ആ പെൺകുട്ടിയുടെ മുന്നിലിരിക്കാൻ തീരെ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ നിത്യ കുറച്ച് അസ്വസ്ഥതയോടെയാണ് സംസാരിച്ചത്.

രചന : അപ്പു

:::::::::::::::::::::::::

” നിത്യ… “

ഫാൻസി സ്റ്റോറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആരോ വിളിക്കുന്നത് കേട്ട് നിത്യ തിരിഞ്ഞു നോക്കി. അടുത്തേക്ക് വരുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ആകെ ഒരു വല്ലായ്മ തോന്നി.

അവൾ വരുത്തിക്കൂട്ടിയ ഒരു ചിരിയോടെ ആ പെൺകുട്ടിയെ നോക്കി.

“തനിക്ക് എന്നെ മനസ്സിലായില്ലേ..?”

അവളുടെ ചോദ്യം കേട്ടപ്പോൾ നിത്യ സ്വയം പരിഹസിച്ചു.

മനസ്സിലാക്കാതെ തരമില്ലല്ലോ..!

നിത്യ മനസ്സിൽ പറഞ്ഞു.

“താൻ എന്നെ മറന്നു പോയിട്ടില്ല എന്നൊക്കെ എനിക്കറിയാം.കാരണം അതിനുമാത്രമുള്ള സമയമൊന്നും ആയിട്ടില്ലല്ലോ..”

ആ കുട്ടി ചിരിയോടെ തന്നെയാണ് സംസാരിക്കുന്നത്.പക്ഷേ അവളോട് അതേ നിലയ്ക്കുള്ള സൗഹൃദം വച്ചുപുലർത്താൻ തനിക്ക് കഴിയുന്നില്ലല്ലോ എന്ന് നിത്യ ഓർത്തു.

“നിത്യയ്ക്ക് പോയിട്ട് തിരക്കുണ്ടോ..?”

ആ കുട്ടി ചോദിച്ചപ്പോൾ എന്തു പറയണം എന്നറിയാതെ നിത്യ ഒരു നിമിഷം നിന്നു.

” അഥവാ എന്തെങ്കിലും തിരക്കുണ്ടെങ്കിൽ ഇന്ന് കുറച്ചു സമയത്തേക്ക് ആ തിരക്കുകളൊക്കെ ഒന്നു മാറ്റി വയ്ക്കാമോ..? എനിക്ക് തന്നോട് സീരിയസ് ആയി കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.. “

ആ കുട്ടി പറഞ്ഞപ്പോൾ എന്തുകൊണ്ടോ എതിർക്കാൻ തോന്നിയില്ല.സമ്മതം അറിയിച്ചുകൊണ്ട് ആ കുട്ടിയെയും കൂട്ടി അടുത്തുള്ള ഒരു ബേക്കറിയിലേക്ക് കയറുമ്പോൾ തന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ചില കാര്യങ്ങളാണ് ആ കുട്ടിക്ക് പറയാൻ ഉണ്ടാവുക എന്ന് നിത്യ ഒരിക്കലും കരുതിയിരുന്നില്ല..!

” തനിക്ക് എന്താ പറയാനുള്ളത് എന്ന് വെച്ചാൽ പെട്ടെന്ന് പറഞ്ഞാൽ നല്ലതായിരുന്നു.. എനിക്ക് ചില അത്യാവശ്യങ്ങൾ ഉള്ളതാണ്.. “

ആ പെൺകുട്ടിയുടെ മുന്നിലിരിക്കാൻ തീരെ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ നിത്യ കുറച്ച് അസ്വസ്ഥതയോടെയാണ് സംസാരിച്ചത്.

