പിന്നെ സാരിത്തുമ്പെടുത്തു അരയിൽ തിരുകി നിലത്തിരുന്ന് വന്ന് പോയവർ വലിച്ചു വാരി ഇട്ടിരുന്ന പത്രത്താളുകൾ….

മൂന്നാം നാൾ ❤

രചന: ബിന്ധ്യ ബാലൻ

:::::::::::::::::::::::::::

ആളും തിരക്കും സഹതപിക്കലുകളും വിലാപവുമൊഴിഞ്ഞ മൂന്നാമത്തെ പകലിൽ
മുറിയിലെ വെറും തിണ്ണയുടെ തണുപ്പിൽ നിന്നവളെഴുന്നേറ്റു…

നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന്, കണ്ണീരുണങ്ങിപ്പിടിച്ച മുഖം സാരിത്തലപ്പ് കൊണ്ട് അമർത്തി തുടച്ച്,നെറുകയിൽ മായ്ച്ചു കളയാൻ എത്ര ശ്രമിച്ചിട്ടും മായാതെ അവശേഷിച്ച സിന്ദൂരച്ചുവപ്പിലേക്ക് നോക്കി കണ്ണുകൾ നിറച്ച് അവൾ നടുമുറിയിലേക്ക് ചെന്നു…

മുറിയിലാകമാനമൊന്നു കണ്ണോടിച്ച്‌, താളം തെറ്റിയ വീടിന്റെ ഉള്ളകം ഒരു തേങ്ങലോടെ നോക്കി..

പിന്നെ സാരിത്തുമ്പെടുത്തു അരയിൽ തിരുകി നിലത്തിരുന്ന് വന്ന് പോയവർ വലിച്ചു വാരി ഇട്ടിരുന്ന പത്രത്താളുകൾ വൃത്തിയാടുക്കി ടീപ്പോയ്ക്ക് താഴെ വച്ച് അന്നത്തെ പത്രം മാത്രം ടീപ്പോയുടെ മുകളിൽ വച്ചു..അവളോർത്തു മറ്റുള്ളവർക്കെന്തറിയാം ഒക്കെ വാരി വലിച്ചിടാൻ അല്ലാതെ… ഇങ്ങനെയൊന്നും ഇഷ്ട്ടമില്ലാത്തൊരുവൻ ഈ വീട്ടിലുണ്ട് എന്ന് എനിക്ക് മാത്രമല്ലേ അറിയൂ…

പിന്നെ പതിയെ എഴുന്നേറ്റു ചെന്ന് ഊർന്നു വീണ് കിടന്ന ടീവി കവറെടുത്തു നേരെയിട്ടു..ടീവി കവർ സ്ഥാനം തെറ്റി കിടക്കുന്നത് ഇഷ്ട്ടമല്ലായിരുന്നല്ലോ..
വന്ന് കണ്ടാൽ അത് മതി പിന്നെ…

കസേരകൾ നിരയായി ചേർത്തിടുമ്പോഴും, നിലത്ത് വിരിച്ച മാറ്റ് തട്ടിക്കുടഞ്ഞു വിരിക്കുമ്പോഴും എപ്പോഴുമെന്നപോലെ അവളിൽ, ആള് വരുന്നതിനു തീർന്നാൽ മതിയായിരുന്നു എന്നൊരു ആകുലതയാണ് നിറഞ്ഞത്..

നടുമുറിയിലെ അടുക്കിപെറുക്കലുകൾ കഴിഞ്ഞു മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ടു, വാടി നിൽക്കുന്ന ചെടികളെ..നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച്, പിന്നാമ്പുറത്ത് ചെന്ന് ബക്കറ്റിൽ വെള്ളമെടുത്തു കൊണ്ട് വന്ന്, ആ ചെടികളുടെ ദാഹമകറ്റുമ്പോൾ അവളുടെ മനസ് അവരോട് പറയുന്നുണ്ടായിരുന്നു ഇന്നത്തെ വെള്ളത്തിനു രുചി കുറവാട്ടോ..ന്റെ കണ്ണീരിന്റെ ഉപ്പ് കയ്ക്കും…

