രചന : അപ്പു
:::::::::::::::::::::::::
” ഏട്ടാ.. ശനിയാഴ്ച ഒന്ന് വീട്ടിലേക്ക് പോണമായിരുന്നു.. ശനിയാഴ്ച രാവിലെ പോയിട്ട് ഞായറാഴ്ച വൈകുന്നേരം തിരിച്ചു വരാം.. “
രാവിലെ ഭക്ഷണം വിളമ്പി കൊണ്ടിരിക്കുന്നതിനിടയിൽ സുജ അത് പറഞ്ഞപ്പോൾ മനോജ് ഒരു നിമിഷം അവളെ ഒന്നു നോക്കി.
“അപ്പോൾ നേരത്തെ തന്നെ എല്ലാം പ്ലാൻ ചെയ്തു വച്ചിരിക്കുകയാണ്.. എന്നിട്ട് ഇപ്പോൾ എന്തിനാ എന്നോട് പറയുന്നത്..? വെറുതെ ഒരു പ്രഹസനം..”
പുച്ഛത്തോടെ അവൻ പറഞ്ഞപ്പോൾ അവൾക്ക് സങ്കടമായി. പക്ഷേ അവനോട് എതിർത്ത് നിന്നിട്ടോ ഒന്നും പറഞ്ഞിട്ടോ ഒരു കാര്യവും ഉണ്ടാകാൻ പോകുന്നില്ല.
” അങ്ങനെയല്ല.. ഇനി വരുന്നത് സെക്കൻഡ് സാറ്റർഡേ ആണല്ലോ. അന്ന് ഏട്ടനും അവധി ആണല്ലോ. അപ്പോ രാവിലെ നമ്മൾ രണ്ടാളും കൂടി പോയാൽ ഞായറാഴ്ച വൈകുന്നേരം സമാധാനമായി വന്നാൽ മതിയല്ലോ.. “
അവൾ വിശദമാക്കിയിട്ടും അവന്റെ മുഖം തെളിഞ്ഞില്ല.
” എനിക്ക് വരാൻ പറ്റില്ല. ശനിയാഴ്ച വേണമെങ്കിൽ രാവിലെ പോയിട്ട് നീ വൈകുന്നേരം തിരികെ വരണം. അന്ന് ഞാൻ ഫ്രണ്ട്സുമായി ചേർന്ന് ഒരു ഔട്ടിംഗ് പ്ലാൻ ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്ന എല്ലാവരും കൂടി ഒരു വൺ ഡേ ട്രിപ്പ്. ഞാൻ വെളുപ്പിനെ പോകും രാത്രിയിൽ ചിലപ്പോൾ ലേറ്റ് ആയിട്ട് വരികയുള്ളൂ.. നീ പോയിട്ട് വൈകുന്നേരം വന്നാൽ മതി.. “
അവൻ പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
” ആ.. പിന്നെ ഞായറാഴ്ച എന്റെ ചില കൂട്ടുകാർ വരാൻ സാധ്യതയുണ്ട്.. അന്നെന്തായാലും നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കാനുള്ളതാണ്. അതുകൊണ്ടാണ് ശനിയാഴ്ച വൈകുന്നേരം തന്നെ വരണമെന്ന് പറയുന്നത്. “
അതുകൂടി കേട്ടതോടെ അവൾക്ക് വല്ലാതെ ദേഷ്യവും സങ്കടവും ഒക്കെ വരാൻ തുടങ്ങി.
അവനു പറയാൻ ഉള്ളതൊക്കെ പറഞ്ഞു കടമ കഴിഞ്ഞത് പോലെ അവൻ എഴുന്നേറ്റ് പോവുകയും ചെയ്തു.
അവൾക്ക് ദേഷ്യവും സങ്കടവും കൊണ്ട് കണ്ണ് നിറഞ്ഞു.
” പിന്നെ.. ഞാൻ ഇന്ന് വരാൻ ഇത്തിരി ലേറ്റ് ആവും.. “
കൈയും കഴുകി ഇറങ്ങുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു.
