രചന : അപ്പു
:::::::::::::::::::::::::
” അതേയ്… ഇത്തവണ അവൻ ലീവിന് വരുമ്പോൾ അവന്റെ കല്യാണ കാര്യത്തിൽ തീരുമാനം ഉണ്ടാക്കണം.. “
ഒരു ദിവസം വൈകുന്നേരം ദുബൈയിൽ ജോലിയുള്ള മകൻ ലീവിന് നാട്ടിലേക്ക് വരുന്നുണ്ട് എന്ന് അറിയിച്ചതിനെ തുടർന്ന് അമ്മ സരോജം അച്ഛൻ നാരായണനോട് ആവശ്യപ്പെട്ടു. അത് കേട്ട് അയാൾ ഗൗരവപൂർണമായി ഒന്ന് മൂളി..
അതിന്റെ അർത്ഥം എന്താണെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നു.
എന്തായാലും കാത്തു കാത്തിരുന്നു അവൻ നാട്ടിലെത്തി. വീട്ടിൽ സന്തോഷത്തിന്റെ ദിവസങ്ങൾ…
വർഷങ്ങൾക്ക് ശേഷം അവനെ കണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു.. അവനെ ചേർത്ത് പിടിച്ചു അവർ സന്തോഷം പ്രകടിപ്പിച്ചു.. അപ്പോഴും അച്ഛനും ഗൗരവം തന്നെ ആയിരുന്നു.
അച്ഛൻ എപ്പോഴും അങ്ങനെ ആയതു കൊണ്ട് തന്നെ അവനു അതൊരു പ്രശ്നമായി തോന്നിയില്ല..
അവൻ നാട്ടിലെത്തി ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവനു വേണ്ടി പെണ്ണ് അന്വേഷിക്കുന്നു എന്ന് അമ്മ പറഞ്ഞു അവൻ അറിയുന്നത്.. അത് അവനു വല്ലാത്തൊരു ഷോക്ക് ആയിരുന്നു.
ഒരു വിവാഹം എന്നതിനെ കുറിച്ച് ആ സമയത്തു അവൻ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല.. അമ്മയോട് അവൻ എതിർത്തു നിന്നെങ്കിലും അച്ഛന്റെ തീരുമാനം ആണ് എന്നുള്ള അമ്മയുടെ മറുപടിയിൽ അവൻ വായടച്ചു..
” ഒരു കല്യാണം കൂടി കഴിഞ്ഞാലേ നിനക്ക് ഉത്തരവാദിത്വം ഉണ്ടാകൂ. ഒരു കുടുംബം നോക്കുന്നതിന്റെ ബുദ്ധിമുട്ട് നീയും അറിയണം.. “
അച്ഛന്റെ വാക്കുകൾ ആയിരുന്നു അവിടെ അവസാനത്തേത്. അച്ഛന്റെ വാക്കിനെ മറുത്ത് പറയാൻ കഴിയാത്തതു കൊണ്ട് തന്നെ അവരുടെ നിർബന്ധത്തിനു വഴങ്ങി പിന്നീട് വിവാഹാലോചനകളുടെ പെരുമഴയായിരുന്നു.
പല ബ്രോക്കർമാർ വഴി പലതരത്തിലുള്ള വിവാഹാലോചനകളും വന്നെങ്കിലും എല്ലാവരെയും പോയി കാണാൻ ഒന്നും കഴിയില്ല എന്ന് ആദ്യം തന്നെ അവൻ പറഞ്ഞിരുന്നു.
” ഇങ്ങനെ വരുന്ന കല്യാണ ആലോചനകൾക്കു മുഴുവൻ പെണ്ണിന്റെ വീട്ടിലേക്ക് പോകാൻ നിന്നാൽ എന്റെ അവധി ദിവസങ്ങൾ മുഴുവൻ എനിക്ക് അതിനു മാത്രമേ സമയം കിട്ടൂ. ഏതെങ്കിലും ഒരു നല്ല ബന്ധം നോക്കി അവിടേക്ക് പോയി പെണ്ണിനെ കാണാം എന്നല്ലാതെ എല്ലാ വീട്ടിലും കയറിയിറങ്ങാൻ ഒന്നും എനിക്ക് പറ്റില്ല.. “
മകന്റെ ആ വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് തോന്നിയതു കൊണ്ടാകണം അമ്മയും അച്ഛനും അതിനു സമ്മതം മൂളി. എല്ലാം കൊണ്ടും ഒത്തിണങ്ങിയ ഒരു ബന്ധം കണ്ടു കിട്ടാൻ പിന്നെയും ദിവസങ്ങൾ എടുത്തു.
