അവരുടെ ആ ഭാവം വകവയ്ക്കാതെ അവൻ ഫോണുമായി അവിടെ നിന്ന് മാറി നിന്നു.

രചന : അപ്പു

==============

അന്നും പതിവ് സമയമായപ്പോൾ വൈശാഖിന്റെ ഫോൺ ബെല്ലടിച്ചു. അത് കണ്ടപ്പോൾ സുഹൃത്തുക്കൾ പലരും പരസ്പരം നോക്കി ചിരിച്ചു.

അവരുടെ ആ ഭാവം വകവയ്ക്കാതെ അവൻ ഫോണുമായി അവിടെ നിന്ന് മാറി നിന്നു.

“ഇവന്റെ ഭാര്യക്ക് സംശയരോഗം ആണെന്നാണ് തോന്നുന്നത്.. അല്ലെങ്കിൽ പിന്നെ മിനിറ്റിന് മിനിറ്റിന് അവനെ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുമോ..? “

അവൻ ഫോണും കൊണ്ട് അവിടെ നിന്ന് മാറിയ സമയത്ത് അവന്റെ സുഹൃത്തുക്കളിൽ ഒരാൾ പറയുന്നത് കേട്ടിട്ട് മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.

അപ്പോഴേക്കും ഫോൺവിളി കഴിഞ്ഞ് വൈശാഖ് മടങ്ങി വരികയും ചെയ്തു. അവൻ ചിരിയോടെ ഫോണും കയ്യിൽ കറക്കി കൊണ്ടാണ് വരുന്നത്.

“സ്വന്തം ഭാര്യ ഫോൺ വിളിച്ചു കഴിയുമ്പോൾ ഇത്രയും സന്തോഷമുള്ള ഒരു മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ ആദ്യമായിട്ട് കാണുകയാണ്.സാധാരണ ഏതൊരാൾക്കും ഭാര്യ വിളിച്ചു കഴിയുമ്പോൾ ദേഷ്യം ആയിരിക്കും തോന്നുക.. ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങൾ..”

സുഹൃത്ത് പറഞ്ഞപ്പോൾ വൈശാഖ് അവനെ നോക്കി കണ്ണ് ചിമ്മി.

” നിനക്ക് ഭാര്യയോട് സ്നേഹമില്ലാത്തത് എന്റെ തെറ്റല്ലല്ലോ..? എനിക്ക് എന്റെ ഭാര്യയോട് സ്നേഹവും താൽപര്യവും ഒക്കെ ഉള്ളതുകൊണ്ട് അവൾ എപ്പോൾ എന്നെ വിളിച്ചാലും എനിക്ക് സന്തോഷമാണ്. സത്യം പറഞ്ഞാൽ അവൾ ഒന്നു വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്ന സമയത്ത് ആയിരിക്കും മിക്കവാറും അവൾ വിളിക്കാറ്.”

അത്യധികം സന്തോഷത്തോടെയും താല്പര്യത്തോടെയും വൈശാഖ് അത് പറയുമ്പോൾ മറ്റ് സുഹൃത്തുക്കൾക്ക് അത് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.

” എന്നിട്ട് ഇപ്പോൾ എന്തിനാണാവോ നിന്റെ സ്നേഹമയിയായ ഭാര്യ വിളിച്ചത്..? “

ഒരാൾ തമാശയായി ചോദിച്ചപ്പോൾ അവന് ചിരി വന്നു.

” നമ്മളെല്ലാവരും കൂടി ഇന്ന് ഈ റസ്റ്റോറന്റിൽ നിന്നാണ് ഫുഡ് കഴിക്കുന്നത് എന്ന് അവളോട് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ഇവിടുത്തെ ചിക്കൻ ടിക്ക അവളുടെ ഫേവറേറ്റ് ആണ്.. അത് വാങ്ങിക്കൊണ്ടു വരണേ എന്ന് പറയാൻ വേണ്ടി വിളിച്ചതാണ്.. “

വൈശാഖ് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഒരു സുഹൃത്ത് അവനെ തുറിച്ചു നോക്കി.

” നീ നേരത്തെ ഇതുതന്നെയല്ലേ പാഴ്സൽ പറഞ്ഞത്..? “

അയാൾ പെട്ടെന്ന് ഓർത്തത് പോലെ ചോദിച്ചപ്പോൾ അവൻ ചിരിയോടെ തലയാട്ടി.

