കർമ്മലിയമ്മച്ചിയുടെ ചൂര അച്ചാർ
രചന: നിഷ പിള്ള
:::::::::::::::::::::::::
അനാമിക ഓട്ടോയിൽ നിന്നുമിറങ്ങി. പൈസ കൊടുത്തിട്ട് മുന്നോട്ടു നടന്നു നീങ്ങി. വീട് പൂട്ടിയിട്ടിരിക്കുന്നു. ഉണ്ണിയേട്ടൻ ജോലിക്കു പോയി കാണും. അപ്പോൾ അമ്മയോ? മോനെ ഡേ കെയറിൽ ആക്കി കാണുമോ. തന്റെ കടിഞ്ഞൂൽ കുഞ്ഞിനെ കണ്ടിട്ട് ആറു മാസം കഴിഞ്ഞു. അവൾ നെടുവീർപ്പിട്ടു.
നഴ്സിംഗിന് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ആദ്യമായി ഉണ്ണിയേട്ടനെ കണ്ടത്. ഒരു ആക്‌സിഡന്റായി അവൾ പഠിച്ചിരുന്ന കോളേജ്- ആശുപത്രിയിൽ അഡ്മിറ്റായതാണ്. കൂട്ടുകാരൻ മാത്രമാണ് ബൈസ്റ്റാൻഡറായി കൂടെ ഉണ്ടായിരുന്നത്. അയാൾ പകൽ സമയത്തു പുറത്തു പോകും. ബി പി ചെക്ക് ചെയ്യാൻ പോയതാണ്. പിന്നെ പിന്നെ മരുന്ന് കൊടുക്കാനും കൊച്ചു വർത്താനം പറയാനും ഒക്കെ തുടങ്ങി, പിന്നെ പരസ്പരം ഇഷ്ടമായി. അന്ന് ഉണ്ണിയേട്ടന് ജോലിയില്ലായിരുന്നു. ജോലി കിട്ടിയപ്പോൾ പെണ്ണന്വേഷിച്ചു വീട്ടിൽ വന്നു.
“നീ നഴ്സിംഗ് സ്റ്റുഡന്റ് ആണെന്ന് പറഞ്ഞപ്പോൾ വീട്ടിൽ എല്ലാവർക്കും സമ്മതായി. പുറത്തൊക്കെ പോയാൽ നല്ല പൈസ വാരാമെന്നാണ് അമ്മ പറയുന്നത്. “
ഒന്നിച്ചു ഒന്നൊന്നര വർഷമേ കഴിഞ്ഞുള്ളു. മോനെ പ്രസവിച്ചു ആറു മാസമായപ്പോൾ പാല് കുടിയൊക്കെ നിർബന്ധിച്ചു നിർത്തിച്ചു.
“ഇത്രയുമൊക്കെ മുലകുടിച്ചാൽ മതി. ഇപ്പോൾ നല്ല പൊടിയൊക്കെ കിട്ടും. ഇനി എന്റെ കൂടെ കിടക്കട്ടെ അവൻ. നല്ല വിസ വരുമ്പോൾ നിനക്ക് പുറത്തു പോകാല്ലോ. സുചിത്രയെയും സുമിത്രയെയും കെട്ടിച്ചു വിട്ടതിന്റെ കടം കൊണ്ട് എന്റെ ചെറുക്കൻ ചക്ര ശ്വാസം വലിക്കുവാ. നിന്റെ സ്വർണം ഒക്കെ എത്രയുണ്ടായിരുന്നെന്ന് നിനക്കറിയാല്ലോ. നീ പൈസ കൊണ്ട് വന്നാൽ ഈ വീട് നിനക്ക് എഴുതിത്തരാം. നിന്റെ മോനെ ഞാൻ വളർത്തി തരുകയും ചെയ്യാം. “
അന്ന് അമ്മയോട് ദേഷ്യപ്പെട്ടു പിണങ്ങി സ്വന്തം വീട്ടിൽ പോയതാ. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉണ്ണിയേട്ടൻ വിളിച്ചു കൊണ്ട് വന്നു. ആ മനുഷ്യനോടുള്ള സ്നേഹമാണ് എന്റെ ദൗർബല്യമെന്നു അമ്മയ്ക്കറിയാം. അത് വച്ചാണ് അവര് മുതലെടുക്കുന്നത്. മീനമാസത്തിലെ പൊള്ളുന്ന വെയിലേറ്റാണ് അവൾ ഓർമ്മയിൽ നിന്നും ഉണർന്നത്. അടുത്തുള്ള സിന്ധു ചേച്ചിയുടെ വീടും പൂട്ടി കിടക്കുന്നു. അവൾ വഴിയുടെ അങ്ങേ അറ്റത്തുള്ള കർമലി അമ്മച്ചിയുടെ ഓല മേഞ്ഞ വീട് കണ്ടു. അവിടെ കർമലി അമ്മച്ചി കഴുകിയ തുണികൾ വിരിയ്ക്കുന്നു. അവര് മീൻ കച്ചവടക്കാരിയാണ്. അമ്മയും ഉണ്ണിയേട്ടനും അവരോടു മിണ്ടാറില്ല. അവൾ അവരോടെങ്ങാനും മിണ്ടിയാൽ നല്ല വഴക്കു പറയുകയും ചെയ്യും. ദാഹിച്ചു, ഈ പൊരിവെയിലത്ത് നടന്നു അവൾ ക്ഷീണിച്ചു. നേരെ കർമലി അമ്മച്ചിയുടെ വീട്ടിലേയ്ക്കു നടന്നു. പറയുന്നവർ എന്തും പറയട്ടെ.
