പച്ചവെളിച്ചം
രചന: ഗിരീഷ് കാവാലം
::::::::::::::::::::
കുളിമുറിയിലേക്ക് കയറിയ ഭാമ ഡോർ അടച്ചതും അംബുജൻ അവളുടെ മൈബൈൽ എടുത്തു തിടുക്കത്തിൽ FB അക്കൗണ്ട് പരിശോധിക്കാൻ തുടങ്ങി
വാട്സ്ആപ്പ് മെസ്സേജുകളിലേക്കും തിരിഞ്ഞ അംബുജന്റെ ചിന്ത കാൾ ലിസ്റ്റ്ലേക്കുകളിലേക്ക് കൂടി പോയി.
ഹ ഹ ഹ……
പുറകിൽ നിന്നുള്ള ഭാമയുടെ പൊട്ടിച്ചിരി കേട്ടതും അംബുജൻ ജാള്യതയോടെ മൊബൈൽ ബെഡിലേക്ക് ഇട്ടു
“അല്ല ഞാൻ നെറ്റ് വർക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്തതാ”
“ഉവ്വ് ഉവ്വ്…”
ഭാമ ചിരിച്ചുകൊണ്ട് എടുക്കാൻ വിട്ടുപോയ തോർത്തും എടുത്തുകൊണ്ട് കുളിമുറിയിലേക്ക് തിരികെ നടന്നുപോയി
“ശേ… നാണക്കേട് ആയി പോയി.. അങ്ങനെ തന്നെ എന്നെ സംശയരോഗി എന്ന് പറഞ്ഞു സ്ഥിരം കളിയാക്കുന്നവളാ”
“എന്നാലും ഇവൾ ആരുമായിട്ടാ ഈ പാതിരാത്രിയിൽ ചാറ്റ് ചെയ്യുന്നത് “
ചിലപ്പോൾ രാത്രി പന്ത്രണ്ട് മണിക്ക്, ചിലപ്പോൾ രാത്രി ഒരു മണിക്ക് അങ്ങനെ പാതിരാത്രിയിലെ ഭാമയുടെ FB യിലെ പച്ചവെളിച്ചം അംബുജന്റെ തലയിലെ പച്ചപ്പിനെ സ്ഥിരമായി അലോസരപ്പെടുത്തുന്നുണ്ടായിരുന്നു
വാട്സ്ആപ്പിൽ ഓൺലൈനിൽ കാണുന്നതും അംബുജന്റെ മനസ്സിൽ സംശയത്തിന്റെ വിത്ത് അറിയാതെ കിളിർക്കാൻ തുടങ്ങുവായിരുന്നു
സേലത്ത് റെയിൽവേ ജോലിക്കാരനായ അംബുജന്റെ ട്രാൻസ്ഫർ വീടിന് അടുത്തുള്ള സ്റ്റേഷനിലേക്ക് ആയത് കഴിഞ്ഞ ദിവസം ആയിരുന്നു
“മക്കൾ രണ്ട് പേരെയും സ്കൂളിൽ പറഞ്ഞു വിട്ട ശേഷം ഭാമ ഓഫീസിലേക്ക് പോയാൽ പിന്നെ തളർവാതം പിടിപെട്ടു കിടക്കുന്ന അമ്മയുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് വീട്ടു ജോലിക്ക് നിൽക്കുന്ന മറിയാമ്മ ചേടത്തിയാ”
“ഭാമേ നമ്മൾ വിചാരിക്കുന്ന കൂട്ടല്ല ഈ ലോകം.. കൂടെ പിറപ്പുകളെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം..ആരും അറിഞ്ഞോണ്ട് തെറ്റ് ചെയ്യാറില്ല. തെറ്റിലേക്ക് അറിയാതെ വഴുതി വീണ ശേഷം അവർ ആ തെറ്റിനെ ശരി എന്ന് അംഗീകരിച്ചുകൊണ്ട് അതിലൂടെ ജീവിക്കുവാണ്”
കറങ്ങുന്ന ഫാനിൽ നോക്കി അംബുജൻ അത് പറയുമ്പോൾ ഒപ്പം ബെഡ്‌ഡിൽ കിടക്കുവായിരുന്ന ഭാമ എഴുന്നേറ്റിരുന്നു താടിക്ക് കൈ കൊടുത്തുകൊണ്ട് അംബുജനെ തന്നെ നോക്കി ഇരുന്നുപോയി
“ചേട്ടൻ എവിടുന്ന് കാണാതെ പഠിച്ചതാ ഈ ഡയലോഗ് ഒക്കെ”
പരിഹാസചിരിയോടെ ഭാമ ചോദിച്ചു
“കാണാതെ പഠിച്ചതൊന്നും അല്ല ഭാമേ.. നീ വിചാരിക്കും നിന്നെ എനിക്ക് സംശയം ആണെന്ന് അതല്ല നിന്നെ ഞാൻ കെയർ ചെയ്യുന്നതാ..അതെന്റെ കടമയല്ലേ “
“ഹോ… ഈ മനുഷ്യന് സംശയം അതിന്റെ നെറുകയിൽ എത്തിയിരിക്കുവാ”
“കാലം ഇപ്പൊ 5G യിൽ എത്തി നിൽക്കുവാ നിങ്ങൾ ഇപ്പോഴും ആ 2G യിൽ തന്നെയാ..”
