പ്രായം മുപ്പത്തഞ്ചു കഴിഞ്ഞിട്ടും എന്റെ പെണ്ണിപ്പോളും പതിനേഴുകാരി തന്നെ….അഭിയോർത്തു…

മുഖംമൂടിയണിയാത്തവർ….

രചന : ലിസ് ലോന

::::::::::::::::::::::::

“ഒന്ന് വേം വായോ ന്റെ പെണ്ണേ …….മഴ വരുന്നേനു മുൻപേ വീടെത്താം …..ചെന്നിട്ടെനിക്ക് വേറെ പണിയുണ്ട് …അവൾടൊരു കുണുങ്ങി കുണുങ്ങിയുള്ള നടത്തം ..”

ശിവക്ഷേത്രത്തിന്റെ , വിണ്ടടർന്ന പടിക്കെട്ടുകളിറങ്ങി പതിയെ വരുന്ന അരുന്ധതിയെ നോക്കി അഭി കണ്ണുരുട്ടി കാണിച്ചു ..

പ്രായം മുപ്പത്തഞ്ചു കഴിഞ്ഞിട്ടും എന്റെ പെണ്ണിപ്പോളും പതിനേഴുകാരി തന്നെ …അഭിയോർത്തു

“ഈ പടിയിറങ്ങുമ്പോ ഞാനെങ്ങാനും ഉരുണ്ട് വീണാൽ ഇന്നത്തെ തിരക്കിട്ട പണിയെന്തു ചെയ്യും മോൻ “

ഇലച്ചീന്തിലെ ചന്ദനം അവന്റെ നെറ്റിയിൽ തൊട്ടു കൊടുക്കുമ്പോൾ അവൾ ചോദിച്ചു ..

“ഇന്നെന്താ കോലം വരച്ചില്ലേ കണ്ണില് “

അവളുടെ കൈകളിലെ കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും വാസന ആവോളം ആസ്വദിക്കുന്നതിനിടയിൽ അഭി ചോദ്യമെറിഞ്ഞു .

പരിഹാസരൂപേണയാണ് ചോദ്യമെങ്കിലും അവൾക്കറിയാം ആ സ്വരം പരിഭവത്തിന്റെതാണെന്ന് …
കണ്ണെഴുതി വലിയ പൊട്ടും തൊട്ട് ഒരുങ്ങി നടക്കുന്ന അവളോടാണ് അവനു കൂടുതൽ പ്രിയം .ഇന്നത് മറന്നുപോയി .

ആ ചോദ്യത്തെ പാടേ അവഗണിച്ചു അവൾ ….

“ദേ നോക്കിയേ ഒരുപാട് വൈകാതെ വീട്ടിലേക്ക് വന്നേക്കണം …അമ്പലപറമ്പിലിരുന്ന് ശീട്ട് കളിക്കുമ്പോ , അച്ഛനെ പോലീസ് പിടിച്ചെന്ന് പറയാൻ മക്കൾക്ക് വല്ല്യേ ഇഷ്ടമുണ്ടാവില്ല …കേട്ടല്ലോ “

“ഓ നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ പൈസ വച്ചാ കളിക്കണെ ന്ന് “

അഭിയുടെ പിന്നിലേക്ക് കയറിയിരുന്ന് അവന്റെ തോളിലേക്ക് കൈകളെടുത്തു വച്ച് , ചേർന്നിരുന്നു അവൾ ..
വണ്ടി അല്പം മുന്പോട്ടെടുത്തപ്പോളെക്കും മാനം ചോർന്നൊലിക്കാൻ തുടങ്ങി …തുള്ളിക്കൊരു കുടം കണക്കു മഴ …

“നിർത്തണ്ട അഭിയേട്ടാ”

അവളവന്റെ വയറിൽ കൈ വട്ടം പിടിച്ചു മുറുക്കെ …
ആ മഴയിലും അവനൊന്നുറക്കെ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി ….

ഇങ്ങനുള്ള കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ മാത്രമേ തന്റെ പെണ്ണിനുള്ളു എന്നറിയാവുന്ന ആണൊരുത്തന്റെ ചിരി ..

പെയ്‌തൊലിക്കുന്ന മഴയുടെ ഭംഗിയേക്കാൾ … മഴത്തുള്ളികളിൽ പടർന്നൊഴുകിയ നെറ്റിയിലെ സിന്ദൂരം കലർന്ന്…. ഇറ്റു വീഴാൻ കാത്തു നിൽക്കുന്ന അവളുടെ മൂക്കിൻ തുമ്പിലെ ജലബിന്ദുവിനാണെന്നവന് തോന്നി …

മഴ നനഞു കൊണ്ട് അവർ മെല്ലെ ബൈക്കിൽ പോകുന്നത് നോക്കി അവളെന്നും പോകുന്ന ബസിലെ കിളിചെക്കൻ ചിരിച്ചത് അവൾ ഇടം കണ്ണിട്ട് കണ്ടു …

മഴയിൽ കുതിർന്ന് മനസ്സും ശരീരവും തണുത്താണ് രണ്ടാളും വീട്ടിൽ ചെന്നു കയറിയത് ..

