പുറത്തപ്പോൾ എന്റെ മോൾക്ക് ഇത് എന്താ പറ്റിയത് എന്നും പറഞ്ഞ് ആരൊക്കെയോ ഒച്ചവെക്കുന്നുണ്ടായിരുന്നു…

രചന: Shahina Shahi

:::::::::::::::::::::::

“എനിക്ക് മരിക്കണം,ഇപ്പൊ തന്നെ മരിക്കണം…” അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു.

“പ്രേമം തലക്ക് പിടിച്ച് ഭ്രാന്തായതാണ്,ആ ചെക്കനവളെ ഇട്ടേച്ചു പോയെന്ന്…അതിന് കൈ മുറിച്ചതാണ്…” ദേഷ്യം കലർന്ന വാക്കുകൾ കൊണ്ട് നെഴ്സ് അത് പറഞ്ഞപ്പോൾ ഡോക്ടർ അവശ്യ ശുശ്രൂഷക്കായി പെട്ടൊന്ന് ഒരുങ്ങി.

എനിക്ക് മരിക്കണമെന്ന് പറഞ്ഞ് അവൾ അയാളുടെ കൈകൾ തട്ടി മാറ്റുമ്പോൾ ഡോക്ടർ ഉച്ചത്തിൽ അലറി… “അടങ്ങി നിൽക്കെടി…”

പൊട്ടി കരഞ്ഞു കൊണ്ടിരുന്നവൾ മിണ്ടാതെ നിന്നപ്പോൾ ചുറ്റുമുള്ള ഹോസ്പിറ്റൽ ജീവനക്കാരും നിശ്ശബ്ദമായിരുന്നു… ഒരിക്കലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ലാത്തത് കൊണ്ടായിരിക്കും അവർ അയാളിലേക്ക് തന്നെ അല്‍ഭുതത്തോടെ നോക്കി നിന്നത്.

ഏറെ വൈകാതെ അവളുടെ ബോധം മങ്ങി തുടങ്ങുമ്പോൾ അയാൾ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

പതിനെട്ടു തോന്നിക്കുന്ന മെലിഞ്ഞ ഒരു പെണ്കുട്ടി…നീണ്ടു മനോഹരമായ അവളുടെ ഒതുക്കി വെക്കാത്ത മുടി അവിടുത്തെ ഫാനിന്റെ കാറ്റിലപ്പോ പരക്കെ പാറിക്കളിക്കുന്നുണ്ടായിരുന്നു…

പുറത്തപ്പോൾ എന്റെ മോൾക്ക് ഇത് എന്താ പറ്റിയത് എന്നും പറഞ്ഞ് ആരൊക്കെയോ ഒച്ചവെക്കുന്നുണ്ടായിരുന്നു…

അയാൾ ഏറെ നേരം അവളെ തന്നെ നോക്കിയിരുന്നു… ബോധം തെളിയുമ്പോൾ അറിയിക്കണം എന്ന ഡോക്ടറുടെ പതിവില്ലാത്ത അഭ്യർത്ഥന കേട്ടിട്ടാവണം നെഴ്സപ്പോൾ സംശയത്തോടെ ഡോക്ടറെ ഒന്ന് നോക്കിയത്.

ഉണർന്നപാടെയവൾ മരിക്കണം എന്ന് ഉറക്കെ ഒച്ച വെക്കുന്നത് കേട്ട് ഡോക്ടർ ഓടി ചെല്ലുമ്പോൾ നെഴ്സ് അവളുടെ കൈ പിടിച്ചു വെക്കാൻ പാട് പെടുകയായിരുന്നു.അയാളെ കണ്ടവൾ ഭയത്തോടെ നിന്നപ്പോൾ അയാൾ ഒന്ന് പുഞ്ചിരിച്ചു.

ആ നെറ്റിയിൽ തടവി ആശ്വസിപ്പിക്കുമ്പോൾ അവൾ അയാളുടെ കണ്ണുകളിൽ തന്നെ നോക്കി…അവൾ നിശ്ശബ്ദയായി നിന്നു.

നിറഞ്ഞ മിഴികളാല്‍ ചില്ലു ഗ്ലാസിനകത്തേക്ക് ഉറ്റു നോക്കുന്ന കണ്ണുകളെ അവൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു…

നീ ആർക്ക് വേണ്ടിയാണ് മരിക്കുന്നത്,നിന്നെ വെറുക്കുന്ന അവന് വേണ്ടിയോ…അവൾ അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.

ഇനി മരിക്കാണെങ്കിൽ മരിച്ചോ…അയാൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ അവൾ ഉറക്കെ വിളിച്ചു.

“ഡോക്ടറെ എനിക്ക് ഇനിയും ജീവിക്കാൻ കഴിയോ…”അവൾ കണ്ണ് നിറച്ചു…അയാൾ കണ്ണ് ചിമ്മി കൊണ്ട് തല കുലുക്കി… ഇനിയും ഏറെ കാലം ജീവിക്കണം…അയാൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.