പക്ഷേ അവിടെ പോയി പെണ്ണിനെ കണ്ടു കഴിഞ്ഞപ്പോൾ മകന് ആ പെണ്ണിനെ ഇഷ്ടമായില്ല. അവൻ വീട്ടിൽ വന്നപ്പോൾ അച്ഛനോട് അത് തുറന്നു പറയുകയും ചെയ്തു.
“നിനക്കെന്താ ആ കൊച്ചിനെ ഇഷ്ടപ്പെടാത്തത്..? കാണാൻ മുഖ ഐശ്വര്യമുള്ള നല്ലൊരു പെൺകുട്ടിയാണല്ലോ അത്..”
അച്ഛൻ പറഞ്ഞപ്പോൾ അവൻ ദയനീയമായി അമ്മയെ നോക്കി.
“ആ കുട്ടിക്ക് സൗന്ദര്യം കുറവാണ് എന്നല്ല ഞാൻ പറഞ്ഞത്.പക്ഷേ ആ കുട്ടി നമ്മളുമായി ചേർന്നു പോകില്ല എന്നൊരു തോന്നൽ..”
അവൻ മടിച്ചു മടിച്ചു മറുപടി പറഞ്ഞു.
“അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാണ്.കണ്ടാൽ തന്നെ അറിയാം നല്ലൊരു പെൺകുട്ടിയാണെന്ന്. നീ വിവാഹം കഴിക്കാതിരിക്കാൻ വേണ്ടി വെറുതെ ഓരോ മുട്ടപോക്കു ന്യായം പറയേണ്ട. ഞാൻ എന്തായാലും വാക്ക് കൊടുത്തിട്ടുണ്ട്. എന്റെ മരുമകളായി അവൾ മാത്രം മതി..”
അച്ഛൻ പറഞ്ഞപ്പോൾ അവന് ദേഷ്യമോ സങ്കടമോ ഒക്കെ തോന്നുന്നുണ്ടായിരുന്നു.
തന്റെ വിവാഹ കാര്യത്തിൽ പോലും തനിക്ക് വ്യക്തമായി ഒരു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഈ വീട്ടിൽ ഇല്ലല്ലോ എന്ന് അവൻ പരിതപിച്ചു. പക്ഷേ അച്ഛന്റെ മുഖത്തു നോക്കി അത് പറയാനുള്ള ധൈര്യം അവന് ആ സമയത്തും ഉണ്ടായിരുന്നില്ല..
അച്ഛന്റെ തീരുമാനപ്രകാരം തന്നെയായിരുന്നു പിന്നീട് ഉള്ള കാര്യങ്ങളൊക്കെ. വിവാഹം വളരെ പെട്ടെന്ന് നടത്തണം എന്നുള്ളത് കൊണ്ട് തന്നെ നിശ്ചയം പോലും നടത്താതെയാണ് നേരിട്ട് വിവാഹം നടത്തിയത്.
അതിനിടയിൽ പെണ്ണിനെ കാണാനും സംസാരിക്കാനും ഒന്നും ഉള്ള അവസരങ്ങൾ അവനു കിട്ടിയിരുന്നില്ല. ഒരിക്കൽ അവൻ അതിനെക്കുറിച്ച് അമ്മയോട് സംസാരിക്കുകയും ചെയ്തു.
” അമ്മേ എന്റെ കാര്യങ്ങൾ ഒന്നും ആ കുട്ടിയോട് ഞാൻ ഇതുവരെ തുറന്നു സംസാരിച്ചിട്ടില്ല. ആ കുട്ടിയെ സംബന്ധിക്കുന്ന കാര്യങ്ങൾ ഒന്നും എനിക്കും അറിയില്ല. ഇതൊന്നും ചോദിക്കാതെയും പറയാതെയും എങ്ങനെയാണ് പെട്ടെന്ന് ഒരു ദാമ്പത്യ ബന്ധത്തിലേക്ക് കടക്കുന്നത്..? “
പക്ഷേ അവന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് അച്ഛനായിരുന്നു.
