അയാൾ പറയുന്നതിൽ പകുതിമുക്കാലും സത്യമാണ്. എന്താവശ്യം വന്നാലും ഉടനെ വിളിക്കുന്നത് പ്രകാശിനെയാണ്..പറയുമ്പോൾ പ്രവാസി ആണല്ലോ..

✍️ അപ്പു

” ഞാനിവിടെ ഏതെങ്കിലും മരത്തിൽ നിന്ന് കുടുക്കി ഇടുകയാണെന്നാണോ നാട്ടിൽ ഇരിക്കുന്നവരുടെ വിചാരം..? ഇവിടെ എനിക്ക് നോട്ടടി ഒന്നുമല്ല പണി. ഒരിടത്ത് തീരുമ്പോൾ വേറൊരു ഇടത്ത് എന്ന കണക്കിൽ ഇങ്ങനെ പണം ചോദിച്ചു കൊണ്ടിരുന്നാൽ ഞാൻ എവിടെ കൊടുക്കാനാണ്..? എന്റെ കയ്യിൽ അതിനു മാത്രം വരുമാനം ഉണ്ടെന്നാണോ ഇവരൊക്കെ കരുതി വെച്ചിരിക്കുന്നത്..? മനുഷ്യനും മടുത്തു.. “

രാവിലെ തന്നെ ഭർത്താവിന്റെ എണ്ണിപ്പറക്കൽ കേട്ട് വിദ്യ തലകുനിച്ചിരുന്നു. അവൾക്ക് അയാളെ എതിർക്കാൻ ഒരു വാക്ക് പോലും പറയാനില്ല.

അയാൾ പറയുന്നതിൽ പകുതിമുക്കാലും സത്യമാണ്. എന്താവശ്യം വന്നാലും ഉടനെ വിളിക്കുന്നത് പ്രകാശിനെയാണ്..പറയുമ്പോൾ പ്രവാസി ആണല്ലോ..

നാട്ടിൽ ഇരിക്കുന്നവരുടെയൊക്കെ വിചാരം ഗൾഫിലേക്ക് വന്നാൽ പണം കുഴിച്ചെടുത്ത് കൊണ്ടുപോകാമെന്നാണ്.. ഇവിടെ ബാക്കിയുള്ളവർ കഷ്ടപ്പെടുന്നത് അവരാരും അറിയുന്നില്ലല്ലോ..!

നെടുവീർപ്പോടെ വിദ്യ ചിന്തിച്ചു.

ഇതിപ്പോൾ ആവശ്യം തന്റെ കുടുംബത്തിലാണ്. ഒരേയൊരു അനിയത്തിയുടെ വിവാഹമാണ്. അതിന് സഹോദരന്റെ സ്ഥാനത്ത് നിൽക്കാൻ പ്രകാശല്ലാതെ മറ്റാരുമില്ല.

പണം കൊണ്ട് സഹായിക്കാൻ ആണെങ്കിലും അദ്ദേഹത്തിനെ മാത്രമാണ് അച്ഛന് പ്രതീക്ഷ. അതു പറഞ്ഞപ്പോൾ തുടങ്ങിയതാണ് ഈ ചാട്ടവും ബഹളവും.

പക്ഷേ ആളെയും പൂർണമായി കുറ്റം പറയാൻ പറ്റില്ല.നാട്ടിലെ എന്താവശ്യത്തിനും ആളെ വിളിക്കാറുണ്ടല്ലോ.

” ഞാനൊരു പ്രവാസിയുടെ വേഷം കെട്ടിയിട്ട് 15 വർഷമായി. പ്രവാസിയാണ് എന്നൊരു പേരല്ലാതെ സ്വന്തമായി ഒരു മിട്ടായി തുമ്പു പോലും സമ്പാദിക്കാൻ തനിക്ക് പറ്റിയിട്ടില്ല. ഇവിടുത്തെ ജോലിയൊക്കെ മതിയാക്കി നാട്ടിലേക്ക് പോയാൽ അവിടെ കയറിക്കിടക്കാൻ ഒരു വീടു പോലുമില്ല. പക്ഷേ പറയുമ്പോൾ എന്താ പ്രവാസിയാണ്.. “

തന്റെ വേദനകളും വിഷമങ്ങളും ഒക്കെ അയാൾ തുറന്നു പറയുകയാണെന്ന് അവൾക്ക് തോന്നി.

