മുടിയുയർത്തി കെട്ടിയ പിൻകഴുത്തിൽ കണ്ണേട്ടന്റെ ചുടുനിശ്വാസം തട്ടിയപ്പോൾ കൃത്രിമശുണ്ഠി കാണിച്ചു പാതിമനസ്സോടെ തള്ളി മാറ്റി ഞാൻ .

ചുവന്ന ചരടിലെ താലിയും കുരിശും…

രചന: ലിസ് ലോന

::::::::::::::::::::

“ശോ ഒന്ന് വിടെന്റെ കണ്ണേട്ടാ ….മേല് മുഴുവൻ വിയർപ്പാ
ഞാനൊന്നു പോയി കുളിക്കട്ടെ “

മുടിയുയർത്തി കെട്ടിയ പിൻകഴുത്തിൽ കണ്ണേട്ടന്റെ ചുടുനിശ്വാസം തട്ടിയപ്പോൾ കൃത്രിമശുണ്ഠി കാണിച്ചു പാതിമനസ്സോടെ തള്ളി മാറ്റി ഞാൻ .

ഇഷ്ടക്കേടുണ്ടായിട്ടല്ല തള്ളി മാറ്റിയത് , അടുക്കള പണിയൊന്നും തീർന്നില്ല , ആ കരവലയങ്ങളിൽ ഒതുങ്ങി നിൽക്കുമ്പോൾ ലോകമേ മറന്നു പോകും .

ഉച്ചയുറക്കത്തിലുള്ള മക്കളെ എണീപ്പിച്ചൊരുക്കിയിട്ട് വേണം എനിക്കും ഒരുങ്ങാൻ …
ഒത്തിരി നാളുകൾക്ക് ശേഷമാണ് ഇന്നൊന്നു പുറത്തുന്നു ഭക്ഷണം കഴിക്കാമെന്നു പറഞ്ഞത് .

മനസ്സിലേക്ക് കുളിർകാറ്റായൊഴുകി വന്ന പ്രണയനിമിഷങ്ങളോർത്തു ഇമകൾ പാതിയടഞ്ഞു , ചുവപ്പു രാശിയുള്ള ചുണ്ടുകൾ അറിയാതെ വിടർന്നു…

എത്രെയോ നാളായി ഒരു സിനിമ , തിയേറ്ററിൽ പോയി കണ്ടിട്ട് …മക്കളെ വയറ്റിലുള്ളപ്പോൾ പോയതാ…അവർക്കിപ്പോ നാലര വയസ്സായി.

അവരെയും കൊണ്ട് സിനിമക്ക് പോയി ഒരിക്കൽ കാണാൻ ശ്രെമിച്ചതാ ….പകുതിക്കും മുൻപേ ഇറങ്ങേണ്ടി വന്നു …
കയ്യിലിരുന്ന മോന്റെ കരച്ചിലിൽ തീയേറ്ററിലുള്ളോരെല്ലാം കൂടി കണ്ണുരുട്ടി നോക്കാൻ തുടങ്ങിയപ്പോ എങ്ങനെങ്കിലും അവിടുന്ന് ഓടിപ്പോയാ മതിയെന്നായി .

സിനിമയിൽ ലയിച്ചിരുന്ന ഞാനവനെ മനപ്പൂർവം കരയിപ്പിക്കുന്ന മട്ടിലായിരുന്നു നോട്ടങ്ങൾ .

പിന്നിൽ ശല്യം ചെയ്യുന്ന കൈകളിൽ , തിരിച് സൂചി പ്രയോഗം നടത്തുമ്പോൾ അറിയാതെ മോന്റെ മേലെ തട്ടി പോയതാണെന്ന് മോളെയും മടിയിലിരുത്തി കൂടെയിരുന്ന കണ്ണേട്ടനോട് പറഞ്ഞേയില്ല .

