രചന: അപ്പു
:::::::::::::::::::::::::
“ഇനി എന്താ നിന്റെ തീരുമാനം..?”
നിഷയുടെ അമ്മാവൻ ചോദിച്ചപ്പോൾ ഗണേഷ് എല്ലാവരെയും ഒന്ന് നോക്കി. ആ നോട്ടം തല താഴ്ത്തി നിൽക്കുന്ന നിഷയിലും അവളുടെ അടുത്ത് നിൽക്കുന്ന ചെറുപ്പക്കാരനിലും എത്തി നിന്നു. ആരെയും നോക്കാതെ അവനോട് ചേർന്ന് നിൽക്കുന്ന അവളെ കണ്ടപ്പോൾ അവനു പുച്ഛം തോന്നി.
” ഞാൻ എന്തു തീരുമാനമാ എടുക്കേണ്ടത്..? “
ഗൗരവത്തോടെ അവൻ എല്ലാവരെയും നോക്കി.ആർക്കും അവനോട് പറയാൻ വ്യക്തമായ ഒരു മറുപടിയും ഉണ്ടായിരുന്നില്ല.
അല്ലെങ്കിലും ആരുടെയും വാക്കുകൾ അവനെ സാന്ത്വനിപ്പിക്കാനോ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിക്കാനോ പോകുന്നതാകില്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നു.
“ഞാൻ നേരിട്ട അപമാനത്തിനും ഞാനിപ്പോൾ സഹിച്ചു കൊണ്ടിരിക്കുന്ന വേദനകൾക്കും പകരമായി എന്ത് തീരുമാനമാണ് ഇവിടെ ഉണ്ടാകേണ്ടത്..? “
ഗണേഷ് ദേഷ്യത്തോടെ എല്ലാവരെയും നോക്കി.
” ഒരു തീരുമാനം എടുക്കുമ്പോൾ കുഞ്ഞുങ്ങളുടെ കാര്യം കൂടി ഓർക്കണ്ടേ..? “
നിഷയുടെ അച്ഛൻ ചോദിച്ചപ്പോൾ ഗണേശ് ദേഷ്യത്തോടെ അയാളെ നോക്കി.
“ശരിയാണ് കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ ആ കൂട്ടത്തിൽ നിങ്ങളുടെ മകളുടെ ഭാവി കൂടി സംരക്ഷിക്കപ്പെടുമല്ലോ..”
പുച്ഛത്തോടെ അവൻ ചോദിച്ചപ്പോൾ അയാളുടെ തല താഴ്ന്നു.
“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. നിങ്ങളെല്ലാവരും ഇപ്പോൾ പറയുന്നുണ്ടല്ലോ മക്കളുടെ ഭാവി കൂടി നോക്കിയിട്ട് വേണം തീരുമാനം എടുക്കാനെന്ന്.. ഇവൾക്ക് പകരം ഞാനാണ് ഇങ്ങനെ ഒരു തെറ്റ് ചെയ്തതെങ്കിലും നിങ്ങൾ ഇങ്ങനെ തന്നെ പറയുമോ..? അതോ എന്നെ കുറ്റപ്പെടുത്തി മകളെയും കൊണ്ടുപോകുമോ..?”
ഗണേഷ് ചോദിച്ചപ്പോൾ നിഷയുടെ അച്ഛനും വീട്ടുകാരും മുഴുവൻ മറുപടിയില്ലാതെ തലകുനിച്ചു.
“ഈ കാര്യത്തിൽ എങ്ങനെയാണ് എന്റെ മോളെ മാത്രം കുറ്റം പറയാൻ പറ്റുക..? ഈ കാര്യത്തിൽ അവളെ പോലെ തന്നെ ഉത്തരവാദിത്വം നിനക്കുമുണ്ട്. നീ അവൾക്ക് സ്നേഹവും പരിചരണവും കൊടുക്കാത്തതു കൊണ്ടായിരിക്കും അവൾ മറ്റൊരാളിനെ സ്നേഹിച്ചത്.”
നിഷയുടെ അമ്മ അവളെ ന്യായീകരിച്ചു.അത് കേട്ടപ്പോൾ ഗണേഷ് പൊട്ടിച്ചിരിച്ചു.
