രചന: നൗഫു
:::::::::::::::::::::
അന്ന് ഞാൻ കോഴിക്കോട് ജില്ലയിലെ പ്രമുഖ കാർ ഷോറൂമിൽ ജോലി ചെയ്യുന്ന സമയം… പേര് മെൻഷൻ ചെയ്യുന്നില്ല..
“ടെസ്റ്റ് ഡ്രൈവിന് വരുന്ന വണ്ടികൾ കോഴിക്കോട് നിന്നും തിരൂരും, മലപ്പുറത്തും അങ്ങനെ ചുറ്റിലുമുള്ള കുറച്ചു പ്രദേശങ്ങളിലേക് കസ്റ്റമാരുടെ അടുത്തേക് എത്തിച്ചു നൽകണം….
അതായിരുന്നു എന്റെ ജോലി..”
“ഒരു ടെസ്റ്റർ എന്ന് വേണമെങ്കിൽ പറയാം… പേര് ടെസ്റ്റ് ഡ്രൈവർ എന്നാണേലും ജോലി ഈ പറഞ്ഞത് പോലെ ഓരോ സ്ഥലങ്ങളിലേക് വണ്ടി എത്തിക്കുക.. ആരെങ്കിലും എയർപോർട്ടിൽ വരുന്നുണ്ടേൽ അവരെ കൊണ്ട് വരിക, hr മേനേജറുടെ ഡ്രൈവർ ലീവ് ആകുമ്പോൾ അയാളെ പിക് ചെയ്യാൻ പോകുക…
അങ്ങനെ സകല കുലാ (കല അല്ല ) വല്ലഭൻ ആയിരുന്നു…”
ഒരു ഒഴിവും ഇല്ലാത്ത പണിയായിരുന്നു..
പിന്നെ ഒരു ഗുണം എന്താണെന്നു വെച്ചാൽ ആ കമ്പനിയുടെ പുതുതായി ഇറങ്ങുന്ന എല്ലാ കാറുകളും ഞാൻ ആയിരുന്നു ആദ്യമായി ഓടിച്ചു നോക്കിയിരുന്നത്.. ( കോഴിക്കോട് ജില്ലയിലെ ☺️)
തിരൂരൊക്കെ പോകുമ്പോൾ എന്റെ നാട്ടിലൂടെ ഉള്ള യാത്ര ആയത് കൊണ്ട് വീട്ടിലൊക്കെ പോയി.. ചായയും കുടിച്ച്…അങ്ങാടിയിലെ നാലാണ് കൂടുന്നിടത്തൊക്കെ പോയി ഒരു ഹോൺ അടിച്ചിട്ടെ പോകൂ..
പിന്നെ എന്റെ പ്രധാന ശത്രുവായ അൻസറിനെ ഞാൻ ഓടിക്കുന്ന വണ്ടി കാണിച്ചു മോഹിപ്പിക്കുകയും ചെയ്യാം..
അവന്റെ മുന്നിലൂടെ പോകുന്നത് ത്രില്ല് തന്നെ ആയിരുന്നു എനിക്ക്..…
അങ്ങനെ ഒരു ദിവസം ഷോറൂമിന്റെ hr മേനേജർ എന്റെ അടുത്ത് വന്നു പറഞ്ഞു…
“കമ്പനിയുടെ പുതിയ വണ്ടിയുടെ ലോൺജിങ് നടക്കാൻ പോവാണ് അത് കൊണ്ട് ഒരു വിശിഷ്ട അതിഥി ലോൺജിങ്ങിന് വരുന്നുണ്ട് കോഴിക്കോട് എയർപോർട്ടിൽ പോയി അദ്ദേഹത്തെ പിക് ചെയ്യണം…”
“മേനേജർ പറഞ്ഞത് കൊണ്ട് തന്നെ ഇനി ഏത് മാരണമാണ് വരുന്നതെന്നറിയാതെ,.. കുറെ ഏറെ മൂപ്പരെ തെറിയും മനസ്സിൽ നൊടിഞ്ഞു കൊണ്ട് ഞാൻ എയർപോട്ടിലേക് പോയി..”
