കൂടപ്പിറപ്പ്…
രചന: ലിസ് ലോന
::::::::::::::::::::::::::
“അമ്മേ ..ഒന്ന് മുടിയൊതുക്കി കെട്ടി വച്ചൂടെ ദേ ചോറിലെ മുടി കണ്ടോ “
“അയ്യോ മോനേ ..മുടി വല്ലാതെ പൊഴിയുന്നുണ്ട് ഇപ്പൊ ..ചോറെടുത്തപ്പോ അമ്മയാണെ നോക്കിയും ഇല്ലാ “
ഓ ഏട്ടൻ വന്നിട്ടുണ്ടല്ലോ !!! വന്നു കേറി ഉമ്മറത്തേക്ക് കാലെടുത്തു വച്ച വിദ്യ മനസ്സിലോർത്തു ….വിളിക്കാതെയും പറയാതെയുമാണ് എന്നും വരവും പോക്കും ..വിദ്യയുമായി പതിന്നാല് വയസ്സിനു മുതിർന്നതാണ് വിനോദ് ..അച്ഛൻ മരിച്ചതിൽ പിന്നെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്ന അമ്മയെ മാറ്റി നിർത്തി ഇത്തിരി മുതിർന്നപ്പോൾ മുതൽ എല്ലാം നോക്കുന്നത് ആളാണ് .
“സാരല്യമ്മേ ..ഞാനത് പെറുക്കിക്കളഞ്ഞു ..എന്തേ ഇപ്പൊ ഇങ്ങനൊരു മുടി കൊഴിച്ചിൽ കൂടാൻ ..അന്ന് പറഞ്ഞിട്ട് ഞാനൊരു എണ്ണ വാങ്ങിത്തന്നില്ലേ ..കുറഞ്ഞില്ലാ ഇതു വരെയും ?ഇനി ..മരുന്ന് കഴിഞ്ഞോ ?”
തൈറോയ്ഡിന്റെ അസുഖം കുറച്ചു കാലമായി പലവിധത്തിൽ അമ്മയെ ബുദ്ധിമുട്ടിക്കുന്നെന്ന് വിദ്യയോർത്തു .നിൽക്കാത്ത മാസമുറയായും മുടികൊഴിച്ചിലായും എല്ലാം അമ്മ അനുഭവിക്കുന്നുണ്ട് .
“ഇല്ല മോനേ മരുന്ന് തീർന്നിട്ടില്ല എണ്ണയും തേക്കണുണ്ട് ഞാൻ ..പക്ഷേ ഒരു കുറവും ഇല്ലാ ..ആ അത് പോട്ടേ രണ്ടുസം ഉണ്ടാവില്ലേ നീ”
അകത്തേക്ക് കയറാതെ ഉമ്മറത്തു കാതോർത്തു നിന്ന വിദ്യ കാതു കൂർപ്പിച്ചു ..പെട്ടെന്ന് പോയാ മതിയാരുന്നു ..
ഏട്ടനുമായി അവൾ മിണ്ടാറേ ഇല്ല എന്താവശ്യത്തിനും ഇടനിലക്കാരി അമ്മയാണ് ..എല്ലാക്കാര്യങ്ങളും നടത്തികൊടുക്കാറുണ്ടെങ്കിലും കർക്കശക്കാരനായ ഏട്ടനോട് അവൾക്ക് അത്ര താല്പര്യമില്ല ….അതിന്നോ ഇന്നലെയോ തുടങ്ങിയതല്ല ..
ഇഷ്ടമുള്ള പുരുഷനെ കല്യാണം കഴിക്കാൻ ചേച്ചി അനുവാദം ചോദിച്ചപ്പോൾ അതിനെ എതിർക്കുക മാത്രമല്ല ചേച്ചിയെ കരണം പുകയും വിധം തല്ലുന്ന ഒരേട്ടനെ കണ്ടതോടെ ആണ് .
