ജന്മം കൊടുത്ത് നിറയെ ആശകളും പ്രതീക്ഷകളുമായി നെഞ്ചിലേ ചൂടും സ്നേഹവും വാരിക്കോരി കൊടുത്ത് വളർത്തി വലുതാക്കിയ…

തണൽ…

രചന: ബിന്ധ്യ ബാലൻ

::::::::::::::::::::::::::::::

“സർ ഞാൻ കുറച്ചു നാളായി ആഗ്രഹിക്കുന്നൊരു കാര്യമായിരുന്നു സാറിന്റെ ‘തണൽ ‘ എന്ന ഈ സ്വർഗ്ഗത്തെക്കുറിച്ചൊരു ഫീച്ചർ എഴുതണമെന്നുള്ളത്. അതിന് അനുവാദം തന്നതിന് ഒത്തിരി നന്ദിയുണ്ട് “

തണൽ എന്ന ആ വൃദ്ധ സദനത്തിന്റെ ഓഫിസ് മുറിയിലിരുന്ന് ആ സ്ഥാപനത്തിന്റെ അധികാരിയായ ഡോക്ടർ ബാലചന്ദ്രനോട് ഞാൻ പറഞ്ഞു . അത് കേട്ട് മെല്ലെയൊന്നു ചിരിച്ചിട്ട്, കണ്ണടയൂരി പോക്കറ്റിൽ വച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു

“സീ മിസ്റ്റർ ആദിനാഥ്‌ അതിന് ഒരു കാരണമേയുള്ളൂ, ആദിനാഥിന്റെ ആർട്ടിക്കിളുകൾ ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട് . താങ്കളുടെ അക്ഷരങ്ങൾക്ക് നേരിന്റെയും സ്നേഹത്തിന്റെയും രുചിയാണ് എന്നെനിക്ക് തോന്നി. അപ്പോഴേ എടുത്ത തീരുമാനം ആണ് ആദിനാഥ്‌ വരുകയാണെങ്കിൽ തന്നോട് നോ പറയില്ല എന്ന്. ഇതൊരു കൂട്ടം ഉപേക്ഷിക്കപ്പെട്ടവരുടെ ഇടമാണ്.. ഓരോ കാരണങ്ങൾ കൊണ്ട് മക്കളാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ടവർ. അവരോട് അവർ ഇവിടെ എത്തിച്ചേരാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചോദിച്ച് അവരെ വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ടം അല്ല. പക്ഷെ, യൂ ആർ എ ജനുവിൻ പേഴ്സൺ..താങ്കളവരെ വേദനിപ്പിക്കില്ല എന്ന് എനിക്ക് തോന്നുന്നു.. “

“തീർച്ചയായും സർ… എനിക്കവരുടെ കൂടെ കുറച്ചു സമയം ചിലവഴിച്ചാൽ മാത്രം മതി..എനിക്ക് അവരുടെ ആഗ്രഹങ്ങളെക്കുറിച്ച് എഴുതണം.. അവരുടെ സ്വപ്‌നങ്ങളെക്കുറിച്ചു എഴുതണം.. അത്ര മാത്രം മതി.. “

“ദാറ്റ്സ് ഗുഡ് ആദി… വരൂ അവരുടെ അടുത്തേക് പോകാം നമുക്ക് “

എന്റെ തോളിൽ തട്ടി ചിരിച്ചു കൊണ്ടാണ് അദ്ദേഹം പറഞ്ഞത്.

ഒരു നീണ്ട ഇടനാഴിയുടെ അറ്റത്തു നിറയെ കിടക്കകൾ ചേർത്ത് വച്ച വെളിച്ചമുള്ള ഒരു വലിയ ഹാളിലേക്കാണ് അദ്ദേഹമെന്നെ കൊണ്ട് പോയത്. അവിടെ ഞാൻ കണ്ടു, കുറെ പാവങ്ങളെ… ഉപേക്ഷിക്കപ്പെട്ടവരെ..അദ്ദേത്തെ നോക്കുന്ന അവരുടെയെല്ലാം കണ്ണുകളിൽ നിറഞ്ഞ് നിന്നത് സ്നേഹം ആയിരുന്നു.. സന്തോഷം ആയിരുന്നു.. ഒരു കണ്ണുകളിലും വേദനയോ പരിഭവങ്ങളോ ഉണ്ടായിരുന്നില്ല..

അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു

“ഇന്ന് നമുക്കൊരു ഗസ്റ്റ്‌ ഉണ്ട് കേട്ടോ “

എല്ലാവരും എന്നെ നോക്കി പുഞ്ചിരിച്ചു. തിരികെ ഞാനും അവർക്കൊരു ചിരി നീട്ടി.

