പക്ഷേ അത്ര സുഖകരമായ ഒരു ദാമ്പത്യം ആയിരുന്നില്ല അവളുടെത്. ഭർത്താവ് ഒരു സാഡിസ്റ്റ് എന്ന് തന്നെ പറയാം. അവൾക്ക് ഒന്നനങ്ങണമെങ്കിൽ…

രചന : ശ്രേയ

” നിന്നോട് ഞാൻ പറഞ്ഞതല്ലേ.. അവളുമായി ഇനി സൗഹൃദം ഒന്നും വേണ്ടെന്ന്.. എന്നിട്ട് നീ അത് അനുസരിച്ചോ..? ഇല്ലല്ലോ.. അതെന്താ… എന്റെ വാക്കിനു വില ഇല്ലാത്തത് കൊണ്ടു.. “

ദേഷ്യത്തോടെ അനിൽ അലറുകയായിരുന്നു.തന്റെ മുന്നിൽ ഉള്ളത് തനിക്ക് തീരെ പരിചയമില്ലാത്ത ആരോ ആണെന്ന് ഹിമയ്ക്ക് തോന്നി.

പ്രണയിക്കുന്ന സമയത്ത് ഒരിക്കൽ പോലും അനിലിന്റെ ശബ്ദം ഇങ്ങനെ ഉയർന്ന് താൻ കേട്ടിട്ടില്ല. എല്ലായിപ്പോഴും ദയയോടെ മിതമായി സംസാരിക്കുന്ന ഒരാളായിരുന്നു അനില്‍

ഒരുതരത്തിൽ പറഞ്ഞാൽ അവന്റെ ആ സ്വഭാവം തന്നെയാണ് ഹിമയെ അനിലിലേക്ക് അടുപ്പിച്ചത്. പക്ഷേ ഇപ്പോൾ ദാമ്പത്യത്തിന്റെ ഒന്നാം വർഷത്തിൽ എത്തി നിൽക്കുന്ന ഈ വേളയിൽ അവന്റെ മറ്റൊരു മുഖം കണ്ട് ഞെട്ടലിലാണ് ഹിമ.

” ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല അനി.. നിനക്കറിയാമല്ലോ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു ജിനി. വല്ലപ്പോഴും മാത്രമാണ് അവൾ എന്നെ ഫോണിൽ വിളിക്കുന്നത്. അപ്പോൾ ഒന്ന് സംസാരിച്ചു എന്നല്ലാതെ ഞാൻ മനപ്പൂർവമായി നിന്നെ അപമാനിക്കാനായി ഒന്നും ചെയ്തിട്ടില്ല.. “

ഹിമ ശബ്ദം താഴ്ത്തി മറുപടി പറഞ്ഞപ്പോൾ അനിൽ ഒരു നിമിഷം നിശബ്ദനായി.

” നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എനിക്ക് അവളെ ഇഷ്ടമല്ലെന്ന്..? അവളുടെ കല്യാണം കഴിഞ്ഞിട്ടും അധികകാലം അവളും ഭർത്താവും തമ്മിൽ ഒന്നിച്ചു ജീവിച്ചിട്ടില്ല. അതിന്റെ എല്ലാ അസൂയയും കുടുംബമായി താമസിക്കുന്ന പെൺകുട്ടികളോട് അവൾക്കുണ്ട്. അതുകൊണ്ട് നമുക്കിടയിൽ അവൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന കാര്യത്തിൽ എനിക്ക് ഭയമുണ്ട്.”

അവൻ പറഞ്ഞ കാരണം കേട്ടിട്ട് അവൾക്ക് ആകെ ഒരു വല്ലായ്മ തോന്നി.

ജിനിയുടെ കുടുംബ ജീവിതത്തെക്കുറിച്ച് തങ്ങൾക്ക് എല്ലാവർക്കും അറിയുന്നതാണ്. പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു ജിനിയുടെ വിവാഹം.