പറഞ്ഞാൽ ഇരുട്ടിൽ കണ്ട ബീഡിക്കറയുള്ള പല്ലുകൾ തല്ലിക്കൊഴിച്ചേനെ …..
പൊതുഇടങ്ങളിൽ വഴക്കുണ്ടാക്കുമ്പോൾ ഉണ്ടാകുന്ന നാണക്കേടാണല്ലോ പല സ്ത്രീകളും കയ്‌പേറിയ അനുഭവങ്ങൾ മൂടി വക്കുന്നത് .

പഴയ ഓർമ്മകൾ നെഞ്ചിലേക്ക് ഇരച്ചു കയറിയപ്പോൾ അറിയാതെ കണ്ണുകളിൽ അഗ്നിയെരിഞ്ഞു .

ഇരുട്ടിൽ തേടി വരുന്ന കൈകൾ മനസ്സിൽ പലപ്പോഴും അറപ്പിന്റെ തേരട്ടകളായി ഇഴഞ്ഞപ്പോൾ ,മക്കളൊന്നു മുതിരട്ടെ എന്നിട്ടാവാമെന്നു ഒഴിഞ്ഞു മാറി ……

സഹായത്തിനെത്തുന്ന ആച്ചുതാത്ത ഇന്നും വന്നില്ല , മൂന്നു ദിവസായി തൂക്കലും തുടക്കലും തുണി കഴുകലും തുടങ്ങി എല്ലാ ജോലികളും തനിയെ ചെയ്യുന്നു .

“ഞാൻ പറഞ്ഞല്ലേ പോയത് ഇന്ന് നേരത്തെ വരും ന്ന്
അപ്പൊ നിനക്ക് ഒന്നു വേഗം പണിയൊക്കെ തീർക്കാമായിരുന്നില്ലേ “

കണ്ണന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നുമുണർത്തി .

“ദേ കഴിഞ്ഞു ന്റെ മോനേ ….പിണങ്ങല്ലേ “

അവളൊന്നു ചിരിച്ചു …കണ്ണിലൊരു കുറുമ്പോടെ , ആ ചിരി മതി അവന്റെ ദേക്ഷ്യം ഇല്ലാതാവാൻ …..

കണ്ണനെന്ന എബിയും അരുണയും സ്നേഹിച്ചു കല്യാണം കഴിച്ചിട്ട് വർഷം ഏഴായി ,
അന്നുമുതലിന്നു വരെ കുടുംബക്കാരാരും ഒന്നെത്തി പോലും നോക്കിയില്ല .
ഉണ്ണിയും കിങ്ങിണിയും ഒരുമിച്ച് അവർക്ക് കൂട്ടായി വന്നത് അറിയിച്ചിട്ട് പോലും ആരും അറിഞ്ഞ ഭാവം കാണിച്ചില്ല .

ആർക്കും ശല്യമാവാനായി അവർ ആരെയും തേടി പോയുമില്ലാ …..

ഉള്ളിലെ നൊമ്പരമെല്ലാം മറക്കാനുള്ള സ്നേഹം അവനവൾക്ക് കൊടുക്കുന്നുണ്ട് .
ഒരു നൊമ്പരങ്ങൾക്കും വിട്ടു കൊടുക്കാതെ….സ്വന്തം പ്രാണനെക്കാളും …..

••••••••••••

“ഇയ്റ്റങ്ങളോട് ഒരു കാര്യം പറഞ്ഞിട്ട് കാട്ടണ കണ്ടില്ലേ “

റൂംമേറ്റ് സമീരയാണ് ; ലക്ഷദ്വീപുകാരി …രാവില തന്നെ അലറി വിളിക്കണത് .

ഞാനും ന്റെ മീരക്കുട്ടിയും കോഴിക്കോടുകാരി അപ്പു എന്ന അഞ്ജനയുമാണ് റൂമിലുള്ളത് .

