അവൾ അത് ചോദിക്കുമ്പോൾ അടുത്തയാഴ്ച ട്രിപ്പിന് പോകാൻ വേണ്ടി സ്ഥലം നോക്കിയത് ഇവൾ തന്നെയല്ലേ…

രചന : അപ്പു

:::::::::::::::::::::::::::

“എല്ലാത്തിനും… എല്ലാത്തിനും ഒരു പരിധിയുണ്ട് സീമ.. ഞാനും മനുഷ്യനാണ്.. എനിക്കും നോവും.. “

ആ വാക്കുകൾ പറയുമ്പോൾ തന്റെ വേദനകളും വിഷമങ്ങളും സീമ കാണാതിരിക്കാൻ അവൻ ശ്രമിച്ചിരുന്നു. പക്ഷെ… പരാജയം ആയിരുന്നു ഫലം..!

വിഷമങ്ങൾ മുഴുവൻ അവളെ കാണിച്ചിട്ടും കാര്യമൊന്നുമില്ല.കുറ്റപ്പെടുത്തലുകളും പുച്ഛവും മാത്രമായിരിക്കും അവളുടെ മറുപടി.

“നിങ്ങളുടെ എന്തു നോവുന്നു എന്നാണ് പറയുന്നത്..? ഞാനിപ്പോൾ പറഞ്ഞതിൽ എന്ത് തെറ്റാണ് നിങ്ങൾ കാണുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.. നിങ്ങളുടെ വീട്ടുകാർ വരുമ്പോൾ വച്ചു വിളമ്പാൻ എനിക്ക് പറ്റില്ല എന്ന് പറഞ്ഞതാണോ നിങ്ങൾ കണ്ടു പിടിച്ച കുറ്റം..?”

അവൾ ദേഷ്യത്തോടെ ചോദിക്കുമ്പോൾ അവൻ അവളെ ഒന്നു നോക്കി.

” ഞാൻ അവരെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതൊന്നുമല്ലല്ലോ.. എനിക്ക് സുഖമില്ലാത്തതു കൊണ്ടാണെന്ന് നിങ്ങൾക്ക് അറിയുന്നതല്ലേ.? “

അവൾ അത് ചോദിക്കുമ്പോൾ അടുത്തയാഴ്ച ട്രിപ്പിന് പോകാൻ വേണ്ടി സ്ഥലം നോക്കിയത് ഇവൾ തന്നെയല്ലേ എന്നൊരു ഭാവത്തോടെ അവൻ അവളെ ഒന്ന് നോക്കി.

അതിലെ അർത്ഥം തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കണം അവൾ തലതാഴ്ത്തി നിന്നത്..!

” നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിക്ക് വച്ചു വിളമ്പാൻ പറ്റില്ല.. “

ഉറച്ച ഒരു തീരുമാനം പോലെ അതും പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് കയറി വാതിലടച്ചു.

അതുകണ്ട് തളർച്ചയോടെ അവൻ സോഫയിലേക്ക് ഇരുന്നു.

” എന്റെ ജീവിതം മാത്രം എന്താ ഭഗവാനെ ഇങ്ങനെ ആയിപ്പോയത്..? “

അവൻ മൗനമായി ദൈവങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു.

സീമയുടെയും ജയന്റെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷത്തോളമാകുന്നു. അന്നുമുതൽ ഇന്നുവരെ സീമ ജയന് ഒരിക്കലും പിടി കൊടുക്കാത്ത ഒരു ക്യാരക്ടർ ആണ്.

അച്ഛനും അമ്മയും ഒരു അനിയനും അനിയത്തിയും അടങ്ങുന്ന കുടുംബമാണ് ജയന്റേത്.വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും കടന്നു പോയിരുന്ന ഒരു അന്തരീക്ഷമായിരുന്നു ആ കുടുംബത്തിൽ.

ജയന്റെ അച്ഛൻ ഒരു പ്രവാസിയായിരുന്നു. അമ്മയാണെങ്കിൽ വീട്ടമ്മയും. പക്ഷേ അത്യാവശ്യം ആട് വളർത്തലും കോഴി വളർത്തലും ഒക്കെയായി ഒരു കുടുംബം കഴിഞ്ഞു പോകാനുള്ള വരുമാനം അവർ ഉണ്ടാക്കുന്നുണ്ടായിരുന്നു.

അച്ഛനെയും അമ്മയുടെയും കഷ്ടപ്പാടിന്റെ ഫലമായി മക്കൾ മൂന്നാളും നല്ല രീതിയിൽ പഠിക്കുകയും നല്ല നല്ല ജോലികൾ സമ്പാദിക്കുകയും ചെയ്തു.