ഏട്ടനേക്കാൾ എന്നുമിഷ്ടം ചേച്ചിയോടായിരുന്നത് കൊണ്ട് ചേച്ചിയുടെ കണ്ണുനീർ ഒരു പാട് സങ്കടപ്പെടുത്തി ..ഒടുക്കം പഠിപ്പ് കഴിഞ്ഞു നടത്തികൊടുക്കാമെന്നു മനസില്ലാ മനസ്സോടെ ഏട്ടൻ സമ്മതിച്ചെങ്കിലും എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ചു ചേച്ചി ഏട്ടനോട് വാശി തീർക്കാൻ അയാളുടെ കൂടെ ഇറങ്ങി പോയി .
ഏട്ടന്റെ കൂട്ടുകാരനായിരുന്നു ജോഷി എന്നത് കൊണ്ട് തന്നെ അയാളാരായിരുന്നു എന്നു അമ്മക്കും ഏട്ടനും അറിയാമായിരുന്നു നല്ലവണ്ണം ..എന്നിട്ടും വീട്ടിലൊരിക്കൽ പോലും അവരെ പറ്റി സംസാരമുണ്ടായിട്ടില്ല പിന്നീട് .മതം മാറി കെട്ടിയത് കൊണ്ടായിരിക്കും .
പിന്നെ ചേച്ചി ഇങ്ങോട്ടു വന്നിട്ടേയില്ല ഇപ്പൊ ദൂരെയെവിടെയോ ആണെന്ന് മാത്രമറിയാം ..വല്ലപ്പോളും അവളെ ഒന്നു കാണാൻ കണ്ണ് കൊതിക്കുന്നു എന്നു പറയുന്ന അമ്മയെ ദേക്ഷ്യത്തോടെ നോക്കുന്ന ഏട്ടനോട് പിന്നീടൊരിക്കലും മിണ്ടാനേ തോന്നിയില്ലാ ..
ഒരാളെ സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ …അന്തസ്സായി അയാൾ അവളെ നോക്കുന്നത് കൊണ്ടായിരിക്കില്ലേ അവൾ ഇവിടേക്ക് വരാത്തത് .
പ്ലസ് ടുവിന് നല്ല മാർക് കിട്ടിയപ്പോൾ ഏത് കോളേജിലാണ് ഇനി പഠിക്കാൻ ചേർത്തേണ്ടതെന്നു ചോദിയ്ക്കാൻ അമ്മയെ ദൂത് വിട്ട ഏട്ടനെ എൻട്രൻസിലെ തരക്കേടില്ലാത്ത റാങ്കും മെറിറ്റിൽ കിട്ടിയ സീറ്റും അമ്പരപ്പിച്ചിട്ടുണ്ടാവണം …
സ്വന്തം കാലിൽ നിന്നാൽ ആരെയും പേടിക്കണ്ടല്ലോ എന്നോർത്താണ് നന്നായി പഠിച്ചു എൻട്രൻസ് പാസ്സായതും ഗവ :മെഡിക്കൽ കോളേജിൽ ഡോക്ടറാവാൻ ചേർന്നതും ….പഠിക്കാൻ മിടുക്കിയായതുകൊണ്ട് പലരും സഹായിക്കുന്നുമുണ്ട് …
ഈ ഇന്റേൺഷിപ്പ് കൂടി കഴിഞ്ഞാൽ കഴിഞ്ഞു ……ഞാനുമൊരു ഡോക്ടറായി ..
ഏട്ടൻ ഏതോ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ് തിരുപ്പൂരിൽ , അത്രേ അറിയൂ ..അമ്മക്കും.വല്ല തുണികമ്പനിയിലും ആയിരിക്കും അന്വേഷിക്കാൻ തോന്നിയിട്ടില്ല …പ്രാരാബ്‍ദം മാത്രമല്ല പഠിക്കാൻ മോശമായതും ഒരു കാരണമായിരിക്കാം പഠിപ്പു നിർത്താൻ.
