എങ്കിലും തന്റെ ചെയ്തിക്ക് ഇങ്ങനെയല്ലാതെ ഒരു മറുപടി ഉണ്ടാവില്ല എന്നും അവൾക്കറിയാമായിരുന്നു…

_upscale

രചന : അപ്പു

::::::::::::::::::::::::

” വേണുവേട്ടാ…എനിക്കൊരു കാര്യം പറയാനുണ്ട്.. “

അവൾ പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് നോക്കി..

” എന്താ…? “

ഗൗരവത്തോടെ അവൻ അന്വേഷിച്ചു.

” ഞാൻ പറയുന്നതൊക്കെ വേണുവേട്ടൻ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല.. പക്ഷെ… എനിക്ക് പറഞ്ഞെ മതിയാകൂ.. ഞാൻ… ഞാൻ വേണുവേട്ടനെ… വഞ്ചിച്ചു.. “

അവൾ പറഞ്ഞത് കേട്ടപ്പോൾ അയാളുടെ നെഞ്ചിൽ വെള്ളിടി വെട്ടി. ഞെട്ടലോടെ അയാൾ അവളെ നോക്കി. അവൾ അയാളെ നോക്കാതെ കണ്ണുകൾ താഴ്ത്തി നിൽക്കുകയായിരുന്നു..

” എന്താ.. എന്താ നീ പറഞ്ഞത്…? “

അയാൾ ഞെട്ടലോടെ ചോദിച്ചു.

” സത്യമാണ്.. “

അത്രയും പറഞ്ഞു കൊണ്ട് അവർ മൗനം പാലിച്ചു..

അയാൾ തളർച്ചയോടെ കസേരയിലേക്ക് ഇരുന്നു.. പിന്നെ ദയനീയമായി അവരെ നോക്കി.

“എന്തൊക്കെയാ കലേ നീ പറയുന്നത്..? നീ എന്നെ എങ്ങനെ വഞ്ചിച്ചു എന്നാണ്..?”

താൻ ചിന്തിക്കുന്നത് പോലെ ആകരുത് അവൾ പറയുന്നത് എന്ന് മനസ്സു കൊണ്ട് ആഗ്രഹിച്ചു കൊണ്ട് അയാൾ അവളോട് ചോദിച്ചു. അപ്പോഴും അവളുടെ കുനിഞ്ഞ ശിരസ്സും അയാളോട് പറയുന്നുണ്ടായിരുന്നു അയാൾ ചിന്തിക്കുന്നത് തന്നെയാണ് അവർക്ക് പറയാനുള്ളത് എന്ന്.

“ഒരു പെണ്ണിന് മനസ്സുകൊണ്ടും ശരീരം കൊണ്ടും എങ്ങനെയാണോ ഭർത്താവിനെ വഞ്ചിക്കാൻ കഴിയുക ആ രീതിയിൽ തന്നെയാണ് ഞാനും വേണുവേട്ടനെ…”

കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവൾ പറഞ്ഞത് കേട്ട് അയാൾക്ക് വല്ലാത്തൊരു തളർച്ച തോന്നി.

പ്രേതത്തെ കണ്ടതു പോലെ അയാൾ വിളറി വെളുത്തു.അപ്പോഴും അവർ അയാളുടെ മുഖത്ത് നോക്കിയില്ല.

“നിനക്ക്.. നീ വെറുതെ എന്നെ പറ്റിക്കാൻ വേണ്ടി…”

അവരുടെ മുഖഭാവങ്ങളിൽ നിന്നും സത്യം അതുതന്നെയാണ് എന്ന് അയാൾക്ക് ബോധ്യപ്പെട്ടിട്ടും വെറുതെ ഒരു സമാധാനത്തിനു വേണ്ടി അയാൾ ചോദിച്ചു.

” അല്ല വേണുവേട്ടാ… ഇനിയെങ്കിലും നിങ്ങളോട് ഞാൻ ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ നിങ്ങളെ ഞാൻ വീണ്ടും വീണ്ടും പറ്റിക്കുകയാണ് എന്ന കുറ്റബോധം ഉള്ളിലിരുന്ന് എന്നെ കാർന്നു തിന്നും. ഞാൻ പറയുന്നതൊക്കെ കേട്ടിട്ട് വേണുവേട്ടനു എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം.”

