ആദ്യമൊക്കെ അത് അവൾക്ക് വലിയ വേദനയായി തോന്നിയെങ്കിലും പിന്നീട് അവൾ അത് ശ്രദ്ധിക്കാതെയായി. അച്ഛനെ ഓർത്തു മാത്രം ആ…..

രചന: അപ്പു

:::::::::::::::::::::::::

“നിങ്ങൾ എന്താ മനുഷ്യ പറഞ്ഞു വരുന്നത്..? അവളെ വീണ്ടും വീണ്ടും പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കാൻ ആണോ നിങ്ങളുടെ വിചാരം..? ഇങ്ങനെ ഉള്ളതു മുഴുവൻ അവൾക്കു വേണ്ടി ചെലവാക്കിയാൽ എന്റെ മോന് പിന്നെ എന്തുണ്ടാകുമെന്നാണ്..? നിങ്ങളുടെ പേരിലുള്ള വസ്തു വിറ്റിട്ടല്ലേ അവളെ പഠിപ്പിക്കാം എന്ന് പറയുന്നത്.. ഇങ്ങനെ ഓരോന്നായി അവൾക്കു വേണ്ടി വിറ്റു തുലച്ചാൽ അവസാനം അവന് കൊടുക്കാൻ ഒന്നുമുണ്ടാവില്ല..”

അമ്മ അച്ഛനോട് പറയുന്നത് കേട്ട് പാർവതിക്ക് ആകെ ഒരു സങ്കടം തോന്നി.

അമ്മയ്ക്ക് അല്ലെങ്കിലും പണ്ടുമുതലേ ഉള്ളതാണ്..മക്കളെ രണ്ടാളെയും രണ്ട് തട്ടിൽ കാണുന്ന സ്വഭാവം.ആരൊക്കെ എങ്ങനെയൊക്കെ ഉപദേശിച്ചാലും അമ്മയുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും വരാറില്ല..!

” ഞാൻ ചെലവാക്കുന്ന പൈസ അവൾ കൊണ്ടുപോയി തുലയ്ക്കും എന്നൊന്നും എനിക്ക് തോന്നുന്നില്ല. നന്നായി പഠിക്കുന്ന കുട്ടിയല്ലേ..അവൾക്കു വേണ്ടി ചെലവാക്കിയാലും അത് നഷ്ടം വരാനില്ല.”

അച്ഛൻ തനിക്കു വേണ്ടി വാദിക്കുന്ന ഓരോ നിമിഷവും അമ്മയ്ക്ക് തന്നോടുള്ള ദേഷ്യം വർദ്ധിക്കുകയാണെന്ന് അവൾക്കറിയാം.

” അല്ലെങ്കിലും നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ മകൾ ആണല്ലോ വലുത്.. “

ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അമ്മ മുറിയിലേക്ക് കയറി പോകുന്നുണ്ട്. അമ്മയ്ക്ക് എപ്പോഴും അമ്മയുടെ മകനല്ലേ വലുത് എന്ന ചോദ്യം തൊണ്ടയിൽ കുടുങ്ങി..

തനിക്ക് ഒരു വിധം അറിവായപ്പോൾ മുതൽ മനസ്സിലായി തുടങ്ങിയതാണ് ഈ വീട്ടിലുള്ള രണ്ടു പന്തിയിലുള്ള ആഹാരം വിളമ്പൽ. അമ്മയ്ക്ക് എപ്പോഴും അമ്മയുടെ മകനോട് ആണ് സ്നേഹം. അത് തന്റെ മുന്നിൽ പ്രകടിപ്പിക്കുമ്പോൾ പോലും അമ്മയ്ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും തനിക്ക് തോന്നിയിട്ടില്ല.

താൻ എവിടെ നിന്നോ വലിഞ്ഞു കയറി വന്നതാണ് എന്നൊരു ഭാവമാണ് അമ്മയ്ക്ക്. ഒരിക്കൽ ഒരു വെക്കേഷൻ സമയത്ത് വീട്ടിൽ മീൻ വറുത്തു. അതിൽ നിന്ന് ഒരു കഷണം ചോറ് കഴിക്കാൻ വേണ്ടി എടുത്തു എന്ന് പറഞ്ഞു അമ്മ തന്നെ വല്ലാതെ വേദനിപ്പിച്ചു.