“അവൾ വിളിച്ചു പറയുന്നതിനു മുന്നേ നീ പാഴ്സൽ ഒക്കെ ഓർഡർ ചെയ്തു കഴിഞ്ഞല്ലോ..”

മറ്റൊരാൾ കൂടി അത് ഏറ്റുപിടിച്ചപ്പോഴും വൈശാഖിനു ചിരി തന്നെയായിരുന്നു.

” എന്റെ ഭാര്യയെ എനിക്കറിയാവുന്നതു പോലെ മറ്റ് ആർക്കാണ് അറിയാവുന്നത്..? സത്യം പറഞ്ഞാൽ അവളെയും കൂടി കൊണ്ടു വരേണ്ടതായിരുന്നു എന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. ഞാൻ കമ്പ്ലീറ്റ് ആവണമെങ്കിൽ എന്നോടൊപ്പം അവളും വേണം.. “

അത്യധികം സ്നേഹത്തോടെ അവൻ പറഞ്ഞത് കേട്ട് മറ്റു സുഹൃത്തുക്കൾക്കൊക്കെ ആശ്ചര്യമാണ് തോന്നിയത്.

“നിന്റെ ഭാര്യക്ക് ജോലി ഉള്ളതല്ലേ..? അപ്പോൾ പിന്നെ അവൾക്ക് വേണമെന്നുള്ള സാധനം അവൾക്ക് സ്വന്തമായി വാങ്ങി കഴിക്കുകയോ എന്താണെന്ന് വെച്ചാൽ ചെയ്യാമല്ലോ..ഇത് അങ്ങനെയൊന്നും ചെയ്യാതെ നിന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ഓർത്തിട്ട് നിനക്ക് ദേഷ്യം തോന്നാറില്ലേ..? എനിക്കാണെങ്കിൽ ദേഷ്യം കൊണ്ട് എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത കണ്ടീഷനിലേക്ക് ആയിരിക്കും ചെന്നെത്തുക..”

കൂട്ടുകാരനായ വിനോദ് അത് പറഞ്ഞപ്പോൾ വൈശാഖ് ഇല്ലെന്ന് തലയാട്ടി.

” നീ പറഞ്ഞത് ശരിയാണ്. അവൾക്ക് സ്വന്തമായി ജോലിയും വരുമാനവും ഒക്കെയുള്ളതാണ്. പക്ഷേ ഞാൻ വാങ്ങി കൊടുക്കുന്നതാണ് അവളുടെ സന്തോഷം.. അതറിയാവുന്നതു കൊണ്ട് സ്വന്തമായി വാങ്ങി കഴിക്കാൻ ഞാൻ അവളെ നിർബന്ധിക്കാറുമില്ല.”

വൈശാഖ് അത് പറഞ്ഞപ്പോൾ മറ്റുള്ളവർക്ക് ഒരുതരം കുശുമ്പ് കുത്തി.

“സത്യം പറഞ്ഞാൽ അവൾ മറ്റുള്ള കടകളിൽ കയറി ഇറങ്ങുന്നത് നിനക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞാൽ മതി. ഇതാവുമ്പോൾ സ്നേഹം കൊണ്ട് നീ വാങ്ങി കൊടുക്കുന്നതാണ് എന്ന് കരുതി അവൾ മറ്റൊന്നും പറയാതെ വാങ്ങി വെച്ചോളും. അവൾ വേറെ വല്ലയിടത്തും കറങ്ങിത്തിരിഞ്ഞ് ആരെയെങ്കിലും വായിനോക്കി എന്ന് ഉള്ള നിന്റെ ടെൻഷനും കുറഞ്ഞു കിട്ടും.. ഇതൊക്കെ തന്നെയല്ലേ നിന്റെ ഉദ്ദേശം..?”

വിനോദ് ചോദിച്ചപ്പോൾ വൈശാഖിനെ സത്യം പറഞ്ഞാൽ ദേഷ്യം വന്നു. എങ്കിലും അവൻ അത് പുറത്ത് പ്രകടിപ്പിച്ചില്ല.