ഉറച്ച ശബ്ദത്തോടെ അവർ പറയുമ്പോൾ അവരെ കേൾക്കാൻ തയ്യാറെടുക്കുകയായിരുന്നു അയാളും.

” എന്റെ ഇഷ്ടമോ സമ്മതമോ ഇല്ലാതെ നടന്ന വിവാഹമാണ് ഇത് എന്ന് വേണുവേട്ടന് അറിയാമല്ലോ.. “

അവൾ ആമുഖം പോലെ ചോദിച്ചത് കേട്ട് അയാൾ തലയാട്ടി.

അയാളും അവരും തമ്മിൽ 12 വയസ്സോളം പ്രായവ്യത്യാസമുണ്ട്. അതുകൊണ്ടു തന്നെ അവർക്ക് ആദ്യകാലങ്ങളിൽ അയാളെ അംഗീകരിക്കാൻ തീരെ കഴിയില്ലായിരുന്നു.

അവളുടെ വീട്ടിൽ അവൾ ഉൾപ്പെടെ നാലു പെൺകുട്ടികൾ ആയിരുന്നു. അച്ഛനാണെങ്കിൽ ഒരു കൂലിപ്പണിക്കാരൻ. അമ്മയ്ക്ക് ആണെങ്കിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ജോലിക്ക് പോകാൻ ഒന്നും പറ്റില്ല. അമ്മയുടെ ചികിത്സയ്ക്ക് തന്നെ ഒരുപാട് പണം ആവശ്യമായിരുന്നു.

അതിനിടയിൽ മൂത്ത ഒരു പെൺകുട്ടി ഉണ്ടായിരുന്നതിന്റെ വിവാഹം എങ്ങനെയൊക്കെയോ കഴിഞ്ഞു. രണ്ടാമത്തെ പെൺകുട്ടിയായിരുന്നു അവൾ. അവളുടെ വിവാഹം ആഡംബരപൂർവ്വം നടത്തി വിടാനുള്ള ഗതി ഒന്നും അച്ഛന് ഉണ്ടായിരുന്നില്ല.

എങ്കിലും തന്റെയും ഭാര്യയുടെയും ആയുസ്സൊടുക്കുന്നതിനു മുൻപ് മക്കൾ നാലാളും സുരക്ഷിതമായ കൈകളിൽ ആണ് എന്ന് ഒരു ഉറപ്പ് അച്ഛനും അമ്മയ്ക്കും വേണമായിരുന്നു.

അങ്ങനെയിരിക്കയാണ് വേണുവിന്റെ ആലോചന അവരെ തേടി ചെല്ലുന്നത്.

വേണു ഒരു പ്രവാസിയായിരുന്നു. മിക്കവാറും പ്രവാസികളുടെ ജീവിതത്തിൽ നടക്കുന്നതു പോലെ തന്നെ കുടുംബത്തിനും സഹോദരങ്ങൾക്കും ഒക്കെ വേണ്ടി ജീവിച്ചു കഴിഞ്ഞ് അവസാനം അയാൾക്ക് വേണ്ടി ജീവിക്കാൻ അയാൾ മറന്നു പോയിരുന്നു.

പ്രായം കടന്നു പോകുന്നത് കൊണ്ട് തന്നെ ഇനി ഒരു വിവാഹമോ ജീവിതമോ ഒന്നും തനിക്ക് വേണ്ട എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്ന സമയത്താണ് അമ്മ ആത്മഹത്യാ ഭീഷണി മുഴക്കി അയാളെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചത്.

പലയിടങ്ങളിലും പെണ്ണു തേടി അലഞ്ഞെങ്കിലും പ്രായം കൂടുതലാണ് എന്നൊരു കാരണം പറഞ്ഞുകൊണ്ട് വിവാഹം നടന്നില്ല. ആ ഇടയ്ക്കാണ് കലയുടെ ആലോചന വരുന്നത്.

പ്രായ വ്യത്യാസം ഇത്രയും ഉണ്ട് എന്നറിഞ്ഞപ്പോൾ തന്നെ അത് നടക്കാൻ പോകുന്നില്ല എന്നൊരു തോന്നൽ വേണുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. എങ്കിലും പെണ്ണിന്റെ വീട്ടുകാർക്ക് താല്പര്യമാണ് എന്ന് പറഞ്ഞപ്പോൾ ഒന്ന് ചെന്ന് കാണാമെന്ന് വേണുവും തീരുമാനിച്ചു.