പക്ഷേ അത്ര സുഖകരമായ ഒരു ദാമ്പത്യം ആയിരുന്നില്ല അവളുടെത്. ഭർത്താവ് ഒരു സാഡിസ്റ്റ് എന്ന് തന്നെ പറയാം. അവൾക്ക് ഒന്നനങ്ങണമെങ്കിൽ പോലും ഭർത്താവിന്റെ അനുവാദം വാങ്ങേണ്ട അവസ്ഥയാണ്. തീരെ സഹികെട്ട അവസ്ഥയിലാണ് അവൾ ഭർത്താവിനെ ഉപേക്ഷിച്ചു സ്വന്തം കുടുംബത്തിലേക്ക് മടങ്ങി വന്നത്.

അതിന്റെ പേരിൽ കുടുംബക്കാരും കൂട്ടുകാരും ഒക്കെ പലപ്പോഴും അവളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും തനിക്ക് അവളെ കുറ്റപ്പെടുത്താൻ തോന്നിയിട്ടില്ല എന്ന് ഹിമ ഓർത്തു.

ഒരുപക്ഷേ അവളുടെ ഭാഗത്ത് എന്തെങ്കിലും ശരിയുണ്ടായിരിക്കും എന്നൊരു തോന്നൽ ആയിരുന്നു അതിന് കാരണം. അനാവശ്യമായി ആരോടും യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാത്ത സ്വഭാവകാരി ആയിരുന്നു ജിനി. അതുകൊണ്ടു തന്നെ അവളെ തനിക്ക് നല്ല വിശ്വാസമായിരുന്നു.

അവൾ തന്റെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയല്ല.. തന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്..!

” ഇനി ഇങ്ങനെയൊന്നും ഉണ്ടാകരുത് കേട്ടോ. എനിക്ക് നിന്നോട് സ്നേഹം ഉള്ളതുകൊണ്ടാണ്.. “

അവൻ വീണ്ടും വീണ്ടും ആ വാചകങ്ങൾ തന്നെ ആവർത്തിച്ചു പറയുമ്പോൾ തെറ്റുപറ്റിയത് തനിക്കാണോ എന്ന കാര്യത്തിൽ ഹിമയ്ക്ക് സംശയം ഉണ്ടായിരുന്നു.

അരുണും ഹിമയും വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹിതരായവരാണ്. തങ്ങളുടെ പ്രണയം വിജയിച്ചപ്പോൾ തങ്ങളും വിജയിച്ചു എന്ന് തന്നെയാണ് ഹിമ കരുതിയിരുന്നത്.

കോളേജിന്റെ മൈതാനത്ത് വച്ച് ഒരുപാട് കുട്ടികൾ കണ്ടു നിൽക്കുന്ന ആ സ്ഥലത്ത് മുട്ടുകാലിൽ നിന്നുകൊണ്ട് ഒരു ബൊക്കെ എനിക്ക് സമ്മാനിച്ചു തന്നോട് പ്രണയം പറഞ്ഞ അരുൺ അവളെ സംബന്ധിച്ച് റൊമാന്റിക് നായകനായിരുന്നു.

പിന്നീട് പരസ്പരം അറിഞ്ഞ പ്രണയിച്ച ഓരോ നിമിഷവും അരുൺ അവൾക്ക് അത്ഭുതം തന്നെയായിരുന്നു. കോളേജിലെ പെൺകുട്ടികളുടെ സ്വപ്ന നായകനായിരുന്നു അരുൺ. അങ്ങനെയുള്ള ഒരുവൻ തനിക്ക് സ്വന്തമാണ് എന്ന ചിന്ത ഹിമയെ ചെറുതായിട്ടൊന്നുമല്ല അഹങ്കാരത്തിൽ ആക്കിയത്.

അരുൺ അവളെക്കാൾ ഒരു വർഷം സീനിയർ ആയിരുന്നു. പഠനം കഴിഞ്ഞ് ഉടനെ തന്നെ അവൻ നല്ലൊരു കമ്പനിയിൽ ജോലി സ്വന്തമാക്കുകയും ചെയ്തു. അമേരിക്കൻ കമ്പനി ആയതുകൊണ്ട് തന്നെ അവൻ വർക്ക് ഫ്രം ഹോം ആയി രാത്രികാലങ്ങളിൽ ആണ് വർക്ക് ചെയ്യാറ്.

