നിന്നെയെനിക്കറിഞ്ഞൂടെ പാലിക്കാൻ പറ്റാത്ത സത്യങ്ങളൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട പൊന്നുവേ നീ..

മാറ്റങ്ങൾ ❤

രചന: ബിന്ധ്യ ബാലൻ

::::::::::::::::::::::::::

“നിന്നോടെന്തെങ്കിലും പറഞ്ഞാൽ അനുസരിക്കാൻ നിനക്കെന്താടി ഇത്ര മടി..അനുസരിക്കേമില്ല, എന്നിട്ട് എന്തേലും ഞാൻ പറഞ്ഞു കഴിഞ്ഞാ ഇരുന്ന് മോങ്ങിക്കോണം. എന്റെ കൈ തരിച്ചു വരുന്നുണ്ട് പൊന്നുവേ… എന്റെ മുന്നീന്നെണീറ്റ് പൊയ്ക്കോ.. ഇല്ലേ ചുറ്റും ആളുകളിരിക്കുന്നത് ചിലപ്പോ ഞാൻ മറന്നു പോകും “

മറൈൻ ഡ്രൈവിലേ, സ്ഥിരം ഇരിക്കാറുള്ള ബഞ്ചിന്റെ രണ്ടറ്റത്തേക്കും മാറിയിരുന്ന്, ഒച്ചയില്ലാതെ വഴക്കുണ്ടാക്കുമ്പോൾ കുറെ നാളുകളായി ഉള്ളിലുണ്ടായിരുന്നൊരു സങ്കടം അന്നാദ്യമായി ഞാൻ ഇച്ചായനോട് പറഞ്ഞു

“ഇച്ഛനെന്തിനാ എപ്പോഴും എന്നോടിങ്ങനെ ദേഷ്യപ്പെടണത്… ഈ മൂന്ന് കൊല്ലത്തിനിടയ്ക്ക് ഇച്ചായനെത്ര തവണ എന്നോട് ദേഷ്യപ്പെടാതെ മിണ്ടീട്ടുണ്ടെന്നു എണ്ണിയെടുക്കാൻ പറ്റും.. അതറിയോ? “

പക്ഷെ എന്റെയാ സങ്കടത്തെ, നിറഞ്ഞു വന്ന കണ്ണുകളെ പാടെ അവഗണിച്ചു കൊണ്ട് പിന്നെയും ഇച്ചായൻ ദേഷ്യത്തോടെ പറഞ്ഞത് കേട്ട് സത്യത്തിൽ എന്റെ ചങ്ക് കലങ്ങിപ്പോയി.

“ആ എനിക്കിങ്ങനെയൊക്കെ പറ്റാത്തൊള്ളൂ.. നിനക്ക് വേണ്ടേൽ കളഞ്ഞിട്ട് പോ.. അല്ലാതെ നിനക്ക് വേണ്ടി എനിക്ക് മാറാനൊന്നും ഒക്കത്തില്ല “

പൊട്ടിയൊഴുകാൻ വെമ്പി നിന്ന കണ്ണീരിനെ അടക്കിപ്പിടിച്ച് ഒന്നും മിണ്ടാതെ ഞാൻ വെറുതെ കായലിലേക്ക് നോക്കിയിരുന്നു.

“എന്നാ.. നിനക്ക് ഒന്നും മിണ്ടാനില്ലെ? ഞാൻ ചുമ്മാ ദേഷ്യപ്പെടുന്നതൊന്നുമല്ലല്ലോ.. നീ ഓരോന്ന് കാണിച്ച് വെയ്ക്കുമ്പോഴല്ലേ എനിക്ക് ദേഷ്യം വരുന്നത്…ഞാൻ എപ്പോഴും പറയാറുണ്ട് എവിടേലും പോകുമ്പോ പറഞ്ഞിട്ട് പോകണമെന്ന്..നീയത് കേൾക്കാറുണ്ടോടി? “

ഇച്ചായൻ വീണ്ടും പറഞ്ഞു. വെറുതെ ഒന്ന് മൂളിയതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ മൗനം ഇച്ചായനെ ഭ്രാന്ത് പിടിപ്പിച്ചെന്നു തോന്നുന്നു. പല്ല് കടിച്ച് ഇച്ചായൻ വീണ്ടും ചോദിച്ചു