“അതു കൊള്ളാമല്ലോ.. ഞാൻ അവളുടെ സ്നേഹവും പരിചരണവും ഒന്നും കൊടുക്കാത്തതുകൊണ്ട് അവൾ മറ്റൊരാളിനെ തേടി പോയി.. അവൾ ഇങ്ങനെ പോയ സമയത്ത് എന്നെയും മക്കളെയും ഒന്ന് ഓർത്തിട്ടില്ല എന്നുള്ള കാര്യം നിങ്ങൾ മറക്കരുത്. അപ്പോൾ ആ സ്ഥിതിക്ക് ഞാനും ഇതുപോലെ വേറെ ഏതെങ്കിലും ഒരുത്തിയെ വീട്ടിൽ വിളിച്ചു കൊണ്ടുവരട്ടെ..? അപ്പോഴും അമ്മ ഇതുപോലെ എന്നെ സപ്പോർട്ട് ചെയ്യുമല്ലോ അല്ലേ..?”
അവന്റെ ആ ചോദ്യത്തിൽ അവർ ഒന്ന് പതറിപ്പോയി.
“ഞാനും അവളും തമ്മിൽ പ്രായവ്യത്യാസം ഉണ്ട് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ ഞങ്ങളുടെ വിവാഹം നടന്നത്..? എട്ടു വയസിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്.പക്ഷേ അവളെ സംബന്ധിച്ച് അത് വലിയൊരു കുറവാണ്. ആദ്യകാലങ്ങളിൽ ഒന്നും അവൾക്ക് അതൊരു പ്രശ്നമേ അല്ലായിരുന്നു.ഭർത്താവ് അവൾക്ക് കാണപ്പെട്ട ദൈവമായിരുന്നു.കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ എന്റെ നെഞ്ചിൽ ചേർന്ന് കിടന്നു കൊണ്ട് ‘ഏട്ടൻ അല്ലാതെ മറ്റാരും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല’ എന്നാണ് അവൾ പറഞ്ഞിരുന്നത്. ഈ നെഞ്ചിലെ ചൂടും സ്നേഹവും ആണ് അവൾക്ക് ഏറ്റവും ആവശ്യമെന്ന് എത്ര തവണ അവൾ എന്നോട് പറഞ്ഞിട്ടുണ്ട് എന്നറിയാമോ…? എനിക്ക് ആ സമയത്ത് ഒരു പ്രൈവറ്റ് കമ്പനിയിലായിരുന്നു ജോലി. അന്ന് കിട്ടുന്ന ശമ്പളം കൊണ്ടും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പല രീതിയിലും ബുദ്ധിമുട്ട് അനുഭവിച്ചിട്ടും അവളുടെ ഒരു കാര്യങ്ങൾക്കും ഞാൻ മുടക്ക് വരുത്തിയിട്ടില്ല.അവൾക്ക് കല്യാണം കഴിഞ്ഞ് ആദ്യ സമയങ്ങളിലൊക്കെ എന്നോടൊപ്പം പുറത്തു പോകാൻ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ മാസത്തിൽ ഒരു ദിവസം ഞങ്ങൾ കറങ്ങാൻ പോകും. അന്നത്തെ ദിവസം പുറത്തുനിന്ന് ആഹാരവും സിനിമയും ഒക്കെ കഴിഞ്ഞ് വൈകുന്നേരം ആയിരിക്കും ഞങ്ങൾ വീട്ടിൽ വരിക.അപ്പോഴൊന്നും ആ ചെലവാകുന്ന പൈസയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല.അവൾ എന്നോടൊപ്പം സന്തോഷത്തിൽ ആയിരിക്കണം എന്നൊരു ചിന്ത മാത്രമായിരുന്നു എന്റെ ഉള്ളിൽ ഉണ്ടായിരുന്നത്.പതിയെ പതിയെ എന്റെ ജോലിയിൽ ഉയർച്ച കിട്ടിയതിനോടൊപ്പം ഞങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ വന്നു.ഞങ്ങൾക്കിടയിലേക്ക് രണ്ടു കുട്ടികൾ കൂടി വന്നു.അവർ കൂടി വന്നപ്പോൾ ജീവിതം പൂർണമായി എന്ന് തന്നെയാണ് ഞാൻ കരുതിയത്. എന്റെ ഏത് അവസ്ഥയിലും എന്നോടൊപ്പം എന്റെ ഭാര്യയുണ്ടാകും എന്ന് ഓർത്ത് എനിക്ക് വല്ലാത്തൊരു സന്തോഷമായിരുന്നു.