അന്ന് കരഞ്ഞുകൊണ്ട് ഓടി ചെന്നത് അച്ഛമ്മയുടെ അടുത്തേക്ക് ആയിരുന്നു.

” ഞാൻ ഇവിടത്തെ അച്ഛന്റെയും അമ്മയുടെയും മോളല്ലേ അച്ഛമ്മേ..? അങ്ങനെ അല്ലാത്തതു കൊണ്ടാണോ അമ്മ എപ്പോഴും എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്..? അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലാത്തത് അതുകൊണ്ടാണോ..? “

ചങ്കു പൊട്ടുന്ന വേദനയോടെയാണ് അന്ന് അച്ഛമ്മയോട് അത് ചോദിച്ചത്. തന്റെ സങ്കടവും വേദനകളും ഒക്കെ അച്ഛമ്മയ്ക്ക് മനസ്സിലായി എന്ന് തോന്നുന്നു.

” മോള് അങ്ങനെയൊന്നും ചിന്തിക്കുകയേ ചെയ്യരുത്. അച്ഛന്റെയും അമ്മയുടെയും മോള് തന്നെയാണ്. അങ്ങനെ അല്ലെന്ന് ചിന്തിക്കുന്നതാണ് അബദ്ധം.”

അച്ഛമ്മ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

” അങ്ങനെയാണെങ്കിൽ പിന്നെ അമ്മ എന്താ എന്നെ സ്നേഹിക്കാത്തത്..? അമ്മയ്ക്ക് അനിയനോട് എന്ത് ഇഷ്ടമാണ്..? അവൻ എന്തു പറഞ്ഞാലും അമ്മ സാധിച്ചു കൊടുക്കാറുണ്ടല്ലോ.. അവൻ എന്തുവേണമെന്ന് പറഞ്ഞാലും അമ്മ വാങ്ങി കൊടുക്കും. അവനു ഇഷ്ടമുള്ള ആഹാരം മാത്രമേ അമ്മ ഉണ്ടാകാറുള്ളൂ. അത് അമ്മയ്ക്ക് എന്നെക്കാൾ ഇഷ്ടം അവനെ ആയതുകൊണ്ട് അല്ലേ..? “

അച്ഛമ്മയോട് അന്ന് കുറെ പരാതി പറഞ്ഞു കരഞ്ഞു. അത് അച്ഛൻ അറിഞ്ഞിരുന്നു എന്ന് മനസ്സിലായത് പിറ്റേന്ന് രാവിലെ അച്ഛൻ അടുത്ത് വിളിച്ചു തന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ ആയിരുന്നു.

” അമ്മയ്ക്ക് മോളോട് ഇഷ്ടം ഇല്ലാത്തതു കൊണ്ടല്ല. അമ്മയ്ക്ക് മോളെയും ഇഷ്ടമാണ്.അഥവാ അമ്മ മോളെ സ്നേഹിച്ചില്ലെങ്കിലും മോൾക്ക് അച്ഛനില്ലേ..? മോളുടെ എന്ത്‌ ആഗ്രഹമാണെങ്കിലും അച്ഛൻ സാധിച്ചു തരില്ലേ..? പിന്നെന്താ..? “

അവളെ ചേർത്തു പിടിച്ചു കൊണ്ട് അച്ഛൻ ചോദിച്ചപ്പോൾ അതുവരെ കേട്ടതിൽ ഏറ്റവും മനോഹരമായ വാചകം അതായിരുന്നു എന്ന് അവൾക്ക് തോന്നി.

പിന്നീട് അവളുടെ ആവശ്യങ്ങളൊക്കെ അവൾ പറഞ്ഞിരുന്നത് അവളുടെ അച്ഛനോട് ആയിരുന്നു. അവളുടെ ഉള്ളറിഞ്ഞതു പോലെ പ്രവർത്തിക്കുന്നതും അച്ഛൻ മാത്രമായിരുന്നു.

അവൾ പ്ലസ് ടു കഴിഞ്ഞതോടെ അവളുടെ പഠിപ്പ് നിർത്തണമെന്ന് അമ്മ വാശി പിടിച്ചു. ആരുടെയെങ്കിലും അടുക്കളയിൽ കിടന്ന് കഷ്ടപ്പെടാൻ പോകുന്ന പെൺകുട്ടിക്ക് പ്ലസ് ടു വിദ്യാഭ്യാസം തന്നെ അധികമാണ് എന്നാണ് അമ്മയുടെ അഭിപ്രായം.