“എന്നാ കോപ്പിനാടി ഇങ്ങനെ ഇരുന്ന് കരയുന്നത്.. വല്ലതും പറയാനുണ്ടേൽ പറയ്.. എനിക്ക് പോയിട്ട് വേറേ ജോലിയുണ്ട്.. “

അപ്പോഴും ഞാൻ ചോദിച്ചത് തന്നെ വീണ്ടും ചോദിച്ചു

“എന്നോടെന്തിനാ ഇച്ചായാ ഇങ്ങനെ ദേഷ്യപ്പെടണേ.. ഇച്ചായനെന്നെ ഇഷ്ട്ടല്ലേ.. അതോ മടുത്ത് തുടങ്ങിയോ… പറയ്.. അങ്ങനെ ആണേൽ ഞാൻ ഒഴിഞ്ഞു തന്നേക്കാം. “

വിങ്ങിക്കരഞ്ഞു കൊണ്ട് അത്രയും പറഞ്ഞിട്ട്, ഇച്ചായന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ എഴുന്നേൽക്കാൻ ആഞ്ഞതും, എന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടു ഇച്ചായൻ ചോദിച്ചു

“നിനക്ക് എന്നെ സഹിച്ച് മടുത്തല്ലെടി.?”

ഒന്നും മിണ്ടാതെ ഞാൻ ഇച്ചായനെ നോക്കി. കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ട്.

കയ്യിലെ പിടുത്തം ഒന്നുകൂടി മുറുക്കിക്കൊണ്ട് ഇച്ചായൻ പറഞ്ഞു

“ഞാനെപ്പോഴും ഓർക്കാറുണ്ട് പൊന്നുവേ , നിനക്കെങ്ങനെയാണ് എന്നെ ഇത്രയും സഹിക്കാൻ പറ്റണതെന്ന്. നീ പറഞ്ഞത് നേരാണ്. ഞാൻ ഒരിക്കലും നിന്നോട് സ്നേഹത്തോടെ പെരുമാറിയിട്ടില്ല. എപ്പോഴും ചാടിക്കടിച്ചേ ഇച്ചായൻ നിന്നോട് മിണ്ടാറുള്ളൂ. പിന്നെ കുറെ കഴിയുമ്പോ ഞാൻ ഓർക്കാറുണ്ട്, ഞാൻ എന്താ ഇങ്ങനെയെന്നു. പക്ഷെ അതൊന്നും നിന്നോട് സ്നേഹം ഇല്ലാഞ്ഞല്ല കൊച്ചേ.. നിന്നെയെനിക്ക് ജീവനാണ്. പക്ഷെ ഞാൻ എന്താ ഇങ്ങനെയെന്നു ചോദിച്ചാ, അവള്…. ശ്രീ പോയതിൽ പിന്നെയാ ഞാൻ ഇങ്ങനെ ആയത്. സ്നേഹം ചാലിച്ച് ഉരുട്ടിക്കൊടുത്താണ് ഞാൻ എന്റെയീ നെഞ്ചിൽ അവളെ കൊണ്ട് നടന്നത്. അവളെന്തു പറഞ്ഞാലും വിശ്വസിക്കും.. അവളുടെ താളത്തിനെല്ലാം തുള്ളി… ഒടുക്കം എന്റെ ചങ്കിനു കുത്തി പെട്ടന്നൊരു ദിവസം അവളിറങ്ങിപ്പോയപ്പൊ മരവിച്ചു പോയതാണ് എന്റെ മനസ്. അതിൽ പിന്നെ ആരോടും സ്നേഹം കാണിക്കാൻ തോന്നിയിട്ടില്ല എനിക്ക്. പേടിയാണ് സ്നേഹം കാണിക്കാൻ. നീ വന്നതിൽ പിന്നെ കുറെ മാറ്റങ്ങൾ ഉണ്ടായെങ്കിലും, ഉള്ളിൽ വീണ് പോയ ആ പേടി ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ആ പേടിയാവാം എന്നെ പിന്നിലേക്ക് പിടിച്ച് വലിക്കുന്നത്… “

“ഞാനും ശ്രീയെപ്പോലെയാകുമെന്നു പേടിയുണ്ടോ ഇച്ചായന്? “

ഇച്ചായന്റെ അടുത്തേക്ക് ചേർന്നിരുന്ന്, മെല്ലെ ആ താടി പിടിച്ചുയർത്തി ഞാൻ ചോദിച്ചു.

