കൂട്ടുകാരൻ അനീഷ് അടുത്ത് വന്നു ചോദിച്ചപ്പോൾ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി…

രചന : അപ്പു

:::::::::::::::::::::

” ഡാ.. നീ വീട്ടിലേക്ക് പോകുന്നില്ലേ..? ഇന്ന് അവിടെ നിന്നെക്കൊണ്ട് എന്തൊക്കെ ആവശ്യങ്ങൾ ഉള്ളതാ.. എന്നിട്ടും ഇങ്ങനെ.. “

കൂട്ടുകാരൻ അനീഷ് അടുത്ത് വന്നു ചോദിച്ചപ്പോൾ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി.. പിന്നെ നോട്ടം മുന്നിൽ കാണുന്ന അനന്തമായ ഇരുട്ടിലേക്കായി..

” ഡാ.. “

അവൻ തോളിൽ കൈ വച്ചു കൊണ്ട് വിളിക്കുമ്പോൾ, അവന്റെ മുഖത്തേക്ക് പോലും നോക്കിയില്ല..

“എന്തിനാടാ ഞാൻ അവിടേക്ക് പോകുന്നത്..? എന്നെ കോമാളിയാക്കി അവിടെ എല്ലാവരും ആഘോഷിക്കുന്നത് കാണാനോ..?”

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം നവീൻ അത് ചോദിക്കുമ്പോൾ അവനെ ആശ്വസിപ്പിക്കാൻ പാകത്തിനുള്ള മറുപടി ഒന്നും അനീഷിന്റെ പക്കലും ഉണ്ടായിരുന്നില്ല..

അല്ലെങ്കിലും സ്വന്തം കൂട്ടുകാരൻ.. അതും കുട്ടിക്കാലം മുതൽ അറിയുന്ന ആത്മാർത്ഥ സുഹൃത്തും, എന്തും ഏതും തുറന്ന് പറഞ്ഞിരുന്ന അനിയത്തിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്ന് ഏറ്റവും അവസാനം അറിയേണ്ടി വരുന്ന ഒരു ഏട്ടന്റെ വേദന.. അത് എങ്ങനെ ആശ്വസിപ്പിക്കാനാണ്..?

“ഇങ്ങനെ മാറിയിരുന്നു എന്ന് കരുതി നടക്കാനുള്ളതൊക്കെ നടന്നില്ലേ..? നീ ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് ആർക്ക് എന്ത് പ്രയോജനമാണുള്ളത്..? അതെങ്കിലും ചിന്തിക്കണ്ടേ..?”

അനീഷ് ചോദിക്കുമ്പോൾ നവീനിൽ നിർവികാരതയായിരുന്നു.