“ദേ ഇത് ആദിനാഥ്‌, എന്റെയൊരു സുഹൃത്താണ്.. നിങ്ങളെ എല്ലാവരെയും കാണണം പരിചയപ്പെടണം എന്നൊക്കെ പറഞ്ഞു വന്നതാണ്. ഇന്ന് മുഴുവൻ ആദി നമ്മുടെ ഒപ്പം ഉണ്ടാവും “

ഡോക്ടർ അവർക്ക് എന്നെ പരിചയപ്പെടുത്തി. പിന്നെ എന്നോടായ് പറഞ്ഞു

“എങ്കിൽ ഞാൻ അങ്ങ് ചെല്ലട്ടെ ആദി.. നിങ്ങൾ എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്ക്.. ദേ പിന്നെ ഒരു കാര്യം, എന്റെ അച്ഛനമ്മമാരെ സങ്കടപ്പെടുത്തരുത് കേട്ടോ…”

“ഒരിക്കലും ഇല്ല സർ.. ട്രസ്റ്റ് മി “

ഞാൻ ചിരിയോടെ പറഞ്ഞു.

എന്റെ തോളിൽ തട്ടി ചിരിച്ചു കൊണ്ട് അദ്ദേഹം മുറി വിട്ടു പോയി.

ഞാൻ എനിക്ക് മുന്നിൽ കൂട്ടമായി നിൽക്കുന്ന പാവങ്ങളെ നോക്കി…

ജന്മം കൊടുത്ത് നിറയെ ആശകളും പ്രതീക്ഷകളുമായി നെഞ്ചിലേ ചൂടും സ്നേഹവും വാരിക്കോരി കൊടുത്ത് വളർത്തി വലുതാക്കിയ മക്കളുടെ കൈകളാൽ തന്നെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവർ…അവരാണ് മുന്നിൽ നിൽക്കുന്നത്..ഉള്ളിലെന്തോ സങ്കടം പതയുന്നത് പോലെ തോന്നിയെനിക്ക്.

ഞാൻ ഓരോരുത്തരെയായി പരിചയപ്പെടാൻ തുടങ്ങി.. ആ പരിചയപ്പെടൽ കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ തമ്മിൽ നന്നായി അടുത്തു. അപ്പോഴാണ് ഒരമ്മ എന്നോട് പറഞ്ഞത്

“മോൻ വന്ന ദിവസം നല്ലതാട്ടോ.. എല്ലാ വെള്ളിയാഴ്ചയും ഉച്ച കഴിഞ്ഞുള്ള ഈ സമയം ഞങ്ങൾ എല്ലാവരും കൂടി വട്ടം ചേർന്നിരുന്നു ഓരോ കഥ പറയും… നല്ല രസമാണ്.. “

“ആഹാ അപ്പൊ ഞാൻ ഇന്ന് തന്നെ വന്നത് നന്നായി.. ഞാനും കൂടിക്കോട്ടെ കഥകൾ കേൾക്കാനും പറയാനും “

ഞാൻ ചോദിച്ചു.

“അതിനെന്താ മോനേ.. മോൻ വാ “

കൂട്ടത്തിൽ ഒരച്ഛൻ എന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു പറഞ്ഞ് കൊണ്ട് എന്നെ അവരുടെ കൂട്ടത്തിൽ കൊണ്ട് പോയിരുത്തി. ഓരോരുത്തരായി കഥ പറയാൻ തുടങ്ങി..

എവിടെയൊക്കെയോ വായിച്ചു കേട്ട, പറഞ്ഞു കേട്ട കഥകൾ ആയിരുന്നു എല്ലാം..ഓരോ കഥയും മനസ് കൊണ്ടങ്ങനെ കേട്ടിരിക്കുമ്പോൾ ആണ് ആറാമതായി കഥ പറയാനെഴുന്നേറ്റ ആളെ ചൂണ്ടി എന്റെ അടുത്തിരുന്ന അച്ഛൻ പറഞ്ഞത്

“മോനേ ഈ അലക്സച്ചായൻ ആളൊരു രസികനാണ്.. എല്ലാ വെള്ളിയാഴ്ചയും മൂപ്പരൊരു കഥ പറയും… ആ ഒരു കഥയെ ആൾക്ക് പറയാനുള്ളൂ… പക്ഷെ പ്രശ്നം ന്താന്ന് വച്ചാ, ആളൊരിക്കലും ആ കഥ മുഴുവൻ ആയി പറഞ്ഞിട്ടില്ല.. പകുതി ആവുമ്പോഴേക്കും പുള്ളി വലിയ വായിൽ കരയും.. കൂടെ ഞങ്ങളും..ജനിപ്പിച്ച മക്കളു തന്നെ കരയിക്കാൻ തീരുമാനിക്കുമ്പോൾ ഞങ്ങളെപ്പോലുള്ള പാവങ്ങൾ കരയല്ലാതെ എന്ത് ചെയ്യും ല്ലേ “

എനിക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല..

ഞാൻ അലക്സച്ചായനെ നോക്കി. അദ്ദേഹം എഴുന്നേറ്റു നിന്ന് മുഖവുര പോലെ ചിരിച്ചു കൊണ്ട് ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തിൽ പറഞ്ഞു

“ഞാൻ ഈ തണലിൽ വന്നിട്ട് ഇപ്പൊ അഞ്ച് വർഷം ആകുന്നു… അന്ന് തൊട്ട് ഇന്നോളം ഈ ഒരു കഥയെ എനിക്ക് പറയാൻ ഉള്ളൂ… എന്റെ കൂട്ടുകാർ ആരും ഇന്നെന്നോട് പിണങ്ങാൻ ഞാൻ സമ്മതിക്കില്ല.. എന്റെ കഥ മുഴുവൻ ഞാനിന്നു പറയും… വാക്ക് “

അവിടെ കൂടിയിരുന്ന എല്ലാവർക്കും ഒപ്പം ഞാനും ചിരിച്ചു അത്‌ കേട്ടു.

