അഗ്നിശലഭങ്ങൾ
രചന: ലിസ് ലോന
:::::::::::::::::::::::::::::::::
സൈക്കിൾസ്റ്റാൻഡ് നല്ലോരൊച്ചയോടെ ഞാൻ തട്ടി അമ്മ കേൾക്കാൻ വേണ്ടി തന്നെ ,അല്ലെങ്കിൽ വെള്ളം ചോദിച്ചത് കേട്ടില്ലെന്നു പറയും , ഞാനാരാ മോള് .
“അമ്മേ ഇയ്കൊരു ഗ്ലാസ്സ് വെള്ളം “
“നീയ് ട്യൂഷന് പോയി വന്നതല്ലേ ..അല്ലാതെ കൂലിപ്പണിക്ക് പോയി വന്നതൊന്നും അല്ലാലോ …അകത്തു കേറിപോയി കുടിക്കെടി “
ഈ തള്ളക്കിതെന്തിന്റെ കേടാണ് !! ഏത് നേരോം ഇവിടെ കാണാം ..ബിബിസി ന്യൂസും കൊണ്ട് …ഭവാനിതള്ളേ , സ്വന്തം വീട്ടിലെ കാര്യം നോക്കിയാ പോരെ എന്റെ സ്വന്തം അമ്മ ,എന്റെ വീട് ,എന്റെ ഇഷ്ടം ..അല്ല പിന്നെ !! തള്ളയോട് ഒരു നോട്ടത്തിൽ ഞാനെല്ലാം പറഞ്ഞു . വാ വിട്ട് പറഞ്ഞാൽ തള്ള ചിലപ്പോ ആട്ടും ….ബോധോം പൊക്കണോം ഇല്ലാത്ത സാധനം …
“നീയി പെണ്ണിനെ ഒരു കുന്തോം പഠിപ്പിക്കണ്ട…ഒരു മാറ്റാംകുടുമ്മത്തു എത്തുമ്പോ പെണ്ണ് ശരിക്കും വെള്ളം കുടിച്ചോളും “
വെള്ളം കൊണ്ടുതന്ന അമ്മയോടാണ് ഡയലോഗ് …അമ്മേടെ മുപ്പത്തിരണ്ട് പല്ലും പുറത്തു കാണാം എനിക്കാണേ തള്ളയെ കണ്ടാലേ കലി കയറും .
ശെടാ !!! ഇവരെ ഞാനിന്ന് ഉലക്കക്ക് അടിക്കും ..ഞാൻ ദേക്ഷ്യം കടിച്ചമർത്തി , എന്തേലും മിണ്ടിയാ അമ്മ കൊമ്പ് കോർക്കും പ്രായം ചെന്നോരോട് തറുതല പറയല്ലെന്നാണ് ചട്ടം പറച്ചിൽ …
നേരെ അകത്തേക്ക് പോയി കിടക്കയിലേക്ക് ബാഗും ഷാളും ഒക്കെ വലിച്ചെറിഞ്ഞു ഇരുന്നപ്പോളേക്കും
“അമ്മു …കയ്യും മുഖവും കഴുകീട്ടു വായോ , ചായ തരാം”
ഓ….എത്രെ തവണ പറഞ്ഞാലും കേൾക്കില്ല കൂട്ടുകാരുടെ മുൻപിലും കുമ്മൂ ന്ന് വിളിച്ചു ഒലിപ്പിച്ചു വരും ….എന്തോരു ഭംഗിയുള്ള പേരാണെന്റെ ..നിരഞ്ജന ..ആഹഹാ പറയുമ്പോ എനിക്ക് തന്നെ ഒരു രോമാഞ്ചമാണ് …
ഹ് മ് മ്മ് ..പറഞ്ഞിട്ടെന്തു കാര്യം വീട്ടിൽ ഏട്ടനും അച്ഛനും അമ്മയുമൊക്കെ വിളി അമ്മുന്നാണ് …ഇപ്പൊ ഇതു കേട്ട് കൂട്ടുകാര് പോലും അങ്ങനെത്തന്നെ ..
ഒരു ഫാഷൻ സെൻസില്ലാത്ത വാൽമാക്രികൾ ..
“ഇന്നും ഇലയടയാണോ വേറൊരു സാധനോം അമ്മക്കറിയില്ലെ ണ്ടാക്കാൻ …ഇയ്ക് വേണ്ട , മൂന്നു ദിവസായി ഇതന്നെ തിന്നണു “
“വയ്യ അമ്മു ..നല്ല പനീണ്ട് ഇയ്ക് , രണ്ടു ദിവസായിട്ട് പാരസെറ്റമോളും കഴിച്ചു നടക്കാ ഞാൻ …നിനക്ക് പിന്നെ അടുക്കള അല്ലെർജിയല്ലേ “
“മതി മതി ..ഞാൻ തിന്നോളാം ഇനി സെന്റി അടിക്കാൻ തുടങ്ങണ്ട ..ഞാനും കുറെ ആയില്ലേ പറയണു വല്ല നൂഡിൽസും വാങ്ങി വക്കാൻ ..പണി ഒന്നും വേണ്ടല്ലോ..അപ്പൊ അത് പറ്റില്ല ..നൂഡിൽസ് തിന്നിട്ട് ആരും ചത്തു പോയിട്ടൊന്നും ഇല്ല്യാന്റെ അമ്മേ “
ഞാൻ പ്ലേറ്റ് മാറ്റി …അല്ലെങ്കി ഈ പനികഥ പറഞ്ഞു എന്നെകൊണ്ട് പണിയെടുപ്പിക്കാനാണ് പ്ലാൻ ..
“ഇല്ലാരിക്കും , എന്നാലും അങ്ങനല്ല മോളെ അത് വല്ലപ്പോളും തിന്നുന്നത് കുഴപ്പല്ല്യാ …എന്നും കഴിച്ചാൽ വല്ല സൂക്കേടും വരും പിന്നെ അതിനോടാൻ നിക്കണം “
ചായ വേഗം കുടിച്ചവസാനിപ്പിച്ചില്ലെങ്കി ഇന്ന് മൊത്തം നൂഡിൽസിന്റെ കുറ്റം പറഞ്ഞിരിക്കുമെന്ന് തോന്നിയപ്പോ ഞാനെണീറ്റു ..
ഈ വീട്ടിൽ മാത്രേ ഇങ്ങനുള്ളു ..പച്ചക്കറി മൊത്തം വിഷമാണെന്നും പറഞ്ഞു ടെറസിൽ കൃഷി… ഇനി ഒരിഞ്ചു സ്ഥലമില്ല കാലെടുത്തു വക്കാൻ …വല്ലപ്പോളും മാത്രേ പച്ചക്കറി പുറത്തുന്നു വാങ്ങുള്ളൂ , അതും ഒരു നൂറു തവണ കഴുകിയിട്ടേ ഫ്രിഡ്ജിൽ വക്കുകയുള്ളു…ഇറച്ചികോഴി വാങ്ങാമെന്നു പറഞ്ഞാൽ അതിലൊക്കെ ഹോർമോൺ ആണെന്ന് പറഞ് വിജയേട്ടന്റെ വീട്ടീന്ന് നാടൻകോഴി വാങ്ങും ..ഇപ്പൊ മീൻ വാങ്ങുന്നതും നിർത്തി ..അതിലും വിഷമാണെന്നാണ് പറച്ചിൽ …പിന്നേ…ഈ നാട്ടിലുള്ളോരൊന്നും ഇതൊന്നും കഴിക്കുന്നില്ല ..ഇതൊക്കെ എല്ലാരും തിന്നുന്നത് തന്നെയല്ലേ …..
