അതേയ് പ്രേമിച്ച് കെട്ടി എന്നും പറഞ്ഞ്‌ അമ്മയെ ഒത്തിരിയങ്‌ പൊക്കി പറയണ്ടാട്ടാ ബാലേട്ടാ….

സ്‌പെഷ്യൽ മീൻ കറി 👌

രചന: ബിന്ധ്യ ബാലൻ

::::::::::::::::::::

“ഇന്നൊരു സ്‌പെഷ്യൽ കറി ആണ് ഞാൻ ഉണ്ടാക്കാൻ പോകുന്നത്… ആരും അടുക്കളയിലേക്ക് വരരുത്… “

രാവിലെ ഉണ്ടാക്കിയ ഇഡ്ഡലിയും ചമ്മന്തിയും വെട്ടി വിഴുങ്ങി ചായയും കുടിച്ച് ഏമ്പക്കം വിട്ട് വരാന്തയിൽ മേലോട്ട് നോക്കി വായും പൊളിച്ചിരിക്കുമ്പോഴാണ് അകത്തു നിന്ന് അമ്മയുടെ പ്രഖ്യാപനം കേട്ടത്. അത്‌ കേട്ട്, ഞായറാഴ്ചയല്ലേ അമ്മയുടെ വക വെല്ല സ്‌പെഷ്യൽ ചിക്കൻ കറിയോ ബീഫ് പെരളനോ ആയിരിക്കും എന്നോർത്ത് വെള്ളമിറക്കി ഞാൻ അടുത്ത് പത്രം വായിച്ച് കൊണ്ടിരുന്ന അച്ഛനെ നോക്കി. എന്നെ നോക്കിയൊന്നു ചിരിച്ചിട്ട് അച്ഛന്റെ ഡയലോഗ്

“നമ്മുടെ അമ്മ അല്ലേലും സ്‌പെഷ്യലിന്റെ ആളല്ലേ കൊച്ചേ.. അയാൾ എന്തുണ്ടാക്കിയാലും അപാര ടേസ്റ്റ് ആണ്.. അല്ലേ വാവേ… “

“അതേയ് പ്രേമിച്ച് കെട്ടി എന്നും പറഞ്ഞ്‌ അമ്മയെ ഒത്തിരിയങ്‌ പൊക്കി പറയണ്ടാട്ടാ ബാലേട്ടാ…”

അച്ഛന്റെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് ഞാനും പറഞ്ഞു. പക്ഷെ എനിക്കുള്ള മറുപടി അകത്തു നിന്നും വന്ന അമ്മയിൽ നിന്നാണ് കിട്ടിയത്

“അതേടി.. അല്ലേലും ഞാനുണ്ടാക്കുന്നതെല്ലാം എന്റെ കെട്ട്യോന് മാത്രേ ഇഷ്ട്ടമുള്ളൂ . നിനക്കൊക്കെ തിന്നിട്ട് കുറ്റം പറയാനല്ലേ അറിയൂ “

ഈശ്വരാ ഇതിപ്പം എതിലെ കൂടി വന്നു എന്നോർത്ത് മിഴിച്ചിരിക്കുന്ന എന്റെ തലയ്ക്കിട്ടൊന്നു തന്നിട്ട് അമ്മയത് പറയുമ്പോൾ അടുത്തിരുന്നു കുലുങ്ങി ചിരിക്കുന്ന അച്ഛനെ നോക്കി കണ്ണുരുട്ടി അകത്തേക്ക് നടക്കുമ്പോൾ മനസ്സിൽ മുഴുവൻ അമ്മയിന്നുണ്ടാക്കുന്ന സ്‌പെഷ്യൽ കറി എന്തായിരിക്കും എന്ന ചിന്ത മാത്രമായിരുന്നു.

