രചന : അപ്പു
:::::::::::::::::::::::::::::::::
” നീ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണോ ഇവളെ കല്യാണം കഴിച്ചത്..? “
കല്യാണവും പാർട്ടിയും ഒക്കെ കഴിഞ്ഞതിനു ശേഷം ഒരു ദിവസം ഒരു സുഹൃത്തിനെ കണ്ടപ്പോൾ ഒതുക്കത്തിൽ ബിജുവിനോട് ചോദിച്ചതാണ്.അവന്റെ ചോദ്യത്തിന് അർത്ഥമറിയാതെ പകച്ചുകൊണ്ട് ബിജു ആ സുഹൃത്തിനെ നോക്കി.
“എന്താണ്..? താനെന്താ അങ്ങനെയൊക്കെ ചോദിക്കുന്നത്..?”
ബിജു ചോദിച്ചപ്പോൾ ആ സുഹൃത്ത് സംശയത്തോടെ അവനെ നോക്കി.
” അപ്പോൾ എന്റെ ഊഹം ശരിയാണ്. കാര്യങ്ങളൊന്നും നീ അറിഞ്ഞിട്ടില്ല. അതല്ലെങ്കിലും എനിക്കറിയാമായിരുന്നു. എല്ലാം അറിഞ്ഞാൽ നീ ഒരിക്കലും ഇങ്ങനെ ഒരു വിവാഹത്തിന് സമ്മതിക്കില്ലല്ലോ.. “
ആ സുഹൃത്ത് ആവർത്തിച്ചു പറഞ്ഞപ്പോൾ ബിജുവിന് ടെൻഷനായി.
തന്റെ ഭാര്യ ആശയ്ക്ക് താനറിയാത്ത എന്തെങ്കിലും രഹസ്യങ്ങൾ ഉണ്ടാകുമോ..? അങ്ങനെ ഒരു സംശയവും അവളുടെ പ്രവർത്തികളിൽ നിന്ന് തനിക്ക് തോന്നിയിട്ടില്ല.. എന്നിട്ടും..?
സുഹൃത്തായ അജി പറയുന്നത് തള്ളിക്കളയാൻ പറ്റില്ല.കാരണം അജി ആശയുടെ വീടിന്റെ അടുത്തുള്ള ആളാണ്. വിവാഹാലോചന വന്ന സമയത്ത് തന്നെ അജിയോട് ആശയെ കുറിച്ച് അന്വേഷിക്കാത്തത് അബദ്ധമായി പോയോ എന്ന് ബിജുവിന് ചെറിയൊരു ആശങ്ക തോന്നി.
പക്ഷേ ആ സമയത്ത് അവനോട് അന്വേഷിക്കാത്തതിനും കാരണമുണ്ട്. തന്റെ എത്രയോ വിവാഹ ആലോചനകൾ പല കാരണങ്ങൾ പറഞ്ഞു സുഹൃത്തുക്കൾ മുടക്കി കളഞ്ഞിട്ടുണ്ട്. അതിൽ പലതും നിസ്സാരകാരണങ്ങളായിരുന്നു.
പക്ഷേ സുഹൃത്തുക്കൾ പറയുന്ന വാക്കുകൾ വേദവാക്യമായി കരുതിയിരുന്ന തനിക്ക് അവരുടെ വാക്കുകളെ തള്ളിക്കളയാൻ കഴിയില്ലായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ ആ വിവാഹ ആലോചനകൾ ഒന്നും വേണ്ടാന്ന് വയ്ക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.
ഇതിപ്പോൾ ആശയ്ക്ക് എന്ത് കുറവാണ് അജി കണ്ടെത്തിയത് എന്ന് ഓർത്തിട്ട് ബിജുവിന് ഒരു സമാധാനം കിട്ടിയില്ല.
” എന്താണ് കാര്യം എന്ന് വച്ചാൽ നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ പറയുന്നുണ്ടോ..? “
ആലോചനകൾ ചൂടുപിടിച്ചപ്പോൾ ബിജു ചോദിച്ചു.
