രചന : അപ്പു
:::::::::::::::::::
” എന്നാലും ഇതെന്തു മര്യാദയാണ്..? പ്രസവം കഴിഞ്ഞിട്ട് ഇന്ന് നാല്പത്തഞ്ചു ദിവസമായില്ലേ..? ഇന്നുവരെ അവന്റെ വീട്ടിൽ നിന്ന് ഒരാൾ പോലും കൊച്ചിനെ കാണാനായി ഇവിടേക്ക് വന്നിട്ടില്ലല്ലോ..? ഇതെന്താ ഇങ്ങനെ..? “
രാവിലെ അമ്മ ചോദിക്കുന്നത് കേട്ടു കൊണ്ടാണ് ഒന്ന് മയങ്ങിപ്പോയ രേവതി കണ്ണ് തുറക്കുന്നത്. ആ ചോദ്യം കേട്ടപ്പോൾ തന്നെ അവളുടെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി.
കണ്ണുകൾ നിറഞ്ഞൊഴുകി.അവരുടെ വീട്ടിൽ നിന്നും ആരും വരാൻ പോകുന്നില്ല..!
ആ മറുപടി അച്ഛനോടും അമ്മയോടും എങ്ങനെ പറയും എന്ന് അറിയാതെ അവൾ കുഴങ്ങി.
” എന്തായാലും ഞാൻ രാജീവിനെ വിളിച്ച് ഒന്ന് സംസാരിക്കാം. ഇതാണോ മര്യാദ എന്ന് ഒന്ന് അറിയണമല്ലോ..!”
അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ അവളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു.
അച്ഛൻ അയാളെ വിളിച്ചാൽ അയാൾ എന്തൊക്കെ പറയാൻ പോകുന്നത് എന്ന് അയാൾക്ക് പോലും നിശ്ചയം ഉണ്ടാകില്ല. അച്ഛൻ വെറുതെ അയാൾക്ക് മുന്നിൽ നാണം കെടുകയേയുള്ളൂ…!
അത്രയും ഓർത്തപ്പോഴേക്കും അവളുടെ കണ്ണുകൾക്ക് നിയന്ത്രണമില്ലായിരുന്നു.
തൊട്ടടുത്ത് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ നോക്കിയപ്പോൾ അവളുടെ സങ്കടം വർദ്ധിച്ചു..
” അച്ഛന്റെ സ്നേഹം കിട്ടാതെ വളരാൻ ആയിരിക്കും കുഞ്ഞേ നിന്റെ വിധി..!”
അവൾ പതിയെ പറഞ്ഞു.
മുറിയിലേക്ക് അമ്മ കയറി വരുന്നു എന്ന് കണ്ടതോടെ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു. അവളുടെ ചിന്തകൾ മാസങ്ങൾ പിന്നിലുള്ള തന്റെ വിവാഹ ദിവസത്തിലേക്ക് പോയി.
വിവാഹം ഉറപ്പിച്ചപ്പോൾ മുതൽ രാജീവിന് തന്നോട് വല്ലാത്തൊരു സ്നേഹം ആയിരുന്നു എന്ന് രേവതി ഓർത്തു.
സത്യം പറഞ്ഞാൽ അന്നത്തെ സ്നേഹവും ഇഷ്ടവും ഒക്കെ കണ്ടപ്പോൾ തന്റെ ജീവിതം സേഫ് ആണ് എന്ന് തന്നെ കരുതി.
കൂട്ടുകാരികളോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അവർ പറഞ്ഞതും അങ്ങനെ തന്നെയായിരുന്നു.
” ഇത്രയും സ്നേഹമുള്ള കെയർ ചെയ്യുന്ന പാർണറിനെ കിട്ടിയത് നിന്റെ ഭാഗ്യമാണ്.. ഞങ്ങൾക്കെല്ലാവർക്കും ഇങ്ങനെ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്ന് മോഹിക്കാൻ മാത്രമേ യോഗമുള്ളൂ.. “
കൂട്ടുകാരികൾ അസൂയയോടെ പറഞ്ഞപ്പോൾ താൻ നിലത്തൊന്നുമായിരുന്നില്ല.ഓരോ ദിവസവും രാജീവേട്ടന്റെ സ്നേഹത്തിനെ കുറിച്ച് അവരോട് പറയാനും അവരുടെ കണ്ണിലെ അസൂയ കാണാനും തനിക്ക് വല്ലാത്തൊരു ഹരമായിരുന്നു.
