അവർ പറഞ്ഞത് ശ്രദ്ധിക്കാതെ നിൽക്കുന്ന അവനെ കാണുമ്പോൾ അവർക്ക് ദേഷ്യം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…

രചന: അപ്പു

:::::::::::::::::::::

” നീ എന്റെ മോളെ നശിപ്പിക്കാൻ തന്നെ ഉറപ്പിച്ചു ഇറങ്ങിയതാണോ..? അവൾ നിന്നോട് എന്ത് ചെയ്തിട്ടാടാ..? നിന്റെ അനിയത്തി തന്നെ അല്ലെ അവൾ..? “

രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ അമ്മ ചോദിച്ചത് കേട്ട് സച്ചിൻ ഒരു നിമിഷം അവരെ നോക്കി. പിന്നെ അവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് കാലിലേക്ക് ഷൂ എടുത്ത് ഇടാൻ തുടങ്ങി..

” എടാ.. നിന്നോടാ ഞാൻ ചോദിക്കുന്നത്.. “

അവർ പറഞ്ഞത് ശ്രദ്ധിക്കാതെ നിൽക്കുന്ന അവനെ കാണുമ്പോൾ അവർക്ക് ദേഷ്യം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..!

” അല്ലെങ്കിൽ തന്നെ സ്വന്തം പെങ്ങൾ അല്ലല്ലോ അല്ലെ.. അപ്പോ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.. “

അവർ പറഞ്ഞത് കേട്ട് ഉള്ളിൽ വേദന തോന്നിയെങ്കിലും ഒന്നും മിണ്ടാതെ അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. അവൻ ഗേറ്റ് കടന്നു പോകുന്നത് കണ്ടപ്പോൾ അവർ അരിശത്തോടെ അകത്തേക്ക് പാഞ്ഞു..

” നിങ്ങളുടെ മോനോട് മര്യാദയ്ക്ക് പറഞ്ഞ് മനസ്സിലാക്കണം എന്റെ കൊച്ചിനെ ഇങ്ങനെ കൊണ്ട് നടന്ന് കേടാക്കരുത് എന്ന്.. “

ഉറഞ്ഞു തുള്ളി കൊണ്ട് സാവിത്രി മഹേന്ദ്രന്റെ മുന്നിലേക്ക് ചെന്നു. അയാൾ അവരെ ഒന്നു നോക്കിക്കൊണ്ട് പത്രം വായിക്കുന്നത് തുടർന്നു.

അവര് പറയുന്നത് മറ്റാരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതോടെ ദേഷ്യത്തോടെ അടുക്കളയിലേക്ക് നടന്നു.

ബൈക്കിൽ ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയിൽ സച്ചിന്റെ മനസ്സിൽ ഉണ്ടായിരുന്നത് മുഴുവൻ അമ്മ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

താൻ എങ്ങനെയാണ് തന്റെ അനിയത്തിയെ കൊണ്ടുനടന്നു കേടാക്കുന്നത് എന്ന് അവന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല..

അവൾക്കിഷ്ടപ്പെട്ട കോഴ്സ് പഠിക്കാൻ വിടുന്നതും അവൾക്ക് ഡ്രൈവിംഗ് ഇഷ്ടമാണ് എന്ന് പറഞ്ഞതുകൊണ്ട് ഡ്രൈവിംഗ് പഠിപ്പിക്കാൻ വിട്ടതും ഒക്കെ എന്തുകൊണ്ടാണ് ഇത്രയും വലിയ മഹാപരാധമായി മാറുന്നത്..?

എന്തൊക്കെ പറഞ്ഞാലും അമ്മയുടെ ഇത്തരം ചിന്താഗതിയിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല എന്ന ചിന്തച്ചതോടെ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ അവൻ തന്റെ തിരക്കുകളിലേക്ക് അലിഞ്ഞു ചേർന്നു.