ആരോടും ദേഷ്യവും സങ്കടവും കാണിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് അവൾക്കറിയാം. പക്ഷേ അതല്ലാതെ തനിക്ക് എന്ത് ചെയ്യാനാവും..?
ഓരോ ആഴ്ചയുടെ അവസാനവും പ്രതീക്ഷയാണ്. തനിക്ക് വീട്ടിലേക്ക് പോകാൻ ആയാലോ എന്ന പ്രതീക്ഷ..
ജോലിക്കാരായ ഭർത്താക്കന്മാരുടെ അവധി കൂടി കണക്കിലെടുത്ത് മാത്രമാണല്ലോ ഭാര്യമാർക്ക് സ്വന്തം വീട്ടിലേക്ക് ഒരു യാത്ര ഉണ്ടാവുക. പ്രത്യേകിച്ച് തന്നെപ്പോലെ ജോലിയും കൂലിയും ഒന്നുമില്ലാതെ വീട്ടിലിരിക്കുന്ന ഒരു പെൺകുട്ടിക്ക്..!
നിരാശയോടെ നെടുവീർപ്പോടെ അവൾ ഓർത്തു..
ഇപ്പോൾ തുടർച്ചയായി അമ്മയെ സ്വപ്നം കാണുന്നുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ ഒക്കെ അമ്മയെ ഒന്ന് കണ്ടാൽ മതി എന്നൊരു തോന്നൽ കൂടി ഉള്ളിൽ ഉണ്ടാവുന്നുണ്ട്.
അമ്മയെ ഒന്ന് കണ്ടിട്ട് അമ്മയുടെ അടുത്ത് കൊതി മാറുന്നത് വരെ ഇരുന്നിട്ട് നാളുകൾ ആയിരിക്കുന്നു. എപ്പോഴെങ്കിലും പോയാൽ തന്നെ ഓടിപ്പോയി കണ്ടിട്ട് തിരികെ വരുന്ന അവസ്ഥയാണ്.
ഭർത്താവിന് ജോലിത്തിരക്കുകൾ. ഒരു ദിവസം പോലും ഭാര്യയുടെ വീട്ടിൽ അന്തിയുറങ്ങാൻ പറ്റാത്ത അത്ര തിരക്കുകളാണ് ഭർത്താവിന്.
ഭാര്യയുടെ വീട്ടിൽ താമസിക്കുന്നത് എന്തോ കുറച്ചിൽ പോലെയാണ് അദ്ദേഹത്തിന്. കൂട്ടുകാരോടൊക്കെ ഭാര്യ വീട്ടിൽ ആയിരുന്നു എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടിയിട്ടാണ്.
എല്ലാ ദിവസവും ഭർത്താവിന്റെ വീട്ടിൽ അന്തിയുറങ്ങുന്ന ഭാര്യക്ക് ആ ഒരു കുറച്ചില്ല എന്നാണ് അയാൾ കരുതി വെച്ചിരിക്കുന്നത്.ഭാര്യവീട്ടിൽ താമസിക്കുന്നത് അപമാനമായി കരുതുന്നവർക്ക് ഭർത്താവിന്റെ വീട്ടിൽ പെണ്ണ് ഇപ്പോഴും ഉണ്ടാകണം എന്ന് പറയുന്നതിൽ യാതൊരു കുറ്റവും തോന്നുന്നില്ല.
ആ ചിന്തകൾക്കിടയിലും ഭർത്താവ് ഈയാഴ്ചയിലെ പരിപാടികളും വളരെ വ്യക്തമായി തന്നെ പ്ലാൻ ചെയ്തു വച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി.
അയാളുടെ സുഹൃത്തുക്കൾ വരുമ്പോൾ നല്ല ഭക്ഷണം ഉണ്ടാക്കി വിളമ്പാൻ താൻ ഇവിടെ ഉണ്ടായിരിക്കണം എന്ന് ഒരു ആജ്ഞ പോലെ അയാൾ തന്നോട് പറയുന്നുണ്ട്. അതിന് തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ഒരിക്കൽ പോലും അയാൾ അന്വേഷിക്കുന്നില്ല.