ഈ തക്കാളികറിയും വെണ്ടയ്ക്കതോരനുമൊക്കെ എന്ന് ഈ വീട് വിട്ടു പോവുന്നോ അന്നേ നന്നാവുള്ളു …
പതിയെ അടുക്കളയിൽ നിന്ന് മുങ്ങാനുള്ള എന്റെ നീക്കം അമ്മ അതിശക്തമായി തടഞ് സിങ്കിലേ പാത്രത്തിലേക്ക് കൈ ചൂണ്ടി …
“അമ്മേ പ്ലീസ് എനിക്ക് പഠിക്കാനുണ്ട് …ഞാൻ അത് കഴിഞ്ഞിട്ട് സഹായിക്കാം …”
അയ്യടാ …പാത്രം കഴുകാൻ , വേറെ പണിയില്ല എനിക്ക് മുറിയിലേക്ക് നടക്കുമ്പോൾ ഞാനോർത്തു ..
ഫോൺ അടിക്കുന്നുണ്ടല്ലോ …
“അമ്മേ അച്ഛനാന്ന് തോന്നണു ഫോൺ എടുത്തോ “
എന്റെ മൊബൈൽ കുറെ നേരായി കിണി കിണിന്ന് അടിക്കുന്നു അതൊന്ന് നോക്കട്ടെ … മെസേജിലേക്ക് നോക്കിയപ്പോൾ വീട്ടിലെത്തിയതിന്റെ മെസേജ് ഇടാത്തതിന് ജിതിന്റെ ദേക്ഷ്യ സ്മൈലി കണ്ട് ചിരിയാണുവന്നത് ..
ഒന്നുല്ലെങ്കിലും ഞാൻ പ്ലസ് ടുക്കാരി അല്ലേ …ഇവന്റൊരു കാര്യം …ഒരു കൂട്ടുകാരനോട് മിണ്ടിയെന്ന് പറഞ്ഞാൽ പോലും അരിശം പിടിക്കും …രാവിലെ സ്കൂളിലേക്ക് പോകുന്നതിനു മുൻപും എത്തിയാലും തിരികെ വീട്ടിലെത്തിയാലും മെസേജ് അയക്കണം അത്രയ്ക്കും ജീവനാണ് എന്നെ ..ഞാൻ സുരക്ഷിതമായി വീട്ടിലെത്തി എന്നറിയുന്ന വരെ അവന് പേടിയാണെന്ന് ….ഇങ്ങനൊരു ചെക്കൻ .
ജിതിന്റെ ആന്റിയുടെ വീട് ഇവിടെ അടുത്താണ് , അവിടെ മിക്കവാറും വരാറുള്ള അവൻ ഒരിക്കൽ വളവു തിരിഞ്ഞു വന്ന എന്നെ കണ്ടില്ലാ …അവന്റെ ബൈക്ക് എന്റെ സൈക്കിളിൽ തട്ടി ഞാൻ മൂക്കുംകുത്തി വീണു…മുഖവും കാൽമുട്ടും പൊട്ടി ചോരയൊലിച്ചു നിൽക്കുന്ന എന്നെ കണ്ടിട്ടും എന്നോട് തട്ടിക്കയറിയ അവന്റെ തന്തക്ക് വിളി മാത്രേം ഒഴിവാക്കി ലോകത്തിലെ സകല തെറിയും വിളിച്ചത് എന്റെ തെറ്റ് മറക്കാൻ വേണ്ടി തന്നെയാണ് …ഞാനായിരുന്നല്ലോ വശം മാറി വന്നത് …മിണ്ടാട്ടം മുട്ടി അവൻ നിന്നത് ഇപ്പോളും കണ്മുന്പിലുണ്ട് ..
പിന്നീടെപ്പോഴോക്കെയോ അവന്റെ വഴിയിലെ നിൽപ്പും നോട്ടവും കണ്ടിട്ടും കാണാത്ത മട്ടിൽ പോകാൻ തുടങ്ങിയപ്പോ തടഞ്ഞു നിർത്തി അവൻ ഇഷ്ടം പറഞ്ഞു…
കൂടെ പഠിക്കുന്ന സ്നേഹക്കും മിയക്കുമൊക്കെ ചെക്കന്മാരുണ്ട് …അവർക്ക് കിട്ടുന്ന സമ്മാനങ്ങളും ഫോൺ റീചാർജുമൊക്കെ എത്രെയെന്നു വച്ചാ കണ്ടില്ലെന്നു നടിക്കുന്നത് …ഞാനും പറഞ്ഞു ജിതിനോട് ഇഷ്ടമാണെന്ന് ….
ട്യൂഷന് പോയി വരുമ്പോൾ ഇരുട്ടാണ് പേടിയാണ് എന്നൊക്കെ പറഞ്ഞപ്പോൾ കാലം വല്ലാത്തതാണ് അവൾക്കൊന്നു വിളിച്ചു പറയണമെങ്കിൽ ഫോൺ വേണ്ടേ ന്ന് അച്ഛനോട് നിർബന്ധം പറഞ് ഫോൺ വാങ്ങിപ്പിച്ചു തന്നത് അമ്മയാണ് ..അമ്മയുടെ ഇടക്കിടെയുള്ള വിളിയിൽ അരിശം വന്നാലും ഫോണെടുക്കും …
“അമ്മു …ഏട്ടനാണ് …നിന്നെ വിളിക്കണു..”
ഞാനോടി അകത്തേക്ക് ..ഏട്ടൻ നാട്ടിൽവന്നിട്ട് രണ്ട് കൊല്ലമാവാൻ പോകുന്നു ..