ഏതെങ്കിലും ഹിന്ദി ക്കാരൻ ആയിരിക്കുമെന്ന എന്റെ പ്രതീക്ഷ മുഴുവൻ തെറ്റിച്ചു കൊണ്ട് എയർപോർട്ടിന്റെ പുറത്ത് നിൽക്കുമ്പോൾ ഒരു ഫോൺ കാൾ വന്നു…
“ഹായ് മെൻ…ഗുഡ് മോർണിംഗ്… ഹാവ് എ നൈസ് ടെ…
വെർ ആർ യൂ…???”
കടിച്ച പൊട്ടാത്ത ഇംഗ്ലീഷ് ആയിരുന്നു അതിന് ശേഷം ഫോണിൽ കേട്ടത്.. മറ്റു പലതും അയാൾ പറഞ്ഞെങ്കിലും,.. അത് അന്നും ഇന്നും എനിക്ക് തിരിയാത്തത് കൊണ്ട് ഞാൻ ഇവിടെ പറയുന്നില്ല…
പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു നാട്ടിലെ അറിയപ്പെടുന്ന മുതലാളിയുടെ ഷോറൂമിൽ ഓഫീസ് ബോയ് ആയി കയറി… ടെസ്റ്റ് ഡ്രൈവറിലേക് പ്രൊമോഷൻ കിട്ടിയ ഞാൻ അയാളോട് എന്ത് മറുപടി പറയുമെന്ന് അറിയാതെ ഫോണും പിടിച്ചു നിന്നു..
“ഹായ് സാർ..
അം വൈറ്റിംഗ് ഔട്ട് സൈഡ്…”
അങ്ങനെ പറയണമെന്നൊക്കെ എനിക്ക് തോന്നിയെങ്കിലും…
കയ്യും കാല് വിറച്ചിട്ടാണേൽ അറിയുന്ന ഒന്നോ രണ്ടോ വാക് ഇംഗ്ലീഷ് പോലും പുറത്തേക് വരുന്നില്ല..
ആ സമയത്താണ് നാട്ടിലെ ഒരു പരിചയക്കാരനായ ഇക്കയെ അവിടെ കാണുന്നത്…
“ഹമീദിക്ക…”
മൂപ്പര് കാണുന്ന പോലെ ഒന്നുമല്ല.. മൂപരുടെ അടുത്ത ബന്ധു വാണ് ഞാൻ പണിയെടുക്കുന്ന ഷോറൂമിന്റെ മുതലാളി..
മുതലാളിക് വേറെയും സ്ഥാപനങ്ങൾ ഉള്ളത് കൊണ്ട് അതിലെ എന്തോ വലിയ പോസ്റ്റിൽ ഇരിക്കുന്ന ആളാണ് ഹമീദ്..
“ഹമീദിക്ക…”
“ആ.. സലീമേ
നീ എന്താടാ ഇവിടെ..”
ഞാൻ ഉള്ള കാര്യം പറഞ്ഞു.. ഇങ്ങനെ ഒരാള് ഇവിടെ എത്തിയിട്ടുണ്ട് അയാളോട് ഒന്ന് സംസാരിക്കണം..
“അതിനെന്താ..
ആ ഇന്ന് ഷോറൂമിൽ പുതിയ വണ്ടിയുടെ ലോൺജിങ് ആണല്ലോ…”
അതും പറഞ്ഞു ഹമീദിക്ക ഫോൺ വാങ്ങി..
“ഹലോ.. എന്ന് ചോദിച്ചതേ ഓർമ്മയുള്ളു.. അവിടുന്ന് പട പട ഇംഗ്ലീഷ് ഒഴുകി വരുവാൻ തുടങ്ങി..”
