മര്യാദയ്ക്ക് എവിടെയെങ്കിലും ഇട്ടോണ്ട് പോകാം എന്ന് വെച്ചാൽ ഒരു തുണി പോലും ഇല്ലല്ലോ ഈശ്വരാ….

രചന : അപ്പു

” മര്യാദയ്ക്ക് എവിടെയെങ്കിലും ഇട്ടോണ്ട് പോകാം എന്ന് വെച്ചാൽ ഒരു തുണി പോലും ഇല്ലല്ലോ ഈശ്വരാ.. “

അവൾ കബോർഡും തുറന്നു പറയുന്നത് കേട്ടുകൊണ്ടാണ് അവൻ മുറിയിലേക്ക് കയറി. അവൻ അവളെയും കബോർഡിലേക്കും ഒന്ന് നോക്കി.

“ഈ അടുക്കി വെച്ചിരിക്കുന്ന തുണികൾ ഒന്നും പോരാഞ്ഞിട്ടാണോ നീ ഈ പറയുന്നത്..?”

അത് കേട്ടതും അവൾ അവനെ തുറിച്ച് നോക്കി.

“ഇതൊക്കെ ഇട്ടോണ്ട് എനിക്ക് പോകാൻ പറ്റും എന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്.? ഇതൊക്കെ എനിക്ക് ഭയങ്കര വണ്ണം തോന്നിക്കും.. എന്ന് തന്നെയല്ല എന്റെ കളർ കൂടുതൽ മങ്ങിപ്പോവുകയുള്ളൂ.. ഒരുപാട് ആളുകൾ വരുന്ന ഫംഗ്ഷൻ അല്ലേ..? ഞാൻ മോശമായി പോയാൽ എല്ലാവരും കൂടി എന്നെ ഇട്ട് ഓരോന്ന് പറയാൻ തുടങ്ങും..”

അവൾ സങ്കടത്തോടെ പറഞ്ഞപ്പോൾ അവനും ഒരു നിമിഷം അവളെ ഒന്ന് നോക്കി.

അവൾ പറഞ്ഞത് ശരിയാണ്. ഈയിടെയായി അവൾക്ക് വല്ലാതെ വണ്ണം കൂടുന്നുണ്ട്. എന്നുമാത്രമല്ല വണ്ണം കൂടുന്ന ഫലമായി അവളുടെ കളർ മങ്ങുകയും ചെയ്യുന്നുണ്ട്.

” അതിന് നീ ഇങ്ങനെ വിഷമിച്ചാൽ എന്താ ചെയ്യാൻ പറ്റുക..? ഉള്ളതിൽ നല്ലതു ഒരെണ്ണം എടുത്തിട്ടു പോകണം എന്നല്ലാതെ ഇതിൽ വണ്ണവും വണ്ണമില്ലായ്മയും ഒക്കെ നോക്കിയിട്ട് കാര്യമുണ്ടോ..? ഇതിനനുസരിച്ച് വീണ്ടും വീണ്ടും തുണികൾ വാങ്ങിക്കൂട്ടാനുള്ള വരുമാനം ഒന്നും എനിക്കില്ലല്ലോ.. “

അവൻ പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ അവനെ നോക്കി.

“നിങ്ങൾക്ക് ഞാൻ എന്തു പറഞ്ഞാലും നിസാരമാണ്. അതുകൊണ്ടാണല്ലോ ഞാൻ വലിയ വിഷമമായി കൊണ്ടുനടക്കുന്ന ഒരു കാര്യത്തിനെ കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ ഒരു സാമട്ട് എന്നോട് കാണിക്കുന്നത്..?”

ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൾ ബെഡിലേക്ക് വന്നിരുന്നു.അവളെ ഒന്ന് അനുനയിപ്പിക്കണം എന്ന ഉദ്ദേശത്തോടു കൂടി അവനും ഒന്ന് അവളുടെ അടുത്ത് വന്നിരുന്നു.

” നീ ഇങ്ങനെ പൊട്ടിത്തെറിക്കാനും ദേഷ്യപ്പെടാനും മാത്രം എന്താണ് ഉണ്ടായത്..? ഈയിടെ നിനക്ക് വണ്ണം കൂടുന്നുണ്ട് എന്നെനിക്കറിയാം. അത് ഞാനും ശ്രദ്ധിക്കുന്നുണ്ട്.. പക്ഷേ അതിൽ ഇപ്പോൾ ഞാൻ എന്ത് ചെയ്യാനാ..?”