“ഏട്ടാ …എന്നാ വരണേ …ഇത്തവണയും സർപ്രൈസ് ആക്കി വരാനാണോ ..എങ്കി ഞാനെന്റെ ലിസ്റ്റ് വാട്സ്ആപ്പ് ചെയ്തേക്കാം “
“എടി ആരോടും പറയണ്ട ഞാനീ ആഴ്ച തന്നെ വരും ..നീ എനിക്ക് മെസേജ് ഇട്ടോ എന്താ വേണ്ടതെന്ന് ..അഛനുള്ള കുപ്പി ഞാൻ എയർപോർട്ടിൽ നിന്നും വാങ്ങിക്കോളാം …അമ്മ പിന്നൊന്നും വേണ്ടാന്നേ പറയുള്ളു “
“സർപ്രൈസൊക്കെ കൊള്ളാം മറ്റന്നാ ഹർത്താലാണ് വന്നിട്ട് വണ്ടിയും കിണ്ടിയും കിട്ടീല്ലാന്നു പറഞ്ഞു പോസ്റ്റായി നിന്ന് വിളിക്കല്ലേ …പിന്നേയ് , ഇത്തവണ ഏട്ടനെ പൂട്ടിക്കാനാ അച്ഛന്റെ ഗൂഢാലോചന “
“മറ്റന്നാളോ ?? ന്റെ ശിവനേ …ആ അതിനു വച്ച വെള്ളം അച്ഛൻ തന്നെ ഇറക്കി വച്ചോളും ഇത്തവണയില്ല മോളേ “
“ആഹാ …മറ്റന്നാളാണോ ടിക്കറ്റ് ….ബെസ്റ്റ് …അച്ഛന്റെ പാർട്ടീടെയാ , ഒന്നനങ്ങാൻ കൂടി സമ്മതിക്കില്ല വണ്ടിക്കാരെ…ഓ വേണ്ടെങ്കി വേണ്ട “
“ഞാനെങ്ങനേം വീട്ടിലെത്തിക്കോളാം നീ മിണ്ടണ്ട അവരോട് “
ഫോൺ വച്ചു തിരിഞ്ഞപ്പോ ഞെട്ടിപ്പോയി .. അനക്കം കേൾപ്പിക്കാതെ അമ്മ തൊട്ടു പിന്നിൽ ചെവിയോർത്തു നിൽപ്പാണ് ….
“എന്ത് ന്നാണിത് അമ്മേ..ഞാൻ പേടിച്ചു പോയി “
“ഏട്ടനെന്താ പറഞ്ഞേ അമ്മു ..അടുത്തെങ്ങാനും വരണുണ്ടോ അവൻ “
“ആ …ഇന്നോടൊന്നും പറഞ്ഞില്ല ..അമ്മക്ക് ചോയ്ക്കർന്നില്ലേ …പിന്നേ നാളെ ഇയ്ക്കൊരു നൂറുറുപ്പ്യ തരോ മീരടീച്ചർടെ പിറന്നാളാ ,ഞങ്ങളു നാലാളും കൂടി ഒരു സമ്മാനം വാങ്ങികൊടുക്കാനാ “
കണ്ണിലേക്ക് നോക്കി ചോദിച്ചാ കള്ളത്തരം അസ്സലായി പിടിക്കും അമ്മ , അതുകൊണ്ട് സീരിയലിൽ കരഞ്ഞോണ്ടിരിക്കണ പെണ്ണിനെ നോക്കിയാണ് എന്റെ ചോദ്യം ..ഇതിനും മാത്രേം കണ്ണീരു എവിടുന്നു വരുന്നു ആവോ …
” ബാ മോളെ അടുക്കളയിലേക്ക് ..അമ്മ ഒരൂട്ടം കാട്ടി തരാം”
ബ്ലാക്ക് മെയിലിംഗ് …കാര്യം നടക്കേണ്ടത് എന്റെ ആവശ്യമാണ് ഇവിടുന്നു കിട്ടിയില്ലെങ്കിൽ അച്ഛന്റെ പോക്കറ്റടിക്കേണ്ടി വരും …അച്ഛനാണെ രണ്ടു ദിവസായിട്ട് കാശൊന്നും വയ്ക്കുന്ന കാണാനും ഇല്ല …
“മ് …നടക്ക് ന്നാ …അവസാനം കാല് മാറരുത് ..അല്ലെങ്കി ഒന്നു കാണിച്ചേ പൈസ “
“അമ്പടി …അത് വേണ്ട ..ഞാൻ തരും “
അപാര ബുദ്ധിയാ ..വല്ല അരിപ്പാത്രത്തിലോ ഉലുവപാത്രത്തിലോ ഇട്ടു വച്ചിട്ടുണ്ടാകും…കാണിക്കുന്ന കണ്ടാ ബാങ്കിലിട്ടു വച്ച പോലാ ..എസ് ബി ഐ പോലെ ഈ പാത്രങ്ങളും പൈസ ഈടാക്കാൻ തുടങ്ങിയാൽ ഈ അമ്മമാരൊക്കെ എന്ത് ചെയ്യും…
എല്ലാ പാത്രങ്ങളും കഴുകിച്ചു ..ചപ്പാത്തിക്കുള്ള മാവും തയ്യാറാക്കിപ്പിച്ചു കള്ളി ..അവസാനം എന്നോട് പുറത്തു നില്ക്കാൻ പറഞ് ഇടംകണ്ണിട്ട് നോക്കി ഉഴുന്ന് പാത്രത്തിൽ കയ്യിട്ട് എനിക്കുള്ള നൂറു രൂപ കൊണ്ട് തരുമ്പോ നീയൊന്നും സ്വപ്നത്തിൽ കണ്ടുപിടിക്കില്ല ന്ന ഒരു ഭാവവും …
“ഇത് ഇസ്തിരിയിടണോ “
ഞാൻ അമ്മയെ നോക്കി …വേണ്ടെങ്കിൽ വച്ചിട്ട് സ്ഥലം വിട്ടോ ന്നാണോ ആ മൂളൽ …തോന്നായ്കയില്ല .
“ദേവൂ ….”
അച്ഛന്റെ സ്വരം കേട്ട മാത്രയിൽ അമ്മ കൈ സാരിത്തലപ്പിൽ തുടച്ചു ഓടി ഉമ്മറത്തേക്ക് …ബൈക്കിന്റെ ചാവിയും ബാഗും പ്ലാസ്റ്റിക് കൂടുകളും കൊടുക്കുമ്പോ അമ്മയെ നോക്കുന്ന പോലുമില്ല , ഫോണിലാണ് …
” ആ…അതന്നെ ഇത്തവണ നമ്മടെ ഭാഗത്തു പൂർണ വിജയം ആയിരിക്കണം ഒറ്റ ഒരു വണ്ടിയും ഓടാൻ സമ്മതിക്കരുത് …പിന്നെ ആ ജംഗ്ഷനിലെ കടക്കാർക്ക് ഒരു ലേശം തണ്ട് കൂടുതലാ ഒക്കെറ്റിനെയും പൂട്ടിക്കണം “
എന്തൊരു ആത്മാർഥത!! ഈ കാണിക്കുന്നതൊക്കെ പാർട്ടിക്കാര് തിരിച്ചും കാണിച്ചാൽ പകുതി പ്രശ്നം തീർന്നില്ലേ …ഒന്നും ചോയ്ക്കാൻ നിന്നില്ല അച്ഛന്റെ അടുത്ത് നിന്ന അമ്മയുടെ മൂക്ക് ചുളിഞ്ഞിട്ടുണ്ട് ..മിനുങ്ങിയിട്ടാണ് ഇന്നും വരവ് ..ഭാഗ്യം ഒച്ചയും ബഹളവും ഇല്ല ….
പുതപ്പിനടിയിൽ പൂഴ്ത്തി വച്ച മൊബൈലിൽ നിന്നും മിന്നാമിനുങ്ങിനെ പോലെ വെളിച്ചം വരുന്നുണ്ട് ജിതിന്റെ മെസേജ് ആവും …അമ്മ അടുത്തുണ്ടായിരുന്നത് കൊണ്ട് ഫോൺ തൊട്ടതേയില്ല …അല്ലെങ്കിലും വീട്ടിലെത്തിയാ മൊബൈൽ തൊടാൻ പേടിയാണ് ..കാര്യം , അവൻ പഠിപ്പൊക്കെ കഴിയുന്ന വരെ കാത്തിരിക്കുമെന്നു പറഞ്ഞിട്ടുണ്ട് പക്ഷേ കയ്യോടെ പിടിച്ചാൽ അതോടെ തീരും പഠിപ്പ് ..
