രചന : അപ്പു
::::::::::::::::::
” എനിക്ക് ഒരു കാര്യത്തിന് കൃത്യമായ മറുപടി വേണം.. എന്ന്.. എന്ന് നമ്മുടെ വിവാഹം നടക്കും..? “
ദേഷ്യത്തോടെ കൃഷ്ണ ചോദിച്ചപ്പോൾ അവൻ മറുപടി പറയാതെ തല താഴ്ത്തി.. അവന്റെ ആ ഭാവത്തിൽ തന്നെ ഉടനെ ഒന്നും നടക്കാൻ പോവുന്നില്ലെന്ന് അവൾക്ക് വ്യക്തമായിരുന്നു.
” മനസ്സിലായി.. ഉടനെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന്. ഉടനെ എന്നല്ല എന്നെങ്കിലും ഒരിക്കൽ നമ്മുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമോ എന്ന് എനിക്കിപ്പോൾ സംശയമുണ്ട്. എത്ര കാലം ഇനിയും ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കേണ്ടി വരും..? “
ദേഷ്യത്തോടെ കൃഷ്ണ ചോദിക്കുന്ന ഒരു ചോദ്യത്തിനും മറുപടി പറയാൻ അഭിക്ക് കഴിയുന്നുണ്ടായിരുന്നില്ല.
“നിന്റെ ഈ മൗനം ഭ്രാന്ത് പിടിപ്പിക്കുന്നു.. നിനക്ക് വായ തുറന്ന് എന്തെങ്കിലും ഒരു മറുപടി പറഞ്ഞു കൂടെ..?”
ദേഷ്യത്തോടെ ഇത്തവണ അവൾ ചോദിച്ചപ്പോൾ അവൻ തലയുയർത്തി അവളെ നോക്കി.
” ഞാനെന്തു മറുപടിയാണ് കൃഷ്ണാ നിന്നോട് പറയേണ്ടത്..? നമ്മുടെ കാര്യത്തിൽ ഇതുവരെയും സമയമായിട്ടില്ല എന്നോ..? അതോ ഇനിയും നാളുകൾ നീ കാത്തിരിക്കേണ്ടി വരും എന്നോ..? എന്തു പറഞ്ഞാലാണ് നിന്നെ സമാധാനിപ്പിക്കാൻ എനിക്ക് കഴിയുക..? “
അഭി ചോദിച്ചപ്പോൾ കൃഷ്ണ ദേഷ്യത്തോടെ മുഖം വെട്ടിച്ചു.
” എന്റെ സാഹചര്യങ്ങളൊക്കെ അറിഞ്ഞിട്ട് തന്നെയല്ലേ നീ എന്നെ പ്രണയിച്ചത്..? ആ സമയത്ത് ഞാൻ നിന്നോട് പറഞ്ഞതല്ലേ ഉടനെ ഒന്നും നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്നൊന്നും നീ കരുതരുത് എന്ന്.. എന്റെ ചുമലിൽ ഉത്തരവാദിത്തങ്ങൾ ഒരുപാടാണെന്ന് നിനക്കറിയാത്ത ഒന്നുമല്ലല്ലോ.. “
അഭി ദയനീയമായി ചോദിച്ചപ്പോഴും കൃഷ്ണക്ക് ദേഷ്യം തന്നെയായിരുന്നു.
” നിന്റെ ഉത്തരവാദിത്തങ്ങൾ എന്ന് നീ പറയുന്നതിനെ കുറിച്ച് എനിക്ക് മനസ്സിലാകുന്നില്ല അഭി.. നീ പറഞ്ഞത് ശരിയാണ് നമ്മൾ പ്രണയിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ നീ എന്നോട് പറഞ്ഞിരുന്നു നിന്റെ സാഹചര്യങ്ങളെ കുറിച്ച്. കാത്തിരിക്കാൻ തയ്യാറാണ് എന്ന് ഞാൻ നിനക്ക് വാക്കും തന്നതാണ്. ഈ നിമിഷം വരെയും ഞാൻ അത് പാലിച്ചിട്ടുണ്ട്. ഇല്ലെന്ന് നിനക്ക് പറയാമോ..? “
കൃഷ്ണ ചോദിച്ചിട്ടും അഭി മറുപടിയൊന്നും പറഞ്ഞില്ല.
ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് അഭി.28 വയസ്സുള്ള ചെറുപ്പക്കാരൻ. അച്ഛനും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്ന ഒരു കുടുംബത്തിലെ അംഗമാണ് അഭി.
പ്രായാധിക്യം കൊണ്ട് അച്ഛന് ഇപ്പോൾ ജോലിക്കൊന്നും പോകാൻ പറ്റില്ല. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ചെലവുകൾ മുഴുവൻ വഹിക്കുന്നത് അഭിയാണ്.
രണ്ട് സഹോദരിമാരെ കല്യാണം കഴിപ്പിച്ചു വിട്ടത് അവൻ തന്നെയാണ്.
കോളേജിൽ പഠിക്കുന്ന സമയം മുതലുള്ള പ്രണയമാണ് അഭിയും കൃഷ്ണയും തമ്മിലുള്ളത്.
നന്നായി പഠിക്കുന്ന അഭിയോട് കൃഷ്ണയ്ക്കു തോന്നിയ ഒരു ആകർഷണമായിരുന്നു അവരുടെ പ്രണയത്തിന്റെ അടിസ്ഥാനം. ആദ്യമൊക്കെ നേരം പോക്ക് പോലെ ഒരു വായ്നോട്ടം മാത്രമായിരുന്നു കൃഷ്ണയുടെ ഉദ്ദേശം.
പക്ഷേ പതിയെ പതിയെ അവൾ അഭിയുടെ കാര്യത്തിൽ വല്ലാതെ സീരിയസ് ആയി. അവനില്ലാതെ പറ്റില്ല എന്നൊരു അവസ്ഥ വന്നപ്പോൾ അവൾ അത് അവനോട് തുറന്നു പറയുകയും ചെയ്തു.
“തനിക്കിപ്പോൾ എന്നോട് തോന്നുന്നത് പ്രണയം ഒന്നുമല്ല. ക്ലാസിൽ നന്നായി പഠിക്കുന്ന അത്യാവശ്യം കാണാൻ ഭംഗിയുള്ള ഒരു ചെറുപ്പക്കാരനോട് തോന്നുന്ന ആകർഷണം മാത്രമാണ് നിനക്ക് എന്നോട് ഉള്ളത്. പ്രായത്തിന്റെ പ്രശ്നമാണ്. കുറച്ചുനാൾ കഴിയുമ്പോൾ അത് ശരിയായിക്കോളും..”
പ്രണയം വെളിപ്പെടുത്തി കഴിഞ്ഞപ്പോൾ അവൻ പറഞ്ഞത് അങ്ങനെയായിരുന്നു. അത് പക്ഷേ അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
” എനിക്ക് നിന്നോട് ആത്മാർത്ഥമായി തന്നെ ഇഷ്ടമുണ്ട്.. അത് നിന്നെ എങ്ങനെ ബോധ്യപ്പെടുത്തണമെന്ന് എനിക്കറിയില്ല.”
അവൾ അത് പറഞ്ഞിട്ടും അവൻ മറുപടിയൊന്നും പറയാതെ നടന്നു പോവുകയാണ് ചെയ്തത്.
അതിലൊന്നും തളരാതെ അവൾ അവന്റെ മറുപടിക്ക് വേണ്ടി വീണ്ടും കാത്തിരുന്നു.
അവൾ തന്നെ വിട്ടു പോകില്ല എന്ന് മനസ്സിലായപ്പോഴാണ് അവൻ തന്നെക്കുറിച്ച് അവളോട് വെളിപ്പെടുത്തുന്നത്.
കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ ചുമലിൽ ആണെന്നും പഠനം കഴിഞ്ഞാൽ ഉടനെ വിവാഹം നടത്തണം എന്ന് പറഞ്ഞ് പിന്നാലെ വരരുത് എന്നുമൊക്കെ പറഞ്ഞപ്പോൾ,
“പഠിത്തം കഴിഞ്ഞാൽ ഉടനെ കല്യാണം കഴിക്കണം ഉത്തരവാദിത്തങ്ങൾ തലയിൽ കയറ്റി വെക്കണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല. കുറച്ചുനാളാണെങ്കിൽ കുറച്ചുനാൾ സ്വന്തം പൈസയിൽ അടിച്ചുപൊളിച്ചു നടക്കണം എന്നൊരു ചിന്ത എനിക്ക് ഉണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു ജോലി സ്വന്തമാക്കി കുറച്ചുകാലം എങ്കിലും ബാച്ചിലർ ലൈഫ് ആഘോഷിച്ചു തന്നെ മതി കല്യാണം..”
അവളുടെ ആ മറുപടി കേട്ടപ്പോൾ അവന് ചിരി വന്നെങ്കിലും അവൾ തന്നോടൊപ്പം കട്ടക്ക് നിന്നോളും എന്നൊരു ചിന്ത വന്നപ്പോൾ അവളുടെ ഇഷ്ടം നിരസിക്കാൻ തോന്നിയില്ല.
അന്നുമുതൽ രണ്ടുപേരും പരസ്പരം പ്രണയിക്കാൻ മത്സരിക്കുകയായിരുന്നു.
ഇപ്പോൾ രണ്ടുപേർക്കും 28 വയസ്സ് പ്രായം ഉണ്ട്. ഒരു പെൺകുട്ടിയെ സംബന്ധിച്ച് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു.. അതിന്റെതായ എല്ലാ പ്രഷറും അവളുടെ വീട്ടിൽ നിന്ന് അവൾക്കുണ്ട്.
എന്നിട്ടും അവൻ ഒരാളിന്റെ വാക്കു വിശ്വസിച്ചു അവനു വേണ്ടി മാത്രം കാത്തിരിക്കുകയാണ് അവൾ.
ഇപ്പോഴും തന്റെ കാര്യത്തിൽ അവൻ ഒരു സീരിയസ്നസ് കാണിക്കാത്തത് കൊണ്ട് മാത്രമാണ് അവൾ അവനോട് വഴക്ക് അടിക്കുന്നത്.
“എനിക്ക് മനസ്സിലാവാത്തതു കൊണ്ട് ചോദിക്കുകയാണ്. നിനക്ക് എന്നെ കെട്ടാൻ വല്ല ഉദ്ദേശവും ഉണ്ടോ..?”
അവൾ ദേഷ്യത്തിൽ അത് ചോദിച്ചപ്പോൾ അവൻ അവളെ രൂക്ഷമായി നോക്കി. ആ നോട്ടത്തിൽ അവൾ ഒന്ന് പതറി പോയെങ്കിലും തനിക്ക് ചോദിക്കാനും പറയാനുമുള്ള അവസരം ഇനി ഒരിക്കൽ കൂടി കിട്ടില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.
” ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ അച്ഛന് വയ്യാതായത് ആണ്.. അതുകൊണ്ട് കോളേജ് കഴിഞ്ഞ് ഉടനെ തന്നെ നീ ജോലിക്ക് പോവുകയും വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഒരു മകൻ എന്ന നിലയിൽ അത് നീ ചെയ്യേണ്ട കടമകൾ തന്നെയാണ്. അതുകഴിഞ്ഞ് നിന്റെ രണ്ടു സഹോദരിമാരെ കല്യാണം കഴിപ്പിച്ചു. അതും നിന്റെ ഉത്തരവാദിത്വം തന്നെയാണ്. കടങ്ങളൊക്കെ ഒന്ന് ഒതുങ്ങുന്നതു വരെ കാത്തിരിക്കണം എന്നാണ് നീ ആദ്യം എന്നോട് പറഞ്ഞത്. ഞാനത് സമ്മതിക്കുകയും ചെയ്തു. പക്ഷേ ആ കടങ്ങൾ ഒതുങ്ങുന്നത് പോയിട്ട് ഒന്ന് കുറയുന്നത് പോലുമില്ല. അതിനിടയിൽ പെങ്ങന്മാരുടെ രണ്ടു വീതം പ്രസവങ്ങൾ.. അതിന്റെയൊക്കെ ചെലവ്.. അവരുടെ വീട്ടിലേക്ക് ആവശ്യമായുള്ള പലപല സാഹചര്യങ്ങളിൽ ഉള്ള ചിലവുകൾ.. ഇതൊക്കെയും നടത്തി കൂട്ടാൻ വേണ്ടി നീ ഓരോരുത്തരിൽ നിന്നും കടം വാങ്ങും.. കിട്ടുന്ന ശമ്പളം ഒന്നിനും തികയാത്ത അവസ്ഥ. നിനക്ക് സ്വന്തമായി ഒരു ജീവിതം വേണമെന്ന് നിനക്ക് ചിന്തയില്ല എന്ന് തന്നെയല്ല നിന്റെ വീട്ടിലുള്ളവർക്കും ചിന്തയില്ല. അഥവാ അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നിന്റെ ഈ പ്രായത്തിനിടയിൽ നിന്നോട് വിവാഹത്തെക്കുറിച്ച് അവരൊന്നും സംസാരിക്കുകയെങ്കിലും ചെയ്തേനെ. ഇതിപ്പോൾ അങ്ങനെയൊരു സംസാരവും നിന്റെ വീട്ടിൽ ഉണ്ടാകുന്നില്ലല്ലോ. പെങ്ങന്മാർക്ക് അവരവരുടെ ആവശ്യം നടത്തി കൊടുക്കാൻ വേണ്ടി മാത്രമുള്ള ഒരു വണ്ടിക്കാളയാണ് നീ.. വീട്ടിലെ ചെലവുകളും നീ തന്നെ നടത്തണം. അമ്മയെങ്കിലും നിന്നോട് വിവാഹത്തിനെ കുറിച്ച് സംസാരിക്കുമെന്ന് വെറുതെയെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇതിപ്പോൾ..”
ദേഷ്യവും അമർഷവും ഒക്കെ തോന്നുന്നുണ്ടായിരുന്നു അവൾക്ക്..
അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. അവൾ പറഞ്ഞത് മിക്കതും ശരിയാണ്.
തനിക്കു വേണ്ടി മാത്രമാണ് വീട്ടുകാരോട് ഫൈറ്റ് ചെയ്ത് ഇപ്പോഴും അവൾ കാത്തിരിക്കുന്നത്. പക്ഷേ തന്റെ വീട്ടിൽ ഒരിക്കൽ പോലും തന്റെ ജീവിതം എന്നതിനെക്കുറിച്ച് അവരാരും ചിന്തിക്കുന്നത് പോലുമില്ല എന്ന് ആ നിമിഷം അവന് തോന്നി.
” താൻ എനിക്ക് ഒരു മാസം സമയം തരണം.. അതിൽ കൂടുതൽ ഞാൻ തന്നോട് ചോദിക്കില്ല.. ഒന്നുകിൽ ആ സമയത്തിനുള്ളിൽ നമ്മുടെ വിവാഹം നടക്കും.. അല്ലെങ്കിൽ ഇനി ഒരിക്കലും അത് നടക്കില്ല എന്ന് നമുക്ക് തന്നെ ബോധ്യപ്പെടും.. “
അവന്റെ അവസാനത്തെ ഉറപ്പായിരുന്നു അത്..!
വിവാഹത്തിന് ഇനിയും സമയമായില്ല പോലും..!!
ഉള്ളിൽ പിറുപിറുത്തു കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോളും, അവളുടെ ഉള്ളിൽ ഒരു മാസത്തിനുള്ളിൽ വിവാഹം നടക്കുമല്ലോ എന്നൊരു ചിന്ത കൂടി ഉണ്ടായിരുന്നു…!!
കാത്തിരിക്കുകയാണ് അവർ.. വിവാഹമെന്ന സുദിനത്തിനു വേണ്ടി..എത്രകാലം നീണ്ടുനിൽക്കും എന്നറിയാത്ത ഒരു കാത്തിരിപ്പ്..!!