എങ്ങനെയെങ്കിലും അവനെ കണ്ട് സംസാരിച്ചു തീരൂ എന്നുള്ള അവളുടെ തീരുമാനത്തിന് മുന്നിൽ അവന് തോറ്റു കൊടുക്കേണ്ടി വന്നു….

രചന: അപ്പു

:::::::::::::::::::

” ഹലോ.. ഞാൻ മാളവികയാണ്.. ഒന്ന് കാണാൻ സാധിക്കുമോ..? “

ഫോണിലേക്ക് വന്ന മെസ്സേജ് നോക്കി രാഹുൽ ഒരു നിമിഷം ഇരുന്നു.

മാളവിക.. മാളു.. തന്റേത് മാത്രമെന്ന് ഒരു കാലത്ത് വിശ്വസിച്ചിരുന്നവൾ.. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ഓർമ പുതുക്കൽ.. അതെന്തിനാണ്..?

ഒരു അപരിചിതനോട് എന്നപോലെയുള്ള അവളുടെ സംസാരത്തിന്റെ തുടക്കം..അല്ലെങ്കിലും അവൾക്ക് താനിപ്പോൾ അപരിചിതം തന്നെയാണല്ലോ..! മറ്റേതോ ഒരുത്തന്റെ ഭാര്യയായി ജീവിക്കുന്ന അവൾക്ക് മുൻ കാമുകനെ അപരിചിതനായി മാത്രമല്ലേ കാണാൻ സാധിക്കുക..!

ഓർമ്മകളിൽ വീണ്ടും അവളും അവളുടെ ശബ്ദവും നിറഞ്ഞു. വല്ലാത്തൊരു അസ്വസ്ഥത തോന്നിത്തുടങ്ങിയപ്പോഴാണ് ഓഫീസിൽ നിന്ന് ഹാഫ് ഡേ ലീവ് എടുത്തു കൊണ്ട് കടൽതീരത്തേക്ക് ചേക്കേറിയത്.

അജയ് എന്ന അവനും മാളവിക എന്ന മാളുവും അയൽക്കാർ ആയിരുന്നു. അവരുടെ വീട്ടുകാർ തമ്മിലും നല്ല അടുപ്പവും സ്നേഹവും ഒക്കെ ആയിരുന്നു. രണ്ടു വീട്ടിലും അവർക്ക് രണ്ടാൾക്കും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന് തന്നെ പറയാം.

ഒന്നിച്ച് ഒരേ ക്ലാസിലായിരുന്നു അവർ പഠിച്ചിരുന്നത്. ക്ലാസുകൾ പലതും കടന്ന് ഹൈസ്കൂളിലേക്ക് എത്തിക്കഴിഞ്ഞപ്പോൾ പ്രണയം എന്ന വികാരം എന്താണെന്ന് അറിയാൻ അവർക്ക് ഒരു കൊതി തോന്നി.

അജയനെ സംബന്ധിച്ചിടത്തോളം അവൾ മധുരമുള്ള ഒരു സ്വപ്നമായിരുന്നു. അവളോട് തന്റെ പ്രണയം തുറന്നു പറയാൻ അവന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.

പക്ഷേ അത് പറഞ്ഞു കഴിഞ്ഞതിനുശേഷം ഉള്ള അവളുടെ റിയാക്ഷൻ അവനെ വല്ലാതെ പേടിപ്പിച്ചു. അവൻ തന്റെ പ്രണയം വെളിപ്പെടുത്തി കഴിഞ്ഞപ്പോൾ അവനോട് ഒരു വാക്ക് പോലും സംസാരിക്കാൻ നിൽക്കാതെ അവൾ ഒഴിഞ്ഞുമാറി നടന്നു പോയി.

അതോടെ തങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ എന്തെങ്കിലും കോട്ടം സംഭവിക്കുമോ എന്നോർത്ത് അവന് ആദി തോന്നി. എന്നാൽ പോലും അവനത് പുറത്ത് കാണിക്കാൻ നിന്നില്ല..

പിന്നീട് കുറച്ചു ദിവസങ്ങൾ കൂടി അവൾക്ക് പിന്നാലെയുള്ള അലച്ചിൽ അവൻ തുടർന്നു. പക്ഷേ അവനെ കണ്ട ഭാവം പോലും നടിക്കാതെ അവൾ മറ്റു സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചു.

