അവളുടെ ഒരു കാര്യത്തിലും ഒരു കുറവും ഉണ്ടാകാൻ പാടില്ല എന്ന് തനിക്ക് നിർബന്ധമായിരുന്നു

രചന : അപ്പു

:::::::::::::::::::::::::::::

” ഇന്ന് അപ്പുറത്തെ രമേശന്റെ മോളുടെ പിറന്നാളാണ്. അതിന് എന്തെങ്കിലും വാങ്ങി കൊടുക്കാതെ പറ്റുമോ..? ഇവിടെ വന്ന് അവരെല്ലാവരും കൂടി ക്ഷണിച്ചിട്ട് പോയതാണ്.. “

രാവിലെ മകൾ നിത്യ ജോലിക്ക് പോകാൻ ഇറങ്ങുന്നതിനു മുൻപ് തന്നെ വിമല കാര്യം അവതരിപ്പിച്ചു.

” അതിനിപ്പോ ഞാനെന്തു വേണം എന്നാണ് അമ്മ പറഞ്ഞു വരുന്നത്..? ഇങ്ങനെ നാട്ടിൽ പലരുടെയും വിവാഹവും പിറന്നാളും ഒക്കെ നടക്കും. എല്ലാത്തിനും ഇങ്ങനെ കൊണ്ടുവന്ന് കൊടുക്കാൻ എനിക്ക് നോട്ടടി ഒന്നുമില്ല.. “

അവൾ ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ വിമലയുടെ തല കുനിഞ്ഞു.

“അല്ലെങ്കിൽ തന്നെ കഴിഞ്ഞ ആഴ്ചയല്ലേ അമ്മയുടെ കയ്യിൽ ഞാൻ പണം തന്നത്..? അതൊക്കെ ഇത്ര വേഗം തീർന്നോ..? ആർഭാടവും ആഡംബരവും ഒക്കെ ഇത്തിരി കുറച്ചാലെ ജീവിക്കാൻ പറ്റൂ..”

ദേഷ്യത്തോടെ മകൾ പറയുന്നത് കേട്ടപ്പോൾ വിമലയ്ക്ക് സങ്കടം തോന്നി.

” അപ്പു ഇതുവരെ എഴുന്നേറ്റിട്ടില്ല. അവനെ എഴുന്നേൽപ്പിച്ച് ആഹാരം കൊടുത്ത് നഴ്സറിയിൽ പറഞ്ഞു വിടണം കേട്ടോ.. ഇനിയും വിളിക്കാതെ ഇരുന്നാൽ അവൻ കിടന്നുറങ്ങും.. “

അവൾ വിമലയെ പറഞ്ഞു ഏൽപ്പിച്ചു.

” നോക്കട്ടെ വൈകുന്നേരം വരുമ്പോൾ എന്തെങ്കിലും വാങ്ങിക്കൊണ്ടു വരാൻ പറ്റിയാൽ വാങ്ങാം.. “

ഒരു വെറും വാക്കും പറഞ്ഞു കൊണ്ട് മകൾ ഇറങ്ങിപ്പോയി. അത് നോക്കി വിമല നെടുവീർപ്പിട്ടു.

ആകെയുള്ള ഒരു മകളാണ്.തന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനോ തനിക്കുവേണ്ടി എന്തെങ്കിലും ചെയ്തു തരാനോ അവൾക്ക് സമയമില്ല.

പക്ഷേ അവളുടെ ഏതെങ്കിലും കാര്യത്തിൽ താൻ എപ്പോഴെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ..?

അധ്യാപകരായ ദമ്പതികൾ ആയിരുന്നു താനും തന്റെ ഭർത്താവും. കുട്ടികൾ ഉണ്ടാകാൻ വൈകിയതിനെത്തുടർന്ന് തങ്ങൾ ഒരുപാട് ചികിത്സകൾ ചെയ്തിട്ടുണ്ട്. ചികിത്സയുടെയും അമ്പലങ്ങളിലെ വഴിപാടുകളുടെയും ഒക്കെ ഫലമായി തനിക്ക് വിശേഷമുണ്ട് എന്ന് അറിഞ്ഞപ്പോൾ തങ്ങൾ ഇരുവരും സ്വർഗ്ഗത്തിൽ ആയിരുന്നു.

ജനിക്കുന്ന കുട്ടിയെ യാതൊരു കുറവും കൂടാതെ നോക്കണമെന്ന് അന്ന് തന്നെ തങ്ങൾ മനസ്സിൽ ഒരു ദൃഢ നിശ്ചയം എടുത്തിരുന്നു.

