രചന: അപ്പു
:::::::::::::::::
” എസ്ക്യൂസ് മീ.. ഹേമയല്ലേ..? “
സൂപ്പർമാർകെറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി കഴിഞ്ഞു ക്യൂ നിൽക്കുമ്പോൾ പിന്നിൽ നിന്ന് ആരോ ചോദിച്ചത് കേട്ട് തിരിഞ്ഞു നോക്കി.. നിറഞ്ഞ ചിരിയോടെ ഒരു യുവതി പിന്നിൽ ഉണ്ടായിരുന്നു..
” ഹേമയ്ക്ക് എന്നെ മനസ്സിലായില്ലേ..? “
ഒരു പരിഭവം ആയിരുന്നു ആ വാക്കുകളിൽ..!!
” അത് പിന്നെ… “
അവൾ പരുങ്ങി..
” ഹാ.. എങ്ങനെ അറിയാനാ..? കണ്ടിട്ടും മിണ്ടിയിട്ടും ഒക്കെ വർഷങ്ങൾ ആയില്ലേ..? കല്യാണം കഴിഞ്ഞതിൽ പിന്നെ നീ ഞങ്ങളെ ആരെയും കോൺടാക്ട് ചെയ്തിട്ട് കൂടി ഇല്ലല്ലോ.. “
ഒരു നൂറു പരാതികൾ അവൾക്ക് പറയാൻ ഉണ്ടായിരുന്നു..
” എടി.. ഞാൻ നിമ്മിയാണ്.. “
അവൾ പരിചയപ്പെടുത്തിയപ്പോൾ പത്താം ക്ലാസ്സിലെ രണ്ടാം ബെഞ്ചിൽ ഇരിക്കുന്ന ചുരുണ്ട മുടിയുള്ള പെൺകുട്ടിയെ ഓർമ വന്നു..
അവളുമായി വിദൂര സാമ്യം ഉണ്ടെന്നല്ലാതെ ആ പെൺകുട്ടി ആണ് മുന്നിൽ നിൽക്കുന്നത് എന്ന് ചിന്തിക്കാൻ പോലും ഹേമയ്ക്ക് കഴിയുന്നില്ലായിരുന്നു..
മനസ്സിലായി എന്നുള്ളതിന് തെളിവായി ഹേമയുടെ ചുണ്ടുകൾ പുഞ്ചിരി പൊഴിച്ചു.
” എടി നിനക്ക് എന്താ പറ്റിയത്..? നീ ആളാകെ മാറിപ്പോയല്ലോ..? “
നിമ്മി അതിശയത്തോടെ ചോദിച്ചു.ഹേമ അതിനു മറുപടി പറഞ്ഞില്ല.
ഹേമയുടെ രൂപഭാവങ്ങൾ നിമ്മിയെ ഏറെ ഞെട്ടിച്ചു എന്ന് തന്നെ പറയാം. കാരണം പഠിക്കുന്ന സമയത്ത് ഡ്രസ്സിങ്ങിന്റെ കാര്യത്തിലാണെങ്കിലും മേക്കപ്പിന്റെ കാര്യത്തിൽ ആണെങ്കിലും വളരെയധികം ശ്രദ്ധിച്ചിരുന്ന ഒരാളായിരുന്നു ഹേമ. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ഒരു വീട്ടമ്മയുടെ രൂപഭാവങ്ങൾ മാത്രമാണ് അവളിൽ ഉള്ളത്.
പഠിക്കുന്ന സമയത്ത് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്ന ഒരാളായിരുന്നു ഹേമ എന്ന് നിമ്മി ഓർത്തു. നല്ലൊരു ജോലി വേണം എന്നും നല്ല നിലയിൽ ജീവിക്കണം എന്നുമൊക്കെ ഒരുപാട് പ്രതീക്ഷകൾ അവളിൽ ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോഴുള്ള അവളുടെ രൂപം കണ്ടിട്ട് അവളുടെ സ്വപ്നങ്ങളിലേക്ക് ഒന്നും അവൾ എത്തിപ്പെട്ടിട്ടില്ല എന്ന് തന്നെ തോന്നുന്നു..!!