ചെടികൾക്കെല്ലാം ആവോളം നീര് പകർന്നു കൊടുത്ത് അകത്തേക്ക് കയറുമ്പോൾ, വരാന്തയുടെ മൂലയ്ക്കിരിക്കണ കൂട്ടിൽ നിന്ന് ഒച്ചയുണ്ടാക്കിയ അണ്ണാനോട് അവൾ പറഞ്ഞു എന്നെയും നിന്നെയും കൊണ്ട് വന്നയാള് നമ്മളോട് രണ്ടുപേരോടും യാത്ര പറയാതെ പോയി ചെക്കാ.. ഞാനും അറിഞ്ഞില്ല.. നീയും അറിഞ്ഞില്ല പോകുമെന്ന്…
അത് കേട്ട് ഒച്ചയുണ്ടാക്കി തുള്ളിക്കളിച്ച ആ ഇത്തിരിക്കുഞ്ഞൻ നിശബ്ദനായി അവളെ നോക്കി…

നിറഞ്ഞ കണ്ണുകൾ വീണ്ടും അമർത്തി തുടച്ച്, അവൾ അകത്തേക്ക് കയറി..

ചൂലെടുത്ത്‍ മുറികളെല്ലാം അടിച്ചു വാരി..

കർട്ടനുകൾ വിരിച്ചിട്ടു…

വായനമുറിയിൽ ചെന്ന്, പുസ്തകങ്ങൾ അടുക്കി വച്ചു..

കൂട്ടത്തിൽ, വായിച്ച് പാതിയാക്കി, കടലാസ് കഷ്ണം അടയാളം വച്ച് മാറ്റി വച്ച പുസ്തകമെടുത്ത് വെറുതെ നിവർത്തി.താളുകൾക്കിടയിൽ നിന്ന് താഴേക്കൂർന്നു വീണ പേപ്പറിൽ ഒരു കവിതയുണ്ടായിരുന്നു…അവൾ കണ്ടു, ആ കവിതയ്ക്ക് അവളുടെ പേരായിരുന്നു..അവളുടെ മുഖവും…

കണ്ണീരു വീണ്‌ നനഞ്ഞ ആ പേപ്പർ പുസ്തകത്തിനുള്ളിൽ തന്നെ തിരികെ വച്ച് മേശപുറത്ത് വയ്ക്കുമ്പോൾ അവൾ പറഞ്ഞു വായിച്ചു കേൾപ്പിച്ചാൽ മതീട്ടോ.. അതല്ലേ എനിക്കെപ്പോഴുമിഷ്ടം..

പ്രണയം നിറഞ്ഞൊരു മൂളൽ അവളുടെ കാതുകളിൽ നിറഞ്ഞു അന്നേരം…

ഒരു ചിരിയോടെ മേശയ്ക്ക് താഴെ സിഗരറ്റ് കുറ്റികൾ കൊണ്ട് നിറഞ്ഞിരുന്ന ആഷ്ട്രേയെടുത്തു ജനാല വഴി കുടഞ്ഞ് വൃത്തിയാക്കുമ്പോൾ വലി കുറച്ചു കൂടുന്നുണ്ട് കേട്ടോ എന്നൊരു ശകാരം അവളുടെ നാവിൽ അറിയാതെ നിറഞ്ഞു….

ഇത് അവസാനത്തെയാടോ.. ദേ ഇതോടെ നിർത്തി.. പ്രോമിസ്…വലിച്ചു തീരാറായ കുറ്റി മുറ്റത്തേക്കെറിഞ്ഞ് ഒരു കള്ളച്ചിരിയോടെ കണ്ണടച്ച് കാണിക്കുന്ന ഒരൊറ്റനുണക്കുഴിയുള്ള ചെക്കന്റെ മുഖം നെഞ്ചിൽ നിറഞ്ഞു അന്നേരം….

കണ്ണുകളിൽ കർക്കിടകപെയ്ത്തുമായി ആ മുറി വിട്ടിറങ്ങുമ്പോൾ
ടോ.. ഒരു കട്ടൻകാപ്പി കിട്ടോ എന്നൊരു കൊഞ്ചൽ അവളുടെ നെഞ്ച് തകർക്കുന്നുണ്ടായിരുന്നു

നേരെ കിടപ്പുമുറിയിൽ ചെന്നു..കട്ടിലിൽ ചുരുണ്ടു കിടക്കുന്ന പുതപ്പിൽ നിന്ന് മൂന്ന് ദിവസം മുൻപ്, പരസ്പരം ഒന്നായത്തീർന്ന നിമിഷങ്ങളിൽ നിറഞ്ഞൊഴുകിയ വിയർപ്പിന്റെ മണമൊഴുകുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവൻ ബാക്കിയാക്കിപ്പോയ അവശേഷിപ്പുകൾ..

നീറുന്ന കണ്ണുകളോടെ അവൾ മുഷിഞ്ഞ തുണികൾ അലക്കാനായെടുത്തു..