” എന്റെ മനസ്സ് നിനക്ക് മനസ്സിലാവാത്തത് കൊണ്ടാണോ..? അവനെ എന്റെ കൂടെപ്പിറപ്പിനെ പോലെ തന്നെയല്ലേ ഞാൻ കണ്ടത്..? എന്താവശ്യത്തിനും ഞാൻ പറയാതെ തന്നെ ഒപ്പം നിൽക്കുന്ന അവനെ കാണുമ്പോൾ എന്റെ സ്വന്തം അനിയനായി അല്ലെങ്കിൽ ഒരു സഹോദരനായി മാത്രമാണ് ഞാൻ കണക്കാക്കിയത്. പക്ഷേ അപ്പോഴൊക്കെയും അവൻ എന്റെ പെങ്ങളോടുള്ള പ്രണയം ഉള്ളിൽ വച്ചുകൊണ്ടാണ് എന്നോടൊപ്പം നിന്നത് എന്നറിയാൻ ഞാൻ വൈകിപ്പോയി. എന്തിനും ഏതിനും ഏട്ടനോട് അഭിപ്രായം ചോദിക്കുന്ന എന്തും ഏട്ടനോട് തുറന്നുപറയുന്ന പെങ്ങൾ ഒന്നും പറയാതെ മറച്ചുവച്ചിരുന്ന ഒരു കാര്യം ഇതാണെന്ന് ഞാൻ അറിയാതെ പോയി..അവസാനം അവൾക്കൊരു കല്യാണ ആലോചന വന്നു അത് ഉറപ്പിക്കും എന്നൊരു അവസ്ഥയായപ്പോൾ വീട്ടിൽ എല്ലാവരുടെയും മുന്നിൽ വച്ച് അവൾ തുറന്നു പറഞ്ഞു അവൾക്ക് അവനെയാണ് ഇഷ്ടമെന്ന്.അതും പെട്ടെന്നുണ്ടായ ഇഷ്ടം ഒന്നുമല്ല.. ഏകദേശം മൂന്നു നാല് വർഷങ്ങൾ പഴക്കമുണ്ട് ആ പ്രണയത്തിന് എന്ന് അവൾ തുറന്നു പറയുമ്പോൾ എല്ലാവരും എന്നെ നോക്കിയ ഒരു നോട്ടമുണ്ട്.. ഇത്രയൊക്കെ സംഭവിച്ചിട്ടും നീ ഒന്നും അറിഞ്ഞില്ല എന്നൊരു നോട്ടം.. സത്യം പറഞ്ഞാൽ അവിടെ നിന്ന് ഞാൻ ഉരുക്കി പോവുകയായിരുന്നു.. എന്റെ അവസ്ഥ അവൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ..”

നവീന്റെ സങ്കടം അനീഷിന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

അന്ന് നമിത അങ്ങനെ പറഞ്ഞ ദിവസം വീട്ടിൽ നിന്ന് അവൻ ഇറങ്ങി വന്ന് ഈ പാറപ്പുറത്താണ് അഭയം തേടിയത്. അവനെ വീട്ടിൽ കാണാനില്ല എന്ന് പറഞ്ഞു അവന്റെ അമ്മ വിളിക്കുമ്പോൾ അവനെയും തേടിയിറങ്ങി താൻ എത്തിപ്പെട്ടത് ഇവിടെയായിരുന്നു.

ഇവിടെ വച്ചാണ് അവൻ അവന്റെ മനസ്സിലുള്ള സങ്കടങ്ങൾ മുഴുവൻ തന്നോട് തുറന്നു പറഞ്ഞത്.

അനീഷും നവീനും രാഹുലും… ചെറുപ്പം മുതൽക്കേ ഒന്നിച്ചുള്ള കൂട്ടുകാർ.. രാഹുലും നവീനും അടുത്തടുത്ത വീട്ടുകാരും കൂടിയാണ്.

എവിടെ പോവുകയാണെങ്കിലും എന്ത് ചെയ്യുകയാണെങ്കിലും എപ്പോഴും ഒന്നിച്ചുള്ള കൂട്ടുകാർ ആയിരുന്നു അവർ മൂവരും.പക്ഷേ രാഹുലിന്റെ മനസ്സിൽ നമിത ഒരു മോഹമായി വളർന്നു തുടങ്ങിയത് മറ്റു രണ്ടുപേരും അറിഞ്ഞിരുന്നില്ല..!

” അവന് എന്റെ പെങ്ങളെ ഇഷ്ടമാണ് എന്നൊരു വാക്ക് എപ്പോഴെങ്കിലും എന്നോട് തുറന്നു പറയാമായിരുന്നില്ലേ..? എന്നിട്ട് നാട്ടുകാരുടെയും കുടുംബക്കാരുടെയും മുന്നിൽ ഞാനിപ്പോൾ ഒരു കോമാളി ആയില്ലേ..? എന്നോട് പറഞ്ഞാൽ ഞാൻ എതിർക്കും എന്ന് കരുതിയിട്ടാണോ അവർ എന്നോട് പറയാതെ മറച്ചുവെച്ചത്..? “

എന്നൊക്കെ സങ്കടത്തോടെ ചോദിക്കുന്ന അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നുപോലും അനീഷിന് അന്ന് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.