നാളെ മിണ്ടാമെന്ന മെസേജിനു ഒരു സ്നേഹചിഹ്നം മറുപടി അയച്ചിട്ടുണ്ട് അവൻ .
രാവിലെ സ്കൂളിലേക്കു ഇറങ്ങിയെന്ന് മെസേജ് അയച്ചു അഞ്ചു മിനുട്ട് കഴിഞ്ഞില്ല വന്നു അവന്റെ വിളി …ചെവിട്ടിലേക്ക് വള്ളിയെടുത്തു തിരുകി പതുക്കെ സൈക്കിൾ ചവിട്ടാൻ തുടങ്ങി .അങ്ങോട്ട് മിണ്ടും മുൻപേ അവൻ തുടങ്ങി ..
“നീ വരില്ലേ നാളെ ..മുങ്ങല്ലേ “
” വരാം ന്ന് പറഞ്ഞില്ലേ പിന്നെന്തിനാ ഇതന്നെ ചോദിക്കണേ ..പിന്നൊരു കാര്യം …മറക്കണ്ട ട്യൂഷന് ന്നു പറഞ്ഞിട്ടാ ഞാൻ വരണേ …”
” ഇല്ലെടി കുറുമ്പി ..ഒന്നുല്യാ , ഇച്ചിരി നേരം ബൈക്കിലൊന്നു മിണ്ടിയും പറഞ്ഞും ഇരിക്കാം…”
” വേറൊരു ഹെൽമെറ്റ് കൂടി എടുക്കാൻ മറക്കല്ലേ ..പരിചയക്കാർ ആരെങ്കിലും കണ്ടാൽ കഴിഞ്ഞു കഥ …പിന്നെ ബീച്ചും പാർക്കും ഒന്നും പറ്റില്ല ഇത്തിരി നേരം കറങ്ങീട്ട് തിരികെ വിടണം “
“ഏറ്റു …നാളെ നീ ഞാൻ പറഞ്ഞ ആ ബസ്റ്റോപ്പിൽ വന്ന് നിന്ന് വിളിച്ചാ മതി ഞാൻ വരാം “
“നീ വച്ചോ അമ്മ വിളിക്കുന്നുണ്ട് ” വിളിയില്ലെങ്കിലും കള്ളം പറഞ്ഞു ഞാൻ …അമ്മയെങ്ങാനും വിളിച്ചാൽ ആരായിരുന്നു ഫോണിലെന്നു ഒരു നൂറു ചോദ്യമുണ്ടാവും
പിറ്റേന്ന് കണ്ണെഴുതി പൊട്ടും തൊട്ട് അവനിഷ്ടപ്പെട്ട മയിൽപീലിതൂക്ക് കമ്മലുമിട്ട് ഇറങ്ങുമ്പോ അച്ഛനാർക്കോ ഫോണിൽ നിർദ്ദേശം കൊടുക്കുന്നുണ്ട് ..
ഇന്നലെ വാങ്ങിക്കൊണ്ടു വന്ന കോഴിയെ കണ്ടം തുണ്ടമാക്കി മസാല പുരട്ടുന്ന അമ്മയും തിരക്കിലാണ് അടുക്കളയിൽ …
ഗേറ്റ് അടച്ചു തിരിഞ്ഞപ്പോൾ ഭവാനിതള്ള റോഡരികിലെ പൈപ്പിന് കീഴെ , ചളുങ്ങിയ കുടവും വച്ച് കഴുകാത്ത വായിലെ നാലുംമൂന്നും ഏഴു പല്ലിൽ ഉമിക്കരി പ്രയോഗം നടത്തി നിൽപ്പുണ്ട് …ചോറുംവറ്റ് കണ്ട കാക്ക , തലചെരിച്ചു നോക്കുന്ന പോലെ എന്നെ നോക്കി ഒഴിവുള്ള കൈയൊന്നുയർത്തി കാണിച്ചു ചിരിച്ചു …
പോകും വഴി സൈക്കിളിലെ കാറ്റഴിച്ചു വിട്ട് ഒരു വീട്ടിൽ കയറ്റി വച്ചു …ഹർത്താലല്ലേ ന്ന ചോദ്യത്തിന് ഉണ്ണിമാഷ്ടെ വീട്ടിലാ ട്യൂഷനെന്നു പറഞ്ഞപ്പോ അവർക്കും സംശയമില്ല ..
അത്രെയും ദൂരം നടന്നതു കൊണ്ടാവണം ഇരുന്ന അണക്കുന്ന എന്നെ , ബസ്‌സ്റ്റോപ്പിലിരുന്ന ഒരു ചേച്ചി കുറച്ചു നേരമായി നോക്കുന്നുണ്ട് ….ഫോണിലെ പതുങ്ങിയ സംസാരവും എന്റെ പരുങ്ങലും കണ്ടിട്ടാവണം അവരുടെ കണ്ണിലിപ്പോ നിറയെ സംശയം …
“നീയെവിടാ ….എന്താ ഫോണെടുക്കാത്തെ ..,എത്രെ നേരായി നിന്നെ വിളിക്കുന്നു ..ഇവിടെങ്ങും ആരുമില്ല ..എനിക്കിവിടെ ഒരു പരിചയവുമില്ല , നീ പെട്ടെന്ന് വാ “
ഞാൻ ഫോൺ വച്ചതും അവരെന്റെ അടുത്തേക്ക് വന്നു …
“കുട്ടി എങ്ങോട്ടേക്കാ പോണത് ഇന്ന് ബസൊന്നും ഇല്ലാലോ …ആരെയാ കാത്തിരിക്കുന്നെ ..അച്ഛനോ ആങ്ങളയോ ആണോ “
ഓ.. എന്തൊക്കെ ചോദ്യങ്ങളാ …അവൻ വൈകിയതിലുള്ള ദേക്ഷ്യവും ആരെങ്കിലും കാണുമോയെന്ന പേടിയും എന്റെ നിയന്ത്രണം കളഞ്ഞു…
“നിങ്ങക്കെന്താ പെണ്ണുമ്പിള്ളേ വേറൊരു പണിയുമില്ലേ …ഒരു കാര്യമന്വേഷിക്കാൻ വന്നേക്കുന്നു “
മുഖമടച്ചുള്ള മറുപടിയിൽ അവരാകെ ഷോക്കടിച്ചു നിൽപ്പാണ് …
ബൈക്കും കൊണ്ട് വന്നു നിന്ന അവന്റെ കയ്യിൽ നിന്നും ഞാൻ ഹെൽമെറ്റ് വാങ്ങി വക്കുന്നതും ബൈക്കിൽ കയറുന്നതും ആധിയോടെ നോക്കി അവർ നിൽപ്പുണ്ട് തോളിൽ കിടന്ന ബാഗിൽ തെരുപ്പിടിച്ചു കൊണ്ട് ….