വൈകി കിട്ടിയ കുട്ടി ആയതുകൊണ്ട് തന്നെ പ്രഗ്നൻസിയിൽ കുറച്ച് കുഴപ്പങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് ജോലിയിൽ നിന്ന് താൻ തൽക്കാലം ലീവ് എടുത്തു.

പ്രഗ്നന്റ് ആയിരിക്കുന്ന സമയം തന്നെ താഴത്തും തലയിലും വയ്ക്കാതെ അത്രത്തോളം ശ്രദ്ധയോടെയാണ് ഭർത്താവ് നോക്കിയിരുന്നത്.

9 മാസങ്ങൾക്ക് ശേഷം മോള് ജനിച്ചു കഴിഞ്ഞപ്പോൾ രണ്ടുപേർക്കും വല്ലാത്ത ഒരു സന്തോഷമായിരുന്നു. മറ്റാരുടെയും കൈയിൽ മോളെ കൈമാറാൻ പോലും തനിക്ക് ഭയമായിരുന്നു.

മോളെ വിട്ടുപിരിയാൻ കഴിയില്ല എന്ന് തോന്നിയപ്പോഴാണ് ഉണ്ടായിരുന്ന നല്ലൊരു ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും അവൾക്കു വേണ്ടി ചെലവഴിച്ചത്.

അവളുടെ ഒരു കാര്യത്തിലും ഒരു കുറവും ഉണ്ടാകാൻ പാടില്ല എന്ന് തനിക്ക് നിർബന്ധമായിരുന്നു. അതുകൊണ്ടാണ് ജോലി കളഞ്ഞ് അവൾക്കു വേണ്ടി വീട്ടിൽ ഇരിപ്പായത്.

മകൾ വളർന്നു. അവൾക്കുവേണ്ടി ജോലി ഉപേക്ഷിച്ചത് ഒരു കുറ്റബോധവും തനിക്ക് തോന്നിയിരുന്നില്ല. പക്ഷേ ഇടയ്ക്കെപ്പോഴോ ഭർത്താവ് തന്നെ ഉപദേശിച്ചിരുന്നു.

” താൻ എടുത്ത തീരുമാനം ഒരു തെറ്റായിരുന്നു എന്ന് തനിക്ക് തോന്നുന്നുണ്ടോ..? അങ്ങനെയൊരു തോന്നൽ ഉണ്ടെങ്കിൽ താൻ പുതിയൊരു ജോലിക്ക് വേണ്ടി ശ്രമിക്കണം.. “

പക്ഷേ അപ്പോഴൊക്കെ പുഞ്ചിരിയോടെ അദ്ദേഹത്തെ എതിർത്തിട്ടേ ഉള്ളൂ.

“എനിക്കങ്ങനെ യാതൊരു കുറ്റബോധവും തോന്നുന്നില്ല.നമ്മൾ രണ്ടുപേരും ജോലിക്ക് പോയാൽ മോളുടെ കാര്യങ്ങൾ നോക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇതിപ്പോൾ അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കാനും ആഹാരം ഉണ്ടാക്കി വയ്ക്കാനും ഒക്കെ എനിക്ക് പറ്റുന്നുണ്ടല്ലോ..”

പുഞ്ചിരിയോടെ അങ്ങനെയൊരു മറുപടി പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾക്ക് പിന്നെ ഒന്നും പറയാനില്ലാതായി.

മകളുടെ വളർച്ചയ്ക്കൊപ്പം അവളുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി. അവൾ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കൂടെ പഠിക്കുന്ന ഒരു ചെറുപ്പക്കാരനുമായി അടുപ്പമാണ് എന്നറിഞ്ഞു.

അതിനെക്കുറിച്ച് അവളോട് സംസാരിക്കുകയും ചെയ്തതാണ്.

” ഞങ്ങളുടെ ഇഷ്ടം ആത്മാർത്ഥമായി തന്നെ ഉള്ളതാണ്. പഠനം കഴിഞ്ഞ് ഒരു ജോലിയൊക്കെ ആയിക്കഴിയുമ്പോൾ വിവാഹിതരാവുകയും ചെയ്യും. എന്നെ ഓർത്ത് നിങ്ങൾ ആരും ടെൻഷൻ അടിക്കേണ്ട കാര്യമില്ല. “

അന്ന് അവൾ ഉറപ്പിച്ചു പറഞ്ഞപ്പോൾ അച്ഛൻ എന്നും അമ്മയെന്നും ഉള്ള നിലയ്ക്ക് തങ്ങൾക്ക് പ്രത്യേക പ്രശ്നങ്ങളൊന്നും തോന്നിയില്ല.