“ഞാൻ ആദ്യമേ വിചാരിച്ചിരുന്നതാണ് നിന്നെപ്പോലെ ഒരു പയ്യനെ അവൾക്ക് എങ്ങനെ കിട്ടിയെന്ന്..? നിന്നെപ്പോലെ തങ്കപ്പെട്ട സ്വഭാവമുള്ള ഒരു ചെറുപ്പക്കാരനു ചേർന്ന ബന്ധമല്ല അവളുമായുള്ളത്..! “
അവന്റെ രൂപഭാവങ്ങളും സംസാരരീതിയും ഒക്കെ കേട്ടപ്പോൾ തന്നെ ബിജുവിനെ വല്ലാത്ത ടെൻഷനായി.
” എടാ കല്യാണത്തിന് മുൻപേ അവളൊന്നു പ്രസവിച്ചതാണ്. കുറച്ചു നാൾ മുമ്പ് വരെ അവളുടെ കുട്ടി അവളോടൊപ്പം ഉണ്ടാവുകയും ചെയ്തതാണ്.ഇപ്പോളാ കൊച്ചങ്ങോട്ട് പോയെന്ന് ആർക്കും അറിയില്ല.. “
അവൻ പറഞ്ഞത് കേട്ട് ബിജുവിന്റെ ഉള്ളിൽ ഒരു പൊട്ടിത്തെറി തന്നെ നടന്നു. അവൻ പറഞ്ഞത് സത്യമാണെങ്കിൽ തന്നോട് ആശയും കുടുംബവും ചെയ്തിരിക്കുന്നത് വലിയൊരു ചതിയാണ്.
കല്യാണത്തിന് മുൻപ് അവൾ പ്രസവിച്ചു എന്ന് പറയുമ്പോൾ അത്രയും മോശം സ്വഭാവമായിരുന്നു അവൾക്ക് എന്ന് വേണ്ടേ കരുതാൻ..?
അല്ലെങ്കിൽ തന്നെ അവൾ നേഴ്സ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ വീട്ടിൽ എല്ലാവരും പറഞ്ഞതാണ് അവൾ വേണ്ടെന്ന്. പല പല ആളുകളുമായി സമ്പർക്കമുള്ള അവളുടെയൊക്കെ സ്വഭാവം നല്ലതായിരിക്കില്ല എന്ന് ഒരുപാട് പേര് പറഞ്ഞതാ..
എന്നിട്ടും അതൊന്നും കേൾക്കാതെ അവളുടെ സൗന്ദര്യം മാത്രം കണ്ടുകൊണ്ടാണ് താൻ അവളെ മതിയെന്ന് ശാഠ്യം പിടിച്ചത്.അതൊരു അബദ്ധമായി പോയെന്ന് ഇപ്പോൾ തോന്നുന്നു.
ബിജുവിന്റെ തളർച്ച കണ്ടപ്പോൾ തന്നെ അജിക്ക് ചെറിയൊരു സമാധാനം തോന്നി.അപ്പോൾ കാര്യങ്ങൾ ഒന്നും അവൻ ഇതുവരെ അറിഞ്ഞിട്ടില്ല.അത് അറിയിക്കാനുള്ള ഉത്തരവാദിത്വം തന്നെയാണല്ലോ..
ഇനി ബാക്കി എന്തുവേണമെന്ന് അവൻ നോക്കിക്കോളും..!
ആശ്വാസത്തോടെ നെടുവീർപ്പെട്ടു കൊണ്ട് അജി നടന്ന നീങ്ങുമ്പോൾ അപ്പോഴും ബിജു ഒരു തളർച്ചയോടെ അവിടെ ഇരിക്കുകയായിരുന്നു.
കുറച്ചു നേരത്തിന് ശേഷം സ്വബോധം വീണ്ടെടുത്തത് പോലെ അവൻ വീട്ടിലേക്ക് പോയി.അവൻ ചെല്ലുമ്പോൾ അവൾ മുറിയിൽ ജനലോരം നിന്ന് എന്തോ ആലോചനയിലാണ്.
കല്യാണം കഴിഞ്ഞ ദിവസം കാണുന്നതാണ് അവളുടെ ആലോചനയും ടെൻഷനും. അതൊക്കെ കണ്ടപ്പോൾ ആദ്യം കരുതിയത് വിവാഹം കഴിഞ്ഞതിന്റെ ടെൻഷൻ ആയിരിക്കും എന്നാണ്. ഒന്നുമില്ലെങ്കിൽ പുതിയൊരു ചുറ്റുപാടിലേക്ക് പെട്ടെന്ന് വന്നു പെട്ടതാണല്ലോ..!