എല്ലാ ഞായറാഴ്ചയും മുടങ്ങാതെ രണ്ടുപേരും അമ്പലത്തിലെത്തുന്നത് അവനെയും കെട്ടിപിടിച്ചുള്ള
ബൈക്ക് യാത്ര അവളുടെ ഇഷ്ടങ്ങളിൽ ഒന്നാണെന്ന് അവന് നല്ലവണ്ണമറിയാമെന്നത് കൊണ്ട് തന്നെ .

രണ്ടു പേർക്കും ചെറുതെങ്കിലും ,ഒരു ജോലിയുണ്ട്.. വലിയ ആർഭാടങ്ങളൊന്നും നിറഞ്ഞതല്ലെങ്കിലും ജീവിതം സ്വസ്ഥം .രണ്ടു പെൺകുട്ടികളാണ് അഭിനന്ദിനും അരുന്ധതിക്കും ഒരാൾ പത്തിലും ചെറുത് ഏഴിലും .

“ഞാൻ പറഞ്ഞത് മറക്കണ്ട … വൈകല്ലേ അഭിയേട്ടാ “

“ഞാനിന്ന് അമ്പലപ്പറമ്പിലാ കിടപ്പ് ..വല്ല യക്ഷിയും വരുമോന്നു നോക്കട്ടെ “

കണ്ണിറുക്കി കൊണ്ട് അവൻ മറുപടി പറഞ്ഞു ….

“രാത്രിയിലിങ്ങു വാ ഞാൻ പറഞ്ഞു തരാം കേട്ടോ ഇതിനുള്ള മറുപടി “

“ഞാൻ വരാം ന്റെ പൊന്നേ….അത്താഴപഷ്ണിക്കിടല്ലേ”

ശുണ്ഠി പിടിച്ചു വീടിനകത്തേക്ക് കയറി പോകുന്ന അവളെ നോക്കി ചിരിച്ചുകൊണ്ട് അവനുറക്കെ വിളിച്ചു പറഞ്ഞു.

••••••••••••••

“ഡി കല്ലു ….നിന്നെ ന്റെ കയ്യിൽ കിട്ട്യാ ണ്ടല്ലോ ..നിക്കെടി അവിടെ കുറുമ്പത്തി … നേരല്ല്യാത്ത നേരത്താ അവൾടെ ഒരു കളി ..
നോക്കിക്കോ നിന്റെ കല്യാണത്തിന് നിറച്ചും മഴ പെയ്യട്ടെ “

തേങ്ങാ ചിരകുന്നിതിനിടയിലേക്ക് ഓടി വന്ന് ഒരു പിടി വാരി വായിൽ കുത്തി നിറച്ചോടുന്ന ഇളയ മകൾ കല്യാണിയോടാണ് അരുന്ധതി വലിയവായിൽ വിളിച്ചു കൂവുന്നത് .
അഭിയേട്ടൻ വരുമ്പോളേക്കും പണിയെല്ലാം തീർക്കണം .

കോഴി വരുത്തരച്ചതും ചപ്പാത്തിയുമാണ് ഇന്ന് രാത്രി ഭക്ഷണം …രാത്രിയിലാർക്കും ചോറിനോട് പ്രിയമില്ല …

ചിക്കൻ വേവിച്ചിറക്കിയതിലേക്ക് അരച്ചു ചേർക്കാൻ ചിരകിയ തേങ്ങയും കൊണ്ടാണ് പെണ്ണിന്റെ കൊതിപാച്ചിൽ …

തന്റെ കുട്ടിക്കാലം മാത്രമല്ല എല്ലാ കുട്ടികളും ഇങ്ങനെത്തന്നെയാണല്ലോ എന്ന് ചെറു പുഞ്ചിരിയോടെ ഓർത്തു കൊണ്ട് അവൾ അടുക്കളജോലികളിലേക്ക് തിരിഞ്ഞു .
അഭിയേട്ടന്റെ അമ്മ പെട്ടെന്നൊരു ദിവസം എല്ലാരേയും തനിച്ചാക്കി പോയിട്ട് കൊല്ലമൊന്നു കഴിഞ്ഞു …..

അമ്മയുള്ളപ്പോൾ ഒന്നും അറിയേണ്ടായിരുന്നു ..
എല്ലാക്കാര്യങ്ങൾക്കും കൂടെ നിന്നു കൊടുത്താൽ മതി .
മരുമകളായിട്ടല്ല മകളായിട്ടാണ് ഈ വീട്ടിൽ കാലുകുത്തിയത് .