“എന്റെ ഭാര്യയെ എനിക്ക് സംശയമൊന്നുമില്ല.അവളെ ഞാൻ ആത്മാർത്ഥമായി സ്നേഹിക്കുമ്പോൾ എന്നെ വിട്ട് അവൾ മറ്റൊരാളോടൊപ്പം പോകില്ല എന്ന് എനിക്ക് 101 ശതമാനം ഉറപ്പുണ്ട്. എന്നിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് തുറന്നു പറയാൻ അവൾ ഒരിക്കലും മടിക്കാറില്ല. അതുപോലെതന്നെ അവൾക്ക് എന്തിനോടെങ്കിലും ആകർഷണം തോന്നിയാൽ അവൾ അത് എന്നോടും പറയാറുണ്ട്. നീ ഇപ്പോൾ പറഞ്ഞില്ലേ അവൾ വേറെ എവിടെയെങ്കിലും പോയി ആരെങ്കിലും നോക്കുമോ എന്നുള്ള ടെൻഷൻ കൊണ്ടാണ് ഞാൻ വാങ്ങി കൊടുക്കുന്നത് എന്ന്. പക്ഷേ ശരിക്കും പറഞ്ഞാൽ ഞങ്ങൾ രണ്ടാളും കൂടി എവിടെയെങ്കിലും പോയാലും അവൾ നല്ല രീതിയിൽ വായിനോക്കാറുണ്ട്. എന്നിട്ട് അവൾ കാണുന്ന ഏതെങ്കിലും ചെറുപ്പക്കാരെ എനിക്ക് ചൂണ്ടി കാണിച്ചു തന്നിട്ട് ഇവനെ കാണാൻ നല്ല രസമുണ്ടല്ലോ എന്ന് എന്നോട് ചോദിക്കാറുണ്ട്. അതുപോലെതന്നെ അവളോടൊപ്പം നടക്കുമ്പോൾ ഞാൻ പെൺകുട്ടികളെ വായ് നോക്കാറുണ്ട്. കമന്റ് അടിക്കാറുണ്ട്. പക്ഷേ അതൊക്കെ അവളോട് ആണെന്ന് മാത്രം..!ഞങ്ങൾ തമ്മിൽ പരസ്പരം നല്ല ധാരണയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്. അല്ലാതെ നിങ്ങളൊക്കെ കരുതുന്നതുപോലെ ആർക്കെങ്കിലും വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ഞങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതൊന്നുമല്ല..”

അവൻ പറയുന്നത് കേൾക്കുമ്പോൾ മറ്റുള്ള സുഹൃത്തുക്കൾക്ക് അത്ഭുതമായിരുന്നു.

“പിന്നെ ഒരു കാര്യം കൂടി ഞാൻ പറയാം. ഏതൊരു സ്ത്രീക്കും സ്വന്തമായി ലക്ഷങ്ങൾ വരുമാനം ഉള്ളവളാണെങ്കിൽ കൂടി സ്വന്തം ഭർത്താവ് വാങ്ങിക്കൊടുക്കുന്ന ഒരു നാരങ്ങ മിട്ടായിയോട് പോലും അവർക്ക് വല്ലാത്തൊരു കൊതിയായിരിക്കും. അവർക്ക് ഇഷ്ടമുള്ള എന്തെങ്കിലും സാധനങ്ങൾ നമ്മൾ സർപ്രൈസ് ആയി അവരുടെ മുന്നിലേക്ക് കൊണ്ട് ചെല്ലുമ്പോൾ ഉള്ള അവരുടെ സന്തോഷം ഉണ്ടല്ലോ.. അത് അനുഭവിച്ച് അറിയുക തന്നെ വേണം..”

വൈശാഖ് പറഞ്ഞപ്പോൾ വിനോദ് ഓർത്തത് തന്റെ ഭാര്യയെ കുറിച്ചായിരുന്നു.

എന്തായിരുന്നു അവളുടെ ഫേവറേറ്റ് ഫുഡ്..? ബിരിയാണി.. അതെ ചിക്കൻ ബിരിയാണിയാണ് അവളുടെ ഏറ്റവും ഫേവറൈറ്റ്.. ഇനി ഒരുപക്ഷേ അവൾ അതല്ലാതെ മറ്റു വെറൈറ്റികൾ ഒന്നും കഴിച്ചിട്ടില്ലാത്തത് കൊണ്ടായിരിക്കുമോ..? അല്ലെങ്കിൽ തന്നെ വീടും കുട്ടികളും ഒക്കെയായി ജീവിക്കുന്ന അവൾ എങ്ങനെയാണ് ഇതൊക്കെ കഴിക്കുക..? ഇപ്പോഴെങ്കിലും താൻ അവളെ തന്നോട് ഒപ്പം പുറത്തേക്ക് കൊണ്ടുവന്നു എന്തെങ്കിലും വാങ്ങി കൊടുത്തിട്ടുണ്ടോ..?