വിശപ്പും ദാഹവും കൊണ്ട് വലഞ്ഞു. തലേന്ന് രാത്രിയാണ് അവസാനമായി ഭക്ഷണം കഴിച്ചത്. ഫ്ളൈറ്റിൽ കയറുന്നതിന് തൊട്ടു മുൻപ്. പത്തു പതിനെട്ടു മണിക്കൂറുകൾ കഴിഞ്ഞു. കോഫിയും ജ്യൂസും കുടിക്കാനുള്ള പൈസയെ കയ്യിൽ ഉണ്ടായിരുന്നുള്ളു. ഫ്‌ളൈറ്റിലൊക്കെ ഭക്ഷണത്തിനു നല്ല ചാർജ്ജാണ്. എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ഉണ്ണിയേട്ടന്റെ അക്കൗണ്ടിൽ പൈസ അയയ്ക്കുന്ന തനിയ്ക്കെവിടെ നിന്നാണ് ഈ ഇരുപത്തിരണ്ടാം തീയതി പൈസ ബാക്കിയുണ്ടാകുന്നത്.
കർമലി അമ്മച്ചി അവളെ നോക്കി നില്ക്കുന്നു.
“അയ്യോ ആരിത്? അനുകുട്ടിയല്ലേ. മെലിഞ്ഞുണങ്ങിയല്ലോ. “
“അമ്മച്ചി എനിക്ക് വിശക്കുന്നു. ചോറുണ്ടോ കഴിക്കാൻ?”
അവൾ കൈ നീട്ടി.
“ചോറുണ്ട് മോളെ. നിങ്ങളുടെ വീട്ടിലെ പോലെ കൂടുതൽ കറികളൊന്നുമില്ല. തക്കാളി രസം ഉണ്ട്. ആ പിന്നെ ചൂര അച്ചാർ ഇരിപ്പുണ്ട്. “
“എന്തേലും മതി അമ്മച്ചി. വിശന്നു ചാകും ഞാനിപ്പോൾ. “
ഒരു പഴയ പിഞ്ഞാണം നിറയെ ചോറും തക്കാളി രസവും ചൂര അച്ചാറും അമ്മച്ചി കൊണ്ട് വന്ന് അവളുടെ മുന്നിൽ വച്ചു. അവൾ ബാഗ് താഴെ വച്ച് നിലത്തു ഇരുന്നു. ചോറ് വാരി തിന്നാൻ തുടങ്ങി. അവളുടെ ആർത്തി കണ്ടു അർശസിന് ശമനം ലഭിക്കാൻ വൈദ്യൻ പറഞ്ഞത് പ്രകാരം വാങ്ങി വച്ച താറാവിന്റെ മുട്ട, കൊച്ചുള്ളിയും പച്ചമുളകും ശകലം വെളിച്ചെണ്ണയും കൂടി അടിച്ചു പതപ്പിച്ചു മയപ്പെടുത്തി ദോശക്കല്ലിൽ ഒഴിച്ച് പൊരിച്ചു കൊടുത്തു. അതും കൂടെ ആയപ്പോൾ അവൾക്കു കുശാലായി.