ഉച്ചക്കുണ്ണാനിരിക്കുമ്പോൾ രണ്ടു മൂന്നു തരം കറികൾ ചോറ്റുപാത്രത്തിൽ കാണുമ്പോഴുള്ള സന്തോഷം , വൈകീട്ട് എത്തിയാൽ “ഇന്നെന്താ കറിക്ക് തേങ്ങാ ചേർക്കാഞ്ഞത് “
അല്ലെങ്കിൽ “ഒരു ചമ്മന്തി കൂടി വക്കാരുന്നില്ലേ “
എന്ന എന്റെ കുസൃതി ചോദ്യത്തിൽ ഞാൻ ഒതുക്കുമ്പോൾ , അമ്മയുടെ മറുപടി പിറ്റേന്നത്തെ നിറഞ്ഞ പാത്രത്തിലുണ്ടാവും ..

അഭിയേട്ടനും പെറ്റമ്മയേക്കാൾ ആ അമ്മയെ സ്നേഹിച്ച തനിക്കും ഏറെ സമയമെടുത്തു അമ്മ പോയെന്ന സത്യം ഉൾകൊള്ളാൻ …
അമ്മയെന്നും മനസ്സിൽ ചിരഞ്ജീവിയാണ് എല്ലാ മക്കൾക്കും …ഒരു കാറ്റു പോലും തട്ടാത്ത വന്മരം .. …

ഒരിക്കൽപോലും അമ്മയോട് സ്നേഹത്തിൽ ഒരു വാക്കോ ചിരിയോ ഗൗരവക്കാരനായ അച്ഛൻ കാണിക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും അമ്മ തളർന്നു വീണപ്പോൾ ആദ്യം തകർന്നു പോയത് അച്ഛനായിരുന്നു …

അച്ഛന്റെ കണ്ണിലെ ഗൗരവം മാറി നിസ്സഹായതയുടെ നിറഞ്ഞ നനവിൽ നിന്നും ആദ്യമായറിഞ്ഞു കാട്ടിക്കൂട്ടലുകൾ മാത്രമല്ല സ്നേഹമെന്ന്..

അമ്മ വീണപ്പോളാണ് അച്ഛനും മക്കളോട് നേരിട്ട് സംസാരിക്കാൻ തുടങ്ങിയത് … മക്കൾക്കെല്ലാം അമ്മയായിരുന്നു അച്ഛനിലേക്കുള്ള ഇടനിലക്കാരി ….

ഒരാശ്രയവുമില്ലാതെ തളർന്ന കണ്ണുകളോടെ അച്ഛൻ നിന്നപ്പോൾ മക്കളാണ് അച്ഛന് ധൈര്യം കൊടുത്തത് … വൈകിയെങ്കിലും അറിഞ്ഞു അമ്മയേ ജീവനായിരുന്നു അച്ഛനെന്ന് .

ഒരു നൂറു പിച്ച് തന്നിട്ടാണെങ്കിലും കെട്ടിക്കുന്നതിനു മുൻപേ അടുക്കള ജോലികൾ വീട്ടിൽ അമ്മ പഠിപ്പിച്ചു തന്നതോണ്ട് എല്ലാം ഏറ്റെടുക്കാൻ പകച്ചു നിൽക്കേണ്ടി വന്നില്ല ..

ഓർമ്മകൾ അയവിറത്തു ജോലികൾ തീർന്നത് അറിഞ്ഞില്ല ….അല്ലെങ്കിലും ഈ ഓർമ്മകൾ ഇങ്ങനെയാണ് അസമയത്തു പറയാതെ കടന്നു വരും …

ക്ലോക്കിലേക്ക് നോക്കിയപ്പോൾ മണി ആറു കഴിഞ്ഞു…
നേരം ഇരുട്ടിയല്ലോ ദേവി ….
ആറര കഴിയും കാർത്തൂന്റെ ട്യൂഷൻ കഴിഞ്ഞു വരാൻ ..പത്താം ക്ലാസ്സിലായൊണ്ട് മാത്രമാണ് കണക്കിനും ഇംഗ്ലീഷിനുമായി ഇത്തിരി ദൂരെയുള്ള ട്യൂഷൻസെന്റെറിൽ ചേർത്തത് .

മഴക്കാലമായതു കൊണ്ട് എത്രെ പെട്ടെന്നാണ് ഇരുട്ട് വീഴുന്നത് ….ഇന്നലെ കൂടി അഭിയേട്ടനോട് ചോദിച്ചേയുള്ളൂ …വൈകീട്ട് ഒന്നു വന്ന് ബസ്റ്റോപ്പിൽ നിക്കാമോ എന്ന്
പെട്ടെന്ന് ഇരുട്ട് പരക്കുന്നത് കൊണ്ട് ഒരു പേടി …കാലം വല്ലാത്തതല്ലേ .