പക്ഷേ ഇപ്പോൾ ആലോചിക്കുമ്പോൾ അതൊന്നുമല്ല കാരണം എന്ന് തോന്നുന്നു.
“ആശേ..”
ദേഷ്യത്തോടെയുള്ള വിളി കേട്ടപ്പോൾ അവൾ ഞെട്ടലോടെ അവനെ തിരിഞ്ഞു നോക്കി.
“എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.”
ദേഷ്യത്തോടെ തന്നെയാണ് അവൻ സംസാരിച്ചു തുടങ്ങിയത്.അവന്റെ മുഖഭാവം കണ്ടപ്പോൾ ഭയം തോന്നുന്നുണ്ടെങ്കിലും കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷ അവളിലുമുണ്ടായിരുന്നു.
” നിനക്ക് വിവാഹത്തിന് മുൻപ് ഒരു കുഞ്ഞുണ്ടായിരുന്നോ..? “
അവന്റെ ആ ചോദ്യം അവളെ വല്ലാതെ ഞെട്ടിപ്പിച്ചു. അവനു മറുപടി പറയാതെ അവൾ തലകുനിച്ചു നിന്നു.
അവളുടെ ആ ഭാവത്തിൽ നിന്ന് തന്നെ താൻ അറിഞ്ഞത് സത്യമാണ് എന്ന് ബിജുവിനു മനസ്സിലായി.
” നീ ഇങ്ങനെ ഒരു പെൺകുട്ടി ആയിരിക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല. നിനക്ക് ഇങ്ങനെ ഒരു പാസ്റ്റ് ഉണ്ടെങ്കിൽ നീ എന്തുകൊണ്ടാണ് അത് എന്നോട് തുറന്നു പറയാത്തത്..? വിവാഹം നടക്കില്ലല്ലോ അല്ലേ…? ഇത്രയും വലിയൊരു ചതി നിന്റെ ഭാഗത്തു നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല..”
പൂർണ്ണമായും പരാജയം സമ്മതിച്ചവനെപ്പോലെ ബിജു ബെഡിലേക്ക് ഇരുന്നു.
” ഏട്ടാ.. “
കുറച്ചു നേരത്തെ നിശബ്ദത ശേഷം അവളെ വിളിച്ചപ്പോൾ ഒരു തുറന്നുപറച്ചിൽ വക്കിലാണ് അവൾ എന്ന് തോന്നി.
“ഏട്ടൻ കരുതുന്നതു പോലെ ആ കുഞ്ഞിനെ ഞാൻ പ്രസവിച്ചത് ഒന്നുമല്ല. ഏട്ടനല്ല ഈ നാട്ടുകാർ മുഴുവൻ കരുതിയിരിക്കുന്നത് അത് ഞാൻ പ്രസവിച്ച എന്റെ കുഞ്ഞാണ് എന്നാണ്.അവർക്ക് അങ്ങനെ സംശയിക്കാൻ വ്യക്തമായ ഒരു കാരണവും ഉണ്ടായിരുന്നു.ഡൽഹിയിൽ ജോലിക്ക് പോയാൽ ഞാൻ തിരികെ വരുമ്പോൾ എന്നോടൊപ്പം ആ കുഞ്ഞുമുണ്ടായിരുന്നു.”
അവൾ പറഞ്ഞു തുടങ്ങിയപ്പോൾ നോവിക്കുന്ന ഏതോ ഓർമ്മയിലേക്ക് അവൾ സഞ്ചരിക്കുകയാണ് എന്ന് ബിജുവിനു തോന്നി.