ഒടുക്കം അവിടെയും ഇവിടെയുമൊക്കെ കറങ്ങിത്തിരിഞ്ഞ്‌ നടന്ന് അടുക്കള വഴി പാസ്സ് ചെയ്യുമ്പോഴാണ് അമ്മയുണ്ടാക്കുന്നത് മീൻ കറി ആണെന്ന് എനിക്ക് മനസിലായത്.. നല്ല മുളകിട്ട് മാങ്ങ ചേർത്ത് പച്ചവെളിച്ചെണ്ണയൊഴിച്ച് വയ്ക്കുന്ന മീൻ കറിയുടെ മണം മൂക്കിലേക്കടിച്ചപ്പോൾ അമ്മയെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചോരുമ്മ കൊടുക്കണമെന്നു തോന്നിയെങ്കിലും, കിഴുക്ക് കൊണ്ടതിന്റെ വേദനയിൽ മുഖം വെട്ടിച്ച് നടക്കുമ്പോഴാണ് അമ്മ വിളിച്ചു പറഞ്ഞത്

“കൊച്ചേ ഡീ ദേ അമ്മ കറി റെഡി ആക്കി.. മൂന്നാളും കൈ കഴുകി വന്നേ “

കാര്യം എന്തൊക്കെ പറഞ്ഞാലും അമ്മയുണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും അപാര രുചി ആണെന്നുള്ള കാര്യത്തിൽ ലവലേശം തർക്കമില്ലാത്ത ഞാനും ഏട്ടനും അമ്മയുടെ വിളി കേട്ടയുടനെ ഡയനിംഗ് ടേബിളിൽ ഹാജരായി. ഞങ്ങൾക്ക് മുന്നേ ഹാജരായ ബാലേട്ടൻ അടുക്കളയിലേക്ക് നോക്കി മൃദുവായി അമ്മയെ വിളിച്ചു

“ടോ ഞങ്ങൾ ദേ വന്നു.. വേഗമിങ് കൊണ്ട് വാ തന്റെ സ്‌പെഷ്യൽ കറി.. കഴിക്കാൻ കൊതിയായി “

“കൊണ്ട് വരുവാ ചേട്ടാ “

അടുക്കളയിൽ നിന്ന് അമ്മയുടെ നാണത്തോടെയുള്ള മറുപടി. ഞങ്ങൾ മൂന്ന്‌ പേരും അമ്മയുടെ എൻട്രിക്ക് വേണ്ടിയങ്ങനെ വെയിറ്റ് ചെയ്യുമ്പോഴാണ് അച്ഛൻ പുതിയതായി അമ്മയ്ക്ക് വാങ്ങി കൊടുത്ത ‘യേര’ യുടെ ബൗളിൽ നിറയെ ചുവന്നു തുടുത്ത മീൻ കറിയുമായി അമ്മയുടെ വരവ്. ഞങ്ങളുടെ മുഖം വിടർന്നു. അച്ഛന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പി, ഉണ്ടാക്കിയ സ്‌പെഷ്യൽ കറി ചോറിലേക്കൊഴിച്ചു കൊടുത്തതും, പ്ലേറ്റിലേക്ക് നോക്കി അച്ഛന്റെ ചോദ്യം

“എവിടെ.. ഇതില് മീൻ കഷ്ണം എവിടെ? “

“അതിന് ഇത് മീൻ കറി അല്ലല്ലോ “

ഉടൻ വന്നു അമ്മയുടെ മറുപടി. പിന്നേ ഇതെന്തു കറി… ഞാനും ഏട്ടനും അച്ഛന്റെ പ്ലേറ്റിലേക്ക് നോക്കി.

“പിന്നെ ഇതെന്താ കറി “

“ഇതോ.. അത് ചേട്ടാ ഇന്നലെ ജോലി സ്ഥലത്ത് കൂട്ടുകാരി ഒരു കറി കൊണ്ട് വന്നു. കോവയ്ക്ക മീൻ കറി. അതായത് മീൻ കറി വെയ്ക്കും പോലെ കോവയ്ക്ക കറി. അപ്പൊ എനിക്കും തോന്നി ഈ കറി ഒന്ന് വെയ്ക്കാൻ.. ചേട്ടന് ഇഷ്ട്ടാവുമെന്ന് എനിക്കറിയാം.. ചേട്ടൻ കഴിക്ക് “

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞിട്ട് അമ്മ വീണ്ടും അച്ഛന് കറി വിളമ്പി.