അങ്ങനെ അദ്ദേഹം കഥ തുടങ്ങി

“ഇവിടെ എല്ലാവർക്കും ഞാൻ അലക്‌സച്ചായൻ ആണ്… അഞ്ച് കൊല്ലം മുൻപ് ഞാൻ ഇവിടെ വരുമ്പോ അലക്സ് ജോൺ തോട്ടത്തിൽ എന്ന എന്റെ ഐഡന്റിറ്റി ഈ തണലിന്റെ ഗേറ്റിനു പുറത്ത് ഉപേക്ഷിച്ചാണ്‌ ഞാൻ അകത്തേക്ക് പോന്നത്. ആരായിരുന്നു അലക്സ് ജോൺ തോട്ടത്തിൽ..?

തോട്ടത്തിൽ ബംഗ്ലാവിന്റെ ദൈവം.. അങ്ങനാണ് എന്റെ കെട്ട്യോള് ലിസ പറയാറ്…അത് അവളേം മോളേം കാക്കുന്നവൻ ഞാനായത് കൊണ്ടാട്ടോ ..എനിക്കന്നു വീടിനോട് ചേർന്നു കുറച്ച് ഏലത്തോട്ടവും റബ്ബറും കുരുമുളകും ഒക്കെ കൃഷിയുണ്ട്… അത് വിറ്റ് കിട്ടുന്ന പൈസ മാത്രം മതി ഒരു കുടുംബത്തിനു സുഭിക്ഷമായി ജീവിക്കാൻ.. ആകെയുള്ളതൊരു മോള്.. പേര് അന്ന.. അവൾക്ക് എട്ട് വയസ്സുള്ളപ്പോഴാണ്, ഒരിക്കൽ കുരുമുളക് വിറ്റിട്ട് കൂടുതൽ ലാഭം കിട്ടിയ സന്തോഷത്തിൽ ഒരു കുപ്പിയൊക്കെ വാങ്ങി വീട്ടിലേക്ക് തിരിക്കുമ്പോൾ, എന്റെ അന്നമോളുടെ പ്രായത്തിൽ ഒരു പയ്യൻ വഴി വക്കിലിരുന്നു വരുന്നവരോടും പോകുന്നവരോടും കൈ നീട്ടി എന്തോ ചോദിക്കുന്നത് ഞാൻ കണ്ടത്. ജീപ്പ് നിർത്തിയിറങ്ങി അവന്റെയടുത്ത് ചെന്നിരുന്നപ്പോൾ അവൻ കൈ നീട്ടി പറഞ്ഞു എന്തെങ്കിലും തരാമോ സാറെ, വിശന്നിട്ടാണ് എന്ന്.. അതങ്ങ് കേട്ടതും പത്തു മുപ്പത്തിയഞ്ചു കൊല്ലം മുന്നത്തെ എന്നെയാണ് എനിക്ക് ഓർമ്മ വന്നത്.. പട്ടിണിയും ദാരിദ്ര്യവും പിടിമുറുക്കിയ ബാല്യം.

ആ പട്ടിണിയും ദാരിദ്ര്യവും പകർന്നു തന്ന വാശിയിൽ എല്ലാം നേടിയെടുക്കുമ്പോൾ, കർത്താവിനോട് ഒരു വാക്ക് ഞാൻ പറഞ്ഞിരുന്നു, എന്നേലും എന്നെപ്പോലൊരുവൻ എനിക്ക് മുന്നിൽ എത്തുവാണേൽ ഞാൻ കൈവിടുകേലെന്നു..കർത്താവിനു കൊടുത്ത വാക്ക് പാലിക്കാൻ സമയമായെന്ന് തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നു അത്.. എനിക്ക് മുന്നിലിരിക്കുന്ന ആ എട്ട് വയസുകാരനെ, അപ്പനും അമ്മയും ഇല്ലാത്ത ആ കുരുന്നിനെ കർത്താവിനോട് മാത്രം അനുവാദം ചോദിച്ച് മകനായി ഞാൻ ദത്തെടുത്തു. അവനെയും കൂട്ടി വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോൾ ലിസ അവനെ സ്വീകരിക്കുമോ എന്നതായിരുന്നു എന്റെ ഭയം.

പക്ഷെ അവളെന്നെ ഞെട്ടിച്ചു കളഞ്ഞു.. എന്റെ ലിസയാണ് മോന് ഏബൽ എന്ന് പേരിട്ടത്.. അത് ചുരുക്കി എബി എന്ന് അവനെ ആദ്യം വിളിച്ചതും അവളായിരുന്നു. അന്ന മോൾക്ക്‌ അവൻ അവളുടെ പ്രിയപ്പെട്ട എബിച്ചാച്ചനായി.. കളിച്ചും ചിരിച്ചും ഭൂമിയിലേ ഏറ്റവും നല്ല ചേട്ടനും അനിയത്തിയുമായി അവര് വളർന്നു.നാട്ടിലെല്ലാവരും പറയും, എബി ശരിക്കും അലക്സിന്റെ മോൻ തന്നെയാണ്, ദത്തു മകൻ ആണെന്ന് ഒരിക്കലും തോന്നൂല്ലെന്നു.. എനിക്കും ലിസയ്ക്കും അത് കേൾക്കുമ്പോ മനസങ് നിറയും.