വൈകുന്നേരം സച്ചിൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീട്ടിലെ സ്ഥിതിഗതികൾ കണ്ടിട്ട് അവിടെ കാര്യമായി എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് എന്ന് അവന് തോന്നിയിരുന്നു.

പതിവില്ലാത്ത വിധം അവിടെ ആകെ മൂകത തളം കെട്ടി നിൽക്കുകയായിരുന്നു. എല്ലാവർക്കും എന്തുപറ്റി എന്ന് ചിന്തിച്ചുകൊണ്ട് അവൻ മുറിയിലേക്ക് പോയി ഫ്രഷ് ആയി വന്നു.

അപ്പോഴേക്കും അവന്റെ മുന്നിലേക്ക് ചായ എത്തിയിരുന്നു. ചായ കൊണ്ടുവച്ചപ്പോൾ അവൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി. ആ മുഖത്ത് വലിയ തെളിച്ചം ഒന്നും കാണാനില്ല..

താൻ ജോലിക്ക് പോയ സമയം കൊണ്ട് ഇവിടെ എന്ത് സംഭവിച്ചു..?

സച്ചിൻ ചിന്തയിലാണ്ടു.

” പുന്നാര അനിയത്തിയുടെ പുതിയ വിശേഷം ഒന്നും അറിഞ്ഞില്ലായിരുന്നോ..? “

അമ്മ ചോദിച്ചത് കേട്ട് അവൻ ചിന്തയിൽ നിന്ന് ഉണർന്നു കൊണ്ട് അമ്മയെ നോക്കി.

” അവൾക്ക് ഏതോ ഒരുത്തനോട് പ്രേമമായിരുന്നു അത്രേ.. ഇപ്പോ വേറെ എന്തൊക്കെയോ ഗുലുമാൽ ഒപ്പിച്ചു വന്നിട്ടുണ്ട്.. വന്ന നേരം മുതൽ മുറിയും അടച്ച് അകത്തു കയറിയിരിക്കുന്നതാണ്. ചേട്ടൻ തന്നെ ആയിരിക്കുമല്ലോ ഇതിനൊക്കെ അനിയത്തിക്ക് സപ്പോർട്ട് നിന്നത്..? അതുകൊണ്ട് എന്താണെന്ന് വെച്ചാൽ ആലോചിച്ച് ഒരു തീരുമാനം ഉണ്ടാക്കു..”

അമ്മ പറഞ്ഞത് കേട്ട് സച്ചിൻ തരിച്ചിരുന്നു പോയി.

അവൾക്ക് പ്രണയമോ..? ഒരിക്കൽപോലും അവൾ അങ്ങനെയൊന്നും പറഞ്ഞു താൻ കേട്ടിട്ടില്ല..!എന്നിട്ടിപ്പോൾ..!!

അവന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

ചായ കുടിക്കുന്നത് മതിയാക്കി അവൻ എഴുന്നേറ്റ് അനിയത്തിയുടെ മുറിയിലേക്ക് നടന്നു. ഡോറിൽ തട്ടി അവനെ കുറച്ച് നിമിഷങ്ങൾ കാത്തു നിൽക്കേണ്ടി വന്നു.

മുറിയുടെ വാതിൽ തുറന്നു അനിയത്തി മുന്നിൽ അവൻ നിൽക്കുന്നത് കണ്ടപ്പോൾ ഒന്ന് പകച്ചു.

“എന്താ ചേട്ടാ..?”

അവൾ ചോദിച്ചപ്പോൾ അവൻ നെറ്റി ചുളിച്ചു.

“നിനക്ക് കോളേജിൽ എന്തായിരുന്നു പ്രശ്നം..? അവിടെ അമ്മ എന്തൊക്കെയോ പറയുന്നുണ്ടല്ലോ..”

അവൻ ചോദിച്ചപ്പോൾ അവൾ ചിരിച്ചു.

