ദേവിക അത് പറയുമ്പോൾ അവളുടെ മുഖത്ത് ദയനീയത പ്രകടമായിരുന്നു….

രചന : ഗിരീഷ് കാവാലം

:::::::::::::::::::::

“മനു… ഒരു ലക്ഷം രൂപ മനു തന്നില്ലായിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ… വളരെ കടപ്പാട് ഉണ്ട് ട്ടോ”

ദേവിക അത് പറയുമ്പോൾ അവളുടെ മുഖത്ത് ദയനീയത പ്രകടമായിരുന്നു

ഒരേ ഓഫീസിലെ ജോലിക്കാരൻ ആയ മനുവിൽ നിന്ന് കഴിഞ്ഞ ദിവസം ആണ് ദേവിക ഒരു ലക്ഷം രൂപ കടം ആയി ചോദിച്ചതും അവൻ മറ്റൊന്നും ആലോചിക്കാതെ കൊടുത്തതും

അഗ്രിക്കൾച്ചർ ഡിപ്പാർട്ടുമെന്റിൽ ക്ലാർക്ക് ആയ ദേവികക്കും ഭർത്താവ് രമേശനും എട്ടിലും, ഒൻപതിലും പഠിക്കുന്ന രണ്ടു കുട്ടികൾ ഉണ്ട്

പോൾട്രി ഫാം നടത്തിയിരുന്ന രമേശൻ അടുത്തിടെ ആയി മെന്റലി ഡിപ്രെസ്സ്ഡ് ആണ്. ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയായ രമേശന്റെ ബാങ്ക് അക്കൗണ്ടിൽ ആകെ ഉണ്ടായിരുന്ന എട്ട് ലക്ഷം രൂപ ആണ് ഒന്നോടെ പോയത്

വീടിന്റെ അടുത്തുള്ള അഞ്ച് സെന്റ് സ്ഥലം വാങ്ങുവാൻ അഡ്വാൻസ് കൊടുത്ത ടോക്കന്റെ കാലാവധി അടുത്ത് വന്നപ്പോൾ തന്റെ അക്കൗണ്ടിൽ നിന്ന് പൈസ പോയത് രമേശന് താങ്ങാൻ കഴിയുന്നതിനു അപ്പുറം ആയിരുന്നു

ഉണ്ടായിരുന്ന കുറച്ച് സ്വർണം വിറ്റും, സ്വന്തം വീട്ടിൽ നിന്നും ഉള്ള സഹായം കൊണ്ടും മറ്റ് ബന്ധുക്കളിൽ നിന്നുമായി ഒരു വിധം പൈസ സ്വരൂപിച്ചു സ്ഥലത്തിന്റെ ആധാരം നടത്തിയെങ്കിലും രമേശന്റെ മാനസിക നില പൂർവസ്ഥിതിയിൽ എത്തിയില്ല

“ദേ ഇന്ന് ഒരു പുതിയ ഐറ്റം ഞാൻ ഉണ്ടാക്കിയതാ.. പണ്ട് ഞാൻ ഗുജറാത്തിൽ ഉണ്ടായിരുന്ന സമയത്ത് അവിടുത്തെ ഒരു സ്പെഷ്യൽ ഐറ്റമാ ഗുജറാത്തി ഹൽവ “

ഓഫീസിൽ ഉച്ച ഊണ് സമയത്ത് തന്റെ ടിഫിനിൽ നിന്ന് ഹൽവ ദേവികയുടെ ടിഫിൻ ബോക്സിലേക്ക് പകർന്നു നൽകികൊണ്ട് മനു പറഞ്ഞു

“ഓ…താങ്ക്സ് ഉണ്ട്.. നല്ല ടേസ്റ്റ്”

ദേവിക കമന്റും പറഞ്ഞു

എന്തെങ്കിലും ഒക്കെ സ്പെഷ്യൽ ഐറ്റം മനു കൊണ്ടുവന്നു അത് ദേവികക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുന്നത് പതിവായി പതിയെ പതിയെ ദേവികയും കൊണ്ടുവരുന്ന കറികൾ മനുവിനും ഷെയർ ചെയ്തു കഴിക്കുവാൻ തുടങ്ങി

“രമേശേട്ടാ…ഏട്ടന്റെ അസുഖം പെട്ടന്ന് മാറും നമ്മൾ ആ പഴയ ജീവിതത്തിലേക്ക് തന്നെ തിരിച്ചു വരും “

വൈകുന്നേരം കിടക്കയിൽ രമേശന്റെ മുടിയിൽ തലോടി ദേവിക അത് പറയുമ്പോൾ അയാളുടെ കണ്ണുകളിലെ തിളക്കം അവൾ കാണുന്നുണ്ടായിരുന്നു

“കഷ്ടകാല സമയത്ത് നമ്മളെ കൈ വിടാത്ത നല്ല ആളുകളുടെ പ്രാർഥനയും ആശിർവാദവും നമ്മുടെ കൂടെ ഉണ്ടെങ്കിൽ നമുക്ക് ഒന്നും വരില്ല”

“ങാ… എന്റെ ഓഫീസിലെ മനു ഒക്കെ എന്ത് നല്ല മനുഷ്യനാ”

“ഒരു ലക്ഷം രൂപ വാങ്ങിയത് ഉള്ളപ്പോൾ തന്നാൽ മതിയെന്നാ പറഞ്ഞത്. എന്നാലും KSFE യിലെ ചിട്ടി പിടിച്ചു അതങ്ങു കൊടുത്താലോ എന്നാ ആലോചിക്കുന്നേ”

“ഉം….