ഞാനും അപ്പുവും വായിനോട്ടത്തിനും സമീര ഹോട്ടൽ പണിക്കും പഠിക്കയാണ് ,തെറ്റിദ്ധരിക്കണ്ട BDS ,ഹോട്ടൽ മാനേജ്‌മന്റ് എന്നാണ് ഉദ്ദേശിച്ചേ .

ഇതിൽ മീരക്കൊഴിച്ചു ഞങ്ങളുടെ രണ്ടിന്റേം വൈകിയെത്തുന്ന മണിയോർഡർ കാരണം പലപ്പോഴും സാമ്പത്തിക ശാസ്ത്രം പരുങ്ങലിലാണ് .

ഹോസ്റ്റലിലെ സാമ്പാറിൽ മുങ്ങി തപ്പി കണ്ടെത്തിയ വെണ്ടക്ക കാണുമ്പോളുള്ള സങ്കടവും
‘അവിലക്കി ’എന്ന് ഓമന പേരുള്ള അവിൽ ഉപ്പുമാവും കഴിച്ചു സഹികെട്ടാണ് ചങ്കായ അപ്പൂന്റെ വാക്കിൽ അവിടുന്ന് ഇറങ്ങിയേ .

ഇപ്പോ ഒരു വീടെടുത്തു ഒരുമിച്ചു താമസിക്കുന്ന ഒരു പാട് കൂട്ടുകാരുടെ ഇടയിലെ ഒരാളാണ് ,അതിൽ MBBS ,BDS ,HM ,MBA നേഴ്സിങ് പലവക ഒരവിയൽ പരുവം .

എന്നാലും സ്വസ്ഥം … വൃത്തിയോടെ , മനസ്സിനിഷ്ടപ്പെട്ടത് വച്ച് കഴിക്കാം …അതിപ്പോ ഒരു ചമ്മന്തി ആയാലും .

മീരയെ കാണാൻ അവൾടെ MBA ക്ക് പടിക്കണ ചെക്കൻ വരണുണ്ട് അതിന്‌ വാലു പിടിച്ചു ചെല്ലാനാണ്‌ രാവിലേ തന്നെ ഞങ്ങടെ മൂട്ടിൽ കുത്തി ചീത്ത പറയണത്.

വട്ട ചെലവിനു കൂടാതെ ഫീസ് അടക്കാൻ വരെ മീര സ്‌പോൺസറുടെ വേഷം കെട്ടാറുണ്ട് ഞങ്ങൾക്ക് , പിന്നെങ്ങനെ വേണ്ടാന്ന് പറയും .

ഒരുങ്ങി ഇറങ്ങി നേരെ വെൻലോക്ക് ഹോസ്പിറ്റലിന്റെ മുന്നിലുള്ള ദോശ പാലസിലേക്ക് അതാണ് ഇന്നത്തെ ഓഫർ .

അതും തട്ടി വിട്ടു നേരെ പോയി അവൾടെ മൊഞ്ചനും ചങ്ങാതീം കാത്തിരിക്കുന്നിടത്തേക്ക് .

കൂടെ വന്ന എലുമ്പനെ ഞാൻ നോക്കീം കൂടി ല്ല്യാ
ഉയർന്ന മൂക്കും ലിമിറ്റില്ലാത്ത നിറവും അടക്കാമരത്തിനെ മത്സരത്തിനു വിളിക്കണ പോലുളള ഉയരവും ഒടുക്കത്തെ ഗ്ളാമറും …..

ആർക്ക് വേണം !!!

കൂടെള്ള അപ്പൂന് ഒരു ഇളക്കം !!!!

ഏതാ ജാതി ഏതാ കുലം ന്നൊക്കെ…..
നസ്രാണിയാണെന്നു കേട്ടപ്പോ എന്തൊരാശ്വാസം അവളുടെ മുഖത്തും കണ്ണിലും .

