ക്വാറന്റീൻ (കൊറോണ കാലം)
രചന: അമ്മു സന്തോഷ്
:::::::::::::::::::::::::::::
“വിളിച്ചിട്ട് ഫോൺ എടുത്തില്ലല്ലോ? “
“തിരക്കായിരുന്നു . നാളെ തിരിക്കും. നാട്ടിലെത്തുമ്പോൾ പിന്നെ നമ്പർ മാറും.ചിലപ്പോൾ വിളിക്കില്ല. “
“നാട്ടില്? “
“സുമേഷേട്ടൻ ഉണ്ട്. പക്ഷെ ഏട്ടന്റെ മകൾ തീരെ കുഞ്ഞാണ്. പിന്നെ അമ്മക്ക് വയസ്സായി. ഞാൻ ചെല്ലുന്നതിൽ നല്ല പേടി ഉണ്ട്. അത് കൊണ്ട് അങ്ങോട്ട് പോവില്ല.നോക്കട്ടെ “
“അമ്മ വരണ്ട എന്ന്
പറഞ്ഞോ? “
“തെളിച്ചു പറഞ്ഞില്ല.. സൂചിപ്പിച്ചു “
“തിരുവനന്തപുരം എയർപോർട്ടിൽ അല്ലെ വരിക? “
“ഉം “”അങ്ങോട്ട് വരണ്ട. ജീവിതത്തിൽ ആദ്യം ആയി കാണുന്നത് എയർപോർട്ടിൽ ആകേണ്ട. അതും ഇങ്ങനെ ഒരു സിറ്റുവേഷൻ. “
കാണാതെ കണ്ടിട്ടുള്ള, മിണ്ടാതെ മിണ്ടിയിട്ടുള്ള വർഷങ്ങൾ. കഴിഞ്ഞ നാല് വർഷങ്ങൾ. വരണ്ട, വിളിക്കില്ല എന്ന് പറഞ്ഞാലും ആൾ അങ്ങനെ ഒന്നുമല്ല. അറിയാം. അഞ്ജലിയുടെ ചുണ്ടിൽ ഒരു ചിരി വന്നു.
എയർപോർട്ടിൽ കാത്തു നിന്ന ആളെ അവന് പരിചയം ഉണ്ടായിരുന്നില്ല.
“സുമേഷേട്ടൻ പറഞ്ഞു വിട്ടതാണ് ” അവന്റെ ഉള്ളൊന്നു തണുത്തു. വരുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ഇപ്പൊ അതിന്റ ആവശ്യമുണ്ടോ എന്നൊക്കെ നിരുത്സാഹപ്പെടുത്തിയ ആളാണ് ജോലി പോയി ഏട്ടാ എന്ന് പറഞ്ഞപ്പോൾ പിന്നെ ഫോൺ വിളിച്ചിട്ടുമില്ല. അമ്മയും അങ്ങനെ തന്നെ. ജോലിയില്ലാതെ വന്നാൽ ബുദ്ധിമുട്ട് ആകുമെന്ന് തുറന്നു പറഞ്ഞു. മാസം തോറും അയച്ചു കൊടുത്ത പണത്തിന്റെ കണക്കൊന്നും പറയാൻ നിന്നില്ല. അല്ലെങ്കിൽ ബന്ധങ്ങളോടെന്തു കണക്ക് പറയാൻ?
തന്റെ നാട്ടിലേക്കല്ല ടാക്സി ഓടിയത്. വേറെ ഒരു ഗ്രാമം. വേറെ ഒരു വീട്.
“ഇവിടെ സുമേഷ് ഏട്ടന്റെ ഫ്രണ്ടിന്റെ വീടാണ്. ആരുമില്ല. കുറച്ചു നാളായി പൂട്ടികിടക്കുക. കീ തന്നിട്ടുണ്ട് ” ഡ്രൈവർ കീ തന്നു തിരിച്ചു പോയി.
പുറത്തിറങ്ങാൻ കഴിയില്ല. ഏട്ടനെ ഒന്ന് വിളിക്കാനും മാർഗമില്ല.വിളിക്കില്ല എന്ന് പറഞ്ഞെങ്കിലും അവളെ, അഞ്ജലിയെ വിളിക്കണം പക്ഷെ എങ്ങനെ?
ജനലിലൂടെ നോക്കുമ്പോൾ വഴി കടന്നു മുറ്റത്തേക്ക് കയറി വരുന്ന ഒരു രൂപം. അഞ്ജലി.
അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ഏട്ടനല്ല അപ്പൊ അഞ്ജലിയാണ്ആളെ വിട്ടത്.പെട്ടെന്ന് ഓർത്തു ഇങ്ങോട്ട് വന്നപ്പോൾ ബോർഡ് കണ്ടിരുന്നു ആര്യനാട് അവളുടെ ഗ്രാമം. പക്ഷെ താൻ അത് ശ്രദ്ധിച്ചില്ല.എയർപോർട്ടിൽ ടാക്സി അയച്ചത് അവളാണ് എന്ന് അറിഞ്ഞാൽ താനിങ്ങോട്ട് വരില്ല എന്ന് അവൾക്കറിയാം
അവൾ മുറ്റത്തു നിന്ന് അവനെ നോക്കി ചിരിച്ചു.
“ഹെൽത്തിൽ നിന്ന് വിളിക്കും. മൊബൈൽ, ഭക്ഷണം ഒക്കെ ദേ ഇവിടെ വെക്കുന്നുണ്ട് ട്ടോ അതാണ് എന്റെ വീട്.. ഞാൻ വീഡിയോയിൽ കാണിച്ചിട്ടില്ലേ? “
അവൻ പുറം കൈ കൊണ്ട് കണ്ണീർ തുടച്ചു. “ഞാൻ ഉച്ചക്ക് വരാം. വീട്ടിൽ അവരെ വിളിച്ചു പറയു. അവർ സമാധാനമായി ഇരിക്കട്ടെ “
“അഞ്ജു… “
“ഫേസ്ബുക് പ്രണയങ്ങൾക്ക് ആഴമില്ല എന്ന് പറയുന്നവരോട് പറയാം നമുക്ക്, പ്രണയത്തിനു അങ്ങനെ വകഭേദങ്ങളൊന്നുമില്ലന്ന് ” അവന് തൊണ്ടയിൽ എന്തോ വിങ്ങി.
“പോയി വരാം…””വിളിക്കണം എപ്പോഴും.. “അത് പറഞ്ഞപ്പോൾ മാത്രം ആ കണ്ണ് നിറയുന്നത് കണ്ടു..
അവൾ കടന്നു പോകുമ്പോൾ ആദ്യമായി ഉള്ളിൽ ഒരു സുരക്ഷിതത്വ ബോധം നിറഞ്ഞു. മുന്നിൽ ഒരു വെളിച്ചമുണ്ടിപ്പോ.. ഇനിയെന്തും വരട്ടെ.. എന്തും. അല്ലെങ്കിലും എല്ലാ വാതിലുകളും ഒന്നിച്ചടയ്ക്കില്ലല്ലോ ദൈവം.