കടലിൽ മീൻ പിടിക്കാൻ പോകുന്ന അതികായനായ കെട്ടിയോന് ചോറ് വിളമ്പി കൊടുക്കുന്ന വലിയ പാത്രത്തിൽ നിറയെ വിളമ്പിയ ചോറ് ഈ മെലിഞ്ഞു ഉണങ്ങിയിരിക്കുന്ന പെൺകൊച്ചു കഴിക്കുന്ന കണ്ടു അമ്മച്ചി കണ്മിഴിച്ചിരുന്നു പോയി. അവൾ ഇടക്കിടക്ക് മീൻ അച്ചാറിൽ കൈ മുക്കി കുടിയന്മാർ ടച്ചിങ്‌സ് നക്കുന്നത് പോലെ നക്കി കൊണ്ടിരുന്നു.
“അമ്മച്ചി മീൻ കറി സൂപ്പർ. ഇത് പോലെ ഞാൻ ചോറുണ്ട കാലം മറന്നു പോയി. “
“അത് കറി വച്ചതല്ല മോളെ, ഗ്രേസി മോൾക്ക് മാസം അഞ്ചായി. അവൾക്കു കൊടുത്തു വിടാൻ ഇത്തിരി അച്ചാറിട്ടതാണ്. “
“അച്ചാറാണെങ്കിൽ വിനാഗിരി ഒഴിക്കണ്ടേ അമ്മച്ചി. “
“അതൊക്കെ ശരീരത്തിന് കേടല്ലേ മോളെ. അതും വയറ്റുകണ്ണിയായ പെങ്കൊച്ചിന്. ഞാനതൊന്നും ചേർക്കത്തില്ല. “
“അതാ നല്ലത്. ആരോഗ്യത്തിന് നല്ലതല്ല അതൊന്നും. അമ്മച്ചി ഇതെങ്ങനെ ഉണ്ടാക്കിയത് എന്നൊന്ന് പറ. ഇത് മാത്രം മതി ഒരു നാഴി അരിയുടെ ചോറുണ്ണാൻ. “
“ഇന്നലെ എന്റെ അച്ചായൻ പിടയ്ക്കുന്ന ഒരു ചൂര മീൻ കൊണ്ട് വന്നു. പെണ്ണിനാണേൽ ചൂര ജീവനാണ്. ഇടുക്കിയിലെങ്ങാനും നല്ല മീൻ കിട്ടുമോ. ഞാൻ മുള്ളും തലയും വച്ച് അച്ചായനൊരു തലക്കറി വച്ച് കൊടുത്തു. ബാക്കി മാംസ കഷണങ്ങളെല്ലാം നല്ല സമചതുരത്തിലങ്ങു വെട്ടി മാറ്റി. അതിൽ ഉപ്പും മഞ്ഞളും മുളക് പൊടിയും ചേർത്ത് വെളിച്ചെണ്ണയിലങ്ങ് വറുത്തു കോരി മാറ്റി വച്ചു. മീൻ വറുത്ത എണ്ണ അച്ചാറിടാൻ മാറ്റി വച്ചു. “
“എന്നിട്ടോ? “
“വലിയൊരു കഷ്ണം ഇഞ്ചിയും രണ്ടു കുടം വെളുത്തുള്ളിയും ചെറുതായി അരിഞ്ഞു മാറ്റി വച്ചു. രണ്ടു വലിയ പച്ചമുളക് അരിഞ്ഞു വച്ചു. നാലഞ്ചു വലിയ കഷ്ണം കുടം പുളി വെള്ളത്തിലിട്ടു തിളപ്പിച്ച് തണുക്കാൻ മാറ്റി വച്ചു. “
“നല്ല വലിയൊരു മൺചട്ടിയിൽ മീൻ വറുത്ത എണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ചു,അതിലേയ്ക്ക് ഇഞ്ചി, കറിവേപ്പില, പച്ചമുളക്, വെളുത്തുള്ളി ഇട്ടു വഴറ്റി. അത് ബ്രൗൺ നിറമായപ്പോൾ അതിലേയ്ക്ക് മുളകുപൊടി, ഉലുവപ്പൊടി, ഒരു നുള്ളു കായപ്പൊടി എന്നിവ ചേർത്തു. പൊടികൾ മൂത്തു കരിയുന്നതിന് മുൻപ് കുടംപുളിയിട്ട് തിളപ്പിച്ച വെള്ളം ചേർത്തു, തിളച്ചു വരുമ്പോൾ വറുത്തു വച്ചിരുന്ന മീനും ആവശ്യത്തിന് ഉപ്പും ചേർത്ത് വറ്റിച്ചെടുക്കുക. തണുക്കുമ്പോൾ ബോട്ടിലിൽ ആക്കി ഫ്രിഡ്ജിൽ വയ്ക്കുക. ഒരു മാസം കേടാകാതെ ഇരിക്കും. പുറത്തു വച്ചാൽ കേടാകും. അങ്ങനെയാണേൽ തണുക്കുമ്പോൾ കുറച്ചു വിനാഗിരി ചേർക്കാം. എനിക്കാണേൽ ചൂട് ചോറും ഇത്തിരി അച്ചാറുമുണ്ടേൽ അത് മതി ഉച്ചയ്ക്ക്. “
“ശരിയാ അമ്മച്ചിയുടെ കറികൾക്കൊക്കെ എന്താ സ്വാദ്. ഈ സ്വാദ് ഞാൻ ഒരിക്കലും മറക്കില്ല. നന്ദിയുണ്ട്. “
അവൾ ബാഗു തുറന്നു കുറച്ചു മിട്ടായിയും ഒരു പെർഫ്യൂമും കുറച്ച് ബദാം പരിപ്പും എടുത്തു നീട്ടി.