ആദ്യമൊക്കെ അവർ രണ്ടാളും ഒന്നിച്ചായിരുന്നു സ്കൂളിലേക്ക് പോകുന്നതും വരുന്നത്. എന്നാൽ ഈയൊരു സംഭവത്തോടെ അവൾ പൂർണമായും അവനിൽ നിന്ന് ഒഴിഞ്ഞു മാറി.

അതൊക്കെ അവനെ സംബന്ധിച്ച് വല്ലാത്ത വേദന പകരുന്ന കാഴ്ചകൾ ആയിരുന്നു. എങ്കിലും അവൻ സമചിത്തതയോടെ കാത്തിരുന്നു.പക്ഷേ അവളുടെ രീതികളിൽ ഒരു മാറ്റവും അവൻ കണ്ടില്ല.

അതോടെ അവനും പതിയെ അവളിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി. അവൾ ഉള്ള സ്ഥലത്തേക്ക് അവൻ വരാറ് പോലുമില്ല എന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.

പക്ഷേ അപ്പോൾ മാത്രമാണ് മാളവിക, അവന് തന്റെ ഉള്ളിലുള്ള സ്ഥാനം എന്താണെന്ന് തിരിച്ചറിയുന്നത്. അവനെ കാണാൻ അവളുടെ മനസ്സ് വല്ലാതെ കൊതിക്കാൻ തുടങ്ങി. അത് അറിഞ്ഞുകൊണ്ട് തന്നെ അവൻ തന്റെ ഒളിച്ചു കളി തുടർന്നു.

അവൾ വീട്ടിലേക്ക് വരുമ്പോൾ അവൻ അവിടെ നിന്ന് ഒഴിഞ്ഞു മാറി പുറത്തേക്ക് പോകുന്നതും അവളുടെ സാമീപ്യമുള്ള സമയങ്ങളിൽ ആ പരിസരത്തു പോലും നിൽക്കാത്തതും അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

എങ്ങനെയെങ്കിലും അവനെ കണ്ട് സംസാരിച്ചു തീരൂ എന്നുള്ള അവളുടെ തീരുമാനത്തിന് മുന്നിൽ അവന് തോറ്റു കൊടുക്കേണ്ടി വന്നു.

ഒരു ദിവസം ഉച്ച സമയത്ത് അവൻ മുറിയിൽ കിടന്നുറങ്ങുമ്പോഴാണ് അവൾ അപ്രതീക്ഷിതമായി അവിടേക്ക് കയറി വരുന്നത്. കിടന്നുറങ്ങിയ അവനെ അവൾ തട്ടി വിളിച്ചു ഉണർത്തി.

“നീ എന്താ ഇവിടെ..?”

അവളെ കണ്ട അന്താളിപ്പ് മാറിക്കഴിഞ്ഞപ്പോൾ അവൻ ഗൗരവത്തോടെ ചോദിച്ചു. അതോടെ അവളുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു.

അതുകണ്ട് അവനും സങ്കടം തോന്നിയെങ്കിലും അത് പുറത്തു കാണിച്ചില്ല.

“ഞാൻ.. ഞാൻ നിന്നോട് എന്തെങ്കിലും പറഞ്ഞെന്ന് കരുതി എന്നോട് മിണ്ടാതെ ഇങ്ങനെ ഒഴിഞ്ഞുമാറി നടക്കുന്നതെന്തിനാ..?”

അവൾ സങ്കടത്തോടെ ചോദിച്ചപ്പോൾ അവൻ ചിരിച്ചു.

” അത് നീ സ്വയം ഒന്നു ചോദിച്ചു നോക്കൂ.. ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞതിന്റെ പേരിൽ നീ എത്ര ദിവസം എന്നോട് പിണങ്ങി മിണ്ടാതെ നടന്നു..? എന്റെ മുഖത്തേക്ക് പോലും നോക്കാതെ നീ മറ്റുള്ളവരോടൊപ്പം ചിരിച്ചു കളിച്ചു നടന്നത് എനിക്ക് ഓർമ്മയുണ്ട്. അങ്ങനെയുള്ള നീയാണോ ഇപ്പോൾ എന്നെ കുറ്റം പറയുന്നത്..? “

അവൻ ചോദിച്ചപ്പോൾ അവൾ കുറ്റബോധത്തോടെ തല താഴ്ത്തി.