‘ഞാൻ ഒന്ന് തുറന്ന് പറയട്ടെ നിങ്ങൾക്ക് നാണം ഇല്ലേ ഇങ്ങനെ സ്വന്തം ഭാര്യയെ സംശയിക്കാൻ…. ങും…”
ഭാമ ബെഡ് ഷീറ്റ് പുതച്ചുകൊണ്ട് ചുണ്ടുകൾ കോട്ടി ഈർഷ്യയോടെ ചരിഞ്ഞു കിടന്നു
“FB യിലും വാട്സ്ആപ്പിലും രാത്രിയിൽ ആക്റ്റീവ് ആയി നിൽക്കുന്നതാ ഇങ്ങേർക്ക് സംശയം.. ങും…എന്താ ഭാര്യ ആന്നു പറഞ്ഞു എനിക്കും FB യും വാട്സ്ആപ്പും ഉപയോഗിച്ച് കൂടെ “
മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ മുഖം മറച്ചുകൊണ്ട് ഒന്നുകൂടി ചടഞ്ഞു കിടന്നു
“ചേട്ടാ മറിയാമ്മ ചേടത്തി വന്നില്ല ഒന്ന് വിളിച്ചേ”
എന്നും രാവിലെ ഏഴ് മണിക്ക് വരാറുള്ള മറിയാമ്മ ചേടത്തിയെ കാണാതിരുന്ന ഭാമ ബെഡ് റൂമിന്റെ വാതിൽ തുറന്ന്
അംബുജനോട് പറഞ്ഞു
“ങേ… വന്നില്ലേ വരാൻ പറ്റില്ലെങ്കിൽ സാധാരണ പറയാറുള്ളതാണല്ലോ എന്ന് പറഞ്ഞുകൊണ്ട് അംബുജൻ മറിയാമ്മ ചേട്ടത്തിക്കു റിങ് ചെയ്തു”
“എന്തേ സുഖം ഇല്ലന്നോ?
“വേറെ ആള് വരുന്നുണ്ടോ? ശരി.. Ok “
“മകളാ ആയിരുന്നു എടുത്തത്”
“ചേടത്തിക്കു തലകറക്കം പോലെ വന്നു.. ഇപ്പൊ കുഴപ്പം ഇല്ല രണ്ടു ദിവസം റസ്റ്റ് എടുക്കണം എന്ന് പറഞ്ഞു “
“വേറെ ഒരു ചേച്ചിയെ പകരം വിട്ടിട്ടുണ്ടെന്നു”
അംബുജൻ ഭാമയോട് പറഞ്ഞതും ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു
“ങാ വന്നെന്ന് തോന്നുന്നു “
അപ്പോഴേക്കും ഗേറ്റ് തുറക്കുന്ന ആ സ്ത്രീയെ കണ്ടതും അംബുജൻ പറഞ്ഞു
“ഞാൻ മറിയാമ്മ ചേടത്തി പറഞ്ഞിട്ട് വന്നതാ വീട്ടു പണിക്കു”
“ങാ.. പോര്”
വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടുത്ത ശേഷം ഭാമ ജോലിക്ക് പോയി
ഓഫീസിൽ എത്തിയ ഉടനെ ഭാമ, അംബുജനെ റിങ് ചെയ്തെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു
മിനിറ്റുകൾക്ക് ശേഷം വീണ്ടും റിങ് ചെയ്തെങ്കിലും സ്വിച്ചഡ് ഓഫ് തന്നെ ആയിരുന്നു
“അവൾക്ക് എത്ര വയസ്സ് കാണും ഒരു മുപ്പത്തഞ്ച് .. സൗന്ദര്യം ഒക്കെ അങ്ങ് വാരി കോരി കൊടുത്തിരിക്കയാ ഇതിനൊക്കെ .. ഹും…”
ഭാമയുടെ നെഞ്ചിടിപ്പിന്റെ പ്രവേഗം പരിധി വിട്ട് കൂടാൻ തുടങ്ങി
“ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ചേട്ടന്റെ ഡ്യൂട്ടി നൈറ്റ് ആണ്.ഇന്ന് പകൽ മുഴുവൻ ചേട്ടൻ വീട്ടിൽ. നൈറ്റ് ഷിഫ്റ്റിന് പോകേണ്ട ചേട്ടനും, ആ പെണ്ണും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുവാണോ”
“ഏയ്.. വെറുതെ കാട് കേറി താൻ എന്തിന് ചിന്തിക്കുന്നു.. ചേട്ടന്റെ സംശയ രോഗം ഒന്നും എനിക്കില്ല”
ഭാമ തന്റെ ചിന്തകളെ കടിഞ്ഞാൺ ഇട്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ ജോലിയിൽ മുഴുകാൻ ശ്രമിച്ചെങ്കിലും മനസ്സ് വീട്ടിൽ തന്നെ ആയിരുന്നു
കുറച്ചു സമയം കഴിഞ്ഞു അവൾ വീണ്ടും അംബുജനെ റിങ് ചെയ്തു
“ങാ.. അമ്മക്ക് എങ്ങനെ ഉണ്ട്.. തുണിയൊക്കെ കഴുകി ഇട്ടോ.. പുതിയതായി വന്ന ആ പെണ്ണ് വൃത്തിയോടെ ഒക്കെ ആണോ ചെയ്യുന്നത്”
അല്പം പരിഭ്രമത്തോടെ ആണ് ഭാമ ചോദിച്ചത്
“നല്ലപോലെ ചെയ്യുന്നുണ്ട് ഭാമേ “
ഉം..
ഭാമ ഫോൺ കട്ട് ചെയ്തു
അന്ന് വൈകിട്ട് കിടക്കാൻ നേരം ഭാമയുടെ മനസ്സിൽ ആ ഒരു കാര്യം തെളിഞ്ഞു വന്നു
ഇന്ന് ചേട്ടൻ വളരെ ഹാപ്പി ആണല്ലോ
ഇതുവരെ കാണാത്ത ഒരു തെളിച്ചം ആ മുഖത്ത് ഇന്ന് കണ്ടു
“ഹേ….ഞാൻ ചേട്ടനെ പോലെ ഒരു സംശയാലു അല്ല”
സ്വയം ആശ്വസിച്ചുകൊണ്ട് കണ്ണടക്കാൻ തുടങ്ങിയപ്പോഴേക്കും അംബുജന്റെ കൈ ഭാമയുടെ തോളിൽ തട്ടി
“എടീ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുവായിരുന്നു നിന്നെ പറ്റി.. നിന്നെ എനിക്ക് പൂർണ വിശ്വാസമാ”
വെള്ളിടി വെട്ടുന്നപോലെ ആയിരുന്നു ഭാമക്ക് ആ വാക്കുകൾ
ഇതിനർത്ഥം ചേട്ടൻ ഇപ്പൊ സന്തോഷവാൻ ആണ്
“ഏയ് താൻ ഒരു സംശയക്കാരി അല്ല”
മനസ്സിനെ ശാന്തമാക്കി ഒരു കൃത്രിമ പുഞ്ചിരി വിരിയിച്ചെങ്കിലും ഞൊടിയിടയിൽ മുഖം വിഷാദത്തിന് വഴിമാറി
“ചേട്ടാ ഞാൻ പാതിരാത്രി ഉറക്കം തെളിയുമ്പോൾ അല്ലെങ്കിൽ യൂറിനലിൽ പോയി വരുമ്പോൾ വെറുതെ FB യും വാട്സ്ആപ്പും ഒക്കെ നോക്കുന്നതാ പ്രത്യേകിച്ച് FB യിലെ റീൽ കണ്ടാൽ അങ്ങനെ അങ്ങനെ നോക്കി ഇരുന്നു പോകും…അല്ലാതെ ചേട്ടൻ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല”