ഒരുപക്ഷേ തന്റെ ആ രീതികൾ തന്നെ ആയിരിക്കണം തന്റെ ജീവിതം ഇങ്ങനെയാവാൻ കാരണമെന്ന് രേവതിക്ക് തോന്നി.
കല്യാണം കഴിയുന്നതു വരെയും തങ്ങൾ വളരെയധികം സന്തോഷത്തിലായിരുന്നു. വിവാഹത്തിന് മുൻപ് തന്നെ പരസ്പരം നല്ല രീതിയിൽ അടുത്തിരുന്നതു കൊണ്ടു തന്നെ കല്യാണത്തിന് സമയത്ത് സാധാരണ വധു വരന്മാരിൽ കാണുന്ന ടെൻഷൻ ഒന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല.അതിനു പകരം ഓരോ നിമിഷവും ഞങ്ങൾ എൻജോയ് ചെയ്യുകയായിരുന്നു..!
അന്നത്തെ ഫോട്ടോസ് മുഴുവൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും സുഹൃത്തുക്കളുടെ അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങാനും തനിക്ക് വല്ലാത്തൊരു താല്പര്യമായിരുന്നു.
അന്ന് രാത്രിയിൽ ഞങ്ങൾക്ക് പരസ്പരം പങ്കുവെക്കാൻ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. ഒരുപാട് കാലത്തെ പ്രണയം സഫലം ആയതു പോലെ ഞങ്ങൾക്ക് പരസ്പരം അറിയാൻ ഒരുപാട് സമയം വേണ്ടി വന്നില്ല.
എല്ലാ അർത്ഥത്തിലും ഞങ്ങൾ പരസ്പരം സ്വന്തമാക്കുമ്പോൾ,സന്തോഷത്തിന്റെ കൊടുമുടിയിൽ ആയിരുന്നു ഞങ്ങൾ ഇരുവരും.
വൈവാഹിക ജീവിതം ഇത്രത്തോളം മനോഹരമാണോ എന്ന് ചിന്തിക്കുന്ന രീതിയിൽ ആയിരുന്നു ആദ്യ കാലഘട്ടങ്ങളിൽ ഉള്ള ഞങ്ങളുടെ ജീവിതം. ഓരോ ദിവസവും ഓരോ സ്ഥലങ്ങളിൽ കറങ്ങാൻ പോകുന്നതും, പുതിയ പുതിയ അനുഭവങ്ങളും എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു.
പക്ഷേ അതിനൊക്കെ ആയുസ്സ് വളരെ ചുരുക്കം ആയിരുന്നു എന്ന് മാത്രം…!
കല്യാണം കഴിഞ്ഞതിന് തൊട്ടടുത്ത മാസം തന്നെ വിശേഷം അറിയിച്ചപ്പോൾ കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വച്ചു.
പക്ഷേ അതിനിടയിൽ ഒരിക്കൽ വീട്ടിൽ തമാശ പോലെയാണോ അതോ കാര്യമായിട്ടാണോ എന്നറിയില്ല അമ്മായിയമ്മ ഒരു വാചകം പറഞ്ഞു.
” ഇതിപ്പോ കേള്‍ക്കുന്നവരും കാണുന്നവരും മുഴുവൻ ചോദിക്കുന്നത് ഇവൾ കൊച്ചിനെയും വയറ്റിൽ ഇട്ടുകൊണ്ടാണോ ഇങ്ങോട്ട് വന്നത് എന്നാണ്.. നിങ്ങൾക്ക് ഈ കാര്യമൊക്കെ കുറച്ചൊന്ന് ശ്രദ്ധിക്കാൻ പാടില്ലായിരുന്നോ..? “
അമ്മ ആ പറഞ്ഞത് കേട്ട് തനിക്ക് ആകെ ഒരു വല്ലായ്മ തോന്നിയെങ്കിലും അത് പുറത്ത് പ്രകടിപ്പിച്ചില്ല.
പക്ഷേ പിന്നീടുള്ള സമയം മുഴുവൻ തനിക്ക് പരീക്ഷണഘട്ടമായിരുന്നു.
രാജീവ് സ്ഥിരമായി വീട്ടിലേക്ക് മദ്യപിച്ച് വരാൻ തുടങ്ങി.അയാൾക്ക് അങ്ങനെയൊരു ശീലം ഇല്ലാതിരുന്നത് കൊണ്ട് തന്നെ അത് തുടങ്ങാനുള്ള കാരണക്കാരി ഞാനാണ് എന്നുള്ള തരത്തിൽ വീട്ടിൽ എല്ലാവരും പഴി പറഞ്ഞു തുടങ്ങി.