ഞാൻ വല്ല്യ താല്പര്യമൊന്നും കാണിച്ചില്ല ,കിട്ടാത്ത മുന്തിരി പുളിക്കും ന്ന് മനസ്സിലിരുന്ന് ആരോ പറയുന്നു…
അവളാണേൽ ന്നേക്കാൾ ഭംഗി ണ്ട് പിന്നെ സത്യക്രിസ്ത്യാനിയും പോരേ …
നസ്രാണിപൂച്ച പൊന്നുരുക്കുന്നിടത്തു നമുക്കെന്ത് കാര്യം .

ആ വിമ്മിഷ്ടമൊക്കെ മറച്ചു വച്ചു മിണ്ടാതിരുന്നു ഞാൻ ശൂന്യതയിലേക്ക് കണ്ണും നട്ട് ….
രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന പെൺകുട്ടികൾക്ക് എപ്പോഴും ശൂന്യതയിലേക്ക് പോവാം ..

പിശുക്കിയുള്ള ചിരി സമ്മാനിച്ചതല്ലാതെ പേര് പോലും ചോദിച്ചില്ല എന്നോട് …….

അതായിരുന്നു ആദ്യസമാഗമം ….
പിന്നീട് മീര വഴി ന്നെ കാണാൻ ആവശ്യപ്പെട്ടപ്പോൾ ഉടലാകെ ഒരു പൂക്കാലമിരമ്പി ….
മനസ്സിലെ ഇഷ്ടം അങ്ങോട്ട് പറയും മുൻപേ ഇങ്ങോട്ടു കേട്ടപ്പോൾ മുള പൊട്ടിയ പ്രണയം പലപ്പോഴായുള്ള നിമിഷങ്ങളിൽ ഉറപ്പിച്ചു ഇനി ഇവനാണെന്റെ ജീവിതം .

അസ്ഥിയിൽ പിടിച്ച ഇഷ്ടം ആരുമറിയാതെ കൊണ്ട് നടന്നു ഒന്നര വർഷത്തോളം .

വീട്ടിൽ സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നതുകൊണ്ട് ചങ്കിടിപ്പ് മാറ്റാൻ ഇടക്കിടെ വീട്ടിലെത്തി ഉറപ്പു വരുത്തും…അറിഞ്ഞിട്ടില്ലെന്ന് .

അങ്ങനൊരിക്കൽ വീട്ടിലെത്തിയ എന്റെ പിന്നാലെ ഞാൻ വന്ന ബസിൽ പറയാതെ വന്നതും ….
വയലിറങ്ങി വരുമ്പോളുള്ള കാവിലെ കുളത്തിനരികിൽ കണ്ണിൽ ആയിരം നക്ഷത്രങ്ങൾ ഒളിപ്പിച്ചു കാത്തു നിന്നതും….
നെറ്റിയിലും കണ്ണിലും ചുടുചുംബനങ്ങൾ തന്നപ്പോൾ മാനത്തുകണ്ണി മീനുകൾ നാണിച്ചു മുങ്ങാം കുഴിയിട്ടു ആഴത്തിലേക്ക് ഊളിയിട്ടു പോയതും ഇന്നലെ ആയിരുന്നോ …….

ഹോസ്റ്റലിൽ തിരിച്ചെത്തിയ എന്നെയും കാത്ത് അമ്മയുടെ ഫോണുണ്ടായിരുന്നു .

“അരുണാ…നീ ന്റടുക്കെന്നു എന്തേലും ഒളിപ്പിക്കണുണ്ടോ”

“ഇല്ലമ്മാ “

മറുപടിയുടെ കൂടെ എന്റെ ആറാമിന്ദ്രിയമുണർന്നു , സൂചന തന്നു….സമയമെത്തി ….

മാനത്തുകണ്ണികളോ നക്ഷത്രങ്ങളോ ചാരന്മാരോ …. ഇന്നുമറിയില്ല വാർത്ത വീട്ടിലെത്തിച്ചത് ആരെന്ന് …

ആരെയും നഷ്ടപ്പെടുത്താൻ വയ്യ എന്ന് നെഞ്ചേരിഞെങ്കിലും വേറെ വഴിയില്ലാത്തോണ്ട് പ്രാണസങ്കടത്തോടെ എബിയെ വിവരമറിയിച്ചു .