ഹലോ സാർ…. യൂ കം… വൈറ്റിംഗ് ഔട്ട് സൈഡ്…
എത്ര മനോഹരമായ ഇംഗ്ലീഷ്.. ഇതിലും അടിപൊളി യായി ഞാൻ പറയില്ലേ എന്നായിരുന്നു എനിക്ക് അപ്പോ തോന്നിയത്..
ഞങ്ങളെ കൊണ്ട് ഒരു കാര്യമില്ല എന്ന് തോന്നിയത് കൊണ്ടായിരിക്കും അവസാനം അയാൾ തന്നെ എന്നേ തേടി കണ്ടു പിടിച്ചു..
“യൂ… യൂനിസ്..”
“എസ് എസ്.. അം യൂനിസ്…”
“ലെറ്റസ് ഗൊ…”
“എന്തോന്ന് “
മൂപര് ഇംഗ്ളീഷും ഞാൻ മലയാളവും..
“എന്ന പോകാന്ന്…”
അങ്ങനെ മലയാളത്തിൽ പറ എന്നും പറഞ്ഞു ഞാൻ കാറിന്റെ അടുത്തേക് പോകാമെന്നു പറഞ്ഞു…
നടക്കുന്നതിന് ഇടയിൽ ഞാൻ അയാളെ മൊത്തമായി ഒന്ന് നോക്കി.. ഏതോ വലിയ ആള് വരുന്നുണ്ടെന്ന് പറഞ്ഞപ്പോ ഞാൻ ഒരു കോട്ടും സൂട്ടുമിട്ട ആളെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്…
പക്ഷെ ഇതെന്നേ ഞെട്ടിച്ചു കൊണ്ട് ഒരു ടൗസറും ബനിയനും ധരിച്ച ഒരു ജപ്പാനീസുക്കാരൻ ആയിരുന്നു അത്..
കയ്യിലൊരു ട്രോളി ബാഗ് കൂടേ ഉണ്ട്…
ഞാൻ അയാളുടെ കയ്യിലുള്ള ബാഗ് വാങ്ങുവാനായി ശ്രമിച്ചപ്പോ അയാൾ ആദ്യം താരനായി മടിച്ചു..
പെട്ടി കിട്ടിയാൽ പെട്ടന്ന് വണ്ടിയുടെ അടുത്തേക് നടന്നു ഈ ചൂടിൽ നിന്നും രക്ഷപെടാമായിരുന്നു എന്നായിരുന്നു എന്റെ ചിന്ത..
കൊട്ടം വെയിൽ തലക് മുകളിൽ അടിക്കുന്നത് കൊണ്ട് തന്നെ എങ്ങനേലും വണ്ടിയിൽ കയറിയാൽ ac ഇട്ട് തണുപ്പിക്കാമായിരുന്നു…
എന്റെ രണ്ടു മൂന്നു ശ്രണങ്ങൾക് ശേഷം അദ്ദേഹം പെട്ടി എന്റെ കയ്യിൽ തന്നു..
പൊതുവെ ഫോരീജിയൻസ് അങ്ങനെ ആണെന്ന് തോന്നുന്നു.. അവർ നമ്മളെ ഒരിക്കലും ഒരു അടിമയെ പോലെ കാണാൻ ശ്രമിക്കില്ല.. അവരുടെ എല്ലാം അവർ തന്നെ ചെയ്യും…ഈ ഫ്ളൈറ്റിലെ പൈലറ്റ് മാർ ചെയ്യുന്നത് പോലെ.. അതൊരു സംസ്‌കാരമാണ്…
പെട്ടി കിട്ടിയ ഉടനെ ഞാൻ പെട്ടിയുമായി ഓടാൻ തുടങ്ങി…
“ഹേയ് മെൻ.. വെർ ആർ യൂ ഗോയിങ്. ഹേയ് മെൻ.. സ്റ്റോപ്പ് സ്റ്റോപ്പ്…
തൊട്ടു പിറകെ ഞാൻ പെട്ടിയുമായി കടന്നു കളയുകയാണോ എന്ന് കരുതി ജപ്പാൻ കാരനും..