അതൊക്കെ ഓർത്തപ്പോൾ വിനോദിന് നെഞ്ചിൽ ഒരു കല്ലെടുത്തു വച്ച പോലെ വേദനിച്ചു.

സുഹൃത്തുക്കൾ ഓരോരുത്തരും യാത്ര പറഞ്ഞു പിരിഞ്ഞപ്പോഴും വിനോദും വൈശാഖും അവിടെത്തന്നെ ഉണ്ടായിരുന്നു.

വൈശാഖിന്റെ പാഴ്സൽ റെഡിയായപ്പോൾ അവനും യാത്ര പറഞ്ഞു പിരിയാൻ തുടങ്ങി.

” നിന്റെ മനസ്സിൽ ഇപ്പോൾ നിന്റെ ഭാര്യയും കുട്ടികളും ഒക്കെ ആണെന്ന് എനിക്കറിയാം. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കാൻ നിനക്ക് തോന്നുന്നുണ്ടെങ്കിൽ അതിനുള്ള സമയം ഇപ്പോഴാണ്. ഒരിക്കലും ചെയ്തു കൊടുക്കാതിരിക്കുന്നതിനേക്കാൾ എത്രയോ ബെറ്ററാണ് ഇപ്പോഴെങ്കിലും ചെയ്തു കൊടുക്കുന്നത്.. “

വിനോദിന്റെ തോളിൽ തട്ടി അത്രയും പറഞ്ഞുകൊണ്ട് വൈശാഖ് നടന്നകലുമ്പോൾ തന്റെ ഭാര്യക്കും കുട്ടികൾക്കും വേണ്ടിയുള്ള സ്പെഷ്യൽ ഫുഡ് വിനോദ് ഓർഡർ ചെയ്തു കഴിഞ്ഞിരുന്നു.

അതുകൊണ്ട് വീട്ടിലേക്ക് കയറി ചെല്ലുമ്പോഴും വിനോദ് ഓർത്തത് ഇത് കാണുമ്പോൾ അവളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നാണ്..

പതിവുപോലെ വന്ന് വാതിൽ തുറന്ന് യാതൊരു പ്രതികരണവും ഇല്ലാതെ തിരിഞ്ഞു പോകാൻ തുടങ്ങിയ അവളുടെ ചുമലിലേക്ക് കൈവെച്ച് അവളെ തനിലേക്ക് അടുപ്പിച്ചുകൊണ്ട് ആ കവർ അവളുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ ആ മുഖത്തുണ്ടായ അത്ഭുതം അവനെ അമ്പരപ്പിച്ചു.

അമ്പരപ്പോടെ അവൾ അത് തുറന്നു നോക്കുന്നതും, സന്തോഷത്തോടെ അവനെ നോക്കി ചിരിക്കുന്നതും ഒക്കെ അവന് പുതിയ കാഴ്ചകളായിരുന്നു.

അന്ന് രാത്രി ശബ്ദമുഹരിതമായ ഡൈനിങ് ടേബിളിൽ അവൻ കൊണ്ടുവന്ന ആഹാരം വിളമ്പുമ്പോൾ, പതിവിലും അധികം സന്തോഷം അവന്റെ ഭാര്യയിലും കാണാനുണ്ടായിരുന്നു..!അവളുടെ സന്തോഷം ആ കുടുംബത്തിന്റെ മൊത്തം അന്തരീക്ഷത്തിനെയും മാറ്റി മറിക്കുന്നത് അമ്പരപ്പോടെയാണ് അവൻ കണ്ടത്.

ഒരുപക്ഷേ ഇതായിരിക്കണം ഒരു കുടുംബത്തിന്റെ താളം..!! അത് മനസ്സിലാക്കി തന്ന വൈശാഖിനോട് ആ നിമിഷം ഉള്ളു കൊണ്ട് നന്ദി പറയുകയായിരുന്നു വിനോദ്..!!