ശരിയാണ്.. തന്റെ പ്രവർത്തികൾ ഒക്കെയും അവനെ വേദനിപ്പിച്ചിട്ടുണ്ടാകും എന്നറിയാം.. പക്ഷേ ആ സമയത്ത് അതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..!

അവനോട് സംസാരിച്ചാൽ തന്നെ ഉള്ളിൽ താൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന കള്ളത്തരങ്ങൾ മുഴുവൻ അവൻ കണ്ടുപിടിക്കുമോ എന്നൊരു ഭയമായിരുന്നു തനിക്കുണ്ടായിരുന്നത്. അവൾ ഓർത്തെടുത്തു.

“ഞാൻ.. എനിക്ക് നിന്നെ ഇഷ്ടമാണ്.. നിന്നോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചാൽ അത് നീ കണ്ടെത്തുമോ എന്നൊരു ഭയം..”

അവൾ പറഞ്ഞു കഴിഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവനുണ്ടായിരുന്നത്.

അന്നു മുതൽ പിന്നീട് അവരുടെ പ്രണയദിനങ്ങൾ ആയിരുന്നു. ഒന്നിച്ച് ഉത്സവം കാണാൻ പോകാനും കഥ പറയാനും കൂട്ടുകൂടാനും അവർക്ക് ഇഷ്ടമായിരുന്നു.

കാര്യങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി. പക്ഷേ അവൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അതൊക്കെയും മാറിമറിഞ്ഞത്.

അവളുടെ അച്ഛന് പെട്ടെന്നൊരു ദിവസം ഒരു നെഞ്ചുവേദന വന്നു. അതോടെ അമ്മയ്ക്കും അച്ഛനും ആദിയായി. അവളെ സുരക്ഷിതമായ ഏതെങ്കിലും കൈകളിൽ ഏൽപ്പിക്കുന്നതിനു മുൻപ് തങ്ങളുടെ ജീവിതം ഇല്ലാതാകുമോ എന്നൊരു ഭയം.

അങ്ങനെയാണ് അവർ അവളുടെ ജാതകവുമായി ഏതോ ജ്യോത്സനെ കാണാൻ പോയത്. അയാളെ കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ പ്രതിവിധിയും അയാൾ തന്നെ നിശ്ചയിച്ചു.

എത്രയും പെട്ടെന്ന് അവളുടെ വിവാഹം നടത്തണം. അതല്ലാതെ മറ്റു യാതൊരു മാർഗ്ഗങ്ങളും ഇല്ല എന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും അത് സമ്മതിച്ചു.

പക്ഷേ വീട്ടിലെത്തി അവളോട് വിവരങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് എതിർപ്പ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഇനിയും പഠിക്കണമെന്നും പഠിച്ചു കഴിഞ്ഞു സ്വന്തം കാലിൽ നിന്നതിനു ശേഷം മതി വിവാഹം എന്നുമൊക്കെ അവൾ കഴിയുന്നതും എതിർത്തു പറഞ്ഞു.

പക്ഷേ ആരും അവളുടെ വാക്കുകളെ ചെവി കൊണ്ടില്ല.അജയോട് എല്ലാം തുറന്നു പറഞ്ഞെങ്കിലും, 18 വയസ്സുള്ള ആ ചെറുപ്പക്കാരൻ എന്ത് ചെയ്യാനാകും..?

എങ്കിലും അവൻ അവളെ തനിക്ക് കഴിയുന്നതുപോലെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നു മാത്രമല്ല, അവളുടെ വീട്ടിൽ പോയി അച്ഛനോടും അമ്മയോടും സംസാരിക്കാൻ ഉള്ള ധൈര്യം കൂടി അവൻ കാണിച്ചു.

പക്ഷേ അവിടെ നിന്ന് കിട്ടിയ പ്രതികരണം വളരെ മോശമായിരുന്നു.

ഇനിമേലിൽ തങ്ങളുടെ മകളുടെ മുഖത്തേക്ക് പോലും നോക്കരുത് എന്നും അവളുടെ നിഴൽ വെട്ടത്ത് പോലും അവൻ ഉണ്ടാവരുത് എന്നും അച്ഛൻ അവനെ താക്കീത് ചെയ്തു. എതിർക്കാൻ ശ്രമിച്ച അവന്റെ കരണത്തടിച്ചു കൊണ്ടാണ് അച്ഛൻ പ്രതികരിച്ചത്.

