രചന : അപ്പു
:::::::::::::::::::::::::::
ഇന്ന് തന്റെ വിവാഹമാണ്.. ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും ഒന്നുമില്ലെങ്കിലും വിവാഹം ഉറപ്പിച്ച ദിവസം മുതൽ ചെറിയൊരു സന്തോഷവും ഉത്സാഹവും ഒന്നും തോന്നാതിരുന്നില്ല..
വളരെ പെട്ടെന്ന് വന്ന ഒരു വിവാഹ ആലോചനയായിരുന്നു ദിലീപിന്റെത്. തന്റെ പാരാമെഡിക്കൽ കോഴ്സിന്‍റെ റിസൾട്ട് വന്നു ആ വിവരം പറയാൻ വീട്ടിലേക്ക് ഓടി വന്നപ്പോൾ അച്ഛൻ തന്നോട് പറഞ്ഞത് ഒരു ചെറുക്കന്റെ ജാതകവുമായി നല്ല പൊരുത്തമാണ് എന്നാണ്..
അല്ലെങ്കിലും തന്റെ ജാതകത്തിൽ എന്തോ പ്രശ്നമുണ്ട് എന്ന് പറഞ്ഞു തനിക്ക് 18 വയസ്സായപ്പോൾ മുതൽ ഓരോ സ്ഥലങ്ങളിലും വിവാഹം ആലോചിക്കുന്നതാണ്. പക്ഷേ പലതും ജാതകം ചേരാതെയും ഇഷ്ടപ്പെടാതെയും ഒക്കെ മുടങ്ങി പോയി.
ഇതിപ്പോൾ ദിലീപിന്റെ ആലോചന വന്നപ്പോൾ അവരുടെ വീടിന്റെ സാഹചര്യവും ഒക്കെയായി അച്ഛന് ഒരുപാട് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പോഴും ജാതകത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നൊരു കാര്യത്തിൽ ഭയം ഉണ്ടായിരുന്നു.
അതുകൊണ്ടാണ് പെണ്ണ് കാണാൻ വരുന്നതിനു മുൻപ് തന്നെ ജാതകം നോക്കാം എന്ന് പറഞ്ഞത്.നോക്കിയപ്പോൾ നല്ല ചേർച്ചയുള്ള ജാതകങ്ങൾ ആണത്രേ..!
പിന്നെ വളരെ പെട്ടെന്ന് തന്നെ പെണ്ണുകാണൽ നടന്നു.പെണ്ണുകാണാൻ വന്ന ദിവസം ദിലീപ് അധികമൊന്നും സംസാരിച്ചിട്ടുണ്ടായിരുന്നില്ല..!
ഞാൻ പഠിച്ച കോഴ്സിനെ പറ്റിയും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചും ഒക്കെ അയാളോട് സംസാരിച്ചിട്ട് ആകെ ഒരു തണുപ്പൻ പ്രതികരണം മാത്രമായിരുന്നു ദിലീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്.
അയാൾക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ എന്ന ഭാവത്തിൽ അയാളെ നോക്കിയപ്പോൾ അയാൾക്ക് പറയാൻ ഉണ്ടായിരുന്നത് മുഴുവൻ തന്റെ വീട്ടിലെ കാര്യങ്ങൾ ആയിരുന്നു..
” എന്റെ അമ്മ ഒരു ടീച്ചർ ആയിരുന്നു. കല്യാണം കഴിഞ്ഞ് കുട്ടികളുമൊക്കെയായി തിരക്കായപ്പോൾ ഞങ്ങളുടെ ഭാവിക്കു വേണ്ടി അമ്മ ജോലി കളഞ്ഞതാണ്.അല്ലെങ്കിലും അവിടെ അമ്മ ജോലിക്ക് പോയിട്ട് വേണ്ടല്ലോ കാര്യങ്ങൾ നടക്കാൻ.. ഒക്കെ പോട്ടെ ഇപ്പോൾ എന്റെ പെങ്ങളെ തന്നെ കണ്ടില്ലേ… അവൾ ഫാമിലിയായിട്ട് അമേരിക്കയിൽ സെറ്റിൽഡാണ്. ബിടെക് വരെ അവൾ പഠിച്ചതാണ്. പക്ഷേ അവൾക്ക് കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ട ഒരു ആവശ്യവുമില്ല. കാരണം അളിയൻ അത്രയ്ക്ക് നല്ല നിലയിലാണ് ഉള്ളത്.. “
അയാൾ അതൊക്കെ പറയുമ്പോൾ തന്റെ കുടുംബത്തിന്റെ സൗഭാഗ്യങ്ങളെ കുറിച്ചാണ് അയാൾ വർണ്ണിക്കുന്നത് എന്ന് അവൾ കരുതി.