“നിർത്തെടി… പന്നത്തരം പറഞ്ഞാ അടിച്ച് കരണം പൊട്ടിക്കും ഞാൻ …”

കയ്യുയർത്തി എന്റെ കവിളിൽ മെല്ലെയൊന്നു തല്ലി ദേഷ്യത്തോടെയാണ് ഇച്ചായൻ എന്റെ ചോദ്യത്തോട് പ്രതികരിച്ചത്. ഒരു ചെറിയ ചിരിയോടെ കവിൾ തടവി ഞാൻ ഇച്ചായന്റെ കയ്യിൽ തൊട്ടു. പക്ഷെ ഒട്ടും തണുക്കാതെ വീറോടെ എന്റെ കൈ തട്ടി മാറ്റി എഴുന്നേറ്റ് നടന്ന് പോകുന്ന ഇച്ചായനെ കുറച്ചു നേരം അങ്ങനെ നോക്കിയിരുന്നിട്ട് പിന്നാലെ ഓടിച്ചെന്ന് , ആ കൈത്തണ്ടയിൽ തൂങ്ങി ഞാൻ പറഞ്ഞു

“അത് പിന്നെ.. .. ഇച്ചായൻ എപ്പോഴും എപ്പോഴും എന്നോട് ദേഷ്യപ്പെടുമ്പോ എനിക്ക് സങ്കടം വരും. അതോണ്ടല്ലേ ഞാൻ അങ്ങനോക്കെ ചോദിച്ചത്… ഇനി ചോദിക്കൂല്ല… ഇച്ഛനാണെ സത്യം “

“നീ ചോദിക്കും… നിന്നെയെനിക്കറിഞ്ഞൂടെ പാലിക്കാൻ പറ്റാത്ത സത്യങ്ങളൊന്നും എഴുന്നള്ളിക്കാൻ നിൽക്കണ്ട പൊന്നുവേ നീ.. ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, ഞാൻ ഇങ്ങനെയാണ്.. എനിക്ക് ഞാൻ ആവാനേ പറ്റൂ… ഇരുപത്തിനാല് മണിക്കൂറും നിന്റെ പുറകെ പഞ്ചാരയടിച്ചു കൊഞ്ചിച്ചോണ്ട് നടക്കാൻ നീയെന്നെ നോക്കണ്ട… സഹിക്കാൻ വയ്യെങ്കിൽ കളഞ്ഞിട്ട് പൊയ്ക്കോ എന്നൊന്നും ഞാൻ പറയത്തില്ല…അങ്ങ് സഹിച്ചോണം.. അതല്ല അങ്ങനെ എങ്ങാനും നീ പോയാല്…. “

“പോയാല്…? ചെക്കൻ എന്ത് ചെയ്യുമെന്നെ? “

ഒരഗ്നി പർവതം കണക്കെ പൊട്ടിത്തെറിച്ചോടുവിൽ പതിയെ ശാന്തനാവുന്ന എന്റെ താന്തോന്നിയുടെ മുന്നിലേക്ക് കയറി നിന്ന്, കൈ രണ്ടും ഇടുപ്പിൽ കുത്തി ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“പോയാലോ… നീ എവിടെ പോയാലും അവിടെ വന്ന് നിന്നെ എടുത്തോണ്ട് പോരും ഞാൻ. ചീത്ത പറയാനും സ്നേഹിക്കാനും ഇച്ചായന് നീയല്ലാതെ പിന്നെ വേറേ ആരാടി ഒള്ളത്… ദേ എന്റെ കൊച്ചാണെ സത്യം, ഇനി തൊട്ട് ഇച്ചായൻ കൊച്ചിന്റെയടുത്ത് ഒത്തിരി ദേഷ്യം കാട്ടൂല്ലാട്ടോ… നിനക്ക് നോവുന്നു എന്നറിഞ്ഞാൽ പിന്നെ ഭ്രാന്ത്‌ ആയിപ്പോകും പൊന്നുവേ ഇച്ചായന്…. “