പക്ഷേ അവൾക്ക് പിന്നെയും പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എംബിബിഎസിന് പഠിക്കണം എന്ന് അവൾ പറഞ്ഞപ്പോൾ, അവളുടെ ആഗ്രഹത്തിന് ഒപ്പം നിൽക്കാൻ തന്നെയായിരുന്നു അച്ഛന്റെ താല്പര്യം.

അതിനുള്ള മൂലധനമായി അച്ഛന്റെ പാരമ്പര്യമായി കിട്ടിയ സ്വത്ത് പണയം വയ്ക്കാം എന്നൊരു തീരുമാനത്തിലാണ് അവരെത്തിയത്. അതിന്റെ പേരിലുള്ള ബഹളങ്ങളാണ് നേരത്തെ കഴിഞ്ഞത്.

അതൊക്കെ കേട്ടതോടെ അവളുടെ മനസ്സും മടുത്തു എന്ന് തന്നെ പറയാം.

” നിന്റെ അമ്മ എന്തു പറയുന്നു എന്ന് നീ ശ്രദ്ധിക്കണ്ട. നിന്റെ അമ്മ പറയുന്നതും കേട്ട് നീ ഇപ്പോൾ കിട്ടിയ അവസരം വേണ്ടെന്നു വച്ചാൽ പിന്നീട് അതോർത്ത് നീ ദുഃഖിക്കേണ്ടി വരും.മോള് പഠിക്കു.. എന്റെ മോള് തോറ്റുപോവില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്.. “

അച്ഛൻ തന്ന ആത്മവിശ്വാസം മാത്രമായിരുന്നു അവളുടെ കൈമുതൽ. അമ്മയ്ക്കൊപ്പം വീട്ടിൽ നിന്നാൽ ഒരുപക്ഷേ അവൾക്ക് പഠിക്കാൻ കഴിയില്ല എന്ന് തോന്നിയതുകൊണ്ട് ആയിരിക്കണം അച്ഛൻ ദൂരെയുള്ള കോളേജിൽ അവൾക്ക് അഡ്മിഷൻ എടുത്തു കൊണ്ട് അവളെ ഹോസ്റ്റലിൽ ആക്കിയത്.

വല്ലപ്പോഴും മാത്രം വീട്ടിലേക്ക് എത്തുന്ന അതിഥിയായിരുന്നു അവൾ.എന്നിട്ടും അവളെത്തുന്ന ദിവസങ്ങളിൽ അമ്മ തന്നെ കൊണ്ട് കഴിയുന്നതു പോലെയൊക്കെ അവളെ വേദനിപ്പിച്ചിരുന്നു.

ആദ്യമൊക്കെ അത് അവൾക്ക് വലിയ വേദനയായി തോന്നിയെങ്കിലും പിന്നീട് അവൾ അത് ശ്രദ്ധിക്കാതെയായി.അച്ഛനെ ഓർത്തു മാത്രം ആ വീട്ടിലേക്ക് കയറി ചെല്ലേണ്ട അവസ്ഥ.

പഠനം കഴിഞ്ഞതോടെ അവൾക്ക് നല്ലൊരു ഹോസ്പിറ്റലിൽ തന്നെ ജോലി കിട്ടുകയും ചെയ്തു. സന്തോഷത്തോടെ ആ വാർത്ത അമ്മയോട് പറഞ്ഞപ്പോൾ പുച്ഛത്തോടെ ചിരിക്കുകയാണ് ചെയ്തത്.

അധികം വൈകാതെ കൂടെ പഠിച്ച ഒരു ഡോക്ടർ തന്നെ അവളുടെ പ്രാണന്റെ പാതിയായി എത്തുക കൂടി ചെയ്തപ്പോൾ അവളുടെ ജീവിതം സെറ്റിൽ ആയി.

കുറച്ചുനാളുകൾ കഴിഞ്ഞ് അവൾ വിശേഷം അറിയിച്ചു.ആ സമയത്ത് സ്വാഭാവികമായും ഏതൊരു പെണ്ണിനെയും പോലെ സ്വന്തം അമ്മയുടെ സാമീപ്യം അവളും ആഗ്രഹിച്ചു.