അവൾ പറഞ്ഞതുപോലെ തന്നെ അവരുടെ പഠനം കഴിഞ്ഞ് ജോലി കിട്ടിക്കഴിഞ്ഞപ്പോൾ അവൻ അവന്റെ വീട്ടുകാരെയും കൂട്ടി പെണ്ണ് ചോദിക്കാൻ വന്നു. കുടുംബപരമായിട്ടാണെങ്കിലും സാമ്പത്തികമായിട്ടാണെങ്കിലും ഒന്ന് ചേർന്ന് പോകുന്ന കുടുംബമാണ് എന്ന് തോന്നിയതോടെ ആ ബന്ധം ഉറപ്പിക്കുകയും ചെയ്തു.

അവളുടെ വിവാഹം കഴിഞ്ഞ് അധികം വൈകാതെ അവളുടെ അച്ഛൻ ഈ ഭൂമി വിട്ടു പോയി.

അതോടെ അമ്മയെ തനിച്ച് നിർത്താൻ പറ്റില്ല എന്ന കാരണവും പറഞ്ഞ് മകൾ ഇവിടെ വന്ന് താമസമായി. മകളോട് ഒപ്പം മരുമകനും കൂടി ഇവിടേക്ക് വന്നപ്പോൾ ഒരു അമ്മ എന്ന നിലയ്ക്ക് തനിക്ക് സന്തോഷമായിരുന്നു.

പക്ഷേ മരുമകന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക തന്നെ വല്ലാതെ കാർന്നു തിന്നുന്നുണ്ടായിരുന്നു. അതിനെക്കുറിച്ച് ഒരിക്കൽ മരുമകന്റെ അമ്മയെ വിളിച്ച് സംസാരിക്കുകയും ചെയ്തതാണ്.

” അയ്യോ അങ്ങനെയൊന്നും ചിന്തിക്കരുത്.. അവരെ സംബന്ധിച്ച് ഞാനാണെങ്കിലും താനാണെങ്കിലും ഒരേ പോലെയാണ്. ഇതിപ്പോൾ എന്നോടൊപ്പം ഇവിടെ അവന്റെ ചേട്ടനും കുടുംബവും ഉണ്ടല്ലോ. ഞാനിവിടെ തനിച്ചല്ല. അവിടെ അമ്മ തനിച്ചാണെന്ന് പറഞ്ഞു മോള് ഇവിടെ ഒരു സമാധാനമില്ലാതെ ഇരിക്കുകയായിരുന്നു. അതുകൊണ്ട് ഞാൻ തന്നെയാണ് അവിടെ വന്നു നിന്നോളാൻ പറഞ്ഞത്.”

അവർ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോഴാണ് തനിക്ക് സമാധാനമായത്.

വിമല ഓർത്തു.

അധികം വൈകാതെ മോൾ വിശേഷം അറിയിച്ചു. അവളെ പൊന്നുപോലെ തന്നെയാണ് താൻ നോക്കിയത്. അവളുടെ പ്രസവം കഴിഞ്ഞ് അധികം നാളുകൾ ആവുന്നതിനു മുൻപ് തന്നെ മരുമകനെ കൂടുതൽ ശമ്പളത്തോടെ വിദേശത്ത് ജോലി കിട്ടി അവൻ അവിടേക്ക് പോയി.

മകളുടെ മെറ്റേണിറ്റി ലീവ് കഴിഞ്ഞ് അവൾ കൂടി ജോലിക്ക് പോയി തുടങ്ങിയതോടെ കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്വം വിമലയുടേതായി. അവർ അത് സന്തോഷത്തോടെ തന്നെയാണ് ചെയ്തിരുന്നത്.

ആദ്യമൊക്കെ അമ്മയുടെ സ്നേഹത്തോടെ പെരുമാറിയിരുന്ന മകൾ ഇപ്പോൾ അമ്മയെ ഒരു വേലക്കാരിയുടെ സ്ഥാനത്താണ് കാണുന്നത്. അവർക്കു വേണ്ടി ഒരു രൂപ ചെലവാക്കുന്നത് പോലും അവളെ സംബന്ധിച്ച് വലിയ കണക്കുകളാണ്.

നെടുവീർപ്പോടെ വിമല ചിന്തിച്ചു.