അവൻ ചോദിച്ചപ്പോൾ പരിഭവം കൊണ്ട് അവളുടെ ചുണ്ടുകൾ കൂർത്തു.

“എനിക്ക് വണ്ണം കൂടി പോകുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയില്ല.സത്യം പറഞ്ഞാൽ ആഹാരം പോലും ഞാനിപ്പോൾ മര്യാദയ്ക്ക് കഴിക്കുന്നില്ല.. എന്നിട്ടും വണ്ണം വീണ്ടും വീണ്ടും കൂടി പോവുകയാണ്.. ഞാനെന്തു ചെയ്തിട്ടാണെന്നാണ്.. എന്നിട്ടും എന്നെ കാണുമ്പോൾ മുഴുവൻ ആളുകൾ എന്തെല്ലാം തരത്തിലുള്ള കമന്റ് പറയുന്നു എന്നറിയാമോ..?”

അവൾ സങ്കടത്തോടെ ചോദിച്ചപ്പോൾ തന്നെ ഗൗരവമുള്ള എന്തൊക്കെയോ നടന്നിട്ടുണ്ട് എന്ന് അവന് തോന്നി. അല്ലെങ്കിൽ ഒരിക്കലും അവൾ ഇത്തരത്തിലുള്ള പ്രതികരണങ്ങളൊന്നും നടത്താറില്ല.

“എന്താടോ…? എന്താ നിന്റെ വിഷമം..?”

അവൻ ചോദിച്ചപ്പോൾ അവൾ ഒരു നിമിഷം അവനെ ഒന്നു നോക്കി.

” ഇന്ന് രാവിലെ അമ്മ എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ..? ഞാൻ വണ്ണം വെച്ച് വണ്ണം വെച്ച് ഈ വീട്ടിലെ കട്ടളയിലൂടെ ഞാൻ കടക്കാതെയായി എന്ന്. ഇനി പുതിയ കട്ടിള വയ്ക്കാൻ ഏട്ടനോട് പറയണം എന്നൊക്കെ പറഞ്ഞ് അമ്മ വലിയ തമാശ പോലെ ചിരിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് അപ്പുറത്തെ അമ്മിണിയെട്ടത്തിയും ഇവിടെ ഉണ്ടായിരുന്നു. അമ്മ പറഞ്ഞത് ശരിയാണ് എന്ന മട്ടിൽ അവരും കുലുങ്ങി കുലുങ്ങി ചിരിക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു.. “

അവൾ പറഞ്ഞപ്പോൾ അവന് അതിനിപ്പോൾ എന്താ എന്നൊരു ഭാവം ആയിരുന്നു.

” എടി നിനക്ക് വണ്ണം ഉള്ളതുകൊണ്ട് അമ്മ ഒരു തമാശ പോലെ പറഞ്ഞതായിരിക്കും അത്. അമ്മ പറഞ്ഞത് കേട്ട് അമ്മിണിയേട്ടത്തിയും ചിരിച്ചിട്ടുണ്ടാവും. അതിൽ ഇപ്പോൾ എന്ത് ചെയ്യണം..? “

അവൻ ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

” ഞാനൊന്നു ചോദിക്കട്ടെ ചേട്ടാ..? എന്നെക്കാൾ വണ്ണം അമ്മക്ക് ഉണ്ടല്ലോ.. ഞാനൊരിക്കലെങ്കിലും അമ്മയോട് ഇങ്ങനെയുള്ള തമാശകൾ പറഞ്ഞതായി ചേട്ടൻ കേട്ടിട്ടുണ്ടോ..? “

അവൾ ചോദിച്ചപ്പോൾ അവന് മറുപടിയുണ്ടായിരുന്നില്ല.അവൾ പറഞ്ഞത് ശരിയാണ്. അമ്മയ്ക്ക് അവളെക്കാൾ വണ്ണം ഉണ്ട്.പക്ഷേ ഒരിക്കൽ പോലും ആ പേരും പറഞ്ഞ് അവൾ അമ്മയെ കളിയാക്കുന്നത് കേട്ടിട്ടില്ല.

