അമ്മുവിന് വല്ലാത്തൊരു ഭയം തോന്നുന്നുണ്ടായിരുന്നു.. എത്രയൊക്കെ സ്വന്തവും ബന്ധവും ആണെങ്കിലും

രചന : അപ്പു

:::::::::::::::::::::::::

” ദേ… ഉള്ള കാര്യം അത് പോലെ ഞാൻ അങ്ങ് പറഞ്ഞേക്കാം.. നിന്റെ അനിയത്തി ഇങ്ങോട്ട് വരുന്നതിനോ ഒന്നോ രണ്ടോ ദിവസം നിൽക്കുന്നതിനോ ഇവിടെ ആർക്കും ഒരു കുഴപ്പവും ഇല്ല.. പക്ഷെ.. അതൊരു സ്ഥിര താമസം ആവരുത്.. “

വല്യമ്മ കർശനമായി പറഞ്ഞപ്പോൾ തല താഴ്ത്തി നിൽക്കുകയായിരുന്നു അവൾ..

അല്ലെങ്കിലും എതിർക്കാനുള്ള അവകാശം ഒന്നും ഈ വീട്ടിൽ അവൾക്കില്ലല്ലോ…!

അച്ഛനും അമ്മയും ഇല്ലാതെ ആരുടെ ഒക്കെയോ കാരുണ്യത്തിൽ വളർന്നു വന്നതാണ് അവളും അനിയത്തിയും..!

അതുകൊണ്ട് തന്നെ മണിക്കുട്ടന്റെ കൈയും പിടിച്ചു ഈ വീട്ടിലേക്ക് കയറി വന്നപ്പോൾ മുതൽ അമ്മയും വല്യമ്മയും ഒക്കെ ഓരോ കുത്തുവാക്കുകൾ പറയാൻ തുടങ്ങിയതാണ്.. ഒക്കെയും കണ്ടില്ല കേട്ടില്ല എന്ന് നടിക്കാൻ അല്ലാതെ മറ്റൊന്നിനും അവൾക്ക് കഴിയില്ലായിരുന്നു..

അതിനിടയിലാണ് അനിയത്തിയുടെ വരവ്.. വിവാഹം കഴിഞ്ഞു ഇവിടേക്ക് വരുമ്പോൾ അമ്മുവിന്റെ മനസ്സിൽ ഉണ്ടായിരുന്ന ആശങ്ക അനിയത്തിയെ കുറിച്ച് ആയിരുന്നു..

അവളെ അമ്മാവന്റെ വീട്ടിൽ നിർത്തിയാണ് അമ്മു മണിയുടെ കൂടെ ഇവിടേക്ക് വരുന്നത്..

ഇന്നലെ വൈകുന്നേരം ആണ് അമ്മുവിന്റെ അനിയത്തി അനു ഈ വീട്ടിലേക്ക് വന്നു കയറുന്നത്.. അവളുടെ ക്ഷീണിച്ച മുഖം കണ്ടപ്പോൾ അവൾ ഒറ്റയ്ക്ക് വന്നതിനെ കുറിച്ച് അന്വേഷിക്കാൻ അമ്മുവിന് കഴിഞ്ഞില്ല..

ഇന്നലെ വന്നപ്പോൾ തന്നെ ബെഡിലേക്ക് വീണതാണ് അവൾ.. പിന്നീട് ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ പോലും വന്നില്ല..

” ഞാൻ ഒന്ന് കിടന്നോട്ടെ ചേച്ചി.. എനിക്കൊന്നും വേണ്ട. “

ദയനീയമായി അവൾ പറഞ്ഞപ്പോൾ പിന്നെ കൂടുതൽ ഒന്നും അന്വേഷിച്ചതുമില്ല..

ഇതിപ്പോൾ അമ്മു രാവിലെ തന്നെ അടുക്കളയിൽ എത്തിയപ്പോൾ ആയിരുന്നു വലിയമ്മയുടെ വക ഉപദേശം..!

ഒരു കാര്യവും ഇല്ലാതെ ആ സന്ധ്യ നേരത്ത് അവൾ കയറി വരില്ലെന്ന് അമ്മുവിന് ഉറപ്പായിരുന്നു.. ഇന്ന് എന്തായാലും അവളോട് അതേക്കുറിച്ച് സംസാരിക്കണം എന്ന് അമ്മു മനസ്സിൽ ഉറപ്പിച്ചു..