രമേശൻ ഒന്ന് അമർത്തി മൂളി

ചിട്ടി പിടിച്ചതുവഴി ഒരു ലക്ഷം രൂപ അന്ന് ഓഫീസിൽ വച്ചു മനുവിന് കൊടുത്തെങ്കിലും മനു അത് സ്വീകരിച്ചില്ല

“വേണ്ട.. ആദ്യം മറ്റുള്ളവരിൽ നിന്ന് വാങ്ങിയ കാശ് കൊടുക്ക്. ബാധ്യത എല്ലാം കഴിഞ്ഞു കൈയിൽ പൈസ വരുമ്പോൾ മാത്രം തന്നാ മതിട്ടോ”

സ്നേഹത്തോടെ ഉള്ള മനുവിന്റെ വാക്കുകളിൽ അവളുടെ മനസ്സ് നിറഞ്ഞു

അന്ന് ഉച്ച ഭക്ഷണം കൊണ്ടുവരാതെ വന്ന മനു ഹോട്ടലിലേക്ക് പോകുവാൻ തുടങ്ങിയതും ദേവിക അവനെ തടഞ്ഞു

“വേണ്ട ദേ ഇത് നമുക്ക് രണ്ടു പേർക്കും കഴിക്കാം”

അവൾ തന്റെ ഭക്ഷണത്തിന്റെ പകുതി മനുവിന് കൊടുത്തു

‘താങ്ക്സ് ഉണ്ട് ട്ടോ.. അപ്പോൾ ഇതിന് നന്ദിയായി എന്റെ വക ഫുഡ്‌ നാളെ ഹോട്ടലിൽ നിന്ന്.. ചിക്കൻ ബിരിയാണി. അപ്പൊ നാളെ ദേവിക ഫുഡ്‌ കൊണ്ടുവരേണ്ട “

“ഓക്കേ ആയിക്കോട്ടെ”

ദേവിക സന്തോഷത്തോടെ അത് അംഗീകരിച്ചു

“മനു, നിങ്ങളെ പോലുള്ള മനുഷ്യർ ഒക്കെ വളരെ അപൂർവമാ’

അടുത്ത ദിവസം അവർ ഹോട്ടലിലെ ഫാമിലി ക്യാബിനിലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ ദേവിക പറഞ്ഞു

‘ദേവിക നിങ്ങൾ ഹാപ്പി ആയിരിക്കണം എനിക്ക് അത്ര മാത്രമേ ഉള്ളൂ”

“എന്താ ദേവിക ആലോചിക്കുന്നേ.?

“ഏയ്‌… ഒന്നും ഇല്ല.. മനു വല്ലാതെ എന്നെ കെയർ ചെയ്യുന്നുണ്ടോ എന്ന തോന്നൽ”

“രമേശേട്ടന്റെ കാര്യം ഓർക്കുമ്പോഴാ.. ഇനി ആ പഴയ നിലയിലേക്ക് ഏട്ടന് തിരിച്ചു വരാൻ കഴിയുമോ ?

“ദേവികേ….ഒന്ന് മെന്റൽ ഷോക്ക് ആയാൽ പിന്നെ അല്പം ഭേദം ആയാൽ പോലും ആ പഴയ രീതിയിലേക്ക് അങ്ങനെ ആരും എത്താറില്ല “

ദേവിക മനുവിനെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു പോയി ഒരു നിമിഷം

അവൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല മനു ആ പറഞ്ഞതിനോട്

അവളുടെ മുഖം പെട്ടന്ന് മാറി

‘ദേവിക വെറുതെ ഓരോന്ന് ആലോചിച്ചു തല പുണ്ണാക്കേണ്ട.. ബി പോസിറ്റീവ് മുന്നോട്ട് ചിന്തിക്കുക…ഇനി നടക്കാൻ പോകുന്നതിനെ പറ്റി മാത്രം “

“അടുത്ത സൺ‌ഡേ നമുക്ക് ബീച്ചിൽ ഒന്ന് പോയാലോ..വെറുതെ ഓരോന്ന് സംസാരിച്ചിരിക്കാം”

“ഉം.. വേണ്ടാ….അത് ശരിയാകില്ല “

“ദേവിക മറ്റൊരു രീതിയിൽ എന്നെ കാണേണ്ട.. ഒൺലി ബെസ്റ്റ് ഫ്രണ്ട് അല്ലെങ്കിൽ ഒരു ബ്രദർ ആ രീതിയിൽ എന്നെ കണ്ടാൽ മതി.. പിന്നെ ദേവികയുടെയും കുടുംബത്തിന്റെയും സന്തോഷമാ എന്റെയും സന്തോഷം “

“ഉം… Ok”

