കട്ടിലിലെ അലസമായുള്ള ഇരിപ്പിന് കാൽ മണിക്കൂർ പ്രായം പിന്നിട്ടു. കാൽപ്പെരുമാറ്റം കേട്ട്….

ചേച്ചി

രചന : രഘു കുന്നുമ്മക്കര പുതുക്കാട്

:::::::::::::::::::

“മോനേ ദീപൂ, എണീൽക്ക്; നേരം പത്തരയാകാറായി. ഇന്നലെ കോഴീനേ കക്കാൻ പോയിണ്ടായിരുന്നാ, നേരം ഇത്ര വൈകി എഴുന്നേൽക്കാൻ?അച്ഛനും, അമ്മയും കല്ല്യാണം വിളിക്കാൻ പോയി ട്ടാ. അമ്മ, കഞ്ഞി ഉണ്ടാക്കി വച്ചിട്ട്ണ്ട് ട്ടാ; കടലക്കറീം ഉണ്ട്. എനിക്കത് മതി. നിനക്ക് പുട്ടു വേണമെങ്കിൽ, എന്നോടു ഉണ്ടാക്കിത്തരാൻ പറഞ്ഞിട്ടുണ്ട്. നിനക്ക് വേണാ????”

മുറിയിലെ കട്ടിലിൽ, ദീപു ചാ ണ കപ്പു ഴുവിനേപ്പോലെ ചുരുണ്ടു കൂടി. പുതപ്പു വലിച്ചു മേലേക്കിട്ടു.

“എൻ്റെ പൊന്നു ചേച്ചീ,  ഇന്നലെ പാതിരായ്ക്കാണ് ‘അഞ്ചാംപാതിര’ സിനിമ കണ്ടു തീർത്തത്. അതിലേ, സൈക്കോ സൈമൺ, റിപ്പർ രവി, ഡോക്ടർ ബഞ്ചമിൻ, പാതിരാക്കൊലപാതകങ്ങൾ. കിളി പോയിട്ടാ കിടന്നേ; ഞാനൊന്നുറങ്ങിക്കോട്ടേ. ചേച്ചി, പുട്ട് ഉണ്ടാക്കീട്ട് വിളിച്ചാ മതി”

പത്തുമിനുറ്റു കഴിഞ്ഞു. മുതുകിൽ ശക്തമായൊരു തട്ടു കിട്ടിയപ്പോൾ,  ദീപു ഞെട്ടിയുണർന്നു. വീണ്ടും, ചേച്ചിയാണ്.

“ഡാ, ദീപോ, ചായയ്ക്ക് പാലില്ലാ ട്ടാ; കട്ടൻ ചായ കുടിക്കേണ്ടി വരും. നിനക്ക് പറ്റ്വോ? പറ്റുമെങ്കില്, പുട്ട് ഉണ്ടാക്കാം”

ദീപു, ഞരങ്ങി.

“എൻ്റെ പൊന്നു ചേച്ചീ, കട്ടനെങ്കിൽ കട്ടൻ,  നീയൊന്നു പോയേ; വേഗം, പുട്ടുണ്ടാക്ക്. ഇനി, പുട്ടുണ്ടാക്കീട്ട് വിളിച്ചാൽ മതീ ട്ടാ. ശല്യപ്പെടുത്തല്ലേ”

കാൽ മണിക്കൂർ കഴിഞ്ഞില്ല, ഇത്തവണ, തട്ടാണോ ചവിട്ടാണോ എന്നു തീർച്ചയില്ല. പുറത്ത് നന്നായി വേദനിച്ചു. ദീപു, എണീറ്റിരുന്നു.

“ദീപോ, നീ കാപ്പി കുടിക്കില്ലല്ലോ?ചായപ്പൊടി കഴിഞ്ഞൂടാ. എന്തൂട്ടാ ചെയ്യേണ്ടേ? പുട്ട് വേണാ????”

പാതി കൂമ്പിയ മിഴികളേ, കഷ്ട്ടപ്പെട്ടുയർത്തിയാണ് ദീപുവിൻ്റെ മറുപടിയെത്തിയത്.

“കാപ്പിയെങ്കില് കാപ്പി,.പണ്ടാരം, നീയെന്തെങ്കിലും ചെയ്യ്. നീ, പുട്ടുണ്ടാക്കിയിട്ട് ചാവാൻ പറ്റ്വോ ചേച്ച്യേ? പത്തുദിവസം കഴിഞ്ഞാൽ ചേച്ചീരേ കല്യാണമല്ലേ? ഇനി, അധികം എനിക്കു വേണ്ടി കഷ്ട്ടപ്പെടേണ്ടല്ലോ. നീയെന്തൂട്ടെങ്കിലും ചെയ്യ്”

കട്ടിലിലെ അലസമായുള്ള ഇരിപ്പിന് കാൽ മണിക്കൂർ പ്രായം പിന്നിട്ടു. കാൽപ്പെരുമാറ്റം കേട്ട്,  ദീപു മുഖമുയർത്തി നോക്കി. ദീപേച്ചിയാണ്.

“ദീപോ, തേങ്ങാ പൊതിച്ചിട്ടു വേണം, നാളികേരം കിട്ടാൻ;.നീയിങ്ങു വന്നേ, നമ്മുടെ ചായ്പ്പിൽ കിടക്കുന്ന ഉണക്കത്തേങ്ങാ പൊതിച്ചു കൊണ്ടുവായോ, നാളികേരല്ല്യാണ്ട്, എന്തൂട്ട് പുട്ട് !! എനിക്കു പൊതിക്കാൻ പറ്റില്ല. എൻ്റെ നെയിൽ പോളീഷ് പോകും. നിനക്ക് പുട്ടു വേണാ?”

ദീപു, ചാടിയെഴുന്നേറ്റു. ദീപയെ കൈകൂപ്പി തൊഴുതു.

“എൻ്റെ പൊന്നു ചേച്ചീ, പത്തര കഴിഞ്ഞൂലെ? ചെക്കൻ വിളിക്കാനുള്ള നേരായില്ലേ? ആ റൂമിൽ കയറി വാതിലടച്ച്, കുറുകുറേ വർത്താനം പറഞ്ഞിരിക്ക്. എനിക്ക് പുട്ടു വേണ്ടാ. സങ്കടണ്ട്, നിൻ്റെ ചെക്കൻ്റെ, അതായത് എൻ്റെ അളിയൻ്റെ കാര്യമോർത്തിട്ട്”

ദീപു, എഴുന്നേറ്റ് ടൂത്തു ബ്രഷുമെടുത്ത് കുളിമുറിയിലേക്കു കയറി..ദീപ, ഒരു മൂളിപ്പാട്ടോടെ അവളുടെ മുറിയിലേക്കും.

തീൻമേശയിൽ, വിളമ്പി വച്ച കഞ്ഞി, പാട ചൂടിക്കിടന്നു.