നിനക്ക് അങ്ങനെ സംശയം തോന്നിയെങ്കിൽ ചിലപ്പോൾ അങ്ങനെ തന്നെയായിരിക്കും…

_upscale

രചന : അപ്പു

::::::::::::::::::::::::::::

” ഞാൻ പറയുന്നത് എന്താണെന്ന് കണ്ണേട്ടന് മനസ്സിലാവുന്നുണ്ടോ…? എന്നെക്കൊണ്ട് ഇനിയും നമ്മുടെ ജീവിതം കളഞ്ഞു ഇവിടെ ഇങ്ങനെ നിൽക്കാൻ പറ്റില്ല. ജീവിതം എന്താണെന്ന് നമ്മൾ അറിഞ്ഞു തുടങ്ങുന്നതിനു മുൻപാണ് നമ്മൾ രണ്ടാളും പിരിഞ്ഞു നിൽക്കാൻ തുടങ്ങിയത്.. ഇപ്പോഴും അത് തുടരുന്നു.. ഇനിയും എനിക്ക് പറ്റില്ല.. “

അവൾ പറഞ്ഞത് കേട്ടപ്പോൾ അവൻ അവളെ നോക്കി.

” ഒന്നിച്ചു നിൽക്കണം എന്ന് എനിക്ക് ആഗ്രഹം ഇല്ലെന്നാണോ നീ കരുതിയിരിക്കുന്നത്..? നിന്നെക്കാൾ കൂടുതൽ അത് ആഗ്രഹിക്കുന്നത് ഞാനാണ്..അതെന്താ നിനക്ക് മനസ്സിലാവാത്തത്..? പക്ഷെ, നമ്മുടെ സാഹചര്യം നമ്മളെ അതിന് അനുവദിക്കുന്നില്ലല്ലോ.. “

അതും പറഞ്ഞു കൊണ്ട് അവൻ ഒന്ന് നെടുവീർപ്പിട്ടു.

” ഹ്മ്മ്.. എല്ലാ സാഹചര്യവും ഒത്തിണങ്ങി വരുമ്പോഴേക്കും ബാക്കിയുള്ളോരുടെ ജീവിതം തീർന്നിട്ടുണ്ടാവും.. “

അവൾ പരാതിപ്പെട്ടു.

” ഞാൻ എന്ത് ചെയ്യണം എന്നാണ് നീ പറഞ്ഞു വരുന്നത്..? “

ഗത്യന്തരം ഇല്ലാതെ അവൻ അന്വേഷിച്ചു. അതോടെ അവളുടെ മുഖം തെളിഞ്ഞു..

” നമുക്ക്.. അമ്മയെ… അമ്മയെ ഏതെങ്കിലും വൃദ്ധ സദനത്തിൽ ആക്കിയാലോ..? അതാകുമ്പോൾ മാസം നമ്മൾ ഒരു എമൗണ്ട് കൊടുത്താൽ മതിയല്ലോ.. “

അവൾ നിസാരമായി പറഞ്ഞത് കേട്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു..

” എന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയാൻ നിന്നെക്കൊണ്ട് എങ്ങനെ സാധിക്കുന്നു രാജീ…നീ സംസാരിക്കുന്നത് എന്റെ അമ്മയെ കുറിച്ചാണ്… അത് മറക്കരുത്.. “

അവൻ പറഞ്ഞത് അവൾക്ക് തീരെ ഇഷ്ടമായില്ലെന്ന് ആ മുഖ ഭാവത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു..

“നിങ്ങളുടെ അമ്മ തന്നെയാണ്.. എനിക്ക് അതിൽ തർക്കം ഒന്നുമില്ല. പക്ഷേ നമ്മുടെ ജീവിതത്തിനും ഭാവിക്കും നല്ലതെന്ന് തോന്നുന്ന ഒരു കാര്യമാണ് ഞാൻ പറഞ്ഞത്..”

അവൾ മുഖം വീർപ്പിച്ചു.

അവളോട് മറുപടിയൊന്നും പറയാതെ അവൻ തിരിഞ്ഞു നടന്നു.

” അല്ലെങ്കിലും അത് അങ്ങനെയാണല്ലോ.. ഞാൻ എപ്പോഴെങ്കിലും ഈ കാര്യത്തിനെ കുറിച്ച് സംസാരിച്ചാൽ അപ്പോൾ തന്നെ മറുപടിയില്ലാതെ തിരിഞ്ഞു നടക്കും.. പിന്നീട് ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ വരില്ലല്ലോ.. ഇത്തവണ പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല… “

അവൻ പോയ വഴിയെ നോക്കി അവൾ പിറുപിറുത്തു.