രാഹുലിനോട് ചെറുതായി ദേഷ്യം തോന്നുകയും ചെയ്തിരുന്നു.

നവീന്റെ വീട്ടുകാർക്ക് രാഹുലിന്റെ ആലോചന നല്ലതായി തന്നെയാണ് തോന്നിയത്. കാരണം ഒരേ നാട്ടുകാരാണ് തൊട്ടടുത്ത വീട്ടുകാരാണ് നല്ലൊരു ജോലിയും കാണാൻ സൗന്ദര്യവും ഉള്ള ഒരു ചെറുപ്പക്കാരനാണ്.. എന്തുകൊണ്ട് തങ്ങളുടെ മകൾക്ക് അവൻ ചേരും എന്ന് മാതാപിതാക്കൾക്ക് തോന്നിയിരിക്കണം.

വിവാഹത്തിന്റെ ഓരോ കാര്യങ്ങളായും മുന്നോട്ട് നീങ്ങുമ്പോഴും അതിൽ നിന്നൊക്കെ അകലം പാലിച്ചത് നവീൻ മാത്രമായിരുന്നു. എന്തെങ്കിലും കാര്യത്തിനു വേണ്ടി അച്ഛനോ അമ്മയോ അവനെ സമീപിക്കാൻ സമയമില്ല എന്നൊരു മറുപടിയിൽ ഒതുക്കിക്കൊണ്ട് അവൻ വീട്ടിൽ നിന്ന് ഇറങ്ങി പോരുകയാണ് പതിവ്.

നാളെ അവളുടെ കല്യാണം ഉറപ്പിക്കുകയാണ്.ഇന്ന് തന്നെ അതിഥികളായി ഒരുപാട് പേർ വീട്ടിലെത്തിയിട്ടുണ്ട്. ആ ചടങ്ങുകളിൽ ഒന്നും പങ്കെടുക്കാൻ മനസ്സില്ലാതെ അവൻ ഈ പാറപ്പുറത്ത് അഭയം തേടിയിരിക്കുകയാണ്..

ഇവനെ എങ്ങനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകും എന്നുള്ള കാര്യത്തിൽ അനീഷിന് നല്ല സംശയം ഉണ്ടായിരുന്നു.

അപ്പോഴേക്കും അനീഷിന്റെ ഫോണിലേക്ക് രാഹുലിന്റെ കോള് വന്നു കഴിഞ്ഞു. നവീനെ ഒന്നു നോക്കിയിട്ട് അനീഷ് അവന്റെ അടുത്ത് നിന്ന് മാറി നിന്ന് കോൾ അറ്റൻഡ് ചെയ്തു.

“എടാ നവീൻ കൂടെയുണ്ടോ..? “

കോൾ അറ്റൻഡ് ചെയ്ത ഉടനെ രാഹുലിന് അറിയാൻ ഉണ്ടായിരുന്നത് അത് മാത്രമായിരുന്നു.

“അതറിഞ്ഞിട്ട് നിനക്ക് ഇപ്പോൾ എന്ത് കിട്ടാനാ..?”

അനീഷ് അല്പം ദേഷ്യത്തോടെ തന്നെയാണ് സംസാരിച്ചത്.അവന്റെ ആ മറുപടിയും രാഹുൽ ഒരു നിമിഷം നിശബ്ദനായി

“നിനക്കും അവനും ഒക്കെ എന്നോട് ദേഷ്യം ഉണ്ടാകും എന്ന് എനിക്കറിയാം. പക്ഷേ എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള ഒരു അവസരം എങ്കിലും നിങ്ങൾ എനിക്ക് തരണം..”

രാഹുൽ പറഞ്ഞപ്പോൾ അനീഷിന് വീണ്ടും ദേഷ്യം തോന്നി.

