എന്തുപറഞ്ഞാലും പൂങ്കണ്ണീർ പൊഴിച്ച് ഇരുന്നോളണം. അതാകുമ്പോൾ ഞാൻ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലല്ലോ….

രചന : അപ്പു

==============

“നാശം.. എന്റെ ജീവിതത്തിൽ നിന്ന് ഒന്ന് ഒഴിവായി തരാൻ നിനക്ക് ഞാൻ എന്താ തരേണ്ടത്..? നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തതിനു ശേഷം മനുഷ്യൻ സമാധാനമായി ജീവിച്ചിട്ട് പോലുമില്ല. എന്നും ഓരോ വിഷമങ്ങളും പരാതികളും മാത്രമാണ് നിനക്ക് ബോധിപ്പിക്കാനുള്ളത്.. എന്നെങ്കിലും ഒരു ദിവസം എന്നെ പരിഗണിക്കാണെങ്കിലും നിനക്ക് പറ്റിയിട്ടുണ്ടോ..?”

ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളുകയായിരുന്നു അനിൽ.

പക്ഷേ അവനെ നോക്കി കണ്ണീർ വാർക്കാൻ അല്ലാതെ മറ്റൊന്നിനും മീനയെ കൊണ്ട് സാധിക്കില്ലായിരുന്നു.

” എന്തുപറഞ്ഞാലും പൂങ്കണ്ണീർ പൊഴിച്ച് ഇരുന്നോളണം. അതാകുമ്പോൾ ഞാൻ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലല്ലോ.. “

പുച്ഛത്തോടെ അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും ഒരക്ഷരം പോലും അവൾ പ്രതികരിച്ചില്ല.

“ഞാനെന്ത് ചെയ്തിട്ട് അനിലേട്ടാ എന്നോടിങ്ങനെ..?”

ഇടറുന്ന ശബ്ദത്തോടെ അവൾ ചോദിച്ചു.

” നീ ഒന്നും ചെയ്തിട്ടില്ല.. അതുതന്നെയാണ് പ്രശ്നം..”

അനിൽ വലിയ ശബ്ദത്തോടെ പറഞ്ഞപ്പോൾ മീന ഞെട്ടി കൊണ്ട് പുറത്തേക്ക് കാതോർത്തു.

“ഒന്ന് പതുക്കെ പറയ് അനിലേട്ടാ.. പുറത്ത് കുട്ടികളുള്ളതാണ്..”

ശബ്ദം താഴ്ത്തി അവൾ പറഞ്ഞപ്പോൾ അവൻ അവളെ തുറിച്ചു നോക്കി.

” ഇതുതന്നെയാണ് നിന്റെ പ്രശ്നം.. നിനക്ക് ഞാനെന്ന ഒരാളിനെ കുറിച്ച് യാതൊരു ചിന്തയുമില്ല.. എപ്പോഴും കുട്ടികൾ എന്നൊരു വിചാരം മാത്രമാണ് നിനക്കുള്ളത്. അത് തെറ്റാണെന്ന് ഞാൻ പറയില്ല. കാരണം നമ്മുടെ കുട്ടികളാണ്. പക്ഷേ അവരെപ്പോലെ തന്നെ നീ എന്നെയും നിന്റെ ജീവിതത്തിൽ പരിഗണിക്കേണ്ടതല്ലേ..? “

അവൻ ചോദിച്ചപ്പോൾ അവൾ തല കുനിച്ചു.