അടുക്കളയിൽ ഓരോ ജോലികളായി ചെയ്തു തീർക്കുമ്പോഴും അനുവിന് എന്ത് സംഭവിച്ചു എന്നൊരു കാര്യം അമ്മുവിന്റെ ഉള്ളിൽ ചോദ്യചിഹ്നമായി. ഇടയ്ക്ക് അമ്മയും വല്യമ്മയും ഓരോന്ന് പറയുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും അവൾ കാര്യമാക്കിയില്ല.

ഏകദേശം 11 മണിയോടെയാണ് അനിയത്തി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വരുന്നത്. സങ്കടം നിറഞ്ഞ അവളുടെ മുഖം കണ്ടപ്പോൾ തന്നെ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട് എന്ന് അമ്മുവിന് തോന്നിയിരുന്നു.

ആഹാരം കഴിച്ചതിനു ശേഷം സമാധാനമായി സംസാരിക്കാൻ എന്നും അവൾ തീരുമാനിച്ചു. അവൾക്ക് ആഹാരം എടുത്തു കൊടുക്കുമ്പോഴും എനിക്ക് വേണ്ട ചേച്ചി എന്നാണ് അവൾ മറുപടി പറഞ്ഞത്.

” അതൊന്നും പറഞ്ഞാൽ പറ്റില്ല.. എന്തെങ്കിലും കഴിച്ചേ പറ്റൂ.. അല്ലാതെ പട്ടിണി കിടക്കാൻ ആണോ ഉദ്ദേശം..? “

അമ്മു സ്നേഹത്തോടെ ശാസിച്ചു.

“ഇങ്ങനെ വാരിക്കോരി കൊടുക്ക്.. എന്റെ മോൻ കഷ്ടപ്പെട്ടിട്ടുണ്ടാക്കുന്ന പൈസ ആണല്ലോ.. അത് എങ്ങനെയെങ്കിലും എടുത്തു നശിപ്പിച്ചു കളയുക എന്നല്ലാതെ നാളത്തേക്ക് വേണ്ടി ഉപയോഗിക്കാം എന്നൊരു ചിന്തയൊന്നും വേണ്ട..”

വല്യമ്മ വീണ്ടും ഒന്നുമറിയാത്തതു പോലെ പറഞ്ഞു. അത് കേട്ടപ്പോൾ അമ്മുവിന്റെ കണ്ണ് നിറഞ്ഞു. അനു തലകുനിച്ചു.

പ്ലേറ്റിൽ വിളമ്പിയെടുത്ത ആഹാരം കളയണ്ട എന്ന് കരുതിക്കൊണ്ടു മാത്രം അനു ആ വിളമ്പി വെച്ച ആഹാരം കഴിച്ചു.

ആഹാരം കഴിച്ചു കഴിഞ്ഞു അവൾ വെറുതെ ഉമ്മറത്തേക്ക് ചെന്നിരുന്നു.അവളോട് സംസാരിക്കണം എന്ന് ഉറപ്പിച്ചു കൊണ്ട് അമ്മുവും പിന്നാലെ പോയി.

“മോളെ.. ഒരു കാര്യവുമില്ലാതെ നീ ഇന്നലെ ഇവിടേക്ക് കയറി വരില്ല എന്നെനിക്കറിയാം. എന്താ നിന്റെ പ്രശ്നം എന്ന് എന്നോട് പറയണം.. പരിഹാരം കണ്ടുപിടിക്കാൻ പറ്റുന്നതാണെങ്കിൽ തീർച്ചയായും ഞാൻ അത് ചെയ്യും..”

അമ്മു അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞു.

അവളുടെ കരച്ചിൽ കണ്ടപ്പോൾ അമ്മുവിന് ആകെ ടെൻഷൻ ആയി..

” എന്താ മോളെ.. എന്തിനാ കരയുന്നെ..? “

അവൾ ആധിയോടെ അന്വേഷിച്ചു..