നിമ്മി അതൊക്കെ ചിന്തിച്ചു നിൽക്കുമ്പോഴും ഹേമ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
“എടീ നീയെന്താ ഇവിടെ..?”
ചിന്തകളിൽ നിന്നും ഉണർന്നു കൊണ്ട് നിമ്മി അവളോട് അന്വേഷിച്ചു.
“സൂപ്പർ മാർക്കറ്റിൽ സാധാരണ എല്ലാവരും എന്തിനാ വരുന്നത്..? “
പതുങ്ങിയ ശബ്ദത്തിൽ അതും പറഞ്ഞുകൊണ്ട് ഹേമ ഒന്ന് ചിരിച്ചു.
രണ്ടാളും കൂടി ബില്ലും കൊടുത്തു കഴിഞ്ഞു സൂപ്പർമാർക്കറ്റിൽ നിന്ന് പുറത്തേക്കിറങ്ങി.
“എന്നാൽ പിന്നെ ഞാൻ പോട്ടെ..”
ഹേമ ചോദിച്ചപ്പോൾ നിമ്മി വല്ലായ്മയോടെ അവളെ നോക്കി.
” ഇത്രയും വർഷങ്ങൾക്ക് ശേഷം ഒരു കൂട്ടുകാരിയെ കണ്ടുമുട്ടുമ്പോൾ ഇങ്ങനെയാണോ ഹേമ..? ഒന്നിച്ച് ഒരു കോഫി എങ്കിലും കുടിക്കാമെടോ.. “
നിമ്മി അത് പറഞ്ഞപ്പോൾ ഹേമയുടെ കണ്ണിൽ വല്ലാത്തൊരു ഭയം നിറയുന്നത് അവൾ ശ്രദ്ധിച്ചു.നിമ്മി അവളെ സൂക്ഷിച്ചു നോക്കി.
“എന്താടോ എന്തെങ്കിലും പ്രശ്നമുണ്ടോ..?”
നിമ്മി അന്വേഷിച്ചു.
“പ്രശ്നം.. ഒരു പ്രശ്നവും ഇല്ലല്ലോ..”
ഹേമ ചിരിക്കാൻ ശ്രമിച്ചു.
” പിന്നെന്താടോ എന്റെ കൂടെ ഒരു കോഫി കുടിക്കാൻ വരാത്തത് ..? “
നിരാശയോടെ നിമ്മി ചോദിച്ചപ്പോൾ ഹേമ ആകെ പെട്ട അവസ്ഥയിലായി. ഇനി യാതൊരു മുടക്കും പറയാനാവില്ല. അവളോടൊപ്പം ചെന്നേ മതിയാകു..!
“ഞാൻ വരാം..”
പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്ന് അറിയില്ലെങ്കിലും ഹേമ അങ്ങനെ വാക്കു കൊടുത്തു. അത് കേട്ടതോടെ സന്തോഷം കൊണ്ട് നിമ്മി ഹേമയെ കെട്ടിപ്പിടിച്ചു.
രണ്ടാളും കൂടി കോഫി ഷോപ്പിലേക്ക് നടക്കുകയും ചെയ്തു.
കോഫിക്ക് ഓർഡർ കൊടുത്തിട്ട് രണ്ടാളും ഒരു മേശയുടെ രണ്ടു വശത്തുമായി ഇരിക്കുമ്പോൾ എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നുള്ളതിനെ കുറിച്ച് രണ്ടുപേർക്കും വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല.
കുറച്ചു നേരത്തെ മൗനം വെടിഞ്ഞുകൊണ്ട് നിമ്മി തന്നെയാണ് സംസാരിച്ചു തുടങ്ങിയത്.
” പിന്നെ, പറയൂ… എന്തൊക്കെയാണ് വിശേഷങ്ങൾ..? നീ ഇപ്പൊ എവിടെയാ വർക്ക് ചെയ്യുന്നത്..? ഹസ്ബൻഡ് ,മക്കൾ ഒക്കെ സുഖമായിരിക്കുന്നോ .?”