” ആദ്യമായി ഞാൻ ഒരു പ്രവാസിയുടെ വേഷം കെട്ടിയത് എപ്പോഴാണെന്ന് നിനക്കറിയാമോ..? “

പലതവണ കേട്ട് തഴമ്പിച്ച കഥയാണെങ്കിലും അയാൾ തന്റെ വേദനകളാണ് തുറന്നിടുന്നത് എന്ന് അറിയാവുന്നതു കൊണ്ട് തന്നെ അവൾ മൗനം പാലിച്ചു.

” മൂത്ത പെങ്ങൾക്ക് ഒരു കല്യാണ ആലോചന വന്നപ്പോൾ… അന്ന് എനിക്ക് 16 വയസ്സായിരുന്നു പ്രായം. അവൾക്ക് ആ കല്യാണാലോചന വന്ന സമയത്ത് ഒന്നിനെക്കുറിച്ചും ഒരു കാര്യബോധവും ഇല്ലാത്ത പ്രായമായിരുന്നു എന്റേത്. ഞാനും കൂടി ജോലിക്ക് പോയാൽ അവളെ കെട്ടിച്ചു വിടാൻ പറ്റുമോ എന്ന് ഒളിഞ്ഞും തെളിഞ്ഞു അച്ഛനും അമ്മയും ഒക്കെ പറഞ്ഞു. അപ്പോൾ പിന്നെ നാട്ടിൽ എന്തെങ്കിലും പണിക്ക് പോകാമെന്ന് കരുതി ഒരു വർഷോപ്പിൽ പോയി തുടങ്ങി. ഇന്നത്തെപ്പോലെ അന്ന് ശമ്പളം ഒന്നുമില്ല. എന്തെങ്കിലും കിട്ടിയാൽ ആയി. അങ്ങനെ കഷ്ടപ്പെടുന്ന സമയത്താണ് ആ വർക്ക്ഷോപ്പിലെ ചേട്ടന്റെ പരിചയക്കാരൻ ഒരാൾ വഴി ഗൾഫിലേക്ക് വരാനുള്ള ചാൻസ് ഒത്തു കിട്ടുന്നത്. 18 വയസ്സ് പൂർത്തിയാവാതെ ഇവിടേക്ക് വരാൻ പറ്റില്ല എന്നറിഞ്ഞതോടെ ഡേറ്റ് ഓഫ് ബർത്ത് തിരുത്തി പാസ്പോർട്ട് എടുത്ത് ഈ നാട്ടിലേക്ക് കടന്നതാണ്. “

നെടുവീർപ്പോടെ അയാൾ പറഞ്ഞു.

“വന്നു കഴിഞ്ഞിട്ടാണെങ്കിലോ..? പിന്നീട് സമാധാനമുള്ള ഒരു ജീവിതം എനിക്ക് കിട്ടിയിട്ടില്ല.മൂത്ത പെങ്ങളുടെ കല്യാണത്തിന് സഹായിക്കാൻ വേണ്ടി ഇവിടെ ജോലി ചെയ്ത പണത്തിന് പുറമേ അന്ന് ഇവിടെ എന്നോടൊപ്പം ഉണ്ടായിരുന്ന ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച് കുറച്ചു പണം ഉണ്ടാക്കിയാണ് നാട്ടിലേക്ക് അയച്ചത്. പിന്നീട് അവരുടെ കടം തീർക്കാൻ വേണ്ടി ഞാൻ ഓവർടൈം പണിയെടുക്കേണ്ടി വന്നു. മൂത്ത പെങ്ങളുടെ കല്യാണം കഴിഞ്ഞപ്പോൾ ഒന്ന് സമാധാനമായി എന്ന് കരുതിയതാണ്. പക്ഷേ മാസം രണ്ടു കഴിയുന്നതിനു മുന്നേ അവൾക്ക് വിശേഷം ഉണ്ട് എന്ന് ഫോൺ വന്നപ്പോൾ സന്തോഷത്തിനേക്കാൾ ഏറെ ബാധ്യതയായല്ലോ എന്നാണ് തോന്നിയത്.അത് അങ്ങനെ തന്നെയായിരുന്നു. അവളുടെ പ്രസവത്തിനും അവളുടെ കുട്ടിക്ക് കൊടുക്കാനും ഒക്കെയായി എന്റെ കയ്യിൽ നിന്ന് പണം ഇങ്ങനെ പോയിക്കൊണ്ടിരുന്നു. വീട്ടിൽനിന്ന് അമ്മയും അച്ഛനും വിളിച്ച് ഓരോ ആവശ്യങ്ങൾ പറയുമ്പോൾ നടത്തിത്തരാൻ ആവില്ല എന്ന് പറയാൻ തോന്നിയിട്ടില്ല. എന്റെ കൂടെ ഉത്തരവാദിത്തം ആണല്ലോ എന്ന് അവരുടെ ഡയലോഗിൽ ഞാൻ വീണു പോകുകയും ചെയ്യും..”