അന്നമോളെയും എബിമോനെയും ഒരു കുറവും വരുത്താതെ ഞാൻ പൊന്നു പോലെ നോക്കി.. പഠിപ്പിച്ചു… എബിമോൻ ബാംഗ്ലൂരും അന്ന കോട്ടയത്ത് തന്നെയും മെഡിസിന് ചേർന്നു. മക്കളുണ്ടായിരുന്നപ്പോ എന്നും സ്വർഗം ആയിരുന്ന വീട് പിന്നെ അവര് അവധിക്കു വരുമ്പോൾ മാത്രം ഉണരുന്ന സ്വർഗം ആയി. എനിക്കും ലിസക്കും ദെണ്ണമായിരുന്നേലും, അവള് പറയും നമ്മുടെ സന്തോഷത്തിനു വേണ്ടി മക്കളുടെ സന്തോഷം ഇല്ലാണ്ടാക്കണ്ട ഇച്ചായാ എന്ന്..ജീവിതം അതിന്റെ എല്ലാ സന്തോഷത്തിലും അങ്ങനെ മുന്നോട്ട് പോകുമ്പോൾ ആണ്.. ആണ്.. ന്റെ….. മോൻ… അവൻ… ഒരാക്‌സിഡന്റിൽ കർത്താവിന്റെ അടുത്തേക്ക് തിരികെ പോയത്……അവൻ… എന്റെ.. ഞങ്ങളുടെ എല്ലാം എല്ലാം ആയിരുന്നവൻ..”

പറഞ്ഞു മുഴുവൻ ആക്കാൻ കഴിയാതെ, നെഞ്ചിൽ കൈ അമർത്തി കണ്ണുകൾ മേലോട്ടുയർത്തി ദൈവത്തേ വിളിച്ച്‌ പൊട്ടിക്കരയുന്ന അലക്സച്ചായനെ നോക്കിയിരിക്കെ എല്ലാവർക്കുമൊപ്പം എന്റെയും കണ്ണുകൾ നിറഞ്ഞു..

“എന്റെ മകൻ…. എന്റെ എല്ലാമായിരുന്നവൻ… കർത്താവേ…. “

അലക്സച്ചായൻ പിന്നെയും പറഞ്ഞു തുടങ്ങിയെങ്കിലും, വാക്കുകൾ കണ്ണീരിൽ മൂടിപ്പോയി. അത് വരെയും തന്നെ കേട്ടിരുന്ന എല്ലാവരെയും ദയനീയമായി നോക്കിയിട്ട്, മുണ്ടിന്റെ തുമ്പ് ഉയർത്തി കണ്ണുകൾ തുടച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയ ആ പാവം മനുഷ്യനോട് എനിക്ക് വല്ലാത്തൊരു സ്നേഹം തോന്നി….

എനിക്ക് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. ആ പാവം അമ്മയും പിന്നെ അന്നയും എവിടെ എന്നറിയണമെന്ന് തോന്നി…അദ്ദേഹം എങ്ങനെ ഇവിടെ എത്തി എന്നറിയണമെന്ന് തോന്നി…ഞാൻ പതിയെ പുറത്തേക്കു ചെന്നു. നോക്കുമ്പോൾ, മുറ്റത്തിന് അതിര് വച്ചിരിക്കുന്ന നിറയെ മഞ്ഞ പൂക്കൾ കൊണ്ട് നിറഞ്ഞ അക്വേഷ്യ മരത്തിനു കീഴിൽ കണ്ണടച്ചിരിക്കുന്ന ആ പാവം അച്ഛനെ ഞാൻ കണ്ടു.

അദ്ദേഹതിന്റെ അരികിൽ ചെന്നിരുന്നു ആ തോളിൽ കൈ അമർത്തുമ്പോൾ, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അദ്ദേഹമെന്നെ നോക്കി.

“എന്നതാ മോനേ…?”

കരള് പിടയുന്ന അവസ്ഥയിലും കനമൊട്ടും ചോരാത്ത ആ ശബ്ദമെന്നെ അത്ഭുതപ്പെടുത്തി.

“ഒന്നുമില്ല അപ്പച്ചാ… ഞാൻ വെറുതെ….ഇവിടെ എല്ലാവരും പറഞ്ഞു, അപ്പച്ചൻ ഇന്നേ വരെ കഥ മുഴുവൻ പറഞ്ഞിട്ടില്ല എന്ന്… എനിക്ക് അറിയാം, ഒരച്ഛനും മകന്റെ മരണത്തെക്കുറിച്ച്, അവൻ ബാക്കി വച്ച് പോയ ഓർമ്മകളെക്കുറിച്ച് അധികമൊന്നും സംസാരിക്കാൻ കഴിയില്ല എന്ന്…എങ്കിലും, ഞാൻ ചോദിച്ചോട്ടെ, ലിസാമ്മയും അന്നയും ഇപ്പൊ എവിടാ… അപ്പച്ചൻ അവരെയൊക്കെ വിട്ട് എന്തിനാ ഇവിടെ.. ഇങ്ങനെ… “

ഞാൻ ചോദിച്ചു.