പ്രസവത്തിന് സമയത്ത് അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണം എന്ന് അച്ഛൻ ആഗ്രഹം പറഞ്ഞപ്പോൾ അവിടേക്ക് പോകണമെന്ന് അവൾക്കും താല്പര്യമുണ്ടായിരുന്നു. പക്ഷേ അങ്ങനെയൊരു തീരുമാനമെടുത്ത രാത്രിയിൽ അവളുടെ അമ്മ അവളെ ഫോണിൽ വിളിച്ചു.

” ഇങ്ങോട്ടേക്ക് പ്രസവരക്ഷയ്ക്ക് ആണെന്ന് പറഞ്ഞു വരുന്നതു കൊള്ളാം.. സാധാരണ ഒരു പ്രസവം എടുക്കാൻ ആളുകൾ ഇരുപതിനായിരവും മുപ്പതിനായിരവും ഒക്കെയാണ് മാസാമാസം വാങ്ങുന്നത്. ആ പണം എനിക്ക് മാസാമാസം തരാൻ പറ്റുമെങ്കിൽ മാത്രം നീ ഇങ്ങോട്ട് വന്നാൽ മതി. അല്ലെങ്കിൽ ഇങ്ങോട്ട് വരണം എന്ന് എനിക്ക് ഒരു താൽപര്യവുമില്ല. “

അമ്മ പറഞ്ഞ വാക്കുകൾ കേട്ട് അവൾ സ്തംഭിച്ചു നിന്ന് പോയി.സ്വന്തം അമ്മ ഒരു മകളുടെ പ്രസവം നോക്കാൻ ഇങ്ങനെ പണം ആവശ്യപ്പെടും എന്നുള്ളത് അവളുടെ ആദ്യത്തെ അറിവായിരുന്നു.

എന്തായാലും അതോടെ അവൾ സ്വന്തം വീട്ടിലേക്കുള്ള യാത്ര വേണ്ടെന്നു വച്ചു. പണം കൊടുത്ത് ആളെ നിർത്താൻ ആണെങ്കിൽ അവൾക്ക് ഭർത്താവിന്റെ വീട്ടിലും ആകാമല്ലോ..

പക്ഷേ അവിടെ ഭർത്താവിന്റെ അമ്മ അവളെ പൊന്നു പോലെയാണ് സംരക്ഷിച്ചത്. സ്വന്തം അമ്മയിൽ നിന്ന് കിട്ടാതെ പോയ സ്നേഹവും വാത്സല്യവും ഒക്കെ അവൾക്ക് അമ്മായിയമ്മയിൽ നിന്ന് കിട്ടി.

കാലങ്ങൾ കടന്നുപോയി. അച്ഛൻ ഭൂമി വിട്ടു പോയി. അനിയന്റെ വിവാഹം കഴിഞ്ഞു. അപ്പോഴും അവളെ വീട്ടിലേക്ക് പരിഗണിക്കാൻ അമ്മയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല.

പുതിയ മരുമകൾ ഭരണം ആരംഭിച്ചപ്പോൾ അമ്മയെ പതിയെ ആ വീടിന്റെ ഒരു കോണിലേക്ക് ഒതുക്കി മാറ്റാൻ അവൾക്ക് കഴിഞ്ഞു.അവർ കഴിക്കുന്ന ആഹാരത്തിനും ഉപയോഗിക്കുന്ന വെള്ളത്തിനും മരുമകൾ കണക്കു പറഞ്ഞു തുടങ്ങിയപ്പോൾ അവർ കുറ്റബോധത്തോടെ സ്വന്തം മകളെ ഓർത്തു.

ഒരുകാലത്ത് മകന് സുഖസൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കാൻ വേണ്ടി മാത്രം അവളെ തഴഞ്ഞത് അവർക്ക് ഓർമ്മ വന്നു. അവൾക്ക് കൊടുത്ത ഓരോ തരി വറ്റിനും കണക്കു പറഞ്ഞത് അവർ ഓർത്തു.

താൻ ഇപ്പോൾ വിളിച്ച് ഒരു പക്ഷേ അവളോട് തന്റെ അവസ്ഥ പറഞ്ഞാൽ അവൾ തന്നെ അവളോടൊപ്പം കൂട്ടിക്കൊണ്ടു പോകുമായിരിക്കും. പക്ഷേ ഒരിക്കലും താനവളെ വിളിക്കില്ല. ഇത് തനിക്ക് താൻ തന്നെ വിധിച്ച ശിക്ഷയാണ്.. മക്കൾക്കിടയിൽ വേർതിരിവ് കാണിച്ചതിനുള്ള ശിക്ഷ..!!