് വീട്ടുകാർ മറുപടി പറഞ്ഞത്.

എന്തായാലും വലിയ ആർഭാടങ്ങളും ആഘോഷങ്ങളും ഒന്നുമില്ലെങ്കിലും അവരുടെ വിവാഹം കഴിഞ്ഞു. വിവാഹത്തിനു ശേഷം മീര സജിയുടെ വീട്ടിലേക്ക് കയറി വരുമ്പോൾ ആ വീടുമായി അവൾക്ക് നന്നായി പൊരുത്തപ്പെട്ട് പോകാൻ കഴിയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടായിരുന്നു.

വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഒക്കെയും സജിയും മീരയും പരസ്പരം അടുത്ത് അറിയാനാണ് ശ്രമിച്ചത്. പരസ്പരം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ പങ്കുവയ്ക്കാനും തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരസ്പരം പറയാനും അറിയാനും അവർ ശ്രമിച്ചു. ആ കാലയളവ് കൊണ്ട് തന്നെ ആ വീടിന്റെ നല്ലൊരു മകളായി അവൾ മാറിയിരുന്നു.

ദിവസങ്ങൾ കടന്നു പോകുമ്പോൾ സജിയും മീരയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി. പരസ്പരം പിരിഞ്ഞിരിക്കാൻ കഴിയില്ല എന്നൊരു അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ വന്നെത്തുന്നത് എന്ന് രണ്ടുപേർക്കും അറിയാമായിരുന്നു.

വിവാഹം കഴിഞ്ഞ് കൃത്യം മുപ്പതാം ദിവസം അവനെ തിരികെ ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്നു. ജീവിതം ആസ്വദിച്ച് തുടങ്ങുന്നതിനു മുൻപ് തന്നെ ഒരു വേർപാട് ആയിരുന്നു അവർക്ക് വിധി കാത്തുവെച്ചത്.

സാധാരണ എല്ലാ തവണയും യാത്ര പറഞ്ഞു പോകുന്നതിനേക്കാൾ അവനു ബുദ്ധിമുട്ടേണ്ടി വന്നു ഇത്തവണ. അവളുടെ മുഖത്ത് നോക്കി യാത്ര പറയാൻ അവന് വല്ലാത്തൊരു വേദന തോന്നി..

പക്ഷേ ഈ വേർപിരിയൽ അനിവാര്യമാണ് എന്നറിയുന്നത് കൊണ്ട് തന്നെ രണ്ടുപേരും സങ്കടം അടക്കിപ്പിടിച്ചു കൊണ്ട് യാത്രാമൊഴി ചൊല്ലി..

തിരികെ ദുബായിലേക്ക് എത്തിയ സജിക്ക് വല്ലാത്ത സങ്കടമായിരുന്നു. ആ സങ്കടങ്ങൾ മറികടക്കാൻ കഴിഞ്ഞത് ഒഴിവ് വേളകളിലുള്ള അവരുടെ ചാറ്റും കോളും കൊണ്ടായിരുന്നു. ശരീരങ്ങൾ അകലത്തിൽ ആണെങ്കിലും മനസ്സുകൾ തമ്മിൽ ഒരുപാട് അകലെയാണ് എന്ന് തെളിയിക്കുന്നതു പോലെ അവൻ ആഗ്രഹിക്കുമ്പോൾ ഒക്കെയും അവൾ അവനെ വിളിച്ചിരുന്നു. ഒരു വിളിപ്പാടകലെ അവൾ എന്നും അവനോടൊപ്പം ഉണ്ടായിരുന്നു.

ഫോണിലൂടെ പരസ്പരം അറിഞ്ഞ് ആണ് അവരുടെ ബന്ധം മുന്നോട്ട് പോയത്. ഇപ്പോൾ നാട്ടിലേക്ക് പോകാൻ അവന് ലീവ് കിട്ടി. ലീവ് അനുവദിച്ചപ്പോൾ മുതൽ അവന്റെ ഹൃദയം തുടി കൊട്ടുകയായിരുന്നു.

പക്ഷേ വീട്ടിൽ എല്ലാവർക്കും ഒരു സർപ്രൈസ് കൊടുക്കാം എന്നൊരു ചിന്തയിൽ അവൻ നാട്ടിലേക്ക് എത്തുന്ന വിവരം വീട്ടിൽ ആരെയും അറിയിച്ചിരുന്നില്ല.