“ഏയ് എനിക്ക് അങ്ങനെ സംശയം ഒന്നും ഇല്ല”
പുഞ്ചിരിച്ചുകൊണ്ട് അംബുജൻ പറഞ്ഞു
“ഇന്ന് എന്താ ചേട്ടൻ പോകാത്തെ”
അടുത്ത ദിവസം രാവിലെ ഡേ ഡ്യൂട്ടിക്കു പോകേണ്ട അംബുജൻ റെഡിയാകാത്തത് കണ്ട ഭാമ ചോദിച്ചു
“എടീ ഷിഫ്റ്റിൽ ഉള്ള ആൾ എമർജൻസി മൂന്ന് ദിവസം ലീവ് എടുത്തു.. അതുകൊണ്ട് എനിക്ക് ഇനി മൂന്ന് ദിവസം നൈറ്റ് ഷിഫ്റ്റ് ആണ്”
ഭാമയുടെ മനസ്സിൽ കൊള്ളിയാൻ മിന്നി
മനസ്സില്ലാ മനസ്സോടെ ജോലിക്ക് പോയ ഭാമക്ക് ഇരിപ്പ് ഉറച്ചില്ല അവൾ ഹാഫ് ഡേ ലീവ്ന് എഴുതി കൊടുത്തിട്ട് നേരെ വീട്ടിലേക്ക് തിരിച്ചു
വീട്ടിൽ എത്തിയ ഭാമ കണ്ടത് അടഞ്ഞു കിടക്കുന്ന ഡോർ ആണ്
അകത്തു നിന്ന് കുറ്റി ഇട്ടത് അറിഞ്ഞു ഭാമ കോളിങ് ബെൽ അടിച്ചു
തുറക്കാത്തതിനാൽ വീണ്ടും കാളിംഗ് ബെല്ലിൽ അമർത്തി
ഡോർ തുറന്നതും മുന്നിൽ മാറിയാമ്മ ചേടത്തി
“എന്താ കൊച്ചേ”
“എന്ത് പറ്റി..? നല്ലപോലെ വിയർക്കുന്നുണ്ടല്ലോ”
“ഏയ് ഒന്നും ഇല്ല…”
അപ്പോഴേക്കും അംബുജൻ ഗേറ്റ് തുറന്നു വെളിയിൽ നിന്ന് വന്നു
“എന്ത് പറ്റി.. എന്താ നേരത്തെ വന്നത് മുഖം ഒക്കെ വല്ലാണ്ടിരിക്കുന്നല്ലോ”
“ഏയ് ഒന്നും ഇല്ല ചേട്ടത്തി ഒരു ക്ഷീണം പോലെ തോന്നി”
“അല്ല മറ്റേ പെണ്ണ് എന്തിയെ?
അവൾ ആ ഒരു ദിവസം മാത്രമേ വന്നുള്ളൂ
“ആ പെണ്ണിന്റെ രീതി അത്ര ഇഷ്ടപ്പെടാത്ത അംബുജൻ എന്നോട് പറഞ്ഞതുകൊണ്ടാ ഞാൻ തന്നെ ഇങ്ങ് പോന്നത്”
അതും പറഞ്ഞു മാറിയാമ്മ ചേടത്തി അകത്തേക്ക് പോയതും അംബുജൻ മുറ്റത്തു നിന്നും വാതിക്കലേക്ക് വന്നു
ഭാമയുടെ മുഖം വിടർന്നു.. ബലൂണിന്റെ കാറ്റ് തുറന്നു വിട്ടപോലെ പിരിമുറുക്കം അയഞ്ഞ ഭാമയുടെ മുഖം വിടർന്നു ചുവന്നു “
“എന്തേ ഇന്ന് നേരത്തെ?
“ഒരു ക്ഷീണം.. അല്ല”
ഉം…
ഭാമയുടെ ചുണ്ടിൽ വിരിഞ്ഞ കള്ള പുഞ്ചിരി അംബുജന്റെ മുഖത്തേക്ക് പടർന്നു അത് ഒരു പൊട്ടിച്ചിരിയിലേക്ക് മാറി.
“അല്ല എന്താ ചേട്ടൻ ആലോചിക്കുന്നത്”
“ഏയ് ഒന്നുമില്ല”
തന്നെ സംശയാലു എന്ന് വിളിച്ചു കളിയാക്കുന്നതിന് ഒരു പ്രതിവിധി കാണാൻ സഹായിച്ച മറിയാമ്മ ചേടത്തിക്ക് മനസ്സിൽ നന്ദി പറയുകയായിരുന്നു അപ്പോൾ അംബുജൻ….