” ചേച്ചി… അവിടെ… എനിക്കിനി അവിടെ നിൽക്കാൻ പറ്റില്ല ചേച്ചി.. “

കരഞ്ഞു കൊണ്ട് അവൾ പറയുന്നത് കേട്ടപ്പോൾ അമ്മുവിന് ആകെ വല്ലായ്മ തോന്നി..

” എന്താടാ..? നീ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ മാത്രം എന്തുണ്ടായി..?”

അമ്മുവിന് വല്ലാത്തൊരു ഭയം തോന്നുന്നുണ്ടായിരുന്നു.. എത്രയൊക്കെ സ്വന്തവും ബന്ധവും ആണെങ്കിലും ഇന്നത്തെ കാലം വല്ലാത്തതാണ്.. ഒരാളിനെയും വിശ്വസിക്കാൻ പറ്റില്ല..

” ചേച്ചി.. അവിടെ.. വിവേക് .. അവന്റെ പെരുമാറ്റം ശരിയല്ല ചേച്ചി… “

കരഞ്ഞു കൊണ്ട് അനു പറയുമ്പോൾ അമ്മുവിന്റെ ഉള്ളിൽ വെള്ളിടി വെട്ടി..

അമ്മാവന്റെ മകനാണ് വിവേക്.. പ്രായം കൊണ്ട് അനുവിനെക്കാൾ താഴെയാണ് അവൻ..

” സത്യമാ ചേച്ചി… ഞാൻ വെറുതെ പറയുന്നതല്ല.. അവന്റെ കൂട്ടുകെട്ട് ഒന്നും ശരിയല്ല.. ഒരിക്കൽ അവനും അവന്റെ കൂട്ടുകാരനും കൂടി റൂമിൽ ഇരുന്ന് പോൺ വീഡിയോ കാണുന്നത് ഞാൻ കണ്ടതാ… അന്ന് ഞാൻ അമ്മായിയോട് അതിനെ കുറിച്ച് പറയുകയും ചെയ്തു. പക്ഷെ.. ഞാൻ പറഞ്ഞത് അമ്മായി വിശ്വസിച്ചില്ലെന്ന് മാത്രമല്ല.. നല്ലവനായ അവരുടെ മകനെ കുറ്റക്കാരൻ ആക്കാൻ ശ്രമിച്ചതിനു എന്നെ കുറെ വഴക്ക് പറയുകയും ചെയ്തു .. “

ഓരോന്നായി ഓർത്തെടുത്ത് അവൾ ചേച്ചിയോട് പറയുന്നുണ്ടായിരുന്നു..

” പിന്നീട് ഒരിക്കൽ അവൻ… അവൻ എന്റെ അടിവസ്ത്രം എടുത്ത്… “

ബാക്കി പറയാതെ അവൾ നിർത്തി.. അതിന്റെ ബാക്കി എന്താകും എന്ന് അറിയുന്നത് കൊണ്ട് തന്നെ അമ്മു വെറുപ്പോടെ മുഖം തിരിച്ചു..

” ഈ സംഭവം ഞാൻ അമ്മായിയോട് പറഞ്ഞു.. അപ്പോ എന്നെ തല്ലി.. അവരുടെ മകനെ മനഃപൂർവം വശീകരിക്കാൻ വേണ്ടി ഞാൻ അത് അവിടെ കൊണ്ട് ചെന്ന് ഇട്ടതാണെന്ന്.. “

അത്രയും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു.. തന്റെ സഹോദരി അനുഭവിച്ചത് ഒക്കെ കേൾക്കുമ്പോൾ അമ്മുവിന് ആകെ വല്ലായ്മ തോന്നി..

” ഇന്നലെ.. അമ്മാവനും അമ്മായിയും ഒന്നും അവിടെ ഇല്ലാരുന്നു.. ആ നേരത്ത് അവനും അവന്റെ രണ്ട് കൂട്ടുകാരും കൂടെ വന്നിരുന്നു.. ഇപ്പോൾ അവൻ വീട്ടിൽ ഉണ്ടെങ്കിൽ ഞാൻ മുറിയിൽ നിന്ന് ഇറങ്ങാറില്ല… ഇന്നലെയും അങ്ങനെ ആയിരുന്നു.. പക്ഷെ.. പെട്ടെന്ന് അവനു സുഖമില്ല… വോമിറ്റ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞു അവന്റെ കൂട്ടുകാർ വന്നു വാതിൽ തട്ടിയപ്പോൾ അനിയനായി കണ്ടവനല്ലേ എന്ന് കരുതിയാണ് വാതിൽ തുറന്നത്.. പക്ഷെ…”

ഒഴുകി ഇറങ്ങുന്ന കണ്ണീർതുള്ളികളെ തുടച്ചു കളയാൻ പോലും അവൾ മറന്നു പോയിരുന്നു..