അവൻ പാക്കിങ് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അവന്റെ ഒന്ന് രണ്ട് സുഹൃത്തുക്കൾ റൂമിലേക്ക് വരുന്നത്.

” പാക്കിംഗ് ഒക്കെ കഴിഞ്ഞോ..? “

അവർ ചോദിച്ചപ്പോൾ അവൻ പുഞ്ചിരിയോടെ അവരെ നോക്കി.

” നാട്ടിലേക്ക് പോകാൻ വല്ലാത്തൊരു തിടുക്കം.. എത്രയും പെട്ടെന്ന് അവിടെ എത്തിയാൽ മതി എന്നൊരു തോന്നൽ.. അതുകാരണം പാക്കിംഗ് ഒക്കെ വളരെ നേരത്തെ തന്നെ കഴിഞ്ഞു. പക്ഷേ എന്തൊക്കെ വാങ്ങിച്ചിട്ടും മതിയായില്ല എന്നൊരു തോന്നലാണ്.. “

പുഞ്ചിരിച്ചുകൊണ്ട് അവൻ ഓരോ സ്വപ്നങ്ങളായി പറയുമ്പോൾ സുഹൃത്തുക്കൾ അവനെ തന്നെ നോക്കി സങ്കടത്തോടെ നിൽക്കുകയായിരുന്നു. ആദ്യം ഒന്നും അവരുടെ സങ്കടം അവന് മനസ്സിലായില്ലെങ്കിലും പിന്നീട് അവരുടെ മുഖം കണ്ടപ്പോൾ കാര്യമായ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവന് തോന്നി.

” എടാ എന്താ..? നിങ്ങൾക്ക് രണ്ടാൾക്കും എന്താ പറ്റിയത്..? “

അവരുടെ സങ്കടം നിറഞ്ഞ മുഖത്തേക്ക് നോക്കി അവൻ ആവർത്തിച്ച് ചോദിച്ചപ്പോൾ സത്യം അവനോട് മറച്ചുവയ്ക്കാൻ അവർക്കും തോന്നിയില്ല.

” നീ കാണാൻ ഒരുപാട് കൊതിച്ച് നാട്ടിലേക്ക് പോകുന്ന ഒരാൾ അവിടെയില്ല. ഇനി നിന്നെ കാണാൻ അയാൾ ആഗ്രഹിക്കുന്നുമില്ല.. “

സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞത് കേട്ടപ്പോൾ അച്ഛനോ അമ്മയ്ക്കോ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ എന്നൊരു ഭയമായിരുന്നു തോന്നിയത്. അവന്റെ ഭയം മനസ്സിലാക്കിയത് പോലെ സുഹൃത്തുക്കൾ അവനെ ചേർത്തുപിടിച്ചു.

പിന്നെ ഒരു കഥ അവർ അവനു പറഞ്ഞു കൊടുത്തു..

സമ്മതമില്ലാതെ വീട്ടുകാർ നിർബന്ധിച്ചു വിവാഹം നടത്തിയ മീരയുടെ കഥ. അതിനിടയിൽ അവൾക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. ആ പ്രണയബന്ധത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്താണ് സജിയുടെ വിവാഹാലോചന ആ വീട്ടിൽ എത്തുന്നത്. കാര്യങ്ങളെല്ലാം വീട്ടുകാർ തീരുമാനിച്ചതോടെ അവൾക്ക് എതിർപ്പ് പറയാൻ ആയിട്ട് ഒന്നുമില്ലാതെയായി.

പ്രണയം പോലും നഷ്ടപ്പെട്ട അവസ്ഥയിൽ നിൽക്കുന്നതുകൊണ്ട് തന്നെ അവൾ ഭാവിയെ കുറിച്ചാണ് ചിന്തിച്ചത്. ഒരു ഗൾഫുകാരന്റ്റെ കൂടെയുള്ള ജീവിതം എന്തുകൊണ്ടും നല്ലതായിരിക്കും എന്നൊരു തോന്നൽ അവളുടെ മനസ്സിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ മൗനസമ്മതത്തോടു കൂടിയാണ് വിവാഹം നടന്നത്.