“ഞാൻ നാളെ രാവിലെ പോകും …അവൾ വരാറായില്ലേ “
അമ്മയുടെ മറുപടിക്കു മുൻപേ വിദ്യ അകത്തേക്ക് കടന്നു ചെന്നു …
“അമ്മേ ഒരു ഗ്ലാസ് ചായ തരോ ..”
അവനോട് ഒന്നു മിണ്ടുക പോലും ചെയ്യാതെ അവളകത്തേക്ക് കയറി പോയി ..പിന്നിലെ നിശബ്ദതയിൽ നിന്നും അവരവളെ നോക്കുന്നതാണെന്നു അവൾക്കു മനസ്സിലായി .
അതേ ..ഒരു മര്യദക്ക് പോലും വിനോദിനോട് മിണ്ടാതെ പോകുന്ന അവളെയും അവളെ ശ്രെദ്ധിക്കാതെ ചോറുണ്ണുന്ന മകനെയും ആ അമ്മ നോക്കിക്കൊണ്ട് നിന്നു വേദനയോടെ ..മുതിർന്നപ്പോൾ ശരീരം മാത്രമല്ല മക്കളുടെ മനസ്സും മാറിപ്പോയി .
രാവിലെ കോളേജിലേക്ക് പോകാനിറങ്ങിയ അവൾക്ക് പേപ്പറിൽ പൊതിഞ്ഞ ഒരു കുഞ്ഞു കെട്ട് കയ്യിൽ കൊടുത്ത് ബാങ്കിലടക്കാൻ പറഞ്ഞു അമ്മ ,ഏട്ടൻ തന്നതാണെന്നും പറഞ് ….ചെറിയ ഒരു ലോണും കൂടി എടുത്തപ്പോളേ പഠിക്കാൻ പൈസ തികഞ്ഞിരുന്നുള്ളു അതടക്കാനുള്ള പൈസ തരാനും അമ്മയെ കാണാനുമാണ് ഏട്ടന്റെ സാധാരണ വരവ് …
“അവനോടുള്ള അയിത്തം നീ പൈസയോട് കാണിക്കില്ല എന്നറിയാം ” എന്നു പറഞ്ഞ അമ്മയെ ഒന്നു നോക്കിയതല്ലാതെ അവളൊന്നും മറുപടി പറഞ്ഞില്ല …അല്ലെങ്കിലും അച്ഛനില്ലെങ്കിൽ താഴെയുള്ളവരെ പഠിപ്പിക്കേണ്ടത് മുതിർന്നവർ തന്നെയല്ലേ എന്തിനാണ് അതിന് ഇത്രെയും വലിയ ഒരു സെന്റിമെന്റ്സ് അമ്മ കൊടുക്കുന്നത് .
വൈകുന്നേരം മടങ്ങി വന്നപ്പോൾ ആളെ കണ്ടില്ലെങ്കിലും അവളൊന്നും ചോദിച്ചില്ല അമ്മയോട് …നേരെ മുറിയിൽ പോയി ഏപ്രണും സ്റ്റെത്തും മേശയുടെ മുകളിലേക്ക് ഇട്ട് കസേരയിലേക്ക് ഇരുന്നു .
ഹോ ….മൂക്ക് വേദനിച്ചിട്ട് വയ്യ …എല്ലാരും കുത്തിയത് കണ്ടപ്പോ തോന്നിയ ഒരു മൂക്കുത്തി പ്രേമം..വേണ്ടാന്ന് അമ്മ കുറെ പറഞ്ഞതാണ് എന്നിട്ടും കുത്തി ! പഴുത്തോ എന്നൊരു സംശയമുണ്ട് , തൊടാൻ പോലും പറ്റുന്നില്ല .ഒരു പാരസെറ്റമോൾ എടുത്ത് കഴിച്ചു …അരമണിക്കൂറെങ്കിലും കഴിയണ്ടേ വേദന കുറയാൻ ..അമ്മയോട് വേദനയുണ്ടെന്നു മിണ്ടാൻ പറ്റില്ല .