അവൾക്കേറെ പ്രിയപ്പെട്ട ആ വെള്ളനിറത്തിലുള്ള ഷർട്ട്…പതിയെ അവളത് കയ്യിലെടുത്തു മുഖത്തോട് ചേർത്തു… വിയർപ്പിന്റെയും പെർഫ്യുമിന്റെയും ഇടകലർന്ന മണം…

അത്‌ മാത്രം കട്ടിലിൽ മാറ്റി വച്ച്, ബാക്കി തുണികൾ കൊണ്ട് പോയി അലക്കി വിരിച്ചു.. തിരികെ വന്ന് കുളിച്ച് കയറുമ്പോൾ അടുക്കളപ്പടിയിലിരുന്ന് അവളെ നോക്കി ചിരിക്കുന്നൊരു മുഖം..എങ്ങും പോയിട്ടില്ലെടോ.. കൂടെയുണ്ട് എന്ന് പറഞ്ഞൊരു കാറ്റായ് അവൻ അവളെ കടന്ന് പോയി…

അപ്പോഴും അവൾ പതിയെ ചിരിച്ചു..

മുറിയിൽ കയറി ഈറൻ തോർത്ത്‌ അയയിൽ വിരിച്ച്, എണ്ണമെഴുക്ക് നിറഞ്ഞ മുഖം കണ്ണാടിയിൽ നോക്കിയങ്ങനെ നിൽക്കുമ്പോൾ അവൾ കണ്ടു ഇനിയങ്ങോട്ട് മരണം വരെ ശൂന്യമായിക്കിടക്കേണ്ട സിന്ദൂരരേഖ…

വെറുതെ നെറുകിൽ വിരലോടിക്കുമ്പോൾ, സിന്ദൂരം ഞാൻ തന്റെ നെറുകിൽ അല്ലെടോ തൊട്ടത് ആത്മാവിൽ ആണ് എന്ന് പറഞ്ഞു ചേർത്ത് പിടിച്ച് നെറ്റിയിൽ ചുണ്ടമർത്താറുണ്ടായിരുന്ന പ്രാണന്റെ വാക്കുകൾ കാതുകളിൽ വീണ്ടും വീണ്ടും നിറയുന്നത് പോലെ തോന്നി അവൾക്ക്…

ചിരിയോടെ തന്നെ അവൾ അടുക്കളയിലേക്ക് ചെന്നു…അവിടവും ആകെ കുഴഞ്ഞു മറിഞ്ഞാണ് കിടന്നിരുന്നത്..അവൾ പാത്രങ്ങളെല്ലാം കഴുകി..പാതകം തുടച്ചു വൃത്തിയാക്കി . ക്രമം തെറ്റിയിരുന്ന ടിന്നുകൾ ശരിയായി വച്ചു..

വീട്ടിലെ പെണ്ണുങ്ങളുടെ വൃത്തി അവരുടെ അടുക്കള കണ്ടാൽ അറിയാം എന്നൊരു ഓർമ്മപ്പെടുത്തൽ അവളിൽ നിറഞ്ഞു…അപ്പോഴും അവൾ ചിരിച്ചു…

അടച്ചു വച്ചിരുന്ന പാത്രങ്ങൾ തുറന്നു നോക്കിയപ്പോൾ കണ്ടു വന്ന് പോയവർ ആരോ ചോറും കറിയും വച്ചിട്ടുണ്ട്..

അവൾക്ക് വിശപ്പില്ലായിരുന്നു…അല്ലെങ്കിലും മരിച്ചവൾക്കെന്തിനാണ് ആഹാരം…? ഈ നിൽക്കുന്നത് ശരീരം മാത്രമല്ലേ…. പ്രാണനായവൻ എടുക്കാൻ മറന്നു വച്ച് പോയ ശരീരം. ..അവൾ നിർവികാരതയോടെ ഓർത്തു…

തിരികെ നടക്കാനൊരുങ്ങുമ്പോഴാണ് അവളത് കണ്ടത്.അടുക്കളസ്ലാബിൽ ഒരു കടലാസ് കൂട്..പതിയെ ചെന്ന് തുറന്നു നോക്കിയപ്പോൾ കണ്ടു, പൂപ്പൽ പിടിച്ച് അഴുകിയിരിക്കുന്ന അവൾക്കേറെ പ്രിയപ്പെട്ട പലഹാരം, മോദകം മൂന്ന്‌ ദിവസം മുൻപ് അവൻ വാങ്ങിക്കൊണ്ട് വന്നത്..