“നിന്നെ തട്ടി കൊണ്ടോണൊരു അരമണിക്കൂറിനുള്ളിൽ തിരികെ വിടും “
കണ്ണിറുക്കി കാട്ടി കേട്ട മറുപടിയിൽ ദേക്ഷ്യം പിടിച്ചപ്പോ , പിന്നൊന്നും പറയാൻ നിന്നില്ല .

റോഡിലേക്കെത്താനുള്ള ഇടവഴിയിലൂടെ മെല്ലെ നടന്നു അവൾ .
ഇടവഴി ഇരുട്ടു മൂടിയിരിക്കുന്നു .. അഭിയേട്ടന്റെ ഫോണിലേക്ക് രണ്ടു തവണ വിളിച്ചപോളും എടുത്തില്ല ..

അല്ലെങ്കിലും കൂട്ടുകാരുടെ കൂടെ കൂടിയാൽ പിന്നെ ഒരു ലോകവുമില്ല ..
ആകെ ഒരു ഞായറാഴ്ച മാത്രമാണ് ആ സ്വാതന്ത്രം കിട്ടുന്നത് അത് കൊണ്ട് തന്നെ താൻ തടയാനും നിൽക്കാറില്ല .

നല്ല മഴക്കുള്ള കോളുണ്ട് , മഴയെത്തും മുൻപേ ഈ പെണ്ണിങ് വന്നാ മതിയാരുന്നു …..അല്ലെങ്കിൽ ആകെ നനഞ്ഞു കുളിക്കും …

മൊബൈലെടുത്തു വീണ്ടും അഭിയെ വിളിച്ചു ..ബെല്ലടിച്ചു നിന്നതല്ലാതെ എടുത്തില്ല .

അച്ഛന് സുഖമില്ല , അല്ലെങ്കിലും വയസ്സായ അച്ഛനെ ഈ മഴയത്തു വിടാൻ കഴിയില്ല .

ദൂരെ നിന്നും ബസ് വരുന്നത് കണ്ടപ്പോൾ അവൾ റോഡിലേക്ക് കയറി നിന്നു ….അമ്മയെ കാണുമ്പോളെ പാവത്തിന് ജീവൻ വീണോളും .ബസ് ജീവനക്കാർ തന്നെ നോക്കുന്നത് അവൾ കണ്ടു …പ്രേത്യേകിച്ചും അവൻ ..

ജോലിക്കു പോകുമ്പോൾ സ്ഥിരം വരുന്നതും പോകുന്നതും ഇതിൽ തന്നെ ആയതുകൊണ്ട് മിണ്ടിയില്ലെങ്കിലും എല്ലാവർക്കും അറിയാം അവളെ …

“എന്തേച്ചി ആരെങ്കിലും വരാനുണ്ടോ “

കണ്ടക്ടറാണ് .

“ആ ..മോള് ട്യൂഷൻ കഴിഞ്ഞു വരേണ്ടത് ഈ ട്രിപ്പിലായിരുന്നു ..എത്തിയില്ല “

“ഇന്ന് കണ്ടേയില്ലല്ലോ സ്റ്റോപ്പിൽ “

മറുപടി പറഞ്ഞത് ഡ്രൈവറായിരുന്നു ..

ബസിറങ്ങി ഓരോരുത്തരും പോകുന്നത് അവൾ നോക്കി നിന്നു . ബസ് വിടുന്നതിനു മുൻപേ അരുന്ധതി ഒന്നു കൂടി നോക്കി …ഇല്ല അവളീ ബസിലില്ല .

പെട്ടെന്ന് അവളുടെ നോട്ടം അവനിൽ തറച്ചു

വഷളൻ !!!
ഇപ്പോളും നോട്ടം ഇങ്ങോട്ടു തന്നെ …
ഒരാഴ്ചയോളമായി ഇവനാണു ഈ ബസിൽ കിളി എന്ന് അവളോർത്തു ….പുതിയതാണ്

ചുവപ്പുരാശിയുള്ള കണ്ണുകൾ കൊണ്ട് അവന്റെ അടിമുടിയുള്ള ഉഴിഞ്ഞു നോട്ടം കാണുമ്പോളെ കാൽവിരൽ മുതൽ പെരുത്തു കയറും …

നെറ്റിയിൽ വാരിപ്പൂശിയ രക്തചന്ദനക്കുറി ഇവരുടെ സ്ഥിരം ലേബലാണോ …
കണ്ണുകൾ കണ്ടാലേ അറിയാം നല്ല വെള്ളമടിയാണെന്ന് ..
അവനടുത്തുകൂടി കടന്നു പോകുമ്പോൾ മനം മടുപ്പിക്കുന്ന വിയർപ്പുമണം അവളിൽ ഓക്കാനമുണ്ടാക്കിയിരുന്നു പലപ്പോളും ..