” തോളിൽ കയ്യിട്ടു നടന്നതല്ലേ..? ഈ മൂന്നു നാല് വർഷത്തിനിടയിൽ ഒരിക്കൽപോലും പറയാൻ പറ്റാത്ത എന്ത് കാര്യമാണ് നിനക്ക് ഇപ്പോൾ പറയാനുള്ളത്..? എന്റെ കാര്യം പോട്ടെന്നു വയ്ക്കാം.. പക്ഷേ അവനോ..? നിന്നെ സ്വന്തം കൂടപ്പിറപ്പ് എന്ന് പറഞ്ഞു തന്നെയല്ലേ അവൻ എല്ലാവരുടെയും മുന്നിൽ പരിചയപ്പെടുത്താറ്..? നിന്നോട് അവൻ എത്രത്തോളം സ്നേഹവും അടുപ്പവും ഉണ്ട് എന്ന് മറ്റാരെക്കാളും നന്നായി നിനക്കറിയാവുന്ന ആയിരുന്നില്ലേ..? എന്തിനും ഏതിനും ചേട്ടൻ മതി എന്ന് പറയുന്ന ഒരു പെങ്ങൾ ഉണ്ടായിരുന്നു അവന്. അവൾക്കു പോലും ഒരു വാക്ക് അവനോട് പറയാൻ തോന്നിയില്ലല്ലോ..വീട്ടിൽ എല്ലാവരോടും കാര്യം പറഞ്ഞ കൂട്ടത്തിലാണ് അവനും അതൊക്കെ അറിഞ്ഞത്.അന്ന് അച്ഛനും അമ്മയും ഒക്കെ അവനോട് ചോദിച്ച ഒരു ചോദ്യമുണ്ട്. തോളിൽ കയ്യിട്ടു നടന്ന കൂട്ടുകാരൻ ഇത്രയും ഒപ്പിച്ചിട്ടും നീ ഒന്നും അറിഞ്ഞില്ലേ എന്ന്..? അത് അവനെ എത്രത്തോളം വേദനിപ്പിച്ചു എന്ന് നിനക്കറിയാമോ..? എന്തായാലും രണ്ടാളും കൂടി കൊടുത്ത പണി അവന് ഏറ്റിട്ടുണ്ട്.. അവന്റെ വിഷമം മാറാൻ കുറച്ചു സമയമെടുക്കും.. “

അത്രയും പറഞ്ഞുകൊണ്ട് അനീഷ് ഫോൺ കട്ട് ചെയ്തു. അവനോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും വീട്ടിൽ ഇങ്ങനെയൊരു ചടങ്ങ് നടക്കുമ്പോൾ അവൻ ഒഴിഞ്ഞുമാറി നിന്നാൽ നാട്ടിൽ പലതരത്തിലുമുള്ള സംസാരം വരും എന്ന് അനീഷിന് ഉറപ്പായിരുന്നു.

അതുകൊണ്ടു തന്നെ അവനെ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അനീഷ് വീട്ടിലേക്ക് എത്തിച്ചു.ഉമ്മറത്തിരിക്കുന്ന അച്ഛനെയോ അമ്മയെയോ ശ്രദ്ധിക്കാതെ അവൻ മുറിയിലേക്ക് കയറിപ്പോയി.

കഴിഞ്ഞ കുറച്ചു നാളുകളായി അവൻ തുടരുന്നത് ഈ രീതി തന്നെയാണ് എന്നുള്ളതുകൊണ്ട് തന്നെ അവർക്ക് വിഷമമായിരുന്നു.

“ഏട്ടാ..”

അവൻ മുറിയിൽ കയറിയപ്പോൾ പിന്നിൽ നിന്നുള്ള വിളി കേട്ട് അവൻ ഒരു നിമിഷം നിന്നെങ്കിലും പിന്നീട് അത് ശ്രദ്ധിക്കാതെ അവൻ വാതിൽ അടയ്ക്കാൻ തുടങ്ങി. പക്ഷേ അവനെ തടഞ്ഞുകൊണ്ട് നമിത മുറിയിലേക്ക് കയറി.

“ഏട്ടൻ എന്നോട് സംസാരിച്ചിട്ട് എത്ര ദിവസമായെന്നറിയാമോ..? എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം നടക്കുന്ന ഈ അവസരത്തിൽ എങ്കിലും ഏട്ടന് എന്നോട് മിണ്ടിക്കൂടെ..?”