അങ്ങനെയാണ് കലയെ കാണാൻ ചെല്ലുന്നത്. അവളെ കണ്ട മാത്രയിൽ തന്നെ അയാൾക്ക് ഇഷ്ടമാവുകയും ചെയ്തു. പെണ്ണിനും കുടുംബത്തിനും എന്തായാലും തന്നെ ഇഷ്ടപ്പെടില്ല എന്നൊരു തോന്നലിൽ നിന്ന് അയാളെ മോചിപ്പിച്ചത് വിവാഹം എത്രയും പെട്ടെന്ന് വേണം എന്നുള്ള അവളുടെ അച്ഛന്റെ സംസാരമാണ്.

അവിശ്വസനീയമായി തോന്നിയെങ്കിലും ആ വീട്ടിലെ അവസ്ഥകളെക്കുറിച്ച് അറിയാവുന്നതു കൊണ്ട് ഒരുപക്ഷേ അതാകും തങ്ങളുടെ വിവാഹത്തിന് കാരണമെന്ന് അവന് തോന്നി. എന്നും അവൾക്കും കുടുംബത്തിനും ഒരു താങ്ങും തണലുമാകാം എന്ന ഉറപ്പു കൊടുത്തു കൊണ്ടാണ് വേണു അവളെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.

വിവാഹം കഴിഞ്ഞ നാൾമുതൽ അവളുടെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും മാത്രമാണ് അയാൾ പ്രാധാന്യം കൊടുത്തത്. അവൾക്ക് പഠിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു എന്ന് എപ്പോഴോ അവളുടെ അനിയത്തിമാർ പറഞ്ഞതാണ് അയാൾ അറിഞ്ഞത്.

അതോടെ അവൾക്ക് തുടർന്നു പഠിക്കാനുള്ള സൗകര്യങ്ങൾ അയാൾ ചെയ്തു കൊടുത്തു. ആ ഒരു സംഭവത്തോടെ അയാളോട് ഉണ്ടായിരുന്ന അവളുടെ നീരസങ്ങൾ ഒക്കെ മാറുകയും ചെയ്തു.

പിന്നീട് സന്തോഷപൂർണ്ണമായ ദാമ്പത്യം തന്നെയായിരുന്നു അവരുടേത്. അവളുടെ ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഒരു കുട്ടിയെ കുറിച്ച് ചിന്തിച്ചാൽ മതി എന്ന് കരുതിയിരുന്ന വേണുവിനെ ഞെട്ടിച്ചു കൊണ്ടാണ് ഒരു ദിവസം പ്രഗ്നൻസി ടെസ്റ്റ് കാർഡിൽ തെളിഞ്ഞ രണ്ടു വരകൾ അവൾ വേണുവിനെ കാണിക്കുന്നത്.

അവളുടെ ഭാവിക്ക് അത് ദോഷം ചെയ്യുമോ എന്നൊരു തോന്നലിനോടൊപ്പം താൻ ഒരു അച്ഛനാകുന്നു എന്നൊരു സന്തോഷം കൂടി അയാളുടെ ഉള്ളിൽ ഉണ്ടായിരുന്നു. എങ്കിലും അവളുടെ തീരുമാനത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യാമെന്ന് അയാൾ അവൾക്ക് ഉറപ്പു കൊടുത്തു.

അയാളുടെ മനസ്സറിഞ്ഞത് പോലെ തന്നെയാണ് കുഞ്ഞിനെ എനിക്ക് വേണം എന്ന് അവൾ പറഞ്ഞത്. അവളുടെ ഗർഭകാലം മുഴുവൻ അവളെ ഒരു കുഞ്ഞിനെ പോലെ അയാൾ പരിചരിച്ചു. എല്ലാദിവസവും അവളെ ക്ലാസിലേക്ക് കൊണ്ടാക്കുകയും വിളിച്ചുകൊണ്ടു വരികയും ചെയ്തിരുന്നത് അയാൾ ആയിരുന്നു.