അവർക്ക് അത്രയും പേർക്ക് ഫുഡ് ഉണ്ടാക്കി കൊടുക്കാൻ തനിക്ക് പറ്റുമോ എന്ന് അയാൾ ചോദിച്ചിട്ടില്ല.
അതൊക്കെ ഓർത്തപ്പോൾ അവളുടെ ഉള്ളിലിരുന്ന് ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു.
വൈകുന്നേരം അയാൾ വീട്ടിലേക്ക് എത്തുമ്പോഴേക്കും ആ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവ പുറത്തേക്കിറങ്ങാൻ തുടങ്ങിയിരുന്നു.
” ഇവിടെ ഇന്ന് ചായ ഒന്നുമില്ലേ..? “
അയാൾ ഓഫീസിൽ നിന്ന് വന്ന പാടെ സാധാരണ എല്ലാ ദിവസവും ചായ കയ്യിലേക്ക് കൊണ്ടുവന്നു കൊടുക്കുന്നതാണ്. ഇന്ന് മനപ്പൂർവമാണ് അതിൽ വീഴ്ച വരുത്തിയത്.
” നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ ചായയും കാപ്പിയും ഉണ്ടാക്കി തരുന്നതാണല്ലോ എന്റെ പണി.. “
പുച്ഛത്തോടെ അവൾ പറഞ്ഞപ്പോൾ പരിഹാസത്തോടെ അവൻ ചിരിച്ചു.
” അതല്ലാതെ നിനക്ക് ഇവിടെ വേറെ എന്തു മല മറിക്കുന്ന പണിയുണ്ടെന്നാണ്..? വീട്ടിൽ വെറുതെയിരുന്നു തീറ്റയും കൂടിയും തന്നെയാണല്ലോ പരിപാടി..!”
പരിഹാസത്തോടെ അവൻ പറയുന്നത് കേട്ട് അവൾക്ക് അപമാനം തോന്നി.
” ജോലിക്ക് പോകാനും വരുമാനം ഉണ്ടാക്കാനും ഒക്കെ എനിക്കും ഇഷ്ടമാണ്. എന്ന് കരുതി..? എനിക്ക് അതിനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടാണ് ഞാൻ ജോലിക്ക് പോകാത്തത്. ഞാൻ വിവാഹം കഴിഞ്ഞ് ഇവിടെ വരുന്ന സമയത്ത് നല്ല വരുമാനമുള്ള ഒരു ജോലി ഉണ്ടായിരുന്ന ആളാണ് ഞാൻ. അതേസമയത്ത് തന്നെ നിങ്ങളുടെ അമ്മ വീണ് കൈയൊടിഞ്ഞു. ആ പേരും പറഞ്ഞു അമ്മയെ നോക്കാനായി ഞാൻ വീട്ടിൽ നിൽക്കേണ്ടി വന്നു. അതിനിടയിൽ വിശേഷവുമായി ബെഡ് റസ്റ്റ് ആയി. അത് എന്റെ ജോലി പോകാനുള്ള കാരണവുമായി. ഇതിപ്പോൾ കുട്ടികൾക്ക് രണ്ടാൾക്കും സ്വയം എല്ലാ കാര്യങ്ങളും ചെയ്യാനുള്ള പ്രായമായി. എന്നിട്ടും എനിക്കൊരു ജോലിക്ക് പോകാൻ പറ്റാത്തത് എന്റെ പ്രശ്നമാണ്. എനിക്ക് അങ്ങനെ ഒരു ജോലി ഇല്ലാത്തതു കൊണ്ടാണല്ലോ നിങ്ങൾക്ക് പോലും എന്നെ ഒരു വിലയില്ലാത്തത്. എന്തുപറഞ്ഞാലും എന്നെ പുച്ഛിക്കുന്ന സ്വഭാവം നിങ്ങൾക്കുള്ളത് പോലും അതുകൊണ്ടാണ്.”