മനസ്സില്ലാ മനസ്സോടെ ദേവിക പറഞ്ഞു

ഫ്രൈഡേ രാത്രിയിൽ മനുവിനെ റിങ് ചെയ്ത ദേവിക ഹാപ്പി ആയിരുന്നു

“ഞാൻ ഒരുപാട് ആലോചിച്ചു മനുവിനെ പറ്റി ഇടക്ക് ചില തെറ്റിധാരണകൾ ഒക്കെ വന്നെങ്കിലും ഇപ്പൊ മനു എന്റെ മനസ്സിൽ ഇടം പിടിച്ചുട്ടോ “

“നാളെ ഒരു സർപ്രൈസ് ഉണ്ട് മനുവിന് എന്റെ വക’

“മനുവിന് സന്തോഷം തരുന്നതാ “

“എന്താ ദേവിക സർപ്രൈസ് ?

“ഇപ്പൊ പറയില്ല അത് സർപ്രൈസ് ആയിരിക്കട്ടെ… നാളെ കാണുമ്പോ പറയാം മനു തീർച്ചയായും ഹാപ്പി ആകും അത്രേ പറയുന്നുള്ളൂ..”

സാറ്റർഡേ പറഞ്ഞ സമയത്ത് തന്നെ മനു ബീച്ചിൽ എത്തിയപ്പോഴേക്കും ദേവിക അവിടെ ഉണ്ടായിരുന്നു

ദേവികയെ കണ്ടതും അടക്കാൻ ആവാത്ത സന്തോഷത്തോടെ അവളുടെ അടുത്തായി മനു ഇരുന്നു

“മനു ആ സർപ്രൈസ് പറയട്ടെ”

“ഏട്ടന്റെ അക്കൗണ്ടിൽ നിന്ന് പോയ ആ എട്ട് ലക്ഷം രൂപ തിരിച്ചു കിട്ടി “

അത് പറയുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു അവൾക്ക്

‘പിന്നെ അതിലും വലിയ സർപ്രൈസ് ഉണ്ട്.. ഏട്ടന് പൂർണ സുഖമായി”

അപ്പോഴേക്കും രമേശൻ സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ഇറങ്ങി മൊബൈലിൽ ആരോടോ സംസാരിക്കുന്നതിനിടയിൽ മനുവിനെ കൈ പൊക്കി അഭിവാദ്യം ചെയ്തു

“മനുവിന്റെ ഒരു ലക്ഷം രൂപ..ദേ ഇത് എന്റെ വക ഒരു ഗിഫ്റ്റ് ആണ്.. തക്ക സമയത്ത് ചെയ്തു തന്ന ഉപകാരത്തിന് “

ക്യാഷിനോടൊപ്പം സുന്ദരമായ ഒരു വാച്ചും കൂടി മനുവിന് നേരെ നീട്ടുമ്പോൾ
മനുവിന്റെ മുഖം വല്ലാണ്ട് വിളറി വെളുത്തിരുന്നു

അപ്പോഴും കാറിന്റെ സൈഡിൽ നിന്നുകൊണ്ട് മൊബൈലിൽ സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു രമേശൻ

“എന്താ മനുവിന്റെ മുഖം പെട്ടന്ന് മാറിയത് “

“ഏയ്‌ ഒന്നും ഇല്ല”

അവന് വാക്കുകൾ കിട്ടുന്നില്ലായിരുന്നു

“ശ്ശെടാ..എനിക്ക് നല്ലത് വരുന്നതാ മനുവിന്റെ സന്തോഷം എന്ന് പറഞ്ഞിട്ട് ഇപ്പൊ പിന്നെ”

“ഒരു തലവേദന പോലെ.. ഞാൻ പോകട്ടെ ദേവികേ..പിന്നെ കാണാം..”

“കാശ് പിടിച്ചു വാങ്ങിക്കൊണ്ട് രമേശനെ കൈ വീശി കാണിച്ചു മനു താൻ വന്ന ബൈക്കിൽ കയറി ധൃതിയിൽ പോയി”

ഫോൺ കട്ട്‌ ചെയ്ത രമേശൻ ദേവികയുടെ അടുത്തേക്ക് വന്നതും ദേവിക ബൈക്കിൽ പോകുന്ന മനുവിനെ തന്നെ നോക്കി നിൽക്കുവായിരുന്നു

“ദേവികേ..നീ അവനെ ഒരുപാട് പൊക്കി പുകഴ്ത്തി പറഞ്ഞപ്പോൾ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞായിരുന്നല്ലോ… പലിശയും കൂട്ട് പലിശയും പ്രതീക്ഷിച്ചു സഹായം ചെയുന്നവരാ ഇന്നത്തെ കാലത്ത് കൂടുതലും കാണാൻ കഴിയുക എന്ന് “

“അതേ ഏട്ടാ…ഏട്ടൻ പറഞ്ഞത് തന്നാ ശരി “

“എന്നാലും ഇങ്ങനെയും ആളുകൾ ഉണ്ടല്ലോ”

തന്റെ കൈകളിൽ പിടി മുറുക്കി ദേവിക അത് പറയുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് രമേശൻ തലയാട്ടി…….