മനഃസാക്ഷിയില്ലാത്ത കെട്ട്യോൻ
രചന: ലിസ് ലോന
:::::::::::::::::::::::::::::
സ്നേഹമില്ലാത്ത ഭർത്താവിന്റെ കഥയെഴുതി തീർത്ത ആശ്വാസത്തിൽ ഞാൻ മൊബൈൽ ഓഫാക്കി കിടക്ക വിട്ടെഴുന്നേറ്റു ….കസേര പിന്നിലേക്ക് തള്ളലും പേന അടപ്പിട്ട് വക്കലൊക്കെ പഴഞ്ചനല്ലേ !! എല്ലാം ഇപ്പോൾ മൊബൈലിൽ തോണ്ടിയെഴുതാം …
കഥയെഴുതാനിപ്പോൾ ഭാവന വന്ന് തല തോണ്ടിയാൽ മാത്രേം പോരാ , തുടക്കം തന്നെ ഡാ എന്ന് വിളിക്കുന്ന ഒരു കാന്താരി പെണ്ണ് വേണം …സാധാരണ പെണ്ണല്ല പ്രണയച്ചൂടിൽ കത്തിജ്വലിക്കുന്ന ഒരു പെണ്ണ് അതും മൂക്കുത്തിയിട്ട് …മിണ്ടുമ്പോ മിണ്ടുമ്പോ ചുംബനം കൊടുക്കുന്ന ഒരു പെണ്ണ് …
അവൾക്ക് ശരീരം വെട്ടിപൊളിക്കുന്ന വേദനയോടെ വരുന്ന ആർത്തവത്തിന് …കല്യാണത്തിന് മുൻപേ എല്ലാ തവണയും സൂപ്പർമാർക്കറ്റീന്ന് സ്വയം വാങ്ങിച്ചോണ്ടിരുന്ന പാഡ്, ഇടംകൈയുള്ള കെട്ട്യോൻ യുദ്ധക്കളത്തിലെത്തി എതിരെ നിൽക്കുന്ന ഫർമസിസ്റ്റിനോട് മല്ലയുദ്ധം ജയിച്ചു വാങ്ങി കൊണ്ടുവരണം…
തീർന്നില്ല …കെട്ട് കഴിഞ്ഞു മാസം നാല് തികയുംമുൻപേ മച്ചിയെന്ന പേര് അവിടവിടെ നാട്ടുകാര് വിളിക്കുമ്പോ അതിനുള്ള മറുപടിയായി ഗർ ഭമുണ്ടാക്കണം ……
അതോടെ കഴിഞ്ഞെന്നു കരുതിയെങ്കിൽ തെറ്റി ,ഇനിയിത് സുഖപ്രസവമാണെങ്കിൽ “സുഖപ്രസവം ” എന്ന് ലളിതമായി പറയുന്നവരെ തലമണ്ടക്കടിച്ചു ആ വാക്കിന്റെ കൂടെ അഞ്ചു ടൺ തൂക്കം കയറ്റി വക്കണം …എന്നാലേ പഞ്ച് വരൂ …
അല്ല ഇനിയിപ്പോ ടെൻഷൻ കൂട്ടാൻ വേണ്ടി പ്രസവവേദന ഒരഞ്ചഞ്ചര മണിക്കൂറു സഹിച്ചു സിസേറിയനാക്കാം..സിസേറിയനാണെങ്കിൽ ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും ആസ്പത്രിയിൽ കിടത്താമല്ലോ ഇടിച്ചു നുറുങ്ങിയ വേദനയോടെ …കീറി മുറിച്ച ഉടലും കൊണ്ട്…
മനസ്സിലപ്പോൾ ദുബായിലെ ഹോസ്പിറ്റലിൽ സിസേറിയൻ കഴിഞ്ഞു പിറ്റേന്ന് എണീപ്പിച്ചു നടത്തി, രണ്ടിന്റന്നു വീട്ടിലേക്ക് ഓടിപ്പിക്കുന്ന കിരാതന്മാരായ ഡോക്ടർമാരും വീട്ടിലെത്തി നാലാം ദിവസം ചോരക്കുഞ്ഞിനെ പൊതിഞ്ഞു കെട്ടി കെട്ട്യോന്മാരേം കൂട്ടി ലുലുവിൽ ഷോപ്പിംഗിനു പോകുന്ന പെണ്ണുങ്ങളും ഓടി വരും …..
പാടില്ല!! വായനക്കാരുടെ നെഞ്ഞു തിങ്ങിപൊട്ടി കണ്ണിൽ നിന്നും ചോര പൊടിയണം എന്നാലേ ലൈക്കിൽ വിരൽ കുത്തൂ ….