“സങ്കടപെടണ്ടാ ഞാൻ ഒന്ന് ആലോചിക്കട്ടെ …എന്തേലും വഴി ണ്ടാവും ,എന്തന്നെയാലും എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യാ ”

അടുത്ത ദിവസം തന്നെ ആളെത്തി കൂട്ടുകാരെയും കൂട്ടി

“ഇപ്പോ തൽക്കാലം അമ്പലത്തിൽ പോയി താലി കെട്ടാം എന്നിട്ട് പിന്നെ വരുന്നിടത്തു വച്ച് കാണാം “

അമ്പലത്തിലെ ചടങ്ങു കഴിഞ്ഞു നേരെ രെജിസ്റ്ററാഫിസിലേക്ക് …കൂടെ സാക്ഷികളായി രണ്ടു കൂട്ടരുടെയും കൂട്ടുകാർ .

അച്ഛനെയും അമ്മേയെയും ഏട്ടന്മാരെയും ഇഷ്ടമില്ലാഞ്ഞിട്ടോ വിഷമിപ്പിക്കാൻ വേണ്ടിയോ അല്ല ആ തീരുമാനത്തിന് സമ്മതം കൊടുത്തത് .

നഷ്ടപ്പെടുത്താൻ വയ്യായിരുന്നു എനിക്കെന്റെ പ്രാണനെ ….

കാത്തിരുന്നു സമ്മതിപ്പിക്കാം എന്നത് ഒരു സ്വപ്നം മാത്രമായി ശേഷിക്കും എന്ന് ഉത്തമബോധ്യമുള്ളപ്പോൾ പിന്നെ ആരെ കാത്തിരിക്കാൻ …..

കൂട്ടുകാരുടെ സഹായത്തോടെ കല്യാണം ….
എവിടുന്നോ കടം വാങ്ങിയ പൈസക്ക് , എന്റെ ഇഷ്ടം എപ്പോഴോ പറഞ്ഞതോർത്തു ആലിലത്താലിയും താമരനൂലിനെ തോൽപ്പിക്കുന്ന ഒരു മാലയും കണ്ണേട്ടനൊപ്പിച്ചു.

മാലയെക്കാൾ ഭാരമുള്ള ആലിലത്താലിയിടാൻ വണ്ണത്തിൽ ഒരു ചുവന്ന ചരടും കൂടി ചേർക്കേണ്ടി വന്നപ്പോൾ , കൂടെ ഒരു കുരിശും കൂടി എടുത്തിടാൻ എനിക്ക് രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല.

“മഞ്ഞ ചരടിലല്ലേ താലി കെട്ടേണ്ടത് ഇതെന്താ ചുവപ്പ് “

പലരും ചോദിച്ചു .

ഇഷ്ടങ്ങൾക്ക് ഇന്ന നിറമില്ലല്ലോ …..

ജ്വലിപ്പിക്കുന്ന ആ ഓർമകളിലെ ചുവന്ന ചരടും താലിയുമാണെന്റെ പ്രാണനിന്ന് …..
ഏതൊരാഭരണത്തെക്കാളും പ്രിയം.

കൂട്ടുകാരിലൊരാൾ നവദമ്പതികൾക്കായി വിട്ടു തന്ന ഫ്ളാറ്റിലേ ആദ്യരാത്രി …..

ഇത്തിരിയുള്ള ഫ്ളാറ്റിലെ കുഞ്ഞി സ്വർഗത്തിൽ ഞങ്ങൾക്കിടയിലെ കട്ടുറുമ്പ് ആകണ്ടാന്നു കരുതിയാകണം കൂട്ടുകാരെല്ലാം നേരത്തേ സ്ഥലം വിട്ടു .