“ഞാൻ ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്ത് ഞാൻ അപ്രതീക്ഷിതമായി ഒരു കേസ് ഏറ്റെടുക്കേണ്ടി വന്നു.അവിടെ ക്രൂരമായ ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയുടെ ഡെലിവറി നടന്നു. അവിടേക്ക് ഈ ബലാത്സംഗം നടന്നാൽ പെൺകുട്ടികളെ ആളുകൾ പുറകെ നടന്നു ക്രൂശിക്കും. ആ ഒരു സാഹചര്യം ഒഴിവാക്കാൻ വേണ്ടി എന്തെങ്കിലും നടന്നാൽ തന്നെ പെൺകുട്ടികളുടെ വീട്ടുകാർ അതൊന്നും പുറത്തു പറയാറില്ല. ഇതും അത്തരത്തിൽ ഒളിച്ചുവെച്ച ഒരു കേസാണ്. പക്ഷേ പെൺകുട്ടി ഗർഭിണിയായിരിക്കും എന്ന് അവരാരും കരുതിയിരുന്നില്ല. ഞാൻ താമസിക്കുന്ന സ്ട്രീറ്റിൽ തന്നെയായിരുന്നു ആ പെൺകുട്ടിയുടെ വീട്.ഒരു ദിവസം രാത്രിയിൽ അവൾ പ്രസവവേദന കൊണ്ട് പുളഞ്ഞപ്പോൾ അവളുടെ ബന്ധുക്കളാണ് എന്നെ അന്വേഷിച്ചു വന്നത്.ജീവന്റെ എന്ന് മാത്രം പഠിച്ചിട്ടുള്ള ഞാൻ കൃത്യമായി അവരോടൊപ്പം അവിടെ എത്തുകയും ചെയ്തു. എന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങളൊക്കെ ചെയ്തു കൊടുത്തു. ആ പെൺകുട്ടി പ്രസവിച്ചു. അതൊരു പെൺകുട്ടിയായിരുന്നു. പക്ഷേ പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്തിൽ ആ പെൺകുട്ടി മരണപ്പെട്ടു.പിന്നീട് അവൾ പ്രസവിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ അവളുടെ ബന്ധുക്കൾ തയ്യാറായില്ല. അവരുടെ കണ്ണിൽ തങ്ങളുടെ മകളെ കൊന്ന കുട്ടിയായിരുന്നു അത്.അന്ന് ആ കുഞ്ഞിനെ ബന്ധുക്കളോടൊപ്പം നിർത്തി ഞാൻ തിരികെ മുറിയിലേക്ക് വന്നു. പക്ഷേ പിറ്റേന്ന് കുഞ്ഞിനെ അന്വേഷിച്ച് അവിടെ ചെല്ലുമ്പോൾ അതിനും കൂടി ചിത ഒരുക്കാനുള്ള തീരുമാനത്തിൽ ആയിരുന്നു അവരുടെ ബന്ധുക്കൾ. അവരിൽ നിന്നും ആ കുഞ്ഞിനെ രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ് ഞാൻ. പക്ഷേ കുഞ്ഞിനെയും കൊണ്ട് നാട്ടിലെത്തുന്നതിന് മുൻപ് തന്നെ എന്റെ അവിഹിത സന്തതിയെയും കൊണ്ടാണ് ഞാൻ വരുന്നത് എന്ന തരത്തിലുള്ള കഥകൾ നാട്ടിൽ പരന്നു കഴിഞ്ഞിരുന്നു.എന്റെ വിവാഹം വരെയും കുഞ്ഞ് എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. പക്ഷേ വിവാഹാലോചനകൾ തുടങ്ങിയ സമയം മുതൽ കുഞ്ഞ് ഒരു ചോദ്യചിഹ്നം ആയതുകൊണ്ട് തന്നെ അതിനെ എന്റെ വീട്ടുകാർ എങ്ങോട്ടോ മാറ്റി. എവിടെയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. “
പറഞ്ഞു കഴിഞ്ഞതും അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു.
കാര്യമറിയാതെ ആ പെൺകുട്ടിയെ തെറ്റിദ്ധരിച്ചതിൽ ബിജുവിനും സങ്കടം തോന്നി.
അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ ആ കുഞ്ഞ് എവിടെയാണെങ്കിലും കണ്ടെത്താൻ സഹായിക്കാം എന്നൊരു വാക്കുകൂടി ബിജു അവൾക്ക് കൊടുത്തിരുന്നു.
ആ ഒരു പ്രതീക്ഷയായിരുന്നു അവളുടെ മുന്നോട്ടുള്ള വെളിച്ചം..!!