“അടിപൊളി… ഇപ്പഴാ ഓർത്തത് എനിക്കിന്നൊരു കല്യാണം ഉണ്ട്… ഞാൻ പോയിട്ട് വരാം “

വെകിളി പിടിച്ച് ഏട്ടൻ എഴുന്നേറ്റോരൊറ്റയോട്ടം. ഓസിനു പോയി കഴിക്കാൻ പോലും ഒരു കല്യാണം ഇല്ലാത്ത ന്റെ അവസ്ഥ.. ദുരവസ്ഥ…

പാവം ബാലേട്ടൻ, അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ല… കുറച്ചു കറിയെടുത്ത് വായിൽ വച്ചു. ഞാനും അമ്മയും അച്ഛന്റെ മുഖത്ത് കണ്ണ് നട്ടിരിപ്പാണ്. കറി കഴിച്ചിട്ട് അച്ഛൻ അമ്മയെ നോക്കി.. എന്നിട്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു

“ടോ കറി സൂപ്പർ.. കുറച്ചു കൂടി വിളമ്പിക്കോ “

അമ്മ എന്നെ നോക്കിയൊന്നു പുച്ഛിച്ചിട്ട്‌ അച്ഛന് പിന്നെയും കറി വിളമ്പി. ഞാനൊരു വലിയ നെടുവീർപ്പിട്ടു കൊണ്ട് ആ കറിയിൽ നിന്ന് ചാറു മാത്രം ഊറ്റിയെടുത്ത് ചോറ് കഴിച്ചെന്നു വരുത്തി.

നല്ലൊരു ഞായറാഴ്ച അമ്മയുടെ സ്‌പെഷ്യൽ കോവയ്ക്ക കറി കൊണ്ട് പോയതിന്റെ സങ്കടത്തിൽ ദുഃഖാചരണവുമൊക്കെ കഴിഞ്ഞ് രാത്രി അത്താഴത്തിനിരുന്നപ്പോഴാണ് ട്വിസ്റ്റ്‌ ഉണ്ടായത്. നല്ല മാങ്ങാ ചമ്മന്തിയും പപ്പടവും മോര് കറിയും.. ഹോ അതങ്ങ് കണ്ടതും സന്തോഷം കൊണ്ട് എനിക്കും എന്റെ ഏട്ടനും(പകൽ മുഴുവൻ എവിടെയോ പോയി ഒളിച്ചിരുന്ന് ഏട്ടൻ തിരിച്ചു വന്നതാ ) കരച്ചിൽ വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. അമ്മ എല്ലാവർക്കും ചോറ് വിളമ്പി. പിന്നെ അച്ഛനോട് ചോദിച്ചു

“ചേട്ടാ ഉച്ചയ്ക്കത്തെ കോവയ്ക്ക കറിയുണ്ട്.. കൊണ്ട് വരട്ടെ.. “

അച്ഛന്റെ മുഖം ബൾബ് പോലെ തിളങ്ങി.

“ആഹാ ആ കറി തീർന്നില്ലേ.. താനിങ് കൊണ്ട് വാ.. “

അടുക്കളയിലേക്ക് പോകുന്ന അമ്മയുടെ മുഖത്ത് വീണ്ടും ഞങ്ങളോടുള്ള പുച്ഛം.. അമ്മ ഒരു പത്രത്തിൽ കറിയുമായി വന്നു.അച്ഛന്റെ മുന്നിലേക്ക് പാത്രം നീക്കി വച്ചിട്ട്

“ദേ കണ്ടോ ന്റെ മക്കള്, അച്ഛനേ അമ്മയുണ്ടാക്കിയ ഈ കറി എന്തൊരാ ഇഷ്ടായെന്നു… നിങ്ങൾക്ക് രണ്ടാള്ക്കാ ഇതൊന്നും പിടിക്കാത്തത്… ” എന്ന് അമ്മ രണ്ട് ഡയലോഗ് അടിച്ച് നിൽക്കുന്ന നേരത്താണ് അത്‌ സംഭവിച്ചത്. ഞങ്ങൾ നോക്കുമ്പോഴുണ്ട് കോവയ്ക്ക മീൻ കറി അതാ വായുവിലൂടെ പുറത്തേക്ക് പറക്കുന്നു.. എന്താ സംഭവിച്ചതെന്നറിയാൻ ഞങ്ങൾ അച്ഛനെ നോക്കി…. അമ്മേടെ മുഖത്ത് “ന്താ പ്പൊ ണ്ടായേ.. ഇന്ന് വിഷുവാ? ” എന്നൊരു സംശയം ഇല്ലേ എന്ന് എനിക്കൊരു സംശയം.. സംശയത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോഴാണ് അച്ഛന്റെ അലർച്ച

“അവളുടെ ഒരു കോവയ്ക്ക മീൻ കറി. ഉച്ചയ്ക്ക് കൊണ്ട് തന്നപ്പോ പാവം കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ എന്നോർത്ത് അങ്ങ് സഹിച്ചതാ ഞാൻ….അപ്പൊ അവള് പിന്നെയും കൊണ്ട് വയ്ക്കുന്നു “

ഞാൻ നോക്കുമ്പോൾ അമ്മ ആകെ സ്തംഭിച്ചു നിൽക്കുവാണ്.

