രചന : അപ്പു
:::::::::::::::::::::::
“ഇനിയും ഇയാളെ ഇവിടെ നിർത്തേണ്ട കാര്യമുണ്ടോ..? സുഖമില്ലാത്ത ആളെ അയാളുടെ വീട്ടിൽ പറഞ്ഞു വിടുന്നതല്ലേ മര്യാദ..?”
പ്രിയ അത് ചോദിക്കുമ്പോൾ രാകേഷ് അവളെ രൂക്ഷമായി നോക്കി.
“ഇവിടെ ആ വക കാര്യങ്ങൾ തീരുമാനിക്കാനും എന്താണെന്ന് വെച്ചാൽ ചെയ്യാനും ഞങ്ങൾ കുറച്ചു പേരുണ്ട്. നീ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ നിൽക്കണ്ട..”
അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.
ഇവിടേക്ക് വന്നു കയറിയ ദിവസം മുതൽ കാണുന്നതാണ് വീട്ടുകാരെ പോലെ ഇവിടുത്തെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന മാധവനെ.. അച്ഛന്റെ പഴയ ചങ്ങാതിയാണ് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്..
ഇപ്പോൾ അയാൾക്ക് സുഖമില്ലാതായിട്ടും സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കാതെ ഇവിടെത്തന്നെ നിർത്തിയിരിക്കുകയാണ്..!!
പ്രിയക്ക് അതിൽ വല്ലാത്ത അമർഷം ഉണ്ട്.
ആദ്യമായി മാധവനെ കണ്ട നിമിഷം പ്രിയ ഓർത്തെടുത്തു.
രാകേഷുമായി പ്രിയക്ക് പരിചയം കോളേജ് കാലഘട്ടം മുതൽ ഉള്ളതാണ്.അതൊരു പ്രണയമൊന്നുമായിരുന്നില്ല.
അവൾക്ക് അവനോട് അങ്ങനെയൊരു താല്പര്യം ഉണ്ടായിരുന്നെങ്കിൽ കൂടി അവൻ ഒഴിഞ്ഞു മാറിയതാണ്. അവളുടെ താല്പര്യം അറിഞ്ഞു വച്ചു കൊണ്ടുതന്നെ അവൻ അവൾക്ക് പ്രോത്സാഹനം നൽകാതെ മാറി നടന്നു.
ഒരു സുഹൃത്തിനോടുള്ള അടുപ്പം അല്ലാതെ രാകേഷിന് പ്രിയയോട് മറ്റ് യാതൊരു തരത്തിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ല.
പഠിക്കുന്ന സമയത്ത് തന്നെ താൻ എന്തായി തീരണം എന്നുള്ളതിനെ കുറിച്ച് രാകേഷിന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നു.ആ ലക്ഷ്യത്തിലേക്ക് എത്താൻ വേണ്ടി അവൻ കഠിനമായി പരിശ്രമിച്ചു എന്ന് തന്നെ പറയാം.
പഠനം കഴിഞ്ഞ് ഉടനെ തന്നെ പ്രിയയ്ക്ക് വിവാഹാലോചനകൾ തുടങ്ങിയിരുന്നു. അപ്പോഴൊക്കെയും ഓരോ മുട്ട പോക്ക് ന്യായങ്ങൾ പറഞ്ഞു അവൾ പിടിച്ചു നിന്നു.
വീട്ടിൽ വീണ്ടും വീണ്ടും വിവാഹത്തിന് ചൊല്ലി പ്രഷർ കൂടിയപ്പോഴാണ് അവൾക്ക് രാകേഷിനോട് തോന്നിയ ഇഷ്ടത്തെക്കുറിച്ച് അവൾ വീട്ടിൽ തുറന്നു പറയുന്നത്. വീട്ടുകാർ അന്വേഷിച്ചപ്പോൾ രാകേഷിനെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് കേൾക്കാൻ കഴിഞ്ഞത്.
അതോടെ രാകേഷിനെ മരുമകനായി കിട്ടിയാൽ നല്ലതായിരിക്കും എന്നൊരു ചിന്ത പ്രിയയുടെ അച്ഛനും അമ്മയ്ക്കും തോന്നുകയും ചെയ്തു. അതിന്റെ ഫലമായിട്ട് ആയിരുന്നു അവർ ഒരു വിവാഹാലോചനയുമായി രാകേഷിന്റെ വീട്ടിലേക്ക് വന്നത്.
രാകേഷിന് ഇപ്പോൾ വിവാഹം നോക്കുന്നില്ല എന്നും അവന് കുറച്ചു സമയം കൂടി അനുവദിക്കണം എന്നും ഒക്കെ. അവൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് എന്ന് അവന്റെ വീട്ടുകാർ അവരെ അറിയിക്കുകയും ചെയ്തു.
എന്നാൽ പിന്നെ വിവാഹം നിശ്ചയിച്ച് വച്ചു കൂടെ എന്നായി പ്രിയയുടെ വീട്ടുകാർ..
ആ ചർച്ചകൾക്ക് ഇടയിലാണ് മാധവൻ കയറി വരുന്നത്..