“നീയെന്താ കിടക്കണേ വയ്യേ “
“ഒന്നൂല്ല്യ ചെറിയൊരു തലവേദന ..പോയോ ആള് “
“ആര് ..? നീയെന്തിനാ അവനോട് മിണ്ടാതെ നടക്കണേ അവൻ നിന്നോടെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ …നിന്റെ പെരുമാറ്റം കണ്ടാൽ തോന്നും അവനെന്തോ വല്ല്യേ കുറ്റം ചെയ്‌തെന്നു …പെങ്ങന്മാരെ സ്നേഹിക്കണ ഏട്ടന്മാര് ചെയ്യുന്നതേ ന്റെ മോനും ചെയ്തുള്ളു ….സ്വന്തം പഠിപ്പു വേണ്ടാന്ന് വച്ചാ അവൻ നിനക്കും അവൾക്കും വഴിയുണ്ടാക്കി തന്നത് …അവളത് മറന്നു , നീയും അതേ വഴിയാണോ “
പറഞ്ഞവസാനിപ്പിച്ചു അമ്മയിറങ്ങി പോയപ്പോളും മനസ്സിലൊരു പുച്ഛമായിരുന്നു ….പട്ടിയെ പോലെ തല്ലിയാണോ ഇഷ്ടം കാണിക്കേണ്ടത് ..ഒന്നുമില്ലെങ്കിലും അവൾ വീട്ടിൽ വന്നു പറഞ്ഞില്ലേ ഇഷ്ടം …
“അമ്മേ “അവൾ നീട്ടി വിളിച്ചു .
“അടുത്ത മാസം നന്ദകുമാറിന്റെ ഏട്ടന്റെ കല്യാണമാണ് ഫ്രണ്ട്സെല്ലാം പോകുന്നുണ്ട് എനിക്കും പോണം ഏട്ടനോട് എനിക്ക് കുറച്ചു പൈസ തരാൻ പറയണേ …”
കൂടെ പഠിക്കുന്ന പയ്യനാണ് നന്ദകുമാർ …ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് …പാവപെട്ട വീട്ടിലെ കുട്ടിയാണ് താനെന്ന് ഒട്ടുമിക്ക കുട്ടികൾക്കും അറിയാം , അവനും …അതാവും കളങ്കമില്ലാത്ത ഒരു സ്നേഹം എപ്പോളും കാണിക്കുന്നത് …എല്ലാരോടും കല്യാണം പറയാൻ അവന്റെ അച്ഛനും അമ്മയും വന്നപ്പോൾ ,തന്നെ മാത്രേം മാറ്റിനിർത്തി പ്രേത്യകം കല്യാണം ക്ഷണിച്ചതാണ് ..പോകാതിരിക്കുന്നതെങ്ങനെ .
കമ്മ്യൂണിറ്റി മെഡിസിൻ പോസ്റ്റിംഗിന്റെ അലച്ചിലുകൾക്കിടയിലായിരുന്നെങ്കിലും കല്യാണത്തിന് കൂട്ടുകാരെല്ലാരും കൂടി ഒരുമിച്ച് പോകാനായിരുന്നു തീരുമാനം അവന്റെ വീട് ദൂരമുള്ളതു കൊണ്ട് തന്നെ .