അയാളുടെ കണ്ണുകളിൽ ഒരു നീർത്തിളക്കം കാണാനുണ്ടായിരുന്നു.

” അവളുടെ ബാധ്യതയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും രണ്ടാമത്തെ കല്യാണത്തിനുള്ള സമയമായി. മൂത്തവൾക്ക് ചെയ്തു കൊടുത്തതൊക്കെ രണ്ടാമത്തെവൽക്കും ചെയ്തു കൊടുക്കാതെ പറ്റില്ലല്ലോ.അവളുടെ കാര്യങ്ങളും കഴിഞ്ഞു വന്നപ്പോഴേക്കും പിന്നെ എന്നെ കെട്ടിക്കാനുള്ള തിരക്കായി നാട്ടിലെ എല്ലാവർക്കും. നിന്നോട് പെണ്ണുകാണാൻ വന്നതിന്റെ അന്ന് തന്നെ ഞാൻ പറഞ്ഞതല്ലേ ബാധ്യതകളുടെ ഒരു കൂമ്പാരമാണ് ഞാൻ എന്ന്.. എന്നിട്ടും നിനക്ക് എന്നെ മതി എന്ന് പറഞ്ഞു ഒറ്റക്കാലിൽ തപസ്സ് ചെയ്യാൻ എന്ത് ക്വാളിറ്റി ആണ് നീ എന്നിൽ കണ്ടുപിടിച്ചത്..? “

അയാൾ ചോദിച്ചപ്പോൾ അവൾക്ക് ചിരി വന്നു. ശരിയാണ് പെണ്ണുകാണാൻ വന്നതിന്റെ അന്ന് തന്നെ പറഞ്ഞിരുന്നു ഒരുപാട് ബാധ്യതകൾ തലയിലുള്ള ആളാണ്. സൂക്ഷിച്ചു മതി തീരുമാനം എടുക്കുന്നത് എന്നൊക്കെ. പക്ഷേ അയാളുടെ ആ തുറന്നുപറച്ചിൽ തനിക്ക് വല്ലാതെ ഇഷ്ടമായി.

അതുകൊണ്ടാണ് അയാളുടെ ഭാര്യാപദം അലങ്കരിച്ച് കഴിഞ്ഞ 15 വർഷമായി താൻ അയാളുടെ കൂടെ ഉള്ളത്.

” കല്യാണം കഴിഞ്ഞപ്പോഴെങ്കിലും എന്നെ അവരുടെ ബാധ്യതകളിൽ നിന്ന് ഒഴിവാക്കി വിടും എന്ന് കരുതിയ എനിക്ക് ആണ് തെറ്റിയത്. എന്റെ കല്യാണത്തിന് ശേഷവും അവർക്ക് കിട്ടുന്ന ഒന്നിലും കുറവ് വരരുത് എന്ന് അവർക്ക് വാശിയായിരുന്നു. അവരുടെ വാശികൾ നടപ്പിലാക്കാൻ വേണ്ടി ഞാൻ എന്റെ കാര്യത്തിലും നിന്റെ കാര്യത്തിലും ആണ് കുറവ് വരുത്തിയത്. രണ്ടിടത്തായി നിന്നാൽ ജീവിതം ഒരിക്കലും ഒരുമിച്ച് ഉണ്ടാവില്ല എന്ന് തോന്നലുണ്ടായപ്പോഴാണ് നിന്നെയും കൂടി ഈ നാട്ടിലേക്ക് ഞാൻ വിളിച്ചു വരുത്തിയത്. പക്ഷേ അതുകൊണ്ടെന്താ.. ഉള്ള കാലം ഒന്നിച്ച് ജീവിച്ചു എന്നൊരു മനസ്സമാധാനം എങ്കിലും ഉണ്ടല്ലോ.. “

അയാൾ പറഞ്ഞപ്പോൾ അവളുടെ തൊണ്ടയിൽ സങ്കടം വന്നു നിറയുന്നത് അവൾ അറിഞ്ഞു.

