രചന: അയ്യപ്പൻ അയ്യപ്പൻ
:::::::::::::::::::::::::::::::
മിക്ക രാത്രികളും താലി കെട്ടിയ പുരുഷനാൽ ഏറ്റവും ക്രൂ രമായ മാ ന ഭംഗ ത്തിന് ഇരയായവുളുടെ കഥ ദയനീയമാണ്… അലിവില്ലാത്ത.. ഒരിറ്റ് കരുണ കാണിക്കാത്ത, നേർത്ത ഒരു ചുംബനം പോലും നൽകാത്ത അയാളോട് അവൾക്ക് പുച്ഛം തോന്നി….
അത്രയേറെ മാനസികമായി തകർത്തിട്ടും വിവാഹമോചനം കിട്ടിയ അന്ന് വൈകുന്നേരം അയാളെ കണ്ടപ്പോ നെഞ്ചോന്നു വിങ്ങിയത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടിട്ടും അവൾക്ക് മനസിലായില്ല..
സത്യമായും അന്ന് രാത്രി കരഞ്ഞിരുന്നു ശരിയാണ് പക്ഷെ അത് അയാളെ ഓർത്തിട്ടായിരുന്നില്ല.. എനിക്കിപ്പോഴും അറിയില്ല… കരഞ്ഞിരുന്നു സത്യം..
അവൾ ഇരുന്നിടത്തു നിന്നും എണീറ്റ് ജനാല തുറന്നിട്ടു… മഴ പെയ്യുന്നുണ്ട്… തണുത്ത കാറ്റു വീശുന്നുണ്ട് കൊച്ചു കുട്ടിയെന്നോണം അവൾ കൈ നീട്ടി പിടിച്ചു…
നാല് ചുവരുകൾക്കുള്ളിൽ നിന്നും തുറന്ന ജനാലക്കരികിൽ ഇതുപോലെ വന്നോന്നു നിന്നത് നാല് വർഷങ്ങൾക്കു മുന്നെയാണെന്നു വേദനയോടെ അവളോർത്തു…
———————-
രാത്രികളിലെപ്പോഴോക്കെയോ അയാൾ അവളുടെ ചെറിയ മു ല കളെ പുച്ഛിച്ചിരുന്നു …അടിവയറ്റിലെ രോമത്തെ കുറിച്ച് കളിയാക്കിയിരുന്നു..പിൻകഴുത്തിലെ കറുപ്പിനെ കുറിച്ച് പരിഹസിച്ചിരുന്നു …
ചെറിയ എതിർപ്പിനെ പോലും വകവെക്കാതെ അയാളുടെ വി കാരങ്ങൾ അവളെ വേദനിപ്പിക്കുമ്പോ ഒന്നും മിണ്ടാനാവാതെ കൈകളിൽ മുഖം പൊത്തി നീറ്റലുകളെ സ്വയം ശുശ്രുഷിച്ചു അവളെങ്ങനെ…
ഒരിക്കൽ പോലും ഒരൊറ്റ വാക്കിൽ പോലും അയാൾക്ക് അവളോട് സ്നേഹം തോന്നാഞ്ഞതിനെ ഓർത്ത് പലതവണ അവൾ അത്ഭുതപെട്ടിട്ടുണ്ട്..
നാല് വർഷത്തിനിടയിൽ ഒരിക്കൽ അയാൾ അവളെ ഒരു രാത്രിയിൽ ഉറക്കത്തിൽ നെഞ്ചോട് ചേർന്ന് കിടന്നിട്ടുണ്ട്..
പിന്നീടൊരിക്കിൽ കുളിപ്പിന്നൽ കെട്ടി മുടിയിൽ തുളസിക്കതിർ വെച്ചപ്പോൾ അയാൾ നോക്കിനിന്നിട്ടുണ്ട്…
ഒരിക്കൽ അവളുടെ പാത്രത്തിൽ അയാൾ ഒരല്പം ഉള്ളിത്തീയൽ വിളമ്പി നൽകിയിട്ടുണ്ട് അതൊഴിച്ചാൽ ഓർത്തുവെക്കാൻ ഒരു നല്ല നിമിഷങ്ങളും ഇല്ലന്നോർത്തു അവൾ നൊന്തു നീറി….
നാല് ചുവരിനുള്ളിൽ ശ്വാസം മുട്ടിയ സമയത്താണ്.. മാസമുറ തെറ്റിയത്..അവളുടെയുള്ളിൽ ജീവന്റെ നാമ്പ് തുടിക്കുന്നവനടന്നറിഞ്ഞപ്പോൾ അവൾ വല്ലാത്തൊരു സന്തോഷത്തോടെ പൊട്ടിച്ചിരിച്ചിരുന്നു. കുറേ കരഞ്ഞിരുന്നു ..