“നമ്മുടെ കല്യാണം കഴിഞ്ഞ് മൂന്നാം മാസം നീ വിശേഷം അറിയിച്ചതാണ്. അതിനുശേഷം നീ പ്രഗ്നന്റ് ആയതുകൊണ്ട് നിന്നെ തൊടാൻ പാടില്ല റസ്റ്റ് വേണം എന്നൊക്കെ പറഞ്ഞു നിന്റെ അടുത്തേക്ക് പോലും നീ എന്നെ അടുപ്പിച്ചിട്ടില്ല. കുഞ്ഞു ജനിച്ചു കഴിഞ്ഞതിനു ശേഷം ആണെങ്കിൽ കുഞ്ഞിന്റെ ഉറക്കം ശരിയാകില്ല അവനോടൊപ്പം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതു കൊണ്ട് നിന്റെ ആരോഗ്യം നോക്കണം എന്നൊക്കെ പറഞ്ഞു കൊണ്ട് കുറേക്കാലത്തേക്ക് എന്നെ ആ പരിസരത്തേക്ക് പോലും നീ അടുപ്പിക്കില്ലായിരുന്നു. ആ കാലഘട്ടം ഒക്കെ കഴിഞ്ഞ് അവൻ നഴ്സറിയിൽ പോയി കഴിഞ്ഞതിനു ശേഷം ആണ് പിന്നീട് നമ്മൾ തമ്മിൽ ഒരു ശാരീരിക ബന്ധം ഉണ്ടായിട്ടുള്ളത്. അതും വല്ലപ്പോഴും മാത്രം നിന്റെ ഇഷ്ടവും താല്പര്യവും മാത്രം നോക്കി. അതിനിടയിൽ രണ്ടാമത് വീണ്ടും കുഞ്ഞ് ആയപ്പോൾ ആദ്യം നടന്നതൊക്കെ തന്നെ വീണ്ടും റിപ്പീറ്റ് ആയി നടക്കുന്നുണ്ട്. വികാരവും വിചാരവും ഒക്കെ ഉള്ള ഒരു പുരുഷനല്ലേ ഞാൻ..? എന്റെ കാര്യങ്ങൾ നടക്കണമെങ്കിൽ ഇനി ഞാൻ വേറെ പുറത്ത് ആളെ നോക്കണോ..? “

അവൻ ചോദിച്ചപ്പോൾ അവൾ മറുപടി പറയാതെ തലകുനിച്ചിരുന്നു…

“നിന്റെ ഈ ഭാവമാണ് എനിക്കിഷ്ടപ്പെടാത്തത്. എന്തെങ്കിലും ചോദിച്ചാൽ അതിന് കൃത്യമായ മറുപടി പറയാതെ നീ എന്തിനാണ് തലകുനിച്ചിരിക്കുന്നത്..? അതുതന്നെ കള്ളന്മാരുടെ ലക്ഷണമാണ്..”

അവൻ പറഞ്ഞിട്ടും അവൾക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.

” ഞാൻ നിന്നോട് ഒരു കാര്യം തുറന്നു ചോദിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നും തോന്നരുത്. നിനക്ക് എന്നോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണോ നീ എന്നെ നിന്റെ പരിസരത്തേക്ക് അടുപ്പിക്കാത്തത്..?”

സങ്കടത്തോടെ അവൻ ചോദിക്കുമ്പോൾ കഴിഞ്ഞ 10 വർഷങ്ങളായി താൻ അനുഭവിക്കുന്നതൊക്കെ അവന്റെ കണ്മുന്നിലൂടെ ഓടിപ്പോകുന്നുണ്ടായിരുന്നു.

സാധാരണ ഏതൊരാളെയും പോലെ ഭാര്യ ഭർതൃ ബന്ധം എപ്പോഴും സന്തുഷ്ടമായിരിക്കണം എന്ന് ചിന്തിച്ചിരുന്ന ഒരാളായിരുന്നു അനിൽ. പക്ഷേ ഭാര്യ മീനയ്ക്ക് ആണെങ്കിൽ അതിലൊന്നും വലിയ താല്പര്യമില്ലാത്ത ആളാണ്.

ലൈംഗിക ബന്ധം എന്തോ വലിയൊരു തെറ്റാണ് എന്ന് ചിന്തിക്കുന്ന രീതിയാണ് മീനയുടേത്. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ പിന്നീട് അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും പാടില്ല എന്ന പക്ഷക്കാരിയാണ് അവൾ.

അവളുടെ ഇത്തരത്തിലുള്ള പെരുമാറ്റം അനിലിനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആ പേരും പറഞ്ഞ് ഇടയ്ക്ക് അനിൽ പ്രശ്നം ഉണ്ടാക്കുമെങ്കിലും മറ്റെല്ലാ കാര്യത്തിലും മീന പെർഫെക്റ്റ് ആയ ഒരു ഭാര്യ ആയതുകൊണ്ട് തന്നെ അവളെ കുറ്റം പറയാൻ പറ്റില്ല.

അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ അവരുടെ മൂത്തമകൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 12 വയസ്സുള്ള കുട്ടിക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങളൊക്കെ തന്നെയായിരുന്നു അവർക്കിടയിൽ സംഭവിച്ചിരുന്നത്.

അച്ഛന്റെയും അമ്മയുടെയും ഇടയ്ക്കുള്ള ബഹളം പതിവായപ്പോൾ ഒരിക്കൽ അവൻ അമ്മയോട് അതിനെക്കുറിച്ച് ചോദിക്കുക തന്നെ ചെയ്തു.