••••••••••••••••
“ആരാ ഈ കുട്ടിയെ ഇവിടെത്തിച്ചത് …”
അത്യാഹിതവിഭാഗത്തിന് മുൻപിൽ കൈകെട്ടി അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന നഴ്സുമാരെ വായിനോക്കി നിന്ന സജി , വേഗം ചോദ്യമുയർന്നിടത്തേക്ക് ചെന്നു ..
“നിങ്ങളെങ്ങും പോകല്ലേ , ആ കൊച്ചിന്റെ കാര്യം ഇത്തിരി ക്രിട്ടിക്കലാണ് …അപകടം പറ്റിയിട്ട് ഒരുപാട് നേരമായെന്ന് തോന്നുന്നു ..രക്തം കുറെ പോയിട്ടുണ്ട് മാത്രമല്ല പോലീസുമിപ്പോ എത്തും…”
ഒറ്റ ശ്വാസത്തിൽ ഇതെല്ലാം പറഞ്ഞു സജിയുടെ പേരും ഫോൺ നമ്പറും എഴുതി വാങ്ങി അകത്തേക്ക് ഓടിയ നഴ്സിനെ അയാൾ വായും പൊളിച്ചു നോക്കി നിന്നു …
ഏത് നേരത്താണാവോ ആ വഴിയേ പോകാൻ തോന്നിയത് …എന്താ ഏതാന്നൊന്നും നോക്കാതെ വഴിയിൽ ചോരയൊലിപ്പിച്ചു കിടന്ന പെങ്കൊച്ചിനെയും കൊണ്ട് കൂട്ടുകാരന്റെ വണ്ടിയും വിളിച്ചു കൊണ്ടുവന്നതാണ് …
ഇവിടുത്തെ ഒച്ചയും ബഹളവുമൊക്കെ കേട്ടപ്പോൾ അവനെ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല ..പതുക്കെ മുങ്ങിയാലോ എന്നോർത്തു നിക്കുമ്പോഴാണ് ഈ വർത്താനം..
ഏതോ വണ്ടി തട്ടി , നിർത്താതെ പോയതാവണം , ഹർത്താലല്ലേ ഏറ്റെടുത്താ തലയിലാവുംന്ന് അവർക്ക് തോന്നിക്കാണും ..താനെന്തൊരു പൊട്ടൻ..പുലിവാലായല്ലോ പുണ്യാളാ …
ശീട്ട്കളി മുടങ്ങിയത് കൊണ്ട് മടിക്കുത്തിലെ ചില്ലറനോട്ടുകൾ ഇനി വൈകുന്നേരം ആരുടെയെങ്കിലും കൂടെ കുപ്പിക്ക് ഷെയർ ഇടാം … ആ കൊച്ചിന് കണ്മുൻപിൽ വന്നു പെടാൻ കണ്ട നേരം …അയാൾക്ക് ആലോചിച്ചു ദേക്ഷ്യം പിടിച്ചു .
വന്നല്ലോ ഏമാന്മാര് …നേഴ്സ് തന്നെ ചൂണ്ടികാണിക്കുന്നതും പൊലീസുകാർ തന്നെ ചൂഴ്ന്നു നോക്കുന്നതും അവൻ അപ്പോഴാണ് കണ്ടത് …അടുത്തേക്ക് വന്ന അവർ എവിടെവച്ചാണ് ആ കൊച്ചിനെ കണ്ടതെന്നും ,താനെന്തിന് ആ വഴിക്ക് പോയതെന്നും കുത്തിക്കുത്തി ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ അയാളുടെയുള്ളിൽ ഇത്തിരി പേടി കടന്നു..
” ആ കൊച്ചിന്റെ ബാഗിൽ ഈ ബുക്കും വെള്ളക്കുപ്പിയുമല്ലാതെ വേറെന്താ ഉണ്ടായിരുന്നത് “
“സാറേ ഞാനതൊന്നും നോക്കിയില്ല നേരെ വലിച്ചിട്ട് കൂട്ടുകാരന്റെ ഓട്ടോയിൽ കൊണ്ടുവന്നു…ചാവണ്ട ന്നു കരുതി ആ ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ ..”
“ആ ശരി ശരി നീയിവിടെ നിൽക്ക് കുറച്ചു കൂടി കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് “
എന്റെ പൊന്നുംകുരിശു മുത്തപ്പാ …ഇത് നിന്റെ കയ്യിലേക്കാളും വല്ല്യേ കുരിശാണോ …അയാൾ തലയിൽ കൈവച്ച് അവിടിരുന്നു.
ഓപ്പറേഷൻ തീയേറ്ററിലേക്ക് വിളിച് എമർജൻസി സർജറി അറിയിപ്പ് കൊടുക്കുന്ന നേഴ്സ് ,പേഷ്യന്റിന്റെ കൂടെ എത്തിച്ച ബാഗിലെ ബുക്ക് നോക്കി മറുതലക്കലുള്ളവൾക്ക് പേര് പറഞ്ഞു കൊടുത്തു ..
” നിരഞ്ജന ജയദേവൻ….അതേ സിസ്റ്ററെ…കൊലപാതകശ്രമം ആണെന്ന് തോന്നുന്നെന്നാ Dr.ബാബുരാജ് പറഞ്ഞത് … ഹെഡ്ഇഞ്ചുറിയുണ്ട് പിന്നേം എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് പക്ഷേ അതിപ്പോ പുറത്തു വിടണ്ട ന്നാ ഓർഡർ “
അവസാനം പറഞ്ഞത് കേട്ടാണ് ഞാനുണർന്നത് ….ഞാനാരാണെന്നല്ലേ ..ഞാൻ തന്നെ നിരഞ്ജന …ഞാനെവിടെയാണെന്നു കൂക്കിവിളിച്ചു ചോദിച്ചിട്ട് ആരും കേട്ട ഭാവമില്ല…രണ്ടു കയ്യിലും കുത്തിയ സൂചികളിൽ കൂടി തൂക്കിയിട്ട ഗ്ലുക്കോസ് കുപ്പികളിൽ നിന്നും മരുന്ന് കയറുന്നുണ്ട് ..ഇടിച്ചുനുറുക്കിയ വേദനകൊണ്ട് ശരീരം ഇളക്കാനേ വയ്യ…കണ്ണുകൾ പാടുപെട്ട് ഞാൻ വലിച്ചു തുറന്നു …ഇത്രേയുറക്കെ ഞാൻ കരഞ്ഞിട്ടും ഇവരൊന്നും എന്നെ തിരിഞ്ഞു നോക്കുന്ന പോലുമില്ലല്ലോ …
അങ്ങോട്ടുമിങ്ങോട്ടും വെപ്രാളത്തിൽ ഓടുന്നതിനിടക്ക് എന്നെ നോക്കുന്ന കണ്ണുകളിൽ കാണാം
“പാവം “…..