” എടോ സോറി.. ഞാൻ പെട്ടെന്ന് തന്നോട് എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന് ആലോചിച്ചിരുന്നതാണ്. എന്തായാലും നിന്നെ കാണണം എന്ന് ആഗ്രഹിച്ച കാര്യത്തിലേക്ക് കടക്കാം.. “

ആ പെൺകുട്ടി പറയാൻ തുടങ്ങിയപ്പോൾ നിത്യയിൽ ഒരു പുച്ഛമായിരുന്നു. ഇനി എന്തൊക്കെ പറഞ്ഞാലും എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ മാറ്റി എഴുതാൻ കഴിയുമോ എന്നൊരു ഭാവം ആയിരുന്നു നിത്യയുടേത്.

അത് മനസ്സിലാക്കിയത് പോലെ പുഞ്ചിരിച്ചു കൊണ്ടാണ് ആ പെൺകുട്ടി സംസാരിക്കാൻ തുടങ്ങുന്നത്.

“എന്നോട് ദേഷ്യം ഉണ്ടാവുക സ്വാഭാവികമാണ്.കാരണം തന്റെ മനസ്സിൽ ഞാൻ തന്റെ ശത്രുവാണ്. പക്ഷേ ആത്മാർത്ഥമായി തന്നെ ഞാൻ പറയട്ടെ.. തനിക്ക് എന്നോട് ശത്രുത തോന്നാൻ മാത്രം ഒന്നും ഞാൻ ചെയ്തിട്ടില്ല.ഇനി ഒരിക്കലും ചെയ്യുകയുമില്ല.”

അവൾ പറഞ്ഞപ്പോൾ നിത്യയ്ക്ക് ദേഷ്യം തോന്നി.പക്ഷേ അത് പ്രകടിപ്പിക്കുന്നതു കൊണ്ട് ഒരു അർത്ഥവും ഇല്ലെന്ന് അവൾക്കറിയാം.

“വിദ്യ.. ഞാൻ തന്നോട് നേരത്തെ തന്നെ പറഞ്ഞു കുറച്ചു തിരക്കിലാ എന്ന്. അതുകൊണ്ട് വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കാതെ തനിക്ക് എന്താണോ പറയാനുള്ളത് അത് മാത്രം പറയുക..”

നിത്യ കുറച്ചു ദേഷ്യത്തിലാണ് സംസാരിച്ചത്.അപ്പോൾ മാത്രം ആ പെൺകുട്ടിയുടെ മുഖം മങ്ങി.

“തന്റെ ശരൺ ഏട്ടന്റെ ഇഷ്ടം തട്ടിയെടുത്തവൾ എന്ന പേരിലല്ലേ താൻ എന്നോട് ഈ ദേഷ്യപ്പെടുന്നത്..? ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടില്ല എന്നറിയുമ്പോൾ തനിക്ക് എന്നോടുള്ള ദേഷ്യം മാറുമോ..?”

പ്രതീക്ഷയോടെ ആ പെൺകുട്ടി ചോദിച്ചപ്പോൾ അവൾ തുറിച്ചു നോക്കി.

“എന്നോട് വീണ്ടും വീണ്ടും കള്ളം പറയാം എന്നാണോ നീ കരുതിയിരിക്കുന്നത്..?”

നിത്യ ദേഷ്യത്തോടെ ചോദിച്ചു.

“ഒരിക്കലുമല്ല.ഞാനെന്തിന് നിന്നോട് കള്ളം പറയണം..? നിന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനം എന്താണെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ മനസ്സിൽ നീ എന്നും എന്റെ സഹോദരിയുടെ സ്ഥാനത്താണ്.”

വിദ്യ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ നിത്യയിൽ ഭാവമാറ്റം ഉണ്ടായിരുന്നില്ല.

“ഞാൻ പറയാൻ പോകുന്നത് താൻ ശ്രദ്ധിച്ചു കേൾക്കണം.കോളേജിൽ എല്ലാവരും ഞാനും ശരണേട്ടനും കമിതാക്കളാണ് എന്ന് പറഞ്ഞപ്പോൾ താനും അത് വിശ്വസിച്ചു.അതിനപ്പുറം എന്താണ് സത്യം എന്ന് താൻ അന്വേഷിച്ചിട്ടില്ല..”