“സങ്കടം തീർന്നില്ലേ മാഡം ”

ശൂന്യതയിലേക്ക് തുറിച്ചു നോക്കി വാടിത്തളർന്ന ചേമ്പിൻ താള് പോലെ ഇരിക്കണ എന്നോടാണ് ചോദ്യം.

രാവിലെ ഇറങ്ങുമ്പോൾ കഴിച്ച ഗോതമ്പ് ദോശ പടി കടന്ന് പന്തളത്തു പോയി നിക്കാണ് ….
ടെൻഷൻ കാരണം തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല .

സാരി ഒക്കെ മാറ്റി ഷോർട്സും ബനിയനുമാണ് വേഷം , ഒളിച്ചോട്ടത്തിന്റെ ടെൻഷനിൽ സാരിക്കെന്ത് കാര്യം .

പിന്നിൽ വന്നെന്നെ തൊട്ടതും …

“തിന്നാൻ വല്ലതും കിട്ടോ എനിക്ക്…എനിക്ക്…തല കറങ്ങാണ് “

ചിരിച്ചോണ്ട് എന്നോട് കൗണ്ടർ… ആ നട്ടപാതിരാക്ക്

“ഗമ കാണിച്ചിട്ടല്ലേ ?ഉച്ചക്കു ഉണ്ണായിരുന്നില്ലേ “

“അപ്പോ ഇയാളോ “ ഞാനും ചോദിച്ചു

“താൻ കഴിക്കാത്തൊണ്ട് ഞാനും കഴിച്ചില്ല “

എന്തായാലും രണ്ടാളും കൂടി അവിടിരുന്ന ബ്രഡ് ചൂടാക്കി ഓംലറ് കൂട്ടി കഴിച്ചു .

തിരികെ റൂമിലെത്തിയ എന്നെ തൊട്ടുരുമ്മി …..

“അതേ ഒരു കാര്യം പറയട്ടെ “

“മ്മ് “

“ഒന്ന് കുളിച്ചിട്ട് വാ ന്നിട്ട് പറയാം “

“ഇപ്പൊ സൗകര്യല്ല്യാ നിക് ഒന്ന് വീട്ടിലേക്കു വിളിക്കണം”

“ഡാ നോക്ക് …ഇപ്പൊ വിളിച്ചാൽ നീ ആകെ കരഞ്ഞു കുളമാക്കും , ഞാൻ പറഞ്ഞൂന്നേ ള്ളു ഇനി ഇയാൾടെ ഇഷ്ടം “

ആലോചിച്ചപ്പോൾ പിന്നെ തോന്നി അത് ശരിയാണെന്നു …..
രാവിലെ മുതൽ കണ്ണിലെന്തോ പോയ പോലൊരു പുകച്ചിലുണ്ട് ,നെഞ്ചിലാകെ ഒരു തടസ്സം …
അറിയാഞ്ഞിട്ടല്ല കാരണം എന്നാലും …..

ഒന്നും മിണ്ടാതെ , പരസ്പരം നോക്കാതെ ഞങ്ങൾ ഉറങ്ങാൻ കിടന്നു .

രാത്രിയിലെപ്പോഴോ എന്റെ തേങ്ങിക്കരച്ചിലിനിടയിൽ അടുത്ത് വന്ന് കിടന്നു കണ്ണേട്ടൻ …
എന്റെ വയറിൽ കൈ ചേർത്ത് ചുറ്റിപിടിച്ചുകൊണ്ട് കണ്ണീരിൽ നനഞ്ഞ മുഖത്തോടു മുഖം ചേർത്തപ്പോൾ
തേങ്ങലിനിടയിലും ഞാൻ കേട്ടു …..

“ഞാനില്ലേടാ നിനക്ക്‌ …. ന്റെ പ്രാണൻ പോവും വരെ നിന്റെ കൂടെ ഞാനുണ്ടാവും ..നീ മാത്രമാണെന്റെ ഇനിയുള്ള ലോകം “
അതു മതിയായിരുന്നു കണ്ണീരിന്റെ നനവിലും മുഖത്തു നനുന്നനെയുള്ള പുഞ്ചിരി വിടരാൻ .