തങ്ങൾക്ക് വേണ്ടി അച്ഛനും അമ്മയും കഷ്ടപ്പെട്ടത് മുഴുവൻ മക്കളുടെ മനസ്സിൽ ഉള്ളതുകൊണ്ടു തന്നെ ഒരുകാലത്തും അവരെ തനിച്ചാക്കില്ല എന്ന് മക്കൾ മൂന്നാളും ഉള്ളിൽ ഒരു തീരുമാനം എടുത്തിരുന്നു.

താഴെയുള്ള രണ്ടു മക്കളെക്കാൾ കൂടുതൽ ജയൻ അച്ഛനോടും അമ്മയോടും ഒരുപാട് സ്നേഹമായിരുന്നു. അതുകൊണ്ടു തന്നെ അച്ഛനെയും അമ്മയെയും അവൻ നോക്കിക്കോളാം എന്ന് പലപ്പോഴും അവൻ പറഞ്ഞിട്ടുണ്ട്.

അതൊക്കെ കേൾക്കുമ്പോൾ മാതാപിതാക്കൾക്ക് ഒരുപാട് സന്തോഷം തോന്നുമെങ്കിലും അവർ സ്നേഹത്തോടെ അത് നിരസിക്കും.

” ഞങ്ങൾക്ക് ആരോഗ്യമുള്ള കാലത്തോളം ഞങ്ങളെ നോക്കാനായി ആരും മെനക്കെടണ്ട.. അവരവർക്ക് അവരവരുടേതായ ജീവിതമുണ്ട്. നിങ്ങൾ നല്ല രീതിയിൽ ജീവിച്ചു കാണുന്നതാണ് ഞങ്ങളുടെ സന്തോഷം.”

അച്ഛനും അമ്മയും ഒരേ സ്വരത്തിൽ പറഞ്ഞത് അങ്ങനെയായിരുന്നു.

അച്ഛൻ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് വരാൻ തനിക്ക് ഒരു ജോലി ഉണ്ടായേ മതിയാകൂ എന്ന് തിരിച്ചറിഞ്ഞപ്പോൾ ജയൻ എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടണം എന്നുള്ള ഉദ്ദേശത്തോടെ വാശിയോടെ പഠിച്ചു തുടങ്ങി.

പിഎസ്സി നിയമനം വഴി അവന് ജോലി ലഭിക്കുകയും ചെയ്തു.അവന് ജോലി കിട്ടിയപ്പോൾ മുതൽ അച്ഛനോട് നാട്ടിലേക്ക് വരാൻ പറഞ്ഞു അവൻ ബഹളം തുടങ്ങി.

അധികം വൈകാതെ ഇളയ അനിയനും ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറിയതോടെ അവന്റെ കൂടി നിർബന്ധമായി. രണ്ടു മക്കളുടെയും വാശിക്ക് തോറ്റു കൊടുക്കേണ്ടി വന്നു ജയന്റെ അച്ഛന്.

അച്ഛൻ നാട്ടിൽ വന്നതിനു ശേഷം ജയന് വിവാഹമാലോചിക്കുകയും ചെയ്തു. ആ പ്രായത്തിൽ വിവാഹം ചെയ്യാൻ താല്പര്യമില്ലായിരുന്നു എങ്കിലും അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് അവൻ വഴങ്ങിക്കൊടുക്കുകയായിരുന്നു.

അച്ഛനും അമ്മയും ചേർന്ന് കണ്ടെത്തിയതാണ് സീമയെ. കാഴ്ചയിൽ തെറ്റില്ലാത്ത ഒരു സാധാരണ പെൺകുട്ടി എന്നാണ് അവളെ കണ്ടപ്പോൾ ജയന് തോന്നിയത്.

പിന്നെ കാഴ്ചയിലുള്ള സൗന്ദര്യത്തിനേക്കാൾ ബന്ധങ്ങൾ തമ്മിലുള്ള ഇഴയടുപ്പം നിലനിർത്തിക്കൊണ്ടു പോകുന്നത് പെരുമാറ്റമാണ് എന്ന് അവനു അറിയാമായിരുന്നു.

അധികം വൈകാതെ അവരുടെ വിവാഹവും നടത്തി. പക്ഷേ അതിനുശേഷം ആയിരുന്നു ആ വീട്ടിലുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്.

അത് ഒരു കൂട്ടുകുടുംബം ആയതുകൊണ്ട് തന്നെ സീമയ്ക്ക് അവിടെ അഡ്ജസ്റ്റ് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു.