വിദ്യ പറഞ്ഞപ്പോൾ അതൊരു കുറ്റപ്പെടുത്തൽ പോലെയാണ് നിത്യയ്ക്ക് തോന്നിയത്.

“ഞാൻ എന്തിന്റെ പേരിലാണ് വിദ്യ ദേഷ്യം കാണിക്കേണ്ടത്..? അല്ലെങ്കിൽ തന്നെ ശരൺ ഏട്ടനോട് ഞാനെങ്ങനെയാണ് ഇതിനെക്കുറിച്ച് അന്വേഷിക്കുക..? പ്രണയം എനിക്ക് മാത്രമാണല്ലോ..!”

നിത്യ നിർവികാരതയോടെ പറഞ്ഞപ്പോൾ വിദ്യയ്ക്ക് അവളുടെ അവസ്ഥയോർത്ത് സങ്കടം തോന്നി.

“അങ്ങനെയാണെങ്കിൽ നിന്നോട് സംസാരിക്കാൻ ശരൺ ഏട്ടൻ എന്നോട് പറയേണ്ട കാര്യമില്ലല്ലോ.. ഓരോ നിമിഷവും നീ അദ്ദേഹത്തിന് അകന്നു നിൽക്കുമ്പോൾ വേദനിക്കുന്ന മനസ്സ് ഞാൻ കാണുന്നുണ്ട്.നിന്റെ ഒരു നോക്കിനു കൊതിക്കുന്ന ആ മനുഷ്യനെ പലപ്പോഴും ഞാൻ കണ്ടു നിന്നിട്ടുണ്ട്.”

വിദ്യ പറഞ്ഞപ്പോൾ നിത്യയിൽ അമ്പരപ്പായിരുന്നു.

“ഈ കോളേജിലെ സകല വിദ്യാർത്ഥികളും ഞാനും അദ്ദേഹവും തമ്മിൽ പ്രണയത്തിലാണ് എന്ന് പറയാനുള്ള ഒരേയൊരു കാരണം ഞങ്ങൾ തമ്മിലുള്ള അടുപ്പമായിരുന്നു.പക്ഷേ സഹോദരി സഹോദര ബന്ധത്തിനപ്പുറം മറ്റൊന്നും ഞങ്ങൾ തമ്മിൽ ഇല്ല എന്ന് ഞങ്ങൾക്ക് രണ്ടാൾക്കും അറിയാം.എന്റെ അച്ഛൻ ഏട്ടനെ എൽപി സ്കൂളിൽ പഠിപ്പിച്ച സാറായിരുന്നു. അന്നുമുതലേ ഞങ്ങൾ തമ്മിൽ പരിചയമുണ്ട്. വീട്ടിൽ നിന്നും ഇത്രയും അകലെ ഒരു കോളേജിൽ വന്ന് പഠിക്കുമ്പോൾ എനിക്ക് ആരെങ്കിലും ഒരാൾ കൂട്ടിനു ഉണ്ടാകണമെന്ന് അച്ഛന്റെയും അമ്മയുടെയും ആഗ്രഹമായിരുന്നു. ഇവിടെ എനിക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ അത് ഓടിച്ചെന്നു പറയാൻ എനിക്ക് ആകെയുള്ളത് ശരണേട്ടൻ ആണ്. ഏട്ടന്റെ ഉറപ്പിലാണ് അച്ഛൻ എന്നെ ഇവിടെ പഠിക്കാൻ അയച്ചത്. എന്റെ എന്ത് കാര്യത്തിനും ഏട്ടൻ ഒപ്പം ഉണ്ടാകുമെന്ന് അച്ഛനോട് ഉറപ്പു പറഞ്ഞിട്ടുണ്ട്. കോളേജിൽ അദ്ദേഹത്തിന് പെൺകുട്ടികൾ ആരും സുഹൃത്തുക്കളായി ഇല്ല എന്ന് ഞാൻ ഇവിടെ വന്നതിനു ശേഷം ആണ് അറിയുന്നത്.പക്ഷേ എന്നെ അദ്ദേഹം ഒരിക്കലും മാറ്റി നിർത്തിയിട്ടില്ല.ചേർത്തുപിടിച്ചിട്ട് ഉള്ളൂ.ഒരു സഹോദരിയെപ്പോലെ എന്റെ എന്ത് കാര്യത്തിനും കൂടെയുണ്ടായിരുന്നു. ഒരുപക്ഷേ ഇതൊക്കെ തന്നെ ആയിരിക്കണം മറ്റുള്ളവരുടെ തെറ്റിദ്ധാരണയ്ക്ക് പിന്നിൽ. ഒരിക്കലും ഒരാൾ പോലും ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചിട്ടില്ല. പകരം എല്ലാവരും അവരവരുടെ യുക്തിക്കനുസരിച്ച് ഓരോരോ കഥകൾ നെയ്തെടുക്കുകയായിരുന്നു. ആ കൂട്ടത്തിൽ ഒരുപക്ഷേ താനും..!”