ഉച്ചക്ക് ഊണ് കഴിച്ചോ എന്നും ചോദിച്ച് ഡോക്ടർ അവളുടെ അടുത്തേക്ക് വന്നപ്പോൾ അവൾ ഏറെ നേരം വാ തോരാതെ സംസാരിച്ചു… എല്ലാം ഒരു പുഞ്ചിരിയോടെ കെട്ടിരുന്നപ്പോൾ അവളേറെ ഇഷ്ടത്തോടെ അയാളെ തന്നെ നോക്കും…

വൈകുന്നേരം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴും അയാൾ അവളെ ചെന്നു കണ്ടിരുന്നു…അപ്പോഴും ഏറെ നേരമവൾ പരിഭവങ്ങൾ പങ്കു വെച്ചിരുന്നു…

അടുത്ത ദിവസം രാവിലെ പരിശോധനക്കായി വന്നപ്പോൾ അയാളവളോട് ചോദിച്ചു വായിക്കാറുണ്ടോ….ചിരിച്ചു കൊണ്ട് അവൾ ഇല്ലെന്ന് തലയാട്ടി…

വെടിയുണ്ടയെ ജയിച്ച ഒരു പാകിസ്ഥാനി പെണ്കുട്ടിയുടെ കഥ പറഞ്ഞു കൊടുത്തപ്പോൾ അവൾ ഏറെ കൗതുകത്തോടെ അയാളുടെ വാക്കുകൾ കാതോർത്തു… അവരാണ് ലോകം അറിയപ്പെടുന്ന മലാല…അതും പറഞ്ഞ് ഡോക്ടർ അടുത്ത രോഗിയെ തേടി പോയപ്പോൾ അവൾ അയാളെ തന്നെ ഏറെ നേരം നോക്കി നിന്നു.ജനൽ വഴി പുറത്തെ ആല്മരത്തിൽ ഒച്ച വെച്ചു പറക്കുന്ന കിളികളെ നോക്കി അവൾ ഏതോ കിനാവ് നെയ്തു…

ഉച്ചക്ക് ഒരു പാത്രതത്തിൽ അല്പം ബിരിയാണിയുമായി വന്നു കൊണ്ടയാൾ തൻസി റാണിയുടെ ധീരതയെ കുറിച്ച് അവളോട് പറഞ്ഞു…അവൾ ഏറെ കൗതുകത്തോടെ ഇതൊക്കെ എവിടുന്നാണ് ഡോക്ടറിന് കിട്ടുന്നതെന്ന് അവൾ ചോദിച്ചു… അയാൾ ചിരിച്ചു കൊണ്ട് നടന്നകന്നു…

അടുത്തടുത്ത ബെഡിലെ രോഗികൾ അവരെ അവരെ നോക്കി ആ ഡോക്ടർക്ക് അവളോട് പ്രണയമാണെന്നു പറയുന്നത് കേട്ടപ്പോൾ ഡോക്ടർ ചിരിച്ചു…

പിന്നെ ഓരോ തവണയും അയാളുടെ വരവിനായി അവൾ കാത്തിരുന്നു…

ദാരിദ്ര്യത്തിൽ നിന്ന് വൈകല്യങ്ങളിൽ നിന്ന് ഇല്ലായ്മ കളിൽ നിന്ന് വന്ന് ജീവിതം ജയിച്ചവരെ കുറിച്ച് അയാൾ ഏറെ കഥകൾ പറഞ്ഞു… അവളാ കഥകൾക്കനുസരിച്ച് ചിരിച്ചു,കരഞ്ഞു, ചിലപ്പോൾ ഏറെ ദുഃഖിതയായി,ഏറെ സന്തോഷവതിയായി…അയാവളെ സ്വപ്നങ്ങൾ നെയ്യാൻ പഠിപ്പിച്ചു…

ഡിസ്ചാർജ് ആകുന്നതിനു തലേന്നും അയാൾ കഥ പറഞ്ഞു… പക്ഷെ ചിരിക്കേണ്ടിടത്ത് അവളന്ന് കരഞ്ഞു…അയാൾ അവളെ ഏറെ അല്‍ഭുതത്തോടെ നോക്കുമ്പോൾ അവൾ ഏറെ ഇഷ്ടത്തോടെ ചോദിച്ചു…

ഡോക്ടർ മാരീഡ് ആണോ… ചുറ്റും നിൽക്കുന്നവർ അവരെ തന്നെ നോക്കുമ്പോൾ അയാൾ ചിരിച്ചു കൊണ്ട് നടന്നകന്നു…

ആ സായാഹ്നത്തിൽ ഒരു വീൽ ചെയർ ഉന്തി കൊണ്ടായിരുന്നു അയാൾ വന്നത്… ഏറെ മനോഹരമായി പുഞ്ചിരിക്കുന്ന ഒരു പെണ്‍കുട്ടി ആ ചെയറിൽ ഉണ്ടായിരുന്നു… ആ വാർഡിലുള്ളവർ ഏറെ കൗതുകത്തോടെ അവളെ നോക്കുമ്പോൾ വശ്യമായ ഒരു പുഞ്ചിരിയോടെ അവളവർക്ക് നേരെ കൈ കൂപ്പി…

ഡോക്ടർക്ക് അവളോട് പ്രണയാണ് എന്ന് പറഞ്ഞിരുന്ന രണ്ട് പെണ്ണുങ്ങളെ നോക്കി ഡോക്ടർ അപ്പോൾ ഒന്ന് ചിരിച്ചു.