അപ്പോഴും വൈകുന്നേരം പിറന്നാളിന് ആ കുട്ടിക്ക് എന്തു കൊടുക്കും എന്നൊരു ആശങ്ക അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു. എന്തെങ്കിലും കൊടുക്കാതെ പറ്റില്ല എന്നൊരു തോന്നൽ വന്നപ്പോഴാണ് കഴിഞ്ഞ പിറന്നാളിന് ചേച്ചിയുടെ മകൾ സമ്മാനമായി വാങ്ങിത്തന്ന സാരിയെ കുറിച്ച് ഓർത്തത്.

വർക്ക് കൂടുതലുള്ളതു കൊണ്ട് താൻ അത് ഉടുക്കാതെ വച്ചിരിക്കുകയായിരുന്നു. അതിനെ എടുത്ത് വെട്ടി ആ കുട്ടിക്ക് ഒരു ഫ്രോക്ക് പോലെ സ്റ്റിച്ച് ചെയ്ത് എടുത്തു.

കണ്ടപ്പോൾ തന്നെ അതിമനോഹരമായി തോന്നിയിരുന്നു. അപ്പു ഉറക്കത്തിൽ നിന്നുണർന്നു ഉടനെ അവനെയും റെഡിയാക്കി ആ കുട്ടിയെ കാണാൻ പോയി.

സമ്മാനമായി അത് കൊടുത്തു കഴിഞ്ഞപ്പോൾ തനിക്ക് വല്ലാത്തൊരു ജാള്യതയുണ്ടായിരുന്നു. എല്ലാവരും വലിയ വലിയ സമ്മാനങ്ങൾ കൊടുക്കുമ്പോൾ ഒരുപക്ഷേ താൻ മാത്രമായിരിക്കും ഇത്രയും മോശപ്പെട്ട ഒരെണ്ണം കൊടുക്കുന്നത് എന്ന് അവർക്ക് തോന്നിയിരുന്നു.

പക്ഷേ വൈകുന്നേരം കേക്ക് മുറിക്കുന്ന സമയത്ത് ആ കുട്ടി അതേ വസ്ത്രം ഇട്ടിരിക്കുന്നത് കണ്ടപ്പോഴാണ് തന്റെ സമ്മാനത്തിന് വിലയുണ്ട് എന്ന് അവർക്ക് തന്നെ തോന്നിയത്.

അവിടെ വന്ന് അതിഥികളിൽ പലരും ആ വസ്ത്രത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ താൻ സ്റ്റിച്ച് ചെയ്തതാണ് എന്ന് വിമല അഭിമാനത്തോടെ പറഞ്ഞു. അതോടെ അവരിൽ പലർക്കും അങ്ങനെയൊന്നു വേണമെന്നായി.

അവിടെവച്ച് തന്നെ അഞ്ചോ ആറോ പേരുടെ ഓർഡറുകൾ വിമലയ്ക്ക് കിട്ടിയിരുന്നു. അതോടെ വിമലയ്ക്ക് ഒരു ആത്മവിശ്വാസമായി.

പിറ്റേന്ന് തന്നെ കയ്യിൽ ഉണ്ടായിരുന്ന ഇത്തിരി പൊന്ന് വിറ്റു അത്യാവശ്യം വേണ്ട തുണിയും നൂലും സാധനങ്ങളും ഒക്കെ വാങ്ങി.

അതറിഞ്ഞ് മകൾക്ക് ആകെ ഒരു അങ്കലാപ്പ് ആയിരുന്നു.

“ഇതിന്റെ പേരിൽ നീ ഇവിടെ പ്രശ്നങ്ങളുണ്ടാക്കണ്ട.എനിക്കും ജീവിക്കണമല്ലോ. നിന്റെ മുന്നിൽ കൈ നീട്ടാതെ എനിക്കും എന്തെങ്കിലും ഒരു വരുമാനം വേണം. ഇനി എനിക്ക് പുറത്ത് മറ്റു ജോലികൾക്ക് ഒന്നും ശ്രമിക്കാൻ പറ്റില്ല. അതുകൊണ്ട് എന്റെ സന്തോഷത്തിനും ഞാൻ ഇതെങ്കിലും ചെയ്യട്ടെ.”

അവളുടെ അഭിപ്രായം എന്താണെന്ന് അവളുടെ മുഖത്തെ ഭാവം എന്താണെന്ന് അവർ ശ്രദ്ധിച്ചില്ല. തന്റെ സന്തോഷം മാത്രമാണ് അവർ കണക്കിലെടുത്തത്..!!

തനിക്ക് തെറ്റു പറ്റിയല്ലോ എന്നോർത്ത് ഒരു ജാള്യത ആ നിമിഷം മകളിലും കാണാനുണ്ടായിരുന്നു.