എന്റെ ചോദ്യം കേട്ട്, എന്റെ മുഖത്തേക്ക് തന്നെ കുറച്ചു നേരം ഉറ്റു നോക്കിയിരുന്നു ആ പാവം.മെല്ലെ മെല്ലെ ആ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി..

ആ കണ്ണുനീരിനടിയിൽ, മുഴുവൻ തകർന്നു പോയൊരു ഹൃദയം ഞാൻ കണ്ടു..ആ ഹൃദയത്തിനു എന്നോടെന്തോ പറയാനുള്ളത് പോലെ.

ഞാൻ പിന്നെയും പറഞ്ഞു

“അപ്പച്ചന്റെ എല്ലാ സങ്കടവും എന്നോട് പറയാം…എവിടെയാണ് അമ്മയും, അന്നയുമൊക്കെ…? ചിലപ്പോഴൊക്കെ രക്ത ബന്ധത്തേക്കാൾ ദൃഢമാണ് സ്നേഹ ബന്ധം.. അല്ലേ അപ്പച്ചാ? ദത്തു മകൻ ആയിരുന്നിട്ട് പോലും എബിയുടെ മരണം അപ്പച്ചനെ അത്രയേറെ തകർത്തു കളഞ്ഞതും അത് കൊണ്ടല്ലേ ….. “

കുറച്ചു നേരം മൗനമായിരുന്നിട്ട്,അദ്ദേഹമെന്നെ നോക്കി.തളർച്ച പേറിയ കണ്ണുകൾ എങ്കിലും ആ നോട്ടത്തിനു വല്ലാത്തൊരു ശക്തിയുള്ളത് പോലെ. കണ്ണിൽ നിറഞ്ഞ വെള്ളത്തെ കൈ വെള്ള കൊണ്ട് അമർത്തി തുടച്ച് പതിഞ്ഞതെങ്കിലും ദൃഢമായ സ്വരത്തിൽ അദ്ദേഹം പറഞ്ഞു

“ശരിയാണ് ആദിനാഥ്‌… പ്രാണനെപ്പോലെ സ്നേഹിച്ച മകന്റെ മരണത്തെക്കുറിച്ച് ഒരിക്കലും ഒരച്ഛനും വിശദീകരിക്കാൻ ധൈര്യം ഉണ്ടാവില്ല..ആ മകന്റെ മരണം അച്ഛന്റെ കൈ കൊണ്ട് തന്നെയാണെങ്കിൽ പ്രേത്യേകിച്ചും “

“വാട്ട്? .. “

ഉള്ളിൽ നിന്നൊരാന്തൽ ആയിരുന്നു. സത്യത്തിൽ ഇരുന്നിടത്തു നിന്ന് വീഴാനെന്നപോലെ മുന്നോട്ട് വേച്ചു പോയി ഞാൻ. ഓർക്കാപ്പുറത്ത് ബാലൻസ് തെറ്റി വീഴാനാഞ്ഞ എന്റെ കൈത്തണ്ടയിൽ അദ്ദേഹം പിടി മുറുക്കുമ്പോൾ പ്രായം തളർത്താത്തൊരു ശരീരം ഇപ്പോഴും അയാളിൽ ബാക്കിയുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു.

എന്നെ നേരെ പിടിച്ചിരുത്തി അദ്ദേഹം പറഞ്ഞു

“നേരാണ് മോനേ ഞാൻ പറഞ്ഞത്.. എബിയെ.. എബിയെ ഞാൻ തന്നെയാണ് കൊന്നത് “

അത് വരെ സങ്കടം നിഴലിച്ചിരുന്ന ആ മുഖത്ത് അന്നേരമൊരു ചിരി വിടർന്നു. ആ ചിരി കാണേ പല്ലിറുമ്മിക്കൊണ്ട് സ്വരം താഴ്ത്തി ഞാൻ ചോദിച്ചു

” നിങ്ങളുടെ അഭിനയം നന്നയിട്ടുണ്ട്. പക്ഷെ എന്തിനാ… എന്തിനാണ് മകനെ ഈ കൈ കൊണ്ട് തന്നെ നിങ്ങൾ ഇല്ലാതാക്കിയത്… ഇങ്ങനെ കൊന്ന് കളയാൻ ആയിരുന്നോ അവനെ തെരുവിൽ നിന്ന് എടുത്തു വളർത്തിയത്.. യൂ ആർ എ ക്രിമിനൽ.. പറയ്, എന്തിന് വേണ്ടിയാണു നിങ്ങളവനെ കൊന്നത്.. എന്നിട്ടിപ്പോ എന്തിന് വേണ്ടിയാണ് ഒരു കള്ളനെപ്പോലെ ഇവിടെ വന്നിങ്ങനെ… “

പെട്ടന്ന് ആ ചിരി മാഞ്ഞു. പകരം നിസ്സഹായത നിറഞ്ഞു. കനത്ത മുഖത്തോടെ അലക്സ് പറയാൻ തുടങ്ങി