ഇതാണ് എന്റെ ലോകം… വീൽ ചെയറിൽ ഇർക്കുന്നവളെ ചൂണ്ടി ആ പെണ്ണിനോട് പറഞ്ഞപ്പോൾ അവൾ ഏറെ അല്‍ഭുതത്തോടെ അയാളെ തന്നെ നോക്കി…

അവൾ വായീച്ചു തീർത്ത കഥകൾ പറഞ്ഞ് എന്നെ ഉറക്കുന്നവൾ…എന്റെ സ്വപ്നങ്ങൾക്ക് ചിറക് നടങ്ങുന്നവൾ അയാൾ പ്രിയതമായെ നോക്കി പുഞ്ചിരിച്ചു…

നിങ്ങൾ കുറച്ച് നേരം കഥ പറഞ്ഞിരിക്കു, എനിക്ക് ഇത്തിരി ജോലി കൂടി ബാക്കിയുണ്ടെന്നും പറഞ്ഞ് അയാൾ പുറത്തേക്ക് പോയപ്പോൾ കട്ടിലിൽ ഇരിക്കുന്ന പെണ്കുട്ടി ആ പെണ്ണിനെ നോക്കി കണ്ണ് നിറച്ചു…നിങ്ങൾ എന്ത് ഭാഗ്യം ഉള്ളവളാണ്.

പ്രിയതമ അവളുടെ കൈകളിൽ തടവി… തളർന്നു പോയ അവളുടെ ശരീരം നോക്കി എന്തു പട്ടിയതാണെന്നു ചോദിച്ചപ്പോൾ രണ്ടു വർഷം മുന്നേ ഒരു അപകടമായിരുന്നു…

അന്ന് ഇതേ കട്ടിലിൽ നിന്നായിരുന്നു ഞാൻ അയാളെ ആദ്യമായി കണ്ടത്…പ്രിയതമ ഒന്ന് ചിരിച്ചപ്പോൾ തന്നെക്കാൾ അയാൾ സംരക്ഷണം നൽകേണ്ടത് ഇവൾക്ക് തന്നെയാണെന്ന് ആ പെണ്ണ് മനസ്സിൽ പറഞ്ഞു.

ചിലപ്പോൾ ഇനി ഒരിക്കലും എണീറ്റു നടക്കാൻ ആകില്ലെന്ന് അവൾ പറഞ്ഞപ്പോഴും ആ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു… ദൈവം എല്ലാ സുഖങ്ങളും എല്ലാർക്കും നല്കില്ലല്ലോ എന്ന് പ്രിയതമ പറയുമ്പോൾ ആ പെണ്ണ് അവളെ തന്നെ ഒരു നെടുവീർപ്പിട്ടു.

കഥ തീർന്നില്ലേ എന്ന് ചോദിച്ചു ഡോക്ടർ മടങ്ങി വരുമ്പോൾ പ്രിയതമ അവളുടെ കവറിൽ കരുതിയ ഒരു പുസ്തകം ആ പെണ്ണിനായി നീട്ടി… “ജീവിതം ജയിച്ചവർ”അവളതിന്റെ പുറം ചട്ടയിലുള്ളത് വെറുതെ വായിച്ചു…

ജീവിതം ജയിക്കാനുള്ളതാണ്,ആർക്കു മുന്നിലും തോറ്റു കൊടുക്കാൻ ഉള്ളതല്ലെന്നും പറഞ്ഞ ആ പെണ് കുട്ടിയുടെ തലമുടിയിലവൾ തലോടുമ്പോൾ അവൾ ഇഷ്ടത്തോടെ അവരെ മാറി മാറി നോക്കി…

എല്ലാം സുഖപ്പെട്ടിട്ട് വീട്ടിൽ വരണം എന്നും പറഞ്ഞ് ആ ഡോക്ടറുടെ കയ്യിൽ മുറുകെ പിടിച്ചു.

വീൽ ചെയർ ഉന്തി പുഞ്ചിരിച്ചു കൊണ്ട് അകന്നു പോകുന്ന അവരെ നോക്കി ആ പെണ്ണ് മെല്ലെ പറഞ്ഞു…എനിക്ക് ഇനിയും ജീവിക്കണം,ഇനിയും ഏറെ കാലം ജീവിക്കണം…

ശുഭം