രാത്രിയുടെ ഏതോ യാമത്തിൽ പിന്നെപ്പോഴോ സാന്ത്വനങ്ങൾ വഴിമാറുന്നതും ഉടലിന് തീ പിടിക്കുന്നതും ഇഷ്ടത്തോടെ ഞാനറിഞ്ഞു ……

ആർത്തലച്ചു പെയ്ത പെരുമഴയിൽ ആ രാവ് പുലരുമ്പോളേക്കും ഞാൻ തിരിച്ചറിഞ്ഞു ഇനിയുള്ള സ്വപ്നങ്ങളിൽ എന്നും നിന്റെ മുഖമായിരിക്കുമെന്ന് ……

നിന്നെ പ്രണയിക്കുന്ന എന്റെ മനസ്സിന് നിന്നോടുള്ള പ്രണയം ഒരിക്കലും തീരില്ല…. കാരണം എന്റെ മനസ്സാദ്യം പ്രണയം തിരിച്ചറിഞ്ഞത് നിന്റെ മനസ്സിലൂടെയാണ് …

•••••••••••

ഒരിക്കൽ പോലും ആവശ്യപ്പെടാതെ തന്നെ ആവശ്യമറിഞ്ഞു കൂടെ നിൽക്കുന്ന നീയെന്നെ പിന്നെയും പിന്നെയും അത്ഭുതപ്പെടുത്തി ….

എന്ത് തീരുമാനങ്ങളും എടുക്കുന്നതിനു മുൻപേ അഭിപ്രായമാരാഞ്ഞു കൊണ്ട് നീയെന്നെ പഠിപ്പിച്ചു കുടുംബബന്ധങ്ങളിൽ പുരുഷനും സ്ത്രീയും തുല്ല്യരാണെന്ന് …..

ജോലിത്തിരക്കിനിടയിലും വീട്ടിലെ ഒരു കാര്യവും മറക്കാതെ ചെയ്ത് എന്റെ മനസ്സിലെ വിശ്വാസം ഊട്ടിയുറപ്പിച്ചു , നീയൊരു നല്ല ഭർത്താവു മാത്രമല്ല നല്ലൊരച്ഛൻ കൂടിയെന്ന് ….

മക്കളെ ഏത് മതത്തിൽ വളർത്തുമെന്ന ചോദ്യത്തിനോട് , ഒരു മറുപടിയും കൊടുക്കാതെ ആലിലത്താലിയും കുരിശും ആലിംഗനബദ്ധരായി കിടക്കുന്ന ചുവന്ന ചരടിൽ മുറുക്കെ പിടിച്ചു നൽകുന്ന പുഞ്ചിരിയിൽ എന്റെ മനസ്സുണ്ടായിരുന്നു …

പ്രണയത്തിന് മതമില്ല എന്ന മനസ്സ് ….

“നീ എന്താ സ്വപ്നം കാണുന്നോ എത്രെ നേരം കൊണ്ട് ഞാൻ വിളിക്കാണു “

തിരിഞ്ഞു നോക്കിയ കരിനീലയാഴിയിൽ തെളിഞ്ഞു കണ്ട പ്രണയം അവന്റെ ഹൃദയഭിത്തിയിലേൽപ്പിച്ച പ്രകമ്പനം കൊണ്ടാവും എബി അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു ….
ഇരുനെഞ്ചിനിടയിലും പതിഞ്ഞു കിടന്ന് ചുവന്ന ചരടിലെ ആലിലത്താലി കുരിശിനോട് മന്ത്രിച്ചു …..

“ഇതാണ് സ്വർഗം ….ഇവിടെ ഞാനോ നീയോ ഇല്ല നമ്മൾ മാത്രം “

•••••

Scroll to Top