ചൂട് ആയിട്ടാണ് പഹയാ ഞാൻ ഓടുന്നതെന്ന് പറയാനുള്ള ഇംഗ്ലീഷ് എനിക്ക് അറിയില്ലല്ലോ..
എയർപോർട്ടിൽ വന്നവരൊക്കെ ആ സമയം എന്നെയും ജപ്പാൻ കാരനെയും നോക്കുന്നുണ്ട്.. പോലീസ് ആ സമയം അവിടെ ഇല്ലാഞ്ഞത് ഭാഗ്യം.. അല്ലേൽ എന്റെ എല്ല് വെള്ളം ആയേനെ…
അവസാനം പെട്ടി അയാളുടെ അടുത്ത് തന്നെ കൊടുത്തു അവിടെ തന്നെ അയാളോട് നിൽക്കാനായി ഞാൻ പറഞ്ഞു നോക്കി.. പക്ഷെ അയാൾക് എന്റെ കൂടേ വരണം..
ഇയ്യാക്ക് ഈ ചൂടൊന്നും വിഷയമേ അല്ല എന്ന പോലെ.. താറാവ് നടക്കുന്നത് പോലെ കുണുങ്ങി കുണുങ്ങി രണ്ടു മിനിട്ടോണ്ട് എത്തുന്ന കാറിന്റെ അടുത്തേക് പത്തു മിനിറ്റെടുത്തു എത്താൻ..
++++
കാറിൽ കയറി കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിൽ കുറച്ചു ദൂരം പിന്നിട്ടപ്പോൾ അയാൾ എന്നോട് വണ്ടിയുടെ മുന്നിലുള്ള ഉള്ളിലെ ഗ്ലാസ് മടക്കി തിരിച്ചു വെക്കുവാനായി പറഞ്ഞു.. കൂടേ പുറകിലേക്ക് നോക്കരുതെന്നും എനിക്ക് മനസിലാവുന്ന രീതിയിൽ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ ഓക്കേ പറഞ്ഞു..
ഒരാൾ ചെയ്യരുതെന്ന് പറഞ്ഞ കാര്യം നമുക്ക് ചെയ്യാതെ ഇരിക്കുവാൻ കഴിയില്ലല്ലോ ഞാൻ വണ്ടി ഓടിക്കുന്നതിന് ഇടയിൽ ഇടം കണ്ണിട്ട് പിറകിലേക് നോക്കിയപ്പോ ആളുണ്ട് ഏകദേശം പകുതി മുക്കാലും നൂഡ് ആയി ഒരു ഷെഢി മാത്രം ഇട്ടുകൊണ്ട് ഇരിക്കുന്നു…
ഇയ്യാള് ഇത് എന്തോന്ന് കാണിക്കുന്നതെന്ന് ചിന്തിച്ചു കൊണ്ട് ഞാൻ വണ്ടി മുന്നോട്ട് തന്നെ വിട്ടു..
കുറച്ചു കഴിഞ്ഞു വീണ്ടും നോക്കിയപ്പോ ഒരു കോട്ടും ഷൂട്ടുമണിഞ്ഞു എക്സികുട്ടീവ് ലുക്കിൽ ആയിട്ടുണ്ട്….
ഡ്രസ്സ് ചെയ്ഞ്ചു ചെയ്യുകയായിരുന്നു…
ഹാവൂ സമാധാനം.. അല്ലാതെ തിലകൻ ചേട്ടനെ പോലെ ബഹിഷ്കരണം നടത്തിയത് അല്ല…
ഞാൻ ഇതാ വിദേശ വസ്ത്രം ഉപേക്ഷിച്ചു നിന്റെ മുന്നിൽ ഒരു പച്ച മനുഷ്യനായി നിൽക്കാൻ പോകുന്നു എന്ന് പോലും ഭയപ്പെട്ടു …
എന്റെ ഷോറൂമിലെ സുഷമ യും ആതിരയും ഫാത്തിമയുമൊക്കെ മൂപ്പര് ഈ കോലത്തിൽ വരുന്നത് കണ്ടാൽ പുസ്പ്പ വൃസ്ടി നടത്തുന്നത് ഞാൻ സങ്കൽപ്പിച്ചു നോക്കി..