വിവാഹം നടക്കുന്നതിന് മുൻപോ അതിനുശേഷമോ അവളുടെ കാമുകൻ അവളെ വിളിക്കുകയോ പറയുകയോ ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ വിവാഹത്തിനു ശേഷം സജീയുമായി പൊരുത്തപ്പെട്ട് പോകാൻ അവൾ ശ്രമിച്ചു.

അവൻ ഗൾഫിലേക്ക് മടങ്ങി പോയപ്പോഴും അവനെ മാത്രം മനസ്സിൽ വച്ച് സ്നേഹിക്കുകയായിരുന്നു അവൾ.. അല്ല സ്നേഹിക്കാൻ ശ്രമിക്കുകയായിരുന്നു അവൾ..!

പക്ഷേ പെട്ടെന്നൊരു ദിവസം ആയി അവളുടെ കാമുകൻ അവളുടെ മുന്നിലേക്ക് എത്തി. ചെറിയൊരു സൗന്ദര്യ പിണക്കം മാത്രമായിരുന്നു തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് എന്നും അവളുടെ വിവാഹം നടത്താൻ വേണ്ടി അവളുടെ അച്ഛനും ചില സുഹൃത്തുക്കളും ചേർന്ന് അവനെ ഒരുപാട് ഉപദ്രവിച്ചു എന്ന് ഒക്കെ അവൻ അവളോട് പറഞ്ഞു.

അവനോട് സഹതാപം തോന്നിയെങ്കിലും സജിയാണ് ഇനി തന്റെ ജീവിതം എന്ന് മീര മനസ്സിൽ ഉറപ്പിച്ചിരുന്നു. പക്ഷേ അപ്പോഴും താൻ കാരണം അവന് ഏൽക്കേണ്ടിവന്ന ഓരോ പ്രഹരങ്ങളും അവളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.

അവനോട് തോന്നിയ സഹതാപം പിന്നീട് സ്ഥിരമായി ഉള്ള ഫോൺവിളികളിലേക്ക് മാറി. പതിയെ പതിയെ അവൻ അവളുടെ മനസ്സിൽ വീണ്ടും സ്ഥാനം ഉറപ്പിച്ചു.

അവരുടെ ബന്ധം വഴി വിട്ടു പോയി എന്ന് വീട്ടുകാരും നാട്ടുകാരും അറിഞ്ഞത് കഴിഞ്ഞ ഒരു ദിവസം അവനെ അവളുടെ ബെഡ്റൂമിൽ നിന്ന് പിടികൂടിയപ്പോഴാണ്..

അതിന്റെ പരിണിത ഫലമായി അവൾ അവനോടൊപ്പം പോവുകയും ചെയ്തു.

സുഹൃത്തുക്കളിൽ നിന്ന് കാര്യങ്ങളെല്ലാം അറിഞ്ഞ സജി തളർന്നു പോയി.. താൻ ജീവന് തുല്യം സ്നേഹിച്ച പെണ്ണ്.. അവൾ നാളുകളായി തന്നെ വഞ്ചിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ അവന് അവനെ തന്നെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

അവന്റെ അവസ്ഥ കണ്ട സുഹൃത്തുക്കൾക്ക് മനസ്സുകൊണ്ട് അവളെ ശപിക്കാനും അവനെ ചേർത്തുപിടിക്കാനും അല്ലാതെ മറ്റൊന്നിനും കഴിയില്ലായിരുന്നു…!

മീര ഇനി തന്റെ ജീവിതത്തിൽ ഇല്ല എന്നുള്ള കാര്യം ഉൾക്കൊള്ളാൻ സജിക്ക് ഒരുപാട് സമയം വേണ്ടി വന്നു. പക്ഷേ അവന്റെ സങ്കടങ്ങളെ ഉള്ളിൽ ഒതുക്കിക്കൊണ്ട് അവന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി അവൻ മുന്നോട്ടു ജീവിച്ചു.

ഇടയ്ക്ക് പലപ്പോഴും മീര ഒരു നോവായി ഉള്ളിലേക്ക് വരുമ്പോഴും തന്നെ അവൾ വഞ്ചിച്ചതാണ് എന്നൊരു തോന്നൽ ഉള്ളിൽ ഉണ്ടാകുമ്പോൾ അവൻ അവളെ വെറുത്തു പോകും..