എല്ലാംകൊണ്ടും നല്ല ബന്ധം ആയതുകൊണ്ട് തന്നെ അത് ഉറപ്പിക്കാൻ വീട്ടുകാർക്ക് അവളുടെ അനുവാദം പോലും വേണമെന്ന് ഉണ്ടായിരുന്നില്ല.
കാണാൻ സുന്ദരനായ അവനോട് അവൾക്ക് ഇഷ്ടക്കേട് ഒന്നും തോന്നിയതുമില്ല.
കല്യാണം ഉറപ്പിച്ചു കഴിഞ്ഞപ്പോൾ മുതൽ അവൻ ഇടയ്ക്ക് ഫോൺ ചെയ്യാറുണ്ടായിരുന്നു. അപ്പോഴൊക്കെയും അവനു പറയാനുണ്ടായിരുന്നത് അവന്റെ അമ്മയുടെയും സഹോദരിയുടെയും കാര്യങ്ങളായിരുന്നു.
അവർ അങ്ങനെയാണ് ചെയ്യുന്നത് ഇങ്ങനെയാണ് ചെയ്യുന്നത് അങ്ങനെയാണ് സംസാരിക്കുന്നത് എന്നൊക്കെ പറഞ്ഞു അവരെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അവൻ പറയാറുണ്ടായിരുന്നു.
അവൻ അമ്മയോടും സഹോദരിയോടും അത്രത്തോളം അടുപ്പം സൂക്ഷിക്കുന്ന ഒരാളാണ് എന്ന് അവൾ ചിന്തിച്ചു.
പതിയെ പതിയെ അവൻ അവൾക്ക് ഓരോ നിയന്ത്രണങ്ങൾ പറഞ്ഞു തുടങ്ങി.പക്ഷേ അപ്പോഴേക്കും അവൾ അവനിൽ അടിമയായി കഴിഞ്ഞിരുന്നു. അവനോടുള്ള സ്നേഹത്തിൽ അവൾക്ക് കണ്ണു കാണാൻ കഴിയാതെയായി.
ഒരു ദിവസം വൈകുന്നേരം അവൾ കടയിലേക്ക് പോയപ്പോൾ അച്ഛന്റെ സ്കൂട്ടിയും എടുത്തിരുന്നു.
” ഇങ്ങനെയുള്ള പണികളൊക്കെ അച്ഛനെക്കൊണ്ട് ചെയ്യിച്ചാൽ പോരെ..? നീ എന്തിനാ വെറുതെ സ്കൂട്ടിയും ഓടിച്ചു കടയിൽ പോകാൻ പോയത്..?അവിടെ നിൽക്കുന്നവരൊക്കെ നിന്നെ കണ്ടിട്ടുണ്ടാവില്ലെ..?”
അവന്റെ ആ ചോദ്യത്തിൽ അവളോടുള്ള കരുതലാണ് എന്ന് അവൾ കരുതി.
” ഇനി മുതൽ ചുരിദാർ ഇട്ടാൽ മതി കേട്ടോ. ചുരിദാറിട്ട് തന്നെ കാണാൻ വല്ലാത്ത ഒരു ഭംഗിയാണ്.. ജീൻസും ടോപ്പും ഒന്നും നമുക്ക് വേണ്ട.. “
ഒരിക്കൽ ജീൻസും ടോപ്പും ഇട്ട് അവളെ കണ്ടുകഴിഞ്ഞപ്പോൾ അവൻ അഭിപ്രായം പറഞ്ഞു. അതോടെ തനിക്ക് ചേർത്തിട്ടുള്ള വേഷം ചുരിദാർ മാത്രമാണ് എന്ന് അവൾ ഉറപ്പിച്ചു.
അങ്ങനെയങ്ങനെ അവളുടെ ജീവിതത്തിൽ അവൾ പോലും പ്രതീക്ഷിക്കാതെ അവൻ പല മാറ്റങ്ങളും കൊണ്ടുവന്നു. അതൊന്നും ചിന്തിക്കാനുള്ള ബോധം പോലും അവൾക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം.