“എനിക്ക് ചോറ് വേണ്ട.. നീ തന്നെ തിന്നോ ” എന്ന് അവസാന ഉത്തരവുമിറക്കി കൈ കഴുകാൻ എണീറ്റു പോകുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞ് നിന്ന് ബാലേട്ടന്റെ ഡയലോഗ്

“ഇനി നീ ഞായറാഴ്ച സ്‌പെഷ്യൽ ഉണ്ടാക്കാനെന്നും പറഞ്ഞ് അടുക്കളയിലെങ്ങാനും കയറിയാൽ, ശോഭേ ഞാൻ നിന്നെ എവിടേലും കൊണ്ട് കളയും നോക്കിക്കൊ…ചെഗുവേരയാണെ സത്യം ഹും… “

കുറച്ചു നേരത്തെ സൈലെൻസിനൊടുവിൽ വീടാകെ ഞങ്ങളുടെ പൊട്ടിച്ചിരി കൊണ്ട് നിറഞ്ഞു…

പാവം അമ്മയും ഞെട്ടിപ്പിക്കാൻ നന്നായി അറിയാവുന്ന ബാലേട്ടനും…സത്യത്തിൽ
അച്ഛനും അമ്മയും ആയിരുന്നു വീടിനെ ജീവസ്സുറ്റതാക്കി നിർത്തിയിരുന്ന ഒറ്റയാത്മാവ്. അവർക്കിടയിലേക്ക് ഞങ്ങൾ രണ്ടു മക്കൾ വന്നു എന്നത് മാത്രം ആയിരുന്നു അവരുടെ ലൈഫിൽ ഉണ്ടായ ഏക മാറ്റം… അമ്മയുടെ നാല്പത്തിയൊമ്പതാം വയസിലും അച്ഛന്റെ അൻപത്തിയാറാം വയസ്സിലും അവർക്കിടയിലെ പ്രണയത്തിനു എന്നും പതിനേഴു വയസായിരുന്നു പ്രായം. ഈ ലോകത്തു എന്നെ അത്ഭുതപ്പെടുത്തിയ ഒരേയൊരു പ്രണയം … അവരുടെ ആ ടെലിപ്പതിക് കണക്ഷൻ. അല്ലെങ്കിൽ എന്തിനാ പൊട്ടിച്ചിരികൾ കൊണ്ട് നിറഞ്ഞ വീട്ടിൽ നിന്ന് പെട്ടന്നൊരു ദിവസം, ഞങ്ങളുടെ മൂന്ന് പേരുടെയും ചിരികൾ അവസാനിപ്പിച്ചു കൊണ്ട് അച്ഛൻ യാത്രയാകുന്നതിന്റെ തലേ ദിവസം അമ്മ വീണ്ടും ആ കറി ഉണ്ടാക്കിയത്…….?

എന്തിനാ ഒരിക്കൽ വലിച്ചെറിഞ്ഞ ആ കറി രുചിയോടെ കഴിച്ച് “താൻ എന്തുണ്ടാക്കിയാലും ഒടുക്കത്തെ ടേസ്റ്റ് ആടോ ഭാര്യേ ” എന്ന് അച്ഛൻ പറഞ്ഞത്……?

ഇനിയൊരിക്കലും അമ്മയുണ്ടാക്കിയ കറി കഴിക്കാൻ തനിക്ക് കഴിയില്ല എന്ന് ബാലേട്ടന് മനസിലായത് കൊണ്ടാണോ….. ? അറിയില്ല…. അല്ലെങ്കിലും പണ്ടേ ബാലേട്ടൻ പറയാറുണ്ട് ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് ഭയങ്കര ഭംഗിയാണെന്ന്…..