ആ വീട്ടിലുള്ള ആരും ജയനോട് അടുപ്പം കാണിക്കുന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല ആയിരുന്നു.അതിന്റെ പേരിൽ പല ദിവസങ്ങളിലും അവിടെ പലതരത്തിലുള്ള സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്.

ഒക്കെയും നല്ല രീതിയിൽ പരിഹരിച്ച് മുന്നോട്ടു പോകാനാണ് ജയൻ ശ്രമിച്ചത്.

” ഒരു പ്രശ്നം ഉണ്ടാകാൻ ഇത്തിരി നേരം മതി.പക്ഷേ അതൊന്നുമില്ലാതെ മനോഹരമായി ജീവിച്ചു കാണിക്കുമ്പോഴാണ് ജീവിതത്തിന് ഒരു ഭംഗിയുണ്ടാവുക.. “

പലപ്പോഴും അച്ഛനും അമ്മയും അവനെ ഉപദേശിച്ചിട്ടുണ്ട്. അതൊക്കെ കൊണ്ടുതന്നെ അവൾ എത്രയൊക്കെ പ്രശ്നമുണ്ടാക്കിയാലും അത് പരിഹരിച്ചു മുന്നോട്ടുപോകാനാണ് അവൻ ശ്രമിക്കാറ്.

പക്ഷേ ഒരു ദിവസം കാര്യങ്ങൾ കൈവിട്ടു പോയി. അവൾ കുളിക്കുകയായിരുന്ന സമയത്ത് ജോലി കഴിഞ്ഞു വന്ന അവനു അമ്മ ചായ കൊണ്ട് കൊടുത്തു. അവൻ ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അവൾ കുളി കഴിഞ്ഞ് ഇറങ്ങി വന്നത്.

അമ്മ കൊണ്ടുവന്ന് കൊടുത്ത ചായ അവൻ കുടിച്ചു എന്ന് പറഞ്ഞു അവൾ അവിടെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി. അവസാനം ദേഷ്യം സഹിക്കാൻ വയ്യാതെ ജയൻ അവൾക്കിട്ട് ഒന്ന് പൊട്ടിക്കുകയും ചെയ്തു.

അത് ഒരു അവസരമാക്കി ഇവിടെ കലഹിച്ച് അവൾ അവളുടെ വീട്ടിലേക്ക് പോയി. അവളെ തിരികെ വിളിക്കാൻ അവൻ ചെന്നാൽ മാത്രമേ അവൾ ഒപ്പം വരുള്ളൂ എന്ന് അവളുടെ വീട്ടിൽ നിന്ന് അച്ഛനും ആങ്ങളയും ഒക്കെ വിളിച്ചു പറഞ്ഞു.

എന്റെ വീട്ടുകാരെ സ്വന്തമായി കാണാൻ വയ്യാത്ത ഒരുത്തിയെ എനിക്ക് വേണ്ട എന്ന് അവൻ തീരുമാനമെടുത്തു. പക്ഷേ അച്ഛനും അമ്മയും ഒക്കെ അവന്റെ തീരുമാനത്തെ എതിർത്തു.

പുതിയൊരു ജീവിതത്തിലേക്കും ചുറ്റുപാടിലേക്ക് കയറി വന്നതിന്റെ പ്രശ്നങ്ങൾ കൊണ്ടാണ് അവൾ ഇങ്ങനെ ഓരോന്ന് പറയുന്നത് എന്ന് അച്ഛനും അമ്മയും അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

അവർ ഒരുപാട് പറഞ്ഞതിന്റെ ഫലമായി അവൻ അവളെ കാണാൻ പോയി.

പക്ഷേ അവൾ തിരികെ വരണമെങ്കിൽ അവന് ദൂരേക്ക് ട്രാൻസ്ഫർ വാങ്ങണമെന്നും അവിടെ അവനും അവൾക്കും മാത്രമായി ഒരു വിട് എടുത്തു താമസിക്കണം എന്നുമൊക്കെ അവർ ഡിമാൻഡ് വച്ചു.

അവൾ പറഞ്ഞതൊക്കെ കേട്ടിരുന്നു എന്നല്ലാതെ അവൻ മറുപടിയൊന്നും പറഞ്ഞിരുന്നില്ല. വീട്ടിൽ വന്ന് അത് പറഞ്ഞപ്പോഴും അവളുടെ തീരുമാനത്തിന് ഒപ്പം നിൽക്കാനാണ് അവിടെയുള്ളവർ ഒരേ സ്വരത്തിൽ അവനോട് പറഞ്ഞത്.