മുറിയിലേക്ക് തന്നെ അവൻ തളർച്ചയോടെ ബെഡിലേക്ക് വീണു. അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നതു മുഴുവൻ അമ്മയുടെ നല്ല കാലമായിരുന്നു..

തനിക്ക് ഓർമ്മ വയ്ക്കുന്ന കാലം മുതൽ അമ്മ എപ്പോഴും ചിരിച്ചു മാത്രമേ കണ്ടിട്ടുള്ളൂ. അമ്മയുടെ കണ്ണുകൾ നിറയാൻ അച്ഛൻ അനുവദിച്ചിട്ടില്ല എന്ന് തന്നെ പറയാം.

ശരിക്കും പറഞ്ഞാൽ അമ്മയും അച്ഛനും തമ്മിലുള്ള ആ ബോണ്ടിംഗ് തനിക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. അമ്മയുടെ കണ്ണ് നിറഞ്ഞാൽ മറ്റാരെക്കാളും ദേഷ്യവും സങ്കടവും അച്ഛനാണ്.

ഒരിക്കൽ അമ്മയോട് കളിയായി താൻ ചോദിച്ചിട്ടുണ്ട് അച്ഛന്റെ മോളാണോ അമ്മയെന്ന്… ആ സമയത്ത് അമ്മ പുഞ്ചിരിച്ചു..

” നിനക്ക് അങ്ങനെ സംശയം തോന്നിയെങ്കിൽ ചിലപ്പോൾ അങ്ങനെ തന്നെയായിരിക്കും… “

അമ്മ കളിയായി പറഞ്ഞു.അത് കേട്ടപ്പോൾ താൻ മുഖം വീർപ്പിച്ചു..

” എടാ കല്യാണം കഴിയുമ്പോൾ ഞങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് നിനക്ക് മനസ്സിലാവും.. പരസ്പരം സ്നേഹവും വിശ്വാസവും ഉള്ളയിടങ്ങളിൽ ഇങ്ങനെയൊക്കെ തന്നെയാണ്.. അച്ഛൻ എന്നെ നോക്കുന്നത് എങ്ങനെയാണെന്ന് നിനക്കറിയില്ലേ..? എന്റെ കണ്ണ് നിറയുന്നതു പോലും അച്ഛൻ സഹിക്കില്ല.. നീ ഒരു വിവാഹം കഴിച്ചു കഴിയുമ്പോൾ നിന്റെ പെണ്ണിനെയും അങ്ങനെ വേണം നോക്കാൻ.. “

അമ്മ അന്ന് അങ്ങനെ പറഞ്ഞു പഠിപ്പിച്ചത് കുടുംബത്ത് പെൺകുട്ടികളുടെ കണ്ണുനീർ വീഴരുത് എന്ന് അമ്മയ്ക്ക് നിർബന്ധമുള്ളതു കൊണ്ടായിരുന്നു.

അമ്മ പഠിപ്പിച്ചത് ഒക്കെയും അതുപോലെ അനുകരിച്ചിരുന്ന താൻ ഈ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരു പ്രകൃതമായിരുന്നിട്ടു കൂടി അവളുടെ സന്തോഷങ്ങൾക്കും അവളുടെ ഇഷ്ടങ്ങൾക്കുമാണ് പ്രാധാന്യം കൊടുത്തത്.

പലപ്പോഴും അംഗീകരിക്കാൻ കഴിയാത്തതാണെങ്കിലും അവളുടെ ഇഷ്ടങ്ങൾക്ക് കൂട്ടു നിൽക്കുമ്പോൾ അമ്മയാണ് സമാധാനിപ്പിച്ചിരുന്നത്.

വിവാഹം കഴിഞ്ഞതോടെ ചെലവുകൾ വർദ്ധിച്ചു. പുതിയൊരു വീട് എന്നൊരു സ്വപ്നം കൂടി ഉള്ളിൽ ഉടലെടുത്തപ്പോൾ വിദേശരാജ്യത്തേക്ക് ജോലി തേടി പോവുക എന്നല്ലാതെ മറ്റൊരു മാർഗവും ഉള്ളിലുണ്ടായിരുന്നില്ല.

അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു വിദേശത്തേക്ക് ചേക്കേറുമ്പോൾ അവരെ അവൾ നന്നായി ശ്രദ്ധിക്കും എന്നൊരു വിശ്വാസമായിരുന്നു ഉള്ളിൽ ഉണ്ടായിരുന്നത്.

അവിടെ എത്തിക്കഴിഞ്ഞ് എല്ലാ ദിവസവും വീട്ടിലേക്ക് ഫോൺ ചെയ്യാറുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും അവളോടും ഒക്കെ പ്രത്യേകം പ്രത്യേകം തന്നെ സംസാരിക്കാറുണ്ട്.

ആദ്യമൊക്കെ അവൾക്ക് അതിൽ പ്രശ്നമുണ്ടായിരുന്നില്ല എങ്കിലും, പിന്നീട് അച്ഛനോടും അമ്മയോടും സംസാരിക്കുന്നതിന്റെ പേരിൽ അവൾ ഓരോന്നു പറഞ്ഞ് മുഷിയാൻ തുടങ്ങി.

തന്നെ വല്ലാത്തൊരു മാനസിക സമ്മർദ്ദത്തിൽ കൊണ്ടുവന്നു നിർത്താൻ ആ ഒരു സംസാരം തന്നെ മതിയായിരുന്നു.

” ഞാൻ ഒരു വിവാഹം കഴിച്ചു എന്ന് കരുതി എന്റെ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ ഒന്നും എനിക്ക് പറ്റില്ല. എന്നെ ഇത്രയും കാലം നോക്കി വളർത്തിയത് അവരാണ്. അവരുടെ സുഖവിവരങ്ങൾ അന്വേഷിക്കാനും അവർക്ക് വേണ്ടുന്നതൊക്കെ ചെയ്തുകൊടുക്കാനും ഉള്ള കടമ എനിക്കുണ്ട്. ഇതിന്റെ പേരിൽ നീ എന്തൊക്കെ പ്രശ്നമുണ്ടാക്കിയാലും അവരെ ഞാൻ വിളിക്കുക തന്നെ ചെയ്യും. “

അവളോട് ദേഷ്യത്തോടെ അന്ന് സംസാരിച്ചത് അങ്ങനെയെങ്കിലും അവൾക്ക് ഒരു ബോധോദയം ഉണ്ടാകട്ടെ എന്ന് കരുതിയിട്ടായിരുന്നു.പക്ഷേ അതെന്റെ വെറും വ്യാമോഹമാണെന്ന് മനസ്സിലായത് പിന്നീട് വീട്ടിൽ ഉണ്ടായ ഓരോ സംഭവങ്ങളിൽ നിന്നാണ്.

അച്ഛനെയും അമ്മയുടെയും മൊബൈൽ ഫോണുകൾ ഞാൻ വിളിക്കുന്ന സമയം ആകുമ്പോഴേക്കും അവൾ എടുത്ത് സ്വിച്ച് ഓഫ് ചെയ്തു വയ്ക്കും.. അവളുടെ ഫോണിൽ അമ്മയോടും അച്ഛനോടും സംസാരിക്കാൻ എന്ന് കരുതിയാൽ അതിനും അവൾ അവസരം തരില്ല.

അഥവാ എങ്ങനെയെങ്കിലും ഒക്കെ പറഞ്ഞു ഫോൺ അമ്മയുടെയോ അച്ഛന്റെയോ കയ്യിൽ എത്തിയാൽ ഒന്നോ രണ്ടോ വാക്ക് പറയുമ്പോഴേക്കും അവൾ ഫോൺ വാങ്ങി മുറിയിലേക്ക് പോയിരിക്കും.

ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങളൊക്കെയും അമ്മയ്ക്കും അച്ഛനും മനസ്സിലായി എന്നറിയാൻ അച്ഛന്റെ ഒരു ഫോൺകോൾ തന്നെ ധാരാളമായിരുന്നു.