നിമ്മി ചോദിച്ചപ്പോൾ ഹേമയുടെ മുഖം ആകെ വല്ലാതായി. മറുപടിയൊന്നും പറയാതെ അവൾ തലകുനിക്കുകയും ചെയ്തു. അതൊക്കെ കണ്ടപ്പോൾ നിമ്മിയുടെ മനസ്സിൽ തന്റെ സംശയങ്ങൾ ഊട്ടിയുറപ്പിക്കപ്പെടുകയായിരുന്നു.
“എന്താ..? നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയതാണ് നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്.. അതെന്താണെങ്കിലും എന്നോട് തുറന്നു പറഞ്ഞുടെ..? പണ്ടും നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ കേൾക്കാൻ ഞാൻ ഉണ്ടായിരുന്നല്ലോ..!”
നിമ്മി അത് പറഞ്ഞു നിർത്തിയപ്പോൾ ഹേമ വിങ്ങി കരഞ്ഞു. ഹേമയുടെ കരച്ചിൽ കൂടിയായതോടെ നിമ്മി ആകെ പരിഭ്രമിച്ചു. അവൾക്ക് കാര്യമായി തന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് തോന്നി.
അവളുടെ കരച്ചിൽ ഒന്നടങ്ങുന്നത് വരെയും കുറച്ച് ഏറെ സമയം നിമ്മി കാത്തിരുന്നു. അപ്പോഴേക്കും അവർ ഓർഡർ ചെയ്ത കോഫി എത്തുകയും ചെയ്തു.
നിമ്മി ഹേമയെ നിർബന്ധിച്ചു വാഷ് റൂമിലേക്ക് പറഞ്ഞയച്ചു. മുഖം കഴുകി അവൾ തിരിച്ചു വരുന്നതുവരെ നിമ്മി കാത്തിരുന്നു.
കോഫി 2 കുടിച്ചതിനു ശേഷം ആണ് നിമ്മി പിന്നീട് സംസാരിച്ചു തുടങ്ങിയത്.
” എന്നോട് പറയാൻ ബുദ്ധിമുട്ടുള്ള സങ്കടങ്ങളാണ് നിനക്കുള്ളതെങ്കിൽ അതൊന്നും പറയണമെന്നില്ല. പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ തീർച്ചയായും തുറന്നു പറയണം. ചിലപ്പോൾ ഈ ഒരു തുറന്നുപറച്ചിൽ കൊണ്ട് നിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കാൻ കഴിഞ്ഞാലോ..? “
നിമ്മി ചോദിച്ചപ്പോൾ ഹേമയ്ക്ക് അത് ശരിയാണെന്ന് തോന്നി. അതുകൊണ്ടുതന്നെ തന്റെ ജീവിതം അവൾക്കു മുന്നിൽ തുറന്നുകാട്ടാൻ ഹേമ തയ്യാറായി.
” നീ നേരത്തെ എന്നോട് ചോദിച്ചില്ലേ ഞാൻ എവിടെയാണ് വർക്ക് ചെയ്യുന്നത് എന്നൊക്കെ.. എന്റെ കുട്ടിക്കാലത്തെ സ്വപ്നത്തെക്കുറിച്ച് അറിയാവുന്നതു കൊണ്ടാണ് നീ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. പക്ഷേ ആ സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ നഷ്ടപ്പെട്ട് ഒരു വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങാൻ വിധിക്കപ്പെട്ട ഒരാളാണ് ഞാൻ.. “
വല്ലാത്തൊരു സങ്കടത്തോടെ അവൾ പറഞ്ഞപ്പോൾ നിമ്മിക്ക് ഒന്നും മനസ്സിലായില്ല. അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം വ്യക്തമായി തുറന്നുപറയാൻ ഹേമ തയ്യാറായി.
“ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ആയിരുന്നു എന്റെ വിവാഹം.നിനക്ക് ഓർമ്മയില്ലേ ഞാൻ നിന്നെ വിവാഹത്തിന് ക്ഷണിച്ചത്..?”
ഹേമ ചോദിച്ചപ്പോൾ നിമ്മി തലയാട്ടി.
” നമ്മുടെ പഴയ സുഹൃത്തുക്കളുടെ ഒരു ഗെറ്റുഗദർ പോലെ ആയിരുന്നല്ലോ ആ വിവാഹം. അന്ന് സത്യം പറഞ്ഞാൽ നിന്നെയും നിന്റെ ഹസ്ബന്റിനെയും കൂടി ഒന്നിച്ചു കണ്ടപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും അസൂയ തോന്നിപ്പോയി. ശരിക്കും പറഞ്ഞാൽ മെയ്ഡ് ഫോർ ഈച്ച് അദർ എന്ന് പറയുന്ന രീതിയിലുള്ള ബന്ധം തന്നെയായിരുന്നു നിങ്ങൾ.. “
നിമ്മി സന്തോഷത്തോടെ പറഞ്ഞപ്പോൾ ഹേമ വിളറിയ ചിരി ചിരിച്ചു.
“കാഴ്ചയിലുള്ള സൗന്ദര്യം അല്ലല്ലോ പ്രധാനം..! കാഴ്ചയിലുള്ള സൗന്ദര്യമൊന്നും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. മനോജേട്ടൻ നല്ലൊരു ഭർത്താവ് തന്നെ ആകും എന്ന് ഞാൻ പ്രതീക്ഷിച്ചു. വിവാഹാലോചന തുടങ്ങിയ സമയത്ത് തന്നെ ഞാൻ പറഞ്ഞതാണ് എനിക്ക് തുടർന്ന് പഠിക്കണം എന്നും നല്ലൊരു ജോലി നേടണം എന്നൊക്കെ. എന്റെ ആ ആഗ്രഹങ്ങൾക്കൊന്നും ഒരിക്കലും എതിരല്ല എന്നു പറഞ്ഞുകൊണ്ടാണ് മനോജേട്ടന്റെ ആലോചന വരുന്നത്. കാണാനുള്ള സൗന്ദര്യവും മനോജേട്ടന്റെ ജോലിയും കുടുംബ പാരമ്പര്യവും ഒക്കെ ആ വിവാഹം ഉറപ്പിക്കാനുള്ള കാരണങ്ങൾ ആയിരുന്നു. വിവാഹം ഉറപ്പിച്ചതിനു ശേഷം പലപ്പോഴും മനോജേട്ടൻ എന്നെ ഫോൺ ചെയ്ത് സംസാരിക്കാറുണ്ട്. അങ്ങനെയുള്ള സംസാരങ്ങളിലൂടെ ഞങ്ങൾ തമ്മിലുള്ള ബന്ധം ഒന്നുകൂടി ബലപ്പെടുകയായിരുന്നു. എന്നെ പൂർണമായും മനസ്സിലാക്കിയ ഒരാളാണ് എന്നുള്ള ധാരണയോടു കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഞാൻ നടന്നു കയറിയത്. പക്ഷേ എല്ലാം വെറുതെ ആയിരുന്നു എന്ന് മനസ്സിലായത് വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് അപ്പുറമായിരുന്നു..”
തന്റെ ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളാണ് ഹേമ പറയാൻ പോകുന്നത് എന്ന് നിമ്മിക്ക് തോന്നി.
“വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞാൻ കോളേജിൽ പോയി തുടങ്ങിയിരുന്നു.അതിനൊന്നും അവിടെ ആർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.അവസാന വർഷമായതുകൊണ്ട് തന്നെ പ്രോജക്റ്റും സെമിനാറും ഒക്കെയായി നല്ല തിരക്കായിരുന്നു.ചില ദിവസങ്ങളിൽ വൈകിയാണ് വീട്ടിലെത്താറ്.ആദ്യമൊക്കെ അതൊരു പ്രശ്നമായിരുന്നില്ല എങ്കിലും പിന്നീട് മനോജേട്ടൻ അതിനെ ചൊല്ലി പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി. ഞാൻ വൈകിയെത്തുന്ന ഓരോ ദിവസവും ശകാരങ്ങളും മാനസികമായി വല്ലാത്ത ബുദ്ധിമുട്ടുകളും ആയിരുന്നു ആ സമയത്ത്.. ഒരിക്കൽ ഒരുപാട് ലേറ്റ് ആയത് കാരണം എന്റെ ഗ്രൂപ്പിൽ ഉള്ള ഒരാളാണ് എന്നെ ഡ്രോപ്പ് ചെയ്തത്. അവൻ എന്നെ വീട്ടിൽ കൊണ്ടുവന്ന് ആകുമ്പോൾ മനോജേട്ടനും കുടുംബാംഗങ്ങളും എല്ലാവരും മുന്നിൽ തന്നെ ഉണ്ടായിരുന്നു. എന്റെ സുഹൃത്താണ് എന്ന് പറഞ്ഞത് മനോജേട്ടൻ വിശ്വസിച്ചില്ല.. പകരം അതെന്റെ കാമുകനാണെന്ന് മനോജേട്ടൻ വരുത്തി തീർത്തു. അന്നത്തെ ആ പ്രശ്നത്തോട് കൂടി കോളേജിൽ പോക്ക് അവസാനിച്ചു. പഠനം എന്നത് എന്റെ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. അധികം വൈകാതെ എന്റെ വയറ്റിൽ ഒരു കുഞ്ഞു വളർന്നു തുടങ്ങി എന്ന് ഞാൻ അറിഞ്ഞു. അത് മനോജേട്ടന്റെ കുഞ്ഞല്ല എന്ന് പറഞ്ഞായിരുന്നു കുറെ നാളുകൾ ബഹളം. പതിയെ പതിയെ അത് കെട്ടടങ്ങി. കുഞ്ഞു ജനിച്ചു അതിന്റെ മുഖം കണ്ടുകഴിഞ്ഞപ്പോഴാണ് മനോജേട്ടന് അത് തന്റെ കുഞ്ഞാണ് എന്ന് ഉറപ്പായത്. ആ സമയത്തൊക്കെ ഞാൻ അനുഭവിച്ച മാനസിക സംഘർഷം നിനക്ക് പറഞ്ഞ് മനസ്സിലാക്കി തരാൻ എന്നെക്കൊണ്ട് കഴിയില്ല.. മൗനമായി വീട്ടുകാർ മുഴുവൻ ഇതിന് കൂട്ടുനിന്നു എന്നുള്ളതാണ് എന്നെ ഏറ്റവും അധികം തളർത്തി കളഞ്ഞത്. പ്രസവത്തിനു വേണ്ടി എന്നെ വീട്ടിലേക്ക് മനോജേട്ടൻ പറഞ്ഞിട്ടില്ല. എന്നെ സംശയം ഉള്ളതുകൊണ്ടാണ് അങ്ങനെ വിടാത്തത് എന്ന് എനിക്കറിയാം. പക്ഷേ എന്റെ വീട്ടുകാർ മുഴുവൻ അത് മരുമകന്റെ സ്നേഹം ആയി കണ്ടു. പ്രസവം കഴിഞ്ഞതിനുശേഷം ഞാൻ മനോജേട്ടന്റെ വീട്ടിൽ തന്നെയായിരുന്നു. സ്വന്തം വീട്ടിലേക്ക് പോയി നിൽക്കാനുള്ള അനുവാദം പോലും അദ്ദേഹം എനിക്ക് തന്നിരുന്നില്ല. അദ്ദേഹത്തിന്റെ വീടിനുള്ളിൽ മാത്രം എനിക്ക് എന്തും ചെയ്യാനുള്ള അനുവാദം ഉണ്ടായിരുന്നു. മണിക്കൂറുകൾ ഇടവിട്ട് എന്റെ ഫോണിലേക്ക് അദ്ദേഹം വിളിക്കും. ഞാൻ വീട്ടിൽ തന്നെ ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണത്. ഇടയ്ക്ക് ഒരു മുന്നറിയിപ്പുമില്ലാതെ വീട്ടിലേക്ക് കയറി വരും. ഞാനാരെങ്കിലും അകത്ത് ഒളിപ്പിച്ചിട്ടുണ്ടോ എന്ന് എല്ലാ മുറികളിലും നടന്ന ചെക്ക് ചെയ്യും. ഇപ്പോൾ ഞാൻ സൂപ്പർമാർക്കറ്റിലേക്ക് വരുന്നത് തന്നെ വീട്ടിൽ ഡ്രൈവർ ഇല്ലാത്തതു കൊണ്ടാണ്.ഡ്രൈവർ ഉണ്ടായിരുന്നെങ്കിൽ എന്നെ ഒരിക്കലും വീടിന് പുറത്തേക്ക് ഇറക്കില്ല.ഇതിപ്പോൾ ഞാൻ വീട്ടിലെത്താൻ വൈകിയതുകൊണ്ട് ഇപ്പോൾ തന്നെ മിക്കവാറും കോൾ വരും.. “
ഹേമ അത് പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുൻപ് തന്നെ അവളുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങിയിരുന്നു.അവൾ വേഗം ഫോൺ അറ്റൻഡ് ചെയ്തു.
” സൂപ്പർ മാർക്കറ്റിൽ തിരക്കായിരുന്നു മനോജ് ചേട്ടാ.. ഇപ്പോൾ സാധനങ്ങളൊക്കെ വാങ്ങി ഇറങ്ങിയപ്പോൾ ചെറിയ തല ചുറ്റൽ പോലെ തോന്നി.. ഒരു കോഫി കുടിക്കാൻ വേണ്ടി കയറിയതാണ്.. ഇപ്പോൾ ഇറങ്ങും.. “
തിടുക്കപ്പെട്ട മറുപടി പറഞ്ഞുകൊണ്ട് അവൾ കോൾ കട്ട് ആക്കി.
” എന്റെ ആവശ്യങ്ങളൊന്നും ഒരു മുടക്കവും വരാതെ സാധിച്ചു തരും. എന്നോട് ഒരുപാട് ഇഷ്ടമാണ് താനും. പക്ഷേ ഇഷ്ടമുണ്ട് എന്ന പേരിൽ ഇങ്ങനെ എല്ലാം സഹിക്കാനാണ് എന്റെ വിധി.. വീട്ടിലേക്ക് മടങ്ങി പോകാൻ പറ്റില്ലല്ലോ.. അവർക്കൊക്കെ മുന്നിൽ മരുമകൻ സ്നേഹനിധിയായ ഒരുവനാണ്..!”
പുച്ഛത്തോടെ അവൾ ഒന്ന് ചിരിച്ചു. പിന്നെ മുന്നിലിരിക്കുന്ന കോഫിയും കുടിച്ചു കൊണ്ട് വേഗത്തിൽ എഴുന്നേറ്റു.
” ഇനി എവിടെയെങ്കിലും വച്ച് എപ്പോഴെങ്കിലും കാണാം.. നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് നീ അറിയുകയാണെങ്കിൽ അതിന് ഉത്തരവാദി ഭർത്താവായിരിക്കും എന്ന് നീയെങ്കിലും അറിഞ്ഞിരിക്കണം… “
അതും പറഞ്ഞുകൊണ്ട് ഹേമ നടന്ന നീങ്ങുമ്പോൾ നിമ്മിക്ക് അവളെ ഓർത്ത് വല്ലാത്ത സഹതാപം തോന്നി.
ഇങ്ങനെ എല്ലാം ഉള്ളിൽ ഒതുക്കി സഹിക്കാൻ വിധിക്കപ്പെട്ട പെണ്ണുങ്ങൾ ഇനിയും ഏതൊക്കെയോ വീടുകളിൽ ഉണ്ട് എന്ന് നിമ്മിക്ക് തോന്നി.