“പണ്ട് ഞങ്ങളുടെയൊക്കെ കാലത്തും കാര്യങ്ങൾ ഇങ്ങനെ തന്നെയായിരുന്നു. എന്റെയും ഇവളുടെയും വിവാഹം കഴിഞ്ഞിട്ട് 35 വർഷമായി. ഞങ്ങൾ ഇപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നില്ലേ..? പണ്ടുള്ളവരുടെ കാര്യങ്ങളൊക്കെ ഇങ്ങനെ തന്നെയായിരുന്നു. ഇവിടെ ഇനി പുതിയ പരിഷ്കാരങ്ങൾ ഒന്നും കൊണ്ടുവരാൻ നിൽക്കണ്ട..”
അച്ഛൻ വാശി പിടിച്ചതോടെ അവന് കൂടുതൽ ഒന്നും പറയാനില്ലാതായി. വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്നൊരു തീരുമാനമായിരുന്നു അവനു ഉണ്ടായിരുന്നത്.
ആളും ആരവവും ആയി വിവാഹം കഴിഞ്ഞു. തന്റെ മകന്റെ വിവാഹം നാട്ടിൽ എല്ലാവരും കൊട്ടിഘോഷിക്കേണ്ടതാണ് എന്നൊരു ആഗ്രഹമായിരുന്നു നാരായണന്റേത്.. ആ പേരും പറഞ്ഞ് വിവാഹത്തിനു വേണ്ടി അയാൾ ലക്ഷങ്ങൾ ആണ് ചിലവാക്കിയത്.
വിവാഹം കഴിഞ്ഞ് ഒരു വീട്ടിൽ ഒരു മുറിയിലാണ് താമസമെങ്കിലും മനുവിനും അവന്റെ ഭാര്യ ആരതിക്കും പരസ്പരം മനസ്സിലാക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. ആരതിക്ക് അവനോട് പലതും സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും അതിനുള്ള അവസരങ്ങൾ പലപ്പോഴും നിഷേധിക്കപ്പെട്ടു.
അവളുടെ കഴുത്തിൽ ഒരു താലികെട്ടി എന്നല്ലാതെ അവർ തമ്മിൽ മാനസികമായ ഒരു അടുപ്പം പോലും ഉണ്ടായിരുന്നില്ല.
അവന്റെ ലീവ് കഴിഞ്ഞ് അവൻ മടങ്ങി പോകാറായപ്പോഴാണ് പരസ്പരം ഒന്നു സംസാരിക്കാൻ എങ്കിലും തുടങ്ങിയത്. അപ്പോഴും അവൾ തന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു പിടിക്കുന്നു എന്നൊരു തോന്നൽ മനുവിന് ഉണ്ടായിരുന്നു.
അച്ഛന്റെയും അമ്മയുടെയും അടുത്ത് അവളെ ഏൽപ്പിച്ചുകൊണ്ട് അവൻ വിദേശത്തേക്ക് മടങ്ങി. ആ സമയം പുതു മോഡിയിലുള്ള ഭാര്യയെ പിരിയുന്നതിന്റെ വിഷമം മനുവിലോ ഭർത്താവിനെ പിരിയുന്ന വിഷമം ആരതിയിലോ ഉണ്ടായിരുന്നില്ല.
എങ്കിലും മനുവിന്റെ ഉള്ളിന്റെയുള്ളിൽ അവൾ സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു.
അവിടെ എത്തിക്കഴിഞ്ഞിട്ടും എല്ലാദിവസവും ആരതിയെ ഫോണിൽ വിളിക്കാറുണ്ടെങ്കിലും അവൾ മുക്കിയും മൂളിയും ഓരോ വാക്കും മിണ്ടും എന്നല്ലാതെ അവനോട് സന്തോഷത്തോടെ സംസാരിക്കാറു പോലുമുണ്ടായിരുന്നില്ല.
ആദ്യമൊക്കെ തന്നോട് സംസാരിക്കാനുള്ള മടി കൊണ്ടായിരിക്കും എന്ന് തോന്നിയെങ്കിലും ദിവസങ്ങൾ കടന്നുപോയിട്ടും അവളുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും കാണാതെ ആയതോടെ അവൾക്ക് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ഓർത്ത് അവനു വല്ലാത്ത ആദി തോന്നി.