വിദ്യ പറഞ്ഞുകൊണ്ട് നിത്യയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.

” സോറി.. ഞാനും.. നിങ്ങൾ തമ്മിലുള്ള അടുപ്പം കാണുമ്പോൾ ഏതൊരാൾക്കും തോന്നുന്ന സംശയം മാത്രമാണ് കോളേജിലുള്ള കുട്ടികൾക്ക് തോന്നിയത്. കോളേജിൽ ഒരു പെൺകുട്ടികളോടും സൗഹൃദം കാത്തു സൂക്ഷിക്കാത്ത മനുഷ്യനോടൊപ്പം അയാളുടെ കൈപിടിച്ച് നീ ആ ക്യാമ്പസിലേക്ക് കയറുമ്പോൾ സ്വാഭാവികമായും എല്ലാവർക്കും തോന്നുന്ന സംശയം..! എല്ലാവരും പറഞ്ഞപ്പോഴും ഞാൻ അദ്ദേഹത്തിനെ തള്ളിപ്പറഞ്ഞിട്ടില്ല. ഒരിക്കലും ഞാൻ അത് വിശ്വസിച്ചിട്ടുമില്ല. പക്ഷേ ഒരിക്കൽ പ്രണയം പറയാനായി അദ്ദേഹത്തിന്റെ മുന്നിലേക്ക് എത്തിയ എന്നോട് അദ്ദേഹത്തിന് മറ്റൊരു പ്രണയമുണ്ട് എന്ന് പറഞ്ഞിരുന്നു. അത് ഒരുപക്ഷേ നീയായിരിക്കാം എന്ന് എനിക്ക് തോന്നി. അതുകൊണ്ട് മാത്രമാണ് ഞാൻ അകന്നു നിന്നത്. “

നിത്യ പറഞ്ഞപ്പോൾ വിദ്യ പുഞ്ചിരിച്ചു.

“അന്ന് ഏട്ടൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയില്ല.പക്ഷേ ഒരു കാര്യം ഉറപ്പാണ്.നിന്നെ അല്ലാതെ മറ്റൊരാളിനെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ അദ്ദേഹത്തിന് കഴിയില്ല.വീട്ടിൽ വിവാഹാലോചനകൾ പൊടിപൊടിക്കുമ്പോഴും നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹം..”

വിദ്യ പറഞ്ഞപ്പോൾ നിത്യ കണ്ണുകൾ നിറച്ചുകൊണ്ട് പുഞ്ചിരിച്ചു.