“ശരിയാണ് ആദി പറഞ്ഞത്, തെരുവിൽ നിന്ന് അവനെ എടുത്തു കൊണ്ട് വന്നു, സ്വന്തം ചോരയിൽ പിറന്നതല്ലെങ്കിലും ഞാൻ ജന്മം കൊടുത്ത മകനായാണ് അവനെ ഞാൻ വളർത്തിയത്. എന്റെ ലിസക്ക് അവൻ സ്വന്തം മകനും അന്നമോൾക്ക്‌ അവൻ സ്വന്തം ചേട്ടനും ആയിരുന്നു.. അവന് തിരിച്ചും…

പക്ഷെ, കാര്യങ്ങൾ തല കീഴായ്‌ മറിഞ്ഞത് അവൻ ബാംഗ്ലൂർ പോയതിന് ശേഷം ആയിരുന്നു… അവൻ ചോദിക്കുമ്പോഴെല്ലാം കണക്കില്ലാതെ ഞാൻ പണമയച്ചു കൊടുത്തു. ഡോക്ടർ ആകാൻ പോയവൻ കള്ളും കഞ്ചാവും മയക്കുമരുന്നും ഒക്കെയായി ജീവിതം നശിപ്പിച്ചത് അറിയാൻ ഞങ്ങൾ വൈകിപ്പോയി. എങ്കിലും അവനോട് ക്ഷമിച്ചും, അവനെ കൂടുതൽ സ്നേഹിച്ചും ഞങ്ങളവനെ ചേർത്ത് പിടിക്കാൻ ആവുന്നത്ര നോക്കി..ഒക്കെ ഞങ്ങൾ ക്ഷമിച്ചു. പൊറുത്തു. പക്ഷെ, കൂടെപ്പിറന്നതല്ലെങ്കിലും കൂടെപ്പിറപ്പായി കണ്ട എന്റെ അന്നമോളെ മയക്കു മരുന്നിന്റെ ലഹരിയിൽ അവൻ മനസും ശരീരവും ആവോളം നോവിച്ച് ഇല്ലാണ്ടാക്കുമെന്നു ഞാനോ ലിസയോ സ്വപ്നത്തിൽ പോലും കരുതിയില്ല..ആങ്ങളയായി കണ്ടവൻ ചെയ്ത കൊടും ക്രൂ.രത താങ്ങാനൊക്കാതെ എന്റെ പൊന്നു മോള് ഒരു മുഴം കയറിൽ ഒക്കെ അവസാനിപ്പിച്ചു. തൂ.ങ്ങി നിൽക്കുന്ന പൊന്നുമോളെ കണ്ട് എന്റെ ലിസയുടെ മനസിന്റെ താളം തെറ്റി. ഇത്രയൊക്കെ ദുരന്തം ഉണ്ടായിട്ടും ല.ഹരിയിൽ മുങ്ങി യാതൊന്നും അറിയാതെ നടന്ന എബിയെ കൊല്ലാൻ ആയിരുന്നു പിന്നെ എന്റെ ജീവിതം… ഒരാൾക്കും സംശയമില്ലാതെ എന്റെ ജീപ്പ് ഉപയോഗിച്ച് തന്നെ അവനെ ഞാൻ ഇല്ലാതാക്കി… എല്ലാവരും അവന്റെ മരണത്തിൽ ദുഃഖം അറിയിച്ചപ്പോൾ ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു…എങ്കിലും അവനെ ഇടിച്ചു തെറിപ്പിക്കാനായി സ്റ്റിയറിങ് തിരിക്കുമ്പോൾ എന്റെ നെഞ്ച് പൊട്ടുന്നത് കർത്താവ്‌ മാത്രം കണ്ടു…ഒരച്ഛൻ അങ്ങനെ ചെയ്യണമെങ്കിൽ മനസ് അത്രമേൽ കല്ലാക്കണം… എന്റെ മോളും പോയി.. മകനും പോയി…പാതിയായവൾക്ക് എന്നെ തിരിച്ചറിയാൻ വയ്യാതെയുമായി…

അന്നമോളുടെ മരണം എല്ലാവരെയും ഞാൻ വിശ്വസിപ്പിച്ചത്,പരീക്ഷയിൽ തോറ്റതിലുള്ള മനപ്രയാസം കൊണ്ടാണെന്നാണ്.. പിന്നെ ഞാൻ ആ നാട്ടിൽ നിന്നില്ല . ലിസയെയും കൂട്ടി മറ്റൊരു നാട്ടിലേക്കു പോയി. അവിടെ അവളെ കുറെ ചികിൽസിച്ചെങ്കിലും അവൾ സാധാരണ ജീവിതത്തിലേക്ക് പിന്നെ തിരികെ വന്നില്ല. ഒടുക്കം എന്നെ തനിച്ചാക്കി അവളും പോയി എന്റെ മോളുടെ അടുത്തേക്ക്.. പിന്നെ മനസും ശരീരവും ഒരുപോലെ ക്ഷയിച്ചപ്പോൾ സമ്പാദിച്ചു കൂട്ടിയതെല്ലാം പള്ളി വക അനാഥാലയത്തിനു എഴുതി കൊടുത്ത്, ഒരു ബാഗിൽ കൊള്ളാവുന്ന സാധങ്ങൾ മാത്രമെടുത്ത് ഞാൻ അവിടെ നിന്നും ഇറങ്ങി.എവിടെയൊക്കെയോ അലഞ്ഞു..
ഒടുക്കം ദാ ഈ തണലിൽ എത്തി…ഇനി മരിക്കും വരെ ഇവിടെ..കർത്താവിനു കരുണ തോന്നുന്ന ഒരു ദിവസം ഞാനും, എന്റെ ലിസേടേം മോളുടെയും അടുത്തേക്ക് പോകും. അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പൊ “