“അച്ഛനും അമ്മയ്ക്കും ഇടയിൽ എന്താ പ്രശ്നം..? “

മകന്റെ ആ ചോദ്യം മീനയെ വല്ലാതെ അമ്പരപ്പിച്ചു. തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ അവൻ അറിഞ്ഞിട്ടുണ്ടാകുമോ എന്നൊരു ഭയം അവർക്കുണ്ടായിരുന്നു.

അനിൽ തന്റെ സങ്കടങ്ങൾ മുഴുവൻ പങ്കുവെച്ചിരുന്നത് അവന്റെ അടുത്ത സുഹൃത്തായ വിജയനോടായിരുന്നു. ഈ കാര്യവും മടിച്ചു മടി ആണെങ്കിലും അനിൽ വിജയനോട് പറഞ്ഞു.

” എടാ ഇതിനവളെ കുറ്റം പറയാൻ പറ്റില്ല.. എല്ലാവർക്കും ഇത് താല്പര്യം ഉണ്ടാവണമെന്ന് ഒന്നുമില്ലല്ലോ..”

വിജയൻ പറഞ്ഞപ്പോൾ അനിൽ തലയാട്ടി.

” നീ ഇപ്പൊ പറഞ്ഞ കാര്യം ഞാനും സമ്മതിക്കാം. എല്ലാവർക്കും ഈ കാര്യത്തിൽ താല്പര്യം ഒന്നുമില്ല. പക്ഷേ നീ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. എനിക്കും ആഗ്രഹങ്ങൾ ഉണ്ടാവില്ലേ..? ഇതിപ്പോ ഭാര്യ ഉണ്ടായിട്ടും ഞാൻ ഈ ആവശ്യങ്ങൾക്ക് മറ്റൊരു പെണ്ണിനെ തേടി പോകുന്നത് ശരിയാണോ..? “

അവൻ ചോദിച്ചപ്പോൾ അവനെയും കുറ്റം പറയാൻ പറ്റില്ല എന്ന് വിജയൻ ഓർത്തു.

“എടാ ഞാനൊരു കാര്യം പറയട്ടെ..? നീ അവളെ ഏതെങ്കിലും ഒരു ഡോക്ടറെ കൊണ്ടുപോയി കാണിക്ക്..ഇത് ചിലപ്പോൾ അവളുടെ മനസ്സിന്റെ എന്തെങ്കിലും പ്രശ്നം കൊണ്ടാണെങ്കിലോ..? “

വിജയൻ പറഞ്ഞപ്പോൾ അനിൽ അവനെ തുറിച്ചു നോക്കി.

” നീയെന്താ പറഞ്ഞു വരുന്നത് അവൾക്ക് ഭ്രാന്താണെന്നോ..? “

ദേഷ്യത്തോടെ അനിൽ ചോദിച്ചപ്പോൾ വിജയൻ അല്ല എന്ന് തലയാട്ടി..

” ഭ്രാന്ത് ഉള്ളവർ മാത്രമാണോ ഡോക്ടറെ കാണുക..? മാനസികരോഗത്തിന് ചികിത്സിക്കുന്ന ആളിനെ കാണാനല്ല ഞാൻ പറഞ്ഞത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന് പറഞ്ഞ് ഒരു വിഭാഗം ഉണ്ടല്ലോ. അതായത് നമ്മുടെ മനസ്സിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കൗൺസിലിംഗ് വഴി ശരിയാക്കാൻ പറ്റുമെങ്കിൽ അവർ അങ്ങനെ അത് പരിഹരിച്ചു തരും. നീ എന്തായാലും മീനയെ അങ്ങനെ ഒരാളിനെ കൊണ്ടുപോയി കാണിക്ക്.നമ്മുടെ ടൗണിലെ ആശുപത്രിയിൽ ഒരാൾ ഉണ്ടെന്നാണ് അറിവ്.. “

വിജയൻ പറഞ്ഞപ്പോൾ അത് നല്ലൊരു ഓപ്ഷൻ ആണെന്ന് അനിലിന് തോന്നി.

മീനയോട് കാര്യം പറഞ്ഞപ്പോൾ ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് അവൻ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി അവൾ സമ്മതിച്ചു.

ഡോക്ടറിനെ ചെന്ന് കണ്ട് കാര്യങ്ങൾ മുഴുവൻ അവതരിപ്പിക്കുമ്പോൾ മീനയ്ക്ക് ചെറിയൊരു ചമ്മൽ ഉണ്ടായിരുന്നു.