അല്ലെങ്കി നല്ല പണി അറിയാവുന്ന എഴുത്തുകാർ മനസ്സിൽ തട്ടി എഴുതിയ സത്യമുള്ള എഴുത്തായിരിക്കണം അതിപ്പോ മ്മളെ കൊണ്ട് കൂട്ടിയാ കൂടില്ല …
ഇതൊന്നും എന്റെ തലയിലെ ഭാവനേച്ചി പറഞ്ഞതാ ന്ന് പറയല്ലേ …ഇതൊക്കെയാണ് ഞാൻ കണ്ട സത്യം ….
ഏത് നേരോം കണ്ണിനു നേരെ കുത്തിപ്പിടിച്ച മൊബൈലായിരിക്കണം ഇന്ന് തല പൊട്ടിപൊളിയുന്ന വേദന …എണീറ്റപ്പോളെ …കണ്ണടക്കുമ്പോൾ ആരോ ഉപ്പ് വാരിയിട്ട പോലെ കുത്തിത്തറക്കുന്നു …
പകലിൽ , ഒന്ന് വാഷ്‌റൂമിൽ പോകണമെങ്കിൽ കൂടി എന്നെ ഇടം വലം വിടാതെ കാവൽ നിൽക്കുന്ന രണ്ട് കുഞ്ഞി വാല്മാക്രികളുടെ കണ്ണ് വെട്ടിച്ചു വേണം…
ഇനിയങ്ങനെ കയറിപറ്റിയാൽ തന്നെ ഞാനവരെയും ഉപേക്ഷിച്ചു ഉഗാണ്ടയ്ക്ക് പോയ പോലുള്ള നെഞ്ചത്തടിയും പതംപറച്ചിലും കേൾക്കുമ്പോൾ പോയ കാര്യം പകുതിക്കു നിർത്തി ശ്വാസം ഉള്ളിലേക്കടുത്തു ഞാനിങ്ങു പോരും …
രാത്രി മുഴുവൻ കഴുതരാഗത്തിൽ ഓമനത്തിങ്കൾ കിടാവോ പാടി ചെറുതിനെ കഷ്ടപ്പെട്ട് ഉറക്കി ദീർഘനിശ്വാസം വിടുമ്പോൾ കേൾക്കാം കുഞ്ചിയുടെ ഡയലോഗ് …അമ്മീ ചീരു ഉറങ്ങിയോ ന്ന് ….
പിന്നെ ഈ ചോദിച്ചവൾക്ക് അടുത്ത പാട്ടിനു വേണ്ടി ഞാൻ വീണ്ടും തൊണ്ട ശരിയാക്കുമ്പോൾ കാണാം …നൈറ്റ് ഡ്യൂട്ടി പണ്ടേ ഇഷ്ടമില്ലാത്ത കെട്ട്യോൻ , നിലമുഴുന്ന ട്രാക്ടറോടിച്ചു ബെഡിന്റെ ഒരരുകിൽ പൊരിച്ചിട്ട ചെമ്മീൻ കണക്കു ചുരുണ്ട് കിടക്കുന്നത് …
ഇതൊക്കെ തന്നെ വേറെവേറെ പേരുകളിൽ വേറെവേറെ വീടുകളിൽ നടക്കുന്നുണ്ടെന്നറിയാം പക്ഷേ ഇതിപ്പോ എന്റെ കഥയാണ് ….
ഇതൊക്കെയാണ് തലക്കെട്ടിനു കാരണം എന്നു
കരുതല്ലേ …
രാത്രിയിലെ കുട്ടിപട്ടാളത്തിന്റെ കൂടെയുള്ള ജമിനി സർക്കസ് കഴിഞ്ഞു കുറച്ചു നേരം എഴുത്തിനും കുറെ നേരം വായനക്കും ചിലവാക്കും ഞാൻ….
വായിക്കാൻ ബുക്കെടുത്താ എവിടുന്നാ ന്നറിയില്ല നിർത്തിക്കോ പണി എന്ന് പറഞ്ഞു നിദ്രാദേവി ഓടിവന്ന് കൺപീലി കർട്ടനിട്ടു താഴ്ത്തിക്കളയും …അപ്പൊ ചിലപ്പോ ബുക്ക് കോളേജ് പിള്ളാരെ പോലെ നെഞ്ചിൽ ചേർത്ത് വച്ചിട്ടുണ്ടാകും ….
ആ ബുക്ക് എടുത്തു മാറ്റുന്നത് രാവിലെ നേരത്തേയെണീക്കുന്ന കെട്ട്യോനാണ് ….