” അവരൊക്കെ കൂടെ എന്നെ കേറി പിടിക്കാൻ നോക്കി ചേച്ചി.. എങ്ങനെ ഒക്കെയോ രക്ഷപ്പെട്ടു പോന്നതാണ് ഞാൻ.. “

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അമ്മു അവളെ മാറോടു ചേർത്ത് കഴിഞ്ഞിരുന്നു..

വൈകുന്നേരം മണിക്കുട്ടൻ ജോലി കഴിഞ്ഞ് വരാനുള്ള കാത്തിരിപ്പായിരുന്നു പിന്നീട്..

അവൻ എത്തിയപ്പോൾ കാര്യങ്ങൾ മുഴുവൻ അവൾ അവനെ അറിയിച്ചു..

” ഇനി എന്തായാലും അവളെ അവിടേക്ക് വിടാൻ പറ്റില്ല. മണിയേട്ടാ.. എന്ത് വിശ്വസിച്ചാ ഇനി അവളെ അവിടെ നിർത്തുക..? “

സങ്കടത്തോടെ അമ്മു ചോദിച്ചു..

” ആഹ്.. വേണ്ടാ.. വിടണ്ട… ഇവിടെ പിടിച്ചു നിർത്തിക്കോ… ചിലവിനു കൊടുക്കാൻ ഞങ്ങളുടെ ചെക്കൻ ഉണ്ടല്ലോ.. “

പെട്ടെന്നു അവിടേക്ക് വന്നു കൊണ്ട് വല്യമ്മ പറഞ്ഞു.. അത് കേട്ട് അമ്മുവും മണിയും ഒരു പോലെ ഞെട്ടി..

” എന്താടാ ഇങ്ങനെ നോക്കുന്നത്..? ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്..? ശരിയല്ലേ പറഞ്ഞത്..? നിന്റെ ഭാര്യക്ക് പ്രത്യേകിച്ച് ജോലിയും കൂലിയും ഒന്നുമില്ലല്ലോ.. അഥവാ ഉണ്ടായിരുന്നെങ്കിൽ അവൾ നിൽക്കുന്നതിൽ ഇവിടെ ആർക്കും എതിർപ്പില്ല.. ഇതിപ്പോ നിന്റെ ചെലവിൽ തിന്നും കുടിച്ചും കഴിയാൻ ഒരാൾ കൂടി.. അത് മാത്രമാണോ.. അതിന്റെ പഠിപ്പും നോക്കണമല്ലോ.. “

വല്യമ്മ പറഞ്ഞതൊക്കെ കേട്ട് അമ്മുവിന് ആകെ വല്ലാതായി..

ആ സമയത്തു തന്നെയാണ് അമ്മയും അവിടേക്ക് വന്നത്..

” വല്യമ്മ ഒന്ന് നിർത്തിക്കെ… ഇത് എന്തൊക്കെയാ ഈ പറയുന്നത്..? “

അവൻ ദേഷ്യത്തോടെ ചോദിച്ചു.

” ചേച്ചി ചോദിച്ചതിൽ എന്താടാ തെറ്റ്..? ഇത് ഒരുമാതിരി ധർമ കല്യാണം പോലെ ഒരു കല്യാണം നടന്നു.. അതാണെലോ.. പെണ്ണിനെ മാത്രമല്ല.. ഇനി പെണ്ണിന്റെ അനിയത്തിക്ക് കൂടെ ചെലവിന് കൊടുക്കണം. ഇതൊക്കെ നാട്ടിൽ നടക്കുന്നതാണോ..? അല്ലേൽ പിന്നെ നിന്റെ ഭാര്യയോട് വല്ല ജോലിക്കും പോകാൻ പറയ്…”

അമ്മ കത്തിക്കയറുന്നുണ്ടായിരുന്നു.. അത് കേട്ടപ്പോൾ മണി മൗനം പാലിച്ചു.. കുറച്ചു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ സംസാരിച്ചു തുടങ്ങി..