ഇന്നലെ കയറാൻ നേരം അവൻ അറിഞ്ഞോ അറിയാതെയോ മേലൊന്നു തട്ടി …..തിരിഞ്ഞു , h
ദഹിപ്പിക്കും പോലൊരു നോട്ടം നോക്കിയിട്ടും പക്ഷേ അവൻ ശ്രെദ്ധിക്കാതെ പുറം തിരിഞ്ഞു നിന്നപ്പോൾ മുഖത്തടിക്കാനാണ് തോന്നിയത് .

അവന്റെ നോട്ടത്തെ അവജ്ഞയോടെ ഒന്നു നോക്കി അവൾ വീണ്ടും ഫോണെടുത്തു അഭിയെ വിളിച്ചു …

“എവിടെയാ ന്റെ അഭിയേട്ടാ എത്രെ നേരം കൊണ്ട് വിളിക്കാണ്‌ …മോളിതു വരെയും വന്നില്ല ..മണി ഏഴാവാറായി ..”

ഒറ്റ ശ്വാസത്തിൽ അവനോടിത് പറയുമ്പോൾ അവളറിയാതെ കരഞ്ഞു പോയി ..

“നീ പേടിക്കണ്ട ഞാനിപ്പോ വരാം ചിലപ്പോ അവിടുന്നിറങ്ങാൻ വൈകിയതാവും…ഫോണടിച്ചത് ഞാനിപ്പോളാ കണ്ടത് ..കുളിക്കാരുന്നു അമ്പലക്കുളത്തിൽ “

അഭിയുടെ ശബ്ദം അവൾക്കൊരാശ്വാസമായി ..

“വേഗം ഒന്നു വരുമോ എനിക്കെന്തോ ആകെ ഒരു പേടി “

“ഞാൻ ദേ എത്തി “

മറുതലക്കൽ ഫോൺ കട്ടായി .

ഇരുട്ടിനു തുണയായി ചാറ്റൽമഴ തുടങ്ങിയപ്പോളും അവളവിടെ തന്നെ നിന്നു ..

ചീവീടുകളുടെ ശബ്ദം ചെവിയിൽ തുളച്ചു കയറുന്നു ..

ട്യൂഷൻ സെന്ററിലെ ഫോണടിച്ചു നിലക്കുന്നതല്ലാതെ ആരുമെടുക്കുന്നില്ല ..

ഉണ്ണി മാഷിന്റെ നമ്പർ അഭിയേട്ടന്റെ ഫോണിലുണ്ട് വന്നിട്ട് വിളിച്ചു നോക്കാം ..

ബൈക്കിന്റെ വെളിച്ചം ഇരുട്ടിനെ കീറി മുറിച്ചെത്തുന്നത് കണ്ടപ്പോളാണ് ഇത്രെയും നേരമായിട്ടും വഴി വിളക്കുകൾ ഒന്നുപോലും കത്താതെ നിൽക്കുന്നത് അവളോർത്തത് തന്നെ ..

പൊട്ടിപ്പോയ ബൾബുകൾക്കു പകരമിടാനായി അപേക്ഷ കൊടുത്തു അവര് വന്നു മാറ്റിയിട്ടാലും ഏതെങ്കിലും സാമൂഹ്യദ്രോഹികൾ അതെറിഞ്ഞു തകർക്കും ..

“ഒരു കുട പോലുമെടുക്കാതെ ആണോ നീ ഇവിടെ വന്നു നിൽക്കുന്നത് “

ബൈക്ക് നിർത്തി , സ്റ്റാൻഡിൽ ചാരിവെച്ചു കൊണ്ട് അഭിയെത്തി .

“ഞാനൊന്നു ഉണ്ണിമാഷിനെ വിളിക്കാം “

മുണ്ടു മടക്കികുത്തി ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അവൻ ഫോണെടുത്തു ..

മറുതലക്കൽ നിന്നുള്ള സംസാരം കഴിഞ്ഞപ്പോൾ അഭിയുടെ മുഖത്തെ ടെൻഷൻ കൂടുന്നത് അവൾ ശ്രെദ്ധിച്ചു .

“എന്തേട്ടാ …മാഷെന്താ പറഞ്ഞേ …”

അഭിയെ തട്ടികൊണ്ട് അരുന്ധതി ചോദിച്ചു

“അവൾ അവിടുന്ന് കൃത്യ സമയത്തു തന്നെ ഇറങ്ങിയെന്നു ..കൂടെ അപ്പുറത്തെ സ്റ്റോപ്പിലിറങ്ങുന്ന നിത്യയും ഉണ്ടായിരുന്നു ന്നാ പറയണേ “

അവൻ അവളെ നോക്കി …

“നീ ആ കുട്ടിയുടെ വീട്ടിലെ നമ്പർ എടുക്ക് ഞാനൊന്നു വിളിച്ചു നോക്കാം …. ചിലപ്പോ ഇരുട്ടായതു കൊണ്ട് അവിടെ ഇറങ്ങിക്കാണും “

പറയുന്നതിനിടക്ക് അഭി വീട്ടിലെ നമ്പറിലേക്ക് വിളിച്ചു കല്ലുവാണ് ഫോൺ എടുത്തത് .. വീട്ടിലേക്ക് ആരും വിളിച്ചിട്ടില്ല ..