ബോംബിട്ടാ പോലും അറിയാത്ത വിധത്തിൽ ഉറങ്ങുന്ന എന്റെ നെറ്റിയിൽ ഒരുമ്മ തന്ന് പുള്ളിയെഴുന്നേറ്റുപോവും ….അങ്ങേര് പറയുന്നതാണ് ഇതൊക്കെ , ഞാൻ പത്രോസിന്റെ ഇളമുറക്കാരി ആയതു കൊണ്ട് കണ്ടാലേ വിശ്വസിക്കൂ …
ഒൻപതു മണിക്ക് ഓഫിസിൽ പോകേണ്ട ആള് ആറുമണിക്കെണീറ്റു കുളിച്ചു കുട്ടപ്പനായി ജോലിക്കാരിയുണ്ടെങ്കിലും സ്വന്തമായി ചായയുണ്ടാക്കി കുടിച്ചു , കൂടെ ഒരു ഗ്ലാസ് ചായയും ഓട്സും എനിക്കും ബെഡിനരികെ കൊണ്ടുവന്ന് വക്കും …
ചൂടുള്ള ചായ കുടിക്കുന്ന ശീലമില്ലാത്തോണ്ട് ഞാനത് കണ്ടാലും എഴുന്നേൽക്കില്ല …
പോകാൻ റെഡിയായി വരുമ്പോളായിരിക്കും ഞാനെണീറ്റ് മൈക്കിൾ ജാക്‌സന്റെ സ്റ്റെപ്പിട്ടു പല്ലു തേക്കാൻ പോകുന്നത് …
ഓഫിസിൽ പോയ ആള് വൈകീട്ട് ആറുമണിക്ക് വീട്ടിലെത്തുന്നതിനുള്ളിൽ ചായ കുടിച്ചോ , ചോറുണ്ടോ മുള്ളിയോ , പിള്ളാരെവിടെ , ന്നൊക്കെ ചോദിച്ചു ഒരു ഇരുപത്തഞ്ച് തവണയങ്കിലും വിളിക്കും മനുഷ്യനെ ശല്യം ചെയ്യാൻ ….
ഒന്ന് വിളിക്കാൻ വൈകിയാൽ എന്തേ വിളിക്കാത്തെ ന്നു ചോദിച്ചു ഞാനങ്ങട് വിളിക്കും …വിളിച്ചാലും , കൂടിയാ ഒരു ഇരുപത്തഞ്ചു മിനുട്ട്, അങ്ങനെ ഒരു പത്തു തവണ അതിൽ കൂടുതൽ ശല്യം ചെയ്യാറില്ല ….
ഇനിയിപ്പോ ഒരൊഴിവ് ദിവസം കിട്ടിയാലോ ഇഷ്ടമില്ലെങ്കിലും അടുക്കളയിലൊന്നു കയറി ശ്വാസമെടുക്കാൻ കൂടി സമ്മതിക്കില്ല ….സ്വന്തമാക്കി വച്ചുകളയും അടുക്കള …
ഭാര്യക്കും കുട്ട്യോൾക്കും ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കി തന്ന് അത് മൂക്കുമുട്ടെ മിണുങ്ങുന്ന ഞങ്ങളെ നോക്കി രോമാഞ്ച പുളകിതനായി പുള്ളിയിരിക്കും …
എഴുതി എഴുതി തെളിയാൻ പോകുന്ന ഭാര്യയെങ്ങാനും ആ മറ്റേ പീഠമില്ലേ പേര് പറഞ്ഞാൽ നിങ്ങളെന്നെ തല്ലും അത് വീട്ടിൽ കൊണ്ടുവരുമെന്ന അത്യാർത്തിയാണോ ഞാനെഴുതിക്കോട്ടെ എന്ന് കരുതി ജോലിയെല്ലാം തീർത്തു കുട്ട്യോളെ ഏറ്റെടുക്കും ….
അതിനിടയിൽ ചൂട് പാകമാക്കി കൊണ്ട് തരുന്ന കട്ടൻ ചായയും എത്തിക്കും .
ഇന്നിപ്പോ തലവേദനയെന്നു മുഴുവൻ പറഞ്ഞില്ല തക്കാളി പോലെ ചുവന്ന എന്റെ കണ്ണുകൾ കണ്ടപ്പോഴേ പുള്ളി ഊഹിച്ചു …
വേഗം പോയി ഒരു ഗുളിക കൊണ്ടു തന്ന് എന്റെ മൊബൈൽ കസ്റ്റഡിയിലെടുത്തു….
വേദന തലക്കുണ്ടെങ്കിലും മൊബൈൽ കയ്യീന്ന് വാങ്ങിച്ചപ്പോൾ ആ വേദന എന്റെ നെഞ്ചിലേക്ക് കൂടി പകർന്നു ….