” എന്റെ ചേട്ടാ പ്രത്യേകിച്ച് പ്രശ്നൊന്നുമില്ല.. ഞാൻ ചേട്ടനോട് പറഞ്ഞിട്ടില്ലേ ഒരു കിരണിന്റെ കാര്യം..? എനിക്ക് അവനോട് ഒരു അടുപ്പം തോന്നി എന്നുള്ളത് ശരിയാണ്. അവനെ എന്നോടും അതേ താൽപര്യമുണ്ട് എന്നറിഞ്ഞപ്പോൾ എന്നാൽ ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് മാത്രമേ കരുതിയുള്ളൂ.. പക്ഷേ അതിനിടയ്ക്ക് അവനൊരു കുഴപ്പം കാണിച്ചു.. എന്നെ കയറിപ്പിടിച്ച് ഉമ്മ വയ്ക്കാൻ നോക്കി. എനിക്കത് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവന്റെ കരണത്ത് തന്നെ ഒന്ന് പൊട്ടിക്കേണ്ടി വന്നു. അത് ആരാണ്ടൊക്കെയോ കണ്ടിട്ട് പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞു. കേട്ടപാതി കേൾക്കാത്ത മതി ആ മനുഷ്യൻ ഞങ്ങളെ രണ്ടിനെയും വിളിച്ച് എന്നെ കുറെ ഉപദേശിച്ചു. ഉപദേശം സഹിക്കാൻ വയ്യാതായപ്പോൾ എന്റെ വായിൽ തോന്നിയത് ഞാനും പറഞ്ഞു. അതിനിടയിൽ ഏതോ ഒരു ടീച്ചർ വിളിച്ച് അമ്മയോട് എന്തൊക്കെയോ പറഞ്ഞു കൊടുത്തു. അതിൽ ഒരു കാര്യം മാത്രം എനിക്ക് ഉറപ്പാണ് കോളേജിൽ നടന്ന സംഭവം ഒഴികെ എന്റെ ബാക്കിയുള്ള കുറ്റങ്ങളും മുഴുവൻ അമ്മയുടെ മുന്നിലെത്തിക്കാൻ ആ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട്.”

നെടുവീർപ്പ് ഇട്ടുകൊണ്ട് അവൾ പറഞ്ഞപ്പോൾ അവന് ചിരി വന്നു.

” അത് ശരി ഇവളോട് ചോദിക്കാൻ വന്നിട്ട് രണ്ടുപേരും കൂടി ഇവിടെ നിന്ന് ചിരിച്ചു വർത്താനം പറയുകയാണോ..? ഏതോ ഒരു ചെറുക്കന്റെ കരണം അടിച്ചു പൊളിച്ചിട്ട് വന്നു നിൽക്കുന്ന അനിയത്തിയോട് അതിന്റെ കാരണം ചോദിക്കാതെ അവളെ പ്രോത്സാഹിപ്പിക്കുന്നു..അതെങ്ങനെയാ അവൾ എങ്ങനെയായാലും നിനക്ക് നഷ്ടമൊന്നുമില്ലല്ലോ.. സ്വന്തം അമ്മയിൽ നിന്നുണ്ടായ അനിയത്തി ഒന്നുമല്ലല്ലോ.. “

അവർ അതുതന്നെ ആവർത്തിച്ചു പറയുമ്പോൾ അവന് വല്ലാത്ത വേദന തോന്നുന്നുണ്ടായിരുന്നു.