അയാളുടെ സ്വഭാവത്തിൽ വരുന്ന ഓരോ വൈകല്യവും ഞാൻ കാരണം ഉണ്ടാകുന്നത് എന്നാണ് എല്ലാവരുടെയും അഭിപ്രായം.
ഒരിക്കൽ കുടിച്ചു വന്ന് അയാൾ വലിയ പ്രശ്നമായിരുന്നു.
“നിന്നെ എന്റെ പ്രാണനെ പോലെ ഞാൻ സ്നേഹിച്ചതല്ലെടീ..? എന്നിട്ടും വല്ലവന്റെയും കൊച്ചിനേയും ഇട്ട് കൊണ്ട് എന്റെ കൂടെ ജീവിക്കാൻ നിനക്ക് സ്വല്പം പോലും നാണക്കേട് തോന്നുന്നില്ലേ..? വല്ലാത്തൊരു ജന്മം…!!”
അയാൾ പറഞ്ഞത് കേട്ട് തറഞ്ഞു നിന്ന് പോയിരുന്നു താൻ.കാരണം അയാൾക്കുള്ളിൽ ഇങ്ങനെയൊരു ചിന്ത ഉണ്ടാകുമെന്ന് ഒരിക്കൽ പോലും താൻ കരുതിയിരുന്നില്ല.
ഒരിക്കലും അത് അങ്ങനെയല്ല എന്ന് അയാളെ പറഞ്ഞ വിശ്വസിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു എങ്കിലും ഒരിക്കലും അതൊന്നും ഫലം കണ്ടില്ല.ഞങ്ങളുടെ ബെഡ്റൂമിൽ മാത്രം ഒതുങ്ങി നിന്നിരുന്ന തർക്കം പതിയെ പതിയെ മുറിക്ക് പുറത്തേക്ക് കൂടി ആയതോടുകൂടി എല്ലാവർക്കും അത് ഒരു കാഴ്ചയായി.
പരസ്പരം യാതൊരു സ്നേഹവുമില്ലാതെ ആർക്കോ വേണ്ടി എന്ന പോലെ വഴക്കടിച്ച് ജീവിക്കുകയായിരുന്നു തങ്ങൾ.
ആദ്യമൊക്കെ സ്നേഹത്തോടെ പെരുമാറിയിരുന്ന അമ്മായിയമ്മ പോലും തന്നെ ഒരു ശത്രുവായി കാണാൻ തുടങ്ങി. ആ ബഹളങ്ങൾക്കിടയിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ട വീട്ടിലേക്ക് പോകാം എന്ന് വച്ചാൽ അതിന്റെ പേരിൽ പോലും താൻ പലതരത്തിലുള്ള അപവാദങ്ങൾ കേൾക്കേണ്ടി വന്നു.
ഏഴാം മാസത്തെ ചടങ്ങ് നടത്തി വീട്ടിലേക്ക് പറഞ്ഞു വിടാൻ തീരുമാനിച്ചപ്പോൾ സത്യം പറഞ്ഞാൽ സന്തോഷമായിരുന്നു.ചടങ്ങ് കഴിഞ്ഞ് ഇവിടെ വന്നതിനു ശേഷം ഒന്നോ രണ്ടോ തവണ ആരെയോ ബോധിപ്പിക്കാൻ എന്നതു പോലെ രാജീവേട്ടൻ ഒന്ന് വന്നു പോയി.
ഡെലിവറി നടക്കുന്ന സമയത്തും ആർക്കോ വേണ്ടി എന്നപോലെ ഒന്ന് തല കാണിച്ച് രാജീവേട്ടൻ തിരികെ പോയതാണ്.പിന്നീട് ഒരിക്കൽ പോലും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയോ,ഈ വീട്ടിലേക്ക് ഒരിക്കലെങ്കിലും ഒന്ന് വരികയും ചെയ്തിട്ടില്ല.
അതെന്തായാലും ഇനി ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല എന്ന് തനിക്കറിയാം. കാരണം അവരെ സംബന്ധിച്ച് ഈ കുട്ടി അവരുടേതല്ലല്ലോ..!
അത്രയും ചിന്തിച്ചപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ഞെട്ടലോടെ കണ്ണു തുറന്നു നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന അമ്മയെ കണ്ടു.