പേരറിയാത്ത എല്ലാ വികാരത്തോടെയും അവൾ വയറിൽ ഇരു കൈകളും ചേർത്ത് പിടിച്ചു നീല പെയിന്റ് അടിച്ച മുറിക്കുള്ളിൽ വട്ടം ചുറ്റി കറങ്ങിയിരുന്നു…
അയാളുടെ മുന്നിൽ ജീവിച്ച എട്ടു മാസങ്ങളിലും ഒരു പരിഗണയും തരാഞ്ഞപ്പോഴാണ് അവൾക്കു ജീവിക്കാൻ ഒരു വാശിയുണ്ടായത്…
നിറവയറിൽ അയാളുടെ മീശയും ചുണ്ടും ചേർത്ത് വെച്ചൊരു ചുംബനം മാത്രമേ ആ സമയങ്ങളിൽ അവൾ ആഗ്രഹിച്ചിരുന്നൊള്ളു…
നീര് വന്ന കാലിനെ നോക്കി നിലവാരമില്ലാത്ത അയാളുടെ ഒരു തമാശ കേട്ട അന്നാണ് രണ്ട് ചില്ലു ഗ്ലാസ്സുകൾ അവൾ എറിഞ്ഞുടച്ചത്…
“ആരുമില്ലെങ്കിലും എനിക്ക് ദേ ഇവൻ ഉണ്ട് “എന്നവൾ അവളുടെ പുക്കിൾ ചുഴിയിൽ ചൂണ്ടി അലറി വിളിക്കുമ്പോൾ അയാൾ കണ്ണാടി അല്പം താഴ്ത്തി അവളെ നോക്കി ഒന്ന് പരിഹസിച്ചു ചിരിച്ചിരുന്നു…
കൊഞ്ചിച്ചത് അത്രേം അവൾ നിറവയറിനോടാണ്..
അവൾക്കുറപ്പാണ് അവൻ അത് കേൾക്കാറുണ്ട്.. അവൾ ചുണ്ട് വിറച്ചു കരഞ്ഞു അവനോട് പരിഭവം പറയുമ്പോൾ വയറിന്റെ താഴെയായി കുഞ്ഞി കാലുകൊണ്ട് അമർത്തിയൊന്നു ചവിട്ടും…
“എനിക്ക് നീയേ ഉള്ളു “എന്ന് പറഞ്ഞു സാരിതുമ്പ് കൊണ്ട് വയറിൽ ഇടയ്ക്ക് ഇടയ്ക്ക് അവൾ പൊതിയാറുണ്ട്…
രണ്ട് പേപ്പറിൽ എഴുതിയ പേരുകളിൽ ഒന്നിൽ കണ്ണടച്ചു എടുത്ത ദിവസമാണ് അവൾ ഒരിറ്റ് അലിവോടെ ചിരിച്ചത്..
വരാൻ പോകുന്ന കുഞ്ഞിന്റെ ഉടുപ്പിൽ ചെറിയ പൂക്കൾ തുന്നിയപ്പോഴാണ് അവൾ വല്ലാത്തൊരിഷ്ടത്തോടെ കണ്ണ് പൊത്തിയത്…
തിന്നാൻ തോന്നിയ പൂതികൾ അയാളോട് മെല്ലെ അവൾ പറയുമ്പോൾ “വട്ട് പറയാതെ പോകു “എന്ന് പറഞ്ഞപ്പോഴാണ് നിറവയറിൽ നോക്കി അവൾ അവനോട് ചിണുങ്ങിയത്…
അനക്കമില്ല എന്നുള്ള പരാതിയിൽ അവളെ നോക്കിയ ഡോക്ടർ അവളുടെ കയ്യിൽ മെല്ലെ പിടിച്ചിട്ട്” കുഞ്ഞു പോയി കേട്ടോ “എന്ന് മെല്ലെ പറഞ്ഞപ്പോഴാണ് കരയാൻ പോലുമാകാതെ കണ്ണ് വിടർത്തിയവൾ നിന്നത്…
ജീവനില്ലാത്ത കുഞ്ഞാണ് ഉടലിൽ ഇപ്പോ ഉള്ളതെന്ന് വിശ്വസിക്കാനാവാതെ നിറവയറിൽ പിടിച്ചുകൊണ്ടു അവൾ ദുർബലമായി വാദിക്കുന്നുണ്ട്…
“എങ്ങനെ പോവാൻ.. ദേ.. ഉറങ്ങുകയാണ്.. “
നിറവയറിൽ കൈ വെച്ചവൾ വീണ്ടും പറയുന്നുണ്ട്..കുഞ്ഞിനെ പുറത്തെടുത്തപ്പോഴും അവൾ പുലമ്പുന്നുണ്ട്
” ഉറങ്ങുകയാണ്…. “
ആശുപത്രിയിൽ നിന്നും വീട്ടിൽ വന്ന ദിവസം കുഞ്ഞിന് തുന്നിയ ഉടുപ്പ് ചേർത്ത് വെച്ചു മണത്തു നോക്കിയപ്പോഴാണ് അവൾ അലറികരഞ്ഞത്….
അവളുടെ അരികു പറ്റി അയാൾ കിടക്കുമ്പോഴാണ് അയാൾ വീണ്ടും പുലമ്പിയത്…
ശരിക്കും അയാൾ അവളെയൊന്നു ചേർത്ത് പിടിച്ചിരുന്നെങ്കിൽ…
“സാരമില്ല ഞാൻ ഇല്ലേ” എന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ…
അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചിരുന്നെങ്കിൽ
ഒരു പക്ഷെ അവൾ അയാളെ വീണ്ടും സ്നേഹിച്ചേനെ സങ്കടം ഒരല്പം കുറഞ്ഞേനേ.. അയാൾ ഒരല്പം ഉറക്കെ പറഞ്ഞു…
” പോയത് നന്നായി”..
ആ ഒരൊറ്റ നിമിഷത്തിലാണ് അവൾ ചാടിയെണീറ്റത്… വെറുപ്പിന്റെ ഏറ്റവും അവസാനമുണ്ടാകുന്ന ഏറ്റവും താഴെയുള്ള വികാരത്തോടെ അവൾ നിന്ന നില്പിൽ വിറച്ചു…അയാളുടെ നേർക്കു കൈ ചൂണ്ടി…എന്നിട്ട് ഉച്ചത്തിൽ പറഞ്ഞു..
“ഇനി എനിക്ക് നിങ്ങൾ ആരുമല്ല ആരും…..”
——————-
കണ്ണിൽ നിന്നും മഴയോളം ചാടിയ കണ്ണ് നീര് കണ്ടവൾക്ക് അവളോട് തന്നെ നീരസം തോന്നി… വിവാഹമോചനത്തിനപ്പുറം അവൾ സ്വതന്ത്രയായിരിക്കുന്നു… ജനലിൽ കൂടി വീശി വന്ന കാറ്റ് അവളെ തണുപ്പിക്കുന്നുണ്ട്…
അമ്മ വീണ്ടും ഫോണിൽ വിളിച്ചപ്പോഴാണ് അവൾ ഫോൺ ചെവിയോട് ചേർത്ത് വെച്ചത്…അമ്മയുടെ ഇടറിയുള്ള ശബ്ദം കേട്ടപ്പോഴാണ് അവൾ പറഞ്ഞു തുടങ്ങിയത്..
“അമ്മ വിഷമിക്കരുത്… പൂട്ടി വെച്ചിരിക്കുന്ന അലമാരയിലെ സർട്ടിഫിക്കേറ്റ് എടുക്കാൻ ഞാൻ വരും .. വിഷമിക്കരുത്..
നാളെ ഒളിഞ്ഞും പാത്തും എന്റെ വിവരങ്ങൾ ചോദിക്കാൻ ആരെങ്കിലുമൊക്കെ വരും..
നിങ്ങളുടെ മോൾക്ക് ഈ ഗതി വന്നല്ലോ എന്ന് അവർ പരിഭവം പറയും… സത്യത്തിൽ അവളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് ചികയും.. അപ്പോൾ അമ്മ തലയുയർത്തി പറയണം
“എന്റെ മോളായിരുന്നു ശരി… അവളുടെ ജീവിതം അവളുടെ സ്വകാര്യതയാണ് എന്ന്…
അവൾ ഫോൺ വെച്ചു… എന്നിട്ട് പെയ്യുന്ന മഴയിലേക്ക് വെറുതെ ഇറങ്ങി എന്നിട്ടൊന്നു നനഞ്ഞു…
അവൾക്കപ്പോൾ പണ്ട് കല്ലെറിഞ്ഞു വീഴ്ത്തിയ ഒരു തത്തകുഞ്ഞിനെ ഓർമ്മ വന്നു അതിനെ അടച്ചിട്ട കുടുസു കുഞ്ഞി കൂടിനെ ഓർമ്മ വന്നു..
അതിനുള്ളിൽ അത് കിടന്നു പറക്കാൻ കഴിയാതെ കരഞ്ഞതോർമ്മ വന്നു… അവൾക്കപ്പോൾ സങ്കടം വന്നു.. മഴയത്തു വെറുതെ നിന്നവൾ വേദനയോടെ കരഞ്ഞു….