എന്റെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ച് ഇച്ചായൻ പറഞ്ഞത് കേട്ടപ്പോൾ, പലപ്പോഴും ഇച്ചായനെ മനസ്സിലാക്കുന്നതിൽ ഞാൻ തോറ്റു പോകുവാണല്ലോ എന്നോർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.

…………………………………………

“എന്റെ പൊന്ന് പൊന്നുവേ, നീയിങ്ങനെ ഇച്ഛനെ എഴുതി എഴുതി തീർക്കാതെ, ദേ ആ ജംഗ്ഷനിൽ കൊണ്ട് വച്ച് ലേലം വിളിച്ചങ് വിൽക്ക്… ഇതിലും ഭേദം അതാണ്‌.. ശ്ശെടാ, ഇതിപ്പം ഗ്രൂപ്പ് തുറന്നാ കലിപ്പനേം കാന്താരിനേം തട്ടീട്ട് നടക്കാൻ മേലാണ്ടായല്ലോ… “

കല്യാണത്തിന് മുൻപുള്ള ഒരു പിണക്കം നല്ല വൃത്തിക്കെഴുതി, ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് ഇച്ഛനു വായിക്കാൻ കൊടുത്തിട്ട് ആ മുഖത്ത് നിന്നൊരു പ്രതികരണം കാത്ത് നിന്ന എന്നെ ഒട്ടും ബോറടിപ്പിക്കാതെ ഫസ്റ്റ് കമന്റ് പറഞ്ഞ്‌ ഇച്ചായൻ പൊട്ടിച്ചിരിച്ചു.

ആ പൊട്ടിച്ചിരി കണ്ട്, കൂടെച്ചേർന്ന് ചിരിച്ച്, എന്റെ രാവണന്റെ ആ കട്ടത്താടിയിൽ പിടിച്ച് വലിച്ച് കൊണ്ട് ഞാൻ പറഞ്ഞു

“ദേ ഈ എഴുതി വച്ച വരികളിലെ ആ കലിപ്പൻ തെമ്മാടിയെ ഇടയ്ക്കൊന്നു കാണാൻ കൊതി ഉണ്ട്ട്ടോ… ഇടയ്ക്കെന്നോടൊന്നു ദേഷ്യപ്പെട് ചെക്കാ നീ….. “

“ഒരു നോട്ടം കൊണ്ട് പോലും ഇനിയെന്റെ കൊച്ചിനെ ഞാൻ നോവിക്കില്ലെന്ന്, എല്ലാം ഉപേക്ഷിച്ചു നീ എന്റെ കൂടെ ഇറങ്ങി വന്ന അന്ന് ഇച്ചായൻ മനസ്സിൽ ഉറപ്പിച്ചതാണ്…… തരാതെ കൂട്ടി വച്ച സ്നേഹം മുഴുവൻ തന്നിട്ട്, എന്റെ കൊച്ചിനെ എപ്പോഴുമിങ്ങനെ ചിരിച്ചു കാണണം ഇച്ചായന്……..

നിറഞ്ഞ ചിരിയോടെ ഇച്ചായൻ പറഞ്ഞത് കേട്ടപ്പോൾ, ഒന്നും മിണ്ടാതെ, കണ്ണുകൾ നിറച്ച് ഇച്ചായന്റെ കവിളത്തൊരുമ്മ കൊടുത്തിട്ട് ആ തോളിൽ തല ചായ്ച്ചിരിക്കുമ്പോൾ , എനിക്ക് തോന്നുണ്ടായിരുന്നു ഈ ഭൂമിയിൽ ഇത്രമേലാഴത്തിൽ സ്നേഹിക്കപ്പെടുന്ന മറ്റൊരു പെണ്ണും ഉണ്ടാവില്ലെന്ന്……….