അതിന്റെ പേരിൽ അവന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും തമ്മിൽ കുറച്ച് അധികം പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. പിന്നീട് അവളുടെ വിവാഹത്തിന് പോലും കാത്തുനിൽക്കാതെ ആ വീടും സ്ഥലവും വിട്ടിട്ട് അവളും കുടുംബവും മറ്റെവിടേക്ക് പോയി.

അവളെ കോൺടാക്ട് ചെയ്യാൻ ഒരുപാട് വഴികൾ എങ്കിലും എല്ലാ വഴികളും അടച്ചു പോയിരുന്നു.

പിന്നീട് എപ്പോഴോ ഏതോ സുഹൃത്തുക്കൾ പറഞ്ഞിട്ടാണ് അവളുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞത്. ഇപ്പോൾ എന്തിനാണാവോ ഇങ്ങനെ ഒരു കൂടിക്കാഴ്ച..?

പിറ്റേന്ന് വൈകുന്നേരം അവൻ അവളെ കണ്ടുമുട്ടി. പണ്ടത്തേതിൽ നിന്നും അവൾക്ക് ഒരുപാട് വ്യത്യാസം വന്നു പോയിരുന്നു എന്ന് അവൻ കണ്ടു.

അവളും അവനെ ആകെ നിരീക്ഷിക്കുകയായിരുന്നു.

” നമ്മൾ ഒരുപാട് മാറിപ്പോയില്ലേ..? “

എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ അത് ശരി വയ്ക്കുന്നതു പോലെ അവനും തലയാട്ടി..

“എന്തിനാണ് കാണണമെന്ന് പറഞ്ഞത്..?”

അവളുടെ മുന്നിൽ അങ്ങനെ ഇരിക്കാൻ അവന് വല്ലാത്ത അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു. അവളുടെ കഴുത്തിലുള്ള താലിയും നെറ്റിയിലെ സിന്ദൂര ചുവപ്പും അവൾ തന്റെതല്ല എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

” എന്റെ മനസ്സിൽ എപ്പോഴും തന്നെ ഓർത്ത് കുറ്റബോധമാണ്. അന്ന് അങ്ങനെയൊക്കെ നടന്നതു കൊണ്ടാണല്ലോ നമുക്ക് പിന്നീട് കാണാനോ സംസാരിക്കാനോ കഴിയാതെ പോയത്. അതോർക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത എന്നെ വന്നു പൊതിയാറുണ്ട്.എന്താണെന്നറിയില്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് തന്നെ കാണണമെന്നും കുറച്ചു നേരം സംസാരിക്കണം എന്നും വല്ലാത്തൊരു ആഗ്രഹം..”

അവൾ പറഞ്ഞപ്പോൾ അവൻ അവളെ ശ്രദ്ധിച്ചു കേട്ടു. പിന്നീട് അവൾ പറഞ്ഞതു മുഴുവൻ തന്റെ ജീവിതത്തെക്കുറിച്ച് ആയിരുന്നു. കല്യാണം കഴിഞ്ഞതും അവിടുത്തെ സ്വർഗ്ഗതുല്യമായ ജീവിതവും കുട്ടികളും ഒക്കെ അവരുടെ സംസാരത്തിനിടയിൽ കടന്നു വന്നു.

” താൻ നന്നായിരിക്കുന്നു എന്നറിഞ്ഞാൽ മതി.. എന്നും തനിക്കൊരു നല്ല സുഹൃത്തായി ഞാൻ ഉണ്ടാവും.. ഇന്ന് കണ്ടതുപോലെ ഒരു വിളിപ്പാടകലെ ഞാനെന്നും ഉണ്ടാകും.. “

അവൾക്ക് വാക്ക് കൊടുത്തുകൊണ്ട് നടന്നു നീങ്ങുമ്പോൾ അവന്റെ ഉള്ളിൽ അവൾ ഒരു സുഹൃത്തിന്റെ സ്ഥാനത്ത് മാത്രമായിരുന്നു..! അവൾക്ക് അവനും…!!