“ഇതൊന്നും ആരും അറിയല്ലേ അമ്മച്ചി. “
“മോള് പേടിക്കണ്ട, എനിക്കറിയാം അവരുടെയൊക്കെ സ്വഭാവം. ചോറ് ഇവിടെ നിന്ന് കഴിച്ചതും അവരൊന്നും അറിയണ്ട. വലിയ അകത്തമ്മമാർ അല്ലായിരുന്നോ. “
“പിന്നെ അകത്തമ്മമാർ. ഇപ്പോൾ പെൺകുട്ടികൾ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന പൈസ വേണം. അതെങ്ങനെ കിട്ടിയെന്നറിയുകയും വേണ്ട”
ആറു മാസത്തെ പ്രവാസ ജീവിതം പലതും പഠിപ്പിച്ചു. സൗദിയിലെ ആശുപത്രിയിലെ ജോലി കഷ്ടമായിരുന്നു. ചില സ്വദേശികളുടെ ആട്ടും തുപ്പും സഹിക്കാൻ വയ്യാതെ അവൾ തിരിഞ്ഞ് നിന്ന് പിറുപിറുക്കും. മജ്ജയും മാംസവും ഉള്ള പെണ്ണുങ്ങൾക്ക് അങ്ങനെ എല്ലാം സഹിച്ചു നിൽക്കാൻ പറ്റില്ല. `അങ്ങനെ ഒരു അറബി ചെറുപ്പക്കാരനോട് പ്രതികരിച്ചതിനാണ്, അവർ മാപ്പു പറയിച്ച് രായ്ക്കുരാമാനം അവളെ വിമാനത്തിൽ കയറ്റി വിട്ടത്. ഭാഗ്യത്തിന് പാസ്സ്പോർട്ടും സർട്ടിഫിക്കറ്റുകളും തിരികെ കിട്ടി. ജീവനും…
അമ്മച്ചിയോടു യാത്ര പറഞ്ഞു അവൾ വീട്ടിലേയ്ക്കു നടന്നു. അവളെ കണ്ടപ്പോൾ എല്ലാവരുടെയും മുഖം മങ്ങി. ഭിത്തിയിൽ മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ അവശിഷ്ടങ്ങൾ. “ഹാപ്പി ബർത്ത്ഡേ വിനായക്”. അവൾ കുഞ്ഞിനെ അവിടെയെല്ലാം തേടി. ഒരു വയസ്സ് കഴിഞ്ഞ മകൻ പൊള്ളുന്ന പനി പിടിച്ചു അകത്തെ മുറിയിൽ മയങ്ങുന്നുണ്ടായിരുന്നു. ഇതാണോ അവനൊരു കുഴപ്പമില്ലെന്ന് വിളിച്ചു പറഞ്ഞത്. ഇങ്ങനെയാണോ ആറു മാസം മുൻപ് ഞാനവനെ ഏൽപ്പിച്ചു പോയത്. എന്തൊരു കോലമാണ് അവന്റേത്. അവളുടെ അമ്മ മനസ്സ് തേങ്ങി. അവളവനെ തടവി കൊണ്ട് അടുത്തിരുന്നു.