സദ്യ കഴിച്ചു കഴിഞ്ഞു ഓഡിറ്റോറിയത്തിലെ ഒരു സൈഡിലേക്ക് മാറി എല്ലാവരും തമാശ പറഞ്ഞു ചിരിക്കുന്നതിനിടയിലാണ് അവിടുത്തെ ഒരു പണിക്കാരി സ്ത്രീ വന്നവളെ പേര് വിളിച്ചത് …
ദുഃസ്വപ്നങ്ങളിൽ പോലും ചേച്ചിക്ക് ഇങ്ങനൊരു കോലമില്ലെന്ന് അവളോർത്തു..കണ്ണിമയ്ക്കാതെ വിദ്യ ചേച്ചിയെ നോക്കി നിന്നു .. വിലകുറഞ്ഞ സാരിയും അതിനു മുകളിലിട്ട നീല ഷർട്ടും നോക്കി നിൽക്കുന്തോറും അവളോർത്തത് എപ്പോളും വസ്ത്രങ്ങൾക്ക് ചേരുന്ന മാലയും കമ്മലുമണിഞ്ഞു സുന്ദരിയായി നടക്കാൻ ഉത്സാഹം കാണിച്ചിരുന്ന ചേച്ചിയെ ആണ് …ചേച്ചി അവളുടെ കൈ പിടിച്ചു ആളൊഴിഞ്ഞ ഒരു മൂലയ്ക്ക് മാറി നിൽക്കുമ്പോളേക്കും വിദ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു ..
ഇത്രേ നാളും കെട്ടിയിരുന്ന മനക്കോട്ടകൾ നിമിഷങ്ങൾ കൊണ്ട് തകർന്നു വീഴുന്നത് വിദ്യയറിഞ്ഞു .
ജോഷി , ഏട്ടന്റെ കൂട്ടുകാരനെന്നത് ശരി തന്നെ ..പക്ഷേ കൊള്ളരുതാത്തവനാണെന്ന് ഏട്ടൻ പറഞ്ഞപ്പോ കല്യാണം മുടക്കാൻ ഏട്ടനതേ പറയൂ എന്നു മുൻകൂർ പറഞ്ഞ ജോഷിയുടെ വാക്കുകളായിരുന്നെന്ന് ചേച്ചിയുടെ മനസ്സിൽ ..അതായിരുന്നു അന്നത്തെ വഴക്കിന്റെ തുടക്കം .
നിനക്ക് താഴെ ഒരു പെൺകുട്ടി കൂടി ഇല്ലേ , എന്നെപ്പറ്റിയും അമ്മയെപ്പറ്റിയും നീയോർക്കണ്ട അവളെ പറ്റി നീയൊന്നോർക്കണം എന്നു പറഞ്ഞ ഏട്ടനെ ദേക്ഷ്യം പിടിപ്പിക്കാൻ ,എനിക്കെന്റെ കാര്യമാണ് വലുതെന്ന മറുപടി മതിയായിരുന്നു ….അതിൽ കലി പൂണ്ടാണ് ഏട്ടനവളെ തല്ലിയതും .
ഇറങ്ങി പോയി മൂന്നാലു മാസം കഴിയേണ്ടി വന്നു ജോഷിയുടെ തനിനിറം ബോധ്യമാവാൻ …ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ ഇപ്പോഴേ കുഞ്ഞു വേണ്ട ഇതിനെ കളയാമെന്നു വാശി പിടിച്ച അവനോടു മല്ലിട്ടു നിൽക്കാൻ കുറെ ക്ലേശിച്ചു ….ആദ്യമൊക്കെ കുടിച്ചു കാലുറക്കാതെ വന്നിരുന്ന അവനെ മാത്രം പേടിച്ചാൽ മതിയായിരുന്നു പിന്നെപിന്നെ ബോധമില്ലാതെ അവനെയും താങ്ങിക്കൊണ്ടു വരുന്ന കൂട്ടുകാരെ കൂടി പേടിക്കേണ്ട അവസ്ഥ ..
എല്ലാ വഴികളും അടഞ്ഞപ്പോൾ ഏട്ടന് കത്തെഴുതി ..ഒരു പ്രതീക്ഷയുമില്ലായിരുന്നു ,പക്ഷേ … ഏട്ടനെത്തി ..ഇപ്പോൾ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഏട്ടനാണ് ജോഷി ഏതോ ഒരു പെണ്ണിനേയും കൊണ്ട് അവിടുന്നും പോയി …ഒരറിവുമില്ല എവിടെയാണെന്ന് ..