ഒരു തേങ്ങലോടെയാണ് അദ്ദേഹമത് പറഞ്ഞു നിർത്തിയതെങ്കിലും , ആ സ്വരം അപ്പോഴും ഉറപ്പുള്ളതായിരുന്നു. അലക്സ് ജോൺ തോട്ടത്തിൽ ഇപ്പോഴും ആ മനസിന്റെ ആഴങ്ങളിൽ എവിടെയോ ഉണ്ടെന്നെനിക്ക് തോന്നി.

ഒരു നിമിഷം ആ പാവത്തിനോട് വെറുപ്പ് തോന്നിയതിൽ മനം നൊന്തിരിക്കുമ്പോൾ എന്റെ കയ്യിൽ തൊട്ട് കൊണ്ട് അദ്ദേഹം പറഞ്ഞു

“ഇവിടെ വന്ന നാൾ തൊട്ട് ഇതൊക്കെ എല്ലാവരോടും വിളിച്ചു പറയണമെന്നുണ്ട് എനിക്ക്.. പക്ഷെ.. ഞാൻ.. എന്റെ… എനിക്കെങ്ങനെ….പക്ഷെ ഇപ്പൊ മോനോട് എല്ലാം തുറന്നു പറഞ്ഞപ്പൊ മനസിന്‌ നല്ല ആശ്വാസം ഉണ്ട്. എങ്കിലും ഒരു കൊലപാതകിയെ സംരക്ഷിക്കേണ്ട ബാധ്യത മോനില്ല.. ഇപ്പോ തന്നെ പോലീസിനെ അറിയിച്ചോളൂ.. ഞാൻ എല്ലാം ഏറ്റു പറഞ്ഞോളാം “

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ ആ പാവം മനുഷ്യനോട് പറഞ്ഞു

“എല്ലാവരുടെയും മുന്നിൽ എല്ലാ വിശുദ്ധിയോടെയും കടന്ന് പോയവളാണ് അപ്പച്ചന്റെ അന്ന… അത്‌ അങ്ങനെ തന്നെ ഇരിക്കട്ടെ… എല്ലാം എല്ലാവരോടും വിളിച്ചു പറഞ്ഞ് ഒരിക്കൽ മരിച്ചവളെ വീണ്ടും വീണ്ടും കൊല്ലാൻ ഞാൻ സമ്മതിക്കില്ല.. പിന്നെ എബി, അവനത് അർഹിക്കുന്ന ശിക്ഷ തന്നെ ആയിരുന്നു .. ഒരു കാര്യത്തിലെ എനിക്ക് സങ്കടം ഉള്ളൂ, അവനറിഞ്ഞു വേണമായിരുന്നു അപ്പച്ചൻ അവനെ തീർക്കേണ്ടിയിരുന്നത്. അന്നയുടെ ആത്മാവ് കൂടുതൽ സന്തോഷിച്ചേനെ… “

“മോനേ.. “

സർവവും നഷ്ട്ടപ്പെട്ട ഒരച്ഛന്റെ ഇടറിയ സ്വരം.

“ഈ വൃദ്ധ സദനത്തെക്കുറിച്ചും ഇവിടെയുള്ളവരെക്കുറിച്ചും എന്റെ മാഗസിനിൽ എഴുതാൻ ആണ് ഞാൻ വന്നത്..ഇവിടെ വന്ന് കയറുമ്പോൾ മക്കൾ ഉപേക്ഷിച്ച അച്ഛനമ്മമാരെ കുറിച്ചൊരു ഫീച്ചർ, അത് മാത്രമായിരുന്നു എന്റെ ആവശ്യം..ആ ആവശ്യം ഞാനിവിടെ ഉപേക്ഷിക്കുവാണ്..പകരം ഞാനൊന്ന് ചോദിച്ചോട്ടെ? “

ഞാൻ ചോദ്യഭാവത്തിൽ അദ്ദേഹത്തെ നോക്കി.
അദ്ദേഹം എന്നെയും.