” എന്റെ ഭാര്യയെ ജോലിക്ക് വിടുന്ന കാര്യം തീരുമാനിക്കുന്നതിനു മുൻപ് എനിക്ക് മറ്റൊരു കാര്യം അറിയണം.. നാളെ മുതൽ നിങ്ങളിൽ ആരാ ജോലിക്ക് പോകുന്നത്..? “

അവൻ ചോദിച്ചപ്പോൾ അമ്മയും വല്യമ്മയും പരസ്പരം നോക്കി..

” എന്ത് തോന്നിവാസമാടാ നീ ചോദിക്കുന്നത്..? പ്രായമായ ഞങ്ങളെ ജോലിക്ക് വിട്ടിട്ടു വേണോ നിനക്ക് ഇനി സമ്പാദിക്കാൻ..? “

അമ്മ ദേഷ്യപ്പെട്ടു.

” നിങ്ങളെ ജോലിക്ക് വിട്ടിട്ട് സമ്പാദിക്കാൻ ഉള്ള കൊതി കൊണ്ടൊന്നുമല്ല.. അമ്മ നേരത്തെ പറഞ്ഞില്ലേ അനുവിനെ നോക്കണമെങ്കിൽ അമ്മു ജോലിക്ക് പോകണമെന്ന്.. അങ്ങനെ നോക്കിയാൽ വർഷങ്ങൾ ആയി വല്യമ്മ ഇവിടെ ആണ് താമസം.. എന്റെ അച്ഛൻ ആയിരുന്നു വലിയമ്മയുടെ കാര്യങ്ങൾ കൂടെ നോക്കിയിരുന്നത്.. അത് കഴിഞ്ഞപ്പോ ഞാൻ.. അല്ലാതെ അമ്മ പോയി കൊണ്ട് വരുന്ന പണം കൊണ്ടല്ലല്ലോ വല്യമ്മയെ നോക്കിയത്..? അത് പോലെ വല്യമ്മയോട്… ഈ വീട്ടിൽ അമ്മു വലിഞ്ഞു കയറി വന്നതല്ല.. ഞാൻ താലി കെട്ടി കൊണ്ട് വന്നതാണ്.. ഇവിടെ എല്ലാ വിധ അധികാരങ്ങളും അവകാശങ്ങളും അവൾക്കുണ്ട്.. കാരണം ഇത് എന്റെ വീടാണ്.. പിന്നെ അനു.. അവൾ എനിക്കൊരു ഭാരമല്ല.. എന്റെ സ്വന്തം അനിയത്തി ആണ്.. അവൾക്ക് വേണ്ടി പണം ചെലവാക്കാൻ എനിക്ക് മടിയില്ല.. വല്യമ്മയ്ക്ക് വേണ്ടി ഓരോന്ന് ചെയ്യുമ്പോൾ എനിക്ക് എത്ര സന്തോഷം ഉണ്ടോ.. അത്രയും തന്നെ ഉണ്ട് അനുവിന്റെ കാര്യത്തിലും.. അതുകൊണ്ട് ഇനിയെങ്കിലും അവരെ കുത്തി നോവിക്കുന്ന വർത്തമാനം പറയാതെ സ്വന്തം മക്കളായി ചേർത്ത് പിടിക്ക്.. വല്യമ്മക്ക് സ്വന്തം എന്ന് പറയാൻ ആരുമില്ലാത്തതല്ലേ..? അവരെ സ്വന്തം ആയി കണ്ടൂടെ..? “

മണി ചോദിച്ചു കഴിഞ്ഞപ്പോൾ വല്യമ്മ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു.. അമ്മയ്ക്കും കുറ്റബോധം തോന്നി..

” വല്യമ്മയോട് ക്ഷമിക്ക് മോളെ.. ഓരോ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞതാ… “

അമ്മുവിനെ ചേർത്ത് പിടിച്ചു കൊണ്ട് വല്യമ്മ പറയുമ്പോൾ ഈശ്വരനോട് അവൾ നന്ദി പറഞ്ഞു..