അമ്മയെവിടെ ..എന്റെ അമ്മയെ വിളിക്കൂ ഞാൻ അലമുറയിട്ടു …ഇല്ല …സ്വരം പുറത്തേക്ക് വരുന്നില്ല …മൂ ത്രമൊഴിക്കാൻ തോന്നുന്നുണ്ട് …അയ്യോ അവിടെയും ട്യൂബാണല്ലോ …ഒന്ന് മിണ്ടണമെങ്കിൽ ഈ വായിൽ കുത്തിക്കയറ്റിയ ട്യൂബ് ആരോടാ ഒന്നു ഊരിത്തരാൻ പറയാ …
കാഴ്ചവസ്തുവിനെ പോലെ വരുന്നവരും പോകുന്നവരുമൊക്കെ കർട്ടൻ മാറ്റി എന്നെ നോക്കുന്നുണ്ട് …
ഈ സമയം അകത്തു പെൺകുട്ടിയുടെ പോക്കറ്റിൽ നിന്നും കിട്ടിയ ഫോൺ ഓണാക്കുന്നുണ്ടായിരുന്നു പോലീസുകാർ …നിരഞ്ജനയുടെ ഫോൺ ഓൺ ചെയ്ത് ആദ്യം കണ്ട നമ്പറിലേക്ക് വിളിച്ചപ്പോൾ അത് ഓഫാണ് …പിന്നെ അമ്മപ്പാറു എന്നെഴുതിയ നമ്പറിലേക്ക് വിളിച്ചപ്പോൾ ഒരു സ്ത്രീയാണെടുത്തത് …സ്ത്രീ ആയതു കൊണ്ട് തന്നെ ആസ്പത്രിയിലേക്ക് ഒന്ന് വരണം ഇങ്ങനൊരു കൊച്ചിനെ ഇവിടെത്തിച്ചിട്ടുണ്ട് ഒരു ചെറിയ അപകടമാണ് പേടിക്കാനൊന്നുമില്ല എന്ന് ഡോക്ടറെകൊണ്ട് പറയിച്ചു അവർ …
ഞാനെങ്ങനെ ഇവിടെത്തി …എന്തിനാണിവരൊക്കെ ഇത്രേ ടെന്ഷനടിച്ചു ഓടി നടക്കുന്നത് …ഇടക്കിടെ വന്ന് ഇയാളെന്തിനാണ് എന്റെ കണ്ണിൽ ടോർച്ചടിച്ചു നോക്കുന്നത് …ഒന്നും ഒരോർമയും കിട്ടുന്നില്ലല്ലോ ഈശ്വരാ …
“സിസ്റ്ററെ, ആ പുറത്തു നിൽക്കുന്ന വായിനോക്കിയാണോ കക്ഷി…കാണുമ്പോ തന്നെ ഒരു കള്ളലക്ഷണമുണ്ട് …പക്ഷേ ഇത്രേമൊക്കെ ചെയ്തിട്ട് ഇങ്ങനെ ധൈര്യത്തിൽ വന്നു നിൽക്കുമോ…എന്തായാലും ഇത് രക്ഷപെട്ടാ മതിയാരുന്നു “
എന്നെ പറ്റിയാണല്ലോ ഇവരുടെ സംസാരം …രക്ഷപെട്ടാ മതിയാരുന്നു ന്ന് എന്തിനാ പറയുന്നേ ഞാൻ കണ്ണ് തുറന്നു കിടക്കുന്നത് കണ്ടൂടെ നിങ്ങൾക്ക് …
“സർജറി കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റുള്ളൂന്ന്…അയാളൊന്നുമല്ല വേറൊരു ചെക്കനാ , അവനെ പോലീസ് പൊക്കിയിട്ടുണ്ട് …രണ്ടും കൂടി കറങ്ങാൻ പോയതാണ് …കൂട്ടുകാരെ കൂടി കൂട്ട് വിളിച്ചു വരാൻ പറഞ്ഞ അവന്റെ ഉള്ളിരിപ്പ് വേറെയാണെന്ന് മനസ്സിലായപ്പോ ഈ കുട്ടി ബൈക്കിൽ നിന്നും എടുത്ത് ചാടിയതാവാം …കൂട്ടുകാരും കാമുകനും കൂടി പൊക്കി കൊണ്ടുപോകാൻ ശ്രെമിക്കുമ്പോ തടഞ്ഞ ഇതിന്റെ തലയിൽ കല്ലെടുത്തു കുത്തി….ആ പുറത്തു നിക്കുന്ന ആള് വന്നോണ്ട് അവരോടിക്കളഞ്ഞു ….ഹർത്താലല്ലേ വണ്ടിയൊന്നും കിട്ടിയില്ല പാവത്തിന് ..അതാ ഇത്രെയും രക്തം പോയത് ….പാവം കണ്ണടച്ചു പൊയ്ക്കളഞ്ഞില്ല വായിനോക്കിയാണെങ്കിലും “
അവർ തമ്മിൽ പറയുന്നതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ നെഞ്ഞുരുകി കരഞ്ഞാലും ആരും കാണില്ലെന്ന സത്യം കൂടി എനിക്ക് മനസ്സിലായി …പക്ഷേ മനസ്സിലാവാത്തത് ആരായിരുന്നു ആ ചെക്കൻ ..ഓർമകളെല്ലാം പുക മൂടി കിടക്കുന്നു …അമ്മയും അച്ഛനും ഏട്ടനും മാത്രേം തെളിമയോടെ നിൽക്കുന്നുണ്ട് മനസ്സിൽ ….
ഒന്ന് വ്യക്തമായി… അതേ ഞാനും ഇന്ന് കേട്ടുകേൾവി മാത്രമുള്ള വെന്റിലേറ്ററിൽ ആണ് …..കേട്ടുകേൾവി പോലെ ഈ യന്ത്രങ്ങൾ നിലച്ചാൽ എന്റെ ശ്വാസവും നിലക്കും…
അതാ അമ്മ വന്നല്ലോ …എന്ത് കോലമാണിത് അമ്മേ , മുടിയൊക്കെ പാറിപറന്ന് …ഞാനെന്റെ അമ്മയെ ഇങ്ങനെ കരഞ്ഞു കണ്ടിട്ടില്ലല്ലോ ..ഇങ്ങനെ കരയല്ലേ അമ്മേ ഇയ്ക്ക് സഹിക്കാൻ പറ്റണില്ല …എനിക്കൊന്നുമില്ല പേടിക്കണ്ട.
അമ്മേ വൈകീട്ട് ഏട്ടൻ വരും …അമ്മയോട് പോലും പറയാതെവക്കാൻ ഏട്ടൻ പറഞ്ഞത് കൊണ്ടാ ഞാൻ …ഈശ്വരാ എങ്ങനെയാ ഞാനെന്റെ അമ്മയെ ഇതൊന്ന് അറിയിക്കാ ..