” എന്താ മാധവാ നിന്റെ അഭിപ്രായം..? “
എല്ലാവരുടെയും മുന്നിൽ വച്ച് രാകേഷിന്റെ അച്ഛൻ മാധവനോട് അഭിപ്രായം ചോദിച്ചപ്പോൾ പ്രിയയുടെ വീട്ടുകാർ കരുതിയത് അവരുടെ ഏതോ ബന്ധുവാണ് മാധവൻ എന്നായിരുന്നു.
“മോന്റെ ഇഷ്ടം നോക്കിയിട്ട് എന്താണെന്ന് വെച്ചാൽ ചെയ്താൽ മതി.. ഒന്നിച്ചു ജീവിക്കേണ്ടത് അവരാണല്ലോ.. നമ്മൾ വെറുതെ ഓരോ അഭിപ്രായം പറഞ്ഞിട്ടും ഓരോന്ന് തീരുമാനിച്ചു വച്ചിട്ടും കാര്യമൊന്നുമില്ലല്ലോ..”
മാധവൻ അങ്ങനെ പറഞ്ഞപ്പോൾ അത് ശരിയായ തീരുമാനം ആണെന്ന് രാകേഷിന്റെ അച്ഛനും തോന്നിയിരുന്നു.
അതുകൊണ്ടു തന്നെ രാകേഷിനോട് ആലോചിച്ചിട്ട് എന്താണെന്ന് വെച്ചാൽ ചെയ്യാം എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
വീട്ടിൽ നടന്ന കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ട് രാകേഷ് പ്രിയയെ വിളിച്ചു സംസാരിച്ചിരുന്നു. പരസ്പരം തുറന്നു സംസാരിച്ചതിലൂടെ ഒന്നിച്ച് ഒരു ജീവിതത്തിലേക്ക് പോകാം എന്നുതന്നെ അവർ കണക്കു കൂട്ടി.
എങ്കിൽ പോലും വിവാഹത്തിന് തനിക്ക് കുറച്ചു കൂടി സമയം ആവശ്യമാണെന്ന് രാകേഷ് പറഞ്ഞിരുന്നു.അങ്ങനെയിരിക്കവേ രാകേഷിന്റെ വീട്ടിൽ ഒരു ഫംഗ്ഷനാണ് പ്രിയ ആദ്യമായി ആ വീട്ടിലേക്ക് വരുന്നത്.
വരുംകാല മരുമകളെ നല്ല രീതിയിൽ തന്നെ ആ കുടുംബം സ്വീകരിച്ചു.അതിനിടയിലാണ് പ്രിയ മാധവനെ ശ്രദ്ധിക്കുന്നത്.
എല്ലാവർക്കും ഒപ്പം അയാളും ഡൈനിങ് ടേബിളിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും അടുത്ത ബന്ധുവായിരിക്കും എന്നാണ് അവൾ ചിന്തിച്ചത്.
” ഈ അങ്കിൾ ആരാ..? “
പെട്ടെന്ന് ഡൈനിങ് ടേബിൾ വച്ച് പ്രിയ ചോദിച്ചപ്പോൾ എല്ലാവരും പരസ്പരം നോക്കി.
” ഇത് മാധവേട്ടൻ ആണ്.. നമ്മുടെ ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കുന്നത് ആളാണ്.. ഇവിടത്തെ ഒരു അംഗത്തെ പോലെ തന്നെ.. “
രാജേഷിന്റെ അമ്മയാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.
” ഓ.. പണിക്കാരൻ ആയിരുന്നോ..? എന്നിട്ടാണോ ഒപ്പമിരുത്തി ആഹാരം കൊടുക്കുന്നത്..? ഞങ്ങളുടെ വീട്ടിൽ അങ്ങനെ ഒന്നും അല്ല.. “
പ്രിയ പറഞ്ഞപ്പോൾ രാകേഷ് വിളറി വെളുത്തു. മാധവന്റെ കൈകൾ നിശ്ചലം ആയി.തൊണ്ടയിൽ നിന്ന് ആഹാരം ഇറങ്ങാത്തത് പോലെ അയാൾ വിഷമിച്ചു.
എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് അയാൾ എഴുന്നേറ്റ് പോയി.
” നീ ഇത് എന്ത് വർത്തമാനമാണ് പറഞ്ഞത്..? ഇനി മേലിൽ ഇങ്ങനെ ഒന്ന് ആവർത്തിച്ചാൽ നിന്നെ വേണ്ടെന്ന് വെയ്ക്കാൻ എനിക്ക് മടി ഒന്നുമില്ല.. “
രാജേഷിന്റെ ആ വാക്കുകളെ ഭയന്ന് കൊണ്ട് പിന്നീട് അവൾ മാധവനെ ഒന്നും പറയാൻ മുതിർന്നില്ല.. എങ്കിലും കല്യാണം കഴിഞ്ഞു വന്നപ്പോൾ മുതൽ ആ വീട്ടിൽ അയാൾക്ക് കിട്ടുന്ന സ്വീകാര്യത അവളെ ചൊടിപ്പിച്ചിരുന്നു..!
അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ മാധവൻ കഴിയുന്നതും അവളുടെ മുന്നിൽ ചെന്ന് പെടാറില്ല..!
അതിനിടയിൽ ആണ് ഇപ്പോൾ ഇങ്ങനെ ഒരു സംഭവം..!
മാധവനു രണ്ട് ദിവസമായി നല്ല പനി ഉണ്ട്.. ആശുപത്രിയിൽ ഒക്കെ പോയതാണ്.. പക്ഷെ.. പനിക്ക് ശമനം ഇല്ല.
ഇന്ന് അയാളെ കാണാൻ അയാളുടെ അനിയൻ വന്നിരുന്നു. വീട്ടിലേക്ക് കൂട്ടാൻ അയാൾ തയ്യാറായിരുന്നിട്ടും മാധവനെ രാകേഷിന്റെ വീട്ടുകാർ പറഞ്ഞു വിട്ടില്ല..!
” ഹ്മ്മ്.. ഇതിന് മാത്രം ആരാ അയാൾ..? “
അവൾ സ്വയം ചോദിച്ചു.
ഒരിക്കൽ മാധവനോടുള്ള അവളുടെ പെരുമാറ്റം വളരെ മോശമായപ്പോൾ ആണ് മാധവനും ആ കുടുംബവും തമ്മിലുള്ള ബന്ധം രാകേഷിന്റെ അമ്മ അവൾക്ക് പറഞ്ഞു കൊടുക്കുന്നത്.
രാകേഷിന്റെ അച്ഛൻ ഒരു വക്കീൽ ആണ്.. അദ്ദേഹത്തിന്റെ ഗുമസ്ഥൻ ആയിട്ടാണ് മാധവൻ ആദ്യം എത്തുന്നത്.
എവിടെയും ഏത് സാഹചര്യത്തിലും അദ്ദേഹത്തിന് കൂട്ടായി മാധവൻ ഉണ്ടാകാറുണ്ട്. എത്രയോ അപകടങ്ങളിൽ നിന്ന് അദ്ദേഹം ഒഴിവായത് മാധവൻ കാരണം ആയിരുന്നു.
ഒരിക്കൽ കോടതിയിൽ നിന്ന് തിരികെ വരുന്ന വഴിക്ക് മാധവനും രാജേഷിന്റെ അച്ഛനും സഞ്ചരിച്ചിരുന്ന കാർ കുറച്ചു പേര് തടഞ്ഞു.. രാകേഷിന്റെ അച്ഛൻ ആ സമയത്ത് വാദിച്ച കേസിന്റെ പ്രതി ഭാഗം ആയിരുന്നു അത്.
ഒന്നും രണ്ടും പറഞ്ഞു തുടങ്ങിയ സംസാരം ഒരു അടിപിടിയിലേക്ക് എത്താൻ അധികം സമയം വേണ്ടി വന്നില്ല.
ആ ബഹളത്തിനിടയിൽ രാകേഷിന്റെ അച്ഛനെ കുത്താൻ ശ്രമിച്ചവരെ തടയുന്നതിനിടയിൽ മാധവനു കുത്തേറ്റു. കാര്യമായ അപകടം അദ്ദേഹത്തിന് ആ സംഭവത്തിൽ ഉണ്ടായി കഴിഞ്ഞിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ തിരികെ കിട്ടാൻ സാധ്യത വളരെ കുറവാണ് എന്ന് ഡോക്ടർ പറഞ്ഞിരുന്നു. രണ്ട് കുടുംബങ്ങളുടെ പ്രാർത്ഥനയും ആ ഡോക്ടറിന്റെ കഴിവും കൊണ്ടാണ് അന്ന് മാധവനെ തിരികെ കിട്ടിയത്.
തനിക്ക് വേണ്ടി ജീവൻ പോലും വേണ്ടെന്ന് വെയ്ക്കുന്ന ഒരുവനെ വെറുമൊരു പണിക്കാരൻ മാത്രമായി കണക്കാക്കാൻ രാജേഷിന്റെ അച്ഛൻ തയ്യാറായിരുന്നില്ല. അന്ന് മുതൽ ഈ കുടുംബത്തിലെ ഒരു അംഗം തന്നെ ആണ് മാധവൻ.
അമ്മായിയമ്മ പറഞ്ഞതൊക്കെ കേട്ടപ്പോൾ പ്രിയയ്ക്ക് മാധവനോട് ഉണ്ടായിരുന്ന ദേഷ്യത്തിൽ ഒരു അലിവ് വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
എങ്കിൽ പോലും പെട്ടെന്ന് അയാളോട് എല്ലാവരെയും പോലെ മിണ്ടാനും ഇടപെടാനും ഒന്നും കഴിഞ്ഞെന്ന് വരില്ല.. ഒരു പക്ഷെ അത് അവളുടെ മനസ്സിൽ ആദ്യം തന്നെ തോന്നിയ ഇഷ്ടക്കേട് കൊണ്ട് ആയിരിക്കണം..!
പതിയെ പതിയെ അവളും മാറും.. മാറ്റം കാലാനുസൃതം ആണല്ലോ…!!!