കേട്ടപ്പോൾ മുതൽ വീട്ടിലെത്തിയ അവൾ മുടിയുടെ വാലറ്റം പിടിച്ചുമടക്കി നോക്കുന്നു..യൂ ക്യാമിൽ ഫോട്ടോ എടുത്തു കളർ ചെയ്യുന്നു….

രചന: രജിത ശ്രീ

:::::::::::::::::::::::

“ഇത്രനാളും അനുഭവിച്ചതൊക്കെമതി…ഇനിമുതൽ ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കും.. !

ഇതെന്താ ഇപ്പൊ പുതിയൊരു ബോധോദയം തോന്നാൻ എന്നുകരുതി ഞാൻ മുഖമുയർത്തി അവളെ നോക്കി..

അവൾക്കിപ്പോൾ മുടി സ്ട്രൈറ് ചെയ്യണം.. കൂടെ ജോലിചെയ്യുന്ന സുനിത പറഞ്ഞുപോലും ഈ കറുത്ത കുനുകുനാന്നുള്ള മുടിയേക്കാൾ നല്ലത് നീണ്ട് കളർ ഒക്കെ ഉള്ളതാണെന്ന്..

കേട്ടപ്പോൾ മുതൽ വീട്ടിലെത്തിയ അവൾ മുടിയുടെ വാലറ്റം പിടിച്ചുമടക്കി നോക്കുന്നു..,യൂ ക്യാമിൽ ഫോട്ടോ എടുത്തു കളർ ചെയ്യുന്നു….

ഞാനാണേൽ അവളുടെ മുടിയുടെ കട്ട ആരാധകനും..

ഇതിപ്പോ അങ്ങനൊക്കെ ആക്കിയാൽ കാണാൻ…ഒരു നിമിഷം ആ കോലം ഞാനും ഒന്നു മനസ്സിൽ കണ്ടുനോക്കി..

“ലക്ഷ്‍മി… .ഞാൻ ഒന്ന് നീട്ടിവിളിച്ചു..

“ന്താ ചേട്ടാ..

“അതേ ഈ പറഞ്ഞ ഫാഷൻ ഒക്കെ കൊള്ളാം പക്ഷെ നിനക്ക് ഇതാ കേട്ടോ ചേരുന്നത്…!

ആ പറഞ്ഞത് അവൾക്ക് തീരെ ഇഷ്ടപെട്ടില്ലന്നു കണ്ണാടിയിലൂടെ നോക്കിയ ഞാൻ കണ്ടു..

“ഓഹ്.. നാശം.. പെട്ടന്ന് പെണ്ണിന്റെ മുഖത്തെ ഭാവം മാറിയല്ലോ ഈശ്വരാ..”ഇന്നിവിടെ കൊലപാതകം നടക്കും.. !

“ലക്ഷ്‍മി … ഇതിങ്ങനെ എണ്ണയൊക്കെ തേച്ചു നല്ല ഭംഗിയായി ഇട്ടാൽ ഉണ്ടല്ലോ” കാവിലെ ഭഗവതി….

“നേരിൽ വന്നു പ്രത്യക്ഷപെട്ടതാണെന്നല്ലേ.. എനിക്ക് വേണ്ട.. ! അല്ലേലും നിങ്ങൾക്കൊക്കെ ഭാര്യ നന്നായി നടക്കുന്നത് ഇഷ്ടപെടാറില്ല..

“അതേ… ഈ നയന്താരയ്ക്കും സണ്ണി ലിയോണിനുമൊന്നും കാവിലെ ഭഗവതിയുടെ മുടിയല്ല.. !!

“ദൈവമേ..! ഇവരെയൊക്കെയാണോ ഇവളാരാധിക്കുന്നത്..” ഞാൻ നെഞ്ചത്ത് ചവിട്ടേറ്റപോലെ കൈവച്ചു.. !!

കല്യാണം കഴിച്ചു കൊണ്ട് വരുമ്പോൾ കാവ്യാമാധന്റെ കണ്ണും മുടിയും ആണെന്നുപറഞ്ഞു കൊണ്ടുനടന്നപ്പോഴുണ്ടായിരുന്ന ആ നിഷ്കളങ്ക ആയ ലക്ഷ്മി തന്നാണോ ഈശ്വരാ… ഈ പറയുന്നത്..

“എനിക്ക് ഇപ്പൊ പാർലറിൽ പോകണം.. ” അവൾ വാശിപിടിച്ചു..

കൈ വലിച്ചൊന്നു കൊടുക്കാനാ മനസ്സിൽ തോന്നിയതെങ്കിലും സാഹചര്യവശാൽ അപ്പുറത്ത് അമ്മയും അച്ഛനുമൊക്കെ ഉണ്ടെന്നോർത്തപ്പോൾ ഞാൻ ഒരു മാന്യനാണെന്ന് സ്വയമങ്ങു വിലയിട്ടു..

ഒടുവിൽ അവളുടെ വാശിയുടെ ബാക്കിയെന്നോണം മുടിയിലതാ ഗോൾഡ്.. ബ്രൗൺ. ആഷ്…അങ്ങനെ മയിൽ‌പീലി അഴക്…രണ്ടാഴ്ച കഴിഞ്ഞപ്പോൾ കഥയാകെ മാറി.

മുടി പൊട്ടുന്നു.. പൊഴിയുന്നു…

കരച്ചിൽ.. ബഹളം…

.” ഡോക്ടർ നെ കാണണം..”

“എന്റെ പട്ടി വരും കൂടെ..!!

ഒടുവിൽ കാച്ചി വച്ച എണ്ണ തന്നെ ശരണം…ഞാനും തേച്ചങ്ങു പിടിപ്പിച്ചുകൊടുത്തു…കൂടെയൊരു ഡയലോഗും “ഇതാ പറയുന്നത് ഭർത്താവ് ഒരിക്കലും ഭാര്യയുടെ ശത്രുവല്ലന്ന്‌ …!!