എന്തിനാണിവർ എന്റെ മുടി മുഴുവൻ കളഞ്ഞത് …എന്റെ അമ്മ കാച്ചെണ്ണ തേച്ചു തന്നു നീട്ടിയെടുത്ത മുടി ഒരു നിമിഷം കൊണ്ട് നിങ്ങൾ മുറിച്ചു കളഞ്ഞല്ലോ … മുറിവുകൾ വൃത്തിയാക്കാൻ വന്ന സിസ്റ്റർമാരുടെ കണ്ണുകളെന്തിനാ ഇങ്ങനെ നിറഞൊഴുകുന്നത് …
പിടിച്ചു നില്ക്കാൻ ഒരാശ്രയമില്ലാതെ എന്റച്ഛൻ എന്നെ നോക്കുന്നുണ്ട് ചില്ലിനപ്പുറത്തു നിന്ന് ..തലക്ക് കൈകൊടുത്തു വിങ്ങികരയുന്ന അച്ഛന്റെ മുഖം ഇതെന്റെ ഓർമയിൽ ആദ്യമായാണ് …
ഏട്ടനിതൊന്നും അറിയാതെ വീട്ടിലേക്ക് സർപ്രൈസ് ആയി വരാൻ എയർപോർട്ടിനു പുറത്തു വണ്ടിയൊന്നും കിട്ടാതെ വിഷമിച്ചു നിൽക്കുന്നുണ്ടാവും…ഞാനന്നേരം പറഞ്ഞതാ പെട്ടുപോവും ന്ന് ….
ഓപ്പറേഷൻ തിയേറ്റർ ആണോ ഇത് …ആരുടേയും മുഖം കാണാനില്ലല്ലോ , ഒക്കെ മൂടിക്കെട്ടിയിരിക്കുന്നു ..ഇടി വെട്ടുന്നുണ്ടോ …എവിടുന്നാണി ശബ്ദം …അയ്യോ എന്താണിത് ..മുടിയെടുത്തതും പോരാ ഇവരെന്റെ തലയോട്ടി തുറന്നു മാറ്റി അതിലെന്താണ് തിരയുന്നത് ..കട്ട പിടിച്ച ര ക്തം തന്നെ അലിഞ്ഞു പൊക്കോളും നിങ്ങളെന്താണിത് കാണിക്കുന്നത് ഞാനലറിവിളിച്ചു ചോദിക്കുന്നുണ്ട് ….ആരും മിണ്ടുന്നില്ലല്ലോ ചോദിച്ചതിനൊന്നും , എന്താണിവർ മിണ്ടാത്തത് ….
ഇപ്പൊ വേദനയൊന്നും അറിയുന്നേയില്ല ..മഞ്ഞുപാളികളിൽ കൂടി ഒഴുകി നടക്കുന്ന പോലൊരു സുഖം …ആരൊക്കെയോ വരുന്നതും പോകുന്നതും തട്ടി വിളിക്കുന്നതും അറിയാം പക്ഷേ കണ്ണ് തുറക്കാനേ കഴിയുന്നില്ല ….വിശപ്പോ ദാഹമോ ഇല്ല ….മരണത്തിന്റെ തണുപ്പെന്നൊക്കെ പറയുന്നത് ഇതാണോ ….
ആഗ്രഹിച്ച പോലെ ഇപ്പൊ എല്ലാരും എന്നെ വിളിക്കുന്നത് നിരഞ്ജന എന്നു തന്നെ …പക്ഷേ ഈ വിളിയിലിപ്പോ സന്തോഷമില്ല …അമ്മയെവിടെ ..അമ്മ എന്താ അമ്മൂ ന്ന് വിളിക്കാത്തത് …
ആരോ പതിയെ പറയുന്നത് കേൾക്കാം …പേടിക്കണ്ട നിരഞ്ജന ഇപ്പൊ അപകടഘട്ടം തരണം ചെയ്തിട്ടുണ്ട് പക്ഷേ ബോധം വീഴുന്നത് എപ്പോഴാണെന്നോ ഈ അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ കാലമെത്രെ ആവുമെന്നോ പറയാൻ കഴിയില്ല …
“ഡോക്ടറെ അപ്പൊ ന്റെ കുട്ടി …..വെന്റിലേറ്റർ ഊരിയാ പോവും ന്നൊക്കെ ആരോ …”
അച്ഛന്റെ സ്വരമെല്ലാം സങ്കടം കാരണം മാറിപ്പോയിരിക്കുന്നു…ചെറുപ്പക്കാരനായിരുന്ന അച്ഛനെങ്ങനാണ് ഇത്രേം പെട്ടെന്ന് വയസ്സായത് …..
“അങ്ങനൊന്നുമില്ല വെന്റിലേറ്ററിൽ ഇടുന്നവരെല്ലാം മരിക്കണമെന്നില്ല അത് പോലെ രക്ഷപെടണമെന്നുമില്ല ഓരോരുത്തരുടെ അവസ്ഥയനുസരിച്ചിരിക്കും …വേറെ അണുബാധയൊന്നും വരാതിരുന്നാൽ തന്നെ പകുതി ജയിച്ചു എന്നുതന്നെ പറയാം “
അമ്മയുടെ കയ്യാണോ എന്നെ തലോടുന്നത് ….സൂചികളും ട്യൂബുകളും മേലിൽ നിന്നു പോയപ്പോൾ തന്നെ പകുതി സുഖമുണ്ട് എന്നാലും അമ്മയുടെ പഴയ അമ്മുവായി എനിക്കെന്നാണ് ഒന്നെണീൽക്കാൻ കഴിയുക.അച്ഛനോടും അമ്മയോടും ഏട്ടനോടും എന്ത് പറഞ്ഞാണ് എന്റെ തെറ്റ് പൊറുക്കുക …എല്ലാമറിയാമെങ്കിലും ഒന്ന് പുറത്തു കാണിക്കാനോ ചിരിച്ചു കളിച്ചു നടക്കാനോ ഇനിയീ ജന്മത്തിലെനിക്ക് കഴിയുമോ …
മാസങ്ങളായി വീട്ടിലെ ഈ കിടപ്പെന്നു കാണാൻ വരുന്നവരുടെ സഹതാപത്തിൽ നിന്നും കേൾക്കാം …ഒരു ദിവസം പോലും മുടങ്ങാതെ കാണാൻ വരുന്ന ഭവാനിതള്ളയാണ് അമ്മയോട് നിർബന്ധം പിടിച് എന്നെയെന്നും കുളിപ്പിച്ച് സുന്ദരിയാക്കുന്നത് …..സുന്ദരിയായല്ലോ എന്ന് പറഞ്ഞു തിരികെ പ്രതികരണമൊന്നുമില്ലെങ്കിലും അവരെന്റെ കയ്യിൽ പിടിച്ചു നാട്ടിലെ എല്ലാ വിശേഷങ്ങളും പറയും സങ്കടപെടുത്തുന്ന കാര്യങ്ങളൊഴികെ …
“അമ്മു …”
ഏട്ടനാണല്ലോ ….ഏട്ടാ ഈ വിളി കേൾക്കുമ്പോ ചാടി എഴുന്നേറ്റിരിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ വന്നതറിഞ്ഞെന്നു കാണിക്കാൻ പോലും കഴിയാത്ത ഈ കിടപ്പ് എനിക്ക് കിട്ടിയ ശിക്ഷയാണ് …
“ഏട്ടനവനെ തീർത്തു മോളെ ….എന്റെ മോളെ ഈ നിലക്കാക്കിയ ജിതിനെന്ന തന്തയില്ലാത്തവനെ …അവനൊന്നും ഈ ഭൂമിയിൽ ജീവിക്കാൻ പാടില്ല …അവനും എന്റെ മോളും വെറും കൂട്ടുകാരായിരുന്നെന്ന് അമ്മയെക്കൊണ്ടും അച്ഛനെക്കൊണ്ടും പറയിപ്പിച്ചത് മനഃപൂർവമായിരുന്നു …മാധ്യമങ്ങൾക്ക് പീ ഡനത്തിന്റെ പുതിയ ഇരയായി എന്റെ കുഞ്ഞിന്റെ പേര് അന്തിചർച്ചയിൽ വലിച്ചിഴക്കാൻ വിട്ടുകൊടുത്തില്ല ….നിയമം നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെ മുന്നിൽ വേറൊരു വഴിയുമില്ലായിരുന്നു ….ആസ്പത്രിയിൽ തന്നെ ഒത്തുതീർപ്പിനു വന്ന അവന്റെ വീട്ടുകാരുടെയും പോലീസുകാരുടെയും വാക്കുകൾക്ക് അറിഞ്ഞുകൊണ്ടാണ് നിന്ന് കൊടുത്തതും ഹർത്താലിന്റെ ഇരയായി നിന്നെ മാറ്റിയതും … “
ഇത്രെയുമെന്നെ സ്നേഹിച്ച എല്ലാവരെയും ഞാൻ മറന്നുകളഞ്ഞല്ലോ ദൈവമേ ….എന്റെ കണ്ണിൽ നിന്നും കണ്ണീർ മുത്തുകൾ പൊഴിയുന്നത് ഞാനറിഞ്ഞത് ഏട്ടൻ വിരൽത്തുമ്പുകൊണ്ട് തുടച്ചപ്പോഴായിരുന്നു . ..