അതിനിടയിലും അവൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കാൻ പോകുന്നുണ്ടായിരുന്നു.
“എപ്പോഴും ക്ലാസും പഠിത്തവും മാത്രമായി ഇരുന്നാൽ തന്നെ ഞാൻ എപ്പോഴാടോ ഒന്ന് ഫ്രീയായിട്ട് കാണുക..? ഞാൻ ജോലി കഴിഞ്ഞ് വന്നു തന്നോടൊന്നു സംസാരിക്കാൻ എന്ന് കരുതുമ്പോൾ താൻ പഠിക്കുകയായിരിക്കും. നമുക്ക് നമ്മുടേതായ കുറച്ച് സമയം വേണ്ടേ..? താൻ തൽക്കാലം ക്ലാസ്സിന്റെ കാര്യമൊക്കെ മാറ്റി വയ്ക്ക്.നമുക്ക് പിന്നീടാണെങ്കിലും അതിനെക്കുറിച്ച് ആലോചിക്കാമല്ലോ..?”
സ്നേഹത്തോടെ അവൻ അങ്ങനെ പറഞ്ഞപ്പോൾ തന്നോട് സംസാരിക്കാനുള്ള കൊതി കൊണ്ടാണ് അവൻ അങ്ങനെ സംസാരിക്കുന്നത് എന്നാണ് അവൾ കരുതിയത്.
അവന്റെ പഞ്ചാര വാക്കിൽ മയങ്ങി അവൾ ആ കോഴ്സ് പഠിക്കാൻ പോകുന്നത് നിർത്തലാക്കി.അവൻ മാത്രമായിരുന്നു പിന്നീട് അവളുടെ ലോകം.
അവനെ കഴിക്കാൻ ഇഷ്ടമാണ് എന്ന് അവൻ പറയുന്ന ആഹാരങ്ങളൊക്കെ ഉണ്ടാക്കി പഠിക്കുകയും അവനുവേണ്ടി എന്തൊക്കെ ചെയ്തു കൊടുക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും മാത്രമായി അവളുടെ ജീവിതം. അവന്റെ ഫോൺകോളിനു വേണ്ടി കാത്തിരിക്കുകയും അവന്റെ മെസ്സേജുകൾക്കായി കൊതിയോടെ നോക്കുകയും ചെയ്യുന്ന ഒരു പ്രണയിനി മാത്രമായി അവൾ വളർന്നു..
വിവാഹം കഴിഞ്ഞ് അവന്റെ വീട്ടിൽ എത്തിയ ആദ്യ നാളുകളിൽ താൻ പഠിച്ചതും താൻ അറിഞ്ഞതുമായ കാര്യങ്ങൾ അവനോട് പങ്കുവയ്ക്കാൻ അവൾക്ക് വല്ലാത്തൊരു കൗതുകമായിരുന്നു.
ആദ്യമായി അവനുവേണ്ടി ആഹാരം വിളമ്പി നൽകിയപ്പോൾ നന്നായിട്ടുണ്ട് എന്ന് അവൻ പറഞ്ഞ വാക്കിൽ അവൾ പൂത്തുലഞ്ഞു.
അവനെ ഇഷ്ടപ്പെട്ട വിഭവങ്ങൾ ഓരോന്നായി ഉണ്ടാക്കി അവന്റെ മുന്നിൽ കൊണ്ടുവന്ന് വയ്ക്കുമ്പോൾ എത്ര സ്നേഹമുള്ള ഭാര്യ എന്ന് അവന്റെ വീട്ടിൽ ഓരോരുത്തരും പറഞ്ഞു.. ഇങ്ങനെയൊരു ഭാര്യയെ കിട്ടാൻ താൻ പുണ്യം ചെയ്യണം എന്ന് പറഞ്ഞ് അവനും അവളെ പുകഴ്ത്തി.
അതിനിടയിൽ ദിവസങ്ങൾ കടന്നുപോയത് മാസങ്ങൾ പിന്നിട്ടതോ ഒന്നും അവൾ അറിഞ്ഞിരുന്നില്ല.
ഒരിക്കൽ അവളുടെ ഒരു സുഹൃത്തിന് ജോലി കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് വാട്സാപ്പിൽ ഒരു സ്റ്റാറ്റസ് കണ്ടപ്പോഴാണ് താൻ എന്തുകൊണ്ട് ജോലിക്ക് പോകുന്നില്ല എന്നൊരു ചോദ്യം അവളുടെ ഉള്ളിൽ ഉയർന്നത്.