“കഴിഞ്ഞ ആഴ്ച നിങ്ങളുടെ അനിയത്തി ഇവിടെ വന്നപ്പോൾ പറഞ്ഞതെന്താണെന്നറിയാമോ..? എന്റെ ചേട്ടനും അമ്മയ്ക്കും ഒന്നും കൊടുക്കാതെ ഉള്ളത് മുഴുവൻ നാത്തൂൻ വലിച്ചു വാരി തിന്നുകയാണല്ലോ എന്ന്..! ആ സമയത്ത് എനിക്ക് എത്രമാത്രം വിഷമമെന്നറിയാമോ..? തടിച്ചി പാറു എന്ന് അവൾ എനിക്കൊരു ഓമന പേരുമിട്ടു.”

സങ്കടത്തോടെ ഇടറുന്ന ശബ്ദത്തോടെ അവൾ പറഞ്ഞപ്പോൾ ഇത്രയൊക്കെ ഈ വീട്ടിൽ നടന്നു എന്നുള്ള ആലോചനയിലായിരുന്നു അവൻ.

” ഇവിടെ വരികയും പോവുകയും ചെയ്യുന്ന ബന്ധുക്കൾക്കും മുഴുവൻ എന്നെ ഉപദേശിക്കാൻ മാത്രമേ നേരമുള്ളൂ. ആഹാരം കഴിക്കുന്നത് കുറയ്ക്കണം, രാവിലെ എക്സർസൈസ് ചെയ്യണം,.. അങ്ങനെയങ്ങനെ അവർ എനിക്ക് പറഞ്ഞു തരാത്ത കാര്യങ്ങൾ ഒന്നുമില്ല. സത്യം പറഞ്ഞാൽ വണ്ണം വച്ചത് രാജ്യദ്രോഹ കുറ്റം പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. അത്രത്തോളം കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ അനുഭവിക്കുന്നുണ്ട്.”

അത്രയും പറഞ്ഞു കൊണ്ട് അവൾ കിതച്ചു.

“എല്ലാം പോട്ടെ ഞാൻ സോഫയിലോ മറ്റോ ചെന്നിരുന്നാൽ അത് ഒടിഞ്ഞു പോകും എന്ന് വരെ അമ്മ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്. ഞാനെന്തു തെറ്റ് ചെയ്തിട്ടാ ചേട്ടാ..? “

അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു.

“വിഷമിക്കാതെടോ.. തന്റെ ഉള്ളിൽ ഇത്രയും വിഷമങ്ങൾ ഉണ്ട് എന്ന് ഞാൻ അറിയാതെ പോയി. താൻ വണ്ണം വയ്ക്കുന്നത് ഒരിക്കലും തന്റെ കുറ്റം കൊണ്ടല്ലല്ലോ. ഹോർമോൺ ചെയ്ഞ്ച് കൊണ്ട് വണ്ണം വയ്ക്കുന്നതായിരിക്കും ചിലപ്പോൾ. കല്യാണം കഴിഞ്ഞ സമയത്ത് താൻ തീരെ മെലിഞ്ഞിട്ടായിരുന്നല്ലോ.. സത്യം പറഞ്ഞാൽ ആ സമയത്ത് തന്റെ കയ്യിലൊക്കെ പിടിച്ചാൽ എല്ല് കുത്തിക്കൊള്ളുമോ എന്ന ഭയമായിരുന്നു എനിക്ക്. എന്നെ സംബന്ധിച്ച് ഇപ്പോൾ വണ്ണം വച്ചപ്പോഴാണ് തന്നെ കാണാൻ കുറച്ചു കൂടി ഭംഗിയായത്..”

അവൻ പറഞ്ഞപ്പോൾ അവളുടെ സങ്കടം ഒരു നിമിഷത്തേക്ക് എങ്കിലും അവൾ മറന്നു പോയിരുന്നു.

” ഞാൻ വണ്ണം വെച്ചിരിക്കുന്നതാണോ ചേട്ടനു ഇഷ്ടം..?”

അവൾ എടുത്തു ചോദിച്ചു.

“അല്ലാണ്ട് പിന്നെ.. അതുകൊണ്ടല്ലേ നിനക്ക് വണ്ണം വച്ചിട്ട് ഞാൻ ഒന്നും പറയാത്തത്..? നിനക്ക് വണ്ണം വയ്ക്കുമ്പോൾ കാണാൻ നല്ല രസമാണ്..”

അവൻ പറഞ്ഞപ്പോൾ അവളുടെ മുഖം നാണം കൊണ്ട് തുടുത്തു.