ഓരോ ദിവസവും അവളെ കണി കണ്ടുണരണം എന്നു മാത്രം ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അവളോടുള്ള നിറഞ്ഞ സ്നേഹം മാത്രമേ എന്റെ നെഞ്ചിൽ ഉള്ളൂ. ഈ നിമിഷം വരെയും അവൾക്ക് ഞാൻ സ്നേഹം കൊടുത്തിട്ടില്ല എന്ന് നിങ്ങൾ ആരും പറയരുത്. കാരണം നിങ്ങളിൽ പലരും അസൂയയോടെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഗണേഷ് നിഷയെ കൊണ്ടു നടക്കുന്നത് പോലെ ഭൂമിയിൽ ഒരാളും ഭാര്യയെ ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവില്ല എന്ന്..! ശരിയല്ലേ..? “
അവൻ നിഷയുടെ അമ്മാവനെ നോക്കി.അവൻ പറയുന്നത് ശരിവെക്കുന്നതു പോലെ അയാൾ തലകുലുക്കി.
“ഇന്നലെയും എന്റെ നെഞ്ചിൽ കിടന്ന് അവൾ പറഞ്ഞതാണ് ഞാനാണ് അവളുടെ ലോകം എന്ന്. എന്നിട്ടും..?”
അത്രയും പറഞ്ഞപ്പോഴേക്കും അവന്റെ സ്വരം ഇടറി.അവന്റെ അമ്മയ്ക്കും സഹോദരനും അത് കണ്ടപ്പോൾ വല്ലാത്തൊരു വേദന തോന്നി.
“ഒരേസമയം എന്നെ സ്നേഹിക്കുന്നതായി അഭിനയിക്കുകയും എന്നെ വഞ്ചിക്കുകയും ചെയ്യാൻ അവൾക്ക് എങ്ങനെ തോന്നി..? അവൾക്ക് മറ്റൊരാളിനോട് ഇഷ്ടം തോന്നിയത് ഒരു തെറ്റാണെന്ന് ഞാൻ പറയില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷേ എന്നെ വഞ്ചിച്ചു കൊണ്ട് അത് വേണ്ടിയിരുന്നില്ല…”
അവൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
” എന്തായാലും ഇനി എന്റെ മോന് അവളെ വേണ്ട.അവനെക്കാൾ നല്ലതാണ് എന്ന് തോന്നിയ ഒരുത്തനെ അവൾ കണ്ടുപിടിച്ചിട്ടുണ്ടല്ലോ.ഇനിയുള്ള ജീവിതം അവന്റെ കൂടെ ജീവിച്ചാൽ മതി.. “
ഗണേശന്റെ അമ്മ അത് പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ ഞെട്ടി അവരെ നോക്കി.
“എനിക്ക് പറ്റില്ല.. എന്റെ ജീവിതത്തിലേക്ക് ഒരിക്കലും കടന്നു വരില്ല എന്ന് ഉറപ്പ് തന്നത് കൊണ്ട് മാത്രമാണ് ഞാനും നിഷയും തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടായത്.. എനിക്ക് ഒരിക്കലും അവളെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ പറ്റില്ല.”
അവൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ നിഷയുടെ അച്ഛൻ അവന്റെ കരണത്തു അടിച്ചു. എന്നാൽ നിഷ അത് തടസപ്പെടുത്തി.
” അച്ഛാ.. അവൻ പറഞ്ഞത് സത്യമാണ്. ഒരിക്കലും ഒന്നിച്ച് ജീവിക്കില്ല എന്ന് പരസ്പരം പറഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങൾ ഇങ്ങനെ ഒരു ബന്ധത്തിലേക്ക്.. “
പതിഞ്ഞ ശബ്ദത്തിൽ നിഷ പറഞ്ഞപ്പോൾ ആ അച്ഛൻ തളർന്നുപോയി.