സന്തോഷപൂർണ്ണമായ ദിവസങ്ങൾക്കിടയിൽ അവൾ ഒരു മാലാഖ കുഞ്ഞിന് ജന്മം കൊടുത്തു. അവളെയും കുഞ്ഞിനെയും താഴത്തും തലയിലും വയ്ക്കാതെയാണ് അയാൾ നോക്കിയത്.

കുഞ്ഞ് സ്കൂളിൽ പോകാൻ തുടങ്ങിയതോടെ അവളും ഒരു ജോലിക്ക് ശ്രമിച്ചു തുടങ്ങി. പിഎസ്‌സി ടെസ്റ്റുകൾ ഒക്കെ എഴുതി അവൾക്ക് ആറു മാസങ്ങൾക്കു മുമ്പാണ് ഒരു ജോലി കിട്ടിയത്..

അവൾ ജോലിക്ക് പോയി തുടങ്ങിയത് അയാൾക്കും ഒരു ആശ്വാസം തന്നെയായിരുന്നു. കുറച്ചുനാളുകളായി ഭാര്യ തന്നിൽ നിന്ന് അകന്നു പോകുന്നു എന്നൊരു തോന്നൽ അയാൾക്ക് ഉണ്ടായിരുന്നെങ്കിലും അവളുടെ ജോലിയുടെ തിരക്കുകളും വീട്ടിലെ കാര്യങ്ങളും ഒക്കെ കൊണ്ട് അവൾക്ക് സമയം തികയുന്നുണ്ടാവില്ല എന്നൊരു തോന്നൽ ആയിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്.

അതിനിടയിലാണ് അവളുടെ ഇങ്ങനെയൊരു വെളിപ്പെടുത്തൽ.

” എന്റെ ഓഫീസിൽ എന്നോടൊപ്പം ജോലി ചെയ്യുന്നതാണ് സുമേഷ്. ആദ്യമൊക്കെ അയാൾ സംസാരിക്കാൻ വരുമ്പോൾ എനിക്ക് അയാളോട് വല്ലാത്ത ദേഷ്യം ആയിരുന്നു. വിവാഹം കഴിഞ്ഞ് പെൺകുട്ടികളെ വലയിലാക്കാൻ പലരും ശ്രമിക്കുമല്ലോ.. അത്തരത്തിൽ ഒരുത്തൻ ആയിട്ടാണ് എനിക്കും അവനെ തോന്നിയത്. പക്ഷേ അവൻ എന്നെ ആത്മാർത്ഥമായിട്ടാണ് സ്നേഹിക്കുന്നത് എന്ന് പല ആവർത്തി അവൻ എന്നോട് പറഞ്ഞു. അവന്റെ സ്നേഹത്തോടെയുള്ള ഇടപെടലും എന്നോടുള്ള കേറിങ്ങും ഓക്കേ എപ്പോഴും ഒരു നിമിഷത്തിൽ അവനിലേക്ക് ചായാൻ എന്റെ മനസ്സിനെ പ്രേരിപ്പിച്ചു. പിന്നീട് ഞാൻ കണ്ടെത്താൻ ശ്രമിച്ചതും മുഴുവൻ വേണുവേട്ടന്റെ കുറ്റങ്ങൾ ആയിരുന്നു. എന്റെ പ്രായത്തിന് തകന്ന എന്റെ സൗന്ദര്യത്തിനോട് ചേർന്നുനിൽക്കുന്ന ഒരാളാണ് സുമേഷ് എന്ന് എനിക്ക് തോന്നി തുടങ്ങിയപ്പോൾ മുതൽ ഞാൻ വേണുവേട്ടനെ എന്നിൽ നിന്ന് അകറ്റി തുടങ്ങി. മനസ്സുകൊണ്ട് ഞങ്ങൾ അടുത്തത് പോലെ ശരീരം കൊണ്ടും ഞങ്ങൾ അടുക്കാൻ പിന്നീട് അധികം താമസം വേണ്ടി വന്നില്ല.. ഈ വീട്ടിൽ വച്ച് പോലും ഞങ്ങൾ തമ്മിൽ… “

അവൾ അത് പറഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് അയാളുടെ മുഖത്തേക്ക് പോലും നോക്കിയില്ല.വെറുപ്പോടെ അയാൾ മുഖം തിരിച്ചു.