ഒന്നുറങ്ങി എഴുന്നേൽക്കുമ്പോളേക്കും തലവേദന പമ്പ കടക്കുമെന്ന മോഹനവാഗ്ദാനം തന്നെന്നെ വീണ്ടുമുറങ്ങാൻ വിട്ടു ….
ഇടക്കിടെ വന്ന് നെറ്റിയിൽ തൊട്ടു നോക്കുന്ന കെട്ട്യോനും അംഗനവാടിയെക്കാൾ കഷ്ടത്തിൽ ബഹളം വക്കുന്ന കുട്ട്യോളും പോരാഞ്ഞു പിള്ളാർക്ക് ബ്രേക്ഫാസ്റ് കൊടുക്കുന്നതിന്റേം അപ്പി കഴുകിക്കാൻ കൊണ്ടു പോകുന്നതിന്റേം ഒച്ചയും ഉറക്കം അത്ര ശരിയായില്ലെങ്കിലും തലവേദന പോയിക്കിട്ടി …
ചെറുതിനു വച്ചു കൊടുത്ത ജോണി ജോണി മാറ്റാൻ പറഞ് കൂക്കി വിളിക്കുന്ന രണ്ടാമത്തെ ട്രോഫിയുടെ ഒച്ച കേട്ട് ഞാനുണരുമ്പോൾ …
കുട്ട്യോൾടെ ഒച്ചയിൽ ഓഫിസിൽ നിന്നുമുള്ള ഫോണെടുക്കാൻ പറ്റാത്ത ദയനീയത മുഖത്തുണ്ടെങ്കിലും കണ്ണിൽ ഒരു നൂറു കുടം സ്നേഹത്തോടെ നല്ല പാതിയെന്നെ നോക്കുന്നുണ്ട് ..
ഉറക്കം പാതി മുറിഞ്ഞതിന്റെ ഇഷ്ടക്കേട് മുഖത്തു കാണിച്ചു കൊച്ചിനെ സമാധാനിപ്പിക്കുമ്പോൾ ഞാൻ പറഞ്ഞു
“ഒരിച്ചിരി മനസാക്ഷി വേണം ട്ടാ ഇങ്ങനെ കരയിപ്പിക്കണോ “
“വീട് നിറച്ചും പിള്ളാര് വേണംന്ന നിന്റെ വാശി മൂന്നെത്തിയപ്പോൾ തന്നെ നിർത്തിയത് നന്നായി അല്ലെങ്കി എന്നേ നിന്റെ മൂക്കിൽ പഞ്ഞി വച്ചു കിടന്നേനെ”..
അതും പറഞ്ഞു അങ്ങേരാണ് നിർത്തിച്ചതെന്ന നന്ദി പോലുമില്ലാതുള്ള ചോദ്യം കേട്ട് ..
ഒരു ചിരി പോലുമില്ലാത്ത എന്റെ മുഖത്തേക്ക് അമ്പരപ്പോടെ കെട്ട്യോനും ….
അത്രെയും നേരം എല്ലാ ജോലിയും തനിയെ ചെയ്ത് എന്നെ സമാധാനമായി ഉറങ്ങാൻ വിട്ട അങ്ങേരോടുള്ള ഒടുക്കത്തെ ഇഷ്ടം കൊണ്ട് തുള്ളിച്ചാടുന്ന മനസ്സ് ഒളിപ്പിച്ചു വച്ച് ഞാനും …
എന്നാലും ഞാനെല്ലാരോടും പറയും നിങ്ങളാണെന്റെ ജന്മഭാഗ്യം ന്ന് …ദൈവമറിഞ്ഞു തന്ന പുണ്യം ….
ഒരു ജോലിയിലും സഹായിക്കാതെ നടക്കുന്ന കെട്ട്യോന്മാരും , സഹായിച്ചാലും അത് പറയാതെ പരാതി പറയുന്ന കെട്ട്യോളുമാരും ഉണ്ടെന്നറിയാം ….ഒപ്പം കെട്ട്യോളെ സഹായിക്കുന്ന ആണുങ്ങളെ പെങ്കോന്തന്മാരെന്നു വിളിക്കുന്നവരും ….
എപ്പോഴെങ്കിലും ഇവർക്കൊക്കെ തോന്നിയാലോ ഇങ്ങനെ പരസ്പരം സഹായിച്ചും വീട്ടിലൊരു സ്വർഗമുണ്ടാക്കാമെന്ന് അത് കൊണ്ട് എന്റെഴുത്തിന്റെ മൂലയ്ക്ക് ഇതുമിരിക്കട്ടെ
••••••••••
ലിസ് ലോന