അമ്മയുടെ മുഖത്ത് എന്റെ സങ്കടത്തിന്റെ കാരണമെന്താണ് എന്നറിയാത്ത ഒരു വേദന ഉണ്ടായിരുന്നു.കുറച്ചു സമയം എന്നെ തനിയെ വിട്ടു അമ്മ പുറത്തേക്കു പോയി.
പക്ഷേ പിന്നീട് മുറിയിലേക്ക് കയറി വന്ന അമ്മയ്ക്ക് ഞാൻ കരഞ്ഞതിന്റെ കാരണം എന്താണെന്ന് അറിയേണ്ടിയിരുന്നു.
ഒടുവിൽ അമ്മയുടെ മുന്നിൽ മനസ്സ് തുറക്കാതെ എനിക്ക് മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലാതെയായി.
“നിന്നെ അവനും ആ വീട്ടുകാരും കൂടി ഇത്രയും ഇട്ടു കഷ്ടപ്പെടുത്തിയപ്പോൾ നീ എന്തുകൊണ്ട് ഇങ്ങനെ ഒരു വാർത്ത ഞങ്ങളോട് പറഞ്ഞില്ല..? കല്യാണം കഴിപ്പിച്ചു വിട്ടു എന്ന് കരുതി നിന്റെ മേലുള്ള ഞങ്ങളുടെ അവകാശങ്ങൾ മുഴുവൻ തീറെഴുതി കൊടുത്തിട്ട് നിന്നെ പറഞ്ഞയച്ചതല്ല.. ഞങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിന്നെ സുഖമായും സന്തോഷമായും കാണണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം..”
അമ്മ അത് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ അച്ഛനും മുറിയിലേക്ക് കയറി വന്നു.അദ്ദേഹത്തിന്റെ നിറഞ്ഞ കണ്ണുകളിൽ നിന്ന് തന്നെ താൻ പറഞ്ഞതു മുഴുവൻ അദ്ദേഹം കേട്ടിട്ടുണ്ട് എന്ന് വ്യക്തമായിരുന്നു.
“മോളെ.. വിഷമിക്കേണ്ട..പറഞ്ഞു കൊടുത്താൽ മനസ്സിലാവും എന്ന് തരത്തിലുള്ള തെറ്റിദ്ധാരണകൾ മാത്രമാണ് അവന്റെ ഉള്ളിലുള്ളതെങ്കിൽ തീർച്ചയായും അച്ഛൻ അവനോട് സംസാരിക്കാം.അങ്ങനെ തെറ്റിദ്ധാരണ മാറി അവൻ വന്നാൽ അതിന്റെ പേരിൽ പിന്നീട് നിങ്ങൾ തമ്മിൽ വേറെ പ്രശ്നങ്ങളൊന്നും ഉണ്ടാകരുത്.അഥവാ അങ്ങനെ സംഭവിച്ചില്ലെങ്കിലും അച്ഛന് ജീവനുള്ള കാലത്തോളം നിന്നെ ഞങ്ങൾ സംരക്ഷിക്കും. ഒറ്റയ്ക്ക് ജീവിക്കാനുള്ള തന്റേടവും വിദ്യാഭ്യാസവും ഒക്കെ നിനക്ക് ഞങ്ങൾ നേടി തന്നിട്ടുണ്ട്.. ഒന്നിനെ കുറിച്ച് ഓർത്തും നീ വേവലാതിപ്പെടേണ്ട..!”
അച്ഛന്റെ ആ വാക്കുകൾ അവൾക്ക് ഒരു ആശ്വാസം തന്നെയായിരുന്നു. കാര്യങ്ങളെല്ലാം അറിഞ്ഞു കഴിയുമ്പോൾ സ്വന്തം വീട്ടുകാർ പോലും തന്നെ കുറ്റപ്പെടുത്തുമോ എന്നൊരു ചിന്ത അവളുടെ ഉള്ളിൽ കടന്നു കൂടിയിരുന്നു.
അതിന് അവസാനമായപ്പോൾ തന്നെ അവൾ ദീർഘമായി നിശ്വസിച്ചു.
കുഞ്ഞിനെയും ചേർത്ത് പിടിച്ചുകൊണ്ട് കിടക്കുമ്പോൾ അവൾ ചിന്തിച്ചത് വരുന്നത് വരട്ടെ എന്ന് മാത്രമാണ്.. അത്രത്തോളം ധൈര്യം ആ അമ്മയും അച്ഛനും അവൾക്കു പകർന്നു കൊടുത്തു കഴിഞ്ഞിരുന്നു..!