ചേച്ചി കാല് പിടിച്ചു പറഞ്ഞിട്ടാണ് ഏട്ടൻ ഇതൊന്നും തങ്ങളെ അറിയിക്കാതിരുന്നത് എന്നുകൂടി പറഞ്ഞു കഴിഞ്ഞപ്പോൾ വിദ്യക്ക് നെഞ്ഞു പൊടിഞ്ഞു പോകുന്ന പോലെ തോന്നി .
“ഏട്ടനിപ്പോൾ എവിടെയാണെന്നറിയാമോ … ഞാൻ ഏട്ടനോട് ഒന്നു മിണ്ടിയിട്ടു കൂടി…..എത്രെ വർഷങ്ങളായി .. നിന്നോടുള്ള സ്നേഹം കൊണ്ട് ഞാൻ ഏട്ടനെ വെറുത്തു “
തേങ്ങലുകൾ കൊണ്ട് തന്റെ സ്വരം വികൃതമാകുന്നല്ലോ എന്നവളോർത്തു …
“ഏട്ടൻ തിരുപ്പൂരിലോന്നുമല്ല ഇവിടെ അടുത്താണ് വാടകക്ക് താമസിക്കുന്നത് .. ഞാൻ പണിക്ക് പോകുന്നത് ഇഷ്ടമല്ല എന്നാലും നിന്റെ പഠിപ്പിന്റെ ചിലവും അമ്മയുടെ ചികിത്സയുമൊക്കെ ഓർത്തിട്ടാവണം എന്നെ തടയാത്തത്”
തലക്കു കൈകൊടുത്ത് വെറുംതറയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന അവളെ കണ്ട് നന്ദകുമാറും കൂട്ടുകാരുമോടിയെത്തി ..കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ അവന്റെ അച്ഛനും അമ്മയും കൂടി കല്യാണതിരക്കൊന്നൊഴിഞ്ഞ ശേഷം ഏട്ടനെക്കാണാൻ ഒരുമിച്ച് പോകാമെന്നു പറഞ് അവളെ സമാധാനിപ്പിച്ചു .
പോകുന്ന വഴിയേ ചേച്ചി പറയുന്ന ഓരോ വാക്കുകളും വിദ്യയിൽ ഏങ്ങലടികളുണർത്തി….
ഏട്ടനും അനിയത്തിയും തന്നെയാണോ എന്ന് ഒന്നൂടെ ചോദിക്കുന്ന ….പെണ്ണ് തനിയെ താമസിക്കുമ്പോൾ ഇരുട്ടിൽ പതുങ്ങി വന്ന് സഹായവാഗ്ദ്ധാനങ്ങൾ നൽകുന്ന സദാചാരവാദികൾ നിറഞ്ഞ നാട്ടിൽ അവളെ അവനറിയുന്ന ഒരു വീട്ടിൽ നിർത്തി , അവൻ കൂടെ ജോലി ചെയ്യുന്ന ആളുകളുടെ കൂടെ താമസിക്കുന്നതും എല്ലാം ഒന്നും വിട്ടുപോകാതെ അവൾ പറഞ്ഞു …..
എല്ലാവരും കൂടെ ആദ്യം പോയത് ചേച്ചിയുടെ കുഞ്ഞിനെ കാണാനായിരുന്നു …കുഞ്ഞിനെ കണ്ടു മടങ്ങുമ്പോളും ഏട്ടന്റെ മുഖമായിരുന്നു മനസ്സിൽ …എത്രെ ശ്രെമിച്ചിട്ടും അവൾക്ക് സങ്കടമൊതുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല .
പൊരിവെയിലത്തു നിന്ന് ബംഗാളികൾക്ക് നിർദ്ദേശങ്ങളും കൊടുത്ത് അവർക്കൊപ്പം കെട്ടിടം പണിയെടുക്കുന്ന ഏട്ടന്റെ മുൻപിൽ നിൽക്കുമ്പോൾ വിദ്യക്ക് വേറാരും കൂടെയുള്ളത് ഓർമയുണ്ടായിരുന്നില്ല ….
നിറഞ്ഞ കണ്ണുകളോടെ വിങ്ങിപൊട്ടുന്ന കുഞ്ഞനിയത്തിയെ ചേർത്ത് പിടിക്കുമ്പോളും അവൻ പറയുന്നുണ്ടായിരുന്നു ഏട്ടന്റെ കൈ മുഴുവൻ അഴുക്കാണ് മോളെ ഉടുപ്പിൽ പറ്റുമെന്ന് ….
അവന്റെ അഴുക്കു പുരണ്ട കൈകൾക്കുള്ളിലേക്ക് മുഖം പൂഴ്ത്തി കണ്ണീരൊഴുക്കുമ്പോൾ മനസ്സിലെ അഴുക്കു കൂടി ശുദ്ധികലശം ചെയ്യപ്പെടുന്നുണ്ട് എന്നവളറിഞ്ഞു .
എന്നോട് ക്ഷമിക്കണേ ഏട്ടാ എന്നവൾ പറയുമ്പോളും …എത്രെ വേദനിപ്പിച്ചാലും സ്നേഹിച്ചവരെ വെറുക്കാനോ ശപിക്കാനോ കഴിയാത്ത ഹൃദയമുള്ള ആണുങ്ങളുമുണ്ട് മോളെ എന്നു പറയാതെ പറഞ്ഞു അവനവളുടെ മൂർദ്ധാവിൽ ചുംബിച്ചു .
“ഇങ്ങനൊരെട്ടന്റെ അളിയനാവാൻ എന്റെ മോനേ അനുവദിക്കാമോ …കാലം കുറച്ചായി അവളോട് പറയാതെ അവനാ ഇഷ്ടം ഞങ്ങളെ അറിയിച്ചു ഉള്ളിലിട്ട് നടക്കുന്നു ” വിനോദിന്റെ കൈ പിടിച് ചോദിച്ച നന്ദകുമാറിന്റെ അച്ഛന്റെ മുഖത്തേക്ക് ഒരു നൂറു നക്ഷത്രങ്ങൾ ഒളിപ്പിച്ചാണ് ഏട്ടനും അനിയത്തിയും നോക്കിയത് സ്നേഹത്തോടെ …
———————–
ഏട്ടനെന്ന പുണ്യത്തെ അറിയാൻ വൈകിപോയതിന് മനസ്സിൽ ഒരായിരം വട്ടം മാപ്പ് പറഞ്ഞാണ് കല്യാണത്തിരക്കിൽ ഓടിനടക്കുന്ന ഏട്ടനെ അവൾ നോക്കിയത് …
ചോദിച്ചില്ലെങ്കിലും കഴിയുന്നതും അതിനേക്കാൾ അപ്പുറവും ഒരുക്കി പെങ്ങളെ ഇറക്കി വിടാൻ പാടുപെടുന്ന ഏട്ടനെ നിറകണ്ണുകളോടെയേ നോക്കാൻ പറ്റുന്നുള്ളു …
ചടങ്ങുകളെല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം അവന്റെ നെഞ്ചിൽ ചാരി നിന്നു വിങ്ങിപൊട്ടുന്ന കുഞ്ഞനിയത്തിയെ അനുഗ്രഹിച്ചു സങ്കടമെല്ലാം ചിരിയാക്കി അവൻ നിൽക്കുമ്പോളും മനസ്സ് പറയുന്നുണ്ടായിരുന്നു …….
എല്ലാ ആങ്ങളമാരും ദുഷ്ടന്മാരല്ല ….