തന്റെ മുഖത്തെ ടെൻഷൻ അരുന്ധതി കാണാതിരിക്കാൻ അവൻ ഫോണും കൊണ്ട് തിരിഞ്ഞു നിന്നു .

“നമ്പറെന്റെ കയ്യിലില്ലേട്ടാ “
ഫോണിൽ പരതികൊണ്ട് അവൾ അവനോടായി പറഞ്ഞു .

ഉള്ളിലെ ഭയവും ടെൻഷനും കാരണം അവന് പെട്ടെന്ന് ദേക്ഷ്യം പിടിച്ചു .

“നിനക്കതിനൊന്നും നേരം കിട്ടില്ലല്ലോ …ബാക്കി നിന്റെ കൂട്ടുകാരുടെ നമ്പറൊക്കെ ഭദ്രമായില്ലേ … വിട്ടു പോയിട്ടില്ലല്ലോ ലേ “

അവന്റെ സ്വരത്തിലെ ദേക്ഷ്യം മനസ്സിലായപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ..

“സാരല്ല്യ നമുക്കൊന്ന് അവിടൊക്കെ പോയി നോക്കാം …നീ ഒന്നു വീട്ടിലേക്ക് വിളിച്ചു പറ “

അവളുടെ നിൽപ്പ് അവന്റെ മനസ്സ് തകർത്തു …

നേരം വൈകുന്തോറും അവൾക്ക് സംഭ്രമം കൂടാൻ തുടങ്ങി
നെഞ്ചിൽ ഒരു തേങ്ങൽ കെട്ടി നിൽക്കുന്നുണ്ടെങ്കിലും ധൈര്യം ഭാവിച്ചു അഭിയും .

നിത്യയുടെ വീട്ടിലും ട്യൂഷൻ സെന്ററിലും വഴിയിലും നോക്കാനിനി ഇടമില്ല …
നിത്യക്ക് അമ്മ മാത്രമേയുള്ളു … ഒരു കഥയുമില്ലാത്ത ഒരു പാവം സ്ത്രീ ….എന്ത് ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണവർ …,

പെരുമഴയായി പെയ്യുന്ന മഴയുടെ തണുപ്പിനേക്കാൾ ഭയം രണ്ടു പേരിലും അരിച്ചിറങ്ങാൻ തുടങ്ങി …

തകർത്തു പെയ്യുന്ന ഇതേ മഴക്ക് മണിക്കൂറുകൾക്ക് മുൻപ് പ്രണയത്തിന്റെ ഭാവമായിരുന്നെന്നു അവളോർത്തു …..

പോലീസ്‌സ്റ്റേഷനിലെ ഇരുപ്പു തുടങ്ങിയിട്ട് സമയമേറെയായി …അവരെല്ലായിടത്തും വിളിച്ചു പറയുന്നത് കേൾക്കാം …

” നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോളൂ എന്ത്‌ വിവരം കിട്ടിയാലും ഞങ്ങളറിയിക്കാം …പേടിക്കണ്ട എല്ലായിടത്തും ഇൻഫർമേഷൻ കൊടുത്തിട്ടുണ്ട് “

ഒരു സിവിൽ ഓഫിസർ വന്ന് അവരോടു പറഞ്ഞു .

തിരികെ ബൈക്ക് ഓടിക്കാനുള്ള മനസികാവസ്ഥയല്ലാത്തതു കൊണ്ട് അഭി ഒരു ഓട്ടോ വിളിച്ചു …

ഏത് നിമിഷവും പൊട്ടിയൊലിക്കാവുന്ന കണ്ണുകളുമായി പകച്ചിരിക്കുന്ന അരുന്ധതിയെ അവൻ നോക്കി …
നെഞ്ചു പൊടിയുന്നു …എവിടെ പോയി തിരക്കാൻ ..
എന്തു ചെയ്യും സാധാരണക്കാർ ഇങ്ങനൊരവസ്ഥയിൽ …
അവനാകെ തല പെരുത്തു കയറി …..

ന്റെ പൊന്നു മോളെ നിനക്കെന്തു പറ്റി …ശരീരം മുഴുവൻ ചുട്ടുപൊള്ളിക്കുന്ന പനിചൂട് പടരുന്നതായി അവനു തോന്നി .

മഴയുടെ തണുപ്പോ ഭംഗിയോ ഒന്നും രണ്ടു പേരുടെയും മനസിലില്ല ..

പെട്ടെന്ന് അരുന്ധതിയുടെ ഫോൺ അടിച്ചു ..