അതേ മാസങ്ങളായുള്ള കിടപ്പിൽ ഓർമകളെ മറച്ചു കിടന്ന മഞ്ഞുരുകിപ്പോയതും ആദ്യം തെളിഞ്ഞത് …ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് തന്ന് ജിതിനും കൂട്ടുകാരും തന്നെ ആവോളം ഉപയോഗിച്ചതും മരിച്ചെന്നു കരുതി വഴിയിൽ കളഞ്ഞതും ജീവന്റെ അവസാനസാധ്യതയും കളയാനായി തലയിലേക്ക് പാറക്കല്ലെടുത്തെറിഞ്ഞതുമായിരുന്നു …
എല്ലാം ഒന്നൊന്നായി പുകമറ നീക്കി തെളിഞ്ഞു വരുമ്പോളും മനസ്സ് നൊന്തത് ഞാൻ വേദനിപ്പിച്ചവരോട് ഒന്ന് ക്ഷമ ചോദിയ്ക്കാൻ പോലും എന്റെ നാവനങ്ങുന്നില്ലല്ലോ എന്നോർത്തായിരുന്നു …എപ്പോഴോ…പക്വതയില്ലായ്മയിൽ തുടങ്ങിയൊരിഷ്ടം ജീവിതം തന്നെ മാറ്റിമറിച്ചു …
ആ മരിച്ചു ജീവിച്ച മണിക്കൂറുകളിൽ ഓർമകളും ചലനങ്ങളും മാത്രമല്ല ഇനിയൊരിക്കലും ഒരമ്മയാവാനുള്ള തന്റെ ഭാഗ്യം കൂടി ആ ചെന്നായ്ക്കൂട്ടം തച്ചുടച്ചിരുന്നു…
” ഒരുപാട് നാളായി അവനെതന്നെ അടയാളമിട്ടു ഞാനൊരുക്കി വച്ച കെണിയിൽ അവനിന്നു വന്നു ചാടി…കുടിച്ചു ബോധമില്ലാതെ ബൈക്കോടിക്കുമ്പോൾ ആക്‌സിഡന്റിൽ പെട്ട ബോഡി ആയി ഇപ്പോൾ ജില്ലാസ്‌പത്രിയിലെ മോർച്ചറിയിൽ അവൻ കിടപ്പുണ്ട് നീണ്ടു നിവർന്ന്.. ഇത് മോൾടേം ഏട്ടന്റേം മാത്രം മനസ്സിൽ ഇരിക്കട്ടെ …നാളെ ഏട്ടൻ മടങ്ങുകയാണ് ജോലിക്ക് …മനസ്സ് തളർത്തരുത് ..അടുത്ത അവധിക്ക് ഏട്ടനെത്തുമ്പോഴേക്കും പഴയ കുറുമ്പിയായി ഓടി നടക്കണം ….നീ ആഗ്രഹിച്ച പോലെ നിന്നെ വലിയൊരു നിലയിലെത്തി കണ്ടിട്ട് വേണം എനിക്ക് ഒരേട്ടത്തിയമ്മയെ കൊണ്ടുവരാൻ …”
കള്ളച്ചിരിയോടെ നെറ്റിയിലുമ്മ തന്ന് ഏട്ടനെഴുന്നേറ്റ് പോവുമ്പോൾ ഇനിയും മരവിക്കാത്ത മനസുകൊണ്ട് മാപ്പ് ചോദിയ്ക്കാൻ പോലും അർഹയല്ലാത്ത ഞാനൊരു നൂറുവട്ടം ആ കാൽക്കളിൽ കെട്ടിപിടിച്ചുമ്മ കൊടുത്തിരുന്നു ….
••••••••••••
വർഷങ്ങൾക്കിപ്പുറമുള്ള ഒരു സന്ധ്യയിൽ കൂലി കിട്ടിയ പൈസയിൽ നിന്ന് വീട്ടുചിലവ് ഭാര്യയെ ഏൽപ്പിച്ചു ബാക്കി വന്ന ചില്ലറ നോട്ടുകൾ മുണ്ടിൻതുമ്പിലേക്ക് മടക്കി തിരുകി ബീവറേജിന് മുൻപിൽ കാത്തുനിൽക്കുന്ന പങ്കാളികളെ കാണാനായി സജിയിറങ്ങുമ്പോൾ കൊച്ചു മകളിരുന്നു ടീവി കാണുന്നുണ്ട് …അയാളൊന്നെത്തി നോക്കി …കുട്ട്യോളെ ഉപദ്രവിക്കുന്നവർക്കെതിരെ പടവാളെടുക്കുന്ന …ഇരകളെന്നു മുദ്ര കുത്തപ്പെട്ട പെങ്കുട്ട്യോളുടെ പുനരധിവാസം ഉറപ്പു വരുത്തുന്ന ഏതോ ഒരു പെണ്ണുമ്പിള്ളയുടെ അഭിമുഖമാണ് …അവതാരിക പെണ്ണ് വായിൽ കൊള്ളാത്ത ഏതോ പേരും പറയുന്നുണ്ട് …നിരഞ്ജന ന്നോ മറ്റോ
“ടീവി നിർത്തി പോയി പഠിക്ക് കൊച്ചേ …”
ഷർട്ടിന്റെ കൈകൾ തെറുത്തു കയറ്റി അയാളിറങ്ങി മുറ്റത്തേക്ക് ….
•••••••••••••••