” നിങ്ങൾക്കിടയിൽ ഇപ്പോൾ സ്വര ചേർച്ച ഇല്ലായ്മ കൂടുതലാണെന്ന് അച്ഛനറിയാം. അതിനുള്ള കാരണം ഞങ്ങൾ ആണെന്ന് ആലോചിക്കുമ്പോൾ ഞങ്ങൾക്ക് സങ്കടം ഉണ്ട് താനും. ഞങ്ങളുടെ പേരും പറഞ്ഞ് നിങ്ങൾ തമ്മിലടിക്കരുത്. എല്ലാദിവസവും ഞങ്ങളെ വിളിക്കണമെന്ന് ഒന്നുമില്ല. എല്ലാദിവസവും അവളെ വിളിച്ചു സംസാരിക്കണം. നീ കൂടെ ഇല്ലാത്തതിന്റെതായ എല്ലാ പ്രശ്നങ്ങളും ആ പെൺകുട്ടിക്ക് ഉണ്ടായിരിക്കും. ആ കൂട്ടത്തിൽ നിനക്ക് കിട്ടുന്ന കുറച്ചു സമയം ഞങ്ങളോട് കൂടി സംസാരിക്കണം എന്ന് പറഞ്ഞാൽ അവൾക്ക് ചിലപ്പോൾ അംഗീകരിക്കാൻ കഴിയുന്നുണ്ടാവില്ല. അതൊക്കെ മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് ഞങ്ങൾ ആണല്ലോ.. വല്ലപ്പോഴും അച്ഛനെയും അമ്മയെയും കൂടി ഒന്ന് ഓർത്താൽ മതി… “

സത്യം പറഞ്ഞാൽ അച്ഛന്റെ അന്നത്തെ സംസാരം തന്നെ വല്ലാതെ ദുഃഖത്തിലാഴ്ത്തി. പിന്നീടുള്ള ഓരോ ദിവസവും അച്ഛന്റെയും അമ്മയുടെയും ഉപദേശം പോലെ അവൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കാൻ കണ്ടെത്തിയിരുന്നു.

എന്നിട്ടും അവളുടെ പരാതികൾക്കൊന്നും യാതൊരു അവസാനവും ഉണ്ടായിരുന്നില്ല.

അതിനിടയിലാണ് പെട്ടെന്നൊരു ദിവസം അച്ഛൻ കുഴഞ്ഞു വീഴുന്നത്. ആ വീഴ്ചയിൽ പിന്നീട് അധികനാളൊന്നും അച്ഛൻ കിടന്നില്ല. അച്ഛൻ മരണപ്പെട്ടതോടെ അമ്മ വീട്ടിൽ തനിച്ചായി.

അച്ഛന്റെ കർമ്മങ്ങൾക്ക് വേണ്ടി താൻ നാട്ടിലേക്ക് വന്നപ്പോൾ തന്നോട് ഒപ്പം അവളെയും കൂടി കൊണ്ടു പോകണം എന്ന് അവൾക്ക് വല്ലാത്ത വാശിയായിരുന്നു.ഇപ്പോഴും അതിന്റെ പേരിൽ തന്നെയാണ് സംസാരം നടക്കുന്നത്.

പക്ഷേ അമ്മയെ തനിച്ചാക്കി താൻ എങ്ങനെയാണ് അവളെയും കൊണ്ട് സ്വന്തം ജീവിതം നോക്കി പോവുക..?

അത് വല്ലാത്തൊരു ചോദ്യമായി ഉള്ളിൽ ഉയർന്നു തുടങ്ങിയിരുന്നു.

” അമ്മയെ എന്തായാലും ഇവിടെ തനിച്ചു നിർത്താൻ പറ്റില്ല. അങ്ങനെയാണെങ്കിൽ നമുക്ക് എല്ലാവർക്കും കൂടി അവിടേക്ക് പോയാലോ..?”

പിറ്റേന്ന് രാവിലെ ഒരു ഉപായം പോലെ അവളോട് ചോദിച്ചപ്പോൾ അവളുടെ മുഖം വീണ്ടും വീർത്തു.

” നിങ്ങളുടെ അമ്മയുടെ അടുത്ത് നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടു പോകാൻ വേണ്ടിയിട്ടാണ് നിങ്ങളുടെ അടുത്തേക്ക് വരണമെന്ന് ഞാൻ പറയുന്നത്. അപ്പോൾ ആ പോക്കിൽ അമ്മയെയും കൂടി കൊണ്ടുപോകാൻ ആണെങ്കിൽ പിന്നെ എനിക്ക് ഇവിടെയെങ്ങാനും നിന്നാൽ പോരെ..?”

അവൾ ചോദിച്ചപ്പോൾ അവന് വല്ലാതെ സങ്കടം വന്നു.

