രചന : അപ്പു
::::::::::::::::::::::::::::
” എനിക്ക് ഈ മാസം ഒന്ന് വീട്ടിൽ പോകണം.. “
രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് സന്ധ്യ മനോജിനെ ഓർമിപ്പിച്ചു.
“ഇപ്പോൾ അവിടെ പോകേണ്ട ആവശ്യമെന്താ..?”
മനോജ് ചോദിച്ചപ്പോൾ സന്ധ്യ അവനെ തുറിച്ചു നോക്കി.
“ഞാൻ എന്റെ വീട്ടിൽ പോകുന്നതിന്റെ ആവശ്യമുണ്ടെന്ന് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല..”
അവൾ പറഞ്ഞപ്പോൾ അവൻ ദേഷ്യത്തോടെ അവളെ നോക്കി.
“ഇവിടെ എന്തൊക്കെ നടക്കണം നടക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്..”
അത്രയും പറഞ്ഞു കൊണ്ട് കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ തിരിഞ്ഞ് കിടന്നു. അവൾക്ക് സങ്കടം കൊണ്ട് നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു..!
താൻ തന്റെ വീട്ടിലേക്ക് പോയിട്ട് അഞ്ചു മാസം ആകുന്നു.. തനിക്കും ഉണ്ടാവില്ലേ സ്വന്തം വീട്ടിലേക്ക് പോകണമെന്നും അവിടെ കുറച്ചു ദിവസം നിൽക്കണം എന്നുമൊക്കെ..!
അവൾ അടക്കി പിടിച്ച തേങ്ങലോടെ മറുവശത്തേക്ക് തിരിഞ്ഞു കിടന്നു..
നിമിഷങ്ങൾക്കകം ഒരു കൈ തന്റെ വയറിലൂടെ ഇഴഞ്ഞു വരുന്നത് അവൾ അറിഞ്ഞു.. അതിനു മുറുക്കം കൂടുന്നതും ആ കൈകൾ തന്റെ മേൽ പുതിയ സഞ്ചാര പദങ്ങൾ തേടുന്നതും അറിഞ്ഞു..
യാതൊരു ഭാവ ഭേദവും ഇല്ലാതെ നിർവികരതയോടെ അവൾ അവന്റെ ആവശ്യങ്ങൾ പൂർത്തിയാക്കുന്നത് വരെയും കിടന്നു കൊടുത്തു.
അവന്റെ ആവശ്യം കഴിഞ്ഞ ഉടനെ അഴിഞ്ഞുപോയ തുണികൾ എടുത്തുകൊണ്ട് അവൻ തിരിഞ്ഞു കിടന്നുറങ്ങുന്നത് അവൾ അറിഞ്ഞു. അപ്പോഴും അവളെ ഒന്ന് ചേർത്തു പിടിക്കാനും സംസാരിക്കാനും ഒന്നും അവൻ മുതിർന്നില്ല.
എല്ലാദിവസവും നടക്കുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെ ആയതുകൊണ്ട് അവൾക്ക് പ്രത്യേകിച്ച് യാതൊരു ഭാവ ഭേദവും ഉണ്ടായതുമില്ല.
പിറ്റേന്ന് രാവിലെ 5 മണിക്ക് തന്നെ എഴുന്നേറ്റു വീട്ടിലെ ജോലികൾ ഓരോന്നായി അവൾ തീർത്തു. അതിനിടയിൽ അവനെ വിളിച്ചുണർത്തുന്നതും എക്സർസൈസ് ചെയ്യാൻ പറഞ്ഞയക്കുന്നതും അവന് കാപ്പി കൊടുക്കുന്നതും ഒക്കെ അവളുടെ ജോലികളാണ്.
എത്രയൊക്കെ ചെയ്താലും ചെയ്താലും തീരാത്ത ജോലികളാണ് ആ വീട്ടിലുള്ളത് എന്ന് പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്.
“എനിക്ക് ഇറങ്ങാനായി.. ഇവിടെ വല്ലതും കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കിൽ എടുത്തുകൊണ്ടു വാ..”
മനോജ് ആക്രോശിച്ചപ്പോൾ സന്ധ്യ വേഗം തന്നെ കാസ്റോൾ എടുത്ത് ഡൈനിങ് ടേബിളിലേക്ക് നടന്നു.
“ഞാൻ വന്നു ചോദിച്ചാൽ മാത്രമേ ആഹാരം തരികയുള്ളൂ..”
അവളെ രൂക്ഷമായി നോക്കിക്കൊണ്ട് അവൻ ഡൈനിങ് ടേബിളിലേക്ക് ഇരുന്നു. അവനു വേണ്ടുന്ന ആഹാരം വിളമ്പി കൊടുക്കുന്നതിനിടയിൽ തന്നെ കുഞ്ഞ് ഉണർന്ന് കരയുന്നത് സന്ധ്യ കേൾക്കുന്നുണ്ടായിരുന്നു.
പക്ഷേ അവന് ആഹാരം വിളമ്പി കൊടുക്കുന്നതിനിടയിൽ അവൾ എവിടെയെങ്കിലും മാറി നിന്നാൽ അവന് ദേഷ്യം വരും. ആ ദേഷ്യം പലപ്പോഴും അസഭ്യ വർഷങ്ങളായും ദേഹോപദ്രവങ്ങളായും അവളിൽ പ്രകടിപ്പിക്കാറുണ്ട്.
അതുകൊണ്ടുതന്നെ കുഞ്ഞ് ഉണർന്നു കരഞ്ഞിട്ടും അവൻ അടുത്തേക്ക് പോകാൻ കഴിയാതെ സന്ധ്യ നിന്ന് ഞെളി പിരി കൊണ്ടു.
കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം കേട്ടപ്പോൾ മനോജ് ഈർഷ്യയോടെ അവളെ നോക്കി.
“ആ കൊച്ചു കരയുന്നത് നിനക്ക് ചെവി കേൾക്കാൻ പാടില്ലേ..? ഒന്നു പോയി അവനെ എടുത്തുകൂടെ..? “
അവൻ ചോദിച്ചപ്പോൾ ജീവൻ തിരിച്ചു കിട്ടിയത് പോലെ അവൾ കുഞ്ഞിന്റെ അടുത്തേക്ക് ഓടി.
കുഞ്ഞിനെ എടുത്ത് വാത്സല്യത്തോടെ നെഞ്ചോട് ചേർക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
ഈ വീട്ടിൽ തനിക്ക് ഒരു അടിമയുടെ വില പോലും ഇല്ലല്ലോ എന്ന് അവൾ ഓർത്തു.
മനോജ് പറയുന്ന താളത്തിനൊപ്പം ചലിക്കുന്ന ഒരു പാവം മാത്രമാണ് താൻ എന്ന് ഓർത്തപ്പോൾ അവൾക്ക് ദേഹം വിറകൊണ്ടു.
അച്ഛന്റെയും അമ്മയുടെയും രാജകുമാരിയായി ജീവിച്ച താനാണ് എന്ന് ഈ വീട്ടിലെ അടിമയെ പോലെ..!
കുഞ്ഞിന് മധുരം പകർന്നു കൊടുക്കുമ്പോൾ അവൻ മുറിയിലേക്ക് ഒന്ന് എത്തി നോക്കി.
“ഞാൻ ഇറങ്ങുകയാണ്..”
അത്രയും പറഞ്ഞുകൊണ്ട് അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
അപ്പോഴാണ് അവനുള്ള ആഹാരം എടുത്തു കൊടുത്തിട്ടില്ല എന്നൊരു ചിന്ത അവളെ കടന്നുകൂടിയത്.
തിടുക്കപ്പെട്ട് കുഞ്ഞിനെ അടർത്തിമാറ്റിക്കൊണ്ട് അവൾ അവനു പിന്നാലെ ഓടി.
” മനോജേട്ടാ ഫുഡും കൂടി എടുത്തോളൂ..”
എടുത്തു വച്ചിരുന്ന ആഹാരം ഡൈനിങ് ടേബിൾ നിന്ന് അവന്റെ കൈയിലേക്ക് പകർന്നു കൊടുത്തു.
” ഇതൊക്കെ നേരത്തും കാലത്തും എന്റെ ബാഗിലേക്ക് എടുത്തു വയ്ക്കാൻ പാടില്ലേ..?നിനക്ക് ഇവിടെ വേറെ എന്ത് മലമറിക്കുന്ന പണിയാണുള്ളത്..?”
അവൻ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അവൾ മറുപടി പറയാതെ തലകുനിച്ചു.
അവൻ വീട്ടിൽ നിന്ന് പോയി കഴിഞ്ഞതിനു ശേഷം അവൾ വേഗം തന്നെ കുഞ്ഞിനെ ഒന്ന് കുളിപ്പിച്ച് അവനു ആഹാരം കൊടുത്തു. വയറു നിറഞ്ഞു കഴിഞ്ഞപ്പോൾ അവൻ അവിടെ ഇരുന്ന് കളിക്കാൻ തുടങ്ങി.