” അമ്മേ.. നിങ്ങളെ ഞാൻ ഈ നിമിഷവും അമ്മ എന്ന് തന്നെയല്ലേ വിളിക്കുന്നത്..? ശരിയാണ് എന്നെ പ്രസവിച്ചത് നിങ്ങളല്ല.. പക്ഷേ എന്റെയും ഇവളുടെയും അച്ഛൻ ഒരാൾ തന്നെയാണല്ലോ. ഇവൾ ജനിച്ചപ്പോൾ മുതൽ എന്റെ അനിയത്തി എന്ന് തന്നെയാണ് ഇവളെക്കുറിച്ച് ഞാൻ കണക്കാക്കുന്നത്. ഇവളുടെ ഏതു കാര്യത്തിലും നിങ്ങളെപ്പോലെ തന്നെ ആകുലതയും ഒക്കെ എനിക്കുമുണ്ട്. അമ്മ പറയുന്നതുപോലെ അവൾ വഴിതെറ്റി പോകാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ല. അവളെ വണ്ടിയോടിക്കാൻ പഠിപ്പിച്ചതും അവൾക്ക് ഇഷ്ടമുള്ള കോഴ്സ് പഠിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ അതിനെ സപ്പോർട്ട് ചെയ്തു ഒക്കെ ഏതൊരു വ്യക്തിയെയും ചെയ്യുന്നതുപോലെ മാത്രമേയുള്ളൂ. അല്ലാതെ അമ്മ അതിന് വേറെ അർത്ഥങ്ങളൊന്നും കണ്ടെത്താൻ നിൽക്കണ്ട.. പിന്നെ ഇപ്പൊ അമ്മ പറഞ്ഞ കാര്യം.. ആ ചെറുക്കനെ അവൾ അടിച്ചിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണവും ഉണ്ട്. അവൾ ഇവിടെ വന്ന് ഈ നിമിഷം വരെ അമ്മ അവളോട് എന്തിനാണ് നീ ഇത് ചെയ്തത് എന്ന് ചോദിച്ചിട്ടുണ്ടോ..? അവളെ കയറി പിടിച്ച് ഉമ്മ വയ്ക്കാൻ ശ്രമിച്ചവനെ അടിക്കുകയല്ലാതെ പൂവിട്ട് പൂജിക്കണം എന്നാണോ..? “

അവൻ ചോദിച്ചപ്പോൾ ഞെട്ടലോടെ അവർ മകളെ നോക്കി. അവരെ ശ്രദ്ധിക്കാതെ നിൽക്കുന്ന അവളെ കണ്ടപ്പോൾ അവർക്ക് ഉള്ളം നീറി.

” അമ്മ പറഞ്ഞപോലെ അവളെ പഠിപ്പിച്ച തോന്ന്യാസത്തിൽ ഒന്നുതന്നെയാണ് അതും. അവളുടെ സമ്മതമില്ലാതെ ഏതെങ്കിലും ഒരുത്തൻ അവളെ കയറി പിടിച്ചാൽ അവനിട്ടു രണ്ടു പൊട്ടിച്ചോളാൻ ഞാൻ തന്നെയാണ് പറഞ്ഞത്. അവന്റെ ബാക്കി എന്തുവന്നാലും അവൾക്ക് ഈ ചേട്ടൻ ഉണ്ട്. അവളുടെ കൈയിൽ നിൽക്കാത്ത എന്ത് പ്രശ്നമാണെങ്കിലും എന്നോട് പറഞ്ഞാൽ അതിന്റെ പരിഹാരം ഞാൻ കണ്ടു പിടിച്ചു കൊടുക്കാമെന്ന് അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്.അവൾ ഈ ചെയ്തതിന് അവന്റെ കൂട്ടുകാർ ആരെങ്കിലും പ്രതികാരത്തിന് വരും എന്ന് കരുതിയിട്ടാണ് അമ്മ ഇങ്ങനെ ബഹളം വയ്ക്കുന്നതെങ്കിൽ നട്ടെല്ല് ഉറപ്പുള്ള ഒരു ചേട്ടൻ ഉണ്ട് അവൾക്ക്..”

അത്രയും പറഞ്ഞുകൊണ്ട് അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ ഓരോ നിമിഷവും അവനെ തെറ്റിദ്ധരിച്ചതിനും കുറ്റപ്പെടുത്തിയതിനും അവരുടെ മനസ്സ് അവരെ തന്നെ ശാസിക്കുന്നുണ്ടായിരുന്നു..!!