അവൾക്ക് ദേഷ്യവും സങ്കടവും സഹിക്കാൻ ആവുന്നുണ്ടായിരുന്നില്ല.
” ഞാൻ വെറുതെ വീട്ടിൽ ഇരിക്കുകയാണ് എന്നുള്ള നിങ്ങളുടെ ആറ്റിറ്റ്യൂഡ് കൊണ്ടാണ് നിങ്ങൾ ഓരോ ആഴ്ചയിലും നിങ്ങളുടെ ഇഷ്ടത്തിന് ഓരോ പരിപാടികൾ പ്ലാൻ ചെയ്യുന്നത്. നിങ്ങളുടെ സുഹൃത്തുക്കൾ ഇങ്ങോട്ട് വരുമ്പോൾ അവർക്ക് വച്ച വിളമ്പി കൊടുക്കാൻ ഞാനിവിടെ ഉണ്ടാകണമെന്ന് നിങ്ങൾ ഓർഡർ ചെയ്യുന്നത് എനിക്ക് മറ്റൊരു പണിയുമില്ല എന്നുള്ള ചിന്ത മനസ്സിൽ കിടക്കുന്നത് കൊണ്ടാണ്. പക്ഷേ അതോടു കൂടി ഞാൻ ഒരു തീരുമാനമെടുത്തു.ഇനി ഈ വീട്ടിൽ ഏതെങ്കിലും ഗസ്റ്റുകളെ വിളിച്ച് സൽക്കരിക്കണം എന്നുണ്ടെങ്കിൽ എന്റെ സൗകര്യവും സന്ദർഭവും കൂടി നോക്കണം.അല്ലാതെ നിങ്ങളുടെ ഇഷ്ടത്തിന് ആരെയെങ്കിലും വിളിച്ചു വരുത്തിയാൽ എന്റെ കൈകൊണ്ട് പച്ചവെള്ളം പോലും കൊടുക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്.”
ഒരു ഭീഷണി പോലെ അവൾ അത് പറയുമ്പോൾ അവളുടെ ഭാവമാറ്റത്തിൽ പകച്ചു നിൽക്കുകയായിരുന്നു അവൻ.
“പിന്നെ ഒരു കാര്യം കൂടി. രാവിലെ ഞാൻ പറഞ്ഞതു പോലെ ശനിയാഴ്ച രാവിലെ ഞാൻ എന്റെ വീട്ടിൽ പോകും. പിള്ളേരെയും ഞാൻ കൂടെ കൊണ്ടു പോകുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ഞാൻ തിരിച്ചു വരും. അതിനിടയിൽ ഇവിടെ എന്തു സംഭവിച്ചാലും എന്നെ വിളിക്കരുത്.”
കർശനമായി അത്രയും പറഞ്ഞുകൊണ്ട് അവൾ തന്റെ പണികളിലേക്ക് തിരിഞ്ഞു.
ശനിയാഴ്ച രാവിലെ കുട്ടികളെയും തയ്യാറാക്കി വീട്ടിലേക്ക് പോകാൻ അവളും തയ്യാറായി പുറത്തേക്ക് ഇറങ്ങുമ്പോൾ കാർ സ്റ്റാർട്ട് ചെയ്തിട്ട് കൊണ്ട് ഭർത്താവ് ഡ്രൈവിംഗ് സീറ്റിൽ ഇരിപ്പുണ്ടായിരുന്നു.
അത് കണ്ടതും അവളിൽ മനസ്സു നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. തന്നെയും തന്റെ താല്പര്യങ്ങളെയും അവൻ അംഗീകരിക്കാൻ തുടങ്ങിയല്ലോ എന്നോർത്ത് മനോഹരമായ ഒരു പുഞ്ചിരി..!!
വൈകിയാണെങ്കിലും തിരിച്ചറിവുണ്ടായല്ലോ എന്നൊരു സന്തോഷമായിരുന്നു അവളിൽ നിറഞ്ഞു നിന്നത്.