ഒരു പൊട്ടിക്കരച്ചിലോടെ നിലത്തേക്കൂർന്നു വീണ് തനിച്ചാക്കിപ്പോയല്ലോ എന്നലറി കരയുമ്പോൾ ഒരു കാറ്റ്‌ അടുക്കള വാതിലിലൂടെ അവളെ തഴുകികടന്ന് പോയി..

അവനായിരുന്നു അതെന്ന് അവൾക്ക് മാത്രം മനസിലായി ..

പിന്നെയവൾ ഭ്രാന്തിയായിരുന്നു ഒരു ഭ്രാന്തിയുടെ ചേഷ്ടകളോടെ , കണ്ണീരുപ്പു വീണ് വീണ് കുതിർന്ന ആ അഴുകിയ ഭക്ഷണം ആർത്തിയോടെ കഴിക്കുമ്പോൾ
അത്രമേൽ രുചിയോടെ ഇന്നോളം ഒന്നും കഴിച്ചിട്ടില്ല എന്നവളോർത്തു…

അതോർത്ത് അവൾ ചിരിച്ചു..പൊട്ടി പൊട്ടി ചിരിച്ചു…പിന്നെ ഒരു തളർച്ചയോടെ വേദനയോടെ നിലത്തേക്ക് കിടന്ന് കണ്ണുകൾ അടയ്ക്കുമ്പോൾ അവളുടെ ചുണ്ടുകൾ പറയുന്നുണ്ടായിരുന്നു ഞാനും വരുവാണ്… എനിക്കിവിടെ ഒറ്റയ്ക്ക് വയ്യെന്ന്.

ഏറെ നേരത്തെ കിടപ്പിന് ശേഷം, ആരുടെയൊക്കെയോ നിലവിളി കേട്ട് കണ്ണ് തുറക്കുമ്പോൾ അവൾ കണ്ടത് അവന്റെ ചിരിക്കുന്ന മുഖമാണ്..

അവൻ അവൾക്ക് നേരെ കൈ നീട്ടി. ആ കൈ പിടിച്ചവളെഴുന്നേറ്റു..

അവളെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോരാൻ അവളുടെ വീട്ട് മുറ്റത്തു ചെന്ന് നിന്നപ്പോഴും അവൻ ഇത് പോലെ കൈ നീട്ടിയത് അവളോർത്തു..

അന്ന് ആ കൈ പിടിച്ചിറങ്ങിയതാണ്..ആയുസിലേ രണ്ടേ രണ്ടു വർഷങ്ങൾ മാത്രം അവൾക്കായി മാറ്റി വച്ച് ഇനിയൊരു ജീവിതമില്ലാതെ അവളെ തനിച്ചാക്കി മൂന്ന് ദിവസം മുൻപ് അവൻ പോയി..

ഇന്നിപ്പോ , മരണത്തിന്റെ മൂന്നാം നാൾ അവൾക്കായി അവൻ വീണ്ടും ഉയിർത്തെഴുന്നേറ്റിരിക്കുന്നു…അവൾ ചിരിച്ചു.. അവനും..

നിറഞ്ഞ കണ്ണുകളും ചിരി നിറഞ്ഞ ചുണ്ടുകളുമായി നിൽക്കുന്ന അവളോട്‌ അവൻ മെല്ലെ പറഞ്ഞു

“എവിടെ ആയാലും നീയില്ലാതെ വയ്യെടി.. “

അവൾ ആ നെഞ്ചിലേക്ക് ചേർന്ന് നിന്നു..

പിന്നെ, അവൾക്ക് ചുറ്റുമിരുന്നു വിലപിക്കുന്നവരുടെ നേർക്കൊരു ചിരിയെറിഞ്ഞ് ഒരു കാറ്റിന്റെ കയ്യിലേറി അവരൊന്നിച്ച് ഈ ഭൂമിയിൽ നിന്ന് പറന്നുയർന്നു….

വാൽക്കഷ്ണം : പ്രാണന്റെ പാതിയായവൻ എപ്പോഴോ ചോദിച്ചൊരു ചോദ്യമുണ്ട്, ഞാൻ ഇല്ലാണ്ട് നീയെങ്ങനെ ജീവിക്കുമെന്ന്..അവന്റെ ആ ചോദ്യത്തിൽ നിന്ന് വെറുതെ എഴുതാൻ ശ്രമിച്ചതാണിത്…അക്ഷരങ്ങളിൽ കണ്ണീരു മൂടിയത് കൊണ്ട് എഴുത്ത് പൂർണമല്ല.. എല്ലാവരും പൊറുക്കുക