എങ്ങനെയെങ്കിലും തന്റെ അമ്മയെ ഒഴിവാക്കണം എന്നൊരു ചിന്ത മാത്രമാണ് അവൾക്കുള്ളത്. തന്റെ അമ്മയെ ശ്രദ്ധിക്കാൻ അവൾക്ക് കഴിയില്ല എന്ന് അവൾ പറയാതെ പറഞ്ഞു കഴിഞ്ഞു.

പക്ഷേ അമ്മയില്ലാതെ തനിക്ക് എന്ത് ജീവിതം..?

ഈ കാര്യത്തിൽ ഒരു തീരുമാനവും ആവാതെ തന്നെ അവൻ ഒരു ദിവസം അവളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി. അവളുടെ ആങ്ങള വിദേശത്താണ് ജോലി ചെയ്യുന്നത്.

ഏട്ടത്തി അമ്മയാണെങ്കിൽ നാട്ടിലുണ്ട്. അവർ അമ്മയും മകളും മാത്രമാണ് വീട്ടിലുള്ളത്.. അവിടേക്ക് ഒരു ദിവസം പോകണം എന്ന് അവൾ ആഗ്രഹം പറഞ്ഞതു കൊണ്ടാണ് അങ്ങോട്ടേക്ക് പോയത്.

” രാജി വന്ന സ്ഥിതിക്ക് നിന്നോട് കൂടി പറയാം.. രാജേഷേട്ടന് ഈ അടുത്ത് ഒന്നും നാട്ടിലേക്ക് വന്നു സെറ്റിൽ ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ഞാനും കൂടി അങ്ങോട്ടേക്ക് പോയാലോ എന്നാണ് ആലോചിക്കുന്നത്. അവിടെയാകുമ്പോൾ എനിക്കും നല്ലൊരു ജോലിക്ക് ശ്രമിക്കാമല്ലോ. ഞങ്ങൾ രണ്ടാളും കൂടി ജോലി ചെയ്താൽ ഇവിടെ വരുത്തി വച്ചിരിക്കുന്ന ബാധ്യതകൾ ഒക്കെ പെട്ടെന്ന് ഒതുക്കാനും കഴിയും.. “

വിശേഷങ്ങൾ ഒക്കെ ചോദിച്ചും പറഞ്ഞു വന്നതിനുശേഷം രാജിയുടെ നാത്തൂൻ അവളോട് പറഞ്ഞു.

” ഏട്ടത്തി ഇതെന്തു വർത്തമാനമാണ് പറയുന്നത്..? ഏട്ടത്തി കൂടി പോയാൽ പിന്നെ അമ്മ ഇവിടെ തനിച്ചാവില്ലേ..? അമ്മയെ അങ്ങനെ തനിച്ചു നിർത്താൻ ഒന്നും പറ്റില്ല. ഏട്ടത്തിക്ക് ജോലിക്ക് പോകാൻ ആണെങ്കിൽ ഇവിടെയും പോകാമല്ലോ.. “

അവൾ പറഞ്ഞത് കേട്ട് കണ്ണൻ ഉള്ളിൽ ചിരിച്ചു.

“അതെന്താ രാജി അങ്ങനെ..? ഞാൻ എന്റെ ഭർത്താവിന്റെ അടുത്തേക്ക് പോകുന്നതിന് നീ ഇത്രയും വേദനിക്കേണ്ട കാര്യം എന്താ..? അമ്മ കിടപ്പു രോഗി ഒന്നുമല്ലല്ലോ.. സ്വന്തം കാര്യങ്ങൾ നോക്കാനുള്ള ആരോഗ്യമൊക്കെ അമ്മയ്ക്ക് ഉണ്ട്. പിന്നെ അമ്മ തനിച്ചായി പോകും എന്ന് പേടിച്ചിട്ടാണെങ്കിൽ നമുക്ക് അമ്മയെ ഏതെങ്കിലും വൃദ്ധസദനത്തിൽ ആക്കാം. അതാകുമ്പോൾ നമ്മൾ മാസ മാസം ചെറിയൊരു തുക കൊടുത്താൽ മതിയല്ലോ. പിന്നെ വല്ലപ്പോഴും ഒന്ന് വിളിച്ച് അന്വേഷിക്കണം എന്ന് മാത്രം..”

ലാഘവത്തോടെ രാജിയുടെ നാത്തൂൻ പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.