സങ്കടത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ പുച്ഛത്തോടെ ചിരിച്ചു.

” നിന്നോട് ഒരുപാട് സംസാരിക്കുന്ന നിനക്ക് ആവശ്യത്തിലധികം സ്വാതന്ത്ര്യം തരുന്ന ഒരു ഏട്ടൻ ഉണ്ടായിരുന്നു നിനക്ക്.. ആ ഏട്ടന്റെ നെഞ്ചിൽ ആണ് നീ കത്തിയെടുത്ത് കുത്തിയത്.. മറ്റുള്ളവരുടെ മുന്നിൽ വച്ച് പ്രസ്താവന നടത്തുന്നതിന് ഒരു നിമിഷം മുന്നിലെങ്കിലും നിനക്ക് എന്നോട് പറയാമായിരുന്നില്ലേ..? അങ്ങനെയാണെങ്കിൽ അവരുടെ മുന്നിൽ തലതാഴ്ത്തി നിൽക്കേണ്ട ഒരു അവസരം എനിക്ക് ഉണ്ടാകുമായിരുന്നില്ല.”

സങ്കടത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ കരഞ്ഞു.

“പലപ്പോഴും ഏട്ടനോട് തുറന്നുപറയണമെന്ന് കരുതിയതാണ്. പക്ഷേ പല സാഹചര്യങ്ങൾ കൊണ്ട് പറയാൻ പറ്റാതെ പോയി.. അതിന്റെ കുറ്റബോധം രാഹുലേട്ടന് നന്നായി ഉണ്ട്.. എത്ര തവണ എന്നോട് പറഞ്ഞിട്ടുണ്ട്,ഇതൊക്കെ അറിയുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും എന്ന് പോലും അറിയില്ല.. ഏട്ടനോട് എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞതിനുശേഷം മാത്രമേ വീട്ടിൽ അറിയിക്കു എന്നൊക്കെ ഞങ്ങൾ തീരുമാനിച്ചതാണ്. പക്ഷേ പെട്ടെന്ന് അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ ഇത് തുറന്നു പറയുക അല്ലാതെ എന്റെ മുന്നിൽ മറ്റു വഴികൾ ഒന്നും ഉണ്ടായിരുന്നില്ല.. അതിനുശേഷം എന്തുണ്ടാവുമെന്ന് ഞാൻ ഓർത്തതുമില്ല.. ഏട്ടൻ എന്നോട് ക്ഷമിക്കണം..”

കൈകൂപ്പി കൊണ്ട് പൊട്ടിക്കരയുന്ന അനിയത്തിയെ കണ്ടപ്പോൾ ഒരുപാട് നേരം ഒന്നും പിടിച്ചുനിൽക്കാൻ നവീനു കഴിയുന്നുണ്ടായിരുന്നില്ല..

അവളെ ചേർത്തു പിടിക്കുമ്പോൾ അവൻ ചിരിക്കുന്നുണ്ടായിരുന്നു.

” എന്തായാലും അവന് ഈ ജന്മത്തിൽ കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ പണി നീയാണ്.. അതുകൊണ്ട് മാത്രം അവനെ ഞാൻ ഒന്നും ചെയ്യുന്നില്ല.. “

അവൻ അത് പറഞ്ഞു നിർത്തിയതും നമിത അവന്റെ വയറിൽ പിച്ചിയിരുന്നു.. വേദനകൊണ്ട് അവൻ കരയുന്നതിന്റെയും അവൾ പൊട്ടിച്ചിരിക്കുന്നതിന്റെയും ശബ്ദം കേൾക്കുമ്പോൾ ദിവസങ്ങൾക്ക് ശേഷം ആ വീട്ടിൽ സന്തോഷം കടന്നുവന്നത് അച്ഛനും അമ്മയും അറിയുന്നുണ്ടായിരുന്നു.