” ആ കാത്തിരിപ്പിന് ഇനി ഒരു അർത്ഥവുമില്ലെന്ന് നിന്റെ ഏട്ടനോട് പറയണം.. പറയാനുള്ളത് അതിന്റേതായ സമയത്ത് പറഞ്ഞില്ലെങ്കിൽ പലതും കൈവിട്ടു പോകും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഞങ്ങളുടെ പ്രണയം.. ശനിയാഴ്ച എന്റെ വിവാഹമാണ്.. “

നിത്യ അത് പറഞ്ഞ് തലകുനിച്ചിരിക്കുമ്പോൾ വിദ്യയ്ക്ക് ആകെ ഒരു അമ്പരപ്പായിരുന്നു.

“വിവാഹമോ..?”

ഞെട്ടലോടെ വിദ്യ അന്വേഷിച്ചു.

” അതെ.. എന്നെ ഒരിക്കലും പ്രണയിക്കാനാവില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ ഒരു മനുഷ്യനുവേണ്ടി ഞാൻ എത്രയെന്ന് പറഞ്ഞാണ് വീട്ടിൽ കാത്തിരിക്കുക..? എനിക്ക് എല്ലാത്തിനും പരിധികളില്ലേ..? “

നിത്യ ചോദിച്ചപ്പോൾ അത് ശരിയാണെന്ന് വിദ്യയ്ക്ക് തോന്നി.

ഒരുപക്ഷേ അന്ന് നിത്യ പ്രണയം പറഞ്ഞു മുന്നിലേക്ക് വന്നപ്പോഴെങ്കിലും ഏട്ടന് സത്യം പറയാമായിരുന്നു..അങ്ങനെ ഒരു പ്രതീക്ഷയും ഉള്ളിലില്ലാതെ അവൾ എങ്ങനെ കാത്തിരിക്കും..? അങ്ങനെ ചെയ്യുന്നതു കൊണ്ട് എന്താണ് ഗുണം..?

“കുറച്ചുനാളുകളൊക്കെ വിവാഹം കഴിക്കുന്നില്ല എന്ന് പറഞ്ഞ് വീട്ടിൽ ഒരുപാട് ബഹളം ഉണ്ടാക്കിയതാണ്.പക്ഷേ.. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി എനിക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു.”

വല്ലാത്തൊരു കുറ്റബോധത്തോടെയാണ് നിത്യ അത് പറഞ്ഞത്.അവളുടെ അവസ്ഥ കണ്ടപ്പോൾ വിദ്യ സ്വയം കുറ്റപ്പെടുത്തി.

അവളെ ഇങ്ങനെ വേദനിപ്പിക്കാൻ വേണ്ടി താൻ അവളെ കാണാൻ വരേണ്ടിയിരുന്നില്ല..!

“എന്തായാലും ഈ അവസാന നിമിഷമെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ.. അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലായെങ്കിലും…! എനിക്ക് വേണ്ടി കാത്തിരിക്കേണ്ട എന്ന് ഏട്ടനോട് പറയണം.ഏട്ടന് എന്നെക്കാൾ ചേരുന്ന ഒരു പെൺകുട്ടിയെ കണ്ടെത്താൻ കഴിയും.ഞങ്ങൾ തമ്മിൽ ചേരില്ലായിരിക്കും. അതുകൊണ്ടാണല്ലോ ദൈവം ഞങ്ങളെ തമ്മിൽ ചേർത്ത് വയ്ക്കാത്തത്..!”

അത്രയും പറഞ്ഞുകൊണ്ട് കണ്ണുനീർ തുടച്ച് നിത്യ അവിടെ നിന്ന് എഴുന്നേറ്റ് നടന്നു.

ദൈവം ആർക്കും രണ്ടാമതൊരു അവസരം കൊടുത്തു എന്ന് വരില്ല.

അവളുടെ പോക്ക് നോക്കിയിരിക്കുമ്പോൾ വിദ്യ മനസ്സിൽ പറഞ്ഞത് അങ്ങനെയായിരുന്നു.