ഒരിക്കൽ വീട്ടിൽ വിളിച്ചപ്പോൾ അവൻ അമ്മയോട് അതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
” ആ കുട്ടി ഇവിടെയും ആരോടും ഒന്നും സംസാരിച്ചു കാണാറില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് കാണാം. അല്ലെങ്കിൽ മുറിയടച്ച് മുറിയിൽ ആയിരിക്കും. ചിലപ്പോൾ അതിന്റെ പ്രകൃതം അങ്ങനെയായിരിക്കും.. “
അമ്മ പറഞ്ഞപ്പോൾ അത് ശരിയായിരിക്കും എന്ന് മനുവിനും തോന്നി. ചിലപ്പോൾ തീരെ സംസാരിക്കാത്ത പ്രകൃതത്തിലുള്ള കുട്ടി ആയിരിക്കണം..
പക്ഷേ പെട്ടെന്നൊരു ദിവസം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള ഒരു വാർത്തയായിരുന്നു മനുവിനെ തേടിയെത്തിയത്..
മനുവിന്റെ തറവാട്ടിലേക്ക് ഒരു സുപ്രഭാതത്തിൽ ഒരു ചെറുപ്പക്കാരൻ ഒരു കൈ കുഞ്ഞിനെയും കൊണ്ട് കയറി വന്നു. അതാരാണെന്നറിയാതെ അവന്റെ അച്ഛനും അമ്മയും അന്തംവിട്ടു.
” ആരതി എന്റെ ഭാര്യയാണ്. എന്റെ കയ്യിലുള്ളത് ഞങ്ങളുടെ കുഞ്ഞാ.. എന്റെ കുഞ്ഞിന്റെ അമ്മയെ എനിക്ക് വിട്ടു തരണം.. “
അവന്റെ ആവശ്യം അതായിരുന്നു.
നാരായണൻ അവനോട് കുറേയേറെ ദേഷ്യപ്പെട്ടു. എന്തൊക്കെ സംഭവിച്ചിട്ടും അവന്റെ തീരുമാനത്തിൽ വ്യത്യാസം ഒന്നുമുണ്ടായിരുന്നില്ല.
ഉമ്മറത്തെ ബഹളങ്ങൾ കേട്ട് അവിടേക്ക് വന്ന ആരതി മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെയും കുഞ്ഞിനെയും കണ്ടതോടെ മറ്റൊന്നും ചിന്തിക്കാതെ കുഞ്ഞിനെ വാരിയെടുത്തു.
“അമ്മയുടെ പൊന്നേ… മോളെ കാണാതെ അമ്മ എത്ര വിഷമിച്ചു എന്ന് അറിയാമോ..?”
കുഞ്ഞിനെ ചേർത്ത് പിടിച്ച് മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ അവൾ അങ്ങനെയായിരുന്നു പറഞ്ഞത്.
അത് കണ്ട് സരോജവും നാരായണനും തകർന്നു പോയി.
“ഇവിടെ എന്ത് തോന്നിവാസങ്ങളാണ് നടക്കുന്നത്..? എന്റെ മകൻ താലികെട്ടി കൊണ്ടുവന്ന നിനക്ക് മറ്റൊരു ഭർത്താവും കുഞ്ഞും ഉണ്ടെന്നാണോ പറയുന്നത്..?”
ദേഷ്യത്തോടെ നാരായണൻ ചോദിച്ചപ്പോൾ അവൾ തലകുനിച്ചു. പിന്നെ പതിയെ ഓരോന്ന് പറയാൻ തുടങ്ങി.
“അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. ഞാൻ പഠിക്കുന്ന സമയം മുതൽ ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു. ബാംഗ്ലൂരിൽ ഒന്നിച്ച് പഠിക്കുന്ന സമയത്ത് ഞങ്ങൾ ലിവിങ് ടുഗെതർ റിലേഷനിലും ആയിരുന്നു. പിന്നീട് അവിടെ ജോലി കിട്ടി അവിടെ തന്നെയായിരുന്നു ഞങ്ങൾ. അതിനിടയിലാണ് മോളുടെ ജനനം. വീട്ടിൽ ഈ കാര്യങ്ങൾ ഒന്നുമറിയാത്തതു കൊണ്ട് തന്നെ എല്ലാം തുറന്നു പറയാം എന്ന് കരുതിയാണ് ഇത്തവണ നാട്ടിൽ വന്നത്. പക്ഷേ അച്ഛന്റെ ഭീഷണിയും അമ്മയുടെ കണ്ണുനീരും ഒക്കെ കൊണ്ട് ഞാൻ നിശബ്ദയായി പോയി. എന്റെ കുഞ്ഞിനെയും എന്റെ പാതിയെയും മറന്നുകൊണ്ട് മനുവിന്റെ താലി സ്വീകരിക്കേണ്ടി വന്നു. പക്ഷേ അവനോടും നീതി പുലർത്താൻ എനിക്ക് കഴിയില്ല എന്നെനിക്കറിയാമായിരുന്നു. കാര്യങ്ങളെല്ലാം അവനോട് തുറന്നുപറയാം എന്ന് കരുതുമ്പോഴേക്കും അച്ഛന്റെയും അമ്മയുടെയും ഭീഷണി ഓർമ്മ വരും.. ഇനിയും എനിക്ക് ഇങ്ങനെ ഇഞ്ചിഞ്ചായി ആയി നീറി നീറി കഴിയാൻ പറ്റില്ല എന്ന് തോന്നിയപ്പോഴാണ് ഞാൻ ഇദ്ദേഹത്തെ വിളിച്ച് ഇവിടേക്ക് വരാൻ പറഞ്ഞത്. ദയവു ചെയ്തു എന്നെ എന്റെ കുഞ്ഞിനോട് ഒപ്പം വിടാനുള്ള മനസ്സ് കാണിക്കണം..”
അവൾ പറഞ്ഞപ്പോൾ ആരുടെ ഭാഗത്ത് നിൽക്കണമെന്നോ ഏതാണ് ശരിയെന്നോ പോലും നാരായണനോ സരോജത്തിനോ അറിയില്ലായിരുന്നു…
അവരുടെ മറുപടിക്ക് കാത്തുനിൽക്കാതെ അപ്പോഴേക്കും അവൾ അവരോടൊപ്പം നടന്നിരുന്നു…!
വിവരങ്ങളൊക്കെയും അറിഞ്ഞു കഴിഞ്ഞപ്പോൾ മനുവിന് വല്ലാത്തൊരു തളർച്ചയായിരുന്നു. ഇതിൽ ആരെ കുറ്റപ്പെടുത്തണമെന്നോ ആരുടെ ഭാഗത്തു നിൽക്കണമെന്നോ പോലും അവനു അറിയില്ലായിരുന്നു.
മനുവുമായുള്ള ഡിവോഴ്സിന്റെ നടപടിക്രമങ്ങൾ പെട്ടെന്ന് തന്നെ പൂർത്തിയാക്കി. കോടതി ഡിവോഴ്സ് അനുവദിക്കുന്ന ദിവസമാണ് പിന്നീട് മനുവും ആരതിയും നേരിട്ട് കാണുന്നത്.
” എന്റെ ഭാഗത്തും തെറ്റുണ്ട്. പലപ്പോഴും താൻ ഒഴിഞ്ഞുമാറുന്നത് കണ്ടപ്പോഴെങ്കിലും തന്നോട് ഞാൻ അന്വേഷിക്കേണ്ടതായിരുന്നു എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്. എന്തായാലും താൻ നന്നായി ജീവിക്ക്..”
അത്രയും പറഞ്ഞുകൊണ്ട് മനു നടന്ന അകലുമ്പോൾ ആരതിക്ക് ചെറിയ ഒരു കുറ്റബോധം തോന്നി.
അതിനെക്കാൾ ഏറെ വേദനയായിരുന്നു നാരായണനു… തന്റെ നിർബന്ധം കൊണ്ട് മാത്രമാണ് ആ പെൺകുട്ടി ഈ വീട്ടിലേക്ക് കയറി വന്നത് എന്ന് നാരായണൻ അറിയാം. പെണ്ണുകാണൽ ദിവസം തന്നെ അവൾക്ക് എന്തോ പ്രശ്നമുണ്ട് എന്ന് മകൻ പറഞ്ഞത്. എന്നിട്ടും തന്റെ വാശിയാണ് ഇന്ന് മകന്റെ ജീവിതം ഇത്തരത്തിൽ ആവാൻ കാരണം എന്ന് ഓർക്കുതോറും അയാൾ കുറ്റബോധം കൊണ്ട് നീറുന്നുണ്ടായിരുന്നു…!!