” അങ്ങനെ എന്റെ അമ്മയെ ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ടു വന്നു ആക്കാൻ ഞാൻ സമ്മതിക്കില്ല..”

അവൾ പറഞ്ഞത് കേട്ട് കണ്ണൻ പൊട്ടി ചിരിച്ചു.

” എന്റെ അമ്മയെ നിനക്ക് വൃദ്ധസദനത്തിൽ ആക്കാമെങ്കിൽ നിന്റെ അമ്മയെയും കൊണ്ട് ചെന്ന് ആക്കാം.. “

കണ്ണൻ പറഞ്ഞപ്പോൾ അവൾ വിളറി വെളുത്തു.

” നിന്റെ ഏട്ടത്തി അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ നിനക്ക് പൊള്ളി അല്ലേ..? ഇവിടെ നിങ്ങൾ രണ്ടു മക്കൾ ഉണ്ട് അമ്മയ്ക്ക്.. ഒരാൾ നോക്കിയില്ലെങ്കിൽ മറ്റൊരാൾ നോക്കും എന്നൊരു വിശ്വാസമാണ്. പക്ഷേ എന്റെ അമ്മയെ സംബന്ധിച്ച് ഞാൻ ഒരാൾ മാത്രമാണ് അമ്മയ്ക്ക് മകനായുള്ളത്.ഞാൻ ഇല്ലാത്ത സാഹചര്യങ്ങളിൽ എന്റെ അമ്മയെ നന്നായി നോക്കേണ്ടത് നിന്റെ കടമയല്ലേ..? അതിനുപകരം എന്നോടൊപ്പം വന്നു നിൽക്കാനായി അമ്മയെയും വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കും എന്നു പറയുന്നത് ക്രൂ ര തയല്ലേ..? ഏട്ടത്തി നിന്റെ അമ്മയെ അങ്ങനെ ചെയ്യും എന്നു പറഞ്ഞപ്പോൾ നിനക്ക് വേദനിച്ചില്ലേ..? അതേ വേദന തന്നെയല്ലേ എനിക്കും ഉണ്ടായത്..? “

കണ്ണൻ ചോദിച്ചപ്പോൾ കുറ്റബോധം കൊണ്ട് അവളുടെ തല താഴ്ന്നു.

” എന്നോട് ക്ഷമിക്ക് കണ്ണേട്ടാ..”

കണ്ണീരോടെ അവൾ പറഞ്ഞപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു.

” ഒരുമിച്ച് നിൽക്കാൻ പറ്റാത്തതിന്റെ വിഷമം ഒക്കെ എനിക്ക് മനസ്സിലാവും രാജി.. എത്രയും വേഗം അതിനുള്ള ഒരു ഉപായം ഞാൻ കണ്ടു പിടിക്കും.. ഇപ്പോൾ നമുക്ക് യാതൊരു അല്ലലും ഇല്ലാതെ ജീവിക്കാൻ പറ്റുന്ന ഒരു സാഹചര്യമുണ്ട്. കുറച്ചുനാൾ കൂടി വിദേശത്ത് ജോലി ചെയ്തതിനുശേഷം നമുക്ക് നാട്ടിൽ തന്നെ എന്തെങ്കിലും നോക്കാം.. “

അവൻ പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ അവനോട് ചേർന്നു. അപ്പോഴും തന്റെ അമ്മയുടെ കാര്യം ഓർത്ത് അവൾക്ക് വല്ലാതെ വേദന തോന്നുന്നുണ്ടായിരുന്നു.

” അമ്മയെ ഓർത്ത് നീ ടെൻഷൻ അടിക്കുകയും ഒന്നും വേണ്ട.അവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ കണ്ണൻ വിളിച്ചു പറഞ്ഞപ്പോൾ അമ്മയാണ് എനിക്ക് ഇങ്ങനെ ഒരു വഴി പറഞ്ഞു തന്നത്.എന്റെ അമ്മയെ തനിച്ചാക്കി ഞാൻ എവിടേക്കും പോകില്ല. അമ്മ എന്നെ ഓടിച്ചു വിട്ടാലും ഞാൻ പോവില്ല.. “

അവിടേക്ക് വന്നു കൊണ്ട് രാജിയുടെ അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് രാജിയുടെ നാത്തൂൻ പറഞ്ഞപ്പോൾ അവളും ചിരിച്ചു പോയി…!