“പെങ്ങന്മാരുടെ വീടുപണിക്കും അവരുടെ വീട്ടിൽ ഓരോരോ സാധനങ്ങൾ വാങ്ങുന്നതിനും അവർ ഇങ്ങനെ ആവശ്യങ്ങളായി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ പ്രവാസി ആയതുകൊണ്ട് എന്റെ കയ്യിൽ ഇഷ്ടംപോലെ പണം ഉണ്ടെന്നാണ് അവർ കരുതി വെച്ചിരിക്കുന്നത്. പക്ഷേ കയ്യിൽ ഒന്നുമില്ല എന്ന് എനിക്കല്ലേ അറിയൂ..”

അവൻ പറഞ്ഞു നിർത്തുമ്പോഴേക്കും നാട്ടിൽ നിന്ന് അവന്റെ അച്ഛന്റെ ഫോൺ വന്നു കഴിഞ്ഞിരുന്നു.

“മോനെ നിന്നെ ശ്രീജ വിളിച്ചില്ലേ..? അവളുടെ ഭർത്താവിന് നാട്ടിൽ എന്തോ ബിസിനസ് തുടങ്ങണം എന്ന് പറയുന്നുണ്ടായിരുന്നു. നമ്മുടെ ഭാഗത്തുനിന്ന് എന്താ കൊടുക്കുന്നത് എന്നറിയാൻ വേണ്ടി അവൾ ഇന്നലെയും കൂടി വിളിച്ചതാണ്. നിന്നോട് കൂടി ആലോചിച്ചിട്ട് പറയാം എന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്. നിനക്ക് എത്രയാ കൊടുക്കാൻ സൗകര്യം എന്ന് വെച്ചാൽ അത് പറയണം.. എന്തായാലും അത് ഒന്നിൽ കുറയരുത്..”

അച്ഛൻ നിർദ്ദേശത്തോടെ പറഞ്ഞു കഴിഞ്ഞപ്പോൾ അവന് തല പെരുത്തു.

” ഞാൻ എന്താണെന്ന് നോക്കിയിട്ട് ചെയ്യാം..”

അത്രയും പറഞ്ഞു അവൻ ഫോൺ വച്ച് കഴിഞ്ഞപ്പോൾ തന്നെ എന്തോ വലിയൊരു ബാധ്യതയാണ് ആ തലയ്ക്കുള്ളിൽ ഉള്ളതെന്ന് അവൾക്ക് തോന്നി.

അതേസമയത്ത് തന്നെയാണ് അവളുടെ അച്ഛന്റെ ഫോൺ കോളും അവനെ തേടിയെത്തിയത്.

” കല്യാണത്തിന്റെ കാര്യമൊക്കെ എന്നോട് ഇങ്ങനെ വിളിച്ചു പറയേണ്ട കാര്യമുണ്ടോ അച്ഛാ.. പെൺകുട്ടികളെ ഒരുപാട് കാലം വീട്ടിൽ നിർത്തിയാൽ അത് അച്ഛന് തലവേദന ആണല്ലോ. അവൾക്ക് കൂടി താല്പര്യമുള്ള ബന്ധമാണെങ്കിൽ അത് നമുക്ക് അങ്ങ് നടത്താം. എന്ത് കാര്യത്തിനും ഞാനുണ്ടല്ലോ.. അച്ഛന്റെ മകന്റെ സ്ഥാനത്ത് ഞാൻ ഉണ്ടാകും.. “

അയാൾ അത് പറയുന്നത് കേട്ട് അവൾക്ക് സങ്കടമാണ് തോന്നിയത്.

മരുമകൻ പറഞ്ഞ വാക്കിന്റെ ആശ്വാസത്തിൽ അച്ഛൻ ഫോൺ കട്ട് ചെയ്യുമ്പോൾ തങ്ങൾ ഇവിടെ കഷ്ടപ്പെടുന്നത് നാട്ടിൽ ആരും അറിയുന്നില്ലല്ലോ എന്നോർത്ത് അവൾ നെടുവീർപ്പിടുന്നുണ്ടായിരുന്നു.