തന്റെ കൂടെയുള്ള പലരും ജോലി കിട്ടി പല സ്ഥലങ്ങളിലും പോയതും പലരും നല്ല നിലയിൽ എത്തിയതും അപ്പോഴാണ് അവൾ ചിന്തിച്ചത്. പഠിക്കുന്ന സമയത്ത് നന്നായി പഠിച്ചിരുന്ന നല്ലൊരു ജോലി വേണം എന്ന് ചിന്തിച്ചിരുന്ന തനിക്കു മാത്രം ഒന്നുമില്ലാതായി എന്നൊരു ചിന്ത അവളെ അടക്കി ഭരിച്ചു.
അന്ന് അവൻ വീട്ടിലേക്ക് വന്നപ്പോൾ അവൾ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
” എനിക്ക് ഇനി പഠിക്കാൻ പോകണം കേട്ടോ.. കുറെ നാളായില്ലേ ഞാൻ ക്ലാസ്സിൽ പോകാതിരിക്കാൻ തുടങ്ങിയിട്ട്..? “
അവൾ പറഞ്ഞപ്പോൾ അവൻ പൊട്ടിച്ചിരിച്ചു.
” താൻ ഇനി പഠിച്ചിട്ട് എന്തിനാണ്..? നമുക്ക് ഇങ്ങനെയൊക്കെ ഇവിടെ കഴിഞ്ഞു കൂടിയാൽ പോരെ..? എന്റെ അമ്മയെയും ചേച്ചിയെയും കണ്ടില്ലേ..? അവരാരും ജോലിക്ക് പോകുന്നില്ലല്ലോ..? ഭർത്താവിന്റെയും മക്കളുടെയും കാര്യം നോക്കി വീട്ടിലിരിക്കുകയല്ലേ അവരൊക്കെ..? ഇതൊക്കെ കല്യാണത്തിന് മുമ്പും ഞാൻ തന്നോട് പറഞ്ഞതല്ലേ..? താൻ പഠിക്കാൻ പോവുകയൊന്നും വേണ്ട.. എന്റെ ഭാര്യ ജോലിക്ക് പോയി കൊണ്ടുവന്നിട്ട് വേണ്ട ഈ കുടുംബം കഴിയാൻ.. തനിക്ക് വേണ്ടിയുള്ളത് കൂടി ഞാൻ സമ്പാദിക്കുന്നുണ്ട്. എന്റെ കാര്യങ്ങൾ നോക്കി ഈ വീട്ടിൽ തന്നെ ഇരുന്നാൽ മതി.. “
അവന്റെ ആ മറുപടിയാണ് അവളെ ചിന്തിപ്പിച്ചത്.
ശരിയാണ് കല്യാണം ഉറപ്പിച്ച ദിവസം മുതൽ അവൻ പലരീതിയിലും തന്നെ ഓരോന്ന് പറഞ്ഞു നിയന്ത്രിക്കുന്നുണ്ട്.. അവന്റെ സൗകര്യത്തിനു വേണ്ടി തന്റെ ക്ലാസ്സ് വരെ അവൻ നിർത്തി. പക്ഷേ അപ്പോഴൊക്കെയും തന്നോടുള്ള സ്നേഹമാണ് അതെന്ന് താൻ തെറ്റിദ്ധരിച്ചു.
അതല്ലെന്ന് മനസ്സിലാക്കാൻ ഇങ്ങനെയൊരു അവസരം വേണ്ടി വന്നു..!
വീട്ടിലേക്ക് വിളിച്ചു പരാതി പറയാം എന്ന് കരുതിയാൽ അവരുടെ സംബന്ധിച്ച് ഏറ്റവും നല്ലൊരു മരുമകനാണ് അവരോടൊപ്പം ഉള്ളത്. താനായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ തനിക്ക് അവിടെയും രക്ഷയുണ്ടാവില്ല എന്ന് അവൾ വേദനയോടെ ഓർത്തു..
തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മുഴുവൻ അവനുവേണ്ടി ബലികൽപ്പിച്ചപ്പോൾ തനിക്ക് ഇങ്ങനെയൊരു വിധി വന്നു ചേരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലല്ലോ എന്ന് ഓർത്തുകൊണ്ട് എണ്ണയിട്ട ചക്രം പോലെ അവൾ അടുക്കളയിലേക്ക് ചലിച്ചു..!