പ്രണയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ തന്നെ അവളുടെ വീട്ടുകാർ അതിനെ എതിർത്തു.പക്ഷേ തന്റെ പ്രണയത്തെ അങ്ങനെ ഉപേക്ഷിച്ചു കളയാൻ ഹിമയ്ക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് വീട്ടുകാരെ മറികടന്ന് അവർ വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ അരുൺ അവളെ സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു. അവനെപ്പോലെ ഭാര്യയെ സ്നേഹിക്കുന്ന മറ്റൊരു പുരുഷനും ഈ ഭൂമിയിൽ ഉണ്ടാവില്ല എന്ന് വരെ അവൾക്ക് തോന്നി.

വിവാഹം കഴിഞ്ഞിട്ടും, അവൾ പഠിക്കാൻ പോകുന്നതിനോട് അരുണിന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.

” രാവിലെ നീ ക്ലാസിനു പോയിക്കഴിഞ്ഞാൽ പിന്നെ ഞാൻ മാത്രമല്ല ഇവിടെയുള്ളൂ.. എനിക്ക് ആകെ ബോറിങ് ആണ് .. നീയും കൂടി ഇവിടെ ഉണ്ടെങ്കിൽ നമുക്ക് ഇങ്ങനെ കെട്ടിപ്പിടിച്ചിരിക്കാല്ലോ… “

അവൻ കുറച്ച് സ്നേഹം കലർത്തി പറഞ്ഞു കഴിഞ്ഞപ്പോൾ അവൻ മാത്രമാണ് തന്റെ ലോകം എന്ന് അവൾ ഉറപ്പിച്ചു. തന്റെ പഠനം ജോലി അങ്ങനെ തനിക്കുണ്ടായിരുന്ന സ്വപ്നങ്ങൾ മുഴുവൻ അവൾ അവനു വേണ്ടി ഉപേക്ഷിച്ചു.

രാത്രികാലങ്ങളിൽ അവൻ ജോലി ചെയ്യുമ്പോൾ അവളും അവനു കൂട്ടിരിക്കണം. പകൽ സമയങ്ങളിൽ രണ്ടാളും മതിവരുവോളം സ്നേഹിക്കുകയും ഉറങ്ങുകയും പ്രണയം പങ്കിടുകയും ഒക്കെ ചെയ്തിരുന്നു.

അവൾ പഠനം നിർത്തി എന്നറിഞ്ഞപ്പോഴാണ് ജിനി ആദ്യമായി ഹിമയെ വിളിച്ച് ദേഷ്യപ്പെടുന്നത്.

” സ്വന്തം പഠനം പോലും ഉപേക്ഷിച്ചുകൊണ്ട് എന്താണ് നിന്റെ ഉദ്ദേശം..? അവന്റെ സ്വഭാവം നീ പറഞ്ഞത് വെച്ചിട്ട് അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. അല്ലെങ്കിൽ നീ തന്നെ ഒന്ന് ഓർത്തു നോക്കൂ നിന്നെ കൂട്ടിലടച്ചിട്ടിരിക്കുന്ന കിളിയെ പോലെയല്ലേ അവനിപ്പോൾ കൊണ്ടുനടക്കുന്നത്..? എന്നിട്ടും നീ അവനെ ഇങ്ങനെ അന്ധമായി വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്നാണ് എനിക്ക് മനസ്സിലാകാത്തത്.. “

അന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ അവളെ ഹിമ എതിർത്തിരുന്നു.

” എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അരുൺ ഇങ്ങനെയൊക്കെ പെരുമാറുന്നത്. അല്ലാതെ നീ കരുതുന്നതു പോലെ മറ്റു പ്രശ്നങ്ങൾ ഒന്നും ഉള്ളതുകൊണ്ട് അല്ല.”

ഹിമ വാദിച്ചപ്പോൾ ജിനി മറ്റൊന്നും പറയാതെ ഫോൺ കട്ട് ചെയ്തു.