“അവൻ ഉറങ്ങി കൊള്ളട്ടെ, നീയെന്താ ഒരു മുന്നറിയിപ്പ് വന്നത്. എല്ലാം മതിയാക്കി ഇങ്ങു പോന്നതാണോ. “.
അവളുടെ ഉണ്ണിയേട്ടനാണ്. അവൾ ഒരു കടലാസ്സു അവന്റെ നേരെ നീട്ടി.
“ജയിലിലടക്കാഞ്ഞത് ഭാഗ്യം. അവർക്കു അവരുടെ പൗരന്മാരുടെ വാക്കിലാണ് വിശ്വാസം. “
“നിനക്ക് പ്രതികരിക്കാതെ പിടിച്ച് നിൽക്കാമായിരുന്നു. “
“എന്തിന്? എനിക്ക് എന്റെ അഭിമാനമാണ് വലുത്. ഞാൻ ഈ നാട്ടിൽ ഒരു ജോലി കണ്ടു പിടിച്ചു കൊള്ളാം. “
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ? കടം വീട്ടണ്ടേ. “
ഉണ്ണിയേട്ടൻ്റെഅമ്മയാണ്.
“കടമോ? ആരുടെ കടം. അത് ഞാനല്ല വീട്ടേണ്ടത്. ഈ വീട് വിറ്റു കടം വീട്ടിക്കോ. എന്റെ കുഞ്ഞിനെ വിട്ടു ഞാനെവിടെയും ഇനി പോകില്ല. “
“അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ.? “
“അല്ല, എന്റെ മാതാപിതാക്കളെ ഞാനിങ്ങോട്ടു വിളിച്ചിട്ടുണ്ട്. അവരിപ്പോൾ വരും. എല്ലാവരും ചേർന്ന് തീരുമാനം എടുക്കാം. അല്ലെങ്കിൽ പോലീസിനെ വിളിക്കാം. “
പിന്നെ ആരുമൊന്നും മിണ്ടിയില്ല. അവളുടെ മാതാപിതാക്കൾ വന്നു. അമ്മ അവളെ കെട്ടിപിടിച്ചു.
“എന്ത് കോലമാടി കുഞ്ഞേ ഇത്. ” അവൾ സങ്കടം കൊണ്ട് കരഞ്ഞു. അച്ഛൻ ഒരു രജിസ്റ്റേർഡ് ലെറ്റർ അവളുടെ നേരെ നീട്ടി.
“എന്റെ മോളിനി എവിടെയും പോകണ്ട. പി എസ് സി യുടെ അഡ്വൈസ് മെമ്മോയാണിത്. സ്റ്റാഫ് നേഴ്സ് ലിസ്റ്റിൽ എന്റെ മോളുടെ പേര് പന്ത്രണ്ടാമതുണ്ട്. അച്ഛൻ വിളിച്ചു തിരക്കി, മൂന്നു മാസത്തിനകം നിയമനം ലഭിക്കും. “
ശബ്ദം കേട്ട് ഉണർന്നു കരയുന്ന കുഞ്ഞിനെ അവൾ എടുത്തെങ്കിലും കുഞ്ഞ് നിലവിളിച്ചു കുതിച്ചു മാറി. കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
“ഉണ്ണിയേട്ടാ എന്റെ കുഞ്ഞിനെ പോലും എനിക്കന്യ ആക്കിയല്ലേ? “
അവളുടെ അമ്മ അവളെ ആശ്വസിപ്പിച്ചപ്പോൾ ഉണ്ണിയുടെ അമ്മ അടുത്ത് വന്നു പറഞ്ഞു.
“രണ്ടു ദിവസത്തെ കാര്യമല്ലേ മോളെ. അവൻ നിന്നോട് അടുത്തോളും. “
മരുമകൾക്ക് ജോലികിട്ടിയതിൽ അവരും സന്തോഷം പ്രകടിപ്പിച്ചു. തന്റെ കുടുംബത്തിലെ കടം വീട്ടാൻ അവർ അടുത്ത പ്ലാൻ തയ്യാറാക്കുകയായിരുന്നു. അവളുടെ മനസ്സിൽ അവൾ കർമ്മലിയമ്മച്ചിയുടെ ചൂര അച്ചാറുണ്ടാകുകയായിരുന്നു. അത് കൊടുത്ത് ഉണ്ണിയുടെ മനസ്സിനെ തന്നിലേക്ക് വീണ്ടും അടുപ്പിക്കാനുള്ള തന്ത്രം മെനയുകയായിരുന്നു അവൾ.