കുഞ്ഞിന് ചുറ്റും കളിപ്പാട്ടങ്ങൾ നിരത്തിയിട്ടു കൊടുത്തിട്ട് അവൾ വീണ്ടും ഓരോ പണികളിലേക്ക് തിരിഞ്ഞു.
കുഞ്ഞ് ഒന്നുറങ്ങിയ നേരത്താണ് അവൾ ഓടി പോയി കുളിച്ചിട്ടു വന്നത്. ആഹാരം കഴിക്കാൻ ഇരിക്കുന്നതിനു മുമ്പ് തന്നെ കുഞ്ഞ് വീണ്ടും ഉണർന്നു വരികയും ചെയ്തു.
ഉറങ്ങി എഴുന്നേറ്റതിനുശേഷം കുഞ്ഞിന് നല്ല വാശി ആയതുകൊണ്ട് തന്നെ അവനെ ഒന്ന് നിലത്തിരുത്താൻ പോലും അവൾക്ക് കഴിഞ്ഞില്ല.
കുഞ്ഞിനെയും കൊണ്ട് അവൾ അവിടെയിരുന്നു. അവൾ ആഹാരം കഴിച്ചിട്ടില്ല എന്നുള്ളത് മനപ്പൂർവം അവൾ മറവിക്ക് വിട്ടുകൊടുത്തു.
വൈകുന്നേരം അവൻ വന്നപ്പോഴും കുഞ്ഞ് അവളുടെ കയ്യിൽ നിന്നും മാറാൻ തയ്യാറായിരുന്നില്ല. കുഞ്ഞിനെയും കയ്യിൽ വച്ചുകൊണ്ട് തന്നെ അവനുള്ള ചായ ഉണ്ടാക്കി കൊടുക്കുകയും അവന്റെ വസ്ത്രങ്ങൾ അലക്കാൻ വേണ്ടി മാറ്റി ഇടുകയും ഒക്കെ ചെയ്തു.
അവൻ കുളിച്ച് ഫ്രഷായി വന്നതിനുശേഷം കുഞ്ഞിനെ അവൾ അവനു കൈമാറി. ഒരു ദിവസത്തിൽ അവൻ കുഞ്ഞിനെ എടുക്കുന്ന കുറച്ചു സമയം അപ്പോഴാണ്..
പണികളൊക്കെ ഒരുവിധം ഒന്നും ഒതുങ്ങി വന്നപ്പോഴേക്കും കുഞ്ഞ് വീണ്ടും കരച്ചിലായി. കുഞ്ഞിനെ ഒന്ന് ഉറക്കി വന്നപ്പോഴേക്കും അവൻ ബഹളം തുടങ്ങിയിരുന്നു.
“ഇവിടെ മലമറിക്കുന്ന ജോലിയൊന്നും ഇല്ലല്ലോ..? എന്നിട്ടും ഈ വീടും വൃത്തിയാക്കി ഇടാൻ നിന്നെക്കൊണ്ട് പറ്റില്ല..? വല്ലാത്തൊരു സാധനം തന്നെയാണ്.. ഇങ്ങനെ വൃത്തിയും വെടുപ്പുമില്ലാത്ത ഒന്നിനെയാണല്ലോ എന്റെ തലയിൽ കെട്ടിവച്ചത്..!”
അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
താൻ എത്രയൊക്കെ ശ്രദ്ധിച്ച് ഓരോന്ന് ചെയ്താലും അതിൽ മുഴുവൻ കുറ്റം കണ്ടുപിടിക്കാനും തന്നെ അടിമയായി ഇവിടെ വാഴിക്കാനും മാത്രമാണ് അവന് താല്പര്യമെന്നും ഇതിനോടകം തന്നെ അവൾക്കു മനസ്സിലായിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അവന് അവധിയുള്ള ഒരു ദിവസം എന്തോ നിസാര കാര്യത്തിന് അവളോട് ദേഷ്യപ്പെടുന്നതും കണ്ടു കൊണ്ടാണ് അവളുടെ അച്ഛനും അമ്മയും ആ വീട്ടിലേക്ക് കയറി വന്നത്.
പെട്ടെന്ന് ആ സമയത്ത് അവളുടെ മാതാപിതാക്കളെ അവിടെ കണ്ടതോടെ അവൻ ഒന്ന് പരുങ്ങി. കണ്ണീരോടെ നിൽക്കുന്ന മകളെ കണ്ടപ്പോൾ അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല.
“ഇവളെ നിനക്ക് വിവാഹം കഴിച്ചത് എന്ന് കരുതി ഞങ്ങൾക്ക് ഇവളിൽ ഒരു അധികാരവും അവകാശവും ഇല്ല എന്നല്ല അതിന്റെ അർത്ഥം. മരിക്കുന്നതു വരെയും ഇവൾ ഞങ്ങളുടെ മകളാണ്. അവൾക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന് പറഞ്ഞ് അവളുടെ മെക്കിട്ടു കയറാൻ നിൽക്കണ്ട..”