ഞാൻ ചോദിച്ചു

“ഇവിടെ നിന്ന് അപ്പച്ചനെ ഞാൻ കൊണ്ട് പൊയ്ക്കോട്ടേ… എന്റെ സ്വന്തം അപ്പച്ചനായി ഞാൻ നോക്കിക്കോളാം… വരാമോ എന്റെ കൂടെ? “

എന്റെ ചോദ്യം കേട്ട് അദ്ദേഹം മെല്ലെയൊന്ന് ചിരിച്ചു.. പിന്നെ പതിയെ എഴുന്നേറ്റ്, എന്റെ തോളിൽ തട്ടി പറഞ്ഞു

“ഇവിടെ ഉള്ള എല്ലാവരും എല്ലാ വെള്ളിയാഴ്ചകളിലും ഒരേ കഥ തന്നെയാണ് പറയാറ്. ഇവിടെ വന്നതിന് ശേഷം ജീവിതത്തിൽ കൂട്ടിച്ചേർത്ത് പറയാൻ കഥകൾ ഇല്ലാത്തത് കൊണ്ട് ഒരേ കഥയാണ് എപ്പോഴും പറയുന്നത്.. പലർക്കും പല കഥകളാണ് പറയാനുള്ളതെങ്കിൽ കൂടി…. ആ കൂട്ടത്തിൽ പറഞ്ഞു മുഴുവിക്കാൻ കഴിയാത്ത കഥയുമായി ഈ ഞാനും…. എന്റെ മരണം വരെ ഞാനിങ്ങനെ ഒരേ കഥയുമായി ഒരു കഥയില്ലാത്തവൻ കണക്കെ കഴിഞ്ഞോളം. എനിക്ക് ശേഷവും പല പല കഥകളും പേറി പലരും ഇനിയും വരും… ആ വരുന്നവർക്ക് പറഞ്ഞു കൊടുക്കാൻ, കഥ പറഞ്ഞു മുഴുവിക്കാൻ കഴിയാതെ മരിച്ചു മണ്ണടിഞ്ഞൊരുവന്റെ കഥയുണ്ടാവണം ഇവിടെ.. അതിന് ഞാൻ ഇവിടെ വേണം കുഞ്ഞേ..ഇതല്ലാത്തൊരിടം എനിക്ക് വേണ്ട “

“അപ്പച്ചാ…. “

കണ്ണീരോടെ ഞാൻ വിളിച്ചു

ഒന്നും മിണ്ടാതെ അദ്ദേഹം അകത്തേക്ക് നടക്കാൻ തുടങ്ങി. രണ്ടു ചുവട് വച്ചിട്ട് വീണ്ടും അതേ ചിരിയോടെ തിരിഞ്ഞു നിന്ന് പറഞ്ഞു

“സ്നേഹം കൊണ്ട് മുറിഞ്ഞു പോയൊരു ഹൃദയമാണ് എന്റേത്…. തുന്നിച്ചേർക്കണ്ട ഇനിയൊരിക്കലും. ഇപ്പൊ ചങ്കിൽ തൊട്ട് എന്നെ അപ്പച്ചാ എന്ന് മോൻ വിളിച്ചില്ലേ… ആ ഒരു വിളി മതി….പിന്നെ, ഞാൻ എന്നെങ്കിലും മരിച്ചെന്നറിയുമ്പോൾ എന്നെ ഒന്ന് കാണാൻ വന്നാൽ മതി. അന്ത്യ ചുംബനം തരാൻ മക്കളോ ഭാര്യയോ ഇല്ലാതെ ഒടുങ്ങിയവന് അവസാനത്തെ ചുംബനം തരാൻ..ആ ചുംബനം മാത്രമാണ് ഭൂമിയിലേ എന്റെ ആദ്യത്തെയും അവസാനത്തെയും കടം വാങ്ങൽ…. വീട്ടാത്ത കടമായി നിനക്കതിരിക്കട്ടെ…..”

അത്രയും പറഞ്ഞിട്ട്, തിരിച്ചൊരു വാക്ക് പറയാൻ എനിക്ക് സമയം തരാതെ നടന്ന് നീങ്ങുന്ന ആ പാവത്തിനെ അങ്ങനെ നോക്കിയിരിക്കുമ്പോൾ എന്റെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു.

എല്ലാവരോടും യാത്ര പറഞ്ഞ്, എല്ലാ അച്ഛനമ്മമാർക്കും മുഴുവൻ വാത്സല്യവും ചേർത്ത് ഓരോ ഉമ്മയും കൊടുത്ത് ആ സ്ഥാപനത്തിന്റെ പടിയിറങ്ങുമ്പോൾ ഞാൻ ഓർത്തു ഇങ്ങനെ ആരുമറിയാതെ പോകുന്ന എത്ര ജീവിതങ്ങൾ ഉണ്ട്.

ഇല്ല.. എനിക്കൊരിക്കലും ഇവരെക്കുറിച്ചെന്തെങ്കിലും എഴുതാനുള്ള യോഗ്യതയില്ല. മക്കൾക്ക്‌ വേണ്ടി ജീവിച്ച് മക്കളാൽ തന്നെ ജീവിതം ഇല്ലാതായിപ്പോയ പാവങ്ങളെക്കുറിച്ച് ഓർത്ത് സഹതപിക്കുന്നത് അവരോട് കാട്ടുന്ന മറ്റൊരു ക്രൂരതയാണ്. മനസാക്ഷിയില്ലായ്മയാണ്. വേണ്ട… അവർ ജീവിക്കട്ടെ..അലക്സ് ജോൺ തോട്ടത്തിൽ ജീവിക്കട്ടെ…

കഥകളും കനവുകളും കാത്തിരിപ്പുമായി ഇത് പോലുള്ള തണൽ മരങ്ങൾക്ക് കീഴിൽ അവർ സ്വസ്ഥരാവട്ടെ.