ഒടുവിൽ അവരുടെയൊക്കെ നിർബന്ധത്തിന് വഴങ്ങിയാണ് തലസ്ഥാന നഗരിയിലേക്ക് ട്രാൻസ്ഫർ വാങ്ങി അവൻ അവിടേക്ക് എത്തിയത്. അവനും അവളും മാത്രമായിട്ടുള്ള ജീവിതം ആയപ്പോൾ അവൾക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെയായി.

അവൻ തന്റേതു മാത്രമാണ് എന്നൊരു സ്വാർത്ഥതയായിരുന്നു അവളിൽ നിറഞ്ഞു നിന്നത്.

വല്ലപ്പോഴും മാത്രമാണ് അവൻ നാട്ടിലേക്ക് പോകുക. അതും അവൻ അവന്റെ വീട്ടിലേക്ക് പോകുമ്പോൾ അവൾ അവളുടെ വീട്ടിലേക്ക് ആണ് പോവുക.

മൂന്നും നാലും മാസം കൂടുമ്പോൾ ഒരിക്കലാണ് അവൻ വീട്ടിലേക്ക് പോയിരുന്നത്. അതിന്റെ പേരിലും അവൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. പക്ഷേ അപ്പോഴും മാസത്തിൽ ഒന്ന് വീതം അവളുടെ വീട്ടിലേക്ക് അവൻ ഒപ്പം ചെല്ലണമെന്ന് അവൾ വാശി പിടിക്കും.

വർഷങ്ങൾ കടന്നുപോയിട്ടും അവളിൽ യാതൊരു വ്യത്യാസങ്ങളും ഉണ്ടായില്ല. അതിനിടയിൽ ജയന്റെ അനിയന്റെയും അനിയത്തിയുടെയും ഒക്കെ വിവാഹം കഴിഞ്ഞു. അവർക്കൊക്കെ കുട്ടികളുമായി.

പക്ഷേ ജയന് ഇന്ന് വരെ ഒരു കുഞ്ഞിനെ ലാളിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. എന്തെങ്കിലും ട്രീറ്റ്മെന്റ് എടുക്കാം എന്ന് പറഞ്ഞാൽ അതിന്റെ പേരിൽ പോലും സീമ പ്രശ്നങ്ങളുണ്ടാക്കും.

പക്ഷേ ഒരിക്കൽ അവളുടെ നാവിൽ നിന്ന് തന്നെ അവൻ ചില സത്യങ്ങൾ അറിഞ്ഞു.

” ഒരിക്കലും ഒരു കുഞ്ഞ് നമുക്കുണ്ടാവരുത് എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്. അങ്ങനെ കുഞ്ഞുണ്ടായാൽ ചെയ്യേണ്ട സ്നേഹം അതിനും കൂടി പകുത്തു പോകുമല്ലോ..എനിക്ക് അത് സഹിക്കാൻ കഴിയില്ല.. “

അവളുടെ നാവിൽ നിന്ന് അത് കേട്ട ദിവസം അവൻ പാടെ തകർന്നു പോയിരുന്നു.സ്വാർത്ഥതയ്ക്ക് വേണ്ടി ഒരു കുഞ്ഞിനെ പോലും വേണ്ടെന്ന് വയ്ക്കുന്ന നീചയായ ഒരു സ്ത്രീയാണ് അവൾ എന്ന് മനസ്സിലാക്കാൻ ആ ഒരു സംഭവം തന്നെ ധാരാളമായിരുന്നു.

അവളെ ഉപേക്ഷിച്ചു കളയാൻ പോലും അവന് കഴിയില്ല. അവൻ അങ്ങനെ ചിന്തിക്കുന്നു എന്ന് തോന്നിയാൽ പോലും അവൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കും.

എല്ലാംകൊണ്ടും അഴിച്ചു മാറ്റാൻ കഴിയാത്ത ഒരു കുരുക്കായി സീമ ജയന്റെ ജീവിതത്തിൽ ചുറ്റി പിണഞ്ഞു കിടന്നു.

ആയുസ്സൊടുങ്ങുന്നത് വരെയും അവളുടെ വാശികൾക്കും നിർബന്ധങ്ങൾക്കും വഴങ്ങി കൊടുക്കുക എന്നല്ലാതെ അവനു മുന്നിൽ മറ്റ് യാതൊരു വഴികളും ഇല്ല..!!

സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ സ്ത്രീകൾക്കു മുന്നിൽ ഇതുപോലെ നിസ്സഹായരായി നിന്നു പോകുന്ന പല പുരുഷന്മാരും നമ്മുടെ ചുറ്റുമുണ്ട് എന്ന് പലരും മറന്നു പോകുന്നുണ്ട്.