“ഹ ഹ ഹ ഹ…”
അദ്ദേഹത്തെ എത്തിക്കേണ്ടത് കോഴിക്കോട് താജ് ഹോട്ടലിൽ ആയിരുന്നു… അവിടെ എത്തി ഡോർ തുറന്നു കൊടുത്തപ്പോൾ എന്റെ പോക്കറ്റിലേക് കുറച്ചു നോട്ടുകൾ അദ്ദേഹം തിരുകി വെച്ചു തന്നു..
വണ്ടിയുമെടുത് തിരികെ വരുന്ന സമയം ആ നോട്ടെടുത്തു ഞാൻ എണ്ണി നോക്കി. അഞ്ഞൂറിന്റെ പത്തു നോട്ടുകൾ ഉണ്ടായിരുന്നു അതിൽ..
ഷോറൂമിൽ എത്തി നേരെ hr മാനേജരറേ പോയി കണ്ടു..
അദ്ദേഹത്തെ താജിൽ ആക്കിയിട്ടുണ്ടെന്ന് പറയുന്നതോടൊപ്പം ഒരു കാര്യം കൂടേ ഞാൻ മാനേജറോട് പറഞ്ഞു. അദ്ദേഹം തിരികെ പോകുമ്പോ എന്നേ തന്നെ ഡ്രൈവറായി അയക്കാൻ പറഞ്ഞിട്ടുണ്ടെന്ന്…..
ഒരൊറ്റ ട്രിപ്പിനു ഉറുപ്പിക 5000 അല്ലേ പോക്കറ്റിൽ കയറിയത്…
ഏതായാലും അത് കൊണ്ട് കാര്യമുണ്ടായി..വെറും രണ്ടു ദിവസത്തെ സന്ദർശനത്തിന് വന്ന കമ്പനിയുടെ ഏതോ വലിയ പോസ്റ്റിൽ ഇരിക്കുന്ന അദ്ദേഹതെ തിരികെ എയർപോർട്ടിൽ കൊണ്ട് വിട്ട സമയത്തും എന്റെ പോക്കറ്റിലേക് കുറച്ചു പൈസ വെച്ച് തന്നു..
താങ്ക്യൂ മെൻ എന്നും പറഞ്ഞു മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ആ ജപ്പാനീസ് പൗരൻ എന്റെ മുന്നിലൂടെ എയർപോർട്ടിനുള്ളിലേക് കുണുങ്ങി കുണുങ്ങി നടന്നു നീങ്ങി…
ഉറുപ്പിക പത്തായിരം രണ്ടു ദിവസം കൊണ്ട് കിട്ടിയ സന്തോഷത്തിൽ ഞാനും.
അന്നും മൂപ്പര് കാറിൽ എയർപോർട്ട് എത്തുവാൻ സമയം എന്നോട് ഗ്ലാസ് മടക്കുവാനായി പറഞ്ഞിരുന്നു..
ഇന്നൊക്കെ ആണേൽ മൂപ്പരുടെ എല്ലാം ai ക്യാമറ വഴി ഒപ്പിയെടുത്തു വൈറലായേനെ.. കൂടേ ഞാനും …എംവിടി സാറുമാർക് 1000 പെറ്റി എഴുതാനുള്ള അവസരം നൽകുമായിരുന്നു…
ഉറുപ്പിയ 10000 കിട്ടിയത് കൊണ്ട് പോട്ടേ പുല്ലെന്ന് പറഞ്ഞു ഞാൻ അത് അടക്കുകയും ചെയ്യും…☺️
” ഡ്രസ്സ് ചെയിഞ്ചു ചെയ്യുന്നതിന് ഇന്ത്യൻ പീനൽ കോട് റോഡ് നിയമത്തിൽ ഫൈൻ ഇല്ലല്ലോ അല്ലേ…”😂