പരിചയമില്ലാത്ത ഒരു നമ്പർ ,ഉൾഭയത്തോടെ ആ ഫോൺ അവൾ അവനു നേരെ നീട്ടി …

അവനത് ചെവിയോട് ചേർത്തു ഹലോ എന്നു പറയും മുൻപേ ഒരപരിചിത സ്വരം അവന്റെ കാതുകളിലെത്തി ..

“ചേച്ചി… ഞാനാ ബസിലെ കിളിയാണേ .. നമ്പർ വണ്ടിയിലെ ചേട്ടന് കൊടുത്തിരുന്നില്ലേ അവരുടെ കയ്യീന്ന് വാങ്ങിയതാ “

അഭിയവളുടെ മുഖത്തേക്ക് നോക്കി ….

“നീ നമ്പർ കൊടുത്തിരുന്നോ ബസുകാർക്ക് “

ഉവ്വെന്നവൾ തലയാട്ടി …

മോളേ എവിടെങ്കിലും വച്ചു കാണുകയാണെങ്കിൽ ഒന്നു വിളിച്ചു പറയണേ എന്നു പറഞ്ഞു കൊടുത്തതാണ് .

“പറയൂ ഞാനവളുടെ ഭർത്താവാണ് …”

“ചേട്ടാ ഒന്നു മിഷനാസ്പത്രി വരെ ഒന്നു വരാമോ …മോൾക്ക് ഒരു ചെറിയ ആക്സിഡന്റ് അവരിവിടെ കൊണ്ടാക്കി മുങ്ങിക്കളഞ്ഞു ….പേടിക്കാനൊന്നുമില്ല ഞാനിവിടെ ഉണ്ട് “

അതുവരെയുണ്ടായിരുന്ന പനിച്ചൂട് മാറി ശരീരം തണുക്കുന്നത് അവനറിഞ്ഞു …

“അതേ ….വണ്ടി നേരെ മിഷനാസ്പത്രിയിലേക്ക് വിടൂ “

കേട്ടതും ഓട്ടോഡ്രൈവർ വണ്ടി തിരിച്ചു .

“ആരാ അഭിയേട്ടാ ഫോണിൽ … എന്താ പറഞ്ഞേ …എന്തിനാ ഹോസ്പിറ്റലിൽ പോണത് “

“മോളെ ഏതോ വണ്ടി തട്ടിയെന്ന് … അവളും ആ കുട്ടിയും ഹോസ്പിറ്റലിലുണ്ട് …..ആ ബസുകാരനാ വിളിച്ചത് “

മനസ്സിലൊരു മഞ്ഞു മഴ പെയ്തത് അവളറിഞ്ഞു …
ആശ്വാസത്തിന്റെ ഒരു തേങ്ങൽ ശക്തിയിൽ അവളിൽ നിന്നുമുയർന്നു …അവനവളെ ചേർത്ത് പിടിച് ശിരസ്സിൽ തലോടി … .

കയറി ചെല്ലുമ്പോളേ അരുന്ധതി കണ്ടു അവനെ …….

കാവിമുണ്ടുടുത്തു ഷർട്ടിന്റെ കൈകൾ തെറുത്തു കയറ്റി കൈകൾ മാറോടു പിണച്ചു കെട്ടി അവൻ …

അവരെ കണ്ടതും അവനോടി വന്നു …..ചുമന്ന കണ്ണുകളിലിപ്പോൾ ആശ്വാസത്തിന്റെ തിളക്കം ..

“ഇപ്പൊ കുഴപ്പമൊന്നുമില്ലാട്ടോ …തലയിടിച്ചാ വീണതെന്ന് …അതുകൊണ്ട് ഇവിടെ കൊണ്ടുവരുമ്പോൾ ബോധമില്ലാരുന്നു ….മഴയായതു കൊണ്ട് ബ്ലഡ് ഒരുപാട് പോയി …”

ഒരു സങ്കടം നെഞ്ചിൽ തിങ്ങി തൊണ്ടക്കുഴിയിൽ വന്നു നിൽക്കുന്നത് അവളറിഞ്ഞു ..

അപ്പോളേക്കും അത്യാഹിതവിഭാഗത്തിന് മുന്പിലെത്തിയിരുന്നു അവർ .

“മോളാകെ പേടിച്ചാ ഇരിക്കുന്നത് ചേച്ചി ഒന്നു അവളുടെ കൂടെത്തന്നെ വേണേ “

അരുന്ധതി കണ്ടു , തലയിൽ വലിയ ഒരു കെട്ടുമായിരിക്കുന്ന കാർത്തികയേ …. ഓടിച്ചെന്ന് അവളെ കെട്ടിപിടിച്ചപ്പോളേക്കും അവളുടെ നിയന്ത്രണം വിട്ടുപോയി ….മകളുടെ മൂർദ്ധാവിൽ അമർത്തി ചുംബിക്കുമ്പോൾ അരുന്ധതിയറിഞ്ഞു അമ്മയുടെ നോവൊരിക്കലും തീരുന്നില്ലെന്നു …

“മറ്റേ കുട്ടിയെവിടെ “
അഭിയുടെ ചോദ്യം കേട്ടാണ് അവൾ മകളേ വിട്ടു തലയുയർത്തിയത് .