” എന്നിട്ടും എന്തിനാ ബാക്കിയുള്ളവർ മുഴുവൻ എന്നെ ഇങ്ങനെ കുറ്റം പറയുന്നത്..? “

അവൾ പരിഭവം പോലെ ചോദിച്ചപ്പോൾ അതിന് കൃത്യമായ ഒരു മറുപടി അവന്റെ പക്കൽ ഉണ്ടായിരുന്നില്ല.

” പണ്ടുമുതലേ വണ്ണമുള്ളവരും നിറം കുറഞ്ഞവരും ഒക്കെ നമ്മുടെ നാട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളവരാണ് എന്ന മട്ടിലാണല്ലോ ആളുകൾ സംസാരിക്കുന്നത്. നീ എത്രയൊക്കെ ശ്രമിച്ചാലും അവരുടെ വായിൽ നിന്ന് ഇതൊക്കെ തന്നെയായിരിക്കും വന്നുകൊണ്ടിരിക്കുന്നത്. എന്തൊക്കെ ശ്രമിച്ചാലും അതിൽ മാറ്റം വരാൻ പോകുന്നില്ല. ആളുകളെ കൊണ്ട് നല്ലത് മാത്രം ജീവിക്കുക എന്ന് പറയുന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്..നീ പിന്നെ എന്തിനാ അതിനെ കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കുന്നത്..? “

അവൻ ചോദിച്ചപ്പോൾ അവൾ വിശ്വാസം വരാതെ അവനെ നോക്കി.

” എന്തിനാ ഇങ്ങനെ നോക്കുന്നത്..? “

അവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് പരുങ്ങി.

” എന്നോട് അപ്പുറത്ത് സിന്ധു ചേച്ചി പറഞ്ഞായിരുന്നു ഞാൻ വണ്ണം വെച്ച് കാണാൻ ഭംഗി ഇല്ലാതായാൽ ഏട്ടൻ എന്നെ ഉപേക്ഷിക്കും എന്ന്..ഏട്ടൻ എന്നോടുള്ള ഇഷ്ടം കുറയുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല.. അതുകൊണ്ട് എങ്ങനെ വണ്ണം കുറയ്ക്കാം എന്ന് ആലോചിച്ചു നടക്കുകയായിരുന്നു ഞാൻ.. “

തലകുനിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടപ്പോൾ അവൻ പൊട്ടിച്ചിരിച്ചു.

“എന്തൊക്കെ സംഭവിച്ചാലും നിന്നോടുള്ള എന്റെ ഇഷ്ടത്തിന് മാറ്റമൊന്നും വരാൻ പോകുന്നില്ല.അത് പേടിച്ച് നീ വണ്ണം കുറയ്ക്കാണെന്നും പോണ്ട.. പിന്നെ നിന്റെ ആരോഗ്യമാണ്.. ചിലപ്പോൾ അമിതവണ്ണം നിന്റെ ആരോഗ്യത്തിന് കാര്യമായി ബാധിച്ചേക്കാം. അതുകൊണ്ട് വേണമെങ്കിൽ വണ്ണം ഒന്ന് കൺട്രോൾ ചെയ്യാൻ നോക്കിക്കോളൂ..”

അവൻ പറഞ്ഞപ്പോൾ അവൾ അവനെ നോക്കി തലയാട്ടി.

“അല്ല അപ്പോ വണ്ണം കുറയ്ക്കണമെങ്കിൽ ഡയറ്റ് നോക്കേണ്ടി വരില്ലേ..?”

അവൾ സംശയം പോലെ ചോദിച്ചു.

” തീർച്ചയായും വേണ്ടിവരും.. “

അവൻ പറഞ്ഞു തീർന്നത് അവൾ നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു.

“എങ്കിൽ ഞാൻ വണ്ണം കുറക്കുന്ന കാര്യം പള്ളിയിൽ പോയി പറഞ്ഞാൽ മതി.എനിക്ക് ഐസ്ക്രീം, ചോക്ലേറ്റ് ഒഴിവാക്കാൻ പറ്റില്ല..എനിക്ക് വണ്ണം കൂടുതലാണെങ്കിൽ ഞാൻ സഹിച്ചു..”

ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റു പോകുമ്പോൾ ഇതിപ്പോ ആരുടെ പ്രശ്നമാണ് എന്നുള്ള ചിന്തയിലായിരുന്നു അവൻ…!!