“പിന്നെ എന്താ നിന്റെ ഉദ്ദേശം..? “
മൂർച്ചയേറിയ സ്വരത്തിൽ ഗണേഷിന്റെ അമ്മ ചോദിച്ചു. പക്ഷേ അപ്പോൾ മാത്രം അവൾക്ക് മറുപടിയുണ്ടായിരുന്നില്ല.
അവൾ പ്രതീക്ഷയോടെ ഗണേശനെ നോക്കി.ആ നോട്ടം കണ്ടപ്പോൾ നിഷയുടെ അമ്മ അവളെ ഒന്ന് നോക്കി. എത്രയൊക്കെ തെറ്റ് ചെയ്താലും അമ്മമാർക്കും മക്കൾ എന്നും നല്ലവരായിരിക്കും.
” മോനെ.. അവൾക്ക് ഒരു തെറ്റ് പറ്റിയതല്ലേ..? ഇനി ഒരിക്കലും അവൾ ഇത് ആവർത്തിക്കില്ല. കഴിഞ്ഞത് കഴിഞ്ഞു. മോൻ ഇത്തവണത്തേക്ക് ഒന്ന് ക്ഷമിക്ക്.. “
നിഷയുടെ അമ്മ ഗണേഷിനോട് പറയുമ്പോൾ നിഷയും പ്രതീക്ഷയോടെ അവനെ നോക്കി. അത് കണ്ടപ്പോൾ ഗണേഷിനു പുച്ഛം തോന്നി.
” നേരത്തെ അവനും അവളും പറഞ്ഞത് കേട്ടില്ലേ..? ഒരിക്കലും ഒന്നിച്ചു ജീവിക്കില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നു എന്ന്.. അപ്പോൾ ജീവിത കാലം മുഴുവൻ.. അല്ലെങ്കിൽ അവർക്ക് മടുക്കുന്നത് വരെ എന്നെ പറ്റിച്ചു കൊണ്ട് ജീവിക്കാം എന്നാ അവൾ പ്ലാൻ ചെയ്തത്.. ഇപ്പോഴും അവൾക്ക് അത് തന്നെയാവും മനസ്സിൽ.. അവളെ അത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത എന്നെ ഇങ്ങനെ വഞ്ചിക്കാൻ അവൾക്ക് കഴിഞ്ഞെങ്കിൽ.. ഇനിയും അവൾ അത് തുടരും..! ഒരു പക്ഷെ.. എനിക്ക് അത് തിരിച്ചറിയാൻ പോലും കഴിഞ്ഞെന്ന് വരില്ല..!ഇനി എന്തായാലും ഒരു ഭാഗ്യ പരീക്ഷണത്തിന് ഞാൻ ഇല്ല.. നിങ്ങൾക്ക് പോകാം.. ആ കൂട്ടത്തിൽ മോളെയും കൂടെ കൂട്ടിക്കോളൂ.. എന്റെ മക്കളെ ഞാൻ വിട്ട് തരില്ല.. ഇവളെ പോലൊരുത്തി എന്റെ മക്കളുടെ അമ്മ ആണെന്ന് ലോകം അറിയണ്ട.. “
ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ട് മക്കളെയും കൂട്ടി ഗണേഷ് മുറിയിൽ കയറി വാതിലടച്ചു.
ഇനിയും അവിടെ നിൽക്കുന്നത് കൊണ്ട് പ്രയോജനം ഇല്ലെന്ന് തോന്നിയിട്ടാകണം സ്വന്തം കുടുംബത്തോടൊപ്പം നിഷ ആ പടിയിറങ്ങിയത്.
അപ്പോഴും ചെയ്ത തെറ്റിനെ കുറിച്ചുള്ള കുറ്റബോധത്തിന് പകരം താൻ പിടിക്കപ്പെട്ടല്ലോ എന്നൊരു സങ്കടം ആയിരുന്നു അവളിൽ…!!