“ആ കുട്ടിക്ക് കാലിനു ഫ്രാക്ചറുണ്ട് ഓപ്പറേഷൻ വേണമെന്നാ പറഞ്ഞത് …അതിന്റെ വീട്ടിലെ നമ്പർ അതിനോർമയില്ല …നിങ്ങൾക്കറിയുമെങ്കിൽ ഒന്നു വിളിച്ചു പറയാമോ പെട്ടെന്ന് “

അവനാണ് … ഇതുവരെയും അവന്റെ പേര് പോലും താൻ ചോദിച്ചില്ലല്ലോ എന്നവളോർത്തു .

“ഞാനിവിടെ രാത്രിയിൽ കാന്റീൻ പണിയും നോക്കുന്നുണ്ട് ….ബസിന്റെ ലാസ്‌റ്റ് ട്രിപ്പ് കഴിഞ്ഞാൽ നേരെ ഇവിടേക്ക് വരും …വക്കീലാവാൻ വല്ലാത്ത മോഹം , പഠിപ്പിക്കാൻ വീട്ടുകാരെക്കൊണ്ട് ഒക്കില്ല … നമുക്കാരോഗ്യമുണ്ടെങ്കിൽ എന്തിനവരെ ബുദ്ധിമുട്ടിക്കണം അല്ലേ ചേച്ചി …”

അവൻ പറഞ്ഞു നിർത്തിയതും അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞു .

എന്തെല്ലാമാണ് അവനെ പറ്റി , അവന്റെ പരുക്കൻ രൂപം കണ്ട് താൻ ചിന്തിച്ചു കൂട്ടിയതെന്നു അവളോർത്തു ..

അവൾ പതിയെ ചെന്ന് അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച് അവന്റെ കണ്ണിലേക്ക് നോക്കി …
അന്ന് വരെ മനസ്സിലാവാത്ത അവന്റെ നന്മ നിറഞ്ഞ ചിരി കണ്ടപ്പോൾ അവൾ അവനോടു മാപ്പു പറയുകയായിരുന്നു ഹൃദയം കൊണ്ട് ….

അച്ഛനെയും മറ്റേ കുട്ടിയുടെ വീട്ടിലുള്ളവരെയും വിവരമറിയിച് അഭി മടങ്ങി വന്നു .

മകളോട് , നടന്ന കാര്യങ്ങളെല്ലാം ചോദിച്ചറിയുന്നതിനിടയിൽ അരുന്ധതി കണ്ടു നേഴ്സിനോട് എന്തോ കാര്യമായി സംസാരിക്കുന്ന അവനെ …..

“ഞാൻ വിളിക്കാം ശ്രീക്കുട്ടാ നിന്നെ”

എന്നു പേരെടുത്തു വിളിച് സ്വാതന്ത്ര്യത്തോടെ അവനോടു സംസാരിച്ച സിസ്റ്ററോട് അവൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു ….

നിത്യയുടെ ഓപ്പറേഷന് രക്തമാവശ്യമായേക്കാം എന്നറിയിച്ച സിസ്റ്ററോട് തന്റെ ബ്ലഡ് ഗ്രൂപ്പ് യോജിക്കുന്നതാണെകിൽ എടുക്കാമെന്നറിയിച്ച അവനെ അവളൊന്നു കൂടി തിരിഞ്ഞു നോക്കി ….

മനസ്സിലെ തിരിച്ചറിവുകൾക്ക് ഒന്നുകൂടി നിറമേറുന്നതായി അവൾക്ക് തോന്നി …

മുജ്ജന്മ ബന്ധം പോലെ അവനോടവൾക്ക് ഇഷ്ടമേറി … കൂടപ്പിറപ്പിനോടുള്ള ഇഷ്ടം …
പുറമെ കാണുന്ന രൂപം കൊണ്ട് ആരെയും വിലയിരുത്തരുതെന്ന് ഉരുവിട്ട് , വേഷമല്ല ആരുടേയും അളവുകോലെന്ന് വീണ്ടും ഉറപ്പാക്കി …. ഒരായിരം തവണ അവനോടു മാപ്പു ചോദിച്ചു അരുന്ധതി നില്കുമ്പോളും ….

അവൻ അവളെ നോക്കി പുഞ്ചിരിച്ചു ….

പുറത്തു മഴയൊന്നു കൂടി തിമിർത്തു പെയ്തു …എല്ലാവരുടെയും മനസ്സ് തണുപ്പിച്ചു കൊണ്ട്….

Scroll to Top