കാര്യങ്ങളൊക്കെ കേട്ട് കഴിഞ്ഞപ്പോൾ ഡോക്ടർ അവരെ നോക്കി പുഞ്ചിരിച്ചു.

” ഇത് അത്ര വലിയ പ്രശ്നമൊന്നുമല്ല. ഇവരുടെ മനസ്സിൽ ആവശ്യമില്ലാതെ എന്തൊക്കെയോ ചില തോന്നലുകൾ കടന്നുകൂടിയിട്ടുണ്ട്. ഒന്ന് രണ്ട് സിറ്റിംഗ് കൊണ്ട് നമുക്ക് അതൊക്കെ റെഡിയാക്കി എടുക്കാവുന്നതേയുള്ളൂ.. “

ഡോക്ടർ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ അനിലും മീനയും പരസ്പരം നോക്കി പുഞ്ചിരിച്ചു.

പിന്നീട് ഒന്ന് രണ്ട് കൗൺസിലിംഗ് ക്ലാസുകൾ ഡോക്ടർ നോടൊപ്പം അവർ അറ്റൻഡ് ചെയ്തു. അതിന്റെയെല്ലാം മാറ്റം മീനയിൽ പ്രതിഫലിക്കാനും തുടങ്ങി.

അവളുടെ ആദ്യത്തെ സ്വഭാവത്തിൽ നിന്ന് മാറ്റം വന്നപ്പോൾ തന്നെ അനിലിന് പകുതി ആശ്വാസമായിരുന്നു.

പതിയെ പതിയെ അച്ഛനും അമ്മയും തമ്മിലുള്ള അകലം കുറയുന്നത് മക്കൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ വീട്ടിൽ വഴക്കുണ്ടാക്കാതെ ആയപ്പോൾ തന്നെ അവർക്ക് പകുതി സമാധാനമായിരുന്നു.

ആദ്യമൊക്കെ അനിലിനോട് അടുക്കാൻ മീനയ്ക്ക് മടിയുണ്ടായിരുന്നു എങ്കിലും, പ്രശ്നം തന്റേത് മാത്രമായിരുന്നു എന്നൊരു തോന്നൽ അവൾക്ക് ഉണ്ടായതുകൊണ്ട് താൻ കാരണം തന്റെ കുടുംബം നശിക്കരുത് എന്ന ചിന്തയിൽ അവൾ എല്ലാത്തിനെയും മറികടക്കാൻ ശ്രമിക്കുകയായിരുന്നു.

” അനിലേട്ടാ… നിങ്ങളോട് എനിക്ക് അടക്കാൻ ആവാത്ത നന്ദിയുണ്ട്.. “

ഒരു ദിവസം രാത്രിയിൽ അവന്റെ നഗ്നമായ നെഞ്ചിൽ തലവച്ച് കിടക്കുമ്പോൾ അവൾ പറഞ്ഞത് കേട്ട് അവൻ അവളെ നോക്കി.

” നമ്മുടെ പത്തുവർഷത്തെ ജീവിതം.. അതിന്റെ മനോഹാരിത ഞാൻ തന്നെ നശിപ്പിച്ചിട്ടുണ്ട് പോലും ഒരിക്കൽ പോലും മറ്റൊരു പെണ്ണിനെ നിങ്ങൾ തെറ്റായ അർത്ഥത്തിൽ നോക്കിയിട്ട് പോലുമില്ല.. ആ കാര്യത്തിൽ നിങ്ങളോട് എനിക്ക് അടക്കാനാവാത്ത സ്നേഹം തോന്നുന്നു. ഇന്നത്തെ കാലത്ത് ഭാര്യ ഒന്ന് വീണു പോകാൻ കാത്തിരിക്കുന്നവരാണ് ഭർത്താക്കന്മാർ ഭൂരിഭാഗവും. അങ്ങനെയല്ലാത്ത വളരെ ചുരുക്കം ചില മനുഷ്യർ മാത്രമേ ഉണ്ടാകൂ. എന്റെ ഭർത്താവ് അങ്ങനെയൊരാളാണ് എന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു.. “

അവൾ പറഞ്ഞത് കേട്ട് അവൻ പുഞ്ചിരിയോടെ അവളെ ഒന്നുകൂടി അടക്കി പിടിച്ചു.

എന്റെ ലോകം തന്നെ നീയാണ് എന്ന് പറയാതെ പറയുന്നതുപോലെ…!!