” വേണുവേട്ടൻ എന്നോട് ക്ഷമിക്കണം.. പറ്റിപ്പോയി.. നമ്മുടെ മോളെ ഓർത്തെങ്കിലും…”

കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൾ കരഞ്ഞു കൊണ്ട് അയാളോട് ക്ഷമ യാചിച്ചു.

” ഞാൻ എന്തിന്റെ പേരിലാണ് നിന്നോട് ക്ഷമിക്കേണ്ടത്..? നമുക്ക് ഒരു കുഞ്ഞു ഉണ്ടായിപ്പോയതിന്റെ പേരിലാണോ..? അങ്ങനെ ഒരു ക്ഷമ എന്നിൽ നിന്ന് നീ പ്രതീക്ഷിക്കരുത്. നിന്നെപ്പോലൊരു അമ്മയോടൊപ്പം അവൾ വളരുന്നതിനേക്കാൾ എത്രയോ ഭേദമാണ് അമ്മയില്ലാതെ വളരുന്നത്. എന്റെ താലിയും കഴുത്തിൽ കെട്ടി ഈ വീട്ടിൽ കഴിഞ്ഞു കൊണ്ട് തന്നെ എന്നെ വഞ്ചിക്കാൻ നിനക്ക് തോന്നിയല്ലോ.. നിന്റെ സൗന്ദര്യ സങ്കല്പങ്ങൾക്കും നിന്റെ പ്രായത്തിനും ഒന്നും ചേർന്ന ആളല്ല ഞാൻ എന്ന് എനിക്കറിയാം. എന്നിട്ടും നിന്റെ സന്തോഷങ്ങളും ഇഷ്ടങ്ങളും മാത്രം കണക്കിലെടുത്തു കൊണ്ടാണ് ഇത്രയും കാലം ഞാൻ ജീവിച്ചത്. എന്നോടൊപ്പം ഉള്ള നിന്റെ ജീവിതം ഒരിക്കലും ഒരു നഷ്ടമാകരുത് എന്ന് തോന്നിയതുകൊണ്ടാണ് നിന്റെ ഇഷ്ടത്തിന് അനുസരിച്ച് നിന്നെ പഠിപ്പിച്ചതും നിന്നെ ജോലിക്ക് വിട്ടതും ഒക്കെ. അത് പക്ഷേ എന്റെ ജീവിതം തകർക്കുന്ന രീതിയിൽ ആകും എന്ന് ഞാൻ കരുതിയില്ല. ഏതോ ഒരു സിനിമയിൽ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. എന്നെ ഒന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞാൽ തീരുന്ന സങ്കടങ്ങൾ മാത്രമാണ് നിന്റെ ഉള്ളിൽ ഉള്ളതെന്ന്. പക്ഷേ നീ എത്രയൊക്കെ മാപ്പിരന്നാലും ഞാൻ ക്ഷമിക്കില്ല. ഇന്ന് ഇങ്ങനെ എന്നെ വഞ്ചിച്ച നീ നാളെയും ഇതുതന്നെ ആവർത്തിക്കില്ല എന്ന് എന്താണ് ഉറപ്പ്..? ഇനി നിന്നെ ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്ക് ആവശ്യമില്ല. ചിലപ്പോൾ കുറച്ചു നാളുകൾ മോള് പ്രശ്നമുണ്ടാക്കുമായിരിക്കും. പക്ഷേ അവളെ നന്നായി നോക്കാൻ എനിക്ക് കഴിയും എന്നൊരു വിശ്വാസം എനിക്കുണ്ട്. മോളുടെ പേരും പറഞ്ഞ് ഇനിയും എന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങാം എന്ന് നീ കരുതണ്ട.. വെറുപ്പാണ് എനിക്ക് നിന്നെ.. അറപ്പാണ്.. “

ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് കയറി പോകുമ്പോൾ അവൾ തറഞ്ഞു നിൽക്കുകയായിരുന്നു. അവനിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ആയിരുന്നില്ല അവൾ പ്രതീക്ഷിച്ചത്..

എങ്കിലും തന്റെ ചെയ്തിക്ക് ഇങ്ങനെയല്ലാതെ ഒരു മറുപടി ഉണ്ടാവില്ല എന്നും അവൾക്കറിയാമായിരുന്നു…