അവളുടെ അച്ഛൻ കർശനമായി പറഞ്ഞപ്പോൾ അവൻ തലകുനിച്ചു.
“ഓരോ തവണയും ഇവിടത്തെ വിശേഷങ്ങൾ അന്വേഷിച്ച് ഞങ്ങൾ ഫോൺ ചെയ്യുമ്പോൾ ഇവിടെ ഇവൾക്ക് പരമാനന്ദ സുഖമാണ് എന്നാണ് ഇവൾ പറഞ്ഞിരുന്നത്. പക്ഷേ അതൊക്കെ പൊള്ളയായ വാക്കുകൾ ആണെന്ന് കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾക്ക് മനസ്സിലായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവളെ ഫോൺ ചെയ്തിട്ട് കിട്ടിയില്ല. അതുകൊണ്ട് ഒരു സമാധാനം ഇല്ലാതെയാണ് ഇന്ന് ഇവളെയും അന്വേഷിച്ച് ഇവിടേക്ക് വന്നത്. അതെന്തുകൊണ്ടും നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. അതുകൊണ്ടാണല്ലോ പല മുഖംമൂടികളും എന്റെ മുന്നിൽ ഇങ്ങനെ അഴിഞ്ഞു വീഴുന്നത്.. “
അവളുടെ അച്ഛൻ പറഞ്ഞപ്പോൾ അവനും അവളും ഒരുപോലെ ഓർത്തത് കഴിഞ്ഞ തവണ എന്തോ പ്രശ്നം ഉണ്ടാക്കിയപ്പോൾ അവൻ എടുത്തെറിഞ്ഞ അവളുടെ ഫോണിനെ കുറിച്ചായിരുന്നു.
” എന്തായാലും ഇനിയും ഇവിടെ നിനക്ക് പന്ത് തട്ടാൻ അവളെ ഇവിടെ നിർത്തുന്നില്ല. അവളെയും ഞങ്ങൾ കൂടെ കൊണ്ടുപോവുകയാണ്. നിനക്ക് അവളെയും കുഞ്ഞിനെയും വേണമെന്നുണ്ടെങ്കിൽ നിന്റെ ഈ സ്വഭാവത്തിന് മാറ്റം വരുത്തി അവളെ നിന്റെ ഭാര്യയായി സ്നേഹിക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം നീ ഞങ്ങളുടെ വീട്ടിലേക്ക് വരണം. വീണ്ടും ഒരു അടിമയായി അവളെ കണക്കാക്കാൻ ആണ് നിന്റെ ഭാവമെങ്കിൽ എന്റെ സ്വഭാവം ഇങ്ങനെ ആയിരിക്കില്ല എന്നുകൂടി ഞാൻ പറഞ്ഞേക്കാം.. “
അവനോട് അത്രയും പറഞ്ഞുകൊണ്ട് അദ്ദേഹം മകൾക്ക് നേരെ തിരിഞ്ഞു.
” നിനക്ക് ഇവിടുന്ന് എടുക്കാൻ ഉള്ളത് എന്താണെന്ന് വെച്ചാൽ എടുത്തിട്ട് ഇപ്പോൾ ഞങ്ങളോടൊപ്പം വരണം. ബാക്കിയൊക്കെ പിന്നെ തീരുമാനിക്കാം.. “
അച്ഛൻ അത് പറഞ്ഞപ്പോൾ അത് അനുസരിക്കാതിരിക്കാൻ അവൾക്ക് കഴിയില്ലായിരുന്നു. കാരണം രണ്ടുവർഷത്തെ ദാമ്പത്യത്തിനിടയിൽ അത്രത്തോളം അവൾ അനുഭവിച്ചു കഴിഞ്ഞിരുന്നു.
അച്ഛന്റെയും അമ്മയുടെയും കൂടെ കുഞ്ഞിനെയും കൂടി ആ പടിയിറങ്ങുമ്പോൾ അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി.
നീ പോയാലും എനിക്ക് പുല്ലാണ് എന്നൊരു മുഖഭാവം മാത്രമായിരുന്നു ആ നിമിഷം അവനിൽ ഉണ്ടായിരുന്നത്.
ഒരിക്കലും അവനിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല എന്ന തിരിച്ചറിവിൽ നെടുവീർപ്പോടെ അവൾ മാതാപിതാക്കളോടൊപ്പം നടന്നു.