പക്ഷേ ഈയിടെയായി അരുണിന്റെ സ്വഭാവത്തിൽ നല്ല വ്യത്യാസം ഉണ്ടെന്ന് ഹിമയും മനസ്സിലാക്കാൻ തുടങ്ങിയിരുന്നു.

അവൾ ചെയ്യുന്ന ഓരോ പ്രവർത്തിക്കും അവൾ കണക്കു പറയേണ്ടി വരുന്ന അവസ്ഥയായിരുന്നു ഹിമയ്ക്ക്.

അരുണിനോടൊപ്പം അല്ലാതെ അവിടെ നിന്ന് ഒന്നു പുറത്തിറങ്ങാനുള്ള അവസരം പോലും അവൾക്ക് നിഷേധിച്ചു. അവനോടൊപ്പം മാത്രമേ അവളാഹാരം കഴിക്കാനും ഉറങ്ങാനും ഉണരാനും ഒക്കെ പാടുള്ളൂ എന്ന് അരുണിനു നിർബന്ധമായിരുന്നു.

ഒരു ദിവസം അവൾ അത് തെറ്റിച്ചു എന്നു പറഞ്ഞു ചട്ടുകം പഴുപ്പിച്ച് അവളുടെ കയ്യിൽ വച്ചുകൊണ്ടാണ് അരുൺ പ്രതികരിച്ചത്. അവന്റെ ആ പ്രതികരണം അവളെ വല്ലാതെ തളർത്തി കളഞ്ഞിരുന്നു.

പിന്നീട് പലപ്പോഴും അവൻ പലരീതിയിൽ അവളെ ക്രൂരമായി ഉപദ്രവിച്ചു. അതൊക്കെയും അവൾക്ക് വലിയ ആഘാതങ്ങൾ ആയിരുന്നു.

അങ്ങനെയാണ് അവൾ ജിനിയെ വിളിച്ച് ഈ കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്. അത് കേട്ടുകൊണ്ട് വന്നതിന്റെ പേരിലാണ് അരുൺ അവിടെ ബഹളമുണ്ടാക്കിയത്.

ജീവിതം ഇങ്ങനെ തുടർന്നു പോയാൽ തനിക്ക് ഒന്നും ആകാൻ കഴിയില്ല എന്ന് ഹിമയ്ക്ക് തോന്നി.

” ഒന്നിനും പറ്റില്ല എന്ന് തോന്നിയാൽ സാധാരണ പെണ്ണുങ്ങൾ ആലോചിക്കുന്ന ഒരു വഴി ആത്മഹത്യയാണ്. പക്ഷേ നീ ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. നിനക്ക് അവരോടൊപ്പം ജീവിക്കാൻ പറ്റില്ല എന്ന് തോന്നിയാൽ ഒരു വിളിപ്പാടകലെ ഞാനുണ്ട് എന്ന് നീ ഓർക്കണം. “

ജിനിയുടെ വാക്കുകൾ അവൾ ഓർത്തെടുത്തു.ഹിമയെ സംബന്ധിച്ച് പുതിയൊരു ഉണർവായിരുന്നു ജിനിയുടെ വാക്കുകൾ.

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവൾ അരുണിനോടൊപ്പം കിടന്നുറങ്ങി.

പിറ്റേന്ന് നേരം പുലർന്നു അവൻ എഴുന്നേൽക്കുന്നതിനേക്കാൾ മുന്നേ ആ നഗരം വിട്ട് ഓടിപ്പോകാൻ അവൾക്കായിരുന്നു തിടുക്കം. പോകുന്നതിനു മുൻപ് അവനുവേണ്ടി അവൾ ഒരു കത്തും എഴുതി വെച്ചിരുന്നു.

” ഞാൻ ആഗ്രഹിച്ചത് ഒരു ജീവിതമാണ്.. തടവറ ആയിരുന്നില്ല.. തടവറയുടെ വാതിൽ ഭേദിച്ചു ഞാൻ പറന്നു ഉയരാൻ തുടങ്ങുകയാണ്.”

ആ കത്ത് മേശപ്പുറത്തേക്ക് വച്ച് വാതിലും പൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ പുതിയൊരു ലോകത്തെ അവൾ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.