രചന : അപ്പു
::::::::::::::::::::
” ദയവു ചെയ്ത് ഇനി എന്റെ പിന്നാലെ വരരുത്..എനിക്ക് നിങ്ങളെ വേണ്ട.. കുഞ്ഞുമായി എനിക്ക് യാതൊരു ബന്ധവുമില്ല.. നിങ്ങൾ അതിന് വളർത്തുകയോ തിന്നുകയോ എന്താണെന്ന് വെച്ചാൽ അങ്ങനെ ചെയ്തോ.. “
അത്രയും പറഞ്ഞുകൊണ്ട് യാതൊരു കുറ്റബോധവും ഇല്ലാതെ അവൾ കാമുകന്റെ കൈകളിലേക്ക് കോർത്തു പിടിച്ചു.
കുഞ്ഞു അവളെ നോക്കി അലമുറയിട്ട് കരയുന്നത് അവൾ കണ്ടില്ലെന്ന് നടിച്ചു.
” നീ എന്നെ വേണ്ടെന്നു വച്ചോ.. പക്ഷേ ഒന്നും അറിയാത്ത നമ്മുടെ മോള് എന്ത് തെറ്റാ ചെയ്തത്..? മുലപ്പാലിന്റെ മണം പോലും മാറാത്ത ഈ കുഞ്ഞിനെ വിട്ട്, മൂന്നുമാസം മുന്നേ കണ്ട കാമുകന്റെ കൂടെ ഓടി പോകാൻ നിനക്ക് എങ്ങനെ കഴിയുന്നു..?”
ദയനീയമായി അവളുടെ ഭർത്താവ് ചോദിച്ചപ്പോൾ അവൾ അവനെ പുച്ഛത്തോടെ നോക്കി.
” നിങ്ങൾക്ക് ഇല്ലാത്ത പല മേന്മയും ഗുണങ്ങളും അവനുണ്ട് എന്ന് അറിഞ്ഞു കൊണ്ടാണ് അവനോടൊപ്പം പോകാൻ ഞാൻ തീരുമാനിച്ചത്. നിങ്ങൾ ഇനി എന്തൊക്കെ കണ്ണീർ നാടകങ്ങൾ കളിച്ചാലും എന്റെ മനസ്സിന് യാതൊരു വ്യത്യാസവും വരാൻ പോകുന്നില്ല. ഇവിടെ നിന്ന് സമയം കളയുന്നതിന് പകരം എങ്ങോട്ടാണെന്ന് വെച്ചാൽ പോകാൻ നോക്ക്..”
അത്രയും പറഞ്ഞുകൊണ്ട് തേങ്ങി കരയുന്ന കുഞ്ഞിന്റെ മുഖത്തേക്ക് പോലും നോക്കാതെ അവൾ കാമുകന്റെ കയ്യും പിടിച്ച് അവനു വേണ്ടി കാത്തു നിന്നിരുന്ന എയർപോർട്ട് ടാക്സിയുടെ അടുത്തേക്ക് നടന്നു.
ആ കാഴ്ച കണ്ട് കുഞ്ഞിനോടൊപ്പം അവനും അലമുറയിട്ടു കരയുന്നുണ്ടായിരുന്നു.
നാട്ടിൽ നിന്ന് പലപ്പോഴായി അമ്മയുടെയും പെങ്ങളുടെയും ഫോൺകോളുകൾ വന്നപ്പോൾ അവരൊക്കെയും ഒരേ സ്വരത്തിൽ തന്നോട് പറഞ്ഞതാണ് അവളുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ കാണുന്നുണ്ട് എന്ന്.ഒരിക്കൽ പോലും അവളോട് അതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല.കാരണം അത്രത്തോളം വിശ്വാസം ആയിരുന്നു അവളെ..!
നാലഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം സ്വന്തമാക്കിയ അവളെ തള്ളിക്കളയാൻ അവനു കഴിയില്ലായിരുന്നു.
പ്രണയിക്കുന്ന സമയത്ത് അവൾ അവനോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം അവളെ വിവാഹം കഴിക്കണം എന്ന് മാത്രമായിരുന്നു.ക്യാമ്പസ് പ്രണയമായി അതിനെ തള്ളിക്കളയാൻ പറ്റാത്തതു കൊണ്ട് തന്നെ അവൾക്ക് അവൻ വാക്ക് കൊടുത്തിരുന്നു. ഏത് പ്രതികൂല സാഹചര്യത്തിൽ ആണെങ്കിലും അവളെ അവൻ വിവാഹം ചെയ്തിരിക്കുമെന്ന്.
അവളെ സ്വന്തമാക്കണമെന്ന് ഒരു ലക്ഷ്യം മാത്രം മനസ്സിൽ ഉണ്ടായിരുന്നതു കൊണ്ടാണ് തുടർന്നു പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ഡിഗ്രി കഴിഞ്ഞ ഉടനെ അച്ഛന്റെ പരിചയത്തിൽ ഒരാൾ വഴി വിസ സംഘടിപ്പിച്ച് ഗൾഫിലേക്ക് ചേക്കേറിയത്.
തന്റെ ആ തീരുമാനത്തെ വീട്ടിൽ എല്ലാവരും എടുത്തപ്പോഴും തന്റെ പ്രണയം സ്വന്തമാക്കണമെന്ന് അവരോട് ഉറപ്പിച്ചു പറഞ്ഞത്. എന്റെ ആഗ്രഹം തന്നെയായിരുന്നു അവരുടെയും ആഗ്രഹം.
വിദേശത്തേക്ക് പോയിട്ടും അവളുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നില്ല. എല്ലാ ദിവസവും അവളെ വിളിക്കാറുണ്ടായിരുന്നു. മെസ്സേജിലൂടെയും ഫോൺകോളിലൂടെയും തങ്ങൾ തമ്മിലുള്ള അകലം പൂർണ്ണമായും ഇല്ലാതാകുന്നത് അറിയുന്നുണ്ടായിരുന്നു.
ഒരിക്കൽ അവൾ വിളിച്ചപ്പോൾ വല്ലാത്ത പരിഭ്രാന്തിയോടെയാണ് സംസാരിച്ചത്.
“ഗോകുൽ ഇവിടെ വീട്ടിൽ ആകെ പ്രശ്നമാണ്.. അച്ഛൻ എന്റെ ജാതകം പോയി നോക്കി എന്ന് പറയുന്നുണ്ടായിരുന്നു. ജാതകപ്രകാരം ഈ അടുത്ത് തന്നെ എന്റെ വിവാഹം നടക്കണം എന്നൊക്കെയാണ്. അത് കേട്ടപ്പോൾ തന്നെ അച്ഛൻ വിവാഹാലോചനകൾ തുടങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നാലോചിക്കാൻ പോലും സമയം തരാതെ ഇന്ന് രാവിലെ തന്നെ ഒരു കൂട്ടർ കാണാൻ വരുകയും ചെയ്തു.അച്ഛന് പരിചയമുള്ള ആളുകളാണെന്ന് പറഞ്ഞു കേട്ടു.ജാതകത്തിൽ ചേർച്ചയുണ്ടെന്നും പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ മിക്കവാറും അച്ഛൻ ഈ ബന്ധം ഉറപ്പിക്കാൻ ആണ് സാധ്യത. എന്തെങ്കിലുമൊക്കെ ചെയ്യണം..”
അവൾ പറഞ്ഞത് കേട്ടപ്പോൾ തനിക്കും വല്ലാത്തൊരു ഷോക്കായിരുന്നു.അവളെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം എന്താണ് അതിനൊരു പ്രതിവിധി എന്ന് കൂടി മനസ്സ് ആലോചിക്കുന്നുണ്ടായിരുന്നു.
എന്തായാലും കാര്യങ്ങളൊക്കെ വീട്ടിൽ അറിയിക്കണം എന്ന് തന്നെ ഉറപ്പിച്ചു.
അച്ഛനെ വിളിച്ച് കാര്യം പറയാൻ ചെറിയൊരു ജാള്യത ഉണ്ടായിരുന്നു. അല്ലെങ്കിലും ആൺകുട്ടികൾക്ക് തുറന്നു പറയാൻ സ്വാതന്ത്ര്യം അമ്മയോട് ആണല്ലോ.. താനും ആ വഴി തന്നെയാണ് സ്വീകരിച്ചത്.
അമ്മക്ക് കാര്യങ്ങളെക്കുറിച്ച് നേരത്തെ തന്നെ ഒരു സൂചന കൊടുത്തിട്ടുള്ളത് കൊണ്ട് സംസാരം കുറച്ചു കൂടി എളുപ്പമായി.
കാര്യങ്ങളൊക്കെ പറഞ്ഞു കേട്ടപ്പോൾ ഞാൻ അച്ഛനോട് സംസാരിക്കാം എന്ന് പറഞ്ഞ് അമ്മ ഫോൺ കട്ട് ചെയ്തു. പിന്നീട് അമ്മ വിളിക്കുന്നത് വരെയും തനിക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു.
വിവാഹപ്രായമാകാത്ത മകൻ തന്റെ വിവാഹത്തെക്കുറിച്ച് വീട്ടിൽ സംസാരിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന എതിർപ്പുകൾ ഒക്കെ താൻ മനസ്സിൽ കണ്ടിരുന്നു.
അമ്മയുടെ നമ്പർ ഫോണിൽ തെളിഞ്ഞപ്പോൾ ആകാംക്ഷയോടെയാണ് ഫോണെടുത്തത്. സംസാരിച്ചു തുടങ്ങിയപ്പോഴാണ് മറുവശത്തുള്ളത് അച്ഛനാണ് എന്ന് മനസ്സിലായത്.
” എനിക്ക് ഒരു കാര്യത്തിൽ മാത്രം ഉറപ്പു കിട്ടണം. കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ഇവിടെ രണ്ടുപേരും തമ്മിൽ തല്ലു കൂടുന്നത് ഞങ്ങൾ കാണരുത്. അവസാനം വരെയും സ്നേഹിച്ചു മുന്നോട്ടു പോകാൻ പറ്റുമെങ്കിൽ മാത്രം ആ പെൺകുട്ടിയുടെ വീട്ടിൽ പോയി സംസാരിക്കാൻ ഞാൻ തയ്യാറാണ്. അല്ലാതെ ഈ പ്രായത്തിൽ തോന്നുന്ന പൊട്ടബുദ്ധിക്ക് കല്യാണവും കഴിച്ച് പിന്നീട് രണ്ടുപേരും പരസ്പരം തല്ലുപിടിച്ച് പിരിയുന്നതിനേക്കാൾ നല്ലതാണ് ഇപ്പോൾ പിരിയുന്നത്. എന്താണ് നിന്റെ തീരുമാനം..? “
അച്ഛൻ അത് ചോദിക്കുമ്പോൾ തനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.
“അച്ഛാ ഒരുമിച്ച് ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.ഏത് സാഹചര്യത്തിൽ ആണെങ്കിലും ഞാൻ ഒപ്പമുണ്ടായാൽ മതി എന്ന് മാത്രമാണ് അവളുടെ ആഗ്രഹം..”
അച്ഛനോട് അത് തുറന്നു പറഞ്ഞപ്പോൾ അദ്ദേഹം ദീർഘമായി ഒന്ന് മൂളി. പിന്നീട് ഫോൺ കട്ടായി കഴിഞ്ഞപ്പോൾ അച്ഛന്റെ തീരുമാനം എന്തായിരിക്കും എന്നറിയാൻ വല്ലാത്തൊരു വെപ്രാളം ഉണ്ടായിരുന്നു.
അന്ന് വൈകുന്നേരം അവൾ വിളിച്ചത് മറ്റൊരു വാർത്തയുമായിട്ടായിരുന്നു.
“നിന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു. ഇവിടെ അച്ഛനോടൊക്കെ കാര്യം സംസാരിച്ചിട്ടുണ്ട്. കുറേസമയം അച്ഛൻ എതിർത്തു നിന്നെങ്കിലും അവസാനം നിന്റെ അച്ഛൻ എന്തൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.നീ വന്നു കഴിഞ്ഞു നിശ്ചയവും കല്യാണവും നടത്താം എന്നൊക്കെ പറയുന്നുണ്ട്. എന്തായാലും താങ്ക്യൂ സോ മച്ച് .. ഇത്രയും സ്നേഹമുള്ള ഒരു കുടുംബത്തിലേക്ക് എന്നെക്കൂടി പിടിച്ചു കയറ്റാൻ നീ ശ്രമിക്കുന്നുണ്ടല്ലോ..”
അന്ന് അവൾ പറഞ്ഞത് തനിക്ക് വല്ലാത്തൊരു സന്തോഷം പകരുന്ന വാർത്തയായിരുന്നു.
പിന്നീട് തനിക്ക് ലീവ് കിട്ടുന്നതു വരെ രണ്ടു കുടുംബവും കാത്തിരുന്നു.നാട്ടിലെത്തി കഴിഞ്ഞപ്പോൾ അവളെ പോയി കാണാൻ തന്നെകാൾ ആവേശം തന്റെ അമ്മയ്ക്ക് ആയിരുന്നു.
കാരണം ആ കാലയളവ് കൊണ്ട് തന്നെ അവർ തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു കഴിഞ്ഞിരുന്നു. പിന്നീട് അധികം താമസിയാതെ അവൾ തന്റെ ജീവിത സഖിയായി. വിവാഹം കഴിഞ്ഞ് അധിക നാളുകൾ അവളോടൊപ്പം ചെലവഴിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല.
താൻ തിരികെ ഇവിടെ എത്തി ഒരു മാസം കഴിഞ്ഞപ്പോഴാണ് അവളുടെ ഉള്ളിൽ ഞങ്ങളുടെ പ്രണയത്തിന്റെ അംശം ഉണ്ടെന്ന് അറിയാൻ കഴിയുന്നത്. അതോടെ നിലത്തുമായിരുന്നില്ല..
പ്രസവത്തിന് അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.പിന്നീട് അവൾ തന്റെ വീട്ടിലേക്ക് വരുന്നത് കുഞ്ഞിന് 90 ദിവസം പ്രായമുള്ളപ്പോഴാണ്. പക്ഷേ ആ സമയത്ത് വന്ന അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടെന്ന് അമ്മ പറഞ്ഞതായിരുന്നു. എന്നാൽ പ്രസവശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന ഹോർമോൺ ചേഞ്ച് ആയിരിക്കും അത് എന്ന് പറഞ്ഞ് അമ്മയെ പറഞ്ഞു മനസ്സിലാക്കാൻ താൻ ശ്രമിച്ചു.
പക്ഷേ ദിവസങ്ങൾ കടന്നു പോയതോടെ അവളുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടെന്ന് അമ്മയും സഹോദരിയും ഒക്കെ പറഞ്ഞു തുടങ്ങി. അതൊക്കെ അവരുടെ തോന്നലാണ് എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
അധികം വൈകാതെ അവൾക്ക് എന്റെ അടുത്തേക്ക് വരണം എന്നു പറഞ്ഞു ബഹളം തുടങ്ങി. കുഞ്ഞിന് ഇവിടത്തെ കാലാവസ്ഥയുമായി അനുസരിച്ച് പോകാൻ ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞു നോക്കിയിട്ടും അവൾക്ക് ഇവിടെ വന്നേ പറ്റൂ എന്ന് അവൾ വാശി പിടിച്ചു.
അവളുടെ വാശി കാരണമാണ് കുഞ്ഞിനെയും കൂട്ടി അവൾക്ക് ഇവിടേക്ക് വരാനുള്ള അനുവാദം കൊടുത്തത്. പക്ഷേ അത് കാമുകനുമായി ഒളിച്ചോടി പോകാനുള്ള അവസരമായി അവൾ മുതലെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല..!
ആലോചിക്കുമ്പോൾ ഗോകുലിന് തല പെരുക്കുന്നുണ്ടായിരുന്നു.
അമ്മയില്ലാതെ ഈ പൊടി കുഞ്ഞിനെയും കൊണ്ട് താൻ എന്ത് ചെയ്യും എന്ന് ഓർത്തു കൊണ്ട് അവൻ ആ എയർപോർട്ടിൽ തളർന്നിരുന്നു.
എന്നാൽ മറുവശത്ത് അവൾ കാമുകനോടൊപ്പം സന്തോഷവതിയായിരുന്നു. തനിക്ക് ഈ ലോകത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം അവനാണ് എന്ന് അവൾ ഉറച്ചു വിശ്വസിച്ചു.
പക്ഷേ അപ്പോഴും അവൻ മറ്റൊരു ഇരയെ കുടിക്കാൻ വല നെയ്യുകയാണ് എന്ന് അവൾ അറിഞ്ഞിരുന്നില്ല.