കരുതലിൽ വാടിപ്പോയ ഒരു ചെടി ജീവൻ വെച്ച പോലെ അവൾ ഉന്മേഷവതിയായി. അമ്മ അവളെയും കൂട്ടി കാറിൽ….

കൃത്യം…

രചന: അമ്മു സന്തോഷ്

:::::::::::::::::::::

“Are you mad? റേ പ്പ് ചെയ്യപ്പെട്ടത് നമ്മുടെ സൂര്യയാണ്.. നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരി.. അവളാണ് ബോധമില്ലാതെ അകത്തു കിടക്കുന്നത്? നീ ഒരു പെണ്ണല്ലേ? കേസ് വേണ്ട എന്ന് വെച്ച് ഒതുക്കി തീർക്കുക എന്നൊക്കെ പറഞ്ഞാൽ.. “

ആദി പൊട്ടിത്തെറിച്ചു ദൃശ്യ ശാന്തമായി അത് മുഴുവൻ കേട്ട് നിന്നു.

“അരുൺ ഇത് കരുതി കൂട്ടി ചെയ്തതാണോ ആദി? അവന് അവളെ ഇഷ്ടം ആയിരുന്നു.അവൾ സമ്മതിക്കാഞ്ഞത് കൊണ്ടാകും. അങ്ങനെ സംഭവിച്ചു പോയതല്ലേ അത്? “

“ശ്ശെ കഷ്ടം !നീ എന്താ ഈ പറയുന്നത് ദൃശ്യ..? നമ്മുടെ എൻഗേജ്മെന്റ് കഴിഞ്ഞതാണന്ന് എല്ലാർക്കും അറിയാം. അത് കൊണ്ട് നിന്റെ അനുവാദം ഇല്ലാതെ നിന്നോട് അതിനുള്ള റൈറ്റ് എനിക്കുണ്ടോ ? നെവർ . അത് ഭാര്യ ഭർത്താക്കന്മാർ ക്കിടയിൽ പോലും പാടില്ല..that is not fare “

“അതൊക്കെ പറച്ചിൽ മാത്രം ആണ്. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണ്. അവൻ അവളെ കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞല്ലോ പിന്നെ എന്താ? “അവൾ നിസാരമായി പറഞ്ഞു. ആദിക്ക് അവളുടെ മുഖത്ത് ഒന്ന് കൊടുക്കാൻ തോന്നി.. ഇവളെ പോലുള്ള പെണ്ണുങ്ങൾ ആണ് പെണ്ണിന്റെ വില കളയുന്നത്.

“സൂര്യ എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ ഇത് കേസ് ആകും.. ഞാൻ വാദിക്കും. നിന്റെ കസിൻ ആണ് അവൻ എന്നത് എനിക്ക് വിഷയമേയല്ല. ഞാൻ നിയമം പഠിച്ചത് അവൾക്കു ഉപകരിക്കട്ടെ ആദ്യം ” ദൃശ്യയുടെ മുഖം വിളറി

“ഡാ കോടതിയിൽ അവൾ അപമാനിക്കപ്പെടും, നാണക്കേട് ആണ്.. എല്ലാരും അറിയും. ഒന്നാലോചിച്ചു നോക്ക് ഇപ്പൊ നമ്മൾ മാത്രം അറിഞ്ഞിട്ടുള്ളു.. ” അവൻ ഒന്നും പറയാതെ സൂര്യയുടെ മുറിയിൽ ചെന്നു

അവളുടെ മുഖം കാണുമ്പോൾ അവന്റെ ഉള്ളിൽ വേദന നിറഞ്ഞു .. ആ ചുണ്ടുകൾ പൊട്ടിയടർന്നിരുന്നു. മുഖത്ത് നീലിച്ച പാടുകൾ ..കൈ ഒടിഞ്ഞത് കൊണ്ട് പ്ലാസ്റ്റർ ഇട്ടിരിക്കുന്നു അവനെ കണ്ട് അവൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു..

“മോളെ “അവൻ സങ്കടത്തിൽ വിളിച്ചു

ഒരു കടൽ ഇരമ്പിയ പോലെ കരച്ചിൽ പൊട്ടി ഒഴുകി.. അവൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു

“എനിക്ക്..എനിക്ക് വേദനിക്കുന്നെടാ “അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.. അവനാ മുഖം നെഞ്ചോട് ചേർത്ത് അമർത്തി വെച്ചു അവന്റെ കണ്ണുകളും പെയ്തു തുടങ്ങി. ഉള്ളിൽ നീറുന്ന വേദന.

അരുണിന് കൂസലൊന്നുമില്ലായിരുന്നു..ആദി അവനോട് സംസാരിക്കുമ്പോൾ നിയന്ത്രണം വിട്ട് പോകാതിരിക്കാൻ ശ്രമിച്ചു

“ഞാൻ കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞല്ലോ.. ഇനി നീ ഇപ്പൊ കേസ് നടത്തുക ആണെങ്കിൽ നടത്തിക്കോ ഞാൻ സുപ്രീം കോടതിയിൽ നിന്നു വക്കീലിനെ ഇറക്കും മോനെ.. നീ ശ്രമിക്ക് ” ആദി അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു

“ഒരു പെണ്ണിനെ ക്രൂ ര മായി ബ ലാ ത്സം ഗം ചെയ്തിട്ട് കല്യാണം കഴിച്ചോളാമെന്നോ? നായെ.. നിനക്ക് എങ്ങനെ തോന്നിയെടാ.. നമ്മുടെ കൂട്ടുകാരി അല്ലേടാ അവൾ..? നീ നോക്കിക്കോടാ നിനക്കുള്ള ശിക്ഷ ദൈവം നേരിട്ട് തരും “

“ഉവ്വേ ദൈവത്തിന് അതല്ലേ പണി.. ഒന്ന് പോടാപ്പാ ” ആദി അവിടെ നിന്നിറങ്ങി.

സൂര്യയോട് അവൻ എല്ലാം പറഞ്ഞു..

“എനിക്ക് അവനെ കല്യാണം കഴിക്കണ്ട ആദി.. അതിലും ഭേദം മരണം ആണ്.നിനക്കറിയില്ല ഞാൻ അനുഭവിച്ചതൊക്കെ. എനിക്ക് കേസും വേണ്ട “അവളുടെ ശബ്ദം തണുത്തു മരവിച്ചു മരണത്തിനു തൊട്ട് മുൻപുള്ള ശാന്തത. ആദിക്ക് അവളുടെ ഉള്ളു മനസ്സിലായി. മരണത്തിലേക്ക് പോകാൻ അവൾ തയ്യാറെടുക്കും പോലെ..

“എനിക്ക് രണ്ടനിയത്തിമാരുണ്ട് . അവരുടെ ജീവിതം, അമ്മ അച്ഛൻ..കേസ് കൊടുക്കും മുന്നേ ഞാൻ ഇതൊക്കെ ആലോചിക്കണ്ടേ? ഹോസ്റ്റലിൽ നിന്ന് പിറന്നാൾ പാർട്ടിക്ക് എല്ലാവരും ഉള്ളത് കൊണ്ടാണ് പോയത്. പക്ഷെ ഭക്ഷണത്തിൽ d r u g g s ചേർക്കുമെന്ന് ഞാൻ ഊഹിച്ചു പോലുമില്ല.. ചതി ആയിരുന്നു എല്ലാം “അവൾ പൊട്ടിക്കരഞ്ഞു

അവൻ നിശബ്ദനായി.. ഒന്നും പറയാനില്ല. ആശ്വസിപ്പിക്കാൻ ഒരു വാക്ക് പോലും വരുന്നില്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയുമ്പോൾ കുറച്ചു ദിവസം നിന്റെ കൂടെ നിർത്താമോ എന്നവൻ ദൃശ്യയോട് ചോദിച്ചു. അവൾ സമ്മതിച്ചില്ല.

ഭക്ഷണം കഴിക്കാൻ തോന്നിയില്ല ആദിക്ക്.. അമ്മ വന്ന് അവനെ വിളിച്ചപ്പോൾ അവൻ വേണ്ട എന്ന് തലയാട്ടി

“സൂര്യയെ ഇങ്ങോട്ട് കൊണ്ട് വാ ആദി. ഞാൻ ഇവിടെ ഒറ്റയ്ക്കല്ലേ. കുറച്ചു ദിവസം അവൾ ഇവിടെ നിൽക്കട്ടെ ” അമ്മ പറഞ്ഞപ്പോൾ അവൻ അതിശയത്തോട നോക്കി

“മുറിവേറ്റവർക്ക് ഒരു കൂട്ട് വേണം മോനെ.. പാവമല്ലേ അവൾ? “

കുറെ നിർബന്ധിക്കേണ്ടി വന്നെങ്കിലും ഒടുവിൽ അവൾ വന്നു.

അമ്മയുടെ സ്നേഹത്തിൽ, കരുതലിൽ വാടിപ്പോയ ഒരു ചെടി ജീവൻ വെച്ച പോലെ അവൾ ഉന്മേഷവതിയായി. അമ്മ അവളെയും കൂട്ടി കാറിൽ പുറത്തു പോകുന്നത്, അവർ ഒന്നിച്ചു പാചകം ചെയ്യുന്നത്, ഒരു പാട് സംസാരിക്കുന്നത് ഒക്കെ കാണാമായിരുന്നു.. അച്ഛൻ ആർമിയിൽ ആയത് കൊണ്ട് മിക്കവാറും എല്ലാ കാര്യങ്ങളും അമ്മ തനിച്ചായിരുന്നു ചെയ്യുക. അച്ഛൻ വിളിക്കുമ്പോൾ അമ്മ സൂര്യയെ കൊണ്ടും അച്ഛനോട് സംസാരിപ്പിക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു.

“എന്താ നിന്റെ ഉദ്ദേശം? അവളെ വീട്ടിൽ തന്നെ നിർത്താനാണോ? “
ദൃശ്യ കോപത്തോടെ ചോദിച്ചു

“നിന്നോട് ചോദിച്ചതല്ലേ കുറച്ചു ദിവസം ഒപ്പം നിർത്താൻ? അപ്പൊ നിനക്ക് വയ്യ. ഒരു സമാധാനം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ പാവം “ആദി ദൃശ്യയോട് പറഞ്ഞു

“ഈ ഫ്രണ്ട് ഷിപ്പ് എനിക്ക് ഇഷ്ടം അല്ല ആദി. അവളിപ്പോ പഴയ സൂര്യ അല്ല. അരുൺ എന്റെ കസിൻ ആണ് നിനക്ക് അറിയാമല്ലോ. നമ്മുടെ കല്യാണം കഴിഞ്ഞും ഈ കൂട്ട് തുടർന്നാൽ.. അതൊക്കെ വലിയ പ്രോബ്ലം ആകും “

“നീ പോടീ.. . ബാക്കി വന്ന തെറി വാക്ക് അവൻ വിഴുങ്ങി.. “”ഇപ്പൊ ഇറങ്ങി പൊക്കോണം എന്റെ ജീവിതത്തിൽ നിന്ന്.. കേട്ടല്ലോ.. അല്ലെങ്കിൽ അടിച്ചിറക്കും നിന്നേ ഞാൻ. മടുത്തു “അത് വരെ അടക്കി വെച്ചതെല്ലാം പൊട്ടിത്തെറിച്ചു പുറത്ത് വന്നു.

പ്രണയം ചിലപ്പോൾ ഓന്തിനെ കണക്കാണ് .. ഒരു കാര്യം വരുമ്പോൾ അറിയാം തനിനിറം. ചിലർ നേരെത്തെ രക്ഷപെട്ടു പോകും. ചിലര് അനുഭവിക്കും ജീവിതം മുഴുവൻ.

അരുണിന് ആക്‌സിഡന്റ് ആയത് ഒരു സുഹൃത്ത് പറഞ്ഞാണ് ആദി അറിഞ്ഞത്..അവൻ ഒരാവശ്യത്തിനായി ബാംഗ്ലൂർ വരെ പോയിരുന്നു.
അരുണിന്റെ രണ്ടു കാലുകളും മുറിച്ചു മാറ്റേണ്ടി വന്നത്രെ . അവനെ പോയി കാണണം എന്ന് ആദിക്ക് തോന്നിയില്ല. പക്ഷെ സുഹൃത്ത് പറഞ്ഞതിൽ ഒന്ന് അവന്റെ ഉള്ളിൽ തടഞ്ഞു.അരുൺ പ്രഭാതസവാരിക്കിറങ്ങിയപ്പോ ഒരു കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ കണ്ടു പിടിച്ചിട്ടുമില്ല.. അത് സ്വാഭാവികം ആണെന്ന് അവന് തോന്നിയില്ല.ആരോ മനഃപൂർവം ചെയ്ത പോലെ. . അവന്റെ ഉള്ളിൽ ഒരു കരട് വീണു.

“അമ്മയുടെ കാർ എവിടെ അമ്മേ? ” ഗാരേജിൽ അമ്മയുടെ കാർ കാണാഞ്ഞപ്പോൾ അവൻ അന്വേഷിച്ചു

“ഞാൻ അത് നാട്ടിൽ പോയപ്പോൾ എന്റെ അച്ഛന് കൊടുത്തിട്ട് വന്നു. നമുക്ക് പുതിയ ഒന്ന് വാങ്ങാം. “അമ്മ അവനെ നോക്കി ഒന്ന് ചിരിച്ചു.

“അമ്മ എന്ന് നാട്ടിൽ പോയി? “അവൻ അമ്പരപ്പോടെ ചോദിച്ചു

“മിനിയാന്ന് വെളുപ്പിന്.. നീ ബാംഗ്ലൂർ പോയതിന്റെ പിറ്റേന്ന് “

അവനൊന്നു മൂളി . അരുണിന് ആക്‌സിഡന്റ് ഉണ്ടായ ദിവസം.. അമ്മയാണോ അവനെ?

“നീ ഹോസ്റ്റലിൽ പോകുന്നെങ്കിൽ മോളെ കൊണ്ട് പോര് നാളെ സൺ‌ഡേ അല്ലെ? “
അവൻ തലയാട്ടി.

“അറിഞ്ഞിരുന്നോ അരുണിന്റെ കാര്യം? ” ആദി സൂര്യയോട് ചോദിച്ചു. അവൻ അവളുടെ ഹോസ്റ്റലിൽ ചെന്നതായിരുന്നു.

“പത്രത്തിൽ കണ്ടു “”ദൈവം വലിയവനാണ് അല്ലെ ആദി? ” അവൾ നിറകണ്ണുകളോടെ ചോദിച്ചു.

ആദി അവളെ ഒന്ന് ചേർത്ത് പിടിച്ചു.. “നമുക്ക് വീട്ടിലേക്ക് പോകാം “

“വേണ്ട. എന്നുമെന്നും ഞാൻ അങ്ങനെ വരുന്നത് ശരിയല്ല. ഇപ്പൊ ഞാൻ ok ആണ്. ആ ത്മ ഹത്യ ചെയ്യില്ല.” ആദി അവളെ സൂക്ഷിച്ചു നോക്കി.. അവന് പെട്ടെന്ന് ശുണ്ഠി വന്നു

“ഞാൻ ഇങ്ങോട്ട് വരുന്നതും നിനക്ക് ശരികേട് ആണോ? ” അവൾ നിസ്സഹായയായി

“പറ.. എന്നെ കണ്ടില്ലെങ്കിൽ നിനക്ക് ഒന്നുമില്ലേ? “

അവളുടെ കണ്ണ് നിറഞ്ഞ് തുളുമ്പി.

“കരയണ്ട. ഇഷ്ടം അല്ലെങ്കിൽ വരില്ല പോരെ? “അവൻ നടന്നു. കയ്യിൽ ഒരു പിടിത്തം വീണു

“എനിക്ക് വേറെ ആരാ ഉള്ളെ? “ഇടറിയ സ്വരം

അവൻ ചിരിയോടെ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു..

“അത് മനസ്സിൽ ഉണ്ടായാൽ മാത്രം മതി.. ഞാൻ ഉണ്ട്. എന്റെ അമ്മയും അച്ഛനും ഉണ്ട്. എന്നും.. നിനക്കൊന്നുമില്ല.. ഒന്നും ഉണ്ടായിട്ടുമില്ല അത് ഒരു ദുസ്വപ്നം പോലെ മറന്നേക്ക് “

അവളാ കൈവെള്ളയിൽ മുഖം അമർത്തി..

“വീട്ടിൽ പോകാം അമ്മ തിരക്കി നിന്നേ ” അവൾ മെല്ലെ തലയാട്ടി..അവൾക്കൊന്നും അറിയില്ല എന്ന് അവന് തോന്നി

അമ്മയാണ്.. അതേ അത് അമ്മ തന്നെയാണ്..

അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു..താൻ ചെയ്യേണ്ടതായിരുന്നു..പക്ഷെ തന്റെ കൈ വിറച്ചേനെ..

ഒരു സ്ത്രീക്ക് പുരുഷനേക്കാൾ മാനസികാരോഗ്യം ഉണ്ടെന്ന് സിഗ്മണ്ട് ഫ്രോയ്ഡ് പറഞ്ഞത് എത്ര ശരിയാണ്..

അമ്മയാണോ അത് ചെയ്തത് എന്നവൻ ചോദിച്ചില്ല. പക്ഷെ പിന്നീട് ഒരിക്കൽ അത് ഞാൻ ചെയ്തു എന്ന് അച്ഛനോട് അമ്മ പറയുന്നത് അവൻ കേട്ടു. അച്ഛൻ അമ്മയെ അഭിമാനം നിറഞ്ഞ കണ്ണുകളോടെ ഇറുക്കി കെട്ടിപ്പിടിച്ചു നിറുകയിൽ ചുംബിക്കുന്നതും അവൻ കണ്ടു. അത് ഏറെ കാലം കഴിഞ്ഞു അച്ഛൻ അവധിക്കു വന്ന ഒരു നാളിലായിരുന്നു. സൂര്യയുടെ വീട്ടിൽ പോയി വന്ന അന്ന് രാത്രി. അവളെ അച്ഛനും